2011, ഒക്‌ടോബർ 11, ചൊവ്വാഴ്ച

നടത്തംവൈകുന്നേരം ഓഫീസില്‍ നിന്നിറങ്ങി അല്പം നടന്നാണ് റൂമിലെത്തുക.. ഓഫീസില്‍ നിന്ന്  അഞ്ചു മിനിട്ട് നടന്നാല്‍ ചുവന്ന ചതുരക്കട്ടകള്‍ പതിച്ച ചെങ്കടല്‍ തീരത്തെ വൃത്തിയും വെടിപ്പുമുള്ള നടപ്പാതയിലെത്താം.. 
അപ്പോഴേക്കും അവിടെ  ആളുകള്‍ നിറഞ്ഞിട്ടുണ്ടാവും.. കുട്ടികളും സ്ത്രീകളും യുവാക്കളും വൃദ്ധരും എല്ലാ തരക്കാരുമുണ്ടാവും . കുടുംബ സമേതം കടല്‍ക്കാറ്റ് കൊള്ളാനും    സൊറപറഞ്ഞിരിക്കാനും മാത്രമായി വരുന്നവരുമുണ്ട് കൂട്ടത്തില്‍  .. കുട്ടികള്‍ക്ക് ഏറെ ഇഷ്ടമുള്ള ഊഞ്ഞാലുകള്‍ നിരവധി സജ്ജീകരിച്ചിട്ടുണ്ട് പാതയോരത്ത് അവിടെയുമിവിടെയുമായി .. 

ചെറിയ  കുട്ടികള്‍ കുട്ടിസൈക്കിളുകളുമായി അങ്ങോട്ടും ഇങ്ങോട്ടും മണിയടിച്ചു കറങ്ങുന്നുണ്ടാകും .. 
സ്ത്രീ  പുരുഷന്മാര്‍ കൂടുതല്‍ പേരും  നടക്കാന്‍ വേണ്ടി വരുന്നവരാണ്.. 

കൂട്ടത്തില്‍ നിരനിരയായി മീന്‍ പിടിക്കാന്‍ ഇരിക്കുന്ന ചൂണ്ടക്കാരെയും കാണാം .. അവരില്‍  കൂടുതലും ഫിലി പ്പൈനികളാണ് ഇന്‍ഡോനേഷ്യക്കാരും..  ചൂണ്ടക്കാര്‍ മാത്രമല്ല  ചൂണ്ടക്കാരികളും കൂട്ടത്തില്‍ ഉണ്ട് എന്നതാണ് ഏറെ കൌതുകകരം .. ഇവര്‍ക്ക് ആര്‍ക്കെങ്കിലും എന്നെങ്കിലും എന്തെങ്കിലും കിട്ടാറുണ്ടോ എന്നെനിക്കു അറിയില്ല.. 
ഒരിക്കല്‍ മാത്രം കണ്ടു; ഒരു മീന്‍ ജീവന്‍ തിരിച്ചു കിട്ടാന്‍ ചൂണ്ടയില്‍ കിടന്നു പിടക്കുന്നത്‌...! 
ജീവന്‍ എല്ലാവര്ക്കും ജീവന്‍ തന്നെ.. മനുഷ്യനായാലും മൃഗമായാലും വെറുമൊരു മീനായാലും ..! 

ഈ നടത്തത്തിനിടയില്‍ സ്ഥിരമായി കാണുന്ന രണ്ടു രംഗങ്ങളുണ്ട്... ഇത് കാണാതെ ഒരിക്കല്‍ പോലും എന്റെ നടത്തം  നടന്നിട്ടില്ല.. ഒന്ന് വല്ലാത്ത സന്തോഷം നല്‍കുന്നതും , മറ്റൊന്ന് തീരാത്ത വേദന പകരുന്നതും...

ഒരു രംഗം ഇതാണ്.. ആവശ്യത്തിലേറെ തടിയും വണ്ണവുമുള്ള  ഒരു വൃദ്ധ സ്ത്രീ തന്റെ മകന്റെ സഹായത്തോടെ മെല്ലെ മെല്ലെ അടിവെച്ചടി വെച്ച് വേച്ചു നടക്കുന്നു.. അവരുടെ വലതു ഭാഗത്തിന് വേണ്ടത്ര ബാലന്‍സ് ഇല്ല എന്ന് തോന്നുന്നു. ഒരു ഭാഗത്തേക്ക്‌ നന്നായി  ചരിഞ്ഞാണ് നടത്തം .. ഒറ്റക്കാലില്‍   വളരെ പ്രയാസപ്പെട്ട്.. 
അവരുടെ മറ്റേ കാല് സത്യത്തില്‍ അവരുടെ മകനാണ്... !
ചെരിഞ്ഞും ചാഞ്ഞും   നടക്കുന്ന അവര്‍ ഇടയ്ക്കിടെ വേച്ചു പോവുന്നുന്ടെങ്കിലും  മകന്‍ അവരെ 
 തന്റെ ശരീരത്തോട് ചേര്‍ത്ത് പിടിച്ചിട്ടുണ്ടാവും . ഓരോ സ്റ്റെപ്പും ശ്രദ്ധയോടെ എടുത്തു വെക്കുമ്പോള്‍ മകന്‍ അവരെ താങ്ങിപ്പിടിച്ചു മെല്ലെ മെല്ലെ നടത്തിക്കുന്നു..

