2013, ഏപ്രിൽ 18, വ്യാഴാഴ്‌ച

എഴുത്തും വായനയും സാന്റ് വിച്ച് പരുവത്തില്‍ ?!!!




വായനയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് എപ്പോഴും ഒരേ താളം ആണ് എവിടെയും കാണുന്നത് . 
അത് ബഷീറില്‍ തുടങ്ങി എം ടി യിലൂടെ പോയി മാധവിക്കുട്ടിയില്‍ അവസാനിക്കുന്നു . 
വിജയനോ , പുനത്തിലോ , മുകുന്ദനോ , സക്കറിയയോ , എന്‍ . എസ് . മാധവനോ ഒന്നും ചര്‍ച്ചയില്‍ പോലും വരുന്നില്ല . എന്നിട്ടല്ലേ പുതിയ എഴുത്തും എഴുത്തുകാരും.

ബഷീറും എം ടിയും ഒക്കെ വായിക്കപ്പെട്ട പോലെ ഇനി മറ്റാരെങ്കിലും വായിക്കപ്പെടും എന്ന് തോന്നുന്നില്ല . പഴയ കാലത്തെ ചില വായനാ ഓര്‍മ്മകള്‍ മാത്രമാണ് നമുക്കുള്ളത് . 
അത് കൊണ്ടാണ് ഇത്തരം ചര്‍ച്ചകളില്‍ പുതിയ എഴുത്തുകാര്‍ തീരെ കടന്നു വരാത്തത് .

പുതിയ ജനറേഷന്‍ ഫാസ്റ്റ്‌ ഫുഡ്‌ സംസ്ക്കാരത്തെയാണ് വായനയിലും ഇഷ്ടപ്പെടുന്നത് .
എഫ് . ബി വന്നതോടെ വലിയ ഒരു സൃഷ്ടിയും നമുക്ക് കണ്ടുകൂടാതായി . 
കാമ്പ് മാത്രം മതി . പറയാനുള്ളത് നേരെ ചൊവ്വെ സംഗ്രഹിച്ചു എത്ര ചുരുക്കിക്കുറുക്കി പറഞ്ഞോ അത്രയും നന്ന് .

പക്ഷെ ഈ ചെറുതിനെ മാത്രം 'കാംക്ഷിക്കുന്ന ' സമീപനം വലിയ ചില സാധ്യതകളെ സംഹരിക്കുന്നുണ്ട് .
വലിയ ക്യാന്‍വാസില്‍ പറയുന്ന കഥകള്‍ , നോവലുകള്‍ വായനക്കാരന് രസം മാത്രമല്ല നല്‍കുക .
ഭാഷ , ശൈലി , സമര്‍ത്ഥന രീതി , വാക്യ ഘടന , ശില്പ ഭംഗി , ക്രാഫ്റ്റ് തുടങ്ങി ഒരെഴുത്തുകാരന്‍ മനസ്സിരുത്തേണ്ട നിരവധി നൈപുണികള്‍ നാമറിയാതെ നമ്മിലേക്ക് സന്നിവേശിപ്പിക്കുന്ന എഴുത്തുകളാണ്, സത്യത്തില്‍ എഴുതിത്തുടങ്ങുന്നവരുടെ പ്രാഥമിക സ്കൂള്‍ . 
ആ സ്കൂള്‍ ഇപ്പോള്‍ അടച്ചു പൂട്ടല്‍ ഭീഷണിയിലാണ് .

കൊറിക്കാന്‍ പറ്റുന്ന സൃഷ്ടികള്‍ക്ക് ആണ് ഇന്ന് ഡിമാന്റ് . അതില്‍ എത്ര മാത്രം 'രസം ' ഉണ്ട് അതിനനുസരിച്ച് ആണ് സ്വീകാര്യത . ആലോചിച്ചും മനനം നടത്തിയും ആശയ തലങ്ങളിലേക്ക് ഊളിയിട്ടും പോകുന്നത് മെനക്കെട് മാത്രമല്ല , ദഹനക്കേട് കൂടിയാണ് ഇന്ന് .

