2011, മാർച്ച് 13, ഞായറാഴ്‌ച

ഒറ്റ മരച്ചില്ലയില്‍ നെറ്റിയില്‍ പൂവുള്ള പക്ഷി


യാത്ര ഹരമുള്ളകാര്യമാണ്. വിനോദയാത്രയാകുമ്പോള്‍ വിശേഷിച്ചും. തലേന്ന് തുടങ്ങും  ആവേശത്തിമര്‍പ്പ്. എത്രയൊക്കെ തയ്യാറെടുപ്പ്  നടത്തിയാലും പിന്നെയുമെന്തോ മറന്നപോലെ. തലേന്ന് നേരത്തെ കിടന്നു നേരത്തെ ഉണരണമെന്ന് കരുതും. പറഞ്ഞിട്ടെന്ത്? കണ്ണുകളെത്ര ഇറുകെഅടച്ചാലും രക്ഷയില്ല. നിദ്രാദേവി പോയിട്ട് സുഭദ്രാദേവിപോലും കടാക്ഷിക്കുകയില്ല. അതങ്ങനെയാണ്. നിറഞ്ഞ സന്തോഷമുണ്ടാകുമ്പോള്‍ അവള്‍ ആ പരിസരത്തൊന്നും വരില്ല.
വിദ്യാര്‍ഥി ജീവിതത്തിലെ എന്നും ഓമനിക്കുന്ന മിഴിവുള്ള ഓര്‍മ്മകളാണത്രെ ഓരോ വിനോദയാത്രയും. പക്ഷെ , നിര്‍ഭാഗ്യകരമെന്ന് പറയട്ടെ, പഠന കാലത്ത് ഒരിക്കല്‍പോലും ആ ഭാഗ്യം കിട്ടിയില്ല.
പിന്നെയും ഏറെക്കാലം കഴിഞ്ഞാണ്  ആ സൌഭാഗ്യദേവത  എന്നെ കാര്യമായൊന്നു പരിരംഭണം ചെയ്യുന്നത്.

അങ്ങനെ ജീവിതത്തിലെ ആദ്യത്തെ വിനോദയാത്രക്ക് ഒരുങ്ങുകയാണ്. ഇന്നത്തെ വിദ്യാര്‍ഥി നാളത്തെ അദ്ധ്യാപകന്‍ എന്ന് കൃത്യമായി പറയാന്‍ പറ്റുന്ന പ്രായം. പക്ഷെ,  മൊട്ടയടിച്ചവന്റെ തലയില്‍ കല്ല്‌ മഴ പെയ്തെന്നു പറഞ്ഞപോലെ, ആറ്റുനോറ്റുണ്ടായ വിനോദയാത്ര കോമഡിയില്‍ തുടങ്ങി ട്രാജഡിയില്‍ കലാശിക്കുകയാണ് ചെയ്തത്. അങ്ങോട്ട്‌ പോയ മനസ്സുമായല്ല തിരിച്ചിങ്ങോട്ട് പോന്നത്.
ടീച്ചിംഗ് പ്രാക്ടീസും കമ്മീഷന്‍വരവുമൊക്കെ കഴിഞ്ഞ് സര്‍വതന്ത്ര സ്വതന്ത്രരായാണ് ഞങ്ങള്‍ നാല്പത്തി രണ്ടോളം 'പാവം ട്രൈനികള്‍' ടൂറിനിറങ്ങുന്നത്.

മൈസൂര്‍ - ഊട്ടിയിലെക്കാണ് യാത്ര. ഏതു ടൂത്ത് പേസ്റ്റിനും കോള്‍ഗേറ്റ് എന്ന് പറഞ്ഞിരുന്ന ഒരു കാലമുണ്ടായിരുന്നു. അത്പോലെ ഏതു ടൂറും അന്നൊക്കെ മൈസൂര്‍ -  ഊട്ടിയായിരുന്നു.
ഞങ്ങളുടെ സംഘം കൈകൊട്ടിപ്പടിയും കലാപരിപാടികള്‍ അവതരിപ്പിച്ചും ആര്‍ത്തുല്ലസിച്ചും മൈസൂരിലെത്തി കാഴ്ചകളുടെ ഇന്‍ബോക്സ് തുറന്നുതുടങ്ങി. വൃന്ദാവനവും ടിപ്പുവിന്റെ കോട്ടയും മൈസൂര്‍പാലസും രവിവര്‍മ്മ ചിത്രങ്ങളുമൊക്കെയായി വിഭവസമൃദ്ധമായ നയനസദ്യ തന്നെയുണ്ടു. ഏറ്റവും അവസാനമാണ് മൃഗശാലയിലേക്ക് അന്തര്‍ഗമനം നടത്തുന്നത്.