ഈര്‍ക്കില്‍ പോലുള്ള ആ പയ്യന്‍ വിയര്‍ത്തു കുളിച്ചു ഉമ്മയെ താങ്ങി നടക്കുന്നത് കാണുമ്പോള്‍ ഞാന്‍ ആ കണ്ണുകളിലേക്കു അവനറിയാതെ ഒളിച്ചു നോക്കും .. വല്ല അനിഷ്ടത്തിന്റെയും നേരിയ ഭാവം ആ കണ്ണുകളില്‍ മിന്നി മറയുന്നുണ്ടോ? ഇല്ല... വല്ലാത്ത സ്നേഹത്തോടെ , നല്ല കാവലോടെ , നിറഞ്ഞ സംതൃപ്തിയോടെ അവന്‍ അവന്റെ അമ്മയെ ചേര്‍ത്ത് പിടിച്ചിരിക്കുന്നു... പിച്ച വെക്കാന്‍ അവനെ  അമ്മ പഠിപ്പിക്കുമ്പോള്‍ വീണുപോകുമോ എന്ന് വേവലാതി പൂണ്ടു കൈ പിടിച്ചു നടത്തിച്ചിരുന്ന  പോലെ,  അവന്‍ അവന്റെ അമ്മയെ നടത്തിക്കുന്നു! 
യാതൊരു ക്ഷമകേടുമില്ലാതെ..

മക്കള്‍ മുതിര്‍ന്നാല്‍ തീരെ തിരിഞ്ഞു നോക്കാതെ , പുഴുവരിച്ചു മരിക്കേണ്ടി വന്ന ദൌര്‍ഭാഗ്യവന്മാരായ അച്ഛനമ്മമാരുടെ കഥകള്‍ വായിക്കുകയും കേള്‍ക്കുകയും ചെയ്യുന്ന ഇക്കാലത്ത്,  തന്നെ ചെറുപ്പത്തില്‍ വളര്‍ത്തിയ പോലെ , അവരെ പരിചരിക്കുന്ന അപൂര്‍വ്വം മക്കള്‍ ഇന്നുമുണ്ട് എന്ന തിരിച്ചറിവ് വല്ലാത്ത സന്തോഷം നല്‍കുന്ന കാഴ്ച  തന്നെ..!

ഈ സന്തോഷവും നുണഞ്ഞു നടന്നു നീങ്ങുമ്പോള്‍ പിന്നീട് കാണുന്ന രംഗം വല്ലാതെ സങ്കടപ്പെടുത്തുന്നതാണ്. 
ഏകദേശം പത്തോ ഇരുപതോ വയസ്സ് പ്രായം തോന്നിക്കുന്ന ഒരു ചെറുപ്പക്കാരന്‍ ഒരു വണ്ടിയില്‍ മലര്‍ന്നു അങ്ങനെ കിടക്കുന്നുണ്ടാവും... കൈകാലുകള്‍ വളഞ്ഞു മടങ്ങി വിരലുകള്‍ചുരുണ്ട്   ചുരുട്ടിപ്പിടിച്ച് ഒരേ ഒരു ലക്ഷ്യത്തിലേക്ക് തുറിപ്പിച്ചു നോക്കുന്നു അവന്‍.. പല്ലുകള്‍ മുഴുവനും പുറത്താണ്.. സ്വന്തമായി ഒന്നനങ്ങാന്‍ പോലും കഴിയാത്ത ആ ചെറുപ്പക്കാരന്‍ ആകാശത്തേക്ക് നോക്കി അനക്കമില്ലാതെ കിടക്കുന്നു.. അവനെ കടല്‍ തീരത്തേക്ക് കാറ്റ്  കൊള്ളാന്‍ കൊണ്ട് വന്ന  ബന്ധുക്കള്‍ ഒരു ഭാഗത്ത്‌ കട്ട കളിച്ചു സമയം പോക്കുന്നു...

