2012, ഡിസംബർ 3, തിങ്കളാഴ്‌ച

ആയിരത്തിന്റെ ഒറ്റനോട്ട്





പ്രവൃത്തി ദിവസത്തിന്റെ പകുതിയും പിന്നിട്ട്, ഉച്ചച്ചടവിന്റെ ആലസ്യത്തില്‍ , മിഴിതുറന്നു പിടിച്ചു  ജോലി തുടരുമ്പോള്‍ , ഒരു മിസ്സ്‌ഡ് കോള്‍ .
വീട്ടില്‍  നിന്നാണ്. തിരിച്ചു വിളിക്കുമ്പോള്‍ മറുതലക്കല്‍ ചെറിയ മോള്‍ .
'ഹലോ ..' എന്നൊന്നും പറഞ്ഞു തുടങ്ങാതെ വല്ലാത്തൊരാവേശത്തില്‍  അവളൊരു  ചോദ്യമെറിഞ്ഞു

'ഉപ്പാ.. ഇപ്പൊ എന്‍റെ മടിയില്‍ ഒരു കുട്ടിയുണ്ട്‌ . ഇത് ആരുടെ കുട്ടിയാണെന്ന്  പറയാമോ..'?

പരിചയമുള്ള സ്വന്തത്തിലും ബന്ധത്തിലും ആയിടെ ജനിച്ച ഏതാണ്ട് എല്ലാ കുട്ടികളുടെയും  പേര് പറഞ്ഞു.
അവള്‍ 'അല്ല , അല്ല..'എന്ന്  തുടര്‍ന്നുകൊണ്ടിരുന്നു.
ഒടുവില്‍ 'ഞാന്‍ തോറ്റു'എന്ന് പറഞ്ഞപ്പോള്‍ അവള്‍  പറഞ്ഞു :
'ഇത് നിങ്ങളുടെ സ്റ്റുഡന്റ്  മുനവ്വറലി തങ്ങളെ മോനാണ്..'



ട്രെയിനിംഗ് കഴിഞ്ഞ പിറ്റേവര്‍ഷം തന്നെ, വളാഞ്ചേരി  മര്‍ക്കസ് റസിഡന്ഷ്യല്‍ ഹൈസ്ക്കൂളിലാണ്  ആദ്യമായി അധ്യാപക  നിയമനം ലഭിക്കുന്നത്.

ഒരു പുതിയ അധ്യയനവര്‍ഷം തുടങ്ങാനിരിക്കുകയാണ് . പതിവു പോലെ ഒരുപാട് പുതിയ കുട്ടികള്‍ അഡ്മി ഷന്‍ തേടി  എത്തിയിട്ടുണ്ട് . രക്ഷിതാക്കള്‍ ഗള്‍ഫിലുള്ള കുട്ടികളാണ്  ഭൂരിഭാഗവും. കൂട്ടത്തില്‍ നാട്ടില്‍
തന്നെയുള്ള ചില പ്രമുഖ വ്യക്തികളുടെ  മക്കളുമുണ്ട്. അവരിലൊരു വി.വി.ഐ.പി കുട്ടിയുമുണ്ടായിരുന്നു.

കേരളത്തിന്‍റെ കണ്ണും കാതും കരളുമൊക്കെയായിരുന്ന പാണക്കാട്   സയ്യിദ് മുഹമ്മദലി  ശിഹാബ്  തങ്ങളുടെ ഇളയ മകന്‍ സയ്യിദ് മുനവ്വറലി   ശിഹാബ്  തങ്ങള്‍ ആയിരുന്നു ആ കുട്ടി .

