2011, ഒക്‌ടോബർ 3, തിങ്കളാഴ്‌ച

വെളിപ്പാടത്തെ വെള്ളക്കൊക്കുകള്‍


നാട്ടുപച്ചയുടെ ഹൃദയഭൂമിയില്‍ നിന്ന് ഊഷരതയുടെ വിലാസമില്ലാത്ത വിതാനത്തിലേക്ക്‌ വിമാനം പറന്നുയരുമ്പോള്‍ കൂമ്പന്‍ മലയും ചാമക്കുന്നും  പനഞ്ചോലയും വെളിപ്പാടവുമൊക്കെ മിഴിവാര്‍ന്ന ചിത്രങ്ങളായി മനസ്സില്‍ മിന്നി മറയുന്നുണ്ടായിരുന്നു.. 

ആകാശവാഹനത്തിന്റെ കുഞ്ഞുജാലകത്തിലൂടെ പരിമിതമായ കണ്‍വട്ടത്തില്‍ താഴെ, ഒരു പാട് താഴെ ആ കാണുന്നത് ജീവിതമാണല്ലോ എന്ന് വേദനയോടെ ഓര്‍ത്തു.. വിരല്‍ത്തലപ്പുകളില്‍  കൊച്ചുമകള്‍ പൊന്നൂസിന്റെ മുറുകെ പിടുത്തം അപ്പോഴും കിടന്നു പിടക്കുന്നുണ്ടായിരുന്നു.

അന്നേരം ,  പുതിയ ഒരു ഓണപ്പതിപ്പ് കയ്യില്‍ കിട്ടിയ പോലെ കണ്ണെത്തും ദൂരത്തിരിക്കുന്ന ഓരോ മുഖങ്ങളും വെറുതെ ഒന്നു  മറിച്ചു നോക്കി. മരുഭൂമിയുടെ നരച്ച നിറം മാത്രം വീണു കിടക്കുന്ന വലിഞ്ഞു മുറുകിയ ഏതാണ്ടെല്ലാ മുഖങ്ങളിലും അസന്തുഷ്ടമായ മനോവ്യാപാരങ്ങളുടെ രേഖാചിത്രങ്ങള്‍ പ്രദര്‍ശനത്തിനു വെച്ചിട്ടുണ്ടായിരുന്നു..

സ്വന്തം മണ്ണിലിറങ്ങുമ്പോഴുള്ള ആത്മസുഖവും മറ്റൊരു നാട്ടില്‍ കാല്കുത്തുമ്പോഴുണ്ടാകുന്ന ആകുലതകളും അന്നേരം എല്ലാവരിലുമെന്നപോലെ എന്നിലുമുണര്‍ന്നു .

എയര്‍പോര്‍ട്ടില്‍ നിന്ന് പുറത്തിറങ്ങി സുഹൃത്ത്‌ ഫൈസലിന്റെ കാറിലേക്ക് കേറുമ്പോള്‍ ഒരു നെടുവീര്‍പ്പ് വിടാതെ പിന്തുടരുന്നുണ്ടെന്നു തോന്നി. ഇറങ്ങാന്‍ നേരം മഷിക്കറുപ്പമര്‍ത്തിത്തുടച്ചു ജീവിതച്ചുണ്ടില്‍ ഒരുമ്മ നല്‍കുമ്പോള്‍ കൂടെ പോന്നതാണതെന്ന് തിരിച്ചറിയുമ്പോഴേക്കും കാര്‍ ഒഴുകി തുടങ്ങിയിരുന്നു.

അടുത്ത അവധിക്കാലത്തെക്കുള്ള കണ്ണെത്താത്ത ദൂരമോര്‍ത്തു തിരിച്ചിറങ്ങിയതിന്റെ ആദ്യരാത്രിയിലും എന്റെ മനസ്സ് വല്ലാതെ വേപഥു പൂണ്ടു.

അന്ന് കുഞ്ഞുടുപ്പുകളും മുടിപ്പൂവും മുത്തുമാലകളും വാങ്ങാന്‍ ചെന്നപ്പോള്‍ പ്രായക്കൂടുതലുള്ള കടക്കാരന്‍ ചോദിച്ചു: 'നാട്ടില്‍ പോവ്വാണോ..'?
'അതെ ; എന്തെ..'?
'നാട്ടില്‍ പോകുന്നവരെ കാണുന്നതെ ഒരു സന്തോഷമാണ്..' 
ആ സന്തോഷത്തിന് ഇനി എത്ര നാള്‍ കാത്തിരിക്കണം ..!

ഇക്കുറി വെക്കേഷന് പോകുമ്പോള്‍ പഴയ സുഹൃത്തുക്കളെയും സഹപ്രവര്‍ത്തകരെയുമൊക്കെ കാണണമെന്ന് തീരുമാനിച്ചിരുന്നു. ഏറെക്കാലം ഒന്നിച്ചു ജോലി ചെയ്യുകയും ഒരേ റൂമിലുറങ്ങുകയും ചെയ്തിരുന്ന രണ്ടു മൂന്നു സുഹൃത്തുക്കളുടെ പെട്ടെന്നുള്ള മരണമാണ് അങ്ങനെ ചിന്തിപ്പിച്ചത്. 

കൂട്ടത്തില്‍ ഇക്കുറിയെങ്കിലും ഹഫ്സയെ ഒന്ന് കാണണം .. ഓരോ അവധിക്കാലത്തും അവളെയൊന്നു കാണണമെന്ന മോഹം മുളപൊട്ടും .. പല കാരണങ്ങളാല്‍ അത് നടക്കാതെ പോവാറാണ് പതിവ്. 