ലൈലയും സുനന്ദയും അസീസും സതീഷുമൊക്കെ ഏതോ മായികലോകത്തെത്തിപ്പെട്ടപോലെ നിര്‍ത്താതെ വര്‍ത്തമാനം പറഞ്ഞും പൊട്ടിച്ചിരിച്ചും കയ്യിലുള്ള എല്ലാനമ്പരുകളും പുറത്തെടുത്തും പരമാവധി ആഘോഷിക്കുന്നുണ്ട്. ലൈല മുമ്പൊന്നുമില്ലാത്തവിധം വല്ലാതെ അടുത്ത് വരാനും സ്വതന്ത്രമായി സംസാരിക്കാനുമൊക്കെ ഇത്തിരി ഇഷ്ടം കാണിക്കുന്നുണ്ടോ എന്നൊരു സംശയം. മനസ്സിന്‍ കവിളില്‍ കുളിരുമ്മ പതിയുമ്പോള്‍, പ്രണയാധരങ്ങള്‍ ചുവന്നു തുടുക്കുമായിരിക്കും. അങ്ങനെ ഒരു നല്ല വാചകം അന്നേരം വെറുതെ ഞാന്‍ മനസ്സിലെഴുതിയിട്ടു.

മൃഗശാലയിലൂടെ മുന്‍ഗാമികളെയും കുടുംബക്കാരെയും സംബന്ധക്കാരെയു മൊക്കെ വിശദമായി നടന്നു കാണുകയാണ്.  യാഷിക്ക ക്യാമറകള്‍ കണ്ണടച്ച് തുറക്കുന്നു. മൊബൈലുകളൊന്നും അന്നില്ല. നിറയെ സന്ദര്‍ശകരാണ്‌. സ്ത്രീകളും കുട്ടികളും തന്നെയാണ് കൂടുതലും. പോരാത്തതിന് മിഥുനങ്ങളും കര്‍ക്കിടകങ്ങളുമൊക്കെയുണ്ട്.യുണിഫോമിട്ട സ്കൂള്‍ കുട്ടികളും അവരെ മേക്കാന്‍ സാരിത്തലപ്പ് ആലില വയറിനുകീഴെ ഭദ്രമായി തിരുകി വെച്ച് , തെരുവോരത്ത് നിന്ന് വാങ്ങിയ പൂ പിടിപ്പിച്ച  തൊപ്പിയൊക്കെ  വെച്ച് , മീരാജാസ്മിന്‍ സ്റ്റൈലില്‍ കുറെ ടീച്ചര്‍മാരും ..

മൃഗങ്ങളില്‍ നിന്ന് ടീച്ചര്‍മാരിലേക്കും പൂ തുന്നിയ തൊപ്പി കളിലേക്കും   യൂണിഫോം ധരിച്ച കുട്ടികളിലേക്കുമൊക്കെ കാഴ്ചയുടെ വാനരന്മാര്‍ മാറിമാറി പടര്‍ന്നു കേറുന്നതിനിടെ, എന്റെ മുമ്പിലൂടെ വല്ലാതെ കലപില കൂട്ടിക്കൊണ്ടു രണ്ടു പുതുമിഥുനങ്ങള്‍ കൊക്കുരുമ്മി പോകുന്നത് കണ്ടു.

മധുവിധുവിന്റെ മരം പെയ്യുന്നുണ്ട് ആ മുഖഭാവങ്ങളില്‍ നിന്നിപ്പോഴും.അവളെ കണ്ടാല്‍ ഒരു മലയാളി മാലാഖക്കുട്ടിയുടെ കട്ടുണ്ട്. അവന്‍ ഒരു കരുമാടിക്കുട്ടന്‍.മീശയുടെ സ്ഥാനത്ത് കറുത്ത  നേരിയ ഒരു വര. തടിച്ചുമലച്ച ചുണ്ടുകളിലും കറുപ്പ് കുടികെട്ടി പാര്‍ക്കുന്ന നീണ്ട  മുഖത്തും പക്ഷെ സ്നേഹത്തിന്റെ പ്രകാശപ്പൊട്ടുകള്‍ സമൃദ്ധമായി ചിതറിക്കിടപ്പുണ്ട്.

വെളുത്തു കൊലുന്നനെയുള്ള അവള്‍ ചിരിക്കുമ്പോഴും വര്‍ത്തമാനം പറയുമ്പോഴും അരിമുല്ല വിരിയുന്നുണ്ട്. നിതംബം വരെ തൂങ്ങി കിടക്കുന്ന ഇടതൂര്‍ന്ന മുടിത്തുമ്പത്ത് കുണുങ്ങിക്കുണുങ്ങിയുള്ള നടത്തത്തിനൊപ്പിച്ചു ഊയലാടുന്ന മുടിപ്പൂവ്. അത് കാണുന്നവരോടൊക്കെ ലോഹ്യം പറയുന്നുണ്ട്. ചിലരോട് കണ്ണിറുക്കി കാണിക്കുന്നുമുണ്ട്. അവളുടെ ചുമലില്‍ ആവശ്യത്തെക്കാള്‍ കൂടുതല്‍ അലങ്കാരത്തിനാണെന്നു തോന്നിപ്പിക്കുന്ന ഒരു വാനിറ്റിബാഗ്‌ അലസമായി തൂങ്ങിക്കിടക്കുന്നു. സംഘഗാനം ആലപിക്കുന്ന കുട്ടികള്‍ അവരവരുടെ തുടയില്‍തട്ടി താളംപിടിക്കും മട്ടില്‍ അതങ്ങനെ താളാത്മകമായി തപ്പുകൊട്ടി അവളുടെ കൂടെനടക്കുന്നു. അവളുടെ  മുടിയിഴകള്‍ക്ക് പൂക്കുട ചൂടിക്കൊടുത്തു കൂടെപോകുന്ന ഈരിഴയില്‍ കോര്‍ത്ത മുല്ലപ്പൂമാല മുടിപ്പുറത്ത്  മയങ്ങിക്കിടപ്പാണ്. പോക്കുവെയിലേറ്റ് അവയുടെ കണ്ണുകള്‍ കൂമ്പിയിരിക്കുന്നു. നിറയെ മഞ്ഞപ്പൂക്കള്‍ വിടര്‍ന്നു പടര്‍ന്നു കിടക്കുന്ന ഭംഗിയുള്ള സാരിയില്‍ കാറ്റിന്റെ വിരല്‍ത്തലപ്പുകള്‍ വെറുതെ വികൃതി കാട്ടിക്കൊണ്ടിരിക്കുന്നു.