കുട്ടികളെ ചേര്‍ക്കാന്‍ വന്ന രക്ഷിതാക്കളുടെ കൂട്ടത്തില്‍ ശിഹാബ് തങ്ങളുമുണ്ട്.  അന്നേരം , മര്‍ക്കസിന്‍റെ പ്രസിഡണ്ട് കൂടിയായ തങ്ങളുടെ കുട്ടിയെ ചേര്‍ക്കാന്‍ തങ്ങള്‍ തന്നെ വരേണ്ടിയിരുന്നോ എന്ന  ഒരു ചോദ്യം ഞങ്ങള്‍ അധ്യാപകരുടെയും ഓഫീസ് സ്റ്റാഫിന്‍റെയുമൊക്കെ മനസ്സില്‍ കിടന്ന് ഓളം വെട്ടുന്നുണ്ടായിരുന്നു.

അഡ്മിഷന്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് തങ്ങള്‍ മര്‍ക്കസ് സെക്രട്ടറി കെ.ടി.കുഞ്ഞുട്ടി  ഹാജിക്കൊപ്പം ക്യാമ്പസില്‍ തന്നെയുള്ള ഗസ്റ്റ് ഹൌസിലേക്ക് പോയി. അല്‍പ്പം കഴിഞ്ഞ്, പ്യൂണ്‍  ഓടി വന്ന് പറഞ്ഞു: 'സെക്രട്ടറി ഗസ്റ്റ് ഹൌസിലേക്ക് വിളിക്കുന്നു ..'ഞങ്ങള്‍ മൂന്നുനാല് അധ്യാപകര്‍  ആകാംക്ഷയോടെ  ഗസ്റ്റ് ഹൌസിലെത്തി.

നിരത്തിയിട്ട സോഫയില്‍  തങ്ങള്‍ക്കഭിമുഖമായി , കണ്ണെടുക്കാന്‍ കഴിയാത്ത ആ പ്രസാദസാന്ദ്രിമയിലേക്ക് തന്നെ നോക്കി ,  തങ്ങള്‍  പറയുന്നതെന്തെന്ന് കാതോര്‍ത്ത്, ഞങ്ങളിരുന്നു.

സൗമ്യതയില്‍ ചാലിച്ച അദ്ദേഹത്തിന്‍റെ ദൃഡമായ വാക്കുകള്‍  ഞങ്ങള്‍   ഇങ്ങനെ കേട്ടു.
'മുനവ്വര്‍ എന്‍റെ കുട്ടിയാണ്എന്നതൊക്കെ ശരി തന്നെ. പക്ഷേ, മറ്റുകുട്ടികളേക്കാള്‍ ഒരു പരിഗണനയും മുനവ്വറിന് നല്‍കരുത്. അവര്‍ എവിടെ താമസിക്കുന്നുവോ അവിടെത്തന്നെ മുനവ്വറിനെയും താമസിപ്പിക്കണം.അവര്‍ക്ക് എന്താണ് ഭക്ഷണം നല്‍കുന്നത് അതു മാത്രമേ മുനവ്വറിനും  നല്‍കാവൂ...'

വിസ്മയവും ആദരവും ഇഴപിരിഞ്ഞ ഒരു വല്ലാത്ത വൈകാരിക ഭാവത്തോടെയാണ് അന്ന് ഞങ്ങള്‍ ഗസ്റ്റ് ഹൌസില്‍ നിന്നിറങ്ങിപ്പോന്നത്.

പിന്നീട്, കൊടപ്പനക്കല്‍   തറവാടിന്റെ കുലീനതയും പ്രൌഡിയും ഗരിമയും വിനയവുമൊക്കെ മര്‍ക്കസ് ക്യാമ്പസിലാകെ പ്രസരിപ്പിച്ച്, അധ്യാപകരുടെയും കുട്ടികളുടെയും ബഹുമാനവും , നിറഞ്ഞ സ്നേഹവും
ഏറ്റുവാങ്ങി, ഇടുങ്ങിയ ഡബിള്‍ ഡക്കര്‍ ഇരുമ്പ്  കട്ടിലില്‍ ഉറങ്ങിയും ബാത്ത് റൂമിന്‌ മുമ്പില്‍ ക്യൂ നിന്നും, പള്ളിയില്‍നിന്ന് നമസ്ക്കാരം കഴിഞ്ഞിറങ്ങി, ഭക്ഷണത്തിനു വേണ്ടി കിച്ചണിലേക്ക് വരി തെറ്റാതെ നടന്നു നീങ്ങിയും രണ്ടായിരത്തോളം  വരുന്ന കുട്ടികളിലൊരാള്‍ മാത്രമായി തങ്ങളുടെ മോനും ...!



