2011, മാർച്ച് 24, വ്യാഴാഴ്‌ച

കയ്യാമവും 'കുയ്യാമ'യും പിന്നെ ചില ചുവന്ന അടയാളങ്ങളും

  


അറിഞ്ഞുകാണും 'ചുവന്ന അടയാളങ്ങള്‍' എന്നപേരില്‍ ഒരു പുസ്തകം ഇയ്യിടെ തിരുവനന്തപുരത്ത് പ്രകാശനം ചെയ്യപ്പെട്ടു. ഒരു പുസ്തകപ്രകാശനം നമ്മുടെ സാക്ഷരസുന്ദര കേരളത്തില്‍ അത്ര വലിയ സംഭവമൊന്നുമല്ല.

വായന മരിക്കുന്നു എന്ന് എല്ലാവരും മുറവിളിക്കുന്നുണ്ടെങ്കിലും  പുസ്തകങ്ങള്‍ ഇറങ്ങുന്നതിനു ഒരു  കുറവും  കാണുന്നില്ല നമ്മുടെ നാട്ടില്‍.. ആത്മകഥകളുടെ കാലമാണിത്.  'ചുവന്ന അടയാളങ്ങളും'  ആ ജനുസ്സില്‍ പെടുമെന്നാണ് അനുമാനിക്കേണ്ടത്. കഥകളും കവിതകളും നോവലുകളും വായിക്കുന്നതിനേക്കാള്‍ നമുക്കിഷ്ടം ആത്മകഥകളാണ്. മറ്റുള്ളവരുടെ ജീവിതത്തിലേക്ക് തരം കിട്ടിയാല്‍ ഒന്ന് ഒളിഞ്ഞുനോക്കാം എന്ന 'ചെറുതരി സുഖമുള്ള' ഒരു 'മാനസിക ' വശം ഇതിലുള്ളത് കൊണ്ടാവും എല്ലാവര്‍ക്കും ഇത്തരം പുസ്തകങ്ങളോടാണ് ഭ്രമം. ഈ വായനാമാന്ദ്യകാലത്തും നളിനിജമീലയും സിസ്റ്റര്‍ജസ്മിനും കള്ളന്‍പവിത്രനുമൊക്കെ  വായിച്ചു ആസ്വദിച്ചു  രസിച്ചു നമ്മള്‍. ദോഷം പറയരുതല്ലോ , ഇത്തരം  എരിവും പുളിയും മസാലയും നന്നായി സമാസമം അരച്ച് ചേര്‍ത്ത  പുസ്തകങ്ങള്‍ക്ക് ഒരു മാന്ദ്യവും ഇല്ലെന്നു മാത്രമല്ല  ഇനിയുമിവിടെ  നല്ല സ്കോപ്പുമുണ്ട്‌.

രാഷ്ട്രീയക്കാര്‍ പൊതുവേ വായിക്കാത്തവര്‍ ആയതുകൊണ്ടോ രാഷ്ട്രീയത്തില്‍ വായനക്ക് ഒരു പ്രസക്തിയുമില്ലാത്തത് കൊണ്ടോ എന്തോ, രാഷ്ട്രീയപുസ്തകങ്ങള്‍ അധികമൊന്നും പിറക്കാറില്ല നമ്മുടെ നാട്ടില്‍. ഇയ്യിടെ കുറഞ്ഞ കാലത്തിനുള്ളില്‍  കൂടുതല്‍ പതിപ്പുകളിറങ്ങിയ അബ്ദുള്ളക്കുട്ടി എന്ന 'മറുകണ്ടം ചാടിക്കുട്ടി'യുടെ 'നിങ്ങളെന്നെ കോണ്‍ഗ്രസ്സാക്കി' എന്ന പുസ്തകം  ഇതിനൊരു അപവാദമാണ് എന്ന് മറക്കുന്നില്ല.