കളിക്കൂട്ടുകാരിയായിരുന്നു. സമൃദ്ധിയില്‍ ജനിച്ചു വളര്‍ന്ന കാണാന്‍ നല്ല ചേലുള്ള സുന്ദരിക്കുട്ടി. അഞ്ചാം ക്ലാസ് വരെ  ഒന്നിച്ചായിരുന്നു. മദ്രസ്സയിലേക്കും സ്കൂളിലേക്കും ഒന്നിച്ചായിരുന്നു പോക്ക്.അവളുടെ തൊടിയിലെ വടക്കേ അറ്റത്തെ നാടന്‍ മാവില്‍ നിന്ന് വീണ മധുരമേറിയ മാങ്ങകള്‍ അതിരാവിലെ അവള്‍ ചെന്ന് പെറുക്കി കൂട്ടും .. മദ്രസ്സയിലേക്ക് പോകും വഴി എനിക്കും തരും കുറെയെണ്ണം. വീട്ടിലുണ്ടാക്കിയ പലഹാരങ്ങളുടെ ഒരു പങ്ക് കീറിയ പത്രത്തില്‍ പൊതിഞ്ഞു കൊണ്ടു വരും.. 

പാത്തുട്ത്താത്ത ഉണ്ടാക്കുന്ന സ്വാദുള്ള ഉപ്പുമാവ് വാങ്ങാന്‍ വരിയില്‍ അവളുമുണ്ടാവും. അവള്‍ക്കു പൊടുവണ്ണി യില പൊട്ടിച്ചു കൊടുക്കുന്നത് ഞാനാണ്. ഉച്ചക്ക് കഞ്ഞിക്കു പോകുമ്പോള്‍ അവളുടെ ഓഹരി എനിക്ക് തരും. അവളെക്കാത്ത് വിഭവസമൃദ്ധമായ ഭക്ഷണമിരിക്കുമ്പോള്‍ ഉപ്പുമാവ് തിന്നു വിശപ്പടക്കേണ്ട വല്ല കാര്യവുമുണ്ടോ? അവള്‍ക്ക് എന്തൊരു സുഖമാണ്..ഒന്നിനും ഒരു കുറവുമില്ല. നല്ല ഭക്ഷണം, വീട്, വസ്ത്രങ്ങള്‍, സ്നേഹം.. സങ്കടമൊന്നും തോന്നിയില്ല..അവള്‍ക്ക് സുഖമാണല്ലോ... 

ഒരു ദിവസം സ്കൂള്‍ വിട്ടു പോരുമ്പോള്‍ അവള്‍ പറഞ്ഞു: ''ഇന്ന് ഞമ്മക്ക് പാടത്തൂടെ പോവാം..കൊറച്ചു കഞ്ഞുണ്ണി മാണം. വെള്ളത്തണ്ടും.പിന്നെ ഞമ്മക്ക് വെള്ളക്കൊക്ക്കളേം കാണാം.. ''

സാധാരണ സ്കൂളിനു മുമ്പിലൂടെ പോകുന്ന ടാറിടാത്ത റോഡിലൂടെ ആണ് ഞങ്ങളുടെ പോക്ക് വരവുകള്‍.
കൊക്കുകളെ അവള്‍ക്കു വലിയ ഇഷ്ടമായിരുന്നു.മറ്റാരും കേള്‍ക്കാതെ ഞാന്‍ അവളെ 'വെള്ളക്കൊക്ക്' എന്ന് കളിയാക്കി വിളിക്കും. അപ്പോള്‍ അവളുടെ വെളുത്തു ചെമന്ന മൂക്കിന്‍ തുമ്പില്‍ ശുണ്ഠിയുടെ വിയര്‍പ്പുമണികള്‍ പൊടിയും. 'ഞാനന്നോട് മുണ്ടൂലാ ' എന്നും പറഞ്ഞു അവള്‍ പിണങ്ങും.ആ പിണക്കത്തിന് അധികം ആയുസ്സൊന്നും ഉണ്ടാവില്ല. അതാണ്‌ ആകെയുള്ള ഒരു സമാധാനം..

സ്കൂളിന്റെ അങ്ങേക്കരയിലാണ് വെളിപ്പാടം..കിഴക്കേ കുന്നിലെ വേലായുധനും ചാത്തനും സുലൈഖയും കുഞ്ഞാണി യും ഒക്കെ സ്കൂള്‍ വിട്ടു പോകുന്നത് ആ പാടത്തൂടെയാണ്..അത് വഴി വളഞ്ഞു തിരിഞ്ഞു പോയാല്‍ എത്തുക എന്റെ വീട്നിന്റെ പിറകു വശത്താണ്.. വളരെ അപൂര്‍വമായേ ഞങ്ങള്‍ ആ വഴി പോകാറുള്ളൂ..

