2013 മേയ് 3, വെള്ളിയാഴ്‌ച

പ്രണയ തീരത്ത്‌




വൈകുന്നേരങ്ങളില്‍ പ്രണയിനികളും യുവമിഥുനങ്ങളും കടലോരത്തേക്ക് പറന്നു വരും.
കൊക്കുരുമ്മലും പ്രണയ ലീലകളും കിന്നാരങ്ങളും കൊണ്ട് തീരം ആര്‍ദ്രസാന്ദ്രമാകും . സന്ധ്യയും കടല്‍ത്തിരകളും അവയ്ക്ക് സാക്ഷ്യം വഹിക്കും ..

അവൻ കമിതാക്കളുടെ അരികിലേക്ക് 'കടല കടലേ' എന്ന് വിളിച്ചു പറഞ്ഞു സധൈര്യം കടന്നു ചെല്ലും . അപ്പോള്‍ പ്രണയാധരങ്ങളില്‍ നാണം പൂക്കുന്നതും സ്നേഹം ചിറകു കുടയുന്നതും അവനു കാണാം ..


എന്നും കാണുന്ന കാഴ്ചകളാണ് . എന്നിട്ടും ഒരിക്കല്‍ പോലും അവനു ഒരു
വിരസത തോന്നിയിട്ടില്ല ..

ഒരിക്കല്‍ അവന്‍ , രണ്ടു പ്രണയിനികള്‍ ഇരിക്കുന്നിടത്തേക്ക് കടന്നു ചെല്ലുമ്പോള്‍ അവള്‍ അവന്റെ മടിയില്‍ കിടക്കുകയാണ് .

സൂര്യന്‍ മറഞ്ഞിട്ട് അധികനേരം ആയിട്ടില്ല .
ചന്ദ്രന്‍ നമ്രമുഖിയായി ആകാശ മുറ്റത്ത് ചിരിതൂകി നില്‍ക്കുന്നു ..

അവന്‍ അവളോട്‌ പറയുന്നു :
'നോക്കൂ പ്രിയേ ചന്ദ്രന്‍ പോലും നമ്മുടെ സ്നേഹത്തില്‍ ലയിച്ചു മയങ്ങിപ്പോയിരിക്കുന്നു ..'

അവള്‍ : 'നിന്റെ മടിയില്‍ കിടന്നു ചന്ദ്രനെയിങ്ങനെ നോക്കിയിരിക്കാന്‍ എന്ത് രസമാണ് ..
തിരകള്‍ കണ്ടില്ലേ തിരയെ പുല്‍കാന്‍ ഓടിവന്നു ഒന്ന് മുത്തമിട്ടു വീണ്ടും തിരിച്ചു പോകുന്നു ..
നീ എന്റെ മടിയില്‍ കിടക്കുമ്പോള്‍ പ്രകൃതിക്ക് പോലും എന്ത് ചാരുതയാണ് അല്ലെ ?


വിവാഹം കഴിഞ്ഞ് ഭാര്യയുമായി ഇവിടെ വരണം .. ചന്ദ്രനെ നോക്കി , കടല്‍ ത്തിര നോക്കി അവളെ മടിയില്‍ കിടത്തി എനിക്കും ഈ പ്രകൃതിയെയിങ്ങനെ കണ്‍ നിറയെ കണ്ടു
ആസ്വദിക്കണം .. അവനും അങ്ങനെയൊരു മോഹം മനസ്സിലുണ്ടായി .

ഒടുവില്‍ അവന്റെ വിവാഹം കഴിഞ്ഞു .


തിരക്കുകളൊക്കെ ഒഴിഞ്ഞു ഒരു ദിവസം അവളെയും കൂട്ടി അവന്‍ കടല്‍ത്തീരത്തെത്തി ..
നേരം സന്ധ്യയാവുന്നെയുള്ളൂ ..


അന്ന് ആ പ്രണയിനികള്‍ ഇരുന്ന അതെ സ്ഥലത്ത് തന്നെ അവരും ഇരുന്നു ..