എസ്.എസ്.എല്‍ . സിക്ക് നൂറു ശതമാനം വിജയം എന്നതായിരുന്നു മര്‍ക്കസിന്റെ അക്കാലത്തെ ഹൈലൈറ്റ്. ഓരോ വര്‍ഷവും ആ ചരിത്രം നിലനിര്‍ത്താന്‍ ഞങ്ങള്‍ അധ്യാപകരും വിദ്യാര്‍ഥികളും  നന്നായി പണിയെടുക്കുമായിരുന്നു. എല്ലാം കഴിഞ്ഞ് പരീക്ഷയുടെ തൊട്ടു മുമ്പത്തെ ചൊവ്വാഴ്ച ഹെഡ് മാസ്റ്റര്‍ ഓച്ചിറക്കാരന്‍ അഹ്മദ് കുഞ്ഞ് സാറിന്റെ നേതൃത്വത്തില്‍ , എസ് . എസ്  എല്‍ . സി കുട്ടികളും അധ്യാപകരും കൂടി പാണക്കാട് പോവുക പതിവുണ്ടായിരുന്നു.

മര്‍ക്കസിന്റെ ബസ്സ് കൊടപ്പനക്കല്‍  തറവാടിന്റെ ഗേറ്റിനു മുമ്പില്‍ പ്രത്യക്ഷപ്പെടുന്നതോടെ, തിമര്‍ത്തുപെയ്യുന്ന സങ്കടപ്പെരുമഴയില്‍ നിന്ന് തലതോര്‍ത്തി, എഴുന്നേറ്റു വന്ന്, തങ്ങള്‍ ഞങ്ങളെ സ്വീകരിക്കും. പൂമുഖത്തോട് ചേര്‍ന്ന് വലതുവശത്തുള്ള മുറിയിലേക്ക് ഞങ്ങളെ ആനയിക്കും. പലഹാരങ്ങള്‍ -കറുത്ത അലുവയും ചിപ്സും ഈത്തപ്പഴവും കട്ടന്‍ ചായയും - കൂടെ ഹൃദയത്തിലിറ്റുന്ന സ്നേഹകടാക്ഷവും പതിവിനുമപ്പുറം  ദീര്‍ഘമായ ഒരു പ്രാര്‍ത്ഥനയും ഊഷ്മളമായ ഹസ്‌തദാനവും  കഴിഞ്ഞിറങ്ങുമ്പോള്‍ ഞങ്ങള്‍ അധ്യാപകരുടെയും കുട്ടികളുടെയും മനസ്സില്‍ എന്തെന്നില്ലാത്ത ഒരു ആത്മവിശ്വാസം വളര്‍ന്നു കഴിഞ്ഞിട്ടുണ്ടാവും..!




പഠനത്തില്‍ അല്‍പ്പം പിന്നാക്കം നില്‍ക്കുന്ന കുട്ടികളെ ഏറ്റവും അവസാനമാണ് തങ്ങളുടെ ആശീര്‍വാദത്തിനു
വേണ്ടി കൊണ്ടു ചെല്ലുക. ആ ചുമതല മിക്കപ്പോഴും എനിക്കായിരുന്നു. എല്ലാവരും ഇറങ്ങിക്കഴിഞ്ഞ് ഏറ്റവും അവസാനം തങ്ങളോട്  പറയും:
'ഇവര്‍ പഠനത്തില്‍ അല്‍പ്പം പിന്നിലാണ്..'
അന്നേരം, ഓരോരുത്തരുടെയും നെറുകയില്‍ കൈവെച്ചു കൊണ്ട് തങ്ങള്‍ പറയും:
'എല്ലാം അല്ലാഹു സലാമാത്താക്കും..'