മഴയൊന്നു മാറിപ്പോയ സമയമാണ്.എന്നിട്ടും മെലിഞ്ഞ വരമ്പിലൂടെ നടന്നു പോകാന്‍ ബുദ്ധിമുട്ടുണ്ട്..ചിലയിടങ്ങളില്‍ നല്ല വഴുക്കുണ്ട്.വയലുകള്‍ കതിര്‍ക്കുലകളുടെ ഭാരം സഹിക്കവയ്യാതെ കുനിഞ്ഞ ശിരസ്സുമായി നില്പാണ്. കൊയ്ത്തു കാത്തു അക്ഷമയോടെയിരിക്കുന്ന വയലിലേക്കു കിളിക്കൂട്ടങ്ങള്‍ പറന്നിറങ്ങുന്നതും കതിര്‍കുലകള്‍ കൊക്കിലൊതുക്കി വന്നിറങ്ങിയ അതിലേറെ വേഗതയില്‍ തിരിച്ചു പറക്കുന്നതും കണ്ടു നില്‍ക്കാന്‍ നല്ല ഹരമാണ്..


വെള്ളക്കൊക്കുകളുടെ കാര്യമാണ് രസം. ഒറ്റക്കാലില്‍ തപസ്സിരിക്കുന്ന കപട സന്യാസികള്‍ . അവസരം പാര്‍ത്താണ് ഇരിപ്പ്.. മീന്‍ വേട്ട കഴിഞ്ഞു കൂടും തേടി കൂട്ടം കൂട്ടമായി അവ പറന്നു പോകുന്നത് കാണുമ്പോള്‍ ആകാശത്തൂടെ ഒരു വിമാന റാലി നടക്കുന്ന പോലെ തോന്നിക്കും..

അടി വരെ വ്യക്തമായി കാണുന്ന അറ്റംകലായികളില്‍ (പാടത്തെ വെള്ളക്കുഴികള്‍) പരലുകളും കരുതലകളും പുല്ലാന്‍ ചൂട്ടികളും ( നെറ്റിയില്‍ ചൂട്ടുള്ള കുഞ്ഞു മീന്‍) തൊട്ടുമണ്ടിക്കളിക്കുന്നു. ആളനക്കം കേള്‍ക്കുമ്പോള്‍ വിരുതന്‍ കരുതലകള്‍ മടയിലൊളിച്ചു തല പുറത്തേക്കു നീട്ടി പരിസരം വീക്ഷിക്കുന്നത് കാണാം..പരലുകള്‍ക്കും പുല്ലാന്‍ ചൂട്ടികള്‍ക്കും ആരെയും പേടിയില്ല. ഇന്റര്‍വെല്ലിനു സ്കൂള്‍ മുറ്റത്ത് കുട്ടികള്‍ ഓടിക്കളിക്കുന്ന പോലെ അവ സ്വന്തം സാമ്രാജ്യത്തിലൂടെ പാഞ്ഞു നടക്കുന്നു..

ഞാന്‍ മുമ്പിലും അവള്‍ പിറകിലുമായി വയല്‍ക്കാഴ്ചകള്‍ കണ്ടു നടക്കുമ്പോള്‍ പെട്ടെന്ന് 'പ്ധും' എന്നൊരു ശബ്ദം കേട്ടു. തിരിഞ്ഞു നോക്കുമ്പോള്‍ 'വെള്ളക്കൊക്ക്' പൂന്തപ്പാടത്ത് ചേറില്‍ പുതഞ്ഞു കിടക്കുന്നു!
സ്ലേറ്റും കേരള പാഠാവലിയും വയല്‍ വരമ്പില്‍ ചിതറിക്കിടക്കുന്നു.. അവളുടെ കണങ്കാലുകളും കടന്ന് മുട്ടറ്റം വരെ ചേറില്‍ പുതഞ്ഞു പോയിരിക്കുന്നു..മനോഹരമായ അവളുടെ വെള്ളിക്കൊലുസുകള്‍ കാണുന്നേയില്ല ..!

എനിക്ക് ചിരിയാണ് വന്നത്. വന്ന ചിരി പാതി വഴിയില്‍ അടക്കിപ്പിടിച്ചു അവളെ വലിച്ചു കേറ്റാന്‍ ശ്രമിക്കുകയാണ്..വൃത്തിയായി നഖം വെട്ടിയ വെളുത്തു കൊലുന്നനെയുള്ള പതുപതുത്ത വിരല്‍ത്തലപ്പുകള്‍ എന്റെ പരുത്ത കൈകളില്‍ മുറുകെ പിടിച്ചപ്പോള്‍ കൈവെള്ള യിലിരുന്നു ഒരു പൂവിതള്‍ ഞെരിഞ്ഞമരുന്ന പോലെ...

വയല്ക്കുഴികളിലൊന്നിലിറങ്ങി അവളുടെ മഞ്ഞയില്‍ പുള്ളികളുള്ള പാവാടയിലും ആകാശത്തിന്റെ നിറമുള്ള ജമ്പ റിലും കൈകാലുകളിലും പറ്റിപ്പിടിച്ച ചേറു കഴുകിക്കളയുമ്പോള്‍ അവള്‍ പറഞ്ഞു..

'ഇസ്സുട്ടീ ( വല്ല കാര്യവും സാധിക്കനുണ്ടാവുമ്പോഴും വല്ലാതെ ഇഷ്ടം ഉണ്ടാകുമ്പോഴും അവളെന്നെ ഇങ്ങനെയാണ് വിളിക്കുക) നോക്ക് ഇതില്‍ നിറച്ചു മീനുണ്ട്... ഞമ്മക്ക് പുടിച്ചാലോ...?''
'ജ്ജ് ങ്ങ്ട്ട് പോര് , അന്റെ മ്മ ഞെക്കാരം ചീത്ത പറയ്വ ...''
അവന്‍ എന്നെ കോക്രി കാട്ടിയപ്പോള്‍ പതിവ് പോലെ ഞാന്‍ വഴങ്ങി...

