ഇ- ഇടങ്ങളിലെ എഴുത്തിന്റെ പ്രധാന ഗുണങ്ങളില്‍ ഒന്ന് വായനക്കാരന്റെ പ്രതികരണം ചൂടോടെ അറിയാം എന്നതാണ്. അച്ചടി മാധ്യമങ്ങളില്‍ വന്ന ഒരു സൃഷ്ടിയെ കുറിച്ച് വായനക്കാരന്റെ മനസ്സറിയാന്‍ എഴുത്തുകാരന്‍ ഏറെ കാത്തിരിക്കണം. ഏറിയാല്‍ ഒന്നോ രണ്ടോ പ്രതികരണങ്ങള്‍ കിട്ടിയാലായി. അത് തന്നെ പത്രാധിപരുടെ ഔദാര്യം ഉണ്ടെങ്കില്‍ മാത്രം..
പക്ഷെ ഇ - ഇടങ്ങളിലെ പ്രതികരണങ്ങള്‍ എഴുത്തുകാരന്റെ മുമ്പിലേക്ക് തുരുതുരാ വന്നു കൊണ്ടിരിക്കും. ലോകത്തിന്റെ ഏതു ഭാഗത്ത് നിന്നും ഞൊടിയിടയില്‍ പ്രതികരണങ്ങള്‍ വരും.
അതില്‍ ഇഷ്ടങ്ങളുണ്ടാകും. അനിഷ്ടങ്ങളുണ്ടാകും. കുറ്റപ്പെടുത്തലുണ്ടാവും സുഖിപ്പിക്കലും ദു:ഖിപ്പിക്കലും ഉണ്ടാകും .
പ്രതികരണങ്ങള്‍ക്കും കമന്റുകള്‍ക്കും ഇ ഇടങ്ങളിലെ സ്വാധീനം കുറച്ചൊന്നുമല്ല .
അതുകൊണ്ട് തന്നെ കമന്റിനു വേണ്ടി അതിസാമര്‍ത്ഥ്യം കാണിക്കുന്നവരും യാചന നടത്തുന്നവരും
ഉണ്ട് ഇവിടെ. കമന്റു കിട്ടാന്‍ വേഴാമ്പലിനെ പോലെ കാത്തിരിക്കുന്നവര്‍ . കിട്ടിയ കമന്റ് മതിയാവാതെ നിരാശ പൂണ്ടവര്‍ . മറ്റുള്ളവന്റെ കമന്റ് കണ്ട് അസൂയ കൊള്ളുന്നവര്‍ കമന്റിനു വേണ്ടി ചാറ്റിലൂടെയും മെന്‍ഷന്‍ വഴിയും ഉളുപ്പില്ലാതെ ആവശ്യപ്പെടുന്നവര്‍ , ഇവിടെ കിട്ടാന്‍ അവിടെ പോയി കൊടുക്കുന്നവര്‍ . ഓരോ കമന്റിനും സ്വയം മറുപടി എഴുതി കമന്റുകളുടെ എണ്ണം വര്‍ധിപ്പിച്ചു സായൂജ്യമടയുന്നവര്‍ .. ഇങ്ങനെ ഇ ഇടങ്ങളില്‍ കമന്റിനു വേണ്ടി നടക്കുന്ന കളികള്‍ ഏറെ രസകരമാണ്, വിചിത്രവും. ചിലപ്പോഴൊക്കെ ഈ കളികള്‍ വഴിവിട്ടതാകുന്നു ; ലജ്ജാകരവും .
തികച്ചും ബാലിശമായ തനി തറ പോസ്റ്റുകള്‍ കമന്റുകള്‍ കൊണ്ട് നിറഞ്ഞു കവിയുന്നത് കണ്ടിട്ടുണ്ട് .
മികച്ച പോസ്റ്റുകള്‍ തിരിഞ്ഞു നോക്കാന്‍ ആളില്ലാതെ അനാഥമായിക്കിടക്കുന്നതും കണ്ടിട്ടുണ്ട് . ഇതില്‍ നിന്ന് മനസ്സിലാകുന്നത് പ്രതികരണങ്ങള്‍ ഭൂരിഭാഗവും വെറും ഉപരിപ്ലവമായ പുറം ചൊറിയലുകള്‍ മാത്രമാണ് എന്നാകുന്നു .
