2014, മേയ് 18, ഞായറാഴ്‌ച

അമ്മ



സിനിമ
കാണുന്നത് അപൂര്‍വമാണ് .
ഇന്ന് ഒരൊറ്റ ക്ലിക്ക് മതി ഏതുപടവും കാണാന്‍ . പുത്തനും കാണാം പൂത്തതും കാണാം !!
പോരാത്തതിന് ഏഷ്യാ നെറ്റ് മൂവീസിന് അത് തന്നെയാണല്ലോ പരിപാടി
ഒന്ന് തീരുമ്പോഴേക്കും മറ്റൊന്ന് !!!

ദിവസങ്ങള്‍ക്ക് മുമ്പാണ് . വെറുതെ ഇരിക്കുമ്പോള്‍ മൂവീസില്‍ ഒരു പടം തുടങ്ങുന്നു .
പേര് കേട്ടപ്പോള്‍ തനി തറ വളിപ്പ് പടം ആവുമെന്ന് കരുതി .
കുറച്ചു കണ്ടു നിര്‍ത്താം എന്ന് വിചാരിച്ചു .
ഒടുവില്‍ പൂര്‍ണ്ണമായും കണ്ടിട്ടേ എണീറ്റുള്ളൂ ..!!!

റിട്ടയര്‍ മെന്റ് വകയില്‍ കിട്ടിയ കാശൊക്കെ അമ്മയെ വശീകരിച്ച് അച്ഛനില്‍ നിന്ന് മക്കള്‍
കൈക്കലാക്കുന്നു . എപ്പോള്‍ വേണമെങ്കിലും തിരിച്ചു തരാം എന്ന് പറഞ്ഞു വാങ്ങിയ
പണം തിരിച്ചു കൊടുക്കാതെ അച്ഛനെ മക്കള്‍ എല്ലാവരും ചേര്‍ന്ന് പറ്റിക്കുകയാണ് .

പാപ്പരായ അച്ഛനും അമ്മയും മക്കളുടെ ഔദാര്യത്തില്‍ ജീവിക്കുന്നു .
മക്കള്‍ ഭാര്യമാരോടും അവരുടെ മക്കളോടും ഒപ്പം സുഖമായി കഴിയുമ്പോള്‍
അമ്മയും അച്ഛനും അവര്‍ക്ക് 'ഭാര'മാകുന്നു .. വീട്ടിലെ പണി മുഴുവനും
അവരെ കൊണ്ട് എടുപ്പിക്കുന്നു ..
എന്തൊക്കെയോ ന്യായം പറഞ്ഞു രണ്ടു പേരെയും രണ്ടിടത്തു താമസിപ്പിച്ചു
പരസ്പരം അകറ്റുന്നു .

ഒടുവില്‍ സഹികെട്ടു മക്കള്‍ക്കെതിരെ കേസ്‌ കൊടുക്കാന്‍ അച്ഛന്‍ തയ്യാറാവുന്നു .
അതറിഞ്ഞ അമ്മ വിങ്ങിപ്പൊട്ടുന്നു ..

നമ്മുടെ മക്കള്‍ക്കെതിരെ നിങ്ങള്‍ കേസ്‌ കൊടുത്താല്‍ ഇനി ഞാന്‍ ജീവിച്ചിരിക്കില്ല
എന്ന് ആ അമ്മ കരഞ്ഞു പറയുന്നു .

സ്നേഹ നിധിയായ ഭാര്യയുടെ വാക്കുകള്‍ അയാളില്‍ മാനസാന്തരം ഉണ്ടാക്കുന്നു .

കേസില്‍ നിന്ന് മക്കളെ ഒഴിവാക്കി കോടതിയില്‍ നിന്ന് വരുമ്പോള്‍
ആ അമ്മ തീര്‍ന്നു പോയിരിക്കുന്നു ..!!!

മക്കള്‍ എന്ത് തന്നെ ചെയ്താലും അവരെ വിഷമിപ്പിക്കാന്‍ ഒരു അമ്മ മനസ്സും തയാറാവില്ല .
അമ്മക്കോടതിയില്‍ മാപ്പ് കിട്ടാത്ത അപരാധികളായ 
വല്ല മക്കളുമുണ്ടോ ?

