2014, ജൂൺ 24, ചൊവ്വാഴ്ച

ഒരു നിമിഷം മതി



അയ്യായിരം വര്‍ഷം പഴക്കമുള്ള ഒരു ചരിത്ര ഭൂമിയിലേക്കുള്ള യാത്രയിലായിരുന്നു ഞങ്ങള്‍ . സ്വാലിഹ് നബിയുടെ നാട്ടിലേക്ക് . സമൂദ് എന്ന പേരില്‍ അറിയപ്പെടുന്ന സമൂഹം / ഗോത്രം ജീവിച്ചിരുന്ന നാട്ടിലേക്ക് , ഖുര്‍ആനില്‍ പരാമര്‍ശിച്ച ദുരന്ത ഭൂമിയിലേക്ക്‌..
ചിത്രങ്ങളിലൂടെയും വീഡിയോയിലൂടെയും മാത്രം കാണാനും അറിയാനും കഴിഞ്ഞിരുന്ന ദൈവത്തിന്റെ ശിക്ഷ ഇറങ്ങിയ ഭൂമിയിലേക്ക് !

ആയിരത്തോളം കിലോമീറ്റര്‍ ദൈര്‍ഘ്യം ഉള്ള ബസ്സ്‌ യാത്ര !

രണ്ടു ബസ്സിലായിരുന്നു യാത്ര പ്ലാന്‍ ചെയ്തിരുന്നത് .
ഓരോ ബസ്സിലും അമ്പതോളം ആളുകള്‍ .
കൂട്ടത്തില്‍ കുറെ ഫാമിലി യും ഉണ്ടായിരുന്നു .

ഞങ്ങള്‍ ചെല്ലുമ്പോള്‍ ഒരു ബസ്സ്‌ വന്നു നില്‍ക്കുന്നു . രണ്ടാമത്തെ ബസ്സ്‌ ഉടന്‍ വരുമെന്ന് സംഘാടകര്‍
പറഞ്ഞു . അപ്പോഴേക്കും ആദ്യത്തെ ബസ്സ്‌ നിറഞ്ഞിരുന്നു .
ഏറെ വൈകിയിട്ടും രണ്ടാമത്തെ ശകടം വന്നു കാണുന്നില്ല . ഒടുവില്‍ വന്ന ബസ്സ് നേരത്തെ പുറപ്പെടാം എന്ന് തീരുമാനം ആയി . അതില്‍ എല്ലാ ഫാമിലിയെയും ഒന്നിച്ചു വിടാം എന്നും . അന്ന് രാത്രി മദീനയില്‍ താമസം ആയതു കൊണ്ട് പിറ്റേന്ന് രാവിലെ ഒന്നിച്ചു പോകാം എന്നും അഭിപ്രായം ഉയര്‍ന്നു .
എന്റെ കൂടെ ഫാമിലി ഉണ്ടായതു കൊണ്ട് ഞങ്ങളും ആ ബസ്സില്‍ കേറി .
കൃത്യം ആറു മണിക്ക് ഞങ്ങളുടെ ബസ്സ്‌ പുറപ്പെട്ടു .

മദീന ലക്‌ഷ്യം വെച്ച് ഞങ്ങളുടെ ബസ്സ് കുതിച്ചു പാഞ്ഞു കൊണ്ടിരുന്നു . ഡ്രൈവറുടെ പെരുമാറ്റവും ബസ്സിന്റെ രൂപ ഭാവവും മനസ്സിന് അത്ര പിടിച്ചില്ല .
പൊതുവേ ഇത്തരം യാത്രകളില്‍ ഡ്രൈവര്‍ - ചൊറിയന്‍ - ആണെങ്കില്‍ എല്ലാ ഹരവും പോകും . വണ്ടിയുടെ സ്ഥിതിയും അത് തന്നെ ..

മദീന റോഡിലൂടെ ഏകദേശം രണ്ടു മണിക്കൂര്‍ ഓടിയതിനു ശേഷം എപ്പോഴോ പുറത്തേക്കു നോക്കുമ്പോള്‍ ഞങ്ങളുടെ ബസ്സ്‌ വിജനമായ ഒരു വീഥി യിലൂടെയാണ് പോകുന്നത് എന്നെനിക്കു തോന്നി .. ഡ്രൈവറുടെ അടുത്ത് ചെന്ന് കാര്യം തിരക്കിയപ്പോള്‍ ശരിയാണ് വഴി തെറ്റിയിരിക്കുന്നു !
മദീന റോഡ്‌ പോലും ശരിക്കറിയാത്ത ഇയാളെ വെച്ച് എങ്ങനെ മദായിന്‍ സ്വാലിഹ് വരെ പോകും എന്നോര്‍ത്തപ്പോള്‍ ആധിയായി .
അയാള്‍ കൂസലന്യേ പറഞ്ഞു . ഇത് വഴി പോയാലും പ്രശ്നമില്ല .. ഏതായാലും ഇനി തിരിച്ചു വിടലൊന്നും നടക്കില്ല . ഞങ്ങള്‍ അപ്പോള്‍ പോയിക്കൊണ്ടിരിക്കുന്നത് യാമ്പൂ റോഡിലൂടെയാണ്‌ !!

ബസ്സ്‌ കുതിച്ചു പാഞ്ഞു കൊണ്ടിരുന്നു . പിറകില്‍ നിന്ന് പല സുഹൃത്തുക്കളും മുന്നിലേക്ക്‌ വന്നു പിറകില്‍ ഭയങ്കര ചൂട് അനുഭവപ്പെടുന്നതായി പറഞ്ഞു . ബസ്സില്‍ മൊത്തം ഒരുതരം ചൂട് അനുഭവപ്പെടുന്നതും മനസ്സിലായി പലരും ഡ്രൈവറോട് പോയി കാര്യം സൂചിപ്പിച്ചു . അയാള്‍ പറഞ്ഞു എസി ഒക്കെ ഒക്കെയാണ് . ഒരു പ്രശ്നവും ഇല്ല . ഒടുവില്‍ ഞങ്ങള്‍ 'ബദര്‍ ' ല്‍ എത്തി - ഇസ്ലാമിക ചരിത്രത്തിലെ അവിസ്മരണീയവും സുപ്രധാനവുമായ ഒരു സ്ഥലമാണ് ബദര്‍ . അപ്പോള്‍ ആ വഴി പോകാന്‍ ഭാഗ്യം ലഭിച്ചല്ലോ എന്ന സന്തോഷത്തിലായിരുന്നു ഞങ്ങള്‍ . സാധാരണ വഴിയിലൂടെ ആണ് പോയിരുന്നെങ്കില്‍ ബദര്‍ ടെച്ച് ചെയ്യാന്‍ കഴിയില്ലായിരുന്നു . ഞങ്ങളുടെ യാത്ര അമീര്‍ അക്കാര്യം എടുത്തു പറയുകയും ചെയ്തു ..