പ്രതികരണങ്ങള്‍ പൊതുവേ സുഖിപ്പിക്കല്‍ , അഭിനന്ദിക്കല്‍ , നിരൂപിക്കല്‍ , വിമര്‍ശിക്കല്‍ എന്നിങ്ങനെ നാലു വിധമുണ്ട് . ഇവ ഓരോന്നും വ്യത്യസ്ത രീതിയിലാണ് ഓരോരുത്തരെയും സ്വാധീനിക്കുക.
സുഖിപ്പിക്കല്‍ വെറുതെ ഒരു പുറം ചൊറിയല്‍ മാത്രമാണ്. അവിടെ ഒരേ ഒരു ലകഷ്യം മാത്രം. അവനെ / അവളെ / ഒന്ന് രസിപ്പിക്കുക . അത് കൊണ്ട് കാര്യമായ ദോഷം ഒന്നും വരാനില്ല . ഗുണം ഉണ്ട് താനും.
ഉദ്ദിഷ്ടകാര്യത്തിന് ഉപകാര സ്മരണ. അവിടെ കൊടുത്താല്‍ ഇവിടെ കിട്ടും.
പക്ഷേ , ഇത് തികച്ചും കാപട്യമാണ്.. 'ഇങ്ങനെ പറയാന്‍ മാത്രമൊന്നുമില്ല എന്നാലും കിടക്കട്ടെ ...' എന്ന ഒരു ഉള്‍ധ്വനി ഇവിടെ മുഴങ്ങി കേള്‍ക്കാം. വെറും ഉപരിപ്ലവമായ വാചക കസര്‍ത്തുകള്‍ . ഇതിനായി ചില സ്ഥിരം വാചകങ്ങള്‍ തന്നെയുണ്ട് . കിടിലന്‍ , കിക്കിടിലന്‍ , തുടങ്ങി 'നീയൊരു പുലി' തന്നെ വരെ.. !
കമന്റിന്റെ എണ്ണം നോക്കി ആശ്വസിക്കുന്നവര്‍ക്ക് ഈ പരിപാടി ഏറെ ഗുണം ചെയ്യും...!
പക്ഷെ , അഭിനന്ദനം അങ്ങനെയല്ല. അത് നല്‍കുന്നവനും സ്വീകരിക്കുന്നവനും സന്തോഷം പകരുന്ന കാര്യമാണ്. ഇത് ഇഷ്ടപ്പെടാത്തവര്‍ ആരുമുണ്ടാകില്ല . അഭിനന്ദനം ഉള്ളില്‍ നിന്ന് വരുന്നതാണ്. അതില്‍ കാപട്യത്തിന് പഴുതില്ല . ഇവിടെ വാക്കുകള്‍ ധാരാളം ഉപയോഗിക്കാം . കൂടുതല്‍ ആത്മസംയമനം പാലിക്കേണ്ട കാര്യമില്ല . നല്‍കുന്നവനും സുഖം. കിട്ടുന്നവനും സുഖം . ഒരെഴുത്തുകാരന് കിട്ടുന്ന ഏറ്റവും ഹൃദ്യമായ സമ്മാനം ആണ് അഭിനന്ദനങ്ങള്‍ ..
വിമര്‍ശനം കൂട്ടത്തില്‍ ഏറെ കടുപ്പമേറിയതാണ്.. ഇവിടെ നല്ല പക്വതയും ആത്മസംയമനവും പാലിച്ചേ തീരൂ. വ്യക്തി വിരോധം , അസൂയ , ദ്വേഷ്യം , മറ്റുള്ളവരുടെ വളര്‍ച്ചയില്‍ അസഹിഷ്ണുത ഇവയൊക്കെ കടന്നു വരാനുള്ള പഴുതുകള്‍ യഥേഷ്ടം ഉള്ള ഒരു 'മുറിപ്പെടുത്തല്‍' മാര്‍ഗം.