അവളുടെ ചുവന്ന തട്ടം രണ്ടറ്റത്തും കൂട്ടിപിടിച്ചു ഞങ്ങള്‍ വല വിരിച്ചു...അഞ്ചാറു പരലുകളും മൂന്നു നാല് പുല്ലാന്‍ ചൂട്ടികളും അവളുടെ മക്കനയില്‍ കിടന്നു ജീവന് വേണ്ടി കിടന്നു പിടച്ചു.
വയലിനപ്പുറത്തെ കിഴക്കനടി തൊടുവില്‍ നിന്ന് ഒരു ചേമ്പില യിറുത്ത് കൊണ്ട് വന്നു ഞാന്‍ മീനുകളെ അതിലിട്ട് കൂട്ടിപ്പിടിച്ചു.. 

എന്റെ വീട്ടിലെത്താറായപ്പോള്‍ അവള്‍ പറഞ്ഞു: 
''ഇതീറ്റാളെ ഞമ്മക്ക് ചുട്ടു തിന്നാം... ''

ആ ആശയം എനിക്കും ഇഷ്ടപ്പെട്ടു. കുറ്റിപ്പുരയുണ്ടാക്കി കളിക്കാന്‍ ഞങ്ങളുടെ വീടിന്റെ പിറകിലെ പുളിമരച്ചോട്ടില്‍ ഞാനും പെങ്ങള്‍ മാളുവും തയ്യാറാക്കിയ അടുപ്പ് കല്ലുകള്‍ അവിടെയുണ്ട്..ഉമ്മയോട് പറഞ്ഞു കുറച്ചു ഉപ്പും മുളകും വാങ്ങിച്ചു..വളഞ്ഞു പുളഞ്ഞു തൊടി മുഴുവനും പടര്‍ന്നു കിടക്കുന്ന മത്തന്‍ വള്ളിയില്‍ നിന്ന് നല്ല വലിപ്പമുള്ള ഒരില അടര്‍ത്തിയെടുത്ത്‌ , കഴുകി വൃത്തിയാക്കിയ മീനുകള്‍ അതിലിട്ട് നന്നായി പൊതിഞ്ഞു. ഉപ്പും മുളകുപൊടിയും വിതറി വാഴ നാരുകൊണ്ട് മുറുകെ കെട്ടി..

അപ്പോഴേക്കും ചകിരി തോടിലും  ചിരട്ടയിലും തീ പടര്‍ന്നു അടുപ്പ് സജീവമായിരുന്നു..
മത്തന്റിലയില്‍  പൊതിഞ്ഞ മീന്‍ കുട്ടികളെ  ഒരു കിരുകിരു ശബ്ദത്തോടെ കനലുകള്‍ സ്വീകരിച്ചു.. വേവാകുന്നത് വരെ ഞങ്ങള്‍ അക്ഷമയോടെ കാത്തിരുന്നു..
ഒടുവില്‍, കരിഞ്ഞു തുടങ്ങിയ വാഴനാരടര്‍ത്തി മാറ്റി മത്തന്റില അടര്‍ത്തി എടുക്കുമ്പോള്‍ അവള്‍ ഭംഗിയുള്ള മൂക്ക് വിടര്‍ത്തി പറഞ്ഞു: 
''ഇസ്സുട്ടീ എന്താ മണം ല്ലേ...'' 
അവള്‍ മണം മുഴുവനും അകത്തേക്ക് വലിച്ചു കേറ്റി..
''ഇജ്ജ് ബയങ്കര മീന്‍ കൊതിച്ചി ആണല്ലേ... മീന്‍ പൂച്ച...'' ഞാന്‍ അവളെ കളിയാക്കി.
മീന്‍ ഓഹരി വെച്ചപ്പോള്‍, എനിക്കാണ് അവള്‍ ''മൂപ്പോരി'' തന്നത്..
അവള്‍ അങ്ങനെ ആയിരുന്നു....!

എട്ടാം ക്ലാസില്‍ നിന്നാണ് ഒരു ദിവസം ആ വാര്‍ത്ത അറിയുന്നത്..അവളുടെ കല്യാണമാണ്..
സാധാരണ അയല്പക്കങ്ങളിലെ കല്യാണ വാര്‍ത്തകള്‍ സന്തോഷമാണ് പകരുക..പക്ഷെ ഈ വാര്‍ത്ത എവിടെയോ ഒരു നീറ്റലായി മനസ്സാകെ പടരുന്നുണ്ട് എന്ന് ഒരു ഞെട്ടലോടെ അറിഞ്ഞു...

പാപുസ്തകങ്ങളില്‍ നിന്ന് വിയര്‍ത്തിറങ്ങി ജീവിത പാഠാവലികളിലൂടെ വെയില്‍ കൊറിച്ചു നടന്നപ്പോഴൊക്കെയും അവളുണ്ടായിരുന്നു മനസ്സില്‍. വായിക്കുന്ന കഥകളിലെ നയികമാര്‍ക്കൊക്കെ അവളുടെ മുഖമായിരുന്നു..