വാദവും വിവാദവും അപവാദവും നമുക്ക് പണ്ടേ ഇഷ്ടമാണ്. ആ ഗണത്തില്‍ പെട്ട എന്തും ഗുണംകെട്ടതാണെങ്കില്‍ കൂടി  നമുക്ക് പെരുത്ത്‌  തൃപ്തിയാകും. അത് പുസ്തകങ്ങള്‍ ആണെങ്കില്‍ കൂടി. ചാനലുകള്‍ അത്രത്തോളം നമ്മെ അതൊക്കെ കഷ്ടപ്പെട്ട്  ഇഷ്ടപ്പെടുത്തിക്കൊണ്ടിരിക്കുന്നുമുണ്ട് .! ഒരു വിവാദവും അപവാദവും ഇല്ലാത്ത ദിവസം 'ശ്ശൊ വല്ലാത്തൊരു മോശപ്പെട്ട ദിവസം..'! എന്ന വിഷമമായിരിക്കും  നമുക്ക്..

ഒരു പക്ഷേ അബ്ദുല്ലക്കുട്ടിയുടെ കട്ടിയില്ലാത്ത 'കുട്ടിപുസ്തക'ത്തിന്‌ ശേഷമിറങ്ങുന്ന അല്പം  'കട്ടിയുള്ള' ഒരു രാഷ്ട്രീയ പുസ്തകമായിരിക്കും ഇത്.  


പുതിയ പുസ്തകം പേര്സൂചിപ്പിക്കുന്ന പോലെ ചെമന്നതാണ്. അത് കൊണ്ട്  പേജുകളിലുടനീളം ചുവപ്പ് പടര്‍ന്നുകിടക്കുമെന്ന് ന്യായമായും ഉറപ്പിക്കാം. മാത്രമല്ല ഈപുസ്തകം പ്രസിദ്ധീകരിച്ചാല്‍ തനിക്കു ജീവഹാനിയുണ്ടാവാന്‍ സാധ്യത പോലുമുണ്ടെന്ന് ഗ്രന്ഥകാരന്‍ കാലേക്കൂട്ടി പറഞ്ഞിട്ടുണ്ട് . (ബുഷിനെ ഷൂകൊണ്ടെറിഞ്ഞ പത്രപ്രവര്‍ത്തകനോട് ഐക്യ ദാര്‍ഡ്യം പ്രകടിപ്പിച്ചു കൊണ്ട് പിന്നെ കുറച്ചുകാലം ഷൂ ഏറ്  ഒരു ഫാഷനായി മാറിയിരുന്നു. ഇപ്പോള്‍ ജീവന് ഭീഷണിയുണ്ടെന്ന് പറയുന്നതാണ് പുതിയ ട്രെന്‍ഡ് എന്ന് തോന്നുന്നു. കുഞ്ഞാലിക്കുട്ടി മുതല്‍ ഒ ഗ്രൂപ്പ് അബ്ദുല്ല (ശൈഖുനാ   'മുടി  വിഭാഗ'ത്തിന്റെ ഭാഷയില്‍ സീറോ അബ്ദുള്ള)   വരെ ഈ ഭീഷണി നേരിട്ടവരും നേരിട്ട് കൊണ്ടിരിക്കുന്നവരും നേരിടാനൊരുങ്ങിയിരിക്കുന്നവരുമാണ്. അക്കൂട്ടത്തില്‍ ഒരു ഷാജഹാനുമിരിക്കട്ടെ! ഏതായാലും   ചുവന്ന അടയാളങ്ങള്‍ അക്ഷരങ്ങളിലും പേജുകളിലും പരന്നു കിടന്നാലും  റോഡിലും തെരുവിലും അത് പടരാതിരിക്കട്ടെ  എന്ന് നമുക്ക് പ്രാര്‍ത്ഥിക്കാം.