ഇവിടെ തെറ്റ് മാത്രമേ കാണുന്നുള്ളൂ. അത് ചൂണ്ടിക്കാണിക്കുമ്പോള്‍ മനസ്സിന് മുറിവേല്‍ക്കാന്‍ സാധ്യത ഏറെ! പ്രത്യേകിച്ചും പരസ്യമായി ഇത് നിര്‍വഹിക്കുമ്പോള്‍ .
വിമര്‍ശനം എല്ലാവരും ഒരേ പോലെയല്ല ഉള്‍ക്കൊള്ളുക .
അവന്‍ എന്നെ വിമര്‍ശിക്കാന്‍ ആര്? അവന് അതിനുള്ള യോഗ്യത എന്ത് ? തുടങ്ങിയ ആത്മ രോഷത്തില്‍ നിന്നും ഉയരുന്ന ചോദ്യങ്ങള്‍ വിമര്‍ശനത്തിനു ഇരയാകുന്നവന്റെ മനസ്സില്‍ അസ്വസ്ഥത സൃഷ്ടിക്കും.
ഏറെ ശ്രദ്ധയോടെ നടത്തേണ്ടുന്ന ഒരു കാര്യമാണ് വിമര്‍ശനം.
വിമര്‍ശകര്‍ക്ക് ശത്രുക്കള്‍ കൂടുന്നത് ഇത് കൊണ്ടാണ് .
വിമര്‍ശനം നടത്തുന്ന ആളെ കുറിച്ച് വിമര്‍ശിക്കപ്പെടുന്ന ആള്‍ക്ക് വ്യക്തി ബന്ധം ഉണ്ടാകുക ,
ഗുണ കാംക്ഷിയാണ് എന്ന ഉത്തമ ബോധ്യം നില നിലനില്‍ക്കുക ,
ഗുരു തുല്യന്‍ ആകുക ,
വിമര്‍ശിക്കപ്പെടുന്ന ആള്‍ക്ക് വിമര്‍ശകന്റെ കഴിവില്‍ മതിപ്പുണ്ടാകുക,
അയാളുടെ ആത്മാര്‍ഥത ബോധ്യപ്പെടുക
ഇത്തരം ഗുണവിശേഷങ്ങള്‍ ഉള്ള വ്യക്തികളില്‍ നിന്ന് എത്ര രൂക്ഷമായ വിമര്‍ശനം ഉണ്ടായാലും അത് സന്തോഷപൂര്‍വ്വം ആരും സ്വീകരിക്കും. അവരുടെ ഭാവിക്ക് അത് കരുത്ത് പകരും...!!
സത്യത്തില്‍ എന്നെ വിമര്‍ശിച്ചോളൂ എന്ന് പറയുന്നവരെ ഒന്ന് കാര്യമായി വിമര്‍ശിച്ചു നോക്കൂ .
അപ്പോള്‍ അറിയാം തനിനിറം. ഇത് ബ്ലോഗില്‍ മാത്രമല്ല ; ഫേസ് ബുക്കിലും ഇങ്ങനെ തന്നെ. അപവാദങ്ങള്‍ ഇല്ലെന്നല്ല .
ഭൂരിഭാഗം ആളുകളും പൊക്കിപ്പറയുന്നത് നന്നായി ആസ്വദിക്കും . വിമര്‍ശനത്തില്‍ അസഹിഷ്ണുത കാണിക്കും. പിന്നെ അവനെ ആ കണ്ണുകൊണ്ട് തന്നെ കാണും. കലാക്കാലം . ഒരേ രംഗത്ത് പ്രവര്‍ത്തിക്കുന്ന ആളുകളാണെങ്കില്‍ പ്രത്യേകിച്ചും. നടപ്പ് രീതി അങ്ങനെയാണ്.
അതിനു വേറെ ഒരു കാരണം കൂടിയുണ്ട്. പലര്‍ക്കും വിമര്‍ശിക്കാന്‍ അറിയില്ല . സുഖിപ്പിച്ചു പറയുന്ന അത്ര എളുപ്പമല്ല വിമര്‍ശനം. വിമര്‍ശം പലപ്പോഴും മുറിപ്പെടുത്തല്‍ ആകുന്നു.. ഏതൊരു കുഞ്ഞു പക്ഷിക്കും എളുപ്പത്തില്‍ മുറിപ്പെടുന്ന ഒരു മനസ്സുണ്ട്. അത് കൊണ്ട് നയപരമായി കാര്യങ്ങള്‍ പറയാന്‍ ശ്രമിച്ചാല്‍ പ്രശ്നം ഉണ്ടാവില്ല . മാത്രമല്ല അത് എഴുത്തുകാരന് ഒരു തിരിച്ചറിവിന് കാരണമാകുകയും ചെയ്യും.