ഇന്നുമോര്‍ക്കുന്നു ; ആ വാക്കുകള്‍ ഒരിക്കലും തെറ്റിയിട്ടില്ല..!

ഒരിക്കല്‍  അക്കാദമിക്ക് കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനും അവസാന തീരുമാനത്തിലും വേണ്ടി പാണക്കാടെത്തിയതായിരുന്നു. രാവിലെ ഒമ്പതു മണി യാവുന്നതെയുള്ളൂ . അകം നിറഞ്ഞ് മുറ്റത്തേക്കും മുറ്റം നിറഞ്ഞ് ഗേറ്റുവരെയും  പ്രയാസങ്ങളുടെ നീണ്ട നിര. 'മര്‍ക്കസുകാരെ 'ന്ന പരിഗണനയില്‍ പൂമുഖ ത്തിന്റെ  പിന്‍മുറിയിലേക്ക്  ഞങ്ങള്‍ക്ക് പ്രവേശനം കിട്ടി. അകത്തുമുണ്ട് ഒരു പാടാളുകള്‍ .  കൂടുതല്‍ പേരും വന്ന കാലില്‍ തന്നെ നില്‍ക്കുകയാണ്. തങ്ങള്‍ എന്തോ ആവശ്യത്തിനു വേണ്ടി അകത്തേക്ക് പോയതാണെന്നു  തോന്നുന്നു.

സോഫയില്‍ ഒരിടത്ത്    അന്ന് തങ്ങളുടെ സഹചാരിയും സഹയാത്രികനുമൊക്കെയായ ഒരു പ്രമുഖ വ്യക്തി (പേര് പരാമര്‍ശിക്കുന്നില്ല  ) ഇരിക്കുന്നുണ്ട് .   വന്നവര്‍ക്ക് എല്ലാവര്‍ക്കും തങ്ങളുടെ ഡേറ്റ്  കിട്ടുമോ എന്നറിയണം. അന്നേരം  കാസര്‍ഗോഡ്‌ നിന്ന് വന്നവരാണെന്ന് പരിചയപ്പെടുത്തി  ഒന്നു രണ്ടാളുകള്‍
'എന്തെങ്കിലും ചെയ്ത് ഒരു ഡേറ്റ് സംഘടിപ്പിച്ച് തരണമെന്ന് അദ്ദേഹത്തോട് പറയുന്നുണ്ട്.
എന്തുകൊണ്ടെന്നറിയില്ല അദ്ദേഹം 'രണ്ടു മാസത്തിന് ഇനി ഡേറ്റില്ല ..! എന്ന് കടുപ്പിച്ച് പറയുന്നത് കേട്ടു. അവരുടെ കൂട്ടത്തില്‍ വന്ന മറ്റൊരാള്‍ ഇതൊന്നും മൈന്‍റ്  ചെയ്യാതെ, മാറിനില്‍ക്കുന്നുണ്ട്.

ഒടുവില്‍ , തങ്ങള്‍ അകത്ത് നിന്ന് വന്നു . തങ്ങളെ കണ്ടപാടെ, മാറിനിന്നിരുന്ന ആള്‍  സജീവമായി . വിഷയം തങ്ങളെ ധരിപ്പിച്ചു:

'അതാ ഡയറി . അന്ന് ഒഴിവുണ്ടെങ്കില്‍ അതില്‍ എഴുതിക്കോളൂ..'
ഡയറിയിരിക്കുന്ന ഭാഗത്തേക്ക് തങ്ങള്‍ കൈ ചൂണ്ടി. അയാള്‍ ഡയറി തുറന്ന് നോക്കുമ്പോള്‍ 'എന്നും മലര്‍ക്കെ തുറന്ന് വെച്ച 'ചരിത്ര പ്രസിദ്ധമായ ആ പൊതുസ്വത്തി' ലേക്ക് ഞാനൊന്ന് പാളിനോക്കി.