നീണ്ടു മെലിഞ്ഞ അവളുടെ കൈകളില്‍ ഇലകളടര്‍ത്തി മാറ്റാത്ത ഒരു പിടി  ഇളം കാരറ്റ്. മൃദു വാര്‍ന്ന അവളുടെ ഉള്ളം കയ്യില്‍ അച്ചടക്കത്തോടെ അവ പരസ്പരം സ്നേഹിച്ചു ചേര്‍ന്ന് കിടക്കുന്നു.
ഇടയ്ക്ക് അവയിലൊന്നില്‍ അവളൊന്നു കടിച്ചു. അത് തന്നെ അവനും കൊടുത്തു. അവളുടെ കൊച്ചരിപ്പല്ലുകള്‍ ക്ഷതമേല്‍പ്പിച്ച കാരറ്റിന്റെ ഇളം മേനിയില്‍ പിക്കാസു പോലെയുള്ള അവന്റെ പല്ലുകള്‍ കേറിയിറങ്ങുമ്പോള്‍ എവിടെയൊക്കെയോ ഒരു ഞെരിപിരി കൊള്ളല്‍..

പല പോസുകളിലായി ഫോട്ടോകളെടുത്തു കൊണ്ടിരിക്കുയാണ് അവര്‍.    നീണ്ട കൊക്കും നെറ്റിയില്‍  പൂവുമുള്ള പേരറിയാത്ത ഒരു പക്ഷിയെ മനസ്സിന്റെ ക്യാമറയില്‍ പകര്‍ത്തുന്ന തിരക്കിലായിരുന്നു ഞാനപ്പോള്‍.
'എക്സ്ക്യൂസ് മി മേ യു പ്ലീസ്‌ ടേക്ക് സം ഫോട്ടോസ്..' ശബ്ദം കേട്ട് ഞാന്‍ തിരിഞ്ഞു നോക്കുമ്പോള്‍ അവളാണ്. രണ്ടുപേര്‍ക്കും ഒന്നിച്ചു നിന്ന് ഫോട്ടോ എടുക്കാനാണ്.

ഞങ്ങള്‍ അപ്പോള്‍ പലയിനം പക്ഷികളുള്ള വിശാലമായ ഒരു ശരികക്കൂടിനടുത്താണ്. ഒരു മയൂരസുന്ദരി ചിറകൊക്കെ വിടര്‍ത്തി , യുവജനോത്സവ വേദിക്ക്  പിറകില്‍ കുച്ചിപ്പുടി മത്സരത്തിന് കാത്തു നില്‍ക്കുന്ന സുന്ദരിക്കുട്ടിയെ പോലെ നടനത്തിനു റെഡിയായി നില്‍പ്പുണ്ട്‌.
രണ്ടു പേരും വല്ലാതെ ചേര്‍ന്ന് നിന്ന് ഫോട്ടോക്ക് പോസ് ചെയ്തു. ക്യാമറക്കണ്ണിലൂടെ ഞാന്‍ അവരെ നോക്കുമ്പോള്‍, 'വടക്ക് നോ ക്കിയന്ത്ര'ത്തിലെ  ശ്രീനിവാസനെയും പാര്‍വതിയെയും ഒരുനിമിഷം എനിക്ക് ഓര്‍മ്മ വന്നു. കരിവിളക്കിനടുത്ത് ഒരു നിലവിളക്ക്! അപ്പോള്‍ മാമുക്കോയയുടെ റോളില്‍ ആരാണെന്ന ചോദ്യം മനസ്സെന്നോട് ചോദിച്ചു. ശരീരമാസകലം അനുരണനമുണ്ടാക്കിയ ഒരു ഉള്‍ച്ചിരിയോടെ ഞാന്‍ ആ ചോദ്യത്തെ വളരെ സമര്‍ത്ഥമായി നേരിട്ടു..

മാറില്‍ ചേര്‍ന്ന് നിന്നും കെട്ടിപ്പിടിച്ചും മടിയില്‍കിടന്നുമൊക്കെ മൂന്ന് നാലു സ്നാപ്പുകള്‍ എന്നെക്കൊണ്ടെടുപ്പിച്ചിട്ടൊടുവില്‍ അവള്‍ എനിക്ക് മധുരമുള്ള ഒരു താങ്ക്സ് തന്നു. കൂടെ വീണ്ടും കാണാന്‍ ഇഷ്ടപ്പെടുന്ന ഒരു ചിരിയും.
പിന്നീട് എപ്പോഴോ അവരെനിക്കു നഷ്ടപ്പെട്ടു..!