അവൻ അവളെ മടിയില്‍ കിടത്തി ഇങ്ങനെ പറഞ്ഞു :
'പ്രിയേ നോക്കൂ ആ ചന്ദ്രന് എന്ത് മനോഹാരിതയാണ് .. നീ എന്റെ മടിയില്‍ കിടക്കുമ്പോള്‍ ചന്ദ്ര നെ കാണാന്‍ എന്ത് രസമാണ് .. കടലിലേക്ക്‌ നോക്കൂ .. തിരകള്‍ തീരത്തെ ഉമ്മ വെക്കാന്‍ ഓടി വരുന്നു ... '

ഇതൊക്കെ കേട്ട് അവള്‍ അവന്റെ മടിയില്‍ നിന്ന് പെട്ടെന്ന് എഴുന്നേറ്റു .
അവനെ സൂക്ഷിച്ചു നോക്കിയിട്ട് അവള്‍ പറഞ്ഞു :
'ചേട്ടന് പ്രാന്ത് ണ്ടോ , ഞാനെന്താ മുമ്പൊന്നും ചന്ദ്രനെ കണ്ടിട്ടില്ലേ കടല്‍ കണ്ടിട്ടില്ലേ ... ഞാന്‍ വെറും ഒരു പൊട്ടത്തി ആണ് എന്നാണോ നിങ്ങള്‍ കരുതിയത്‌ ...
ചേട്ടന്‍ വരുന്നുണ്ട് എങ്കില്‍ വാ ഞാന്‍ പോവാ ... " :)

2013 മേയ് 1, ബുധനാഴ്‌ച

എല്ലാം വറ്റുകയാണ് ; സ്നേഹം പോലും ..!!!!






എന്റെ കിണറും വറ്റി . 
ഇപ്പോള്‍ അതില്‍ നിറയെ കരിയിലകള്‍ മാത്രം . 
എന്റെ മീന്‍ കുഞ്ഞുങ്ങള്‍ ഒക്കെ ചത്തു കാണും .. 
നല്ലൊരു മഴക്കാലത്ത് തൊടുവിലേക്ക് വെള്ളം കേറിയ കൂട്ടത്തില്‍ കിട്ടിയതായിരുന്നു കുറെ പരലുകള്‍ . കുറെ കോട്ടികള്‍ - കുത്തുന്ന ഒരു തരം മീന്‍ - പിന്നെ കുറച്ചു മുഴുക്കുട്ടികളും ..

അന്ന് മക്കള്‍ക്ക്‌ കാണാന്‍ ഞാന്‍ അവയെ ഒരു വലിയ വട്ടപ്പാത്രത്തില്‍ നിറയെ വെള്ളം ഒഴിച്ച് അതിലിട്ടു. അവ നീന്തിത്തുടിക്കുന്നത് കാണാന്‍ എന്ത് രസമാണ് . 
ദിലൂമോന്‍ അതിന്റെ അടുത്തു നിന്ന് പോകുന്നെ ഇല്ല .. ഒടുവില്‍ തൊട്ടിയിലിട്ടു കിണറ്റിലേക്ക് ഇറക്കി അവയെ . മീന്‍ പോയ സങ്കടത്തില്‍ കുട്ടി കുറെ കരഞ്ഞു .. 

അവസാനത്തെ നനവും തീരും വരെ അവ കിണറിലൂടെ ഓടിക്കളിച്ചിട്ടുണ്ടാവും . 
ജീവന് വേണ്ടി കരഞ്ഞിട്ടുണ്ടാകും .. 

ഓരോ കോല്‍ പൂര്‍ത്തിയാവുമ്പോഴും ആകാംക്ഷയോടെ ഞാന്‍ കരയില്‍ ഇരുന്നു .. 
ജയിംസിനും കുട്ട്യച്ചനും ഒപ്പം .. 
ഉറവു കാണും വരെ .. 

അതിന് കാരണമുണ്ട് :
വീടിനു സ്ഥലമെടുത്ത ഉടനെ കിണര്‍ കുഴിക്കുകയാണ് ആദ്യം ചെയ്തത് . 
എടുത്ത സ്ഥലത്ത് വെള്ളം കാണില്ല എന്ന് ഒരു 'കു' പ്രചരണവും ഉണ്ടായിരുന്നു അന്ന് . 

