2013, ജൂൺ 9, ഞായറാഴ്‌ച

വാക്കുകളുടെ വക്കുകള്‍




ലോകത്തിന്റെ ഏതെന്കിലും ഒരു കോണില്‍ ഒറ്റയ്ക്കിരുന്നു
മനസ്സില്‍ രൂപപ്പെടുന്ന ചില ആശയങ്ങള്‍ക്ക് അക്ഷരരൂപം കൊടുത്തു നാം ഒരു പോസ്റ്റ് ഇടുമ്പോള്‍
അത് ആര്‍ക്കൊക്കെ എവിടെയൊക്കെ പോയി 'കൊള്ളും ' എന്ന് നാം ചിന്തിക്കാറില്ല .

നമ്മുടെ അക്ഷരങ്ങള്‍ ഒരു പക്ഷേ മൂര്‍ച്ചയുള്ള ആയുധങ്ങളായി ആരുടെയെങ്കിലും മനസ്സില്‍ മുറിവ് ഉണ്ടാക്കിയേക്കാം .
ഉണങ്ങി തുടങ്ങിയ മാറാ വ്രണങ്ങളില്‍ വാക്കുകളുടെ വക്കുകള്‍ കൊണ്ട് പോറല്‍ ഉണ്ടായി ആ മുറിവില്‍ നിന്ന് വീണ്ടും രക്തം ഇറ്റിയേക്കാം ...
മുറിവിന്റെ ആഴം കൂട്ടിയേക്കാം .

ചിലപ്പോള്‍ അക്ഷരങ്ങള്‍ മുറിവിന് മീതെ പുരട്ടുന്ന സ്നേഹ ലേപനമോ , മുറിവുണക്കാന്‍ പര്യാപ്തമായ മരുന്നോ ആയും മാറിയേക്കാം ..

ഇന്ന് ഉണ്ടായ ഒരു അനുഭവം ആണ് ഈ മുഖവുരക്ക് ഹേതു .

വായനയെ കുറിച്ചുള്ള എന്റെ ഒരു പോസ്റ്റില്‍ ഡോക്ടര്‍ . വി.പി.ഗംഗാധരന്റെ
'ജീവിതമെന്ന അത്ഭുതം' എന്ന പുസ്തകത്തെ ക്കുറിച്ച് ഒരു പരാമര്‍ശം ഉണ്ടായിരുന്നു ..
അത് പോസ്റ്റ്‌ ചെയ്തു അധികം സമയമൊന്നും ആയില്ല .
പി എമ്മിലൂടെ എനിക്ക് ഒരു മെസ്സേജ് വന്നു .

അതില്‍ ഒരു അമ്മ കുട്ടിയെ എടുത്തുയര്‍ത്തി ലാളിക്കുന്ന ചിത്രം .
അതിനു കീഴില്‍ ഇങ്ങനെ ഒരു അടിക്കുറിപ്പ് :
'അമ്മയുടെ കരങ്ങളിലെ സുരക്ഷിതത്വത്തെക്കാള്‍ വലുതായി മറ്റൊന്നുമില്ല '

മറ്റൊരു താളില്‍ സ്വന്തം കൈപ്പടയില്‍ ഇത്തിരി അക്ഷരങ്ങളും ...
( ഏതോ ഡയറി താളില്‍ പേന കൊണ്ട് എഴുതിയത് ഫോട്ടോ കോപ്പി എടുത്തതാണ് )

അത് ഇങ്ങനെ വായിക്കാം :
-------------------------------------------------------------------------
"വേര്‍പാടിന്റെ വിരല്‍ പാടുകള്‍ '
അകലെ .. അകലെ .. ഒരിക്കലും തിരിച്ചു വരാന്‍ കഴിയാത്ത ദൂരങ്ങളിലേക്ക് ..
അവള്‍ യാത്രയായിട്ടു ഇന്നേക്ക് എട്ടു വര്‍ഷം തികയുന്നു .. വേര്‍പാടിന്റെ വേദനയുടെ നീണ്ട നാളുകള്‍ .. മനസ്സിന്റെ തേങ്ങലുകള്‍ .. അകാലത്തില്‍ വിധിയുടെ ക്രൂരതയില്‍ ഏറ്റു വാങ്ങേണ്ടി വന്ന ദുരന്തത്തിന്റെ ഓര്‍മ്മകൂടുമായി ഈ ജീവിത യാത്ര തുടരുമ്പോഴും ..

എന്നും അവള്‍ക്കായി പ്രാര്‍ഥിക്കുന്നു .. സര്‍വ ശക്തനായ നാഥാ ..
ഈ ലോകത്തിനപ്പുറം എവിടെയാണെങ്കിലും അവളുടെ വാസസ്ഥലം
നീ സ്വര്‍ഗ്ഗ പൂന്തോപ്പ് ആക്കണേ ...

ഇതിന്റെ കൂടെ അദ്ദേഹം ഇത്രയും കൂടി എഴുതിയിരിക്കുന്നു ..