ഡയറി പരിശോധിച്ച് അതീവസന്തുഷ്ടനായി കാസര്‍ഗോഡുകാരന്‍ തങ്ങളോട് പറഞ്ഞു:
'അല്‍ഹംദുലില്ല ... അന്ന് മറ്റെവിടെയും പരിപാടിയില്ല..'
'എന്നാല്‍ എഴുതിക്കോളൂ ..'




2004 ലെ വെക്കേഷന് ജിദ്ദയില്‍ നിന്ന് നാട്ടിലേക്ക് പോകുമ്പോള്‍   ഒരു വീട് എന്ന സ്വപ്നം മനസ്സില്‍ നാമ്പെടുക്കുന്നുണ്ടായിരുന്നു  . നാട്ടിലെത്തും മുമ്പേ ജ്യേഷ്ഠന്‍   അബുവും  (അബു  ഇരിങ്ങാട്ടിരി  ) സുഹൃത്ത് നൌഷാദ് മാഷും സ്ഥലം കണ്ടെത്തുകയും കച്ചവടം നടത്തുകയും ചെയ്തിരുന്നു. ആ വെക്കേഷനില്‍ തറയിട്ട് പോന്ന്  സാവകാശം പണി നടത്താനായിരുന്നു പ്ലാന്‍ .

തറപ്പണിയുടെ  തിരക്കിലായതു കൊണ്ട് ചെന്ന പാടെ  പാണക്കാട് പോവാന്‍ കഴിഞ്ഞില്ല.
തിരിച്ചു പോരാന്‍ നേരത്താണ്  അത് തരപ്പെട്ടത്‌.... .

അന്ന് , സംസാരത്തിനിടെ വീടിന് തറയിട്ട കാര്യം അറിയിച്ചു . പ്രാര്‍ഥിക്കണമെന്ന് അഭ്യര്‍ഥിച്ച് ഇറങ്ങുമ്പോള്‍ തങ്ങള്‍ എനിക്കൊരു  നോട്ട് തന്നു . സാധാരണ എല്ലാവര്‍ക്കും  കൊടുക്കുന്ന പോലെ.
അത് ആദരപൂര്‍വ്വം പോക്കറ്റിലിട്ടു  .

'തങ്ങള്‍പടി 'യില്‍ നിന്ന് മഞ്ചേരിയിലെക്കുള്ള ബസ്സില്‍ കേറി കണ്ടക്ടര്‍ക്ക്  ചാര്‍ജ്ജ് കൊടുക്കാന്‍ പൈസയെടുക്കുമ്പോഴാണ്,  ഞാന്‍ കരുതിയ പോലെ അത് പത്തിന്റെ നോട്ടല്ല; ആയിരത്തിന്റെ ഒറ്റ നോട്ടാണെന്നറിയുന്നത്. (അന്ന് ആയിരത്തിന്റെ ഒറ്റ നോട്ട് അത്ര വ്യാപകമായി ഇറങ്ങിത്തുടങ്ങിയിട്ടില്ല )

ഇന്നും എന്റെ സ്യൂട്ട് കേസ് തുറക്കുമ്പോഴൊക്കെ   ആ ആയിരത്തിന്റെ നോട്ട്  എന്നോട് ചിരി തൂകി ക്കൊണ്ടിരിക്കുന്നു ...   ശിഹാബ് തങ്ങളുടെ നിറഞ്ഞ പുഞ്ചിരി ഓര്‍മ്മപ്പെടുത്തിക്കൊണ്ട് .


- ഗള്‍ഫ് മാധ്യമത്തില്‍ പ്രസിദ്ധീകരിച്ചത് .
------------------------------------------------------------------------
* ഈ കുറിപ്പില്‍ ശിഹാബ് തങ്ങള്‍ക്കു പുറമേ പേര് പരാമര്‍ശിക്കുന്ന കുഞ്ഞുട്ടി ഹാജി , ഹെഡ് മാസ്റ്റര്‍ അഹ്മദ് കുഞ്ഞു സാര്‍ ,  തുടങ്ങിയ വ്യക്തികള്‍ ഇന്ന് ജീവിച്ചിരിപ്പില്ല . അവരുടെ  പരലോക ജീവിതം അല്ലാഹു ശോഭനമാക്കട്ടെ ..