സ്വന്തമായി ഒരു കിണറില്ലാത്ത വീട്ടില് ആണ് ജനിച്ചത്‌ . തൊട്ടയല്പക്കത്തെ വീട്ടിലെ കിണര്‍ ആയിരുന്നു ആശ്രയം . എത്ര വര്‍ഷം ആ വെള്ളം കുടിച്ചു , കുളിച്ചു ,  ഉപയോഗിച്ചു എന്നറിയില്ല . എന്റെ ഉമ്മ പത്തു മക്കളെ പ്രസവിച്ചതും വളര്‍ ത്തി വലുതാക്കിയതും ഈ വെള്ളമില്ലാത്ത വീട്ടിലായിരുന്നു എന്ന് ഇന്ന് ആലോചിക്കാന്‍ പോലും ആവുന്നില്ല .

ഞങ്ങളുടെ വീടിനു ചുറ്റുമുള്ള വീടുകളില്‍ ഒക്കെ കിണര്‍ ഉണ്ട് . വെള്ളവും . പക്ഷെ നിറയെ പാറയായിരുന്ന എന്റെ വീട് നില്ക്കുന്ന സ്ഥലത്ത് . 
കിണര്‍ പോയിട്ട് ഒരു കുഴി പോലും കുത്താന്‍ പറ്റുമായിരുന്നില്ല . 

അന്നേ പഠിച്ച വലിയ ഒരു പാഠം ഉണ്ട് . 
സ്വന്തം വീട്ടില് നിര്‍ ബന്ധമായും വേണ്ട ഒന്നാണ് കിണര്‍ . അത് പോലെ വീട്ടിലേക്കുള്ള വഴി . 
മറ്റുള്ളവരെ ആശ്രയിച്ചാല്‍ ആ വഴികള്‍ അടയാന്‍ നന്നേ ചെറിയ ഒരു പിണക്കം മതി .. ഇന്ന് നല്ല സ്നേഹവും സൌഹാര്‍ദ്ദവും ഉണ്ടെന്നു കരുതി നാളെ അത് ഉണ്ടായിക്കൊളണം എന്നില്ല ...!!!

അന്ന് ഒരുച്ചയ്ക്ക് ജയിംസ് താഴെ നിന്ന് വിളിച്ചു പറഞ്ഞു : 
മാഷെ കണ്ടു ...!!!

സന്തോഷം കൊണ്ട് എനിക്ക് നില്ക്കാന്‍ വയ്യ .. ഞാന്‍ ഓടിച്ചെന്നു ഭാര്യ യോട് പറഞ്ഞു : വെള്ളം കണ്ടു .. അവള്‍ക്കു അതിലേറെ സന്തോഷം .. വീട്ടില്‍ വെള്ളമില്ലാത്തതിന്റെ വിഷമം എന്നെക്കാള്‍കൂടുതല്‍ അവള്‍ ആണല്ലോ അനുഭവിച്ചത് .. 

മക്കളും ഞാനും അവളും അവിലും ശര്‍ക്കരയും ചുവന്നുള്ളിയും ഒക്കെയായി കിണര്‍ കാണാന്‍ പോയി .. അവിലും വെള്ളം കലക്കി .

അയല്‍ വീടുകളിലും വഴിയിലൂടെ പോകുന്നവര്‍ക്കുമൊക്കെ  അവിലും വെള്ളം കൊടുത്തു .. സ്കൂളിലേക്ക് പോകുന്ന കുട്ടികളെ യും പീടിക യിലേക്ക് പോകുന്ന മുതിര്‍ന്നവരെയും  കിണറ്റിലെ ആദ്യ വെള്ളം കൊണ്ട് ഉണ്ടാക്കിയ അവിലും വെള്ളം കുടിപ്പിച്ചു !!!!

അന്ന് ഒരു നിധി കിട്ടിയ സന്തോഷമായിരുന്നു .. സത്യത്തില്‍ വെള്ളം ഒരു നിധി തന്നെയല്ലേ ?

പക്ഷെ ഇന്ന് എല്ലാം വറ്റുകയാണ് ..
സ്നേഹം പോലും ..!!!!
 
Copyright © 2010 Iringattiri Drops. All rights reserved.
Design By- മലയാളം ബ്ലോഗ്‌ ഹെല്‍പ്