2014, ഒക്‌ടോബർ 22, ബുധനാഴ്‌ച

ഒമ്പത് ബിയിലെ മീശക്കാരന്‍




ടീച്ചിംഗ് പ്രാക്റ്റീസിന് എനിക്ക് കിട്ടിയ സ്കൂള്‍ ഒതുക്കുങ്ങല്‍ ഗവണ്മെന്‍റ് സ്കൂള്‍ ആയിരുന്നു . അവിടെ നിന്ന് കണ്ടു മുട്ടിയ ഷാഹിദ എന്ന പെണ്‍കുട്ടിയെ കുറിച്ച് മുമ്പ് എഴുതിയിരുന്നു .
ആ സ്കൂളില്‍ വെച്ച് തന്നെയാണ് ഈ അനുഭവവും ഉണ്ടാകുന്നത് .

ഒരു ദിവസം ഒമ്പത് ബിയില്‍ ഞാന്‍ ക്ലാസ് എടുത്തു കൊണ്ടിരിക്കുകയാണ് . അന്‍പത്തി മൂന്നു കുട്ടികളൊക്കെ സ്ട്രങ്ങ് ത്ത് 
ഉള്ള ക്ലാസ് ആണ് . 

ക്ലാസ്സില്‍ 'കുട്ടികള്‍' എന്ന് പറയാന്‍ പറ്റാത്ത ചില 'യുവാക്കളും ' ഉണ്ട് . അവരുടെ 'ആസ്ഥാനം' പിന്ബെഞ്ചിലാണ് . 
എന്നേക്കാള്‍ തണ്ടും തടിയും ആയവും നീളവും മീശയും താടിയും ഒക്കെ ഉള്ളവരാണ് 
അവര്‍ . അവരുടെ കൂടെ പഠിച്ച കുട്ടികളൊക്കെ ജയിച്ചു കയറി 
ഡിഗ്രിയൊക്കെ എത്തിക്കാണും . ഇവരാകട്ടെ ഓരോ ക്ലാസ്സിലും ഒന്നും രണ്ടും കൊല്ലം ഒക്കെ ഇരുന്നു 'തഴക്കവും പഴക്കവും' സിദ്ധിച്ചവരാണ്

ക്ലാസ് എടുക്കുന്നതിനിടെ എന്തോ പറഞ്ഞു വരുന്ന കൂട്ടത്തില്‍ കോപ്പി എഴുത്തിനെ കുറിച്ച് പറയവേ ഞാന്‍ പറഞ്ഞു :

കോപ്പി എഴുത്ത് കൊള്ളാം പക്ഷേ
കോപ്പി അടിക്കുന്നത് കൊള്ളാമോ ? 
( അന്നേ ഈ അക്ഷര വികൃതി ഉണ്ട് )

അത് കേട്ട പാടെ പിന്‍ ബെഞ്ചില്‍ നിന്ന് ഉറക്കെ ഒരു കമന്റ്
മാഷേ ($#@)^%$ കൊള്ളാം ല്ലേ ..?
'കോപ്പി' എന്ന വാക്കിലെ 'കോ ' ക്ക് പകരം 'കേ ' ഉപയോഗിച്ചാണ്
'ആക്രമണം' . 
അത് കേട്ടു പിന്ബെഞ്ചിലെ എല്ലാ യുവാക്കളും  
പെരും ചിരി . മറ്റു ചില ആണ്‍ കുട്ടികള്‍ക്കും കാര്യം പിടി കിട്ടി എന്ന് തോന്നുന്നു . അവരും ചിരിച്ചു . പെണ്‍കുട്ടികളുടെ ഭാഗത്ത്‌ കാര്യമായ അനുരണനം ഒന്നും ഉണ്ടായില്ല .

ഞാന്‍ വല്ലാതെ ചമ്മിപ്പോയി ! കുട്ടികളുടെ മുമ്പില്‍ ചമ്മുക എന്നതാണ് ഒരു അദ്ധ്യാപകന്‍ നേരിടുന്ന ഏറ്റവും  വലിയ ദുര്യോഗം



ഉള്ളില്‍ ചമ്മലുണ്ടായിരുന്നു എങ്കിലും ഞാന്‍ അത് കേട്ടഭാവം നടിക്കാതെ ക്ലാസ് തുടര്‍ന്നു . പക്ഷേ അവനുണ്ടോ വിടുന്നു ?
മാഷേ , ($#@)^%$ കൊള്ളാം ല്ലേ ... മാഷെ .. 
വീണ്ടും ..!!!