കണ്ടാമൃഗത്തിന്റെയും വെള്ളാനകളുടെയും നാഗരാജാക്കന്മാരുടെയും കൌതുകക്കാഴ്ചകളിലാണ് എന്റെ കൂട്ടുകാരില്‍ പലരും. ചിലര്‍, സ്കൂള്‍ പടിക്കല്‍ ബസ്സ് കാത്തു നില്‍ക്കുന്ന വ്യത്യസ്ത ക്ലാസുകളിലെ സുന്ദരിക്കുട്ടികളെ പോലെ , കൊച്ചു വര്‍ത്തമാനം പറഞ്ഞു സമയം കളയുന്ന മാന്‍പേടകളെ കണ്ണ് നിറയെ കണ്ടു നില്പാണ്. വൃത്തികെട്ട വെള്ളത്തില്‍ കിടന്നു പുളയുന്ന ചീങ്കണ്ണികളെയും ഭീമന്‍ ആമകളെയും കണ്ടു നില്‍ക്കുന്നു മറ്റുചിലര്‍.

ഏറ്റവും ഒടുവില്‍ ഞങ്ങളെത്തിയത് രണ്ടുപുലികളെ സ്വതന്ത്രമായി സ്വൈരവിഹാരം നടത്താ നനുവദിച്ചു വിട്ടിരിക്കുന്ന വിശാലമായ ഒരിടത്താണ്.കാട്ടില്‍ വെച്ച് പുലികളെ കാണുന്ന വിധത്തിലാണ്  ആ പുലിക്കാഴ്ച സംവിധാനിച്ചിരിക്കുന്നത്‌.. ചുറ്റും വലിയ കിടങ്ങാണ്. നല്ല ഉയരത്തില്‍ മതില്‍ക്കെട്ട്. സുരക്ഷക്കെന്നോണം കെട്ടിയ മുള്‍വേലി. സന്ദര്‍ശകര്‍ ഏല്‍പ്പിച്ച പരിക്കും നിര്‍ദയമായ പീഡനവും മൂലം വേലി അവിടവിടെ അടര്‍ന്നു മാറിയിട്ടുണ്ട്.സന്ദര്‍ശകരേറെയും ഇവിടെയാണ്‌. ക്യാമറകളുടെ ഫ്ലാഷ് ലൈറ്റുകള്‍ തുരുതുരാ കണ്ണ് ചിമ്മി തുറക്കുന്നു.

ഇളിച്ചു കാട്ടിയും പല്ലിറുമ്മിയും 'കയ്യാലപ്പുറത്തു നിന്ന് ഗോഷ്ഠി കാണിക്കാതെ ധൈര്യമുണ്ടെങ്കില്‍ ഇറങ്ങി വാ അപ്പോള്‍ കാണിച്ചു തരാ'മെന്ന മട്ടില്‍ എല്ലാവരെയും രൂക്ഷമായി നോക്കി പേടിപ്പിച്ചും വലിയ ശബ്ദത്തില്‍ മുരണ്ടും വാ പിളര്‍ത്തിയും മനുഷ്യരോടുള്ള പക മുഴുവനും തീര്‍ക്കുകയാണ് അവ രണ്ടും.
എല്ലാവരെയും ശത്രുക്കളായി കാണരുതെന്നും 'ബന്ധുര കാഞ്ചന കൂട്ടിലാണെങ്കിലും ബന്ധനം ബന്ധനം തന്നെ പാരില്‍ ..' എന്ന് പാടിയ സഹൃദയരുടെ പ്രതിനിധികളുമുണ്ട് ഞങ്ങളുടെ കൂട്ടത്തില്‍ എന്നുമുള്ള  ഒരു  തമാശ എന്റെ മനസ്സിലപ്പോള്‍ പൂവിട്ടു.

പിന്നെടെപ്പോഴോ പുലിക്കാഴ്ച്ചകളില്‍ നിന്ന് കണ്ണെടുത്ത് ഞാന്‍ കാഴ്ചക്കാരിലേക്ക് നോക്കി . കളി കാണുന്നതിനെക്കാള്‍ എനിക്കിഷ്ടം കളി കാണുന്ന കാണികളെ കാണുന്നതാണ്. അത് സത്യത്തില്‍ അനുഭവിച്ചറിയേണ്ട , രസമുള്ള ഒരു കാഴ്ച തന്നെ..!

അപ്പോഴുണ്ട് നിലവിളക്കും കരിവിളക്കും എന്റെ തൊട്ടടുത്തു തന്നെ ജ്വലിച്ചു നില്‍ക്കുന്നു.!ക്യാമറ അവളുടെ കയ്യിലാണ്. ഏറെ ദൃശ്യങ്ങള്‍ പകര്‍ത്തിയിട്ടാണ് ഒടുവില്‍ അവള്‍ ക്യാമറ അവന് കൈമാറുന്നത്. കൂടുതല്‍ അടുത്തടുത്ത്‌ ചെന്ന് വ്യത്യസ്ത ആംഗിളുകളില്‍ ഫോട്ടോ എടുക്കുകയാണ് അവനിപ്പോള്‍.