ചെന്നിറങ്ങിയതിന്റെ നാലാം നാള്‍ അവളുടെ വീടിനു മുമ്പിലൂടെ കാറില്‍ പോകുമ്പോള്‍ ഭാര്യ പറഞ്ഞു:

'നിങ്ങളുടെ ബാല്യകാല സഖി ഒരു ദിവസം വന്നിരുന്നു..നമ്മുടെ വീടൊക്കെ അവള്‍ക്കു വല്ലാതെ ഇഷ്ടപ്പെട്ടിട്ടുണ്ട്...
'ഒരു പാട് വിഷമിച്ചിട്ടുണ്ട്..ഇപ്പോഴെങ്കിലും രക്ഷപ്പെട്ടല്ലോ...' അവള്‍ പറയുന്നത് കേട്ടു..
'എന്താണ് അവളുടെ അവസ്ഥ'?
'കൂടുതലൊന്നും പറഞ്ഞില്ല ...പക്ഷെ വാക്കുകള്‍ക്കിടയില്‍ വല്ലാത്ത പ്രയാസം ഉണ്ടെന്നു തോന്നി..നാല് മക്കളുണ്ട്..പെണ്‍കുട്ടികളാണ്.. ആരോഗ്യമൊക്കെ ക്ഷയിച്ചു.. അവള്‍ക്കു പ്രസവം നിര്‍ത്തണമെന്നുണ്ട്..അതിനു അയാള്‍ സമ്മതിക്കില്ലത്രെ... ഗര്‍ഭ കാലത്ത് കാലില്‍ നീര് വന്നു നിറയും..ഞരമ്പുകള്‍ ചുരുണ്ട് വലിഞ്ഞു പൊട്ടും..സഹായത്തിന് ഒരാളെ നിര്‍ത്താന്‍ പോലും സമ്മതിക്കില്ല... ഇനി എനിക്ക് മക്കളെ തരല്ലേ ന്റെ പടച്ചോനെ എന്നാന്നു എന്റെ പ്രാര്‍ത്ഥന .. അത് പറയുമ്പോള്‍ അവളുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു...

'ഇന്നത്തെ കാലത്തും ഇത്തരം ആളുകളുണ്ടോ..'?
അയാള്‍ പണിക്കൊന്നും പോവില്ലേ?
അയാള്‍ ഒന്നിനും പോവില്ലത്രേ..തന്തയാണ്‌ കാര്യങ്ങള്‍ നോക്കി നടത്തുന്നത്..റബ്ബറും തേങ്ങയും അടക്കയുമൊക്കെയായി നല്ല വരുമാനം ഉണ്ട്.. പക്ഷെ കാര്യമായി ഒന്നും വാങ്ങിച്ചു കൊണ്ട് വരില്ല.. തൊടിയിലുണ്ടാവുന്ന വല്ല മുരിങ്ങയോ മത്തന്റെ ഇലയോ ചക്കയോ ചേമ്പോ ചേനയോ ഒക്കെ കൂട്ടാന്‍ വെക്കും.. ''

''നമുക്ക് ഇന്നത്തെ യാത്ര അങ്ങോട്ടാക്കിയാലോ''? 
''അപ്പൊ വല്യ താത്താന്റൊട്ക്കോ ''?
''അത് മറ്റൊരു ദിവസം ആക്കാം...''

വഴി ചോദിച്ചും അന്വേഷിച്ചും ഞങ്ങള്‍ അവിടെ എത്തുമ്പോള്‍ അകത്തു നിന്ന് കുട്ടികളുടെ വാശി പിടിച്ച കരച്ചില്‍ കേള്‍ക്കുന്നുണ്ട്...

ഒരു വലിയ തറവാട് വീട്.. ഓടിട്ടതാണ്..റബ്ബര്‍ ഷീറ്റിന്റെയും അടക്കയുടെയും വൈക്കോലിന്റെയും ഇളുമ്പ് മണം.തേങ്ങയും മട്ടലും ചകിരിയും മറ്റുമായി മുറ്റം വിഭവ സമൃദ്ധം ! 

അകത്ത് അവളും കുഞ്ഞുങ്ങളും മാത്രമേയുള്ളൂ എന്ന് മനസ്സിലായി.. അത് നന്നായെന്നു എനിക്കും തോന്നി..

വാതിലില്‍ മുട്ടി കാത്തിരിക്കുമ്പോള്‍ മനസ്സ് വല്ലാതെ തുടിക്കുന്നുണ്ടായിരുന്നു...
അവള്‍ വാതില്‍ തുറന്നു.. തീരെ പ്രതീക്ഷിക്കാതെ ഞങ്ങളെ കണ്ട വെപ്രാളം ആ മുഖം നിറഞ്ഞു കിടന്നു..
ഞാന്‍ അവളുടെ  കണ്ണുകളിലേക്കു നോക്കി.. അവള്‍ ആകെ മാറിയിരിക്കുന്നു...

പ്രസന്നത വറ്റിയ ചടച്ച മുഖം..കണ്ണുകളില്‍ അസ്തമയം കാത്ത് ഒരു തിളക്കം മാത്രം അവശേഷിക്കുന്നുണ്ട്...
മുഷിഞ്ഞ മാക്സിയില്‍ കൈ തുടച്ചു, ഞങ്ങളെ എങ്ങനെ സ്വീകരിക്കണമെന്ന് അറിയാതെ വിഷമിക്കുകയായിരുന്നു അവള്‍.. 

