2013, ഫെബ്രുവരി 22, വെള്ളിയാഴ്‌ച

വീണ്ടും ചില 'വീട്' കാര്യങ്ങള്‍




വീട് ഒരു അഭയ കേന്ദ്രമാണ് . പുറപ്പെടും നേരം തൊട്ടേ വേഗം തിരിച്ചെത്തണം എന്നാഗ്രഹിക്കുന്ന ഇടം . വീട്ടില്‍ നിന്നിറങ്ങിപ്പോയി വീട്ടിലേക്കു തിരിച്ചെത്തുമ്പോള്‍ കിട്ടുന്ന ആശ്വാസം പറഞ്ഞറിയിക്കാന്‍ പറ്റില്ല . അനുഭവിച്ചു തന്നെ അറിയണം .

സ്വന്തം വീട്  അസൗകര്യങ്ങളുടെ 'ധാരാളിത്തത്തില്‍ ' പണിതതായിരുന്നു .
ചെറിയ വീട് , ഒരുപാട് അംഗങ്ങള്‍ .
അന്നേ സൌകര്യങ്ങളുള്ള ഒരു വീട് സ്വപ്നത്തില്‍ ഇടയ്ക്കിടെ കടന്നു വരും . നല്ല വീട് കാണുമ്പോഴൊക്കെ ആഗ്രഹിക്കും . എന്നെങ്കിലും ഒരിക്കല്‍ .

പഠന കാലം തൊട്ടേ ഹോസ്റ്റല്‍ ആയിരുന്നു വീട് . ഒരു മുറിയില്‍ കുറെ പേര്‍ . വ്യത്യസ്ത നാട്ടില്‍ നിന്ന് , വിഭിന്ന സംസ്ക്കാരങ്ങളും , സ്വഭാവങ്ങളുമായി വന്നവര്‍ . താത്പര്യങ്ങളിലും  ഇഷ്ടങ്ങളിലും   സമീപന രീതികളിലും  എല്ലാം തികച്ചും വേറിട്ട വ്യക്തിത്വമുള്ളവര്‍ .

പരസ്പരം സഹിച്ചും ക്ഷമിച്ചും  പരിഗണിച്ചും സ്വന്തം ഇഷ്ടങ്ങള്‍ ത്യജിച്ചും ഒന്നിച്ചു കഴിയാന്‍ വിധിക്കപ്പെടെണ്ടി വരിക എന്നതിന് ദോഷങ്ങള്‍ കുറെ  ഉണ്ടെങ്കിലും  ഗുണങ്ങളും ഉണ്ടെന്നു മനസ്സിലാക്കിയ കാലം . ഉറങ്ങുന്നവനെ ഉണര്‍ത്താതെ , മറ്റുള്ളവന് ശല്യമാകാതെ ജീവിക്കേണ്ടി വരുമ്പോള്‍ , സ്വന്തം താത്പര്യങ്ങളേക്കാള്‍ മറ്റുള്ളവരുടെ അഭീഷ്ടങ്ങളെ പരിഗണിക്കേണ്ടി വരുമ്പോള്‍ കിട്ടുന്ന ഒരു മാനസിക തൃപ്തി  മനസ്സിലാകുന്നത് അവിടം മുതല്‍ക്കാണ് .

പഠന കാലം കഴിഞ്ഞപ്പോള്‍ , കൂട്ട് ജീവിതവും അവസാനിച്ചു എന്ന് കരുതി . പക്ഷെ , അധ്യാപന ജീവിതത്തിലും കാത്തിരുന്നത് ഹോസ്റ്റല്‍ ജീവിതം തന്നെയായിരുന്നു . റസിഡന്‍ഷ്യല്‍ ഹൈ സ്കൂളില്‍ പത്തു വര്‍ഷം ഈ ജീവിതം തന്നെ . ഉണ്ണുന്നതും ഉറങ്ങുന്നതും പഠിക്കുന്നതും പഠിപ്പിക്കുന്നതും പ്രാര്‍ഥിക്കുന്നതും എല്ലാം ഒരു കുടക്കീഴില്‍ ..