'ചുവന്നഅടയാളങ്ങളു'ടെ കര്‍ത്താവ് ആരെന്നു  വിശദമായി നാം പറഞ്ഞില്ല. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പുകാലത്ത് നാമൊക്കെ  ഏറെ കേള്‍ക്കുകയും പരിചയപ്പെടുകയും ചെയ്ത    ഒരാളുടെതാണ് കൃതി.   പ്രതിപക്ഷ നേതാവായിരുന്നപ്പോള്‍ വി.എസ്.
അച്യുതാനന്ദന്റെ പ്രൈവറ്റ് സെക്രട്ടറിയും  വലംകയ്യുമായിരുന്ന ശ്രീ കെ .എം.ഷാജഹാന്റെതാണ് പുസ്തകം. അന്ന്, എല്ലാ തെരഞ്ഞെടുപ്പു കാലത്തും നടന്നു വരാറുള്ള  പോലെ വി.എസിനെതിരെ ആസൂത്രിതമായി  ചരട് വലിയുണ്ടായപ്പോള്‍ ഇപ്പുറത്ത് അതിലേറെ ശക്തിയില്‍ 'കയറുവലി'യും വടംവലിയും  സംയുക്തമായി സംഘടിപ്പിച്ച് വിജയം വരിച്ച  ആളാണ്‌ ഷാജഹാന്‍. പക്ഷെ ഇന്ന് അദ്ദേഹം  വി.എസിനോടൊപ്പമില്ല. രാഷ്ട്രീയം അങ്ങനെയാണ്. ഇന്നത്തെ വേണ്ടപ്പെട്ട 'അളിയനാ'യിരിക്കും നാളത്തെ ഭേദപ്പെട്ട 'അളിഞ്ഞ'വന്‍. അന്ന് വി.എസിന്റെ ഒപ്പം നിന്നവരെ വെട്ടിനിരത്തിയതോ, മുഴച്ചുനിന്നത് തട്ടിനിരപ്പാക്കിയതോ  എന്തായാലും ഷാജഹാന്‍ ഇപ്പോള്‍ പാര്‍ട്ടിയുടെ വരാന്തയില്‍പോലും ഇല്ലാത്ത ആളാണ്. അത് കൊണ്ട് തന്നെ ഈ പുസ്തകം  വിവാദമാകാനുള്ള സാധ്യത 'ഉന്തിക്കളയാന്‍'  വയ്യ.

ഈപുസ്തകത്തിന്റെ മറ്റൊരു പുതുമ ഇത്  പ്രകാശനം ചെയ്തത് സ്നേഹയാണ് എന്നതാണ്.. സ്നേഹ എന്ന് കേള്‍ക്കുമ്പോള്‍ ഒരു പക്ഷെ നമുക്ക് ആളെ പെട്ടന്നങ്ങ് പിടികിട്ടില്ല. രണ്ടക്ഷരമുള്ള മറ്റൊരുപേര് പറഞ്ഞാല്‍ നാമൊക്കെ അവളെ വേണ്ടതിലേറെ അറിയും. അച്ഛനുണ്ടായിട്ടും അച്ഛനില്ലാത്ത കുട്ടിയാണ് സ്നേഹ.  അമ്മ മുലപോലും കൊടുക്കാതെ മരിച്ചും പോയി. ശാരി എന്നായിരുന്നു ആ പെണ്‍കുട്ടിയുടെ പേര്. അവളുടെ കുട്ടിയാണ് സ്നേഹ. അവളുടെ അച്ഛനാരെന്നു ആര്‍ക്കുമറിയില്ല. ശാരിക്കറിയാമായിരുന്നു . പക്ഷെ പേര് വെളിപ്പെടുത്തും മുമ്പ് അവള്‍ പോയി. പിന്നെ ആ അച്ഛനെ അറിയാവുന്ന ഒരേ ഒരാള്‍ ഇന്നും ജീവിച്ചിരിപ്പുണ്ട്‌. പക്ഷെ; ആ വി.ഐ.പിയെ  ഈ വി.ഐ.പി .  കൊന്നാലും പറയാന്‍ കൂട്ടാക്കില്ലെന്നു വേണം കരുതാന്‍. 

കഴിഞ്ഞ തെരഞ്ഞെടുപ്പു കാലത്ത് കാടും മേടും താണ്ടിയ ഒരു   യുവവൃദ്ധനെ കണ്ട് യുവാക്കള്‍ പോലും അസൂയപ്പെട്ടു പോയിരുന്നു.. അക്കാലം വരെ ഒരു നിലയും വിലയുമില്ലാതിരുന്ന  'കയ്യാമ'ത്തി ന് അന്ന് മുതല്‍ വെള്ളിമൂങ്ങയെക്കാള്‍ മാര്‍ക്കറ്റായിരുന്നു.!



