നാലാംക്ലാസില്‍ നിന്നാണ് അന്ന് ഇംഗ്ലീഷ് ഒരു സബ്ജെക്റ്റ് ആയി പഠിച്ചുതുടങ്ങുക. പുതിയ ഒരു ഭാഷയുടെ മധുരവും ചവര്‍പ്പും മനസ്സിലും നാവിന്‍ തുമ്പിലും മെല്ലെമെല്ലെ പിച്ചവെച്ച് തുടങ്ങിയകാലം. നല്ല ഗുരുക്കന്മാരെ കുറിച്ചുള്ള ഓര്‍മ്മയുടെ ആല്‍ബത്തില്‍ ഏറ്റവും ആദ്യം ചില്ലിട്ടു സൂക്ഷിച്ച പ്രിയങ്കരനായ ശങ്കരന്‍മാഷ് തലേന്ന് പഠിപ്പിച്ച ഏതാനും പദങ്ങളുടെ സ്പെല്ലിംഗ് ചോദിച്ചു കൊണ്ടിരിക്കുകയാണ്. how many ആണ് പദം. ഉത്തരം പറയുന്നതിനിടെ സഹപാഠികളില്‍ പലര്‍ക്കും പല
അക്ഷരങ്ങളും വിട്ടുപോയി. ചിലര്‍ വേറെചിലത് കൂട്ടിചേര്‍ത്തു. അവസാനത്തെ ബെഞ്ചില്‍ നിന്നാണ് മാഷ് ചോദിച്ചു വരുന്നത്. ഒന്നാമത്തെ ബെഞ്ചിലെ ഒന്നാമത്തെ കുട്ടിയാണിവന്‍. എന്റെ ഊഴമെത്തിയപ്പോള്‍, എന്ത് കൊണ്ടോ തെറ്റില്ലാതെ പറയാനായി. അന്നേരം നെറുകയില്‍ കൈവെച്ച് ശങ്കരന്‍മാഷ് പറഞ്ഞു: 'നന്നായി വരും; വലിയ ആളാകും..'
ജീവിതത്തില്‍ ആദ്യമായി കിട്ടിയ അഭിനന്ദനം. വലിയ ആളൊന്നുമായില്ലെങ്കിലും നന്നേ ചെറിയ ഒരാളാവാതെ വര്‍ഷങ്ങള്‍ക്കുശേഷം മാഷെപോലെ ഞാനും ഒരു അധ്യാപകനായി. ഒരുകാര്യം തീര്‍ച്ച യാണ് ഞാനും എന്റെ കുട്ടികളെ അകമഴിഞ്ഞ് അഭിനന്ദിക്കുമായിരുന്നു.
എല്‍.പി.സ്കൂളില്‍ നിന്ന് യു.പി.യിലേക്കും ഹൈസ്കൂളിലേക്കും കോളേജിലേക്കും പിന്നെ ട്രെയിനിംഗ് കോളേജിലേക്കും ഘട്ടംഘട്ടമായി മാറിപ്പോയപ്പോഴും വര്‍ഷങ്ങളോളം അധ്യാപകവൃത്തിയി ലേര്‍പ്പെട്ടപ്പോഴും ഇപ്പോള്‍ വിദ്യാഭ്യാസ മേഖലയില്‍ നിന്ന് തന്നെ അകന്ന് ഒരു സ്വകാര്യസ്ഥാപനത്തില്‍ ജോലി ചെയ്യുമ്പോഴും താഴെക്ലാസുകളില്‍ നിന്ന് അറിവുംഅമൃതും പകര്‍ന്നുതന്ന ചില നല്ല ഗുരുനാഥന്മാര്‍ മനസ്സിലിരുന്ന് ശക്തിയും ഊര്‍ജവും പകരുന്നുണ്ട്.
എല്‍ പി സ്കൂളില്‍നിന്ന് അഞ്ചാംക്ലാസ് പാസ്സായി മേലാറ്റൂര്‍ ഹൈസ്കൂളില്‍ ചേര്‍ന്നു. അത് വരെയുണ്ടായിരുന്ന പഠന മികവൊന്നും പിന്നീട് കണ്ടില്ല. ചില വിഷയങ്ങളില്‍മാത്രം കുഴപ്പമില്ലാത്ത മാര്‍ക്ക് കിട്ടി. രസതന്ത്രവും ഫിസിക്സും കണക്കും കണ്ണെടുത്താല്‍ കണ്ട്‌കൂടാത്ത വിഷയങ്ങളായി. കെമിസ്ട്രി എടുത്തിരുന്ന പാര്‍ഥസാരഥി മാഷെ കാണുന്നതെ പേടിയായിരുന്നു. ആ സാന്നിധ്യം മതി ക്ലാസിലും പുറത്തും വല്ലാത്ത ഒരുശാന്തത പകരാന്‍. കയ്യിലെപ്പോഴും ഒരു കട്ടിചൂരല്‍ ഉണ്ടാവും. മാഷ് ക്ലാസ് എടുക്കില്ല. നോട്ട് തരിക മാത്രം ചെയ്യും. നോട്ടെഴുത്തില്‍ തുടങ്ങി അതില്‍തന്നെ അവസാനിക്കുന്ന ക്ലാസുകള്‍.. ഫിസിക്സ് എടുത്തിരുന്ന ജോസഫ്മാഷ് പറയുന്നതൊന്നും എനിക്ക് മനസ്സിലാവുകയില്ല. എല്ലാവര്‍ക്കും അങ്ങനെ ആയിരുന്നോ എന്നറിയില്ല. കണക്കിന് ഒരു ടീച്ചര്‍ ആയിരുന്നു. സരോജിനി ടീച്ചര്‍. അവര്‍ ക്ലാസില്‍ വന്നാല്‍പിന്നെ ബോര്‍ഡിലങ്ങനെ കണക്കു ചെയ്തോണ്ടിരിക്കും. പിര്യേഡ് കഴിയും വരെ. അവരുടെ മുഖത്തേക്കാള്‍ കൂടുതല്‍ ഞങ്ങളോട് സംവദി ച്ചിരുന്നത് അവരുടെ നീള മുള്ള മുടിയും വല്ലാതെ ഇറക്കി വെട്ടിയ പിന്‍കഴുത്തും പുറംഭാഗവും ആയിരുന്നു.
