2013, ജൂൺ 11, ചൊവ്വാഴ്ച

ഒരു ടാക്സിക്കഥ



മക്കയിലെക്കായിരുന്നു യാത്ര .
താമസ സ്ഥലത്ത് നിന്ന് ഒരു ടാക്സിയില്‍ ബാബ് മക്കയിലെ 'മൌഖിഫി'ലേക്ക് പോകാം  എന്ന് വെച്ചു .

ഇറങ്ങിയ പാടെ വന്ന ടാക്സിക്ക് കൈ കാണിച്ചു .
വെറും അഞ്ചോ പത്തോ മിനിറ്റേ വേണ്ടൂ മൌഖിഫിലേക്ക് .
പക്ഷെ വ്യാഴാഴ്ച ആയത് കൊണ്ട് വാഹങ്ങളുടെ നല്ല തിരിക്കുണ്ട് നിരത്തില്‍ , ബ്ലോക്കും ..

കേറിയ പാടെ ഡ്രൈവറെ പരിചയപ്പെട്ടു . ജീവിത യാത്രയില്‍ ഏതാനും നിമിഷം നമ്മോടൊപ്പം ഉണ്ടാകുന്നവരാണ് ടാക്സി ഡ്രൈവര്‍മാര്‍ . പിന്നീട് ഒരു പക്ഷെ അവരെ നാം കാണുകയെ ഇല്ല .  എന്നാലും ചിലര്‍ നമ്മെ  അവരെ കുറിച്ച് ഓര്‍മ്മിക്കാന്‍ എന്തെങ്കിലും തന്നാവും പിരിയുക .. !!!

പരിചയപ്പെട്ടപ്പോള്‍ ആളു നമ്മുടെ 'ശത്രു രാജ്യക്കാരന്‍ ' ആണ് !  നമ്മുടെ അജ്മല്‍ കസബിന്റെ നാട്ടുകാരന്‍ . ഇസ്ലാമാബാദില്‍ നിന്നും വന്നവന്‍ . പേര് മുഹമ്മദ്‌ അക്രം .. അവിവാഹിതന്‍ .
ഇവിടെ വന്നിട്ട് ഏഴു വര്‍ഷം ആവുന്നു .
നാട്ടില്‍ ഒരു മൊബൈല്‍ മെക്കാനിക്ക്‌ ആയി ജോലി ചെയ്തിരുന്നു ..

അവന്‍ ബസ്മല്‍ മോനോട് സലാം പറഞ്ഞു .
അവന്റെ കൈകള്‍ കുട്ടിയുടെ കൈകള്‍ മുകര്‍ന്നു .
'മോനെ കുട്ടാ  നീ എങ്ങോട്ടാണ് പോകുന്നത്' എന്ന് ഉറുദുവില്‍ ചോദിച്ചു ..
ഞാന്‍ മോന് അത് പരിഭാഷപ്പെടുത്തിക്കൊടുത്തു ..
'എങ്ങോട്ടാ പോകുന്നെ എന്നാ കാക്കു ' ചോദിക്കുന്നത് .
കുട്ടി പെട്ടെന്ന് തന്നെ ഉത്തരം പറഞ്ഞു : 'കഅബ '

അത് കേട്ടപ്പോള്‍ മുഹമ്മദ്‌ അക്രമിന് വല്ലാത്ത സന്തോഷം ..
മാഷാ അല്ലാഹ് എന്ന് രണ്ടു മൂന്നു വട്ടം പറഞ്ഞു .. ഇപ്പോള്‍  ഞങ്ങളുടെ വാഹനം ബ്ലോക്ക്‌ കാരണം നിരത്തില്‍ നിര്‍ത്തിയിട്ടിരിക്കയാണ് . ആ സമയം അവന്‍ എന്റെ മടിയില്‍ നിന്ന് മോനെ എടുത്തു മടിയില്‍ വെച്ചു ... ഉറുദുവില്‍ അവനോടു സ്നേഹപൂര്‍വ്വം എന്തൊക്കെയോ പറഞ്ഞു ..