പക്ഷേ നാലരക്കൊല്ലം സുഖസുന്ദരമായി ഉറങ്ങിത്തൂങ്ങിയും ഗോലി കളിച്ചും ഗോഷ്ഠി കാണിച്ചും വലിച്ചു നീട്ടി  ഭരിച്ചിട്ടും പുളിച്ചു നാറിയ  'ഐസ് ക്രീം' തന്നെ പിന്നെയും പിന്നെയും എടുത്തു നാക്കിലും വാക്കിലും    വാരിവാരി തേച്ചിട്ടും മേമ്പൊടിക്കോ , തൂക്കമൊപ്പിക്കാനോ പോലും ശാരിയെന്ന  രണ്ടക്ഷരം ഉരിയാടാതിരിക്കാന്‍ പരമാവധി ശ്രമിച്ചു മുഖ്യന്‍ .

കോഴിക്കോടന്‍ ഐസ് ക്രീമിന്റെ അത്ര ടേസ്റ്റ് ഒരു പക്ഷെ  ഇതിനുണ്ടാവില്ലെന്ന് ഉറപ്പാണ്. അതുകൊണ്ടാവും കിളിരൂര്‍  'ഐസ് ക്രീമി'നെ കുറിച്ച് ക്ക , ച്ച , ട്ട, ത്ത, പ്പ '  തുടങ്ങി മലയാള അക്ഷരമാലയിലെ ഇരട്ട അക്ഷരം വേണ്ട; 'ക, മ, ല, വ, ര, ഴ, എന്നതിലെ ഒരു ഒറ്റ അക്ഷരംപോലും വി.എസ്. എന്ന 'കയ്യാമക്കാരന്‍' മിണ്ടിയില്ല. പാവപ്പെട്ട  ശാരിയുടെ കുടുംബം നിയമസഭക്ക്മുമ്പില്‍ സമരം നടത്തുക പോലും ചെയ്തിട്ടും 'മൂന്നാര്‍ കുലുങ്ങിയാലും വി.എസ് കുലുങ്ങില്ല' എന്ന മട്ടില്‍ മൌനം പാലിച്ചു വിദ്വാനാവുകയാണ് വി.എസ്. ചെയ്തത്. പീഡന ക്കാരെയൊക്കെ കയ്യാമം വെച്ച് നടു റോഡിലൂടെ നടത്തിക്കും എന്ന് പറഞ്ഞ ആള്‍ വെറും ഒരു കുയ്യാമയെ പോലെ തല അകത്തേക്ക് വലിച്ച് ഞാനൊന്നുമറിഞ്ഞില്ലേ എന്റെ  'ശ്രീമതി  നാരായണീ'  എന്ന മട്ടില്‍  ഉറക്കം നടിച്ചു

അഞ്ചു വര്‍ഷത്തോളം  മനസ്സിനകത്ത്  പാസ് വേര്‍ഡ്‌ ഇട്ട് പൂട്ടി 'സേവ്' ചെയ്തു വെച്ച ആ വി.ഐ. പിയെ ഇനി എന്നാണാവോ അദ്ദേഹം  വെളിപ്പെടുത്താനും പിടികൂടാനും ആമം വെക്കാനും പോകുന്നത് .. ?

ഏറെ രസകരമായ ഒരു കാര്യം , അടുത്ത അഞ്ചു വര്‍ഷം കൂടി കിട്ടിയാല്‍  വി.ഐ.പിയെ പിടികൂടുമെന്ന് സ്വന്തം മണ്ഡലത്തിലെ തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ആരംഭ ശൂരത്വത്തില്‍   ഇന്നലെ അദ്ദേഹം പ്രസംഗിക്കുന്നത് കേട്ടു എന്നതാണ്. പഴയ ആ തന്ത്രം തന്നെ പൊടി തട്ടി  വീണ്ടും  പയറ്റുന്നു എന്നര്‍ത്ഥം.  കുപ്പിക്കും വീഞ്ഞിനും കുടിക്കുന്ന ആളിനും  ഒന്നും ഒരു മാറ്റവുമില്ല.  പഴയ വി.എസ്, പഴയ ശാരിയെ, പുതിയകുപ്പിയിലാക്കി  വീണ്ടും പുതിയ രാഷ്ട്രീയം  കളിക്കുന്നു.. അധികാരത്തിലിരുന്ന സമയത്ത് മനസ്സിലേക്ക് ഒരിക്കല്‍ പോലും കടന്നു വരാത്ത  ആ പേര് ഇപ്പോള്‍ അദ്ദേഹം ഓര്‍ത്ത്‌ തുടങ്ങിയിരിക്കുന്നു. അത്രയും നല്ലത്. വി.എസിന് പ്രായം ഏറിയെന്നും അനാരോഗ്യം ബാധിച്ചെന്നുമൊക്കെ പറയുന്നവര്‍ വെറും ശുംഭന്മാര്‍ ! നോക്കൂ , വി.എസിന് എന്തൊരു ഓര്‍മ്മ ശക്തിയാണ്...!