കുട്ടന്‍ മാഷെ പോലെ നര്‍മ്മബോധവും പ്രത്യുല്‍പന്നമതിത്വവും സ്വന്തം മക്കളോടെന്ന പോലെ പെരുമാറുകയും സ്നേഹിക്കുകയും ചെയ്തിരുന്ന അധ്യാപകരുമുണ്ടായിരുന്നു . നല്ല തമാശ ക്കാരനായിരുന്നു കുട്ടന്‍ മാഷ്. 'ഐ' കുത്തില്ല; 'ടി' ക്ക് വെട്ടില്ല ; കുട്ടിക്ക് മാര്‍ക്കൂം ല്ല ' തുടങ്ങിയ തമാശകള്‍ കുട്ടികളെ വല്ലാതെ രസിപ്പിക്കുകയും സ്വാധീനിക്കുകയും ചെയ്തിരുന്നു.
ഞങ്ങളുടെ സ്കൂളില്‍ അന്നൊക്കെ എസ്. എസ്. എല്‍. സിക്ക് അഞ്ചിന് താഴെയാണ് വിജയ ശതമാനം. രണ്ട് ഗ്രൂപ്പുകളിലായി 210 മാര്‍ക്ക് കിട്ടണം. ഇല്ലെങ്കില്‍ തോറ്റത് തന്നെ. വല്ലാത്ത ഒരു ഗതികെട്ട സംഖ്യ യായിരുന്നു അത്..!
റിസള്‍ട്ട് വന്നപ്പോള്‍ എന്റെ കാര്യം ഫിഫ്റ്റി ഫിഫ്റ്റി. ഹാഫ് വിജയവും ഹാഫ് പരാജയവും. ലാംഗ്വേജ് ഗ്രൂപ്പില്‍ അത്യാവശ്യം മാര്‍ക്കുണ്ട്. എന്റെ ആജന്മ ശത്രുക്കള്‍ എന്നെ വല്ലാതെ പറ്റിച്ചു കളഞ്ഞു. അതിനു മൂന്നിനും കിട്ടിയ മാര്‍ക്ക് പുറത്തു പറയാന്‍ കൊള്ളില്ല. എല്ലാ അക്കത്തിന്റെയും പടിപ്പുരയില്‍ ഒരു 'സംപൂജ്യന്റെ' മഹല്‍ സാന്നിധ്യം ഉണ്ടായിരുന്നു.
തോല്‍വിയുടെ നിരാശയില്‍ ഭാവി വഴിമുട്ടി തേരാപാര നടന്നു. 'കാരംബോഡു' കളിയായിരുന്നു മുഖ്യ തൊഴില്‍. കുട്ടികളുടെ കൂട്ടത്തില്‍ ഞങ്ങളുടെ ഗ്രാമത്തില്‍ മികച്ച രണ്ട് കളിക്കാരാണ്
അന്നുള്ളത്.. ഒന്ന് ഈ ഞാന്‍ തന്നെ. രണ്ട് , എന്റെ ബന്ധുവും സുഹൃത്തുമൊക്കെയായ ബാപ്പുട്ടി. ഇക്കളിയില്‍ മാത്രമല്ല എസ്. എസ്. എല്‍. സി തോല്‍വിയുടെ കാര്യത്തിലും ഞങ്ങള്‍ സ്വന്തക്കാരും ബന്ധക്കാരും ആയിരുന്നു. പക്ഷെ അവനെ വെച്ച് നോക്കുമ്പോള്‍ ഞാനാണ് കേമന്‍! ഞാന്‍ പാതി പാസ്സായവനാണ്. ഒരു ദോഷം മാത്രമേ ഉണ്ടായിരുന്നുള്ളൂ. എസ്. എസ്. എല്‍. സി ബുക്കില്‍ മാര്‍ക്ക് ലിസ്റ്റിനു താഴെ അവന്റെതിലെന്ന പോലെ എന്റെതിലും വയലറ്റ് കളറില്‍ അമര്‍ത്തിപ്പതിപ്പിച്ച failed എന്ന മുദ്രയും അന്നത്തെ പരീക്ഷ ബോര്‍ഡ് സെക്രട്ടറി ശ്രീ. എം.പി. രാമന്‍ നായരുടെ പേരുമുണ്ടായിരുന്നു..!
ചുരുക്കി പറഞ്ഞാല്‍ വിലപ്പെട്ട എന്റെ ഒരു കൊല്ലം ബെസ്റ്റ് ഓഫ് ത്രീയും കൈക്കൊയന്സിലും റെ ഡും ഫോളറും ഇടലിലും 'ഐഡിയ പറച്ചിലി'ലുമായി 'മുടിച്ചു' കളഞ്ഞു!