ഞാന്‍ ഐസ് ആയിപ്പോയി . എനിക്ക് അപമാനവും അരിശവും
പകയും ദേഷ്യവും ചമ്മലും എല്ലാം കൂടിച്ചേര്‍ന്ന ഒരു പ്രത്യേക 
തരം അവിയല്‍ വികാരം അടിമുതല്‍ മുടിവരെ അരിച്ചു കേറി . നേരത്തെ ഉയര്‍ന്ന ചിരിയിലേറെ ഭീകരമായ ചിരി ആണ് ഇപ്പോള്‍ ക്ലാസ്സില്‍ മുഴങ്ങിയത് .

ഇവനെ വെറുതെ വിട്ടാല്‍ ശരിയാവില്ല . 
ഒന്ന് ഇരുത്തിയെ മതിയാവൂ . മനസ്സില്‍ കണക്കു കൂട്ടി
ഞാന്‍ അവനോടു എണീറ്റ് നില്‍ക്കാന്‍ പറഞ്ഞു .
പേര് ചോദിച്ചു . 
അവന്‍ പറഞ്ഞു 
വയസ്സ് ചോദിച്ചു . അല്പം ചമ്മലോടെ അവന്‍ പറഞ്ഞു : പതിനെട്ട്
നിന്റെ കൂടെ പഠിച്ചിരുന്നവരൊക്കെ ഇപ്പോള്‍ എവിടെ 
എത്തിക്കാണും ?
അതിനു അവന്‍ മറുപടി പറഞ്ഞില്ല . തലയും താഴ്ത്തി നിന്നു

എട്ടാം ക്ലാസ്സില്‍ എത്ര കൊല്ലം ഇരുന്നു ?
അവന്‍ : രണ്ട്
ഇപ്പോള്‍ ഒമ്പതില്‍ എത്രാമത്തെ കൊല്ലം ആണ് ?
അതിനു മറുപടി പറയതെ അവന്‍ രണ്ടു വിരലുകള്‍ ഉയര്‍ത്തി കാണിച്ചു . അപ്പോള്‍ ഞാന്‍ പറഞ്ഞു . നിനക്കൊക്കെ സ്കൂളില്‍ വരുന്നതിനേക്കാള്‍ നല്ലത് വീട്ടിലിരുന്നു നീ നേരത്തെ പറഞ്ഞില്ലേ അത് തന്നെയാണ് നല്ലത് !!!

ഇരി അവിടെ !!! ഞാന്‍ ആക്രോശിച്ചു

OO

ക്ലാസ് കഴിഞ്ഞു സ്റ്റാഫ് റൂമില്‍ എത്തിയിട്ടും എനിക്ക് മനസ്സിന് വല്ലാത്ത ഒരു ഭാരം . ആ കുട്ടിയോട് അങ്ങനെ പറഞ്ഞത് ഭീകരമായ ഒരു തെറ്റായി പോയില്ലേ ? അവന്‍ ഒരു കുട്ടി അല്ലെ ? ഒരു അധ്യാപകന് കുട്ടിയോട് പറയാന്‍ പറ്റുന്നതാണോ ഞാന്‍ പറഞ്ഞത് ? അവന്‍ 

പ്രകോപിപ്പിച്ചിട്ടാണ് എന്നാലും ഒരു അധ്യാപകന്‍ ഒരു കുട്ടിയോട് അങ്ങനെ പറയാമോ ? വളരെ മോശമായില്ലേ ? ഞാന്‍ കുറ്റബോധം കൊണ്ട് വല്ലാതായി .
വീട്ടില്‍ എത്തിയിട്ടും എന്റെ മനസ്സില്‍ ആ സംഭവം  തന്നെയായിരുന്നു . 
ആ ദുര്‍ബല നിമിഷത്തെ കുറിച്ച് ഓര്‍ത്ത്‌ അന്ന് എനിക്ക് ഉറങ്ങാന്‍ കഴിഞ്ഞില്ല . ഇടയ്ക്കിടെ മനസാക്ഷി എന്നോട് ചോദിച്ചു : പിന്നെ നീയും ആ കുട്ടിയും തമ്മില്‍ എന്ത് വ്യത്യാസം ?