തെരഞ്ഞെടുപ്പ് വേളയില്‍ മാത്രം ഓര്‍ക്കാനും ഭരണം കിട്ടുന്നതോടെ സൗകര്യം പോലെ മറക്കാനുമുള്ള ഒരു പാവം പെണ്‍കുട്ടിയുടെ പേര് അല്ലാതെ മറ്റെന്താണ് ശാരി ?





എനിക്ക് ഒരു സഹപാഠിയുണ്ടായിരുന്നു.  വിജയന്‍. ആളിത്തിരി ഉറക്കം തൂങ്ങിയാണ്. ക്ലാസിലിരുന്നു നന്നായി ഉറങ്ങും.  പരീക്ഷക്ക് എല്ലാവരും കുത്തിയിരുന്നു പഠിക്കുമ്പോള്‍ വിജയന്‍ പഠിക്കില്ലെന്നു മാത്രമല്ല പഠിക്കാന്‍ ആരെയും അനുവദിക്കുകയുമില്ല. പക്ഷെ പരീക്ഷ പേപ്പര്‍ കിട്ടുമ്പോള്‍ ഒരു വിധം പാസ് മാര്‍ക്ക് വിജയനുണ്ടാകും. അത് കിട്ടാനുള്ള ചില ചെപ്പടി വിദ്യകള്‍   വിജയന് അറിയാം.
സത്യത്തില്‍  ആ വിജയനാണ് ഈ വി. എസ്.  പതിനൊന്നാം  മണിക്കൂറില്‍ യൂസഫലി എന്നാ ബ്യൂട്ടീഷ്യന്റെ കൈക്രിയയിലൂടെ വല്ലാതെ  'സ്മാര്‍ട്ട്‌ 'ആയും,  'അരിയെറിഞ്ഞു  ആയിരം കാക്കകളെ' കൂട്ടം കൂട്ടമായി വരുത്തിയും അഞ്ചു വര്‍ഷം കഴിഞ്ഞു വരുന്ന ജനകീയ പരീക്ഷയില്‍ വി.എസ്.  ജയിക്കാന്‍ നോക്കുന്നു. വലിയ വിദ്യാഭ്യാസമൊന്നും വി.എസിനില്ലെങ്കിലും ചെപ്പടി വിദ്യകളുടെ മാസ്റ്റര്‍ തന്നെയാണ് അദ്ദേഹം. പക്ഷേ എല്ലാ പരീക്ഷക്കും  കുറുക്കു വഴിയിലൂടെ ക്രിയ ചെയ്തു  ജയിച്ചു കയറാന്‍ കഴിയുമോ എന്ന് കണ്ടറിയുക തന്നെ വേണം.

ഏതായാലും ചുവന്ന അടയാളങ്ങള്‍  ഒരു സാധാരണ പുസ്തകം  അല്ല എന്ന് ഉറപ്പാണ്‌.  അത് പ്രകാശനം ചെയ്ത വ്യക്തി   ആര് എന്നത് തന്നെ പുസ്തകത്തിന്റെ പ്രസക്തിയും ഉള്ളടക്കവും  വിളിച്ചു പറയുന്നുണ്ട്.. ചുവന്ന അടയാളങ്ങള്‍ ചില അടയാളപ്പെടുത്തലുകള്‍ മാത്രമല്ല ചില  ചുവന്ന ഓര്‍മ്മപ്പെടുത്തലും കൂടിയാണെന്ന് സാരം ..! മലമ്പുഴയില്‍ വി.എസിനെതിരെ മത്സരിക്കുന്ന ലതിക സുഭാഷിന് കെട്ടിവെക്കാനുള്ള കാശ് നല്‍കിയത് സ്നേഹയാ ണെന്നും ഇതിനോട് ചേര്‍ത്ത് വായിക്കാം ..