എന്നാല്‍ മക്കളോ ?

മക്കളുടെ കോടതിയില്‍ നിന്ന് നീതി കിട്ടാത്ത എത്ര അമ്മ മനസ്സുകള്‍

ഏതു വൃത്തികെട്ട മക്കള്‍ക്കും പൊറുത്തു കൊടുക്കുന്ന കാരുണ്യത്തിന്റെ
പേരാണ് അമ്മ !!
അമ്മയോട് പിണങ്ങി വര്‍ഷങ്ങളോളം അവരോടു മിണ്ടാതെ മരിച്ചു പോയ
ഒരു മകന്‍ (എവിടെയോ വായിച്ചതാണ് . സത്യാവസ്ഥ അറിയില്ല )
കൂടി പ്രധാന വേഷത്തില്‍ അഭിനയിച്ച പടം ആണിത് എന്നത്
ഒരു പക്ഷെ യാദൃശ്ചികം ആയിരിക്കും ..!!

ഈ ലോകത്ത് ആരോട് ഈഗോ കാണിച്ചാലും അമ്മയോട് അത് കാണിക്കുന്നവന്‍
അല്ലെ ഏറ്റവും നന്ദികെട്ട മനുഷ്യന്‍ !

മറ്റൊരാളോടും ആമ്മയോളം ബന്ധം ആര്‍ക്കും ഇല്ല . ചേര്‍ന്ന് കിടന്നിട്ടുണ്ടാവും .
കെട്ടിപ്പിടിച്ചു ഉമ്മ വെച്ചിട്ടിട്ടുണ്ടാവും . എല്ലാം ബാഹ്യമായി മാത്രം .
പക്ഷെ അമ്മയുടെ 'അകത്തു ' പത്തു മാസം കിടന്നവന്‍ ആണ് മകന്‍ / മകള്‍ .
അമ്മ കഴിക്കുന്ന ഭക്ഷണത്തിന്റെ പങ്ക് പറ്റി അമ്മയുടെ നാഡീസ്പന്ദങ്ങള്‍ ക്കൊപ്പം വളര്‍ന്നു ,
ഒടുവില്‍ മരണ വേദന സഹിച്ചു പ്രസവിച്ചവള്‍ ആണ് അമ്മ ..

പശുവിന്‍ പാലിലോ , ആട്ടിന്‍ പാലിലോ , എരുമപ്പാലിലോ ഒന്നും ഇല്ലാത്ത കുഞ്ഞിന്റെ വളര്‍ച്ചയ്ക്ക് അനിവാര്യമായ ഘടകം - വാത്സല്യം - ആവോളം ഉള്ള മുലപ്പാല്‍ തന്നവള്‍ .. ഉറക്കമൊഴിച്ചു താരാട്ട് പാടി ഉറക്കിയവള്‍ .. കരയുമ്പോള്‍ കൂടെ കരയുന്നവള്‍ .. മലവും മൂത്രവും യാതൊരു വെറുപ്പും കൂടാതെ വൃത്തിയാക്കിയവള്‍ എവിടെയാണെങ്കിലും എന്റെ മക്കളെ നീ കാക്കണമേ ദൈവമേ എന്ന് പ്രാര്‍ഥിക്കുന്നവള്‍

കാരുണ്യത്തിന്റെ മറ്റൊരു പേരായ അമ്മയോട് മിണ്ടാതെ നടക്കുന്നവന്‍ ഈ ലോകത്ത് മറ്റാരോടു മിണ്ടിയിട്ടും പ്രശസ്തിയുടെ ഏതു നെറുകയില്‍ എത്തിയിട്ടും എന്ത് കാര്യം ..
ആ കാലിന്‍ ചുവട്ടിനോളം പാവനാമായ ഒരു സ്ഥലം ഈ ഭൂമിയില്‍ വേറെയുണ്ടോ ?

സിനിമയുടെ പേര് പറയാന്‍ മറന്നു :
അച്ഛന്‍ കൊമ്പത്ത് , അമ്മ വരമ്പത്ത് !!!

1 comments:

 
Copyright © 2010 Iringattiri Drops. All rights reserved.
Design By- മലയാളം ബ്ലോഗ്‌ ഹെല്‍പ്