കുട്ടിയെ തിരികെ തന്നു . വണ്ടി ഉരുമ്പരിക്കും പോലെ മുന്നോട്ടു നീങ്ങുന്നതിനിടയില്‍ അവന്‍ എന്നോട് ചോദിച്ചു :
മോന്റെ പേര് എന്താണ് ?
ഞാന്‍ പറഞ്ഞു : ബസ്മല്‍ റഹ്മാന്‍ !
ഒന്ന് കൂടി  പേര് പറയാന്‍ അവന്‍ ആവശ്യപ്പെട്ടു .
ഞാന്‍ വീണ്ടും പേര് ആവര്‍ത്തിച്ചു .
ഇങ്ങനെ ഒരു പേര് മുമ്പ് കേട്ടിട്ടില്ല . എന്താണ് ആ വാക്കിന്റെ അര്‍ഥം ? ഞാന്‍ വിശദീകരിച്ചു കൊടുത്തു . ബിസ്മില്ലാഹിര്‍റഹ്മാനിര്‍റഹീം എന്നതിന്റെ ഷോര്‍ട്ട് ആണ് .
ആണ്‍കുട്ടികള്‍ക്ക് ആണെങ്കില്‍ ബസ് മല്‍ എന്നും പെണ്‍കുട്ടിക്ക് ആണെങ്കില്‍ ബസ്മല എന്നും പറയും .

അവന്‍ ഉടനെ തന്‍റെ  പോക്കറ്റില്‍ നിന്ന് ഒരു കുഞ്ഞു  പുസ്തകം  പുറത്തെടുത്തു .
അതില്‍ ഒരു താളില്‍ ഉറുദുവില്‍ 'ബസ്മല്‍ റഹ്മാന്‍ 'എന്ന് എഴുതി , തൊട്ടടുത്ത് തന്നെ ബസ്മല എന്നും !!

അത് കണ്ടപ്പോള്‍ എനിക്ക് ചിരി വന്നു . ഞാന്‍ അവനെ കളിയാക്കി  . കല്യാണം പോലും കഴിക്കാത്ത ഇയാള്‍ ഭാവിയില്‍ ഉണ്ടാകാന്‍ പോകുന്ന കുട്ടിക്ക് ഇപ്പോഴേ   പേര് കണ്ടു വെക്കുകയാണോ ?

അവന്‍ ഒന്ന് ചിരിച്ചു  :

ഇതെന്റെ  സുഹൃത്തിന്റെ കുട്ടിക്ക് ഇടാനാണ് .. അവന്റെ ഭാര്യ ഗര്‍ഭിണി യാണ് . ഞങ്ങള്‍ ഒന്നിച്ചു പഠിച്ചവരാണ് . അന്നും ഇന്നും ഇണപിരിയാത്ത കൂട്ടുകാര്‍ . ഒടുവില്‍ ഞാന്‍ ഇങ്ങോട്ട് വണ്ടി കേറി . ഞങ്ങള്‍ സാധിക്കുമെന്കില്‍ ഒരേ ദിവസം ഒന്നിച്ചു വിവാഹിതരാവണം എന്ന് തീരുമാനിച്ചിരുന്നു ..
പക്ഷെ അവന്റേതു നേരത്തെ കഴിഞ്ഞു .  അവന്‍ അധികം വൈകാതെ ഒരു ബാപ്പയാകും .
 സുഹൃത്ത്‌  വിളിച്ചപ്പോള്‍ പറഞ്ഞിരുന്നു ഒന്ന് രണ്ടു  നല്ല  പേര് കണ്ടു വെക്കാന്‍ .
ആണ്‍കുട്ടിക്കും പെണ്‍കുട്ടിക്കും പറ്റുന്നത് .
നീ സൗദി അറേബ്യയില്‍ ആയത് കൊണ്ട് കുറെ നല്ല പേരുകള്‍ കേള്‍ക്കുമല്ലോ ..

''അതെന്താ അവനു ഇരട്ട കുട്ടികളാണോ ഉണ്ടാകാന്‍ പോകുന്നത് ..''?
''അല്ല , ആണാണോ പെണ്ണാണോ എന്ന് അറിയില്ലല്ലോ .''
ഏതായാലും ഇതില്‍ രണ്ടില്‍ ഏതെന്കിലും ഒന്നാവും .. അത് ഉറപ്പാണല്ലോ ..
അപ്പോള്‍ ആണോ പെണ്ണോ ജനിക്കുന്നത് അതിനനുസരിച്ച്  ഉപയോഗിക്കാം ..