തൊട്ടടുത്ത വര്‍ഷം എന്റെ അയല്‍ക്കാരനും ഞങ്ങളുടെ നാട്ടിലെ ' നേതാവു'മായ മന്വാക്കാന്റെ മകന്‍ മുഹമ്മദലി എന്റെയും ബാപ്പുട്ടിയുടെയും 'എഫ്' ഗ്രൂപ്പിലേക്ക് 'ജയിച്ചു ' കയറി. ഫെയില്‍ഡ് ഗ്രൂപ്പിലേക്ക്. അവനെ കരുവാരകുണ്ട് നളന്ദ ട്യൂട്ടോറിയല്‍ കോളേജില്‍ ചേര്‍ക്കാനുള്ള പരിപാടിയുണ്ടെന്നും എനിക്ക് വിവരം കിട്ടി. പഠിക്കാനുള്ള മോഹമില്ലാഞ്ഞിട്ടല്ല; വക യില്ലാഞ്ഞി ട്ടായിരുന്നു ഞാന്‍ ആ വഴി ചിന്തിക്കാതിരുന്നത്. ട്യൂട്ടോറിയല്‍ കോളേജില്‍ പോകണ മെങ്കില്‍ മേലാറ്റൂര്‍ സ്കൂളിലേക്ക് പോയിരുന്ന പോലെ ബസ്സ് ചാര്‍ജ് മാത്രം പോര. മാസാമാസം ഫീസ് കൊടുക്കണം. പള്ളി ദര്‍സില്‍ പോയി പഠിക്കുന്നത് മാത്രമാണ് പഠിപ്പെന്നും അതിനു ഒരു ചെലവുമില്ലെന്നും 'ചെലവു' ഇങ്ങോട്ട് കിട്ടുമെന്നും ഈ ലോകത്തും പരലോകത്തും ഉപകാര പ്രദമായ ഇല്‍മ് (അറിവ്) അത് മാത്രമാണെന്നുമായിരുന്നു ഉപ്പയുടെ വിദഗ്ധാഭിപ്രായം. മാത്രമല്ല വെറും കൂലിപ്പണി ക്കാരനായ അദ്ദേഹത്തിന് ഫീസ് തന്ന് എന്നെ പഠിപ്പിക്കാന്‍കഴിയുകയുമില്ലായിരുന്നു.
അന്ന് ഉപ്പാന്റെ നിര്‍ബന്ധത്തിനു വഴങ്ങി കുറച്ചു കാലം ദര്‍സില്‍ പോയിരുന്നു. പാതിരമണ്ണ ബാപ്പു മുസ്ലിയാരാണ് ഉസ്താദ്. എസ്. എസ്. എല്‍. സിക്ക് എനിക്ക് ഒരു ഗ്രൂപ്പ് പോയത് അദ്ദേഹം എങ്ങിനെയോ അറിഞ്ഞിരുന്നു. ഒരു ദിവസം എന്നെ റൂമിലേക്ക് വിളിച്ച് അദ്ദേഹം പറഞ്ഞു: 'എന്തായാലും ആ ഗ്രൂപ്പ് എഴുതിയെടുക്കണം . ട്യൂ ട്ടോ റിയല്‍ കോളേജില്‍ പോകാന്‍ പറ്റിയില്ലെങ്കില്‍ അസറിനു (സായാഹ്ന പ്രാര്‍ത്ഥന ) ശേഷം ഞാന്‍ ക്ലാസെടുത്തു തരാം..' ആത്മാര്‍ത്ഥ മായ ആ ഗുരു വാക്യം കേട്ടു സന്തോഷം കൊണ്ട് എന്റെ കണ്ണുകള്‍ നിറഞ്ഞു. അദ്ദേഹം എസ് എസ് എല്‍ സി ക്ക് ഹൈ ഫസ്റ്റ് ക്ലാസ് നേടി വിജയിച്ച ആളാണെന്ന് പിന്നീടാണ് ഞാന്‍ അറിയുന്നത്.
ഇടയ്ക്കു നാട്ടില്‍ മത പ്രസംഗം നടക്കുമ്പോഴും മറ്റും കടലക്കച്ചവടം എന്ന ഒരു 'ബിസിനസ്' എനിക്കുണ്ടായിരുന്നു. ലാഭമൊന്നും കാര്യമായി കിട്ടില്ല. കാരണം ലാഭമൊക്കെ
ഇടയ്ക്കിടെ കൊറിച്ചു തന്നെ പറ്റിയിട്ടുണ്ടാവും. എന്നാലും കുറച്ചു കാശ് കയ്യിലുണ്ട്. രണ്ട് മൂന്ന് മാസമൊക്കെ ഫീസടക്കാനുള്ള വകുപ്പുണ്ട്..! ആ ഒരു ബലത്തില്‍ ഞാനും മുഹമ്മദലി ക്കൊപ്പം (ഇദ്ദേഹം ഇന്ന് വെറും മുഹമ്മദലി അല്ല. കേരള പോലിസ് മുഹമ്മദലി യാണ്)
കരുവാരകുണ്ട് 'നളന്ദ സര്‍വകലാ ശാല ' യില്‍ ചേര്‍ന്നു പഠിക്കാന്‍ തീരുമാനിച്ചു.
നളന്ദയില്‍ ചേര്‍ന്നു പഠനം തുടങ്ങിയപ്പോഴാണ് പൈയുടെ വില , വൃത്തത്തിന്റെ വ്യാസം, ആരം, സിലിണ്ടറിന്റെ വ്യാപ്തം, മഴവില്ലിന്റെ ഏഴു നിറം , അനുപ്രസ്ഥ തരംഗം, അനുദൈര്‍ഘ്യ തരംഗം .. ഇവയൊക്കെ വേണ്ടവിധം കേള്‍ക്കുന്നതും അറിയുന്നതും മനസ്സിലാക്കുന്നതും.