നിരൂപണം തിരിച്ചറിവിനുള്ള നല്ല മാര്‍ഗമാണ് .
ഇവിടെ കുറച്ചു കൂടി സംയമനം ആവശ്യമാണ്.. വിഷയത്തെ കുറിച്ച് നല്ല ബോധ്യം വേണം ഒന്ന്. രണ്ട് , നല്ലതും ചീത്തയും വേര്‍ തിരിച്ചു കാണാനുള്ള കണ്ണ് .
ഒരാളുടെ വളര്‍ച്ചയും അഭ്യുന്നതിയും കാംക്ഷിക്കുന്നവര്‍ ഈ മാര്‍ഗം സ്വീകരിക്കുന്നതാണ് നല്ലത്. നല്ല കയ്യടക്കവും മന:സംയമനവും പാലിക്കേണ്ട രീതിയാണിത്.. ഇവിടെ മുറിപ്പെടുത്തുന്നില്ല , മുറിവുള്ള ഭാഗങ്ങള്‍ സ്നേഹത്തോടെ ചൂണ്ടി ക്കാണിച്ചു കൊടുക്കുകയാണ് .. വളരാന്‍ ആഗ്രഹിക്കുന്ന ഏതൊരാള്‍ക്കും ഏറെ ഉപകാരപ്പെടുന്ന ഒരു മാര്‍ഗം .
കുറ്റം മാത്രം കണ്ടു പിടിക്കാന്‍ ഭൂതക്കണ്ണാടി വെച്ച് നടക്കുന്നവരുണ്ട് . ഞാന്‍ കേമന്‍ എന്ന് അവരുടെ അക്ഷരങ്ങളില്‍ നിന്ന് വായിച്ചെടുക്കാം . അവര്‍ മറ്റുള്ളവരെ വിമര്‍ശിച്ചു കൊണ്ടേ ഇരിക്കും . തിരിച്ചു ഒന്ന് കിട്ടിയാല്‍ കോപാന്ധന്‍ ആവുകയും ചെയ്യും. ചില പരിഹാസക്കാര്‍ക്കും ഉണ്ട് ഈ സ്വഭാവം . അവര്‍ എല്ലാവരെയും കളിയാക്കും . തിരിച്ചൊന്നു കിട്ടിയാല്‍ വല്ലാതെ ക്ഷമ കേടു കാണിക്കുകയും ചെയ്യും.
പിന്നെ എന്തൊക്കെ പറഞ്ഞാലും ഗുണകാംക്ഷികളുടെ വിമര്‍ശനം ഏതൊരു എഴുത്തുകാരനെയും നന്നാക്കും .. അത്തരം ഗുണ കാംക്ഷികളുടെ സ്വരം നമുക്ക് പ്രത്യേകം തിരിച്ചറിയാനാവും .....
സോഷ്യല്‍ മീഡിയകളില്‍ അഭിനന്ദനവും , നിരൂപണവും ആവും ആരോഗ്യകരം എന്ന് തോന്നുന്നു .
കാരണം ഒരു പൊതു സമൂഹത്തിന്റെ മുമ്പില്‍ വെച്ച് അവമതിക്കപ്പെടാന്‍ ആരും ഇഷ്ടപ്പെടുന്നില്ല . അതാരും പൊറുക്കുകയും ഇല്ല . എത്ര വലിയ സഹൃദയന്‍ ആണെന്ന് അഹങ്കരിക്കുന്നവനാണ് എങ്കില്‍ പോലും.
മാമ്പൂ കണ്ടും മക്കളെ കണ്ടും അഹങ്കരിക്കരുത് എന്ന് പറഞ്ഞപോലെ കമന്റ് കണ്ടും ഫോളോവേഴ്സിനെ കണ്ടും അഹങ്കരിക്കരുത് എന്ന് മാത്രം..!!!