വേലിയൊക്കെ മറികടന്നും വല്ലാതെ കുനിഞ്ഞും അഭ്യാസം കാണിച്ചും വളരെ സാഹസികമായി അവന്‍ ഫോട്ടോ എടുത്തു കൊണ്ടിരിക്കുകയാണ്.
ഒരുള്‍ വിളിയെന്നോണം , 'മോനേ, ദിനേശാ , അത് ആരോഗ്യത്തിന് ഹാനികരമാണല്ലോ..'  എന്ന ഒരു സദുപദേശവാചകം എന്റെ മനസ്സില്‍ കിടന്നു അന്നേരം കയറു പൊട്ടിച്ചു കൊണ്ടിരുന്നു.


പെട്ടന്നാണ് അത് സംഭവിച്ചത്! എങ്ങനെയോ അവന്റെ കാലൊന്ന് വഴുതി. വല്ലാതെ വേച്ചുപോയ അവന്‍ കമ്പിവേലിയില്‍ പിടിക്കാന്‍ ഒരു വിഫല ശ്രമം നടത്തി . അത് വളരെ ദയനീയമായി പരാജയപ്പെട്ടു. അവന്‍ വലിയ ശബ്ദത്തോടെ കിടങ്ങിലേക്ക്!
കുറെ കാലമായി കാത്തിരുന്ന് ഒരു ഇര കിട്ടിയ സന്തോഷത്തോടെ വല്ലാത്തൊരു തരം മുരളലുമായി പൊടുന്നനെ  രണ്ടു പുലികളും ഓടിവരുന്നതും നിമിഷ നേരം കൊണ്ട് കടിച്ചുപിടിച്ചു വലിച്ചിഴച്ചു അവനെ കൊണ്ടുപോകുന്നതുമാണ് പിന്നെ കാണുന്നത്.
അവള്‍, തൊണ്ടയില്‍ വെച്ച് തന്നെ മരിച്ചു പോയ ഒരു അര്‍ദ്ധനിലവിളിയോടെ അടുത്തുണ്ടായിരുന്ന ഏതോ ഒരു സ്ത്രീയുടെ കൈകളിലേക്ക് തളര്‍ന്നു വീഴുന്നത് കണ്ടു.
പുലികള്‍ രണ്ടും  അവനെ കടിച്ചു കീറാന്‍ പരസ്പരം മത്സരിക്കുകയാണ്. അവയുടെ മുരള്‍ച്ചയില്‍ മൃഗശാല വിറപൂണ്ടു നില്‍ക്കുന്നു. എവിടുന്നൊക്കെയോ ആളുകള്‍ ഓടി വരുന്നു..

മൃഗശാലയുടെ അധികൃതരും മറ്റും ഒച്ചയിട്ടും അനുനയിപ്പിച്ചും പുലികളെ  വല്ലവിധേനയും കൂട്ടിലടക്കാന്‍ കിണഞ്ഞുശ്രമിക്കുകയാണ്. ദീര്‍ഘനേരത്തെ അതിസാഹസികമായ ശ്രമങ്ങള്‍ക്കൊടുവില്‍ അവ രണ്ടും കൂട്ടിലേക്ക് കൂളായി കേറിപ്പോയി. ഒന്നും സംഭവിക്കാത്ത മട്ടില്‍ .

ഒടുവില്‍ അവനെ ചെന്നെടുക്കുമ്പോള്‍ കണ്ട കാഴ്ച ഇന്നും കണ്ണിലുണ്ട്. വയറു പിളര്‍ന്ന് കുടല്‍ മാലകള്‍ പുറത്തു ചാടി.. മാറിലും കൈകാലുകളിലും തലങ്ങും വിലങ്ങും രക്തം പുരണ്ട നഖക്കീറുകള്‍..
ചുവന്ന  പെയി ന്‍റു തട്ടിമറിഞ്ഞു മുഖത്ത് തൂവിയ പോലെ രക്തം ചാലുകള്‍ സൃഷ്ടിച്ച് ഒഴുകിയിറങ്ങുന്നു...
ഒന്നേ നോക്കിയുള്ളൂ..
'അയാളെ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയെന്ന് ആരോ പറഞ്ഞു. രക്ഷപ്പെടുമോ ആവോ..'?
സതീഷും അസീസും പറയുന്നത് കേട്ടു. ലൈലയും സുനന്ദയുമൊക്കെ  വാക്കുകള്‍ കിട്ടാതെ പ്രകാശം കെട്ട മുഖവുമായി തകര്‍ന്നിരിക്കുന്നു..
വിനോദയാത്രയുടെ എല്ലാ മൂഡും തകര്‍ന്ന് , ഞങ്ങള്‍ പക്രംതളം ചുരമിറങ്ങുമ്പോള്‍   ഞങ്ങളുടെ ലക് ഷ്വറി വീഡിയോ കോച്ച് ബസ്സില്‍ ശ്മശാന മൂകത തളം കെട്ടിക്കിടന്നു.