ചെറിയ കുട്ടിക്ക് ചോറ് വാരി കൊടുക്കുകയായിരുന്നു അവളെന്ന് മനസ്സിലായി..
ഒക്കത്ത് കുട്ടിയും കയ്യില്‍ ഒരു സ്റ്റീല്‍ പാത്രത്തില്‍ കുറച്ചു ചോറും..അതിനു മീതെ എന്തോ ഒരു മഞ്ഞക്കറി ഒഴിച്ചിട്ടുണ്ട്...ഒരു മത്തി ചോറിനു മീതെ നീണ്ടു നിവര്‍ന്നു കിടക്കുന്നുണ്ട്..ഒന്നേ നുള്ളിയിട്ടുള്ളൂ...

പെട്ടെന്ന് , ഒക്കത്തിരുന്ന കുട്ടിയുടെ നേരെ മൂത്ത കുട്ടിയാണെന്ന് തോന്നുന്നു, ഒരു കാക്ക വന്നു കൊത്തിപ്പറക്കും  പോലെ
ഓടി വന്ന് ചോറില്‍ കിടന്ന മീന്‍ റാഞ്ചി കൊണ്ട് പോകുന്നത് കണ്ടു..ഉടനെ ഒക്കത്തിരുന്ന കുട്ടി വാവിട്ടു കരയാന്‍ തുടങ്ങി...

ഒന്നും വേണ്ടെന്നും വരുന്ന വഴി വെള്ളം കുടിച്ചതെ ഉള്ളൂ എന്നും കളവു പറഞ്ഞു പെട്ടെന്ന് അവിടെ നിന്നിറങ്ങുമ്പോള്‍ എന്റെ മനസ്സ് വല്ലാതെ നോവുന്നുണ്ടായിരുന്നു...






  

29 comment drops:

പ്രിയ വായനക്കാരേ,കമന്റ്‌ ബോക്സിന്റെ താഴെ കൊടുത്തിരിക്കുന്ന

'ഇമെയില്‍ വഴി സബ്സ്ക്രൈബ് ചെയ്യുക'

എന്നതില്‍ ക്ലിക്ക് ചെയ്‌താല്‍ താങ്കളുടെ കമന്റിനു മറുപടി

ഇ മെയില്‍ ആയി ലഭിക്കും

  1. പ്രവാസത്തിന്റെ നൊമ്പരത്തിലൂടെ തുടങ്ങി, ബാല്യകാലത്തിന്റെ മധുരിമയിലൂടെ സഞ്ചരിച്ചു, അവസാനം പഴയ കളിക്കൂട്ടുകാരി ഹഫ്സയുടെ ജീവിതത്തിന്റെ കഷ്ടപ്പാടുകലൂടെ വായനക്കാരന്റെ മനസ്സിലെക്കിറങ്ങുന്ന രചന .. ആശംസകള്‍ മാഷേ ...

    >>>>നോക്ക് ഇതില്‍ നിറച്ചു മീനുണ്ട്... ഞമ്മക്ക് പുടിച്ചാലോ...?''
    'ജ്ജ് ങ്ങ്ട്ട് പോര് , അന്റെ മ്മ ഞെക്കാരം ചീത്ത പറയ്വ ...''
    അവന്‍ എന്നെ കോക്രി കാട്ടിയപ്പോള്‍ പതിവ് പോലെ ഞാന്‍ വഴങ്ങി...>>>
    ഇവിടെ അവന്‍ എന്നെ ആക്രി കാട്ടിയപ്പോള്‍ എന്നത് , അവള്‍ എന്നെ ആക്രി കാട്ടിയപ്പോള്‍ എന്നാണോ ഉദ്ദേശിച്ചത്? മാറി പോയതാണോ ?

    മറുപടിഇല്ലാതാക്കൂ
  2. നന്നായിരിക്കുന്നു ഞാനും കുറച്ചുനേരം കുട്ടിക്കാലത്തെക്ക് പോയി.ഒരിക്കലും തിരിച്ചുകിട്ടാത്ത ബാല്യകാല ഓര്‍മ്മകള്‍

    മറുപടിഇല്ലാതാക്കൂ
  3. ബാല്യകാല ഓർമ്മകളെ ഇത്രയും മനോഹരമായി പങ്കുവെച്ച ഒരു കഥ അടുത്ത സമയത്തൊന്നും വായിച്ചിട്ടില്ല. പാടവും,വരമ്പും,ഇടവഴിയുമൊക്കെ ഒരുനിമിഷം മനസ്സിനെ വല്ലാതെ പിന്നോട്ട് നയിച്ചു. ഗ്രഹാതുരത്വത്തിന്റെ നീറ്റലിനൊടൊപ്പൊം ആസ്വദിക്കുകയായിരുന്നു.

    ‘അടുത്ത അവധിക്കാലത്തെക്കുള്ള കണ്ണെത്താത്ത ദൂരമോര്‍ത്തു തിരിച്ചിറങ്ങിയതിന്റെ ആദ്യരാത്രിയിലും എന്റെ മനസ്സ് വല്ലാതെ വേപഥു പൂണ്ടു’.

    അഭിനന്ദനങ്ങൾ..

    മറുപടിഇല്ലാതാക്കൂ
  4. മനോഹരം ..ഇതില്‍ എല്ലാമുണ്ട് ..ബാല്യത്തിന്റെ സ്നേഹം , പ്രണയം , ജീവിതത്തിന്റെ കയ്പ്പും
    മധുരവും

    ഒരിത്തിരി നേരം കൊണ്ട് ഒത്തിരി പിറകോട്ടു കൂട്ടിക്കൊണ്ടു പോയി

    ഈ കഥ

    മറുപടിഇല്ലാതാക്കൂ
  5. ഹൃദയത്തെ സ്പര്‍ശിച്ചു... ബാല്യകാലവും, ഓര്‍മ്മകളുമെല്ലാം ഭംഗിയായി അവതരിപ്പിച്ചു.