അടിവര  : കയ്യാമവും 'കുയ്യാമ'യും തമ്മിലെന്ത് ബന്ധം? 
------------------------------------------------------------
ചിത്രങ്ങള്‍ക്ക് കടപ്പാട് : ഗൂഗിള്‍   

20 comment drops:

പ്രിയ വായനക്കാരേ,കമന്റ്‌ ബോക്സിന്റെ താഴെ കൊടുത്തിരിക്കുന്ന

'ഇമെയില്‍ വഴി സബ്സ്ക്രൈബ് ചെയ്യുക'

എന്നതില്‍ ക്ലിക്ക് ചെയ്‌താല്‍ താങ്കളുടെ കമന്റിനു മറുപടി

ഇ മെയില്‍ ആയി ലഭിക്കും

  1. പീഡനത്തില്‍ പെട്ട് അമ്മ ആവുകയും അതോടെ മരണപ്പെടുകയും ചെയ്ത ഒരു പെണ്‍കുട്ടിയും അച്ഛന്‍ ആരെന്നറിയാത്ത ഒരു കുഞ്ഞും ആണ് ഇന്ന് കേരളത്തിലെ താരങ്ങള്‍.മൂന്നര കോടി ജനങ്ങളുടെ ഭരണ സാരഥ്യം ഏറ്റെടുക്കുവാനുള്ള രണ്ടു മുന്നണികള്‍ക്കും ഇതല്ലാതെ വേറൊന്നും പറയാനില്ലേ.

    മറുപടിഇല്ലാതാക്കൂ
  2. (കേരള) രാഷ്ട്രീയം തെമ്മാടികളുടെ അവസാനത്തെ അഭയകേന്ദ്രം എന്ന് പറഞ്ഞ മഹന്‍ ആരാണ്. ഒരു ഉമ്മ കൊടുക്കാനാണ്.
    ഷാജഹാന്റെ പുസ്തകവായന കൂടി നടന്നാല്‍ കൂടുതല്‍ വൃത്തികേടുകള്‍ പ്രതീക്ഷിക്കാം...!

    മറുപടിഇല്ലാതാക്കൂ
  3. ഒരു വിവാദവും അപവാദവും ഇല്ലാത്ത ദിവസം 'ശ്ശൊ വല്ലാത്തൊരു മോശപ്പെട്ട ദിവസം..'!

    athe ... angine thanne ...



    ഇങ്ങനെ ഒന്നും അല്ലെങ്കില്‍ മലയാളി എന്ന് പറയാന്‍ പറ്റുമോ നമ്മളെ ഒക്കെ ... ഒരു ശരാശരി മലയാളിക്ക് വിവാദം വിരഹമാവാതിരിക്കാന്‍ സംഭവ ബഹുലമാവണ്ടേ ദിവസങ്ങള്‍ ??

    മറുപടിഇല്ലാതാക്കൂ
  4. ചാനെലുകള്‍ ഇതില്‍ വഹിക്കുന്ന പങ്കു ചെറുതല്ല

    മറുപടിഇല്ലാതാക്കൂ
  5. sammathichu sir. angeykku rashtriyavum vazhangum.