അന്നേരം പുറത്തെ കനത്ത ഇരുട്ടില്‍ രാത്രിയുടെ ഒറ്റമരച്ചില്ലയിലിരുന്ന് കാതരയായ ഒരു പക്ഷി ഹൃദയം പൊട്ടി കരയുന്നുണ്ടായിരുന്നു....

00

 (വിനോദ യാത്രക്കിടെ ഇങ്ങിനെ വല്ല അനുഭവവും നിങ്ങള്‍ക്കുമുണ്ടായിട്ടുണ്ടോ?)


  
  

28 comment drops:

പ്രിയ വായനക്കാരേ,കമന്റ്‌ ബോക്സിന്റെ താഴെ കൊടുത്തിരിക്കുന്ന

'ഇമെയില്‍ വഴി സബ്സ്ക്രൈബ് ചെയ്യുക'

എന്നതില്‍ ക്ലിക്ക് ചെയ്‌താല്‍ താങ്കളുടെ കമന്റിനു മറുപടി

ഇ മെയില്‍ ആയി ലഭിക്കും

  1. സാധാരണ കഴുതപുലികളാണ് ജീവനോടെ മൃഗങ്ങളെ ഭക്ഷിക്കുക. മറ്റുള്ളവ ജീവൻ പോകുന്നത് വരെ കഴുത്തിന് കടിച്ചിരിക്കും. മനുഷ്യന്മാരുടെ ഇടയിൽ ജീവിച്ച് പുലിയും ക്രൂരനായോ??

    മറുപടിഇല്ലാതാക്കൂ
  2. സമാനമായ ഒരനുഭവം എനിക്കുണ്ട് .. എന്റെ പ്രവാസ ജീവിതം തുടങ്ങുന്ന യാത്രയില്‍ ...
    ഒരപകടം ..

    മറുപടിഇല്ലാതാക്കൂ
  3. ഹൃദ്യമായ അവതരണം കൊണ്ട് അവസാനം വരെ വായിച്ചു തീര്‍ത്തു. ഇടക്കെപ്പോഴോ ഞാനും നിങ്ങളുടെ കൂടെ ഒരു യാത്രക്കാരനായി.

    ദുരന്തങ്ങള്‍ കണ്മുന്നില്‍ ഏല്‍പിച്ച മൂകതയോടെ അപ്പോള്‍ മടങ്ങി അല്ലേ.

    മറുപടിഇല്ലാതാക്കൂ
  4. ഹൊ..വല്ലാത്തൊരനുഭവം തന്നെ...

    അങ്ങനെ ചോദിച്ചാൽ...എന്താപ്പൊ പറയാ.... അതിനു ഞാൻ വിനോദയാത്ര പോയിട്ടുവേണ്ടേ...ഡഗ...ഡാഗാ...

    മറുപടിഇല്ലാതാക്കൂ
  5. ഞങ്ങള്‍ ഇത് പോലെ ഒരു ഊട്ടി-കൊടൈക്കനാല്‍ യാത്ര പോയി. നാട്ടിലെ അവിവാഹിതരായ കൂട്ടുകാര്‍. കൊടൈക്കനാലില്‍ എത്തുന്നതിനു മുമ്പ് വണ്ടി കേടായി, ജീപ്പ് ഉന്തി എല്ലാവരും ഒരു പരുവമായി. അവസാനം പ്ലീഹ(?)യുടെ അസുഖം ഉള്ള കൂട്ടാത്തിലോരുത്തല്‍ രോഗിയായി കിടന്നു. പിന്നെയുള്ള യാത്രകള്‍ എല്ലാം അവനെയും ചുമന്നായിരുന്നു. അവസാനം നാട്ടിലെത്തി പത്തു ദിവസം ഞങ്ങള്‍ തന്നെ അവനെ ഹോസ്പിറ്റലിലും പരിചരിച്ചു.

    മറുപടിഇല്ലാതാക്കൂ
  6. നല്ല വിവരണം.. അഭിനന്ദനങ്ങള്‍..

    മറുപടിഇല്ലാതാക്കൂ
  7. മാഷേ ഇത്ര നല്ല രസത്തില്‍ വായിച്ച് വന്നിട്ട്...വയ്യ,ഇത് വായിക്കേണ്ടി ഇരുന്നില്ല :(

    മറുപടിഇല്ലാതാക്കൂ
  8. കേട്ടിട്ടുണ്ട് ..പല വിനോദ യാത്രകളും
    വേദന യാത്രകള്‍ ആയ കഥ...വായിച്ചു
    തീര്‍ന്നപ്പോള്‍ എല്ലാ സന്തോഷവും പോയി..

    മറുപടിഇല്ലാതാക്കൂ
  9. യാത്രകള്‍ എപ്പോഴും പുതിയ അനുഭവങ്ങള്‍ തരും , ഓര്‍ത്തു വെക്കാനും , മറക്കാനും ആഗ്രഹിക്കുന്നവ ..,
    ഇത്തരം ഒരു അനുഭവം എനിക്ക് ഉണ്ടായിട്ടില്ല ...!! വിവരണം കൊള്ളാം ..!!

