2013, ഏപ്രിൽ 2, ചൊവ്വാഴ്ച

അണ്ണനും തങ്കച്ചിയും







ഇന്നും ഇന്നലെയും നമ്മുടെ ചൂടുള്ള വിഷയം ഗണേഷും തങ്കച്ചിയും ആയിരുന്നു .
ഇനി ഒന്ന് രണ്ടു ദിവസം നമ്മുടെ ഇഷ്ടപ്പെട്ട വിഷയവും അതാവും . അതിനു ആരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല . ചൂടുള്ളതാണ് എല്ലാവര്‍ക്കും വേണ്ടത് . നമുക്കായാലും ചാനലുകാര്‍ക്ക് ആയാലും . ചൂടുള്ളത്തിന്റെ 'ആസ്വാദന നിലവാരം' മറ്റൊന്നിനും കിട്ടില്ല , അത് എയിഡ്സ് ആയാലും എന്ടോ സൾഫാൻ ആയാലും ക്യാന്‍സര്‍ ആയാലും. വിഷയത്തില്‍ എത്ര കാമ്പുണ്ട് എന്നല്ല എത്രമാത്രം എരിവുണ്ട് എന്നതാണ് എല്ലാവരുടെയും നോട്ടം .

നമുക്ക് കൊള്ളാവുന്ന ഒരു മന്ത്രിയായിരുന്നു ഗണേഷ് , യാമിനിക്ക് കൊള്ളരുതായ്മകൾ ഏറെയുള്ള ഒരു ഭർത്താവും .

ഗണേഷ് മറ്റു രാഷ്ട്രീയ നേതാക്കളിൽ നിന്ന് തികച്ചും വ്യത്യസ്തനാണ് . വിവാദങ്ങളുടെ കാര്യങ്ങളില്‍ അടക്കം . അദ്ദേഹം പേരെടുത്ത ഒരു നടൻ ആണ് എന്നതാണ് ഒന്ന്. കേരളത്തിൽ മറ്റാർക്കും കഴിയാത്ത ഒരു ബഹുമതി എന്ന് വേണമെങ്കിൽ പറയാവുന്ന കാര്യം .

കാരണം നിത്യ ഹരിത നായകന്‍ പ്രേം നസീര്‍ പോലും ഇറങ്ങി മാനം കെട്ട് തിരിച്ചു കേറേണ്ടി വന്ന മേഖല . പക്ഷെ ഗണേഷ് അവിടെയും തിളങ്ങി , സ്വഭാവ നടനായും വില്ലനായും ശത്രു സംഹാരി യായും പിന്നെ കാമുകനായും സ്റ്റണ്ട് വീരനായുമൊക്കെ .. !!

പൊതുവേ പൊതു പ്രവർത്തകരുടെ കുടുംബം ചിത്രത്തിൽ അധികം വരാറില്ല . പ്രത്യേകിച്ചും കേരളത്തിൽ . അപവാദങ്ങൾ ഉണ്ടെങ്കിലും . ആ ചരിത്രവും ഗണേഷ് തിരുത്തി . ഇന്നിപ്പോൾ കേരളത്തിന്റെ നിയമ നിർമ്മാണ സഭ പ്രക്ഷുബ്ദമായത് ഒരു മന്ത്രിയുടെ ഭാര്യയുടെ വെളിപ്പെടുത്തല്‍  കാരണമാണ് . അത് ഒരു പക്ഷെ ഗണേഷിന്റെ കാര്യത്തില്‍  മാത്രം ഉള്ള പ്രത്യേകത ആവും .

കുടുംബ കലഹം പൊതു വിഷയമല്ല , പക്ഷെ പൊതു പ്രവര്‍ത്തകന്റെ വുക്തിജീവിതം പോലും പൊതു വിഷയാകുന്നു എന്ന നിലക്ക് ഇതും 'പൊതു' ആയി വരുന്നു .

പൊതു പ്രവർത്തകരുടെ കുടുംബം പോലും ശത്രു പക്ഷത്തു നില്ക്കുന്നു എന്നത് ഗണേഷിന്റെ മറ്റൊരു പ്രത്യേകത . അച്ഛന്‍ പിള്ളയുടെ നല്ല പിള്ള അല്ല പണ്ടേ ഗണേഷ് . അച്ഛനെ കണ്ടുകൂടാത്ത മകനാണ് ഗണേഷ് എന്നും . പല അഭിമുഖങ്ങളിലും തുറന്നു പറച്ചിലുകളിലും ഇത് വ്യംഗ്യമായും പരസ്യമായും ഗണേഷ് പറഞ്ഞിട്ടുണ്ട് .