ജീവിതത്തിലൊരിക്കലും ഈ കിടപ്പില്‍ നിന്ന് ആ കുട്ടിക്ക് ഒരു മോചനം  ഉണ്ടാകാന്‍ സാധ്യതയില്ല...
വേദനയോടെ ഞാന്‍ അവനെ കടന്നു പോകുമ്പോള്‍ ഞാന്‍ മനസ്സില്‍ ചോദിക്കും. 
അവന്‍ ആ കിടപ്പ് എത്ര കാലം കിടക്കേണ്ടി വരും...? 
ആ ചോദ്യത്തിന് ഉത്തരം അറിയാവുന്നത് ദൈവത്തിന്മാത്രം...
.

16 comment drops:

പ്രിയ വായനക്കാരേ,കമന്റ്‌ ബോക്സിന്റെ താഴെ കൊടുത്തിരിക്കുന്ന

'ഇമെയില്‍ വഴി സബ്സ്ക്രൈബ് ചെയ്യുക'

എന്നതില്‍ ക്ലിക്ക് ചെയ്‌താല്‍ താങ്കളുടെ കമന്റിനു മറുപടി

ഇ മെയില്‍ ആയി ലഭിക്കും

 1. വാസനയുള്ളവർ വെരുതെ ഒന്നു നടക്കാൻ ഇറങിയാലും പരിസരത്ത് പരിമളം പടർത്തും...

  സുബ്രമണ്യൻ റ്റി ആർ.

  മറുപടിഇല്ലാതാക്കൂ
 2. മതാപിതാക്കള്‍... അവരെ മറന്നു ജീവിക്കുന്നവന്റെ ജീവിതം തീര്‍ച്ചയായും പരാജയം തന്നെ
  നല്ല വിവരണം

  മറുപടിഇല്ലാതാക്കൂ
 3. ഒരു എഴുത്തുകാരനുണ്ടാവേണ്ട സഹജാവ ബോധമാണ് താങ്കളില്‍ വേദനയുടെ വിത്തുകള്‍ പാകിയത്. ഈ നിമ്നോന്നതാവസ്തയാണ് ജീവിതത്തിന്റെ അര്‍ഥം കണക്കാക്കുന്നതു. ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 4. ടച്ചിങ്ങ്.. കണ്ണ് തുറന്നുള്ള നടത്തം.. ആശംസകള്‍..

  മറുപടിഇല്ലാതാക്കൂ
 5. അവരുടെ മറ്റേ കാല് സത്യത്തില്‍ അവരുടെ മകനാണ്... !ഗ്രേറ്റ്

  മറുപടിഇല്ലാതാക്കൂ
 6. ദൈവം എന്തിനൊക്കെയാണുത്തരം പറയേണ്ടത്?
  കുറിപ്പ് നന്നായി കേട്ടൊ , അഭിനന്ദനങ്ങൾ.

  മറുപടിഇല്ലാതാക്കൂ
 7. കുറെ വൈകിയെങ്കിലും ആസ്വാദനം മെച്ചപ്പെടുത്താനുതകിയ പോസ്റ്റുമായി തിരിച്ചുവന്നല്ലോ നന്ദി.രണ്ടാമത്തെ അനുഭവം കരള്‍ പിളര്‍ക്കുന്ന കാഴ്ച തന്നെ മാഷേ...

  മറുപടിഇല്ലാതാക്കൂ
 8. കൊടുക്കുന്നതെന്തോ... അതേ തിരിച്ച് ലഭിക്കൂ... ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 9. മനസ്സില്‍ തട്ടുന്ന എഴുത്ത്.ഒരു അബലയായ മാതാവിന്റെയും,ഒരു നിരാലംബന്റെയും കഥ.നന്നായി.വറ്റാത്ത സ്നേഹത്തിന്റെ തലോടലുകള്‍ ഒരു കുളിര്‍കോരല്‍ തന്നെ...!

  മറുപടിഇല്ലാതാക്കൂ
 10. മാതൃകയും, ചിന്തനീയവുമായ സംഭവങ്ങള്‍.. മനസ്സില്‍ പതിഞ്ഞു പോകുന്ന വായന നല്‍കി ഇക്കാ.

  മറുപടിഇല്ലാതാക്കൂ
 11. വളരെ ഹൃദയ സ്പര്‍ശിയായ ഒരു വയനയായി. അഭിനന്ദനങ്ങള്‍.

  മറുപടിഇല്ലാതാക്കൂ
 12. അതെ ബന്ധങ്ങളുടെ വില, സ്നേഹത്തിന്റെ ശക്തി , ജീവിതം ഭാരമായവരുടെ വ്യഥ, എല്ലാം ഒരു കഥയില്‍ പറയാന്‍ ശ്രമിച്ചു.
  മനോഹരം

  മറുപടിഇല്ലാതാക്കൂ

 
Copyright © 2010 Iringattiri Drops. All rights reserved.
Design By- മലയാളം ബ്ലോഗ്‌ ഹെല്‍പ്