കടല്‍ കടന്നപ്പോള്‍ കരുതി , ഇനിയെങ്കിലും ജീവിതത്തിനു മറ്റൊരു തലം ഉണ്ടാകുമെന്ന് . ഗള്‍ഫിലും കാത്തിരുന്നത് കൂട്ടുജീവിതം തന്നെയായിരുന്നു . ദീര്‍ഘമായ പത്തു വര്‍ഷത്തെ ജീവിതം ഇങ്ങനെയായിരുന്നു .

നിനക്ക്
എന്താണെഴുതെണ്ടത്?
ഇരുളില്‍ നിന്നിറങ്ങിപ്പോയി
ഇരുളിലേക്ക് തന്നെ കൂടണയുന്ന
ഉദയാസ്തമയങ്ങളെക്കുറിച്ച് ?
കനല്‍ മലയുടെ ഏഴാം നിലയില്‍
ആര്‍ക്കോ വേണ്ടി പുകയുന്ന
തീക്കൊള്ളികള്‍ക്കിടയില്‍
അനുവദിച്ചു കിട്ടിയ ഇത്തിരിയിടത്തെക്കുറിച്ച്‌ ?

ഹൃദയക്കൊളുത്തുകള്‍ മെല്ലെ അഴിച്ചു
മൌനച്ചുണ്ടുകള്‍ അമര്‍ത്തിയടച്ചു
താളം തെറ്റിയ അടുപ്പോരത്ത്
ഇറ്റിവീഴും മുന്‍പേ
വറ്റിത്തീരുന്ന കിനാത്തുള്ളികളെക്കുറിച്ച്‌ ?

ഒരു കുഞ്ഞു നിനവു പോലും
തഴുകിയെത്താനില്ലാത്ത
യാമക്കിതപ്പിനൊടുവില്‍
വിരസമായി കണ്‍ തുറക്കുന്ന
ജീവനില്ലാത്ത
പുലര്‍ക്കാഴ്ചകളെക്കുറിച്ച്‌ ?

വെന്തു മലച്ച വറ്റുകള്‍ക്കിടയിലും
വെറുതെ
നനവ്‌
പരതുന്ന
പരുക്കന്‍ വിരലുകളെക്കുറിച്ച്‌ ?

പറയൂ ചങ്ങാതീ ,
നിനക്കെന്താണെഴുതെണ്ടത് ?  

( 2002 Sept 8  നു എഴുതിയത് )


ഒടുവില്‍ ഗള്‍ഫ്‌  ജീവിതം കുറച്ചു സൌകര്യങ്ങള്‍ ഒക്കെയുള്ള ഒരു വീട് സമ്മാനിച്ചു . പക്ഷെ , അവിടെ വെറും വിരുന്നുകാരനായി മാത്രം ചെന്ന് ഏതാനും  ദിവസം പാര്‍ത്തു തിരിച്ചു പോരാന്‍ ആയിരുന്നു കാലം നിശ്ചയിച്ച വിധി .

എല്ലാ സൌകര്യങ്ങളുമുള്ള വീട് വിട്ട് , ബാത്ത് റൂമിനു മുമ്പില്‍ ക്യൂ നിന്നും , കിട്ടിയത് തിന്നും , ജീവിതം വീണ്ടും അലസമായി ഒഴുകി . എന്നാലും എന്തൊക്കെ അസൌകര്യങ്ങള്‍ ഉണ്ടെങ്കിലും  തന്റെ കട്ടിലില്‍ എത്തി ഒന്ന് നിവര്‍ന്നു കിടന്നാല്‍ ഒരു ദിവസം സമ്മാനിച്ച എല്ലാ വിഹ്വലതകള്‍ക്കും അറുതിയാവും .. വല്ലാത്ത  ഒരു സമാധാനം കൈവരും .

ഇന്ന് സ്വന്തം വീടല്ലെന്കിലും സ്വന്തം വാടക വീട്ടിലാണ് താമസം .. !!!