ഇ-ഇടങ്ങളിലെ ഇക്കിളികളും ഇക്കളികളും നിങ്ങളീപറഞ്ഞതൊക്കെ ത്തന്നെയാ മാഷേ..,
മറുപടിഇല്ലാതാക്കൂ“ഫോട്ടോയില്‍ കാണുന്നതെല്ലാം ഫോളോവേഴ്സല്ല”
മേത്തരം ഇരിങ്ങാട്ടിരിത്തരലുകള്‍..:)
മഹാ സമുദ്രം പോലെ അനന്തമായി കിടക്കുന്ന ഈ ഭൂലോകത്ത് ചെറിയ തുരുത്തുകളില്‍ ഇടവേളകളില്‍ ഒരുമിച്ചു കൂടുന്നവര്‍ എന്നാ ഒരു ചിന്ത പലയിടത്തും കാണാതെ വരുന്ന കാലത്ത് വളരെ പ്രസക്തമായ വാക്കുകള്‍ .
മറുപടിഇല്ലാതാക്കൂഅത് പറഞ്ഞത് ഉസ്മാന്‍ സാഹിബ് ആയതു കൊണ്ട് തന്നെ,
ഇത് വളരെ മാറ്റം ഉണ്ടാക്കിയേക്കാം .
നന്ദി ഈ വ്യത്യസ്ത പോസ്റ്റിനു .
മക്കളെ കണ്ടും മാമ്പൂ കണ്ടും കൊതിക്കില്ല ,ഈ പോസ്റ്റ് കണ്ടു കൊതിച്ചു .പിന്നെ കമന്റുകള്‍ ,രാത്രിയും പകലും തല പുകച്ചു കഷ്ടപ്പെടുന്ന ബ്ലോഗരുടെ പ്രതിഫലമല്ലേ കമന്റുകള്‍ ?പ്രവാചകന്‍ പറഞ്ഞത് പോലെ വിയര്‍പ്പ് ഉണങ്ങും മുന്നേ അത് ലഭിച്ചാല്‍ സന്തോഷമായി ,ബാക്കിയെല്ലട്ടിനും നൂറു ലൈക് ...
മറുപടിഇല്ലാതാക്കൂമാഷേ പല പ്രതികരണങ്ങളും, ഉപകാരപ്രദമാകുന്നത് മനസ്സിനെ മുറിവേല്‍പിക്കാത്ത വിമര്‍ശനങ്ങള്‍ ആവുമ്പോഴാണ്...
മറുപടിഇല്ലാതാക്കൂവളരെ നല്ലൊരു പോസ്റ്റ്
മറുപടിഇല്ലാതാക്കൂകമന്റിനായി ചാറ്റിലും മെയിലിലും കെഞ്ചുകയും അഭ്യർത്ഥിയ്ക്കുകയും അക്രോശിയ്ക്കുകയും ചെയ്യുന്നവരുണ്ട്. മിയ്ക്കവരുടേയും പോസ്റ്റിന്റെ നിങ്കുകൾ മെയിലിൽ സ്ഥിരമായി വരുന്നുമുണ്ട്. പക്ഷേ അങ്ങനെയുള്ളവരിൽ ബഹുഭൂരിപക്ഷം പേരും തങ്ങൾ മെയിലിലും ചാറ്റിലുമെല്ലാം ലിങ്കുന്നവരുടെ ബ്ലോഗുകൾ സന്ദർശിക്കുകയോ, അഥവാ വായിച്ചാൽത്തന്നെ ആത്മാർത്ഥമായ ഒരഭിപ്രായം എഴുതുകയോ ചെയ്യുന്നില്ലെന്നാണ് എന്റെ അഭിപ്രായം. നല്ല അഭിപ്രായങ്ങളാണ് ഒരു ബ്ലോഗറുടെ ശക്തി. അതു സുഖിപ്പിയ്ക്കലിലൊതുക്കാതെ ആത്മാർത്ഥമായി അഭിപ്രായമെഴുതിയാൽ എഴുതുന്നവന് ഏറ്റവും നല്ല സമ്മാനവും പ്രോത്സാഹനവും കൂടുതൽ എഴുതാനുള്ള പ്രചോദനവുമാവും. വിമർശനാണെങ്കിൽ നന്നായെഴുതാനുള്ള വഴികാട്ടിയുമാവും...