വഴിക്കണക്കൊക്കെ ചെയ്തു ഉത്തരം കിട്ടി താഴെ രണ്ട് വരയിടുന്നതിന്റെ സന്തോഷം അറിയുന്നതും അവിടുന്നാണ്. ഒരു വര്‍ഷം മുമ്പ് ഈ പുസ്തകങ്ങളൊക്കെ തന്നെയായിരുന്നല്ലോ പടച്ചോനെ ഞാന്‍ പഠിച്ചിരുന്നത്? ടെക്സ്റ്റ് ബുക്സ് ഒന്നും മാറിയിട്ടുമില്ല. എനിക്ക് വല്ലാത്ത വിസ്മയം തോന്നി.
മെല്ലെ മെല്ലെ ഞാന്‍ ഒരു കാര്യം അറിഞ്ഞു തുടങ്ങി. മുന്‍പത്തെ എന്റെ ആജന്മ ശത്രുക്കള്‍ മൂന്ന് പേരും ഇന്നെന്റെ ഉറ്റ ചങ്ങാതിമാരാണ് . അവരും ഞാനുമിപ്പോള്‍ ഒരു പിണക്കവുമില്ലെന്നു മാത്രമല്ല നല്ല സൗഹാര്‍ദ്ദ ത്തിലുമാണ്.
പ്രസാദം ഓളമിടുന്ന മുഖ ഭാവത്തോടെ യല്ലാതെ ഒരിക്കല്‍ പോലും കണ്ടിട്ടില്ലാത്ത രവി മാഷായിരുന്നു കണക്കധ്യാപകന്‍ ഓണത്തിന് അയല്‍പക്കത്തെ രാധേച്ചി പാല്‍ പായസം പകര്‍ന്നു തരുന്ന മട്ടിലായിരുന്നു അദ്ദേഹത്തിന്റെ കണക്കു ക്ലാസ്. ചടുലമായി ഓടിയാണ് അദ്ദേഹം ക്ലാസിലേക്ക് വരിക. എത്ര സങ്കീര്‍ണ്ണ മായ കണക്കുകളും പുഷ്പം പോലെ വിരിയിച്ചെടുക്കാനും തികച്ചും സക്രിയമായി കണക്കു ചെയ്യുക എന്ന പ്രക്രിയയില്‍ ഓരോ കുട്ടിയേയും പങ്കെടുപ്പിക്കാനും വല്ലാത്ത ഒരു മിടുക്കുണ്ടായിരുന്നു മാഷിന്.ഗ്രാഫ് ബുക്കുകള്‍ ഇല്ലാത്ത പൈസ കൊടുത്ത് കുറെ വാങ്ങിയിട്ടുണ്ടായിരുന്നു എങ്കിലും ആ ബുക്കിന്റെ ഉപയോഗം എന്താണെന്നു മനസ്സിലാവുന്നത് മാഷ് പഠിപ്പിച്ചു തുടങ്ങുമ്പോഴാണ്.
കോളേജ് പ്രിന്‍സിപ്പലായിരുന്ന പ്രഭാകരന്‍ മാഷായിരുന്നു ഫിസിക്സും കെമിസ്ട്രിയും എടുത്തിരുന്നത്. ഞങ്ങള്‍ക്ക് അദ്ദേഹത്തെ വലിയ പേടിയായിരുന്നു. അതിലേറെ ബഹുമാനവും. ക്ലാസിനു പുറത്തെ ഗൌരവക്കരനല്ല ക്ലാസിനകത്തെ മാഷ്. ഊര്‍ജ തന്ത്രവും രസതന്ത്രവും ഊര്‍ജവും രസവും പകര്‍ന്ന് തികച്ചും തന്ത്രപരമായിരുന്നു അദ്ദേഹത്തിന്‍റെ ക്ലാസ്സുകള്‍...
അന്ന് നേരം വെളുക്കുന്നതേ ഒരാവേശമായിരുന്നു. കിട്ടില്ലെന്ന് ആശിച്ചതെന്തോക്കെയോ പിടിച്ചടക്കിയ പ്രതീതി.
പക്ഷെ, ആ സന്തോഷത്തിന് അധികം ആയുസ്സുണ്ടായില്ല. നാലഞ്ച് മാസം പ്രശ്നമേതുമില്ലാതെ കടന്നു പോയി. പിന്നെപ്പിന്നെ ഫീസടക്കാനുള്ള അറിയിപ്പ് വരുമ്പോഴൊക്കെ ആധിയായി.
ഒടുവില്‍, ഒരു മാസം ഫീസടക്കാതെ പഠനം തുടര്‍ന്നു.വീട്ടില്‍ ചോദിച്ചി ട്ട് കാര്യമില്ലെന്നറിയാം. ഇനി എന്ത് ചെയ്യും?
ഒരു ദിവസം പേടിച്ചത് തന്നെ സംഭവിച്ചു. ഒരു മെമ്മോ. 'ഫീസടക്കാന്‍ ബാക്കിയുള്ളവര്‍ നാളെ മുതല്‍ ക്ലാസില്‍ വരരുത്..' ഇത്ര ശക്തമായ മെമ്മോ വന്നപ്പോഴാണ് എന്നെ പോലെ കുറെ കുട്ടികള്‍ ഫീസടക്കാന്‍ ബാക്കിയുണ്ടെന്ന് അറിയുന്നത്.