    മറുപടിഇല്ലാതാക്കൂ
  6. oru paadishtamaayi........iniyum ezhuthuka....ormakurippukal...oru balyathilekku kondu poyathinu oraayiram nandhi...ella nanmakalum nerunnu ee kunju mayilpeely

    മറുപടിഇല്ലാതാക്കൂ
  7. മഷേ,നാട്ടിൽപ്പോകാൻ കൊതിയായിപ്പോയല്ലോ ഇത് വായിച്ചു കഴിഞ്ഞപ്പോൾ! വളരെ, വളരെ, വളരെ നന്നായിട്ടുണ്ട്.

    മറുപടിഇല്ലാതാക്കൂ
  8. മാഷേ സങ്കടപ്പെടുത്തി :-(
    ഈശ്വരൻ അവർക്ക് നല്ലത് വരുത്തട്ടെ ....

    മറുപടിഇല്ലാതാക്കൂ
  9. ബാല്യം എന്തു സുന്ദരമായ കാലമാണു.ഓര്‍ക്കുവാന്‍ മധുരതരമായ ഒന്നുമില്ലാതിരുന്നിട്ടും ഞാന്‍ പലപ്പോഴും ചിന്തിച്ചിട്ടുണ്ട് വലുതാവാതിരുന്നെങ്കിലെന്നു..അഭിനന്ദനങ്ങള്‍ മാഷേ..ഹൃദയസ്പ്ര്‍ശിയായ എഴുത്തിനു...

    മറുപടിഇല്ലാതാക്കൂ
  10. അവിടെയും ഇവിടെയുമായി ഇരിങ്ങാട്ടിരിയെ പലപ്പോഴായി വായിച്ചിട്ടുണ്ട്.....പക്ഷെ ഈ വഴി ആദ്യം....
    ഓര്‍മ്മകള്‍ ഇഷ്ടപ്പെട്ടു.....വരികള്‍ അതിലേറെ.....
    [എന്‍റെ ബ്ലോഗിലേക്ക് സ്വാഗതം]

    മറുപടിഇല്ലാതാക്കൂ
  11. മാഷെ കണ്ടിട്ട് കുറെ ആയല്ലോ...
    കവിതയില്‍ നിന്നും വഴി മാറിയെങ്കിലും
    ഒരു കവിത പോലെ വായിച്ചു ഈ
    കുറിപ്പ്...നൊമ്പരപ്പെടുത്തുന്ന ഓര്‍മകളിലൂടെ
    ഒരു പ്രവാസ കഥ കൂടി തുന്നിചെര്‍ത്തു...ആശംസകള്‍..

    മറുപടിഇല്ലാതാക്കൂ
  12. കണ്ണില്‍ മിഴിനീര്‍ -
    പടര്‍ന്നിടുന്നു..
    എന്തിനെന്നറിയില്ല..
    "വെളിപ്പാടത്തെ-
    വെള്ളിക്കൊക്കുകളിലൂടെ-
    ഉസ്മാന്‍ മാഷുടെ..
    രചനാസൌന്ദര്യം തന്ന
    ആനന്ദശ്രുവോ?
    കളിക്കൂട്ടുകാരിയുടെ..
    ദുരിതങ്ങള്‍ തന്ന
    നൊബരമോ?????
    ഹാ....മനോഹരം....

    മറുപടിഇല്ലാതാക്കൂ
  13. നന്നായിട്ടുണ്ട് ................വയലും ,കൊക്കും, മീന്‍ പിടുത്തവും ഒക്കെകൂടി കുട്ടിക്കാലത്തെ ഓര്‍മിപ്പിച്ചു

    മറുപടിഇല്ലാതാക്കൂ
  14. സങ്കടപ്പെടുത്തുന്ന വരികൾ.......നന്നായി എഴുതി.

    മറുപടിഇല്ലാതാക്കൂ
  15. സത്യമായും എനിക്കും ഇത് പോലൊരു വെള്ളകൊക്ക് ഉണ്ടായിരുന്നു..വളരെ നന്ദി... ഓര്‍മകളുടെ പൂക്കാലം വിരിയിച്ചതിന്

    മറുപടിഇല്ലാതാക്കൂ
  16. നിങ്ങളോരോന്ന് എഴുതി വയ്ക്കും. വായിച്ച് കഴിഞ്ഞ് നമ്മള്‍ സങ്കടപ്പെടണം.
    ഒരു നീറ്റലിലേക്ക് എത്തി നിന്നു.

    "പാപുസ്തകത്തെ പാഠപുസ്തകം ആക്കണം ട്ടോ"

    മറുപടിഇല്ലാതാക്കൂ
  17. ഇത്തരം ഒരുപാടനുഭവങ്ങള്‍... 14 വയസില്‍ വിവാഹം കഴിപ്പിച്ചയച്ച കൂട്ടുകാരി 3 മക്കളയും പെറുക്കി പോകുമ്പോ ഞാനിനിന്നും മുതുകില്‍ ജീവിത ഭാരവും (പുസ്തക സഞ്ചി) പേറി നടക്കുന്നു...