OO

പിറ്റേന്ന് തീരെ ഉഷാറില്ലാതെയാണ് ഞാന്‍ സ്കൂളിലേക്ക് ചെന്നത് . ചെന്ന പാടെ ഒമ്പത് ബിയില്‍ അന്ന് പി ടി പിര്യേഡ്‌ ഉണ്ടോ എന്ന് ടൈം ടേബിള്‍ ബോര്‍ഡില്‍ നോക്കി . ഉണ്ട് നാലാം പിര്യേഡ്‌ .
മൂന്നാം പിര്യേഡ്‌ ബെല്ലടിച്ച ഉടനെ ഞാന്‍ പ്യൂണിനെ വിട്ടു ഒമ്പത് ബിയിലെ 'കഥാപാത്രത്തെ ' വിളിപ്പിച്ചു . അവന്‍ വന്നു . അവന്‍ മുഖം കുനിച്ചു നില്‍ക്കുകയാണ് . ഞാന്‍ അവനെ അടുത്ത് പിടിച്ചു ഇരുത്താന്‍ ശ്രമിച്ചു . അവന്‍ വഴങ്ങിയില്ല . ഞാന്‍ പറഞ്ഞു . ഇവിടെ ഇരിക്ക് എന്റെ അടുത്ത്  . നിന്നോട് ഒരു കാര്യം പറയാനുണ്ട് .
വല്ലാതെ നിര്‍ബന്ധിച്ചപ്പോള്‍ അവന്‍ എന്റെ അരികിലിരുന്നു.

ഇന്നലെ ഞാന്‍  പറഞ്ഞത് ഇത്തിരി ഓവറായി . നീ എന്നോട് ക്ഷമിക്കണം . അയാം റിയലി സോറി ..!! 
നീ പ്രകോപിപ്പിച്ചത് കൊണ്ടാണ് ഞാനങ്ങനെ പറഞ്ഞത് എന്നാലും ഒരു അദ്ധ്യാപകന്‍ എന്ന നിലക്ക് ഞാനങ്ങനെ പറയരുതായിരുന്നു ..
എന്നോട് ക്ഷമിക്കണം .

അത്  കേള്‍ക്കേ അവന്റെ ഭാവം മാറി . കണ്ണുകള്‍ നിറഞ്ഞു . അവനെ ന്റെ കാല്‍ക്കല്‍ വീണു പറഞ്ഞു . മാഷെ ക്ഷമ ചോദിക്കേണ്ടത്‌ ഞാനാണ് . ഞാനാണ് തെറ്റ് കാരന്‍ മാഷെന്നോട് പൊറുക്കണം .
മേലാല്‍ എന്റെ അടുത്ത് നിന്ന് അത്തരം ഒരു പെരുമാറ്റവും ഉണ്ടാവില്ല . ഒരു തവണ എനിക്ക് മാപ്പ് തരണം . 

ഞാന്‍ അവനെ പിടിച്ചു എഴുന്നേല്പ്പിച്ചു . എന്നിട്ട് പറഞ്ഞു .
എല്ലാം എല്ലായിടത്തും പറയാന്‍ പാടില്ല . സ്ഥലം, മുഖം ,   കുലം , ന്യായം ഇവ അനുസരിച്ചേ സംസാരിക്കാന്‍ പറ്റൂ . അത് മനസ്സിലാക്കുന്നത്‌ നല്ലതാണ് . ഇവിടെ നിന്റെ ഭാഗത്ത് മാത്രമല്ല എന്റെ ഭാഗത്തും തെറ്റ് സംഭവിച്ചിട്ടുണ്ട് . തെറ്റ് മനുഷ്യ സഹജമാണ് . അത് തിരിച്ചറിയുന്നതും തെറ്റ് ചെയ്തവരോട്‌ മാപ്പിരക്കുകയും ആണ് വേണ്ടത് . അങ്ങനെ ചെയ്യുമ്പോള്‍  നാം  ചെറുതാവുകയല്ല 
വലുതാവുകയാണ് ചെയ്യുക . 
ഓക്കേ . നീ ക്ലാസ്സില്‍ പൊയ്ക്കോളൂ . കണ്ണ് തുടച്ചും തല കുനിച്ചും അവന്‍ സ്റ്റാഫ് റൂമില്‍ നിന്ന് ഇറങ്ങിപോവുന്നത് അവന്‍ കണ്ണില്‍ നിന്ന് മറയും വരെ ഞാന്‍ നോക്കി നിന്നു .

തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഒമ്പത് ബി ക്ലാസ് തികച്ചും  
ശാന്തമായിരുന്നു . പിന്‍ബെഞ്ചിലെ  കുട്ടികള്‍ വലിയ മര്യാദ രാമന്മാരായിട്ടാണ്  കാണപ്പെട്ടത്  . 

ടീച്ചിംഗ് പ്രാക്ടീസ് കഴിഞ്ഞു കുട്ടികളോട് യാത്ര പറയാന്‍ 
ഞാന്‍ ക്ലാസ് എടുത്തിരുന്ന എല്ലായിടത്തേക്കും ക്കും പോയ കൂട്ടത്തില്‍
ഒമ്പത് ബിയിലും പോയി . നന്നായി പഠിക്കണം എന്നും ഓരോന്നിനും ഓരോ സമയം ഉണ്ടെന്നും അതാതിന്റെ സമയങ്ങളില്‍ അത് മാത്രമാണ് നമ്മുടെ ശ്രദ്ധയില്‍ ഉണ്ടാവേണ്ടത് എന്നും ഒക്കെ പറഞ്ഞു ഒരു വിട വാങ്ങല്‍ പ്രസംഗം ഒക്കെ നടത്തിയിട്ടാണ് ഇറങ്ങിയത്‌ .

ക്ലാസില്‍ നിന്ന് ഇറങ്ങി നടക്കുമ്പോള്‍ പിന്നിലൊരു കാല്‍ പെരുമാറ്റം 
തിരിഞ്ഞു നോക്കുമ്പോള്‍ നമ്മുടെ 'ഗഡി ' ആണ് .
മാഷെ , പോവും മുമ്പ് ഒരിക്കല്‍ കൂടി പറയുകാ .. മാഷെന്നോട് 
ക്ഷമിക്കണം . പൊറുക്കണം . അക്കാര്യം മറക്കണം .
ഞാനവന്റെ തോളില്‍ കയ്യിട്ടു കൂടെ നടത്തിയിട്ട് പറഞ്ഞു .
അതൊക്കെ അന്നേ മറന്നു . പൊറുത്തു . ക്ഷമിച്ചു 
എന്നിട്ട് ഞാന്‍ ചോദിച്ചു . നീയോ ?
അവന്‍ പറഞ്ഞു . ഞാനും ..!!

അന്നേരം അവന്റെ കണ്ണുകള്‍ നിറഞ്ഞിട്ടുണ്ടായിരുന്നു .
അല്പം കഴിഞ്ഞപ്പോഴാണ് എനിക്ക് മനസ്സിലായത്‌ . എന്റെ കണ്ണുകളും നിറഞ്ഞിട്ടുണ്ട്‌ !!!





3 comment drops:

പ്രിയ വായനക്കാരേ,കമന്റ്‌ ബോക്സിന്റെ താഴെ കൊടുത്തിരിക്കുന്ന

'ഇമെയില്‍ വഴി സബ്സ്ക്രൈബ് ചെയ്യുക'

എന്നതില്‍ ക്ലിക്ക് ചെയ്‌താല്‍ താങ്കളുടെ കമന്റിനു മറുപടി

ഇ മെയില്‍ ആയി ലഭിക്കും

 
Copyright © 2010 Iringattiri Drops. All rights reserved.
Design By- മലയാളം ബ്ലോഗ്‌ ഹെല്‍പ്