    മറുപടിഇല്ലാതാക്കൂ
  10. ഇത്തരം ഒരു ട്രാജഡി പ്രതീക്ഷിച്ചതേയില്ല... വളരെ ഖേദകരം..

    ഞങ്ങള്‍ കൂട്ടുകാരെല്ലാരുംകൂടെ പണ്ട് ബാംഗ്ലൂരില്‍ പോയ സമയത്താണ് വീരപ്പന്‍ നാഗപ്പയെ കൊല്ലുന്നത്. പെട്ടെന്ന് അവിടുത്തെ അന്തരീക്ഷമെല്ലാം മാറി. ഹര്‍ത്താല്‍.. ജനങ്ങള്‍ പ്രക്ഷോപകാരികളായി... അന്ന് തിരിച്ച് കേരളത്തിലെത്താന്‍ ഞങ്ങള്‍ ഒരുപാട് ബുദ്ദിമുട്ടി.

    മറുപടിഇല്ലാതാക്കൂ
  11. നല്ല വിവരണം ...
    ഒരുമിച്ചു യാത്ര ചെയ്ത ഫീല്‍ ...

    മറുപടിഇല്ലാതാക്കൂ
  12. യാത്രയുടെ ഫീല്‍ തന്നു...പക്ഷെ അവസാനം നൊമ്പരപ്പെടുത്തി.
    ആശംസകള്‍ ............
    ബ്ലോഗ്‌ ലോഡ് ചെയ്യാന്‍ അവരെ സമയം എടുക്കുന്നു...

    മറുപടിഇല്ലാതാക്കൂ
  13. ബെഞ്ചാലി :
    ഇവിടെ പുലികള്‍ അയാളെ ഭക്ഷിച്ചില്ല. വല്ലാതെ പരാക്രമം കാണിച്ചു. ആരോടൊക്കെയോ ഉള്ള അരിശം തീര്‍ത്തതാവാം .
    അബ്ദുല്‍ ജബ്ബാര്‍ :
    സമാനമായ അനുഭവം ആവട്ടെ അടുത്ത പോസ്റ്റ്‌ ആശംസകള്‍..
    ഐക്കരപ്പടിയന്‍ :
    ദുരന്തങ്ങള്‍ കണ്മുമ്പില്‍ കണ്ടാല്‍ അത് ജീവിതത്തിലൊരിക്കലും മനസ്സില്‍ നിന്ന് ഡിലിറ്റ് ചെയ്യാന്‍ കഴിയില്ല അല്ലെ? കൊടൈക്കനാല്‍ ആവട്ടെ അടുത്ത പോസ്റ്റ്‌! സ്പൈനിനു ഒരു ഇടവേളയും ആകും
    കുറ്റൂരി:
    ഉടന്‍ ഒരു വിനോദ യാത്ര സംഘടിപ്പിക്കൂ.. ഡക ഡക!
    അഷ്‌റഫ്‌ ജി,
    നന്ദി ..
    ജസ്മിക്കുട്ടി :
    എന്ത് രസത്തിലാണ് ഞങ്ങള്‍ പോയത്. തിരിച്ചു പോന്നപ്പോള്‍ ഞങ്ങള്‍ക്ക് തോന്നിയതാണ് വായിച്ചു കഴിഞ്ഞപ്പോള്‍ ജസ്മിക്കുട്ടിക്ക് തോന്നിയത്.
    എന്റെ ലോകം :
    വിനോദ യാത്രകള്‍ വേദന യാത്രകള്‍ ആവാതിരിക്കട്ടെ..
    പാറമ്മല്‍:
    അതെ. യാത്ര വിനോദം മാത്രമല്ല, അറിവും , നല്‍കും

    മറുപടിഇല്ലാതാക്കൂ
  14. ഇക്കാ വായിക്കാന്‍ സുഖമുള്ള അവതരണത്തിന്റെ അവസാനം ശരിക്കും വേദനിച്ചു. യാത്രാനുഭവങ്ങള്‍ കുറവാണ്. ഇപ്പോള്‍ ചെറിയൊരു കിടങ്ങില്‍ വീണിരിക്കുന്നു. വീനതല്ല വീഴാന്‍ ഒരുങ്ങി പുറപ്പ്രട്ടതാ.. ഗള്‍ഫില്‍ ആണേ :)

    മറുപടിഇല്ലാതാക്കൂ
  15. യാത്രാനുഭവങ്ങൾ ഏറെ പറയാം.
    ഒന്നും തന്നെ കയ്പേറിയതായിരുന്നില്ല.

    ഇത് വല്ലാത്തതൊന്ന്!!

    മറുപടിഇല്ലാതാക്കൂ
  16. വായിച്ചു ... മനസ്സു നിറഞ്ഞു ... ഇനിയതവിടെ മായാതെ കിടക്കും... ഓരൊ വിനോദ യാത്രയിലും ഓർമിക്കപ്പെട്ടേക്കാം..