പിറ്റേന്ന് മുതല്‍ ഞാന്‍ പഠനം നിര്‍ത്തി. മുഹമ്മദ് അലി കോളേജില്‍ പോകുന്നതും നോക്കി, പാളികളില്ലാത്ത എന്റെ മണ്‍വീടിന്റെ ജനാല ക്കരികി ലിരുന്ന് മറ്റാരും കാണാതെ ഞാന്‍ ഒരു പാട് കരഞ്ഞു. കോളേജ് വിട്ടു വരുന്ന സുഹൃത്തിനെ കാത്തു ഞാനിരുന്നു. ക്ലാസിലെ വിശേഷങ്ങളറിയാന്‍ എനിക്ക് എന്തെന്നില്ലാത്ത തിടുക്കമായിരുന്നു.
പരീക്ഷക്ക് ഇനിയും ചുരുങ്ങിയത് ആറു മാസമെങ്കിലും ഉണ്ട്. അത് വരെ ക്ലാസില്‍ നിന്ന് കിട്ടിയ അറിവും ആവേശവും ചോര്‍ന്നു പോകാതെ ഒറ്റക്കിരുന്നു പഠിക്കാന്‍ ശ്രമിച്ചു. അത് കൊണ്ട് ഒരു കാര്യവുമില്ലെന്ന് വൈകാതെ ബോധ്യമായി.
ഒരു ദിവസം. അയല്‍വാസിയും പ്രാദേശിക നേതാവുമായ സി.കെ.ഉമ്മര്‍ എന്നെ ഒരു കാര്യം ഏല്‍പ്പിച്ചു. ഏതോ ഒരു തെരഞ്ഞെടുപ്പു സമയമാണ്. ചില്ലറ ചുമരെഴുത്തിനൊക്കെ ഞാനും പോവാറുണ്ടായിരുന്നു. ഒന്നും കിട്ടുകയൊന്നുമില്ല. എന്നാലും രാത്രിയില്‍ പെട്രോമാക്സോക്കെ കത്തിച്ച് സുഹൃത്തുക്കളോടൊപ്പം കട്ടന്‍ ചായയും കുടിച്ച് ചുമരുകളില്‍ എഴുതുമ്പോള്‍ ഞാനും ഒരു കലാകാരനാണല്ലോ എന്ന ഒരു കുഞ്ഞ് അഭിമാനം മനസ്സിലുണരും. രാത്രിയുടെ മറവില്‍ ചാഞ്ഞും ചരിഞ്ഞും ഒറ്റക്കാലില്‍ നിന്നുമൊക്കെ പ്രയാസപ്പെട്ടു എഴുതിയത് പിറ്റേന്ന് പ്രഭാത വെളിച്ചത്തില്‍ കാണുമ്പോള്‍ 'അതെന്റെ കലയാണല്ലോ..' എന്നൊരു സന്തോഷമുണ്ടാകും. അത് തന്നെ ധാരാളമായിരുന്നു.
' നീ ഒരു സൈക്കിള്‍ വാടകയ്ക്ക് എടുത്ത് കിഴക്കേത്തല ( കരുവാരകുണ്ട് കഴിഞ്ഞു അടുത്ത അങ്ങാടി ) പോയി കുറച്ച് ഇത്തിള്‍ വാങ്ങി കൊണ്ട് വര്വോ.., ഇന്ന് ഞമ്മക്ക് കുറച്ച് ചുമരെഴുതാനുണ്ട്..' അന്ന് കുമ്മായമോ ഇത്തി ളോ ഒക്കെ കിട്ടാന്‍ കിഴക്കതല വരെ പോകണം. ഞാന്‍ ഒരു സൈക്കിള്‍ വാടകക്കെടുത്ത് നീട്ടിച്ചവിട്ടി.
എന്റെ ഇരുചക്രവാഹനം കരുവാരകുണ്ട് അങ്ങാടിയും കഴിഞ്ഞ് ഹൈ സ്കൂള്‍ പടിക്കലെത്തി. അവിടെ ഒരു ആയുര്‍വേദ ആശുപത്രിയുണ്ടായിരുന്നു അന്ന്. വെട്ടുകല്ല് കൊണ്ട് മതിലൊക്കെ വെച്ച്. ഉപ്പാക്ക് കഷായം വാങ്ങാനും മറ്റും ഇടയ്ക്കു അവിടെ പോകാറുണ്ട്.
പെട്ടെന്ന്, ദൂരെ നിന്ന് ഒരാള്‍ നടന്നു വരുന്നത് കണ്ടു. ആളെ തിരിച്ചറിഞ്ഞപ്പോള്‍ എന്റെ ഉള്ളൊന്നു കാളി. അത് മറ്റാരുമായിരുന്നില്ല. പ്രഭാകരന്‍ മാഷ്.!
ഞാന്‍ ധൃതിയില്‍ സൈക്കിളില്‍ നിന്ന് ഊര്‍ന്നിറങ്ങി. സൈക്കിള്‍ സൈഡാക്കി സ്റ്റാന്റില്‍ നിര്‍ത്തി. മെല്ലെ ആശുപത്രി കോമ്പൌണ്ടിലേക്ക് കേറി നിന്നു. ചുറ്റുമതിലുണ്ടായി രുന്നത് കൊണ്ട് റോഡിലൂടെ പോകുന്നവര്‍ക്ക് അകത്തുള്ളവരെ കാണാന്‍ പറ്റില്ല. തിരിച്ചും.