21 comment drops:

പ്രിയ വായനക്കാരേ,കമന്റ്‌ ബോക്സിന്റെ താഴെ കൊടുത്തിരിക്കുന്ന

'ഇമെയില്‍ വഴി സബ്സ്ക്രൈബ് ചെയ്യുക'

എന്നതില്‍ ക്ലിക്ക് ചെയ്‌താല്‍ താങ്കളുടെ കമന്റിനു മറുപടി

ഇ മെയില്‍ ആയി ലഭിക്കും

  1. അവരുടെ പരലോക ജീവിതം അല്ലാഹു ശോഭനമാക്കട്ടെ .....

    മറുപടിഇല്ലാതാക്കൂ
  2. നല്ല ഒരു ഓര്‍മ്മക്കുറിപ്പ്........

    മറുപടിഇല്ലാതാക്കൂ
  3. അവരുടെ പരലോക ജീവിതം അല്ലാഹു ശോഭനമാക്കട്ടെ .. ആമീന്‍....

    ഓര്‍മ്മക്കുറിപ്പ് ഹൃദ്യമായി.

    മറുപടിഇല്ലാതാക്കൂ
  4. //മുനവ്വര്‍ എന്‍റെ കുട്ടിയാണ്എന്നതൊക്കെ ശരി തന്നെ. പക്ഷേ, മറ്റുകുട്ടികളേക്കാള്‍ ഒരു പരിഗണനയും മുനവ്വറിന് നല്‍കരുത്. // ഒരു ലീഡര്‍ പറയേണ്ട വാക്കുകള്‍ തന്നെ, അത് തന്നെയായിരിക്കണം ഒരു ലീഡര്‍ ..

    അവരുടെ പരലോക ജീവിതം അല്ലാഹു ശോഭനമാക്കട്ടെ .....

    മറുപടിഇല്ലാതാക്കൂ
  5. അവരെയും നമ്മെയും സ്വര്‍ഗത്തില്‍ ഒരുമിപ്പിക്കട്ടെ...എന്ത് പറഞ്ഞാലും അദ്ദേഹം ഒരു ലീഡര്‍ തന്നെ ആയിരുന്നു ...

    മറുപടിഇല്ലാതാക്കൂ
  6. ഇന്നും എന്റെ സ്യൂട്ട് കേസ് തുറക്കുമ്പോഴൊക്കെ ആ ആയിരത്തിന്റെ നോട്ട് എന്നോട് ചിരി തൂകി ക്കൊണ്ടിരിക്കുന്നു ... ശിഹാബ് തങ്ങളുടെ നിറഞ്ഞ പുഞ്ചിരി ഓര്‍മ്മപ്പെടുത്തിക്കൊണ്ട്.

    അതെന്നും അവിടെ അങ്ങനെ ചിരി തൂകിക്കൊണ്ട് നിൽക്കട്ടെ,ഒരുപാട് നല്ല ഓർമ്മകൾ ഉണർത്താനായി. ഇനിയുമത്തരം നല്ല നല്ല കാല്വെപ്പുകൾ ജീവിതത്തിലുണ്ടാകട്ടെ എന്നാശംസിക്കുന്നു മാഷേ.
    ആശംസകൾ.