പെട്ടെന്നാണ് ഞങ്ങളുടെ ബസ്സിനെ ഓവര്‍ ടേക്ക് ചെയ്തു കൊണ്ട് ഒരു കാര്‍ മോന്നോട്ടു വരുന്നതും ബസ്സിന് മുമ്പില്‍ സിഗ്നല്‍ കാണിച്ചു ബസ്സ്‌ നിര്‍ത്താന്‍ ആവശ്യപ്പെടുന്നതും !
ഉടനെ ഡ്രൈവര്‍ വിളിച്ചു പറഞ്ഞു :
എല്ലാവരും പെട്ടെന്ന് ഇറങ്ങണം ..!!!

ഞങ്ങള്‍ക്ക് ആര്‍ക്കും കാര്യം മനസിലായില്ല .
എങ്കിലും എല്ലാവരും ബാഗും സാധാങ്ങളും എടുത്തു പെട്ടെന്ന് ഇറങ്ങി ..
വിജനമായ റോഡിലേക്ക് , ജീവനും കൊണ്ട് ഓടിയിറങ്ങി !!

അപ്പോഴാണ്‌ ബസിന്റെ പിറകില്‍ നിന്ന് പുക പൊങ്ങുന്നത് കാണുന്നത് . എല്ലാവരും അങ്ങോട്ട്‌ ഓടുന്നതും മണ്ണ് വാരി എറിയുന്നതും ആണ് കാണുന്നത് ..
ബസ്സിന്റെ പിറകില്‍ തീ !

റെഡിയേറ്ററില്‍ വെള്ളം തീര്‍ന്നു ചുട്ടു പഴുത്തു കത്തുകയായിരുന്നു എന്ന് പിന്നീടാണ് അറിയുന്നത് !

പിറകെ വന്ന ആ നല്ല മനുഷ്യന്റെ സമയോചിതമായ ഇടപെടല്‍ ഇല്ലായിരുന്നു വെങ്കില്‍ ഈ പോസ്റ്റ്‌ എഴുതാന്‍ ഞാന്‍ ഉണ്ടാകുമായിരുന്നില്ല ! ഒരായിരം സ്വപ്നങ്ങളും പ്രതീക്ഷയുമായി ജീവിക്കുന്ന സ്ത്രീകളും കുഞ്ഞുങ്ങളും അടങ്ങുന്ന ഒരു പാട് മനുഷ്യര്‍ , ഒരു നിമിഷം കൊണ്ട് വലിയ ഒരു തീഗോളം ആവുമായിരുന്നു .. !!!
അല്ലാഹുവിന് സ്തുതി . അല്‍ഹംദുലില്ലാഹ് !!!

സത്യത്തില്‍ അല്ലാഹു ഞങ്ങളെ രക്ഷിക്കാന്‍ ഒരു മനുഷ്യനെ പറഞ്ഞയക്കുകയായിരുന്നു .
അല്ലാഹുമ്മ ലകല്‍ ഹംദ് .. !! വലകശ്ശുക്ര്‍ .. !!!

ഒരു നിമിഷം മതി വലിയ ഒരു ദുരന്തം ഉണ്ടാകാന്‍
ഒരു നല്ല മനുഷ്യന്‍ മതി ഒരു പാട് ജീവന്‍ രക്ഷപ്പെടാന്‍ ...

പുകവലി ചിന്ത


ഓഫീസിലേക്ക് പോകുമ്പോള്‍ 'പുകവലി' ചിന്തയാണ് മനസ്സിലുണ്ടായിരുന്നത് . കാരണം രാവിലെ വാ ര്‍ത്ത കേള്‍ ക്കുമ്പോള്‍ ഇന്ന് 'ലോക പുകവലി വിരുദ്ധ ദിനം' ആണ് എന്ന് എഴുതി കാണിക്കുന്നത് കണ്ടു . വഴിയിലുടനീളം ഒരു പാട് പുകവലിക്കാരെ കണ്ടു . എന്റെ ഓഫീസിലേക്ക് കേറി വരുന്ന സ് റ്റയര്‍ കേസിലും നിറയെ 'വലിച്ചു വലിച്ചെറിഞ്ഞ' ഒരു പാട് കുറ്റികള്‍ .

എനിക്ക് തോന്നുന്നു നമ്മുടെ നാട്ടിലേക്കാള്‍ വലി ഇവിടെയാണ്‌ കൂടുതല്‍
നമ്മുടെ നാട്ടില്‍ വലി കുറഞ്ഞു പക്ഷേ മറ്റൊന്ന് കൂടി . കുടി !!

വലിക്കും തോറും ചുരുങ്ങുന്ന ഒരു വസ്തു എന്ന കുസൃതി ചോദ്യത്തിന്
സിഗരറ്റ് എന്നാണു ഉത്തരം . എന്നാല്‍ കുസൃതിയല്ലാത്ത ഒരു ചോദ്യവും ഉത്തരവും ഉണ്ട് .
വലിക്കും തോറും ചുരുങ്ങുന്ന ഒരു സംഗതി ?
ഉത്തരം : ആയുസ്സ്

'ഒരറ്റത്ത് തീയും മറ്റേ അറ്റത്ത്‌ ഒരു വിഡ്ഢിയും' എന്ന കൊച്ചു വാചകം മാത്രം മതി ഈ ദുശ്ശീലത്തിന്റെ
പ്രത്യാഘാതവും അപകടവും മനസ്സിലാക്കാന്‍

മദ്യപാനം അതുപയോഗിക്കുന്ന ആളെ നശിപ്പിക്കുമ്പോള്‍ പുകവലി അയാളെ മാത്രമല്ല പുക പുറത്തു വിട്ടു അതു ശ്വസിക്കുന്ന നിരപരാധികളെയും കൂടി ദോഷമായി ബാധിക്കും .
പ്രത്യേകിച്ചു കുട്ടികളെ .. ആ നിലക്ക് പുകവലി ഒരു കുടുംബ / സാമൂഹിക / സാംസ്ക്കാരിക വിപത്ത് കൂടിയായി വേണം കാണാന്‍ .

