2014, ഒക്‌ടോബർ 19, ഞായറാഴ്‌ച

പ്രണയം


ഹംസുക്ക എന്റെ റൂം മേറ്റ് ആയിരുന്നു .
അദ്ദേഹത്തിന് ആണും പെണ്ണുമായി ഒറ്റ മോളെ ഉള്ളൂ . 
പത്താം ക്ലാസ്സിലാണ് പഠിക്കുന്നത് . 
അവളെ കുറിച്ച് പറയുമ്പോള്‍ ഹംസു വല്ലാതെ വാചാലനാകും .

''എന്റെ എല്ലാം ഓളാ . ഓളെ പഠിപ്പിച്ചു വല്യ നിലയിലെത്തിക്കണം . എന്നിട്ടേ കെട്ടിക്കൂ , അതിനു എന്ത് വേണമെങ്കിലും ഞാന്‍ ചെയ്യും .. ''
എന്നൊക്കെ ഇടയ്ക്കിടെ പറയും . .
അന്നേരം അദ്ദേഹത്തിന്റെ മുഖം ഒന്ന് കാണണം .

കുറച്ചു ദിവസമായി ഞാന്‍ 
ഹംസുക്ക യെ ശ്രദ്ധിക്കുന്നു . 
എന്തോ ഒരു മാനസിക വിഷമം അദ്ദേഹത്തെ അലട്ടുന്ന പോലെ തോന്നി സുഖമായി ഉറങ്ങാറുള്ള അദ്ദേഹം തിരിഞ്ഞും മറിഞ്ഞും കിടക്കുന്നു . ഇടയ്ക്കിടെ എഴുന്നേറ്റു പുറത്തേക്കു പോകുന്നു .

എനിക്ക് ചോദിക്കണം എന്നുണ്ടായിരുന്നു . പക്ഷേ ഇനി എന്നോട് പറയാന്‍ പറ്റാത്ത വല്ല കാര്യവും ആണെങ്കിലോ ?

അങ്ങനെയിരിക്കെ ഒരു ദിവസം ഞാന്‍ റൂമില്‍ ഒറ്റയ്ക്കാണ് .
ഹംസുക്ക എന്റെ അടുത്ത് വന്നു ഒരു മുഖവുരയും കൂടാതെ പറഞ്ഞു 'എടാ ഞാന്‍ വല്ലാത്ത ഒരു എടങ്ങേറിലാണ് . എന്താ ചെജ്ജാ ന്ന് ച്ചറീല്ല .

ഞാന്‍ ചോദിച്ചു . എന്ത് പറ്റി ?
ഹംസുക്കാ ഈ ലോകത്ത് ഏതു പ്രതിസന്ധിക്കും ഒരു പരിഹാരം ഉണ്ടാകും . വിഷമിക്കാതെ അതിനെ നേരിടുക . 
ആര്‍ക്കാണ് പ്രശ്നം ഇല്ലാത്തത് ?

അപ്പോള്‍ 
ഹംസുക്ക എന്നോട് വല്ലാതെ ചേര്‍ന്ന് ഇരുന്ന് സ്വരം താഴ്ത്തി പറഞ്ഞു : ''മറ്റാരും അറിയരുത് . നിങ്ങളുടെ മനസ്സില്‍ വെച്ചാല്‍ മാത്രം മതി . ഒരു പോംവഴി പറഞ്ഞു തരികയും വേണം . കുറെ കാലം കുട്ടികളെയൊക്കെ പഠിപ്പിച്ച ആളല്ലേ .."

ഞാന്‍ വല്ലാത്ത ആകാംക്ഷയോടെ 
ഹംസുക്കയെ നോക്കി .

പറയൂ . എന്താ പ്രശ്നം ?

ഒരു ദിവസം . 
എന്റെ ഭാര്യ നബീസ വീട് അടിച്ചു തുടക്കു കയായിരുന്നു . അപ്പൊ ഞങ്ങളെ മോള്‍ സാബിറയുടെ ബുക്കുകള്‍ അടുക്കി വെക്കുമ്പോഴാണ് ഒരു കടലാസ് താഴത്തുക്ക് വീണത്‌ . 
നാലായി മടക്കിയ ഒരു പേപ്പര്‍ . ഓള് അത് എന്താണ് എന്ന് നോക്കുമ്പോഴാണ് അത് ഒരു ലവ് ലെറ്റര്‍ ആണെന്ന് അറിയുന്നത് . എഴുതിയിരിക്കുന്നത് ആരാന്നെറിയോ ?  ഒരു ശിവദാസ്. 
ഓളെ ഒപ്പം പഠി ക്കുണ ചെക്കന്‍ .