നല്ല വിമര്‍ശനം, നന്നായി സ്വീകരിക്കുന്നവരോട് നന്നായി പറയാന്‍ കഴിയുക എന്നതൊരു കഴിവ് തന്നാണേ...പലര്‍ക്കും ഇല്ലാത്തതും...
മറുപടിഇല്ലാതാക്കൂഈ പോസ്റ്റ് ഒരു കമെന്റെരുടെ പാഠ പുസ്തകമാണ്.
മറുപടിഇല്ലാതാക്കൂനന്ദി മാഷേ
അഭിനന്ദനങ്ങളും, വിമര്‍ശനങ്ങളും എഴുത്തിന്റെ വളര്‍ച്ചക്ക് വേഗത കൂട്ടും. എഴുത്തുകാരന്/കാരിക്ക് ഒന്നിനോട് പ്രിയവും, മറ്റൊന്നിനോട് അസഹിഷ്ണുതയും അരുതെന്ന് മാത്രം. രണ്ടിനും തുല്യാനുപാതത്തില്‍ സ്വാധീനമുണ്ടെന്ന് സാരം. എങ്കിലും, ഗുണത്തില്‍ മികച്ചത് വിമര്‍ശനം തന്നെ..!! അതും 'ആരോഗ്യപരം' എന്ന് പറയണമെങ്കില്‍ താത്പര്യം ഗുണകാംക്ഷയായിരിക്കണം. അല്ലാത്തവ കേവലം വിമര്‍ശനത്തിനു വേണ്ടിയുള്ള വിമര്‍ശനങ്ങളായി മാറും. അതെപ്പോഴും ചര്‍ച്ചക്ക് പുറത്തു തന്നെയാണ്.
മറുപടിഇല്ലാതാക്കൂമാമ്പൂ കണ്ടും മക്കളെ കണ്ടും അഹങ്കരിക്കരുത് എന്ന് പറഞ്ഞപോലെ കമന്റ് കണ്ടും ഫോളോ വേഴ്സിനെ കണ്ടും അഹങ്കരിക്കരുത് എന്ന് മാത്രം..
മറുപടിഇല്ലാതാക്കൂഉസ്മാൻ ഇരിങ്ങാട്ടിരി...വളരെ നല്ല, വ്യത്യസ്തമായ ഒരു പോസ്റ്റ്. പുതുതായി ഇ-മേഖലയിലേയ്ക്ക് കടന്നുവരുന്നവർ മനസ്സിലാക്കേണ്ടിയിരിക്കുന്ന ഒരു യാഥാർത്ഥ്യം തന്നെയാണിത്.കാരണം ഇ-എഴുത്തിൽ പലർക്കും താത്പര്യം പരസ്പരം പുറം ചൊറിയാൻ തന്നെയാണ്.തനിക്ക് കിട്ടേണ്ടുന്ന കമന്റിൽ കുറവുണ്ടാകുമോ എന്ന ഭയമായിരിക്കാം ഈ പുറം ചൊറിയലിന് അവരെ പ്രേരിപ്പിക്കുന്നത്. ഗുണപരമായ വിമർശനങ്ങൾ പ്രകടിപ്പിക്കുവാൻ പലർക്കും ഭയം തന്നെയാണെന്ന് പലപ്പോഴും തോന്നിപ്പോകാറുണ്ട്. പിന്നെ "പൊതുജനം പലവിധം" എന്നുപറഞ്ഞതുപോലെ പലരുടെയും ആഗ്രഹങ്ങൾ പലവിധമല്ലേ സുഹൃത്തേ..അതുകൊണ്ട് വെറും കമന്റ് ആഗ്രഹിക്കുന്നവന് അത് കൊടുക്കുക.. വളർച്ചയും വിമർശനവും ആഗ്രഹിക്കുന്നവന് ,ലേഖനം വിശദമായി വായിച്ച് അർഹിക്കുന്ന രീതിയിൽ വിലയിരുത്തി അഭിപ്രായം രേഖപ്പെടുത്തുക.ആ വഴിയാണ് ഞാൻ സ്വീകരിച്ചിരിക്കുന്നത്..അത്തരത്തിൽ നന്നായി വായിച്ച് വിലയിരുത്തുന്നവരുടെ ഒരു കൂട്ടായ്മ ഇ-എഴുത്തിൽ അത്യാവശ്യമാണെന്നും പലപ്പോഴും തോന്നാറുണ്ട്.