ഞാന്‍ അവനോടു പറഞ്ഞു : ആരാന്റെ കുട്ടികള്‍ക്ക് പേരിട്ടു നടന്നാല്‍ മതിയോ ?
സ്വന്തമായി കുട്ടികളൊക്കെ വേണ്ടേ ..?
വേണം .. സുഹൃത്തിന്റെ കല്യാണം കഴിഞ്ഞ അന്ന്  മുതലേ ഉമ്മ നിര്‍ബന്ധിക്കുമായിരുന്നു . ഒരു നെടുവീര്‍പ്പ് ..!!!

അടുത്ത ലീവിന് നാട്ടില്‍ പോകുമ്പോള്‍ ഏതായാലും കല്യാണം ഉണ്ടാകും .. ഇനി എന്ത് കാത്തിരിക്കാനാ ..
നേരെ താഴെ രണ്ടു അനിയന്മാര്‍ ഉണ്ട് . ഒരു പെങ്ങളും . അനിയന്മാരുടെ വഴി മുടക്കി ആവരുതല്ലോ .

ഞാന്‍ പറഞ്ഞു : കല്യാണം എത്രയും നേരത്തെ കഴിക്കാന്‍ പറ്റിയോ അത്രയും നല്ലത് ..
ഏതു കാര്യം നീട്ടി വെച്ചാലും വിവാഹം നീട്ടരുത് .. ഞാന്‍ അനുഭവത്തിന്റെ വെളിച്ചത്തില്‍ ആണ് പറയുന്നത് .
അപ്പോള്‍ നിങ്ങളും വൈകി ആണോ കല്യാണം കഴിച്ചത് ..
അതെ , ഒരു ജോലിയൊക്കെ ആവാതെ എങ്ങനെ കുടുംബം പോറ്റും എന്ന് കരുതി നീട്ടി വെച്ചു . കല്യാണം വൈകിയാല്‍ കുട്ടികള്‍ ഉണ്ടാവലും വൈകും .. നേരത്തെ കുട്ടികള്‍ ഉണ്ടായാല്‍ അത് ആണായാലും പെണ്ണായാലും അത് ഒരു ഭാഗ്യം തന്നെയാണ് ..

നമ്മുടെ വയസ്സാം കാലത്ത് അവര്‍ 'ഒന്നിനാത്തരം ' പോന്ന മക്കള്‍ ആവും .
അവരുടെ ജീവിതം കൂടി നമുക്ക് ആസ്വദിക്കാം ..
അത് അവനു കൊണ്ടു എന്ന് തോന്നി ! ഇന്ഷാ അല്ലാഹ് അടുത്ത വെക്കേഷനില്‍ അതുണ്ടാകും ഉറപ്പാണ് !

നിങ്ങളുടെ ബസ്മല്‍ മോന്‍ ഭാഗ്യവാനാണ് ..
ഈ പ്രായത്തില്‍ കഅബ യൊക്കെ കാണാന്‍ ഭാഗ്യം ഉണ്ടായില്ലേ ?
എത്ര എത്ര ആളുകള്‍ ഈ  ആജീവനാന്ത സ്വപ്നം പൂവണിയാന്‍ ആഗ്രഹിച്ചു ജീവിതകാലത്ത് ഒരിക്കലും അത് നടക്കാതെ മരണപ്പെട്ടു പോകുന്നു ..

അത് പറയുമ്പോള്‍ അവന്റെ കണ്‍ കോണുകളില്‍ ഒരു നനവ്‌ പടരുന്നത് ഞാന്‍ കണ്ടു .
എന്റെ ഉമ്മാന്റെ വലിയ ഒരു മോഹമായിരുന്നു .. ഒരു ഹജ്ജ്‌ ..!

ഞാന്‍ കല്യാണം കഴിക്കും മുമ്പേ ഉമ്മയെ ഹജ്ജ്‌ ചെയ്യിക്കണം എന്ന് ഒരു വാശി ഉണ്ടായിരുന്നു .
അതിനു ശ്രമവും നടന്നതാണ് ..
പക്ഷെ കഅബ കാണും മുമ്പേ കഅബയുടെ നാഥന്റെ വിളി വന്നു ഉമ്മ പോയി ..!!!

അവന്‍ കണ്ണീര്‍ തുടച്ചു തേങ്ങിത്തേങ്ങി കരയാന്‍ തുടങ്ങി ..
അപ്പോഴേക്കും ഞങ്ങള്‍ മൌഖിഫില്‍ എത്തിയിരുന്നു ..
അവനെ എങ്ങനെ പറഞ്ഞു സമാധാനിപ്പിക്കണം എന്നറിയാതെ ഞാന്‍ വിഷമിച്ചു ..
നിര നിരയായി നിര്‍ത്തിയിട്ടിരിക്കുന്ന വാഹനങ്ങളില്‍ നിന്ന് അപ്പോള്‍ 'മക്ക , മക്ക , മക്ക ..
എന്ന വിളി ഉയരുന്നുണ്ടായിരുന്നു ....