പുകവലി നമ്മുടെ ശ്വാസ കോശത്തെ എങ്ങനെ ബാധിക്കുന്നു എന്ന് അറിയാന്‍ ഒരു കവി ള്‍ പുക എടുത്തു ഒരു വെള്ള ത്തുണി യിലേക്ക് ഒന്ന് ഊതി നോക്കിയാല്‍ മതി .
ആരോഗ്യത്തിനു മാത്രമല്ല , നമ്മുടെ ശാരീരിക സൌന്ദര്യത്തിനും പുകവലി ദോഷം തന്നെ . കൂട്ടത്തില്‍ അസഹനീയമായ ഒന്ന് പുകവലിക്കാരുടെ നാറുന്ന വായ തന്നെ .
കറുത്ത കറ പറ്റിയ ചുണ്ടുകള്‍ , കരുവാളിച്ച പല്ലുകള്‍ . ഇതിനൊക്കെ പുറമേ അതൊരു ദുശ്ശീലവും ധൂ ര്‍ ത്തും കൂടിയാണ് . കാന്‍ സര്‍ എന്ന മാരകവും ഭീകരവുമായ രോഗത്തിന് പ്രധാന കാരണവും .

ഇതൊക്കെ പറയുമ്പോഴും വലിക്കാരുടെ മനസ്സിലുണ്ടാകുന്ന ഒരു
'വികട' ചിന്ത ഈ രോഗമൊക്കെ വരാന്‍ പുക വലിക്കണം എന്നില്ലല്ലോ , എത്ര പുകവലിക്കാത്ത ആളുകള്ക്ക് ആ രോഗം വരുന്നു . കൊച്ചു കുട്ടികള്ക്കു പോലും വരുന്നില്ലേ ? ശരിയാണ് . ഉണ്ട് .

പക്ഷേ നമുക്ക് അറിയാത്ത കാരണം കൊണ്ട് വരുന്ന രോഗത്തെ നമുക്ക്
തടയാനാവില്ല . എന്നാല്‍ നമ്മുടെ കയ്യിലിരിപ്പ് കാരണം വരുന്ന രോഗം
നമ്മെ വല്ലാതെ സ്വയം ശപിക്കാന്‍ ഇടയാക്കും .
ഒരു രോഗ നിര്‍ണ്ണയം കഴിഞ്ഞു നിങ്ങളുടെ ഈ രോഗത്തിന് കാരണം നിങ്ങളുടെ പുകവലിയാണ് എന്ന് ഒരു ഡോക്ടര്‍ പറയുമ്പോഴേ ആ ഞെട്ടലി ന്റെയും കുറ്റബോധത്തിന്റെയും ആഘാതം അറിയൂ .

നാം ശ്രദ്ധിച്ചാല്‍ നമുക്ക് കൊള്ളാം
അല്ലെങ്കില്‍ നമ്മുടെ ജീവിതം പുകച്ചു തള്ളാം

വെറുതെ വലിച്ചു കളയാനുള്ളതല്ല നമ്മുടെ ഈ വിലപിടിപ്പുള്ള ജീവിതം
പുക വലിച്ചു ജീവിതം പുകക്കണോ ?
പുക , അത് വലിക്കുന്നവനെ മാത്രമല്ല
ചുറ്റുമുള്ളവരെ കൂടി പുകയ്ക്കുന്നു

ഓര്‍ക്കാം നമുക്ക് .
''പുക വലി അന്ത്യ ശ്വാസം വലി അകാലത്തില്‍ ആക്കും ''. ജീവിതത്തിന്റെ ദൈര്‍ഘ്യം കുറയ്ക്കും
അത് കൊണ്ട് , വലിച്ചെറിയുക
ജീവിതം വലിച്ചെറിയുന്ന പുകവലിയെ !!

ഒരു പാട് ദോഷങ്ങളും അപകടങ്ങളും ഉണ്ടെങ്കിലും പുക വലിക്കാരന്
ചില 'നേട്ടങ്ങള്‍' കിട്ടാനുണ്ട് . മറ്റ് ആ ര്‍ക്കും കിട്ടാന്‍ സാധ്യതയില്ലാത്തവ .
(കൊച്ചു ക്ലാസ്സില്‍ ഒരു പാഠ പുസ്തകത്തില്‍ പഠിച്ച ഓ ര്‍ മ്മയ്ക്ക് )

1) മുടി നരക്കില്ല
2) വീട്ടില് കള്ളന്‍ കേറില്ല
3) നായ കടിക്കില്ല !!!

മുടി നരക്കും മുന്പേ മരിക്കും
രാത്രി മുഴുവനും ചുമക്കുന്നത് കൊണ്ട് വീട്ടില്‍ ആളുറങ്ങിയിട്ടില്ല എന്ന് കരുതി കള്ളന്‍ വരില്ല
പുക വലിക്കുന്നവന് നിവര്‍ന്നു നടക്കാന്‍ കഴിയില്ല . അതുകൊണ്ട് കയ്യില്‍ വടിയുണ്ടാവും .
അത് കണ്ടു നായ അടുക്കില്ല !!
---------------------------------------------------------
ഇത് പറയാനുള്ള യോഗ്യത :
ഇപ്പോള്‍ യോഗ്യത ചോദ്യം ചെയ്യുന്ന കാലമാണല്ലോ
ഞാനിത് വരെ പുക വലിച്ചിട്ടില്ല !!

