2014, മേയ് 18, ഞായറാഴ്‌ച

പാലം


ശൈശവവും
ബാല്യവും
കൌമാരവും
യുവത്വവും
എത്ര പെട്ടെന്നാണ് ഈ പാലം കടന്നു
പോയത് ?

ഇന്ന്
അനേകം കാതം ഇക്കരെ
അത്യന്താധുനിക പാലങ്ങളുടെയും 'കുബ്രി'കളുടെയും
നാട്ടില്‍ ജീവിക്കുമ്പോഴും
ഒരു പാലം
മാത്രം എന്തെയിങ്ങനെ
മനസ്സില്‍
നീണ്ടു നിവര്‍ന്നു കിടക്കുന്നു ?

ഈ പാലം കടന്നാണ്
ഇരുള്‍ മുറ്റിയ
പരിസരത്തു നിന്ന്
പ്രകാശപ്പൊട്ടുകള്‍ തേടി
പാഥേയമില്ലാത്ത വെറും
ഒരു മുസാഫിറായി
ജീവിതത്തിലേക്ക്
ഒറ്റയ്ക്ക്
നടന്നു പോയത്
കൈ പിടിക്കാന്‍ പോലും ഒരാളില്ലാതെ .

പക്ഷേ
അന്നേ അറിയാമായിരുന്നു
ഇത് ഒന്നാമത്തെ പാലമാണെന്നും
അനേകം പാലങ്ങളിലൂടെ കടന്നു വേണം
മറു കര പറ്റാനെന്നും ..!!!

ഒരായിരം പാലം കടന്നു
ഒരായിരം നാടുകളിലൂടെ
ഒരായിരം കിലോമീറ്ററുകള്‍
ഓടിത്തളര്‍ന്നാലും

ഒടുവില്‍ ,
ജീവിതത്തിന്റെ സായം സന്ധ്യയില്‍
അന്ന് പോന്ന പോലെ
ഇക്കരെ നിന്ന് അക്കരെക്കു
ഒരു വരവുണ്ട്

എന്നിട്ട്
നിന്റെ കാല്‍ച്ചുവട്ടിലൂടെ
നിശ്ശബ്ദം ഒഴുകുന്ന
എന്റെ കണ്ണീര്‍ ആരും കാണാതെ
തുടച്ചു തന്നിരുന്ന
എന്റെ പ്രിയപ്പെട്ട
നിലംപതിപ്പുഴയുടെ മാറില്‍
എല്ലാം മറന്നു ഒരു കിടത്തമുണ്ട്

ഒടുവില്‍,
പരമാവധി ശ്വാസം എടുത്തു
അടിപ്പരപ്പില്‍
ഒരു മുങ്ങിക്കിടത്തമുണ്ട്

ഓര്‍മ്മകളെ പോലെ
വഴുവഴുപ്പുള്ള
വെള്ളാരം കല്ലുകള്‍
എടുത്തു തുരുതുരെ ഒരു ഓമനിക്കലുണ്ട് !!

ഒന്നും എഴുതാത്ത ,
വക്കു പൊട്ടിയ
കൊച്ചു സ്ലേറ്റുമായി

നിന്നിലൂടെ
വെറുതെ
അക്കരെക്കും ഇക്കരെക്കും
ഒരു നടത്തമുണ്ട്

അന്ന് ഞാന്‍
എന്തൊക്കെയോ പിടിച്ചടക്കാന്‍ പോയ
മുസാഫിറായിരിക്കില്ല

എല്ലാം ഉണ്ടായിട്ടും
ഒന്നും ഇല്ലാത്ത
വെറും ഒരു ഫഖീര്‍ !!!

▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
* കുബ്രി - പാലം
* മുസാഫി ര്‍ - സഞ്ചാരി
* ഫഖീര്‍ - ദരിദ്രന്‍
▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬

1 comments:

 
Copyright © 2010 Iringattiri Drops. All rights reserved.
Design By- മലയാളം ബ്ലോഗ്‌ ഹെല്‍പ്