** മൌഖിഫ് - സ്റ്റേഷന്‍
** മാഷാ അള്ളാ .. സന്തോഷം പ്രകടിപ്പിക്കാന്‍ ഉപയോഗിക്കുന്ന 
വാചകം . അല്ലാഹു ഉദ്ദേശിച്ചത് നടക്കും എന്ന് അര്‍ഥം




12 comment drops:

പ്രിയ വായനക്കാരേ,കമന്റ്‌ ബോക്സിന്റെ താഴെ കൊടുത്തിരിക്കുന്ന

'ഇമെയില്‍ വഴി സബ്സ്ക്രൈബ് ചെയ്യുക'

എന്നതില്‍ ക്ലിക്ക് ചെയ്‌താല്‍ താങ്കളുടെ കമന്റിനു മറുപടി

ഇ മെയില്‍ ആയി ലഭിക്കും

  1. അടുത്തറിയുമ്പോഴാണ് അപരനിലെ നന്മ നമ്മള്‍ തിരിച്ചറിയുന്നത്.ഞാന്‍ സൌദിയില്‍ ആയിരുന്നപ്പോള്‍ എനിക്കും വളരെ ആത്മാര്‍ത്ഥതയുള്ള പാക്കിസ്ഥാനിസുഹൃത്തുക്കള്‍ ഉണ്ടായിരുന്നു.
    നന്നായി എഴുതി മാഷെ.
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  2. ഉസ്മാന്‍ ഭായി എവിടെപ്പോയാലും നന്മയുടെ ഒരു അനുഭവവുമായേ വരൂ
    അത് കുഞ്ഞുങ്ങള്‍ക്കും മനസ്സിലാവുന്ന ഭാഷയില്‍ പറഞ്ഞുതരും

    അങ്ങനെ വേണം.

    മറുപടിഇല്ലാതാക്കൂ
  3. എനിക്കും ഒരു റൂംമേറ്റ്‌ ഉണ്ടായിരുന്നു പാകിസ്താൻകാരൻ ...., പാവം നല്ല സ്നേഹോള്ളവൻ .

    മറുപടിഇല്ലാതാക്കൂ
  4. നന്മയും തിന്മയും എവിടെയും ഇപ്പോഴും സംഭവിക്കാം....

    മറുപടിഇല്ലാതാക്കൂ
  5. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  6. നാം സംസാരിക്കാത്ത ഓരോ മനുഷ്യരുടെ ഉള്ളിലും പങ്കുവെക്കാനാവാതെ വിങ്ങിപ്പൊട്ടുന്ന എത്രെയെത്ര വേദനകളാണ്‌ ഉള്ളത്!

    മറുപടിഇല്ലാതാക്കൂ
  7. വായിച്ചിരുന്നു നേരത്തെ...

    ഓരോ മനുഷ്യന്‍റെ ഉള്ളിലും ഇതു പോലെ എന്തെങ്കിലുമൊക്കെ ഉണ്ടാവും... എന്തായാലും മനോഹരമായി എഴുതി..

    മറുപടിഇല്ലാതാക്കൂ
  8. ഇവിടെ വരികയും അഭിപ്രായങ്ങള്‍ കുറിക്കുകയും ചെയ്ത എല്ലാ സുമനസ്സുകള്‍ക്കും നന്ദി

    മറുപടിഇല്ലാതാക്കൂ
  9. നന്നായി പറഞ്ഞു. അഭിനന്ദനങ്ങള്‍

    മറുപടിഇല്ലാതാക്കൂ
  10. പതിവുള്ള ഇരിങ്ങാട്ടിരി ശൈലിയില്‍ ഒരു മനോഹര പോസ്റ്റ്‌.

    മറുപടിഇല്ലാതാക്കൂ
  11. Sneham ,nashttamaakumpozhe athinte vila ariyooo...
    nalloru anubhavam...
    nalla avatharanam..
    :-)

    മറുപടിഇല്ലാതാക്കൂ

 
Copyright © 2010 Iringattiri Drops. All rights reserved.
Design By- മലയാളം ബ്ലോഗ്‌ ഹെല്‍പ്