പക്ഷെ ഗണേഷിനു വീട്ടിലെ മുഖമല്ല നാട്ടിൽ . നാട്ടിൽ സ്വഭാവ നടന്‍ ആണ് കക്ഷി . സാധാരണ നാട്ടില്‍ പുലികളായ പലരും വീട്ടില്‍ പൂച്ചകൾ ആയിരിക്കും . ഇവിടെ ഗണേഷ് നേരെ തിരിച്ചാണ് . സിനിമാ രംഗത്തും രാഷ്ട്രീയ രംഗത്തും സാംസ്ക്കാരിക രംഗത്തും മന്ത്രി എന്ന നിലയിലും ഒക്കെ തിളങ്ങുന്ന ഗണേഷിനു സഹപ്രവർത്തകരും സുഹൃത്തുക്കളും ഗുഡ് സര്‍ട്ടിഫിക്കറ്റ് ആണ് നല്കുന്നത് പൊതുവേ .

നടി ശ്രീവിദ്യയുടെ സഹോദരനായും സംരക്ഷകനായും സഹായിയായും വരെ പ്രത്യക്ഷപ്പെട്ട ഗണേഷ് നല്ല മതിപ്പാണ് ആ രംഗത്ത് ഉള്ളവരിലും സൃഷ്ടിച്ചത് . ചില ഒച്ചയില്ലാത്ത ശബ്ദങ്ങള്‍ ആ വിഷയത്തിലും കേട്ടിരുന്നു എങ്കിലും .

ഭാര്യ ഭർത്താവിനെ അടിക്കുന്നത് അത്ര വ്യാപകമല്ല , ഇനി അത് നടന്നാലും അതാരും പരസ്യമായി പറയില്ല , ഇവിടെ ആ പതിവും ഗണേഷ് തെറ്റിച്ചു .

സ്വന്തം വീട്ടിൽ മോശക്കാരനായ ഒരാള്‍ക്ക്‌ നാട്ടില്‍  നല്ലവനാകാന്‍  കഴിയുമോ ?
സ്വന്തം ഭാര്യയോടു പോലും നീതി കാണിക്കാത്ത ഒരാൾക്ക്‌ മറ്റുള്ളവരോട് നീതി പാലിക്കാൻ കഴിയുമോ എന്നൊക്കെ നല്ല ചോദ്യങ്ങൾ ആണ് . ചിന്തിപ്പിക്കേണ്ടവയും .

ഗണേഷിന്റെ രാജി സൈബർ ലോകം പോലും 'വേണ്ടത്ര' ആഘോഷിച്ചില്ല എന്നത് ഒരു പൊതു പ്രവർത്തകൻ എന്ന നിലക്ക് ഗണേഷിനു കിട്ടിയ ഒരു ഓസ്ക്കാര്‍ ആണ് . ചില നേരിയ അപശബ്ദങ്ങളെ കേട്ടുള്ളൂ എന്നത് ഗണേഷ് എന്ന മന്ത്രിയെ ജനങ്ങൾ ഇഷ്ടപ്പെട്ടിരുന്നു എന്നത് തന്നെയാണ് കാണിക്കുന്നത് .

ഒരു കാര്യം ഉറപ്പാണ് . പിള്ളയെ പോലെയല്ല പിള്ളയുടെ പിള്ള . നല്ല കാഴ്ചപ്പാടും പരിഷ്ക്കരണ മനസ്ഥിതിയും സജീവതയും കര്‍മ്മകുശലതയും ഗണേഷ് കാണിച്ചിട്ടുണ്ട് . മുന്‍പ് മന്ത്രി ആയപ്പോഴും ഇപ്പോഴും .

എല്ലാം കൂട്ടി വായിക്കുമ്പോള്‍ ചില ദുരൂഹതകൾ എവിടെയൊക്കെയോ മണക്കുന്നുണ്ട് . അത് പുറത്തു വരേണ്ടത് ഗണേഷ് തന്നെ പറഞ്ഞ പോലെ ഒരു പൊതുപ്രവർത്തകൻ എന്ന നിലക്ക് ഗണേഷിന്റെ ആവശ്യമാണ്‌ .

പണവും പദവിയും സ്ഥാനമാനങ്ങളും സുഖസൌകര്യങ്ങളും ഒക്കെയുണ്ടായിട്ടും മനസമാധാനം ഇല്ലെങ്കിൽ പിന്നെ ആ മനുഷ്യൻ തന്നെയല്ലേ ഏറ്റവും വലിയ 'ദാരിദ്രര്‍' ?

ഒരു രാജി യോടെ നമ്മുടെ വിഷയം തീര്‍ന്നു . വിവാഹമോചനത്തി ലൂടെ ഒരു പക്ഷെ തങ്കച്ചിയുടെ വിഷയവും തീരും . നമുക്ക് മറ്റൊരു ചൂടുള്ള വിഷയം കിട്ടിയാല്‍ നാം അങ്ങോട്ട്‌ ചാടും . ഗണേഷിന് മറ്റൊരു ഭാര്യ കിട്ടിയാൽ അദ്ദേഹത്തിന്റെതും തീരും . ഇനിയും ഒരംഗത്തിന് ആല്ല നൂറങ്കത്തിനു അദ്ദേഹത്തിനു ബാല്യമുണ്ട് . അദ്ദേഹം ഇനിയും കൂടുതല്‍ ശക്തിയോടെ തിരിച്ചു വരും . തങ്കച്ചി ക്കും ഒരു പക്ഷെ മറ്റൊരു ജീവിതം ഉണ്ടായേക്കാം .