    മറുപടിഇല്ലാതാക്കൂ
  17. ജെഫു : പ്രവാസം ഒരു കിടങ്ങാണ് എന്ന് വിചാരിച്ചു സ്വയം ശപിക്കുന്നതിലേറെ നാം ഈ കിടങ്ങില്‍ കിടക്കുന്നത് കൊണ്ട് നമ്മുടെ കുടുംബം ദാരിദ്ര്യത്തിന്റെ വലിയ കിടങ്ങില്‍ നിന്ന് പുറത്തു കടന്നു എന്നും നമ്മെക്കൊണ്ട് ഒരു പാട് പേര്‍ സുഖമായി കഴിയുന്നു എന്ന് ചിന്തിക്കുകയല്ലേ നല്ലത്?
    ജുവൈരിയ സലാം : അവസാനം വേദനിച്ചത്‌ കൊണ്ടാണ് ഇതിങ്ങനെ എഴുതേണ്ടി വന്നത് . അല്ലെങ്കില്‍ ഈ എഴുത്തിനു എന്ത് പ്രസക്തി? നന്ദി.
    ഓ.എ.ബി. വളരെ സന്തോഷം . ഇവിടെ വന്നതിനും രണ്ടക്ഷരം കുറിച്ചതിനും. നേരില്‍ കണ്ടിട്ടുണ്ടാകും അന്ന്. പക്ഷെ പരിചയപ്പെ ട്ടില്ലായിരുന്നു. ഈ രംഗത്തെ പുതുമുഖമായത് കൊണ്ട് വന്ന അപാകതയാണ്.. ഇന്‍ ഷാ അല്ലാഹ് വീണ്ടും കാണാം .
    ഫിറോസ്‌ : വിനോദ യാത്രയില്‍ ഇത് ഓര്‍ക്കരുതെ .. വെറുതെ എന്തിനു ആ യാത്ര മൂഡ്‌ ഓഫ് ആക്കുന്നു ?

    മറുപടിഇല്ലാതാക്കൂ
  18. നല്ലൊരു യാത്രയില്‍ കൂടെക്കൂടിയ പോലെ തോന്നി, അവസാന വേദനയിലും.

    മറുപടിഇല്ലാതാക്കൂ
  19. അനുഭവങ്ങളുണ്ട് പക്ഷേ ഇത്ര വേദനാജനകമായ ഒന്നില്ല!
    ഇത് വല്ലാത്തൊരു അനുഭവം തന്നെ!

    മറുപടിഇല്ലാതാക്കൂ
  20. യാത്രകള്‍ ഒരുപാടുണ്ടായിട്ടുണ്ട്. പക്ഷെ ഇത്തരമനുഭവം ഇല്ല. ഇനി ഉണ്ടാകരുതേ എന്ന് പ്രാര്‍ത്ഥന.
    രസം പിടിച്ച് വായിച്ച് വരികയായിരുന്നു. അസൂയക്കും കഷണ്ടിക്കും മരുന്നില്ലായെന്നും ഓര്‍ത്തെയുള്ളു. അപ്പളാ അയാള്‍ വീണത്.പാവമായിപ്പോയി.

    മറുപടിഇല്ലാതാക്കൂ
  21. ഉല്ലാസയാത്ര,ഉത്സാഹവായന..
    അവസാനം... :(

    മറുപടിഇല്ലാതാക്കൂ
  22. വര്‍ണനകളും, ഉപമകളും, താളാത്മകമായ പദപ്രയോകങ്ങളും. നര്‍മവും ചാലിച്ച നല്ല അവതരണ ശൈലി .വായിച്ചുകൊണ്ടിരിക്കുമ്പോള്‍ സ്വന്തം യാത്രാനുഭവങ്ങള്‍ മനസ്സില്‍കൂടി മിന്നി മറയുന്നുണ്ടായിരുന്നു......അവസാന ട്രാജഡി ഒഴികെ.ഒരുപാടിഷ്ട്ടമായി .....

    മറുപടിഇല്ലാതാക്കൂ
  23. മുമ്പ് പല തവണ മൈസൂരില്‍ ‍ ഉല്ലാസയാത്ര പോയിട്ടുണ്ട് .അപ്പോയൊക്കെ ഉല്ലാസത്തോട് കൂടി തന്നെയാണ് യാത്ര അവസാനിച്ചതും . ഇപ്പോള്‍ ഇരിങ്ങാട്ടിരി ഡ്രോപ്സ് വഴി ഒരു സൌജന്യമായി യാത്ര നടത്തിയപ്പോള്‍ വളരെ നൊമ്പരത്തോടെ ആന്നല്ലോ അവസാനിച്ചത്‌ ....

    മറുപടിഇല്ലാതാക്കൂ
  24. ഞാനും നിങ്ങളുടെ കൂടെ ഒരു യാത്രക്കാരനായി

    മറുപടിഇല്ലാതാക്കൂ
  25. വളരെ രസകരമായി വായിച്ചു വന്ന വായന അവസാനം കണ്ണുനീരില്‍ അവസാനിച്ചു.
    ഇങ്ങനെ ഒരു അനുഭവം ആര്‍ക്കും ഉണ്ടാകാതിരിക്കട്ടെ

    മറുപടിഇല്ലാതാക്കൂ

 
Copyright © 2010 Iringattiri Drops. All rights reserved.
Design By- മലയാളം ബ്ലോഗ്‌ ഹെല്‍പ്