എന്തിനായിരിക്കും അങ്ങനെയൊരു ഒളിച്ചോട്ടം എന്ന് എനിക്കറിയില്ലായിരുന്നു. ഒരു പക്ഷെ ഒരു മാസം ഫ്രീയായി പഠിച്ചതിന്റെ കുറ്റബോധം. അതല്ലെങ്കില്‍ പഠിക്കാന്‍ കാശില്ലാത്ത ഒരു കുട്ടിയുടെ വല്ലാത്ത നിസ്സഹായത. അതല്ലെങ്കില്‍ അദ്ദേഹം ഫീസെങ്ങാനും ചോദിച്ചാല്‍ എന്ത് മറുപടി പറയുമെന്ന പേടി..
മാഷ് കടന്നു പോകാനെടുക്കുന്ന ഒരേകദേശ സമയം കണക്കാക്കി ഒരു തരം വീര്‍പ്പുമുട്ടലോടെ ഞാനങ്ങനെ നിന്നു.
പെട്ടെന്ന് എന്റെ ചുമലില്‍ ഒരു കൈ വന്നു പതിച്ചു.! ഞെട്ടിത്തിരിഞ്ഞു നോക്കുമ്പോള്‍ നിറഞ്ഞ ചിരിയുമായി പ്രഭാകരന്‍ മാഷ്!
ശങ്കരന്‍ മാഷ് നാലാം ക്ലാസ്സില്‍ നിന്ന് നല്‍കിയ നെറുകയിലെ സ്നേഹ സ്പര്‍ശത്തിനും ദര്‍സില്‍ നിന്ന് ബാപ്പു ഉസ്താദ് നല്‍കിയ അനുഗ്രഹാശിസ്സിനും ശേഷം ഞാനനുഭവിക്കുന്ന ഹൃദയ ധന്യതയുടെ ഗുരുസ്പര്‍ശം..
'എന്താപ്പോ ക്ലാസ്സില്‍ വരാത്തത്? അല്ലെങ്കിലും തന്നോട് ആരെങ്കിലും ഫീസ് ചോദിച്ചുവോ? വീട്ടില്‍ നിന്ന് കാശ് കൊടുത്തയച്ചിട്ടും ഫീസടക്കാത്ത ചില കുട്ടികളുണ്ട് . അവരെ ഉദ്ദേശിച്ചായിരുന്നു ആ മെമ്മോ.. നാളെ മുതല്‍ ക്ലാസില്‍ വരണം. പഠിച്ചു നല്ല മാര്‍ക്ക് വാങ്ങണം. നിന്നോട് ഇനി ആരും ഫീസ് ചോദിക്കില്ല...' എന്റെ പുറത്ത് തട്ടി സമാധാനിപ്പിച്ചു അദ്ദേഹം പറഞ്ഞു.!
അന്ന് ഇത്തിള്‍വാങ്ങി തിരിച്ചു പോരുമ്പോള്‍, എന്റെ സൈക്കിളിനു എന്തൊരു സ്പീഡ് ആയിരുന്നെന്നോ....!
ആ വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷയില്‍ നളന്ദയില്‍ നിന്ന് പരീക്ഷ എഴുതിയ ഏതാണ്ടെല്ലാ കുട്ടികളും നല്ല മാര്‍ക്കോടെ വിജയിച്ചു.
റിസള്‍ട്ട് വന്ന ശേഷം പ്രവേശനം ആരംഭിച്ചു എന്നറിയിച്ചു കൊണ്ട് വിവിധ വര്‍ണ്ണക്കളറില്‍ നാട്ടിലൂടെയാകെ നളന്ദ യുടെ നോട്ടീസ് ഇറങ്ങി. അതില്‍ കൂടുതല്‍ മാര്‍ക്ക് വാങ്ങി വിജയിച്ച കുട്ടികളുടെ പേരും രജിസ്റ്റര്‍ നമ്പരും മാര്‍ക്കും ഉള്‍പ്പെടുത്തിയിരുന്നു. അക്കൂട്ടത്തില്‍ എന്റെ പേരുമുണ്ടായിരുന്നു...!
( ജീവിതത്തിന്റെ സന്നിഗ്ധ ഘട്ടങ്ങളില്‍ എപ്പോഴെങ്കിലും ഭാവി കരുപ്പിടിക്കാന്‍ ഇങ്ങിനെ ഒരു സ്നേഹ സ്പര്‍ശം നിങ്ങള്‍ക്കുണ്ടായിട്ടുണ്ടോ?)
പലതും വായിച്ചു കഴിയുമ്പോൾ പൊസ്റ്റുന്നതു ബ്ലൊഗിൽ അല്ല എന്റെ ഹൃദയത്തിലാണെന്നു തോന്നരുണ്ടു. അതിലൊന്നായി ഇക്കാ ഇതും. പഠിക്കാനുള്ള അവ്സരം ഉണ്ടായിട്ടും അതുപയോഗിക്കത്തതിന്റെ വിഷമം ഇതു വായിച്ചു കഴിഞ്ഞപ്പോൾ ഒരു കണ്ണീരായി വന്നുവോ എന്നൊരു സംശയം.. നന്ദി ഇക്ക
മറുപടിഇല്ലാതാക്കൂനെമ്പര പെടുത്തുന്ന ഓർമ്മകൾ
മറുപടിഇല്ലാതാക്കൂമുന്പ് മനോരമ ഓണ്‍ലൈനില്‍ വായിച്ചതാനെങ്കിലും
മറുപടിഇല്ലാതാക്കൂവീണ്ടും വായിച്ചു . മനസ്സ് നീറി
ഇന്ന് ഓര്‍ക്കുമ്പോള്‍ അന്നു കിട്ടിയ
മറുപടിഇല്ലാതാക്കൂഓരോ ചൂരല്‍ ശിക്ഷയും ചെവിക്കു
കിട്ടിയ കിഴുക്കും തൊലി ഉരിഞ്ഞു പോകുന്ന
പിച്ചും എല്ലാം സ്നേഹ സ്വാന്തനം ഉള്ള
സ്പര്‍ശങ്ങള്‍ ആയി തോന്നുന്നു ..