ഭാര്യ ആ കടലാസ്സുമായി അവളെ ചോദ്യം ചെയ്തു . 
അവള്‍ സമ്മതിച്ചു . അവനോടു അവള്‍ക്കു ഇഷ്ടമാണ് . അവര്‍ ഒന്നിച്ചു ജീവിക്കാന്‍ തീരുമാനിച്ചിട്ടുണ്ട് പോലും ...!!!

രണ്ടു മൂന്നു ദിവസായി ഇത് ഞാന്‍ അറിഞ്ഞിട്ട് . പിന്നെ ഞാനാകെ തകര്‍ന്നിരിക്കുകയാണ് . ഉറക്കം പോലും കിട്ടുന്നില്ല . എന്തൊക്കെ കിനാവ്‌ കണ്ടതാ ഓളെക്കുറിച്ച് ?

അവളെ ഇഞ്ഞി പഠിപ്പിച്ചാന്‍ പറഞ്ഞയക്കണ്ട എന്നാണു എന്റെ തീരുമാനം . അവളിനി എവിടെയും പോണ്ട . പഠിച്ചത് മതി . പ്രേമം ആണത്രേ പ്രേമം . അതും വേറെ ഒരു ജാതിയിലെ ചെക്കനോട് .
ഹംസുക്ക നിന്ന് വിറക്കുകയാണ് .

ഞാന്‍ വളരെ സംയമനത്തോടെ പറഞ്ഞു . ഹംസുക്കാ
ഇതൊക്കെ ഇക്കാലത്ത് സര്‍വ സാധാരണം ആണ് . ഇത്തരം വിഷയങ്ങളെ വിവേകത്തോടെയും സമചിത്തതയോടെയും കൈകാര്യം ചെയ്യുകയാണ് വേണ്ടത് . ഏതൊരാള്‍ക്കും മറ്റൊരാളോട് അനുരാഗം തോന്നാം . പ്രണയത്തിനു കണ്ണും മൂക്കും ഇല്ല എന്ന് നമ്മള്‍ പണ്ടേ കേട്ടിട്ടിട്ടുണ്ട് . അതിനു മതവും ജാതിയും സമുദായവും ഇല്ല . പ്രായവും ഇല്ല .

ഇത്തരം പ്രണയങ്ങള്‍ പലതും ഒരു പക്ഷേ വെറും ഭ്രമം ആയിരിക്കും . ആണ്‍ കുട്ടികള്‍ക്ക് ഒരു രസം . പക്ഷേ പെണ്‍കുട്ടികള്‍ വിചാരിക്കും വലിയ ആഴമുള്ള പ്രേമം ആണെന്ന് . നിഷ്ക്കളങ്കരായ കുട്ടികളാണ് ഇത്തരം വലയില്‍ പെട്ടെന്ന് വീഴുക . സ്കൂള്‍ കുട്ടികള്‍ മുതല്‍ വീട്ടമ്മമാര്‍ വരെ പ്രണയത്തില്‍ വീണു പോകാറുണ്ട് .

ഏതായാലും ക്ലാസ്സില്‍ വിടാതിരിക്കുന്നത് ശരിയല്ല . മാത്രവുമല്ല ഇത്തരം വിഷയങ്ങളോട് വൈകാരികമായി പ്രതികരിക്കുന്നത് വിഷയം വഷളാക്കുകയെ ഉള്ളൂ .
അവള്‍ നാളെ മുതല്‍ ക്ലാസ്സില്‍ പോവട്ടെ . ഞാന്‍ പറഞ്ഞു .

ഇല്ല അവളെ ഇനി പഠിക്കാന്‍ വിടുന്നില്ല അവള്‍ പോകുന്നത് പഠിക്കാനല്ലല്ലോ . പ്രേമിക്കാനല്ലേ .

ഞാന്‍ പറഞ്ഞു . എടുത്തു ചാട്ടം അപകടമാണ് .
വീട്ടില്‍ അടച്ചിട്ട് അവള്‍ വല്ല കടുംകൈ ചെയ്‌താല്‍ പിന്നത്തെ കാര്യം ആലോചിച്ചു നോക്കൂ ...

പിന്നെ എന്താ ചെയ്യുക ? 
ഹംസുക്ക  ഒന്നയഞ്ഞു .

ആദ്യം നമുക്ക് അറിയേണ്ടത് ഇത് പ്രേമമാണോ അതോ ഭ്രമമാണോ എന്നാണു . അതറിഞ്ഞിട്ടേ ഒരു നീക്കം നടത്താവൂ .
അതെങ്ങനെ അറിയും ..?
വഴിയുണ്ട് . ഒന്ന് ശ്രമിച്ചു നോക്കാം . ഒരു പരീക്ഷണം . വിജയിച്ചാല്‍ 
രക്ഷപ്പെട്ടു .