മറുപടിഇല്ലാതാക്കൂവളരെ നന്ദി ഇങ്ങനെ ഒരു വിഷയം ഇവിടെ അവതരിപ്പിച്ചതിന്.
നന്ദി ഇക്ക ഇങ്ങനെ ഒരു പോസ്റ്റിനു. ഇതിലെ ഉള്ളടക്കം അത്യയും ഉപകാരപ്രദമാണ്.
മറുപടിഇല്ലാതാക്കൂമായം ചേര്‍ത്ത മരുന്നു പോലെയാണ് ആത്മാര്‍ഥതയില്ലാത്ത അഭിപ്രായങ്ങള്‍ ..
മറുപടിഇല്ലാതാക്കൂഇടയ്ക്കിടയ്ക്ക് ഇങ്ങിനെയുള്ള പോസ്റ്റുകള്‍ ഉണ്ടാവണം. ചില സ്വയം തിരുത്തലുകള്‍ക്ക് അത് വായനക്കാരനെ പ്രേരിപ്പിക്കും.
ആശംസകള്‍ ..
വ്യത്യസ്തങ്ങളായ പോസ്റ്റുകള്‍ ഇടുക
മറുപടിഇല്ലാതാക്കൂസത്യസന്ധമായി അഭിപ്രായം പറയുക
പോസ്റ്റുകള്‍ പോലെ തന്നെ ,വ്യത്യസ്തങ്ങളായ അഭിപ്രായങ്ങള്‍ ഉണ്ടാകുമ്പോഴേ കമന്റ് വായനക്കും ഒരു സുഖമുണ്ടാവൂ...
കമന്റില്‍ എന്ത് വിമര്‍ശനം എഴുതിയാലും സുഖിപ്പിചാലും നല്ല വായനക്കാരനു അറിയാം- പോസ്റ്റിന്റെ മേന്മയും പോരായ്മയും...അതിനാല്‍ കമന്റിനെ കുറിച്ച് വ്യാകുലപ്പെടുന്നതെന്തിനു??
തല്ലും തലോടലും ഒരേപോലെ സ്വീകരിക്കാന്‍ തയ്യാറായാല്‍തന്നെ വളരെ നല്ലത്.
വിത്യസ്തത ഉള്ള എഴുത്ത് ..ഒരു പുനര്‍ ചിന്തക്ക് ഉതകും ആശംസകള്‍ എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞു മയില്‍പീലി
മറുപടിഇല്ലാതാക്കൂഎഴുതി വച്ചതിലെ അബദ്ധങ്ങളും സുബദ്ധങ്ങളുമൊക്കെ പലപ്പോഴും മനസ്സിലാകുക വായനക്കാര്‍ ചൂണ്ടിക്കാട്ടുമ്പോഴാണു,ആ നിലക്ക് കമന്റുകള്‍ നല്ലത് തന്നെ. പിന്നെ സുഖിപ്പിക്കല്‍ കമന്റുകള്‍; കുറേ കഴിഞ്ഞാല്‍ എഴുതിയവനും കേള്‍ക്കുന്നവനും അത് മടുക്കും.അപ്പൊ തനിയെ നിര്‍ത്തിക്കോളും.
മറുപടിഇല്ലാതാക്കൂക്രിസ്തുമസ് പുതുവത്സരാശംസകള്‍ സുഹൃത്തേ...
നല്ലൊരു ചെറുപഠനം. നിരൂപണങ്ങളും, അഭിനന്ദനങ്ങളും ഇത്തരം മാദ്ധ്യമങ്ങളെ വളർച്ചയുടെ വഴിയോരങ്ങളാക്കും, സംശയമില്ല. വിമർശിക്കാനറിയാത്ത വിമർശന ഭ്രാന്ത് പിടിപെട്ടവർ, ഈ മാദ്ധ്യമങ്ങളെ പ്രയോജന രഹിതവുമാക്കും. ഇവിടേയും സ്ഥാനമാനങ്ങളും കണ്ണടച്ച വിലയും ലഭിക്കുന്നത് അത്ര ശുഭമായിരിക്കില്ല എന്നൊരു കാര്യം കൂടി സൂചിപ്പിക്കേണ്ടതുണ്ടായിരുന്നു എന്ന് തോന്നുന്നു.