ഈ ഓര്‍മ്മകള്‍ എവിടെ ഒക്കെയോ മനസ്സില്‍
കൊളുത്തി പിടിക്കുന്നു മാഷേ ...
ജീവിതത്തിന്റെ ദശാസന്ധികളില്‍ ഒരു കൈത്താങ്ങായി,സമാശ്വാസമായി ,തലോടലായി, ഒരു പ്രചോദനമായി, ആരെങ്കിലും ഒരാള്‍...., മാഷുടെ കാര്യത്തില്‍ അത് വേണ്ട സമയത്ത് ലഭിച്ചു എന്നത് മാത്രമല്ല സ്വന്തം ഗുരുക്കന്മാരിലൂടെയായി എന്നതാണ് ഭാഗ്യം.
മറുപടിഇല്ലാതാക്കൂ(ഒന്നിലും മാതൃകയാവാത്ത ഞാന്‍, എന്‍റെ മകനെ പ്രചോദിപ്പിക്കുവാന്‍ ഈ കുറിപ്പുകള്‍ കടമെടുക്കട്ടെ..! നന്ദി..
'ഐ' കുത്തില്ല; 'ടി' ക്ക് വെട്ടില്ല ; കുട്ടിക്ക് മാര്‍ക്കൂം ല്ല ' .... ഈ തമാശ ഇഷ്ടായി .
മറുപടിഇല്ലാതാക്കൂഎനിക്കും അധ്യാപകരുടെ സ്നേഹ വാത്സല്യങ്ങള്‍ ഒരുപാട് അനുഭവിക്കാന്‍ സാധിച്ചിട്ടുണ്ട് ..
ഈ ഒരു സ്നേഹ സ്പര്‍ശം ഒരുപാട് പേര്‍ക്ക് പകര്‍ന്നു നല്‍കാന്‍ കഴിയട്ടെ എന്ന് ആശംസിക്കുന്നു ..
പഴയ പടവുകള്‍ മറക്കാതിരിക്കുക. എല്ലാ ഭാവുകങ്ങളും നേരുന്നു.
മറുപടിഇല്ലാതാക്കൂആശംസകള്
Dear friend,
മറുപടിഇല്ലാതാക്കൂyour post was read by me with a heavy heart.
I am also having such experiences in life so many times.May be sometimes THE ALMIGHTY appears in the shape of a human being.Very good post.
regards,
പ്രിയപ്പെട്ട ഇരിങ്ങാട്ടിരീ
മറുപടിഇല്ലാതാക്കൂതാങ്കളെ പോലെ തന്നെ ഈ അനുഭവങ്ങള്‍ ഉള്ള ഒരു പരല്ലാല്‍ കോളേജ് അഭ്യാപകന്‍ ആയിരുന്നു ഈ ഞാനും.
ആ പഴയ നോസ്ടാല്‍ജിക് ഓര്‍മ ഉണര്‍ത്തുന്ന ഈ പോസ്റ്റിനു ആശംസകള്‍
വന്ന വഴി മറക്കുന്നവരാണിന്നധികവും.. അനുഭവത്തിന്റെ ചൂടും ചൂരും പകർന്ന ഈ എഴുത്ത് എന്നെയും ഏറെ പിറകിലോട്ട് നടത്തി..
മറുപടിഇല്ലാതാക്കൂആശംസൾ
ചില സ്ഥലങ്ങള്‍ വായിച്ചപ്പൊള്‍ രോമം എഴുനേറ്റ് നിന്നു. വല്ലാതെ മനസ്സില്‍ തട്ടിയ വിവരണം.
മറുപടിഇല്ലാതാക്കൂreally touching..
മറുപടിഇല്ലാതാക്കൂno comments..
ഓര്‍മ്മകളുടെ നനവില്‍ സ്മരണകളുടെ സുഖമുള്ള നോവ്...ഹൃദ്യം!
മറുപടിഇല്ലാതാക്കൂമനസ്സില് തട്ടുന്ന എഴുത്ത്...
മറുപടിഇല്ലാതാക്കൂtouching one.....
മറുപടിഇല്ലാതാക്കൂThanks... @
മറുപടിഇല്ലാതാക്കൂ*Jefu jailaf
*Juwairiya salam
*Ismail chemmad
*Ente lokam
*Ashraf meleveettil
*Lakshmi
*bigu
*shanavas ji
*Bava ramapuram
*basheer PB
*shabeer (thirichilan)
*Jazmikkuttty
*Lulu Zainyi
and ................ * Noushu
സ്വന്തം ജീവിതത്തിലെ അനുഭവങ്ങളൊന്നുമല്ലായിരുന്നുവെന്ന് അറിയാന് താങ്കളുടെ അനുഭവക്കുറിപ്പുവായിക്കേണ്ടിവന്നു. ഹൃദയത്തില്ത്തൊട്ടതിന് നന്ദി.