വലി


എനിക്ക്
കണ്ടുകൂടാത്ത ഒരു വലി
പുകവലി
കേട്ടുകൂടാത്ത വലി
കൂര്‍ക്കം വലി
ഒഴിച്ച് കൂടാനാവാത്ത വലി
ശ്വാസം വലി
ഇഷ്ടപ്പെട്ട വലി
വടം വലി
കുട്ടിക്കാലത്ത് മാറോട് ചേ ര്‍ത്ത് കൊണ്ട് നടന്ന വലി
പാഠാവലി

എനിക്ക് തീരെ ഇഷ്ടമില്ലാത്തതും
രാഷ്ട്രീയക്കാര്‍ക്ക് ഒഴിച്ച് കൂടാനാവാത്തതുമായ വലി
ചരടു വലി

സംഭവം നടക്കുമ്പോ ള്‍ ദേഷ്യം വരികയും
പിന്നീട് ആലോചിക്കുമ്പോള്‍ ചിരി വരികയും ചെയ്യുന്ന ഒരു വലി കൂടിയുണ്ട്

ഒരു പുതപ്പിനുള്ളില്‍ കിടക്കുമ്പോള്‍
വല്ലാതെ തണുക്കുന്ന നേരത്ത്
പുതപ്പിന് വേണ്ടി
ഞാനും അവളും
അങ്ങോട്ടും ഇങ്ങോട്ടും
മത്സരിച്ചു നടത്തുന്ന
പിടിവലി !!

പൂവിന്റെ പ്രൊഫൈല്‍ ചിത്രമുള്ള പെണ്‍കുട്ടി


രാവിലെ ഇന്‍ബോക്സില്‍ നോക്കുമ്പോള്‍ എട്ടോളം മെസേജ് .
കൂടുതലും ലിങ്കുകളാണ് .
കൂട്ടത്തില്‍ പൂവിന്റെ പ്രൊഫൈല്‍ ചിത്രം ഉള്ള ഒരാളുടെ മെസ്സേജും ഉണ്ട് .
ഒരു ഫീ മെയില്‍ പേരാണ് .

തുറന്നു നോക്കുമ്പോള്‍ ഒരു ചിത്രം .
നിറം മങ്ങിപ്പോയ , അവിടവിടെ മടങ്ങിയ ' പഴയ ഒരു ഓട്ടോഗ്രാഫ് പേജില്‍ ,
നാല് വരികള്‍

''പിരിയുവാന്‍ നേരമായി
പറയാമിനി യാത്രാ മൊഴി
കാണാന്‍ ഇനിയില്ല ഒരു വഴി
കാണും മനസ്സില്‍ എന്നും ആ മിഴി ''
ഒരുപാട് ഒരു പാട് സ്നേഹത്തോടെ .....!!!

കയ്യക്ഷരം കണ്ടു അയാള്‍ ഞെട്ടിപ്പോയി .

കൌമാരകാലത്തെ , പൂവിടാതെ പോയ ഒരു പ്രണയത്തിന്റെ ,
നിറം മങ്ങിയ ഓര്‍മ്മയുടെ സുഗന്ധം എവിടെ നിന്നോ ഒഴുകിവരുന്ന പോലെ അയാള്‍ക്ക്‌ തോന്നി . പറയാന്‍ മറന്ന പ്രണയത്തിന്റെ മറക്കാനാവാത്ത പരിഭവം പോലെ ആ സന്ദേശം
അയാളെ എങ്ങോട്ടൊക്കെയോ കൂട്ടി ക്കൊണ്ടു പോയി .

അവള്‍ തുടര്‍ന്ന് എഴുതിയത് അയാള്‍ ആകാംക്ഷയോടെ വായിച്ചു

''വായിക്കാറുണ്ട് . ഇന്നലെ എന്തോ തെരയുന്നതിനിടയില്‍ ആണ് പഴയ ഓട്ടോഗ്രാഫ് കിട്ടിയത് .
കഴിഞ്ഞ 'പ്രണയ ദിന'ത്തിന് എഴുതിയ പോസ്റ്റ്‌ വായിച്ച അന്നേ മനസ്സിലുണ്ട് വെറുതെ ഒന്ന് സംസാരിക്കണം എന്ന് . പിന്നെ വേണ്ടെന്നു വെച്ചു .

ഈ ഓട്ടോഗ്രാഫ് കണ്ടപ്പോള്‍ ആ ആഗ്രഹം നീട്ടി കൊണ്ട് പോകേണ്ട എന്ന് കരുതി .

ഇപ്പോഴും മനസ്സിലുണ്ട് എന്ന് മനസ്സിലായി .
സന്തോഷം തോന്നി . നന്ദി .

വിശേഷങ്ങള്‍ ഒന്നും ചോദിക്കുന്നില്ല .
സുഖമാണ് എന്നറിയാം .

എനിക്കും സുഖമാണ് .
സന്തുഷ്ടമായ ജീവിതം .
മക്കളും ഭ ര്‍ ത്താവും കുടുംബവും ഒക്കെയായി സസുഖം കഴിയുന്നു .

ഇതിനു മറുപടി വേണ്ട . പിന്തുടരുകയും ചെയ്യരുത് !!!

''കാണാനില്ല ഇനി ഒരു വഴി '' എന്ന വരി , ഇന്ന് 'ആരെയും എവിടെയാണെങ്കിലും ജീവിച്ചിരിപ്പുണ്ടെങ്കില്‍ കാണാനുണ്ട് വഴി 'എന്നായിരിക്കുന്നു .

ദൂരെ നിന്ന് കാണാം . അതാണ്‌ നമ്മെ ഇഷ്ടപ്പെടുന്ന , നാം ഇഷ്ടപ്പെടുന്ന എല്ലാവര്‍ക്കും നല്ലത് ..!!
നല്ലത് വരട്ടെ .

ഈ പ്രൊഫൈല്‍ അധികം വൈകാതെ ഡി ആക്റ്റിവേറ്റ് ചെയ്യും .
ഗുഡ് ബൈ !!

മോനെ ഈ രാമദാസ് ഡോക്ടറെ വീട് എവിടെയാ ?



ഒരു വൃദ്ധ ഒരു കുട്ടിയേയും എടുത്തു ബസ്സില്‍ , നിന്ന് യാത്ര ചെയ്യുമ്പോള്‍ അടുത്തിരിക്കുന്നവന്‍ കണ്ടില്ലെന്നു നടിക്കും .