നിങ്ങള്‍ ഭാര്യയെ വിളിച്ചു മോള്‍ അറിയാതെ അവളുടെ കൂട്ടുകാരികളില്‍ ഒന്നോ രണ്ടോ മൂന്നോ പേരുമായി ബന്ധപ്പെടാന്‍ പറയുക . എന്നിട്ട് ഈ പയ്യന് മറ്റു ചില പെണ്‍കുട്ടികളുമായി ബന്ധം ഉണ്ട് എന്ന് വെറുതെ അവളോട്‌ പറയുക . ഒരു ദിവസം തന്നെ ആവരുത് ഇങ്ങനെ പറയുന്നത് . രണ്ടോ മൂന്നോ കൂട്ടുകാരികളെ ഇങ്ങനെ ശട്ടം കെട്ടുക .

''അപ്പൊ അത് നുണ പറയാലാവില്ലേ . അങ്ങനെയൊക്കെ വേണോ ..''?
നിഷ്ക്കളങ്കനായ ആ മനുഷ്യന്റെ ചോദ്യം .

അവനു വേറെ വല്ല ബന്ധവും ഉണ്ടോ എന്ന് നമുക്ക് അറിയില്ലല്ലോ. ഇനി ഇല്ലെങ്കിലും ഒരു നല്ല കാര്യത്തിനു വേണ്ടി അല്ലെ . ഇതിനൊക്കെ ആണ് ഹംസുക്കാ 'ഹലാലായ ' നുണ എന്ന് പറയുക . ങ്ങള് ഇത്താനെ വിളിച്ചു കാര്യം പറയീം ..

ഹംസുക്കാന്റെ ഭാര്യ കാര്യബോധവും പക്വതയും ഉള്ള സ്ത്രീ ആയിരുന്നു . അവ
ര്‍ ഈ വിഷയം വളരെ സമര്‍ത്ഥമായും  തന്ത്ര പരമായും  കൈകാര്യം ചെയ്തു .

സാബിറ പിറ്റേന്ന് മുതല്‍ ക്ലാസ്സില്‍ പോയി തുടങ്ങി . 
കൂട്ടുകാരികള്‍ പറഞ്ഞുറപ്പിച്ച പോലെ പല ദിവസങ്ങളിലായി അവളോട്‌ തഞ്ചത്തില്‍ പറഞ്ഞു ഫലിപ്പിച്ചു .  
അവനു വേറെയും ചില കുട്ടികളുമായി ലൈന്‍ ഉണ്ട് എന്ന്

പക്ഷേ അവള്‍ക്കു വിശ്വാസം വന്നില്ല . എന്നാലും ചെറിയ ഒരു 'സ്പാര്‍ക്ക്' അവളുടെ മനസ്സില്‍ സൃഷ്ടിക്കാന്‍ ആ കുട്ടികള്‍ക്ക് കഴിഞ്ഞു

ദിവസങ്ങള്‍ കഴിയും തോറും അവള്‍ക്കു കൂട്ടുകാരികള്‍ പറഞ്ഞതില്‍ എന്തോ ശരിയുണ്ട് എന്ന് തോന്നിത്തുടങ്ങി .
മെല്ലെ മെല്ലെ ഒരു അകലം അവള്‍ പോലും അറിയാതെ മനസ്സിലുണ്ടായി . അവനാവട്ടെ അവളുടെ അകല്‍ച്ച ഫീല്‍ ചെയ്തു തുടങ്ങി .

അപ്പോള്‍ മെല്ലെ മെല്ലെ  അവന്‍ മറ്റൊരു കുട്ടിയുമായി ബന്ധം സ്ഥാപിച്ചു . അവന്റെ ലൈന്‍ മറ്റൊരു കുട്ടിയിലേക്ക്‌  മാറി.

ഒരു ദിവസം അവന്‍ ഒരു പെണ്‍കുട്ടിയുമായി സംസാരിച്ചു നില്‍ക്കുന്നത് അവിചാരിതമായി സാബിറ കാണുക കൂടി ചെയ്തപ്പോള്‍ അവള്‍ക്കു കൂട്ടുകാരികള്‍ പറഞ്ഞത് ശരിയാണ് എന്ന് ബോധ്യം വന്നു . അവള്‍ അവനെ വിട്ടു . പ്രണയത്തിന്റെ സ്ഥാനത്തു വെറുപ്പ്‌ ആയി മാറി .
അവള്‍ പഠനത്തില്‍ ശ്രദ്ധിച്ചു .

ഇന്ന് സാബിറ ഒരു ടീച്ചറാണ് . മൂന്നു മക്കളുടെ ഉമ്മയും .
ഭര്‍ത്താവും അദ്ധ്യാപകന്‍ തന്നെ !