    മറുപടിഇല്ലാതാക്കൂ
  6. കാറ്ററിഞ്ഞു തൂറ്റാൻ കേരള രാഷ്ട്രീയത്തിൽ ആരും മോശ്യല്ല്യ.. അതു എനി അത്ര അളിഞ്ഞതായാലും.. കൂടുതൽ പറഞ്ഞാൻ എനിക്കും വധഭീഷണി വരും ഇക്കാ..:)

    മറുപടിഇല്ലാതാക്കൂ
  7. കയ്യാമ;കദീജ എളാമ്മ
    കുയ്യാമ്മ മീന്‍സ്,കുഴിയാന...ശരിയല്ലേ സഖാവേ...:)
    പിന്നെ പൊതുജനം കഴുതയാണ്‌ എങ്കില്‍ വീ എസ് അധികാരത്തില്‍ വരും..അങ്ങിനെ അല്ലെന്നാണ് എന്‍റെ ശക്തിയുക്തമായ വിശ്വാസം...

    മറുപടിഇല്ലാതാക്കൂ
  8. തീര്‍ച്ചയായും നമ്മള്‍ കഴുതകള്‍ തന്നെയാണെന്നു തെളിഞ്ഞിരിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  9. അഞ്ച് വര്‍ഷം ജനങ്ങളുടെ മാനത്തിനും സ്വത്തിനും സ്വസ്ഥതക്കും കാവലാളായി ഭരണമേറ്റെടുത്തവരെ... സ്ത്രീപീഡനങ്ങള്‍ക്കെതിരെ മന:നൊമ്പരങ്ങള്‍ തേങ്ങലായി ഉയര്‍ന്നിട്ടും തുടര്‍ക്കഥപോലെ തുടര്‍ന്ന് കൊണ്ടേ ഇരിക്കുന്നുതിന്റെ കാരണക്കാര്‍ ആരെന്ന് ചോദിച്ച് സമൂഹത്തിലേക്ക് വിരല്‍ ചൂണ്ടുന്ന നിങ്ങളുടെ ചൂണ്ടു വിരലും കൈപത്തിയും സൂക്ഷിച്ച് നോക്കുക..!
    നിങ്ങളുടെ മൂന്ന് വിരലുകള്‍ നിങ്ങളുടെ നെഞ്ചിന് നേരെ ചൂണ്ടുന്നു എങ്കില്‍ നിങ്ങള്‍ മനസ്സിലാക്കുക..!
    നിങ്ങളെ ഭാരമേല്പിച്ച ജനങ്ങള്‍ മൂഢന്മാരല്ല എന്ന്.

    മറുപടിഇല്ലാതാക്കൂ
  10. ജനം ഇപ്പോള്‍ കേട്ടത് അടുത്ത ആളുടെ പ്രസംഗം കേള്‍ക്കുന്നതോടെ മറക്കുന്നു.എന്ത് ചെയ്യാന്‍?

    മറുപടിഇല്ലാതാക്കൂ
  11. ജനങ്ങളെ വാചകകസര്‍ത്ത് നടത്തി ഒരുപാട് ആശിപ്പിച്ച് അധികാരത്തിലേറി മുഖ്യമന്ത്രി കസേരയില്‍ കടിച്ചു തൂങ്ങി കിടന്ന ആളാണ്‌ വി.എസ്. ആരോടുമിലെങ്കിലും സ്വന്തം മനസ്സാക്ഷിയോടെങ്കിലും നീതി പുലര്‍ത്തണ്ടേ?

    മറുപടിഇല്ലാതാക്കൂ
  12. ഇതൊക്കെയാണ് നടക്കുന്നത് എന്തേ..ചാന്നലുകളുടെ പങ്കു വളരെ വലുതാണ്‌ .രാത്രി ആയാല്‍ ചോദ്യങ്ങളും അതിനു എസ എം എസുകളും ആണ് നമ്മള്‍ അയക്കേണ്ടത് ..ചോദ്യങ്ങള്‍ ആണെങ്കില്‍ കോഴിക്ക് അത് വരുമോ ഇല്ലയോ....കാക്ക കുളിച്ചാല്‍ കൊക്കാകുമോ ഇങ്ങനെ അര്‍ത്ഥമില്ലാതെ ..എന്തേ..ജനങ്ങള്‍ വെറും നോക്ക് കുത്തികള്‍ ..