ഒരു തരുണീമണിയാണ് കുട്ടിയേയും എടുത്തു നില്‍ക്കുന്നത്
എങ്കില്‍ 'ഞാനെടുത്തോളാം കുട്ടിയെ ..
മോനെ കുക്കുടൂ ചേട്ടന്റെ അടുത്ത് വാ മിഠായി വാങ്ങിതരാം ട്ടോ ... എന്നൊക്കെ വലിയ ഡയലോഗ് അടിച്ചു ചേച്ചി കുട്ടിയെ കൊടുക്കും മുന്‍പേ എടുത്തു മടിയില്‍ വെച്ചിരിക്കും


ഒരു വൃദ്ധ :
മോനെ ഈ രാമദാസ് ഡോക്ടറെ വീട് എവിടെയാ ?

നേരെ പോയി ഇടത്തേക്ക് തിരിഞ്ഞു അവിടെ കാണുന്ന ആരോടെങ്കിലും ചോദിച്ചാല്‍ മതി ..

അല്പം കഴിഞ്ഞു ഒരു ചെറുപ്പക്കാരി അവന്റെ അടുത്തു വഴി ചോദിച്ചു വന്നാലോ ?

ചേച്ചീ ആ കണ്ണ് ഡോക്ടര്‍ രാമദാസിന്റെ വീടല്ലേ .
നേരെ പോയാല്‍ മതി . കുറച്ചേ നടക്കാനുള്ളൂ .
ആദ്യം കാണുന്ന സിഗ്നലില്‍ നിന്ന് ഇടത്തോട്ടു തിരിയണം .
അപ്പോള്‍ ഒരു ഫാന്‍സി ഷോപ്പ് കാണും .
പിന്നെ ഒരു റസ്റ്റോറന്റ് കാണാം .
അതും കഴിഞ്ഞ് കുറച്ചു കൂടി മുന്നോട്ടു പോയാല്‍
റയില്‍ വേ ഗേറ്റ്
ഗേറ്റ് കടന്നു അപ്പുറത്തെ നാലാമത്തെ വീട് ആണ് ഡോക്ടറുടെത് .
മഞ്ഞ പെയിന്റ്റ് അടിച്ച വീട് ആണ് .

ബുക്ക് ചെയ്തിട്ടുണ്ടോ ? നല്ല തിരക്കുള്ള ആളാ ..
വഴി മനസ്സിലായോ .
ഇല്ലെങ്കില്‍ ഞാന്‍ കൂടെ വരാം ...

മധുരിക്കുന്ന ഓര്‍മ്മകള്‍



എന്റെ ജ്യേഷ്ടന്റെ വീട്ടിലായിരുന്നു ഞാനും കുടുംബവും കുറച്ചു കാലം താമസിച്ചിരുന്നത് .

അന്ന് ആ വീടിന്റെ പിറകില്‍ ഞങ്ങളുടെ അയല്‍ക്കാരായി
ഒരു രാധേച്ചിയും ഒരു മാള്‍ക്കേച്ചിയും ഉണ്ടായിരുന്നു . എന്തൊരു സ്നേഹമായിരുന്നു അവര്‍ക്ക് . മാഷേ എന്ന് നീട്ടി വിളിക്കും . പ്രത്യേകം എന്ത് ഉണ്ടാക്കിയാലും കൊണ്ട് വന്നു തരും .

ഇടയ്ക്ക് ഒരു ബൈക്ക് ആക്സിഡന്റില്‍ പെട്ട് വീട്ടില്‍ തന്നെ ചടഞ്ഞിരിക്കുന്ന സമയത്ത് വല്ലാതെ മുഷിയുമ്പോള്‍ ഞാനും കുട്ടികളും അങ്ങോട്ട്‌ പോകും .

സുകുവേട്ടന്റെ - രാധേച്ചിയുടെ ഭര്‍ത്താവ് - അമ്മയും അവിടെയുണ്ട് . ആ അമ്മ ചെല്ലുമ്പോള്‍ എന്റെ കൈയ്യില്‍ പിടിക്കും എന്നിട്ട് 'അസ്സലാമു അലൈകും 'എന്ന് ചിരിച്ചു കൊണ്ട്പ റയും .

പിന്നെ സത്ക്കാരമാണ് . അവരുടെ തൊടികയില്‍ ഉണ്ടായ പൂവന്‍ പഴം ആണ് പ്രധാന വിഭവം . അന്നവര്‍ക്ക് കൈതച്ചക്ക കൃഷി ഉണ്ട് . കൈതച്ചക്ക കലാപരമായി ചെത്തി പ്ലേറ്റില്‍ കൊണ്ട് വന്നു തരും ..

ആ അമ്മ അടുത്തിരുന്നു പഴയ കഥകള്‍ പറയും . ഉമ്മയുമുപ്പയും കഷ്ടപ്പെട്ട കഥകള്‍ .
പത്തു മക്കളെ വളര്‍ത്തിയെടുക്കാന്‍ പെട്ട പാടുകള്‍ . ആ അമ്മയ്ക്ക് ഉമ്മയേയും ഉപ്പയെയും ഒക്കെ നന്നായി അറിയാം .

എന്റെ രണ്ടു മക്കള്‍ക്കും രാധേച്ചിയെയും മാള്‍ക്കേച്ചിയെയും ജീവനായിരുന്നു . അവര്‍ തരം കിട്ടിയാല്‍ അങ്ങോട്ട്‌ മണ്ടും . . വീടിന്റെ മുമ്പിലൂടെ രാധേച്ചിയോ മാള്‍ക്കേച്ചിയോ
പോകുമ്പോള്‍ കുട്ടികളെ നീട്ടി വിളിക്കും . അവര്‍ ഓടിച്ചെല്ലും .

അവരുടെ കൂടെ പോയ കുട്ടികള്‍ ഇരുട്ടിയാലും പോരാന്‍ കൂട്ടാക്കില്ല . മാള്‍ക്കേച്ചി യുടെ രണ്ടു ആണ്‍കുട്ടികള്‍ക്കും മക്കളെ വലിയ ഇഷ്ടമായിരുന്നു .