    മറുപടിഇല്ലാതാക്കൂ
  18. ''കണ്ണുകളില്‍ അസ്തമയം കാത്ത് ഒരു തിളക്കം മാത്രം അവശേഷിക്കുന്നുണ്ട്''
    ഈ ഒരറ്റ വരി മതി താങ്കളുടെ പ്രതിഭ മനസ്സിലാക്കാന്‍..നമിക്കുന്നു മാഷെ..നിരീക്ഷണപാടവവും അഭിനന്ദാര്‍ഹം തന്നെ...

    മറുപടിഇല്ലാതാക്കൂ
  19. വായനക്കൊടുവിൽ കണ്ണുനീരിന്റെ നനവ്. ഇക്കാ ഹൃദയത്തിൽ തട്ടുന്ന വരികൾ..

    മറുപടിഇല്ലാതാക്കൂ
  20. മാഷേ ആദ്യമായാണ് ഇവിടെ വരുന്നത്...നല്ല പോസ്റ്റ്‌ ബാല്യത്തിലേക്ക് ഓര്‍മ്മകളുടെ കൈപിടിച്ച് ഒരു തിരിച്ചുപോക്ക് ,അവസാനം ഇത്തിരി നൊമ്പരം ബാക്കിയാവുന്നു....
    ഏകദേശം ഇതേ വിഷയത്തില്‍ ഞാനൊരു പോസ്റ്റ്‌ ഇട്ടിട്ടുണ്ട് ഒന്ന് കേറി നോക്കണേ..
    www.harithakamblog.blogspot.com

    സ്നേഹാശംസകള്‍ .....

    മറുപടിഇല്ലാതാക്കൂ
  21. ഹാ മാഷേ ബഷീറിന്‍റെ ബാല്യ കാല സഖി ഓര്‍ത്തുപോയി. താങ്കള്‍ മനസ്സില്‍ ഒത്തിരി നന്മകള്‍ സൂക്ഷിക്കുന്നത് കൊണ്ടാകാം അവസാനം താങ്കള്‍ക്ക് മനസ് നൊന്തത്. ഈ പാടവും തോടും പുഴയും വിട്ട് എങ്ങനെയാ മാഷേ താങ്കള്‍ ആ മരുഭൂമിയില്‍ ജീവിക്കുന്നത്...ഹൊ എനിക്ക് ആലോചിക്കാന്‍ വയ്യ....

    മറുപടിഇല്ലാതാക്കൂ
  22. ഊഷരതയുടെ ചെമ്മണ്‍ നിറത്തിലേക്കു നാടിന്റെ പച്ചപ്പ്‌ പടര്‍ന്നു കയറി വരികള്‍ക്കൊപ്പം യാത്ര ചെയ്തപ്പോള്‍ .. ഗള്‍ഫിന്റെ കൃത്രിമത്വത്തിന്റെ ചടപ്പില്‍ അരിമണി വറുത്തു കുതിര്‍ത്ത വെല്ലച്ചായ തന്നു സല്ക്കരിച്ചതിനു നന്ദി മാഷെ..

    മറുപടിഇല്ലാതാക്കൂ
  23. ''എട്ടാം ക്ലാസില്‍ നിന്നാണ് ഒരു ദിവസം ആ വാര്‍ത്ത അറിയുന്നത്..അവളുടെ കല്യാണമാണ്..
    സാധാരണ അയല്പക്കങ്ങളിലെ കല്യാണ വാര്‍ത്തകള്‍ സന്തോഷമാണ് പകരുക..പക്ഷെ ഈ വാര്‍ത്ത എവിടെയോ ഒരു നീറ്റലായി മനസ്സാകെ പടരുന്നുണ്ട് എന്ന് ഒരു ഞെട്ടലോടെ അറിഞ്ഞു...'''
    ഒന്നുയര്‍ന്നു പറക്കാന്‍ തുടങ്ങും മുന്‍പേ കുടുംബ ഭാരവും പേറി എത്രയെത്ര വെള്ളക്കൊക്കുകള്‍ ചാര കൊക്കിനെപോലെ മുതുകു കൂനി കണ്മുന്നിലൂടെ നടന്നു പോയിരിക്കുന്നു.... അവരില്‍ പലരും ജീവിതം ഒരു വഴിപാടു പോലെ ജീവിച്ച് തീര്‍ക്കുകയാണെന്ന് പലപ്പോഴും എന്‍റെ മനസ്സിലും തോന്നി പോയിട്ടുണ്ട്.... ഇത് പോലെ മറവിയില്‍ ഖനനം നടത്തുന്ന ഗൃഹാതുരമായ വരികള്‍ മാഷില്‍ നിന്ന് ഇനിയും പ്രതീക്ഷിക്കുന്നു ആശംസകള്‍........

    മറുപടിഇല്ലാതാക്കൂ
  24. ഓരോ മനസ്സിനുള്ളിലും ഒളിഞ്ഞിരിക്കുന്ന ഹഫ്സമാരെ ഓര്‍ക്കാനും
    വിരഹത്തിന്റെ വേദനയുടെ ആഴങ്ങള്‍ അളക്കാനും ഒപ്പം
    തിരിച്ചു കിട്ടാത്ത ബാല്യത്തിന്റെ നൊമ്പരങ്ങളിലൂടെയും ഒരു യാത്ര ..
    മാഷ് മനോഹരമായിരിക്കുന്നു

    മറുപടിഇല്ലാതാക്കൂ

 
Copyright © 2010 Iringattiri Drops. All rights reserved.
Design By- മലയാളം ബ്ലോഗ്‌ ഹെല്‍പ്