പല പ്രേമവും ഒരു തരം ഭ്രമം ആണ് . ചില പൊട്ടി പെണ്‍കുട്ടികള്‍ അതില്‍ അറിയാതെ വീണു പോകും .
ആത്മാര്‍ത്ഥ മാണ് എന്ന് ധരിക്കും . എന്തിനും തയ്യാറാകും . കൂടെ ശയിക്കാന്‍ വരെ .

കാര്യം നേടി അവന്‍ ഒരു പരിക്കും കൂടാതെ രക്ഷപ്പെടും . 
പെണ്‍കുട്ടി അതോടെ തകരുകയും അവളുടെ ജീവിതം ഇരുളടയുകയും  ചെയ്യും .

അത് കൊണ്ട് മക്കളുടെ പ്രേമം അടിച്ചൊതുക്കാനോ അടിച്ചമര്‍ത്താനോ ശ്രമിക്കാതെ വിവേകത്തോടെ വേണം കൈകാര്യം ചെയ്യാന്‍ . പഠിക്കേണ്ട സമയത്ത് പഠിക്കണം എന്നും എല്ലാ പ്രേമവും പ്രേമം അല്ല എന്നും അവസരത്തിനൊത്ത് അവരെ ബോധ്യപ്പെടുത്തണം .

അതിനു മക്കളുമായി നേരത്തെ തന്നെ നല്ല സൗഹൃദം സ്ഥാപിക്കാന്‍ രക്ഷിതാക്കള്‍ക്ക് കഴിയണം . എല്ലാം തുറന്നു പറയാനുള്ള ഒരു സ്വാതന്ത്ര്യം വീട്ടില്‍ ഒരുക്കണം . എല്ലാ ആണുങ്ങളും ചീത്ത അല്ല എന്നും എല്ലാവരും നല്ലവരല്ല എന്നും കുട്ടികള്‍ക്ക് പറഞ്ഞു മനസിലാക്കി കൊടുക്കണം

എല്ലാ കാലത്തും പ്രണയം ഉണ്ടായിട്ടുണ്ട് എന്നും
ശരീരത്തില്‍ തൊട്ടു കൊണ്ടുള്ള പ്രണയം പ്രണയം അല്ല എന്നും കുട്ടികള്‍ക്ക് തിരിച്ചറിവ് നല്‍കണം .

പ്രണയം പല തരത്തിലുണ്ട്
മാംസ ബദ്ധമായ പ്രണയം
വെറും ഭ്രമത്തില്‍ നിന്നും ഉണ്ടാകുന്നത്
വെറുതെ ഒരു രസത്തിന്
എനിക്കും ഒരു ലൈനുണ്ട് എന്ന് മറ്റുള്ളവരെ അറിയിക്കാനുള്ളത്
ചതിക്കാനുള്ളത്
മത ബന്ധിതവും ഗൂഡ ലക്ഷ്യങ്ങള്‍ ഉള്ളതും
കാര്യം സാധിച്ചു വലിച്ചെറിയാനുള്ളത്
സാമ്പത്തിക തട്ടിപ്പുകള്‍ക്ക്‌ വേണ്ടിയുള്ളത്
ആഴത്തിലുള്ളത്
ആത്മാര്‍ത്ഥതയുള്ളത്

ഇവയൊക്കെ വെവ്വേറെ തിരിച്ചറിയാന്‍ കഴിഞ്ഞാല്‍ പ്രണയം മധുരമാണ് . 
ഇല്ലെങ്കില്‍ വലിയ അപകടവും ചിലപ്പോള്‍ ചതിക്കുഴിയും മറ്റു ചിലപ്പോള്‍ ജീവിതം തന്നെ ഇരുളടയുന്നതും .

എടുത്തു ചാട്ടം ഒന്നിനും പരിഹാരമല്ല
അതിന്റെ അനന്തര ഫലം  തീരാ ദു:ഖമോ കഴുകിയാലും കളഞ്ഞാലും പോകാത്ത കറയോ ഉണങ്ങാത്ത മുറിവോ ഒക്കെയാവും .

നയപരമായും പക്വമായും സമചിത്തതയോടെയും വിഷയങ്ങളെ സമീപിക്കുക . അത് മാത്രമേ പ്രായോഗികമാകൂ .
സമാധാനപരവും !!!

പ്രണയം പറയാനും എഴുതാനും അനുഭവിക്കാനും 
ഒക്കെ നല്ല രസമാണ് . പക്ഷേ പ്രണയത്തിന്റെ പേരില്‍ ജീവിതം ഹോമിക്കപ്പെടുകയും തകരുകയും ചെയ്‌താല്‍ ഒരു രസവും 
ഉണ്ടാവില്ല . ഇര സ്വന്തം വീട്ടിലേതാണെങ്കില്‍ പ്രത്യേകിച്ചും !!!


1 comments:

 
Copyright © 2010 Iringattiri Drops. All rights reserved.
Design By- മലയാളം ബ്ലോഗ്‌ ഹെല്‍പ്