ഇന്നിപ്പോള്‍ എന്റെ  വീട് ഒരു പ്രവാസിയെപ്പോലെ ഞങ്ങളെ കാത്തിരിക്കുകയാണ്  ..

ഇടയ്ക്കു ഇട്ടേച്ചു പോയ കുടുംബാംഗങ്ങള്‍ തിരിച്ചു വരുന്നതും വീണ്ടും വീട് സജീവമാകുന്നതും കാത്ത് കാത്തിരിപ്പാണ്  .. ചുരുക്കത്തില്‍ വീട് ഒരു സ്വപ്നമാണ് അന്നും ഇന്നും ..!


9 comment drops:

പ്രിയ വായനക്കാരേ,കമന്റ്‌ ബോക്സിന്റെ താഴെ കൊടുത്തിരിക്കുന്ന

'ഇമെയില്‍ വഴി സബ്സ്ക്രൈബ് ചെയ്യുക'

എന്നതില്‍ ക്ലിക്ക് ചെയ്‌താല്‍ താങ്കളുടെ കമന്റിനു മറുപടി

ഇ മെയില്‍ ആയി ലഭിക്കും

  1. പ്രവാസിയുടെ ആര്‍ദ്രമായ ഹൃദയ ചിന്തകള്‍

    മറുപടിഇല്ലാതാക്കൂ
  2. നന്നായിരിക്കുന്നു മാഷെ.
    സത്യം പറഞ്ഞാല്‍ "നിനക്ക്‌ എന്താണെഴുതേണ്ടത്?"എന്നുതുടങ്ങി വായിച്ചുവരുമ്പോള്‍ മനസ്സ്‌ അസ്വസ്ഥമാകുകയാണ് ഉണ്ടായത്.
    മൂര്‍ച്ചയുള്ള വരികള്‍ ഉള്ളില്‍ നീറ്റലുണ്ടാക്കി.
    പിന്നെ ഒരുസംശയം -ഇന്ന് സ്വന്തം 'വീടല്ലെന്കിലും'.....'എന്നതിനെ പറ്റിയാണ്....
    ആശംസകളോടെ

    മറുപടിഇല്ലാതാക്കൂ
  3. ഹാ, മനസ്സിനെ സ്പര്‍ശിക്കുന്ന വാക്കുകള്‍

    മറുപടിഇല്ലാതാക്കൂ
  4. പ്രവാസിയുടെ നോവിന് മുന്നില്‍ ഒന്നും പറയാനില്ല.

    മറുപടിഇല്ലാതാക്കൂ
  5. സ്വന്തം മണ്ണിൽ അന്തിയുറങ്ങാനൊരു കൂര..അത്രയും മതി.
    ബാക്കിയെല്ലാം സ്വാർത്ഥ മനുഷ്യന്റെ അഹങ്കാരങ്ങൾ തന്നെ..!

    നൊമ്പരചിന്തകളിൽ ഉയർന്ന വീട്ടുകാര്യം നന്നായിരിക്കുന്നു...ആശംസകൾ..!

    മറുപടിഇല്ലാതാക്കൂ
  6. വീടില്ലാത്തവര്‍....... എത്ര വീടുണ്ടായാലും മതിയാകാത്തവര്‍ ... എപ്പോഴും ഇതിന്‍റിടയിലാണ് നമ്മള്‍..... അല്ലേ?

    വളരെ നന്നായി എഴുതിയിട്ടുണ്ട് കേട്ടൊ അഭിനന്ദനങ്ങള്‍

    മറുപടിഇല്ലാതാക്കൂ
  7. എവിടെ പോയാലും വീണ്ടും തിരിച്ച് അവിടേക്കു തന്നെ എത്തണമെന്നു തോന്നുന്ന ഒരിടം, അതാണ് വീട്.

    മറുപടിഇല്ലാതാക്കൂ

 
Copyright © 2010 Iringattiri Drops. All rights reserved.
Design By- മലയാളം ബ്ലോഗ്‌ ഹെല്‍പ്