    മറുപടിഇല്ലാതാക്കൂ
  7. മനസ്സില്‍ തട്ടുന്ന ഓര്‍മ്മക്കുറിപ്പ്‌

    മറുപടിഇല്ലാതാക്കൂ
  8. പ്രകാശം പരത്തുന്ന ഒരോര്‍മ്മക്കുറിപ്പ്.
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  9. നെഞ്ചറിയുന്ന ഓർമ്മക്കുറിപ്പ് ... നല്ല അവതരണവും ... 2 തവണ പാണക്കാട് സന്ദർശിച്ചിട്ടുണ്ട്.. ആദ്യ തവണ അത് ഒരു ചൊവ്വാഴ്ച ആയതിനാൽ അടുത്ത് കാണ്ട് സംസാരിക്കാൻ തിരക്കിനിടയിൽ സാധിച്ചില്ല.... താങ്കളുടെ വിവരണത്തിലൂടെ പാണക്കാട്ടെ ആ കൊടപ്പനക്കൽ തറവാട്ടിലേക്ക് മനസ്സാ യാത്ര നടത്തി.. അല്ലാഹു സ്വർഗ്ഗത്തിൽ ഉയർന്ന പദവി ൻഅൽകി അനുഗ്രഹിക്കട്ടെ

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. നന്ദി പൂര്‍വം :
      @
      sameer thikkodi
      Cv Thankappan
      Basheer Vallikkunnu
      മണ്ടൂസന്‍
      ആചാര്യന്‍
      Jefu Jailaf
      ഇലഞ്ഞിപൂക്കള്‍
      Echmukutty
      ajith
      safeel tk



      ഇല്ലാതാക്കൂ
  10. ചാരിയാല്‍ ചാരിയത് മണക്കും
    പുഞ്ചിരിയല്ലാതെ ആ മുഖമെന്നും ഞാന്‍ കണ്ടിട്ടില്ല ...
    ഭാഗ്യം കിട്ടിയ അധ്യാപകരില്‍ താങ്ങളും ഉള്‍പ്പെടുന്നു
    അല്ലാഹു ആ ബര്കത്ത് എന്നും നിലനിര്‍ത്തി തരട്ടെ ആമീന്‍

    മറുപടിഇല്ലാതാക്കൂ
  11. പാണക്കാട് തങ്ങളുടെ കുലീനതയും ലാളിത്യവും ഒരുപോലെ പ്രകടമാകുന്ന ഒരു ഓര്‍മ്മക്കുറിപ്പ്‌.... ഉസ്മാന്‍ മാഷിനു അഭിനന്ദനങ്ങള്‍..

    മറുപടിഇല്ലാതാക്കൂ
  12. അല്ലാഹു അവരെയും നമ്മെയും അവന്റെ സ്വര്‍ഗത്തില്‍ പ്രവേശിപ്പിച്ചു അനുഗ്രഹിക്കട്ടെ..ആമീന്‍..

    മറുപടിഇല്ലാതാക്കൂ
  13. ഹൃദയത്തില്‍ തൊടുന്ന ഓര്‍മ്മകുറിപ്പ് വായിച്ചപ്പോള്‍ നഷ്ടബോധത്തിന്റെ അലയടികള്‍ എന്റെ മനസ്സിലും .ഹൃദയസ്പര്‍ശി ആയി കേട്ടോ ഈ അക്ഷരങ്ങള്‍ എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞുമയില്‍പീലി

    മറുപടിഇല്ലാതാക്കൂ
  14. മരണമില്ലാത്ത സ്മരണകള്‍.
    അബു ഇരിങ്ങാട്ടിരി താങ്കളുടെ ജ്യേഷ്ടനാനെന്നും അറിഞ്ഞു.

    മറുപടിഇല്ലാതാക്കൂ
  15. താജുദ്ദീന്‍2012, ഡിസംബർ 8 12:51 PM

    ഗുരുക്കന്മാരുടെ ഗുരുവാണല്ലേ?

    മറുപടിഇല്ലാതാക്കൂ
  16. എനിക്ക് സന്തോഷമായി മാഷെ...

    മറുപടിഇല്ലാതാക്കൂ
  17. ആ ആയിരത്തിന്റെ നോട്ടിന് എന്റെ വക ഒരു സ്നേഹ ചുംബനം ....

    മറുപടിഇല്ലാതാക്കൂ

 
Copyright © 2010 Iringattiri Drops. All rights reserved.
Design By- മലയാളം ബ്ലോഗ്‌ ഹെല്‍പ്