    മറുപടിഇല്ലാതാക്കൂ
  13. സീറ്റ് പോയാല് പാര്‍ട്ടി മാറുന്ന രാഷ്ട്രീയം
    അല്ലാതെ എന്ത് രാഷ്ട്രീയം നേതാകള്‍ക്ക്.?
    ജനം നല്ല ബുദ്ധി ഉള്ളവര്‍.ഇപ്പൊ വോട്ടു ചെയ്യാനും
    ചിന്തിക്കുന്നവര്‍ക് മടി ആണത്രേ.കാരണം അഞ്ചു
    കൊല്ലം വീതം, മാറി മാറി വീതം വെക്കാവുന്ന
    അഭിപ്രായം അല്ലാതെ മറ്റൊന്നിനും അവര്‍ക്ക് സാധ്യത ഇല്ലല്ലോ? മാഷേ നന്നായി എഴുതി.ആശംസകള്‍.‍

    മറുപടിഇല്ലാതാക്കൂ
  14. ആരെങ്കിലും സഹായിക്കണേ....ഞാന്‍ ഗള്‍ഫിലെ ജ്വോലി ഒഴിവാക്കി നാട്ടില്‍ ഒരു കയ്യാമ ഫാക്ടറി തുടങ്ങിയലോന്നു ആലോചിക്കുന്നു....നമ്മുടെ കഞ്ഞി മുഖ്യന്‍(കഞ്ഞിയാണ് അദ്ദേഹത്തിന്‍റെ ഫെവരൈറ്റ്, സംശയമുള്ളവര്‍ക്ക് അദ്ദേഹത്തോട് തന്നെ ചോദിക്കാം- ചോദികുമ്പോള്‍ സൂക്ഷിക്കുക ചിലപ്പോള്‍ കയ്യാമം വെച്ച് കല്‍തുറുങ്കില്‍ അടച്ചു കളയും) അടുത്ത ഭരണം കിട്ടിയാല്‍ എല്ലാവരെയും കയ്യാമം വെക്കും വീസണി മുഴക്കുന്നതായി ദിവസവും പത്രത്തില്‍ വായിക്കുന്നു.... സര്‍ക്കാരിന് മാത്രമായി ഇപ്പൊ നിലവില്‍ ഏതെങ്കിലും കയ്യാമ ഫാക്ടറി ഉണ്ടോ? ഇല്ലെങ്കില്‍ ഞാന്‍ തുടങ്ങാന്‍ ഉദ്ദേശിക്കുന്ന ഫാക്ടറിയില്‍/ബിസിനെസ്സില്‍ പങ്കാളികളാവാന്‍ താല്പര്യമുള്ളവര്‍ ബന്ധപ്പെടുക...അതോടനുബന്ധിച്ച് കേരളത്തില്‍ കൂടുതല്‍ കല്‍ തുരുങ്കുകള്‍ നിര്‍മ്മിക്കാനുള്ള കണ്‍സ്ട്രക്ഷന്‍ ജോലിയും ഏറ്റെടുക്കാന്‍ പദ്ധതി ഉണ്ട്.....

    മറുപടിഇല്ലാതാക്കൂ
  15. മുഴുവനും വായിച്ചില്ലാ.
    കുറേ എന്തൊക്കയോ (കൂതറ)പടങ്ങള്‍ കുത്തിനിറച്ചത് കണ്ടപ്പോ നിര്‍ത്തി വായന.

    പടമില്ലാതെ പോസ്റ്റാമായിരുന്നു

    മറുപടിഇല്ലാതാക്കൂ
  16. ഇത്തരം രാഷ്ട്രീയക്കാരുടെ അഴിഞ്ഞാട്ടങ്ങളില്‍ താല്‍പര്യമില്ലാത്തതിനാല്‍ കുറച്ചു വായിച്ചു പിന്‍മാറുന്നു.
    കുറുക്കന്‍ കോഴിക്ക് കാവല്‍ നില്‍കുമ്പോലെ ജനങ്ങളെ ചൂഷണം ചെയ്യാന്‍ നില്‍കുന്ന ഈ വര്‍ഗത്തെ എനിക്ക് പൂച്ചമാണ്.
    ക്ഷമിക്കണം.

    മറുപടിഇല്ലാതാക്കൂ

 
Copyright © 2010 Iringattiri Drops. All rights reserved.
Design By- മലയാളം ബ്ലോഗ്‌ ഹെല്‍പ്