മറുപടിഇല്ലാതാക്കൂഇത് ഞാൻ നേരത്തെ വായിച്ചിട്ടുണ്ട്.ഇപ്പോ ഒന്നും കൂടി വായിച്ചു.
മറുപടിഇല്ലാതാക്കൂപലതും ഓര്‍മ്മിപ്പിക്കുന്ന എഴുത്ത് ഹൃദയസ്പര്‍ശിയായി.
മറുപടിഇല്ലാതാക്കൂപെട്ടെന്ന് എന്റെ ചുമലില്‍ ഒരു കൈ വന്നു പതിച്ചു.! ഞെട്ടിത്തിരിഞ്ഞു നോക്കുമ്പോള്‍ നിറഞ്ഞ ചിരിയുമായി പ്രഭാകരന്‍ മാഷ്!
മറുപടിഇല്ലാതാക്കൂനാളെ ഒരാള്‍ക്ക് ഈ 'കൈകരുത്ത്' നമുക്ക് നല്‍കാന്‍ കഴിയണം എങ്കില്‍ നാം സാര്‍ത്ഥറായി
എല്ലാം നല്ലതിനാണ്,നല്ലത് മാത്രം...
മറുപടിഇല്ലാതാക്കൂusman oru padu nandi!!! kurachu kalam oru adyapakan aayi njanum vesham kettiyyttundu..athinulla arhatha undayirunno ennariyilla....sslc failed batch le thallu kolli musthafa history yilanu top markku nediyathu.....!!ente midukkonnumalla .... pshke avan vannu mark list kanichappol kanniloru nanavu padarnnu...oru padu ormakal thikatti vannu..nadi oru padu nandi...
മറുപടിഇല്ലാതാക്കൂഓര്മ്മകളുണര്ത്തിയ സ്നേഹസ്പര്‍ശത്തിന് നന്ദി..!
മറുപടിഇല്ലാതാക്കൂഎഴുത്ത് അത് മനസിലേക്കിറങ്ങുക, അത് അനുഭവത്തിന്‍റെ വെളിച്ചത്തിലാവുമ്പോള്‍ ആവും എന്നതെത്ര വാസ്തവം.
മറുപടിഇല്ലാതാക്കൂകാരണം അതില്‍ ആത്മാര്‍ഥമായ സമര്‍പ്പണം ഉണ്ടാവും, മനസില്‍ നിന്നും എടുത്തെഴു തിയതാവുമ്പോള്‍, നിഷ്കളങ്കമായ, ലളിതമായ വരികള്‍ ആയിരിക്കും.
അതീ കുറിപ്പിലുട നീളം കാണുന്നു.
ഇത്തരം നല്ല ഓര്‍മകള്‍ ആവട്ടെ ജീവിതാവസാനം വരെ നമ്മെ മുന്നോട്ട് നയിക്കുന്നത്.
"Where the head is held to high,
മറുപടിഇല്ലാതാക്കൂWhere the knowledge is free,
Where the world hasn't been broken up
into fragments by narrow domestic walls,
Into that freedom of heaven, father let me
and my country awake"
"Where the head is held to high,
മറുപടിഇല്ലാതാക്കൂWhere the knowledge is free,
Where the world hasn't been broken up
into fragments by narrow domestic walls,
Into that freedom of heaven, father let me
and my country awake"
ഇപ്പോഴാണ് വായിക്കാന്‍ പറ്റിയത് .. ബ്ലോഗ് നന്നായി എന്ന് മാത്രമല്ല... എന്റെ കണ്ണുകള്‍ അതിലേറേ നനഞ്ഞു .....
മറുപടിഇല്ലാതാക്കൂമാഷെ,.... ഇതിലെ മാഷിൻറെ ജീവിത വിജയവും, ഫീസില്ലായ്മയുടെ ഭാഗത്തെ ഭീകരതയും ഒഴിച്ചു നിർത്തിയാൽ ഏതാണ്ടെല്ലാം ഞാനും അനുഭവിച്ചിട്ടുണ്ട്. നന്നായി പഠിക്കാൻ സാധിക്കുന്ന കുട്ടി എന്നും, പഠിച്ച ക്ളാസ്സിൽ ഒന്നിലും എന്നേക്കാൾ മുൻപ് കണക്കിലെ ഒരു പ്രശ്നവും ഒരു കുട്ടിയും ചെയ്തിട്ടില്ലാ, (അത്രയും വേഗത്തിൽ ഞാനുത്തരം കണ്ടെത്തുമായിരുന്നു.) എന്നും അധ്യാപകരെ കൊണ്ട് പറയിപ്പിച്ചിട്ടുണ്ട്. എന്നിട്ടും SSLC പരീക്ഷയിൽ ആദ്യ തവണ തോൽക്കുകയും മൂന്നു വർഷത്തിനു ശേഷം രണ്ടാം തവണ ഫാസ്റ്റ് ക്ളാസ്സ് ഓടു കൂടി ജയിക്കുകയും ചെയ്തു. +2 കഴിഞ്ഞു ഡിഗ്രിക്ക് പോയപ്പോൾ വീണ്ടും ഉഴപ്പി .
മറുപടിഇല്ലാതാക്കൂചടുലമായി ഓടിയാണ് അദ്ദേഹം ക്ലാസിലേക്ക് വരിക ...രവി മാഷ് എപ്പോഴും ഓടി വരുന്ന പോലെയാണ് ക്ലാസ്സിലേക് വന്നിരുന്നത്
മറുപടിഇല്ലാതാക്കൂ