''മാഷേ .. താങ്കളുടെ പോസ്റ്റില്‍ പറഞ്ഞ ആ ഡോക്ടറുടെ കയ്യൊപ്പ് കൊണ്ട് മാത്രമാണ് ഏഴു മാസം ഗര്‍ഭിണിയായ , അര്‍ബുദം മുഴുവനും പ്രണയിച്ചു കഴിഞ്ഞ അവളുടെ വയറ്റില്‍ നിന്ന് എന്റെ കുട്ടിക്ക് അത്ഭുത കരമായി പിറവി കൊള്ളാന്‍ കഴിഞ്ഞത് ! അവളുടെ ചികിത്സ ഒരു ഭാഗത്ത് . കുട്ടി മാതൃ സമീപനം അറിയാതെ രണ്ടു മാസം ചൂട് പെട്ടിയില്‍ .. ഒടുവില്‍ കുട്ടിക്ക് ഒമ്പത് മാസം പൂര്‍ത്തിയാകും മുമ്പേ , പറക്കമുറ്റാത്ത മൂന്നു നക്ഷത്ര കുഞ്ഞുങ്ങളെ എന്റെയും അവളുടെ വീട്ടുകാരുടെയും കരങ്ങളില്‍ സുരക്ഷിതമായി നോക്കുവാന്‍ തന്നിട്ട് ഈ ലോകത്ത് നിന്നും പറന്നു പോയ എന്റെ നക്ഷത്രക്കുഞ്ഞുകളുടെ ഉമ്മയുടെ ഓര്‍മ്മ ഇന്ന് വീണ്ടും എന്റെ മനസിലേക്ക് നിങ്ങള്‍ കൊണ്ടുവന്നു .. ''

ഞങ്ങള്‍ ഈ സ്നേഹനിധിയായ ഡോക്ടര്‍ ന്റെ അടുത്തു ചെല്ലുമ്പോഴേക്കും ഈ പുസ്തകം പ്രസിദ്ധീകരിച്ചിരുന്നു .. അല്ലെങ്കില്‍ അതിലെ കണ്ണീര്‍ വീണു വിതുമ്പുന്ന അക്ഷരങ്ങളില്‍ നിന്ന് ഞങ്ങളുടെ കഥയും നിങ്ങള്ക്ക് വായിക്കാമായിരുന്നു .. "

ആവശ്യത്തിനും അനാവശ്യത്തിനും എന്തൊക്കെയോ എഴുതുന്ന എന്റെ അക്ഷരങ്ങള്‍ ഒരു മനസ്സിനും മുറിവ് എല്പ്പിക്കരുതെ എന്ന പ്രാര്‍ത്ഥന മാത്രമേ ഇതോടൊപ്പം എഴുതി ചേര്‍ക്കാന്‍ കഴിയുന്നുള്ളൂ ....

5 comment drops:

പ്രിയ വായനക്കാരേ,കമന്റ്‌ ബോക്സിന്റെ താഴെ കൊടുത്തിരിക്കുന്ന

'ഇമെയില്‍ വഴി സബ്സ്ക്രൈബ് ചെയ്യുക'

എന്നതില്‍ ക്ലിക്ക് ചെയ്‌താല്‍ താങ്കളുടെ കമന്റിനു മറുപടി

ഇ മെയില്‍ ആയി ലഭിക്കും

  1. വാക്കുകള്‍കൊണ്ടുളള മാരകമായ മുറിവുകളും,
    വാക്കുകള്‍കൊണ്ടുള്ള അമൃതധാരയും.....
    മറക്കില്ലൊരിക്കലും.
    ആശംസകള്‍ മാഷെ

    മറുപടിഇല്ലാതാക്കൂ
  2. ഒരേ വാക്ക് ചിലരില്‍ മധുരിപ്പിക്കുന്ന ഓര്‍മ്മയും ചിലരില്‍ ദുഃഖസ്മൃതികളും ഉണര്‍ത്താറില്ലേ?

    മറുപടിഇല്ലാതാക്കൂ
  3. എല്ലാവരും ഇങ്ങിനെയൊക്കെ ചിന്തിച്ചെങ്കില്‍ ..പ്രാര്‍ഥിച്ചെങ്കില്‍ ..

    മറുപടിഇല്ലാതാക്കൂ
  4. //ആവശ്യത്തിനും അനാവശ്യത്തിനും എന്തൊക്കെയോ എഴുതുന്ന എന്റെ അക്ഷരങ്ങള്‍ ഒരു മനസ്സിനും മുറിവ് എല്പ്പിക്കരുതെ എന്ന പ്രാര്‍ത്ഥന മാത്രമേ ഇതോടൊപ്പം എഴുതി ചേര്‍ക്കാന്‍ കഴിയുന്നുള്ളൂ ....//

    മാഷേ,
    ഇതു വായിച്ചു കഴിഞ്ഞപ്പോള്‍ ഒരു പള്ളിപ്പാട്ട് പാടാനാണ് തോന്നുന്നത്.

    "നിര്‍മ്മലമായൊരു ഹൃദയമെന്നില്‍
    നിര്‍മ്മിച്ചരുലുളുക നാഥാ..
    നെരായോരുനല്‍ മാനസവും
    ചെര്‍ത്തരുള്‍കെന്നില്‍ ദേവാ.."

    മറുപടിഇല്ലാതാക്കൂ
  5. വക്ക് മുറിവേല്‍പിക്കാത്ത വാക്കുകള്‍ക്ക് വേണ്ടി പ്രാര്‍ഥിക്കാം.
    അഭിനന്ദനങ്ങള്‍

    മറുപടിഇല്ലാതാക്കൂ

 
Copyright © 2010 Iringattiri Drops. All rights reserved.
Design By- മലയാളം ബ്ലോഗ്‌ ഹെല്‍പ്