ഗള്‍ഫിലേക്ക് പോരുമ്പോള്‍ യാത്ര പറയാന്‍ ചെന്നപ്പോള്‍
രാധേച്ചി പറഞ്ഞു : ''ഇനി ഞങ്ങളെ ഒന്നും കണ്ടാല്‍ മിണ്ടൂല വല്യ മുതലാളിയൊക്കെ ആയാല്‍ ഞങ്ങളെ മറക്കും .. ''

ഇന്നും വെക്കേഷനില്‍ നാട്ടില്‍ ചെന്നാല്‍ ഞാന്‍ അവിടെ പോകും . അത്രയ്ക്ക് ബന്ധം ആയിരുന്നു ആ രണ്ടു
അയല്‍ വീടുമായും . ആ അമ്മ ഇന്നില്ല .
എന്നാലും മനസ്സില്‍ ഇപ്പോഴും ഉണ്ട് 'മാഷേ അസ്സലാമു അലൈകും 'എന്ന ചിരിച്ചു കൊണ്ടുള്ള ആ പറച്ചില്‍ !!

നമ്മുടെ കേരളത്തില്‍ ഇതുപോലുള്ള ഒരു പാട് സ്നേഹബന്ധങ്ങള്‍ ഉണ്ടായിരുന്നു ഒരു കാലത്ത് .
ഇന്നും ഉണ്ട് . എന്നാലും പഴയ ആ തീവ്രതയും ഇഴയടുപ്പവും എവിടെയോ നഷ്ടപ്പെട്ട പോലെ . .

ആ നല്ല നാളുകളിലേക്ക് ഇനി നമ്മുടെ നാട് തിരിച്ചു പോകില്ലായിരിക്കും . അടുത്ത വീട്ടില്‍ ശത്രു ഇരിക്കുന്നു എന്ന ഭീതി ആണ് ഇന്ന് നമ്മെ അലട്ടുന്ന വലിയ ശാപം .

അന്ന്, മുസ്ലിം ഹിന്ദു ക്രിസ്ത്യാനി ഒക്കെ ആചാരങ്ങളിലും വിശ്വാസങ്ങളിലും മാത്രമായിരുന്നു . മനസ്സിലും പെരുമാറ്റത്തിലും മനുഷ്യനും സ്നേഹവും
അയല്‍ക്കാരും സ്വന്തക്കാരും ആയിരുന്നു .
നമ്മുടെ സന്തോഷം അവരുടെതും അവരുടേത് നമ്മുടെതും ആയിരുന്നു . ആഘോഷങ്ങളിലും കല്യാണങ്ങളിലും എന്തൊരു സഹകരണം ആയിരുന്നു . ഓണവും പെരുന്നാളും ക്രിസ്തുമസ്സും എല്ലാവരും സന്തോഷത്തോടെ ഒരുമിച്ചു ആഘോഷിച്ചു . സന്തോഷങ്ങളില്‍ പങ്കു കൊണ്ടും ഓണം ഉണ്ണാന്‍ പോയും പെരുന്നാളിന് ബിരിയാണി തിന്നാന്‍ വന്നും ഒരേ വീട്ടിലെ പോലെ കഴിഞ്ഞു കൂടിയ 
മധുരിക്കുന്ന ഓര്‍മ്മകള്‍ .

ഇന്ന് എല്ലാം തകിടം മറിഞ്ഞു .

മുസ്ലിമിന് ഒരു അപകടം പിണഞ്ഞാല്‍ ഹിന്ദു വിചാരിക്കുന്നു മരിച്ചത് മുസ്ലിം അല്ലേ നന്നായി ഒന്ന് എണ്ണം കുറഞ്ഞു എന്ന് മുസ്ലിം വിചാരിക്കുന്നു ഹിന്ദു അല്ലേ മരിച്ചത് നന്നായി എന്ന് .
ക്രിസ്ത്യാനിയും അതെ പോലെ തന്നെ ചിന്തിക്കുന്നു .

എന്തുണ്ട് സംശയം ?
ഏറ്റവും വലിയ വൈരം മത വൈരം തന്നെ !!!

നിഷ്ക്കളങ്കമായ മനസ്സുകളെ പോലും മതപരമായി വേര്‍തിരിച്ചു അകലം വര്‍ധിപ്പിക്കാനുള്ള തികച്ചും ഹീനമായ ശ്രമങ്ങള്‍ ആണ് എല്ലാ ഭാഗത്ത് നിന്നും നടക്കുന്നത് .. അക്കാര്യത്തില്‍ ആരും മോശക്കാരല്ല !!

മാനിഷാദാ - അരുത് കാട്ടാളാ .. ഇനിയും മനസുകളെ കൂടുതല്‍ കൂടുതല്‍ അകറ്റല്ലേ ..
ഇനിയും അവശേഷിക്കുന്ന സമാധാനത്തിന്റെ ക്രൌഞ്ചപ്പക്ഷികളെ കൂടി വെടി വെച്ച് കൊല്ലരുത് ..!!! പ്ലീസ് ..

ജയഹെ ജയഹെ ജയ ജയ ജയഹെ


നാട്ടില്‍ ചെന്നിട്ട് ,
പഴയ സ്കൂളിന്റെ പിന്‍ഭാഗത്തുള്ള
വലിയ ആല്‍മരത്തിന്റെ തടിയില്‍
കോമ്പസ് കൊണ്ട്
പ്ലസ് ചേര്‍ത്ത് എഴുതി വെച്ച
പേരുകള്‍ ഇപ്പോഴും അവിടെ ഉണ്ടോ
എന്ന് നോക്കണം

വടി കൊണ്ടുവരാന്‍
പറമ്പിലേക്ക് ചെല്ലുമ്പോള്‍ കണ്ട
പാണോപ്പഴങ്ങള്‍
അവിടെ പഴുത്തു തന്നെ നില്ക്കുന്നുണ്ടോ
എന്ന് ചെന്ന് നോക്കണം