അത് കൊണ്ടൊക്കെത്തന്നെ ഇന്നത്തെ എഴുത്തിന് ഭാഷ ഒരു പ്രശ്നമാകുന്നില്ല , 
അക്ഷരത്തെറ്റുകള്‍ പോലും ശ്രദ്ധിക്കേണ്ട കാര്യമേയല്ല !!

എഴുതിയും തിരുത്തിയും വീണ്ടും എഴുതിയും മിനുക്കിയും കരുത്ത് നേടിയിരുന്ന മുന്‍ എഴുത്തുകാരും 'അപ്പങ്ങള്‍ എമ്പാടും ഒറ്റയ്ക്ക് അപ്പപ്പോള്‍ ചുട്ടെടുക്കുന്ന പുതിയ 'അമ്മായിമാരും ' തമ്മില്‍ താരതമ്യത്തിന് പോലും വക കാണുന്നില്ല .

പുതിയ രീതിയില്‍ എഴുത്തിന്പൂക്കാനോ , തളിര്‍ക്കാനോ കായ്ക്കാനോ , ഒന്നും നേരമില്ല .. !
ഒരു പൂത്തിരി പോലെ മെല്ലെ ഒന്ന് കത്തി പിന്നെ മിന്നി ഒടുവില്‍ എരിഞ്ഞടങ്ങുന്നു .

എഴുത്തിനെ ഇത്ര 'സില്ലി 'യായി കണ്ട ഒരു കാലഘട്ടം മുമ്പ് ഉണ്ടായിട്ടില്ല എന്ന് തോന്നുന്നു .
ഗഹനമായി ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ തിരിഞ്ഞു നോക്കാത്ത 'പുതിയ വായനാ സമൂഹം ' ആഴമില്ലാത്ത' ' എഴുത്തുകളില്‍ അഭിരമിക്കുന്നു . 
എഴുത്തുകാര്‍ ആവട്ടെ കിട്ടിയ ലൈക്കും കമന്റും കണക്ക് കൂട്ടിയും അതില്‍ ആഹ്ലാദം കൊണ്ടും ആത്മരതിയില്‍ സ്വയം മറക്കുകയും ചെയ്യുന്നു .

എഴുത്ത് ഇന്ന് നാഥനില്ലാത്ത അവസ്ഥയിലാണ് . മുമ്പ് ഒരു എഡിറ്റര്‍ എങ്കിലും ഉണ്ടായിരുന്നു വായനക്കാരനും എഴുത്തുകാരനും ഇടയില്‍ . 
ഇന്ന് എഡിറ്ററും പ്രൂഫ്‌ റീഡറും , പബ്ലിഷറും , പ്രിന്ററും പ്രസാധകരും പരസ്യക്കാരും വില്‍പ്പനക്കാരും ഒക്കെ ഒരാള്‍ തന്നെ .

ഈ അവസ്ഥയില്‍ മാര്‍ക്കറ്റ് നോക്കി എഴുതാന്‍ എഴുത്തുകാരനും നിര്‍ബന്ധിതനാകുന്നു .
സൂകര പ്രസവം പോലെ എഴുത്ത് നടക്കുന്നു . 
അത് കൊണ്ട് തന്നെ ഇന്നത്തെ മിക്ക എഴുത്തും വായനയും 'നീറ്റിലെ പോളകള്‍ ' മാത്രമായി അവശേഷിക്കുന്നു .

മനസ്സിന്റെ ഭക്ഷണം ആണ് വായന . 
അത് വെറും ഫാസ്റ്റ്‌ ഫുഡ്‌ മാത്രമായി പോയാല്‍ അത് ആരോഗ്യത്തിനു ഗുണകരമാവില്ല , വലിയ വായന വിഭവ സമൃദ്ധമായ സദ്യ യാണ് . സമീകൃതാഹാരം ..
അവിടേക്ക് ഒരു തിരിച്ചു പോക്ക് നമുക്ക് സാധിക്കില്ല ; 
എങ്കിലും ഒരു തിരിച്ചറിവ് സാധിക്കുമല്ലോ ..