പക്ഷെ അച്ഛന്റെയും അമ്മയുടെയും ഏറ്റുമുട്ടലുകള്‍ക്കിടയില്‍ നിസ്സംഗരായി നില്ക്കുന്ന മക്കള്‍ക്ക്‌ ഇത് എന്നും ചൂടുള്ള വിഷയം തന്നെയാവും . ആരൊക്കെ എന്തൊക്കെ കൊടുത്താലും മക്കൾ എവിടെയൊക്കെ എത്തിയാലും അച്ഛനും അമ്മയ്ക്കും പകരം ഈ ലോകത്ത് മറ്റെന്താണ് ഉള്ളത് ?

ഓരോ വേര്‍പിരിയലുകളും തീരാത്ത നെടുവീര്‍പ്പുകൾ ആകുന്നത് ഇവിടെയാണ്‌ !!

8 comment drops:

പ്രിയ വായനക്കാരേ,കമന്റ്‌ ബോക്സിന്റെ താഴെ കൊടുത്തിരിക്കുന്ന

'ഇമെയില്‍ വഴി സബ്സ്ക്രൈബ് ചെയ്യുക'

എന്നതില്‍ ക്ലിക്ക് ചെയ്‌താല്‍ താങ്കളുടെ കമന്റിനു മറുപടി

ഇ മെയില്‍ ആയി ലഭിക്കും

  1. പണവും പദവിയും സ്ഥാനമാനങ്ങളും സുഖസൌകര്യങ്ങളും ഒക്കെയുണ്ടായിട്ടും മനസമാധാനം ഇല്ലെങ്കിൽ പിന്നെ ആ മനുഷ്യൻ തന്നെയല്ലേ ഏറ്റവും വലിയ 'ദാരിദ്രര്‍' ?
    --------------------------------------------
    അങ്ങിനെ നോക്കുമ്പോള്‍ നമ്മള്‍ ഒക്കേ സ്വര്‍ഗ്ഗത്തിലല്ലേ ..അല്‍ഹംദു ലില്ല :)

    മറുപടിഇല്ലാതാക്കൂ
  2. അടി ഇടി തൊഴി
    കേരം എത്ര സുന്ദരം

    മറുപടിഇല്ലാതാക്കൂ
  3. ഉം .... ആരാന്റച്ചിക്ക് പ്രാന്ത് പിടിച്ചാൽ .... !!!

    മറുപടിഇല്ലാതാക്കൂ
  4. ഇവിടെ ഉസ്മാന്‍ പോലും സ്പര്‍ശിക്കാതെ പോയ ഒരു തലം ഈ ദുരന്ത നാടകത്തില്‍ ഉണ്ട് എന്നു സൂചിപ്പിച്ചുകൊള്ളട്ടെ. ഗണശിന്റെ രാജിയില്‍ കലാശിച്ച സംഭവവികാസങ്ങക്ക് എല്ലാം മൂലഹേതു നെല്ലിയാമ്പതി വനഭൂമി തട്ടിയെടുക്കാനുള്ള ചില അതിസമ്പന്നരായ, ഉന്നതങ്ങളില്‍ പിടിപാടും ബിനാമീ ഇടപാടുകളുമുള്ള ചിലരുടെ നീക്കങ്ങള്‍ അംഗീകരിച്ച് നല്‍കാതിരുന്നതാണ്.


    അത്തരം മാഫിയകള്‍ക്ക് എതിരുനിന്നാല്‍ കേരളത്തിലൊരു മന്ത്രിക്കു പോലും ധന നഷ്ടവും മാനഹാനിയും കുടുംബജീവിതം പോലും നഷ്ടമാകും എന്ന സാഹചര്യം അതി ഭീതിതമെന്നേ വിശേഷിപ്പിക്കാനാവൂ.


    ഗണേശനെപോലെ ആളും അര്‍ഥവുമുള്ള ഒരു മന്ത്രിയുറ്റെ ഗതി ഇതാണെങ്കില്‍ സാധാരണക്കാര്‍ക്ക് എങ്ങിനെ നീതിയും സം‌രക്ഷണവും ആരില്‍നിന്നും ലഭിക്കും??


    ഇവിടെ നട്ടെല്ലുള്ള ഒരു ഭരണകൂടമില്ല, ഉള്ള ഭരണക്കാര്‍ ചിലരുടെയെല്ലാം അടുക്കള നിരങ്ങികളും കാലുനക്കികളും മാത്രം.

    മറുപടിഇല്ലാതാക്കൂ

 
Copyright © 2010 Iringattiri Drops. All rights reserved.
Design By- മലയാളം ബ്ലോഗ്‌ ഹെല്‍പ്