മറുപടിഇല്ലാതാക്കൂഇതില് പറയാത്ത വേറൊരു കൂട്ടരേം കാണാം.
മറുപടിഇല്ലാതാക്കൂഒന്ന് രണ്ടു ഫൈക് ഐഡി ഉണ്ടാക്കി അവര്‍ തമ്മതമ്മില്‍ കമന്റുകള്‍ ഇട്ടു കളിപ്പിക്കുന്നവര്‍. പുറമേ കാണുമ്പോള്‍ കമന്റുകളുടെ ബാഹുല്യം; അകത്തോ തൊഴുത്തില്‍ കുത്തും...
:)
>>മാമ്പൂ കണ്ടും മക്കളെ കണ്ടും അഹങ്കരിക്കരുത് എന്ന് പറഞ്ഞപോലെ കമന്റ് കണ്ടും ഫോളോ വേഴ്സിനെ കണ്ടും അഹങ്കരിക്കരുത് എന്ന് മാത്രം <<
മറുപടിഇല്ലാതാക്കൂവളരെ ശരി... നന്നായി ലേഖനം ( പുറം ചൊറിച്ചില്‍ അല്ല )
അതെ അതെ വിമര്‍ശനത്തില്‍ ആത്മസംയമനത്തിനാണ് പ്രാധാന്യം. നാം ഒരു വിമര്‍ശനമുണ്ടായാല്‍ അത് ഏതു ഭാഷയിലാണെങ്കില്‍ സ്വീകരിക്കും എന്ന് ചിന്തിക്കാതെ പലരും വളരെ പരുഷമായി മറ്റുള്ളവരെ വിമര്‍ശിച്ച് വലിയ വഴക്കുകള്‍ ഉണ്ടാക്കുന്നത് പലപ്പോഴും കണ്ടിട്ടുണ്ട്.
മറുപടിഇല്ലാതാക്കൂനാം കമന്റുകള്‍ ഇടുമ്പോള്‍ നമ്മുടെ മുഖം അവര്‍ കാണുന്നില്ല. പലരുടെയും അഭിപ്രായങ്ങള്‍ മുഖഭാവം കൂടി കണ്ടാലേ പൂര്‍ണ്ണമായി മനസ്സിലാക്കാനാകൂ. ചില വാചകങ്ങള്‍ വായിക്കുമ്പോള്‍ ഒരു ആശയക്കുഴപ്പമുണ്ടാകാറുണ്ട് -അയ്യാള്‍ ഇത് തമാശക്കാണോ കാര്യമായാണോ പറഞ്ഞതെന്ന്. ഇത്തരം കമന്റുകളില്‍ സ്‌മൈലികള്‍ ഉപയോഗിക്കുന്നത് നല്ലതാണ്.
നല്ല ചിന്തയുള്ള ലേഖനം. ഏറെഇഷ്‌ടമായി. നീളന്‍ പോസ്റ്റുകള്‍ വായിക്കാന്‍ മടിക്കുന്ന എന്റെ പതിവു തെറ്റിച്ച് മുഴുവനും വായിച്ചു.
എന്റെ ചോദ്യങ്ങളും അതിനുള്ള ഉത്തരങ്ങളും മാഷിന്റെ ഈ പോസ്റ്റില്‍ എനിക്ക് ലഭിച്ചു. ഓരോ പോസ്റ്റിലും അടുത്തത് ഇത്തിരികൂടി മെച്ചപ്പെടണം എന്നാഗ്രഹിക്കുന്നയാളാകയാല്‍ എന്‍റെ എഴുത്തിന്റെ സത്യസന്ധമായ നിരൂപണത്തിന് ഞാന്‍ ഏവരെയും ക്ഷണിച്ചുകൊള്ളുന്നു.
മറുപടിഇല്ലാതാക്കൂനന്ദി,