16 comment drops:

പ്രിയ വായനക്കാരേ,കമന്റ്‌ ബോക്സിന്റെ താഴെ കൊടുത്തിരിക്കുന്ന

'ഇമെയില്‍ വഴി സബ്സ്ക്രൈബ് ചെയ്യുക'

എന്നതില്‍ ക്ലിക്ക് ചെയ്‌താല്‍ താങ്കളുടെ കമന്റിനു മറുപടി

ഇ മെയില്‍ ആയി ലഭിക്കും

  1. താങ്കൾ എഴുതിയ ഒന്നിനോട് പോലും വിയോജിക്കാൻ പറ്റുന്നില്ല ; അത്രയ്ക്ക് സത്യസന്ധമായി പറഞ്ഞിരിക്കുന്നു .

    ലൈക്കും , ഹിറ്റും മാത്രം മതി നമ്മൾക്ക് ; (മാർക്കറ്റ് ചെയ്‌താൽ ഏത് ചവറിനും കിട്ടും ലൈക്കും ഹിറ്റും , അത് നമ്മൾ മനപ്പൂർവ്വം മറക്കുന്നു )

    മറുപടിഇല്ലാതാക്കൂ
  2. എഴുതിയ ചിലകാര്യങ്ങള്‍ സമ്മതിക്കാതെ വയ്യ.
    എന്നാലും ഈ- എഴുത്ത് ഭാഷക്ക് ഗുണമേ ചെയ്യൂ എന്നാണ് എന്‍റെ അഭിപ്രായം.

    മറുപടിഇല്ലാതാക്കൂ
  3. മനസ്സിന്റെ ഭക്ഷണം ആണ് വായന .
    അത് വെറും ഫാസ്റ്റ്‌ ഫുഡ്‌ മാത്രമായി പോയാല്‍ അത് ആരോഗ്യത്തിനു ഗുണകരമാവില്ല , വലിയ വായന വിഭവ സമൃദ്ധമായ സദ്യ യാണ് . സമീകൃതാഹാരം ..
    അവിടേക്ക് ഒരു തിരിച്ചു പോക്ക് നമുക്ക് സാധിക്കില്ല ;
    എങ്കിലും ഒരു തിരിച്ചറിവ്
    സാധിക്കുമല്ലോ ..

    ഇത് തന്നെ ആണ് മാഷേ ഇന്നത്തെ കാലം..

    മറുപടിഇല്ലാതാക്കൂ
  4. പൂര്ണ്ണമായും ഈ നിരീക്ഷണത്തോട് യോജിക്കാന്‍ കഴിയില്ല ,,അക്ഷരത്തെറ്റ് തിരുത്താന്‍ ചിലപ്പോള്‍ ചില കമ്പ്യൂട്ടര്‍ സമ്മതിക്കില്ല ,ചിലപ്പോള്‍ സമയക്കുറവും കാരണമാവാം ,എന്നാല്‍ എന്‍റെ അനുഭവത്തില്‍ തെറ്റുകള്‍ ചൂണ്ടി കാണിക്കുമ്പോള്‍ പലരും അത് തിരുത്താന്‍ ശ്രമിക്കാറുണ്ട് . ( പിന്നെ ഒരു കാര്യം , നമ്മുടെ പോസ്റ്റിലെ തെറ്റ് നമ്മള്‍ കാണില്ല ,മറ്റുള്ളവര്‍ പറയുമ്പോഴാണ് പലപ്പോഴും നമ്മള്‍ അത് കാണാറ് )

    മറുപടിഇല്ലാതാക്കൂ
  5. ഒരു പുസ്തക രചന വായിക്കുമ്പോള്‍ കിട്ടുന്ന നിറഞ്ഞ സംതൃപ്തി ഇന്‍റെര്‍നെറ്റ് വായനയില്‍ നിന്ന് ഒരിക്കലും കിട്ടിയിട്ടില്ല... സദ്യ പോലെ മനസ്സിന്‍റെ സമീകൃതാഹാരം തന്നെയാണ് നല്ല പുസ്തകങ്ങള്‍ ...
    അവിടേക്ക് ഒരു തിരിച്ചു പോക്ക് നമുക്ക്‌ സാധിക്കില്ല ; എങ്കിലും ഒരു തിരിച്ചറിവ് സാധിക്കുമല്ലോ ...!!