സാറ്റു കളിക്കാന്‍ ഒളിച്ചിരുന്നപ്പോള്‍
അറിയാതെ കാലില്‍ കേറിയ
കുപ്പിച്ചില്ല്
എടുത്തു തരാന്‍ ,
കരച്ചില്‍ കേട്ട് ആദ്യമെത്തിയ
അവളുടെ കൈകളില്‍ പിടിച്ചു
കൊക്കിച്ചാടി പോയി ഇരുന്ന
ആ സ്നേഹപ്പാറയില്‍ ഇത്തിരി നേരം കുത്തിരിക്കണം

ഉപ്പ ഗള്‍ഫില്‍ നിന്ന് വന്നപ്പോള്‍
അനിയത്തിമാര്‍ക്കു കൊണ്ട് വന്ന
ഒരു പാട് മുത്തുമാലകളില്‍ നിന്ന്
ഒന്ന്
ആരും കാണാതെ കട്ടെടുത്ത്
അവള്‍ക്കു കൊണ്ട് കൊടുത്ത
ആ മുത്തശ്ശി മാവിന്റെ ചോട്ടിലൊന്നു പോകണം

ഭരണിയില്‍
ഉപ്പു വെള്ളത്തില്‍ മുങ്ങിക്കിടന്നു
എപ്പോഴും തന്നെത്തന്നെ നോക്കി
കണ്ണിറുക്കിയിരുന്ന
നെല്ലിക്കകള്‍ക്ക്
ഒരു
സ്പെഷ്യല്‍ സലാം കൊടുക്കണം

അവളെ രക്ഷിക്കാന്‍
കള്ളം പറഞ്ഞതിന്
ഉണ്ണി മാഷ്‌ കൈവെള്ളയില്‍ ആഞ്ഞടിക്കുമ്പോള്‍
പെണ്‍കുട്ടികളുടെ
ഭാഗത്ത് നിന്ന് കേട്ട പൊട്ടിക്കരച്ചിന്റെ
പൊട്ടും പൊടിയും
ഇപ്പോഴും
അവിടെയെവിടെയെങ്കിലും
വീണു കിടക്കുന്നുണ്ടോ എന്ന് പരതണം

ഇന്റര്‍ വെല്ലിനു
കിണറ്റിന്‍ കരയില്‍
വെള്ളം കുടിക്കാന്‍ തിരക്ക് കൂട്ടുന്ന
കുട്ടികള്‍ക്കിടയിലേക്ക്
ഓടിച്ചെന്ന്
തൊട്ടി കൈക്കലാക്കി
വെള്ളം കോരി
ആദ്യം
അവളുടെ വെളുത്ത കൈകളിലേക്ക്
ഒഴിച്ച് കൊടുത്ത പ്പോള്‍
അവള്‍ കുടുകുടാ കുടിച്ച
പഞ്ചാരക്കിണറില്‍
ഒന്ന് പാളി നോക്കണം

പരിസരത്തു ആരുമില്ലെങ്കില്‍
വലിയ വായില്‍
ഉറക്കെയുറക്കെ
അവളുടെ പേര് വിളിക്കണം

അടിത്തത്തില്‍ പോയി പ്രതിധ്വനിച്ചു
വല്ലാത്ത ഒരു മുഴക്കത്തോടെ
കിണറില്‍ നിന്ന് പൊങ്ങിവരുന്ന
ആ ശബ്ദം
വല്ലത്തോരിഷ്ടത്തോടെ
ഹൃദയത്തില്‍ കേള്‍ക്കണം

ഒടുവില്‍
മനസ്സില്ലാ മനസ്സോടെ
തിരിച്ചു പോരുമ്പോള്‍
ആരും കേള്‍ക്കാതെ
ജയഹെ ജയഹെ ജയ ജയ ജയഹെ എന്ന് ചൊല്ലണം
അപ്പോള്‍
മനസ്സില്‍
ഒരായിരം
കൂട്ടമണി മുഴങ്ങണം !!!

എല്ലാ അവധിക്കു പോകുമ്പോഴും
സ്വപ്നം കാണുന്ന ഈ മോഹങ്ങളൊക്കെ
തത്ക്കാലം മറന്ന്
പോയതിലേറെ വേഗത്തില്‍
തിരിച്ചു വന്ന്
'ഒന്നിനും സമയം കിട്ടിയില്ലല്ലോ '
എന്ന് നെടുവീര്‍പ്പിട്ട്
അടുത്ത അവധിക്കായി
കാത്തു കാത്തിരിക്കണം !!!


പ്രവാസക്കുറിപ്പുകള്‍


നോമ്പ് കാരനെ പോലെയാണ് പ്രവാസി . നോമ്പുകാരന്‍ പകല്‍ മുഴുവനും വിചാരിക്കും നോമ്പ് തുറന്നിട്ട്‌ അത് തിന്നണം ഇത് തിന്നണം എന്നൊക്കെ നോമ്പ് തുറന്നു .കുറച്ചു വെള്ളം കുടിച്ചു എന്തെങ്കിലുമൊക്കെ തിന്നുമ്പോഴേക്കും മതിയായി .

പ്രവാസി നാട്ടില്‍ പോകുമ്പോള്‍ ഒരു പാട് സ്വപ്നം കാണും . പല പദ്ധതിയും ആസൂത്രണം ചെയ്യും . എന്തൊക്കെയോ ചെയ്യണം എന്ന് നിയ്യത്ത് വെക്കും .
ചെന്ന് 'ഒന്നോ രണ്ടോ ' ദിവസം കഴിയുമ്പോഴേക്കും അവനു മതിയായി. നിറഞ്ഞു , പിന്നെ വയ്യ .. !!!

***
ആറുമാസം ലീവ് ചോദിച്ച പ്രവാസിയോട്‌ കഫീല്‍ പറഞ്ഞു പോലും . അരക്കൊല്ലം നീ ഇല്ലാതെ എന്റെ സ്ഥാപനം പോകുമെങ്കില്‍ പിന്നെ കാലക്കാലം നീ ഇല്ലാതെ പോവുമെന്ന് ഉറപ്പല്ലേ ...?

***

ഭാഗ്യമാണ് പ്രവാസം
ഭാരമാണ് പ്രവാസം
മറ്റുള്ളവരുടെ ഭാരം ഇറക്കാനാണ് പ്രവാസം
ബാധ്യതയാണ് പ്രവാസം
ബാധ്യത ഇല്ലാതാക്കാലാണ് പ്രവാസം
ചിലര്‍ക്ക്
ഭാസുരമാണ് പ്രവാസം !