    മറുപടിഇല്ലാതാക്കൂ
  6. മനസ്സിന്റെ ഭക്ഷണം ആണ് വായന .
    അത് വെറും ഫാസ്റ്റ്‌ ഫുഡ്‌ മാത്രമായി പോയാല്‍ അത് ആരോഗ്യത്തിനു ഗുണകരമാവില്ല , വലിയ വായന വിഭവ സമൃദ്ധമായ സദ്യ യാണ് . സമീകൃതാഹാരം ..
    അവിടേക്ക് ഒരു തിരിച്ചു പോക്ക് നമുക്ക് സാധിക്കില്ല ;
    എങ്കിലും ഒരു തിരിച്ചറിവ് സാധിക്കുമല്ലോ ..
    തീര്‍ച്ചയായും മാഷെ,വലിയ(എല്ലാംകൊണ്ടും)നോവലുകളുടെ സംക്ഷിപ്തരൂപം വായിച്ചുകഴിയുമ്പോള്‍ നമുക്ക് സംതൃപ്തി
    ലഭിക്കാറില്ലല്ലോ.പണ്ടൊക്കെ എഴുതിയകഥകള്‍ എത്രയോ വട്ടം
    മിനുക്കുപണികള്‍ ചെയ്താണ് വാരികയിലേക്കൊന്ന് അയച്ചുകൊടുക്കുക.എന്നിട്ടും തിരിച്ചിങ്ങോട്ട് എത്തുമ്പോള്‍.....
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  7. സൂകരപ്രസവം പോലെ എഴുത്ത് നടക്കുന്നു
    സിംഹക്കുട്ടികളെ കാണുന്നുമില്ല

    മറുപടിഇല്ലാതാക്കൂ
  8. ഭായ് പറഞ്ഞതെല്ലാം നേരിന്റെ നേരുകൾ...
    പക്ഷേ..വായനയും ഇപ്പോൾ മാർക്കറ്റ് ചെയ്താലെ നടക്കൂ എന്നവരെ എത്തിയില്ലേ

    മറുപടിഇല്ലാതാക്കൂ
  9. കാലത്തിനൊരു സമ്മാനം ,
    തലമുറക്കൊരു മുന്നറീപ്പ് .....

    മറുപടിഇല്ലാതാക്കൂ
  10. നല്ല വായന മറന്നതുകൊണ്ടായിരിയ്ക്കാം നല്ല എഴുത്തും മരിച്ചുകൊണ്ടിരിയ്ക്കുന്നത്.
    FB വായനയെ ചുരുക്കിക്കൊണ്ടു വരുന്നതായിത്തന്നെയാണ് തോന്നുന്നത്.
    നമുക്ക് എത്രത്തോളം ചുരുങ്ങാന്‍ കഴിയുമെന്ന് കാലം കാണിച്ചു തരട്ടെ,
    ആശംസകള്‍ .....

    മറുപടിഇല്ലാതാക്കൂ
  11. മനസ്സിന്റെ ഭക്ഷണം ആണ് വായന .

    അത് വെറും ഫാസ്റ്റ്‌ ഫുഡ്‌ മാത്രമായി പോയാല്‍ അത് ആരോഗ്യത്തിനു ഗുണകരമാവില്ല , വലിയ വായന വിഭവ സമൃദ്ധമായ സദ്യ യാണ് . സമീകൃതാഹാരം .. ...... വളരെ സത്യം......... :)

    മറുപടിഇല്ലാതാക്കൂ

 
Copyright © 2010 Iringattiri Drops. All rights reserved.
Design By- മലയാളം ബ്ലോഗ്‌ ഹെല്‍പ്