***
പ്രയാസം തീരാന്‍
പ്രവാസം വരിക്കുന്നു
എന്നിട്ടോ
ആ പ്രവാസം
തീരാ പ്രയാസമായി
അവനെ വരിഞ്ഞു മുറുക്കുന്നു !!!

***
പ്രവാസം ചിലര്‍ക്ക് ഒരു വിത
ചിലര്‍ക്ക് വെറും പത
ചിലര്‍ക്ക് കനലെരിയും ചിത
ചിലര്‍ക്ക് ഒരിക്കലും തീരാത്ത വ്യഥ
ചിലര്‍ക്ക് ഉത്തരം കിട്ടാത്ത കടം കഥ
ചിലര്‍ക്ക് വെറും തടവറ
ചിലര്‍ക്ക് സൌഭാഗ്യമേകും കലവറ
ചിലര്‍ക്കോ നഷ്ടങ്ങളുടെ മണിയറ !!!

***
പ്രവാസം ഒരു കടലാണ് .
പ്രവാസികള്‍ മുക്കുവന്മാരും .
ഈ കടലില്‍ നിന്ന് ചിലര്‍ക്ക് ചാകര കിട്ടുന്നു .
ചിലര്‍ക്ക് വെറും ചാള ,
ചിലര്‍ക്ക് നത്തോലി
ചിലര്‍ക്ക് ആവോലി
ചിലര്‍ക്ക് വന്‍ സ്രാവുകള്‍ കിട്ടി
അവർ വൻ സ്രാവായി മാറുന്നു

***
ഞാനും പ്രവാസി
നീയും പ്രവാസി
അവനും പ്രവാസി
അവരും പ്രവാസി
എന്റെ അയല്‍വാസിയും പ്രവാസി
എല്ലാ ദരിദ്ര വാസികളും പ്രവാസി
എന്നിട്ടും
നമ്മുടെ മനസ്സില്‍ ഒക്കെയും എന്നും
അമാവാസി !!!

***
പ്രവാസികള്‍ക്ക് അല്ലാതെ മറ്റാര്‍ക്കും തീരെ കേട്ടുകൂടാത്തതും പ്രവാസികള്‍ക്ക്
എത്ര തന്നെ കേട്ടാലും വായിച്ചാലും പറഞ്ഞാലും എഴുതിയാലും
മതിയാകാത്തതുമായ ഒരു സംഗതിയാണ്
പ്രവാസ കഥകള്‍

***

'കടന്നാല്‍ കുടുങ്ങി' എന്ന ഒരു സ്ഥലമുണ്ട് . എന്നാല്‍ ആ പേര് ഏറെ യോജിക്കുക പ്രവാസത്തിനാണ് !!!

***

പ്രവാസം അനുഭവിക്കുന്നവര്‍ക്ക് ഇരുളും
അത് കൊണ്ട് അനുഭവിക്കുന്നവര്‍ക്ക് പ്രകാശവും

***

പ്രവാസം ഒരു ചൂണ്ട
പ്രവാസിയോ ഒരു ചെണ്ട
അവള്‍ പറയുന്നു : ഇനി പോണ്ട
സ്വത്തും സുഖവും വേണ്ട
കൂട്ടാന്‍ ഇനി വെറും വെണ്ട
എന്നാലും ഗള്‍ഫ് മാണ്ട !!!

അവന്‍ മനസ്സില്‍ പറയും : ഇതൊന്നും കേ ള്‍ക്കേണ്ട
നാളെ ഇതെല്ലാം മാറ്റി പറയും . അന്നേരം വിഷമം വേണ്ട !!

അമ്മയെ പറയുമ്പോള്‍


അമ്മയെ പറയുമ്പോള്‍ ആയിരം നാവാണ് നമുക്ക്
എന്നാല്‍ അച്ഛനെ പറയുമ്പോള്‍ എന്ത് കൊണ്ടോ വാക്കുകള്‍ കുറഞ്ഞു പോകുന്നു .
എന്താവാം കാരണം ?

അമ്മ ആര്‍ദ്രമായ ഒരു വികാരമാണെങ്കില്‍
അച്ഛന്‍ പരുഷമായ ഒരു വിചാരമാണ്

അമ്മയ്ക്കൊക്കില്ല അച്ഛന്‍
അച്ഛന് ഒക്കില്ല അമ്മ
എങ്കിലും അമ്മയോടാവും ഭൂരിഭാഗം ആളുകള്‍ക്കും ഒരു പണത്തൂക്കം സ്നേഹം കൂടുതല്‍

പ്രവാചകനോട് ഒരാള്‍ ചോദിച്ചു :
എനിക്ക് ആരോടാണ് കൂടുതല്‍ കടപ്പാടുള്ളത് ?
പ്രവാചകന്‍ പറഞ്ഞു :
ഉമ്മയോട്
പിന്നെയോ ?
ഉമ്മയോട്
പിന്നെയോ ?
ഉമ്മയോട്

മൂന്നു വട്ടമാണ് ഉമ്മ എന്ന് പറഞ്ഞത്

ശരിയാണ് അച്ഛന്‍ നമ്മെ വളര്‍ത്താന്‍ ഒരുപാട് ത്യാഗം സഹിച്ചിട്ടുണ്ട് , അധ്വാനിച്ചിട്ടുണ്ട് , വിയര്‍പ്പൊഴുക്കിയിട്ടുണ്ട് . വിഷമതകള്‍ അനുഭവിച്ചിട്ടുണ്ട് .
അതൊന്നും പക്ഷേ ഒരമ്മ അനുഭവിച്ചതിന്റെ അരികില്‍ പോലും എത്തില്ല

അച്ഛന്റെ നെഞ്ചത്ത് കിടന്നിട്ടുണ്ടാവും
കെട്ടിപ്പിടിച്ചു ഉറങ്ങിയിട്ടുണ്ടാവും

എന്നാല്‍ ജനിക്കും മുമ്പേ അമ്മയുടെ അകത്താണ് മകന്‍ / മകള്‍ വളരുന്നത്‌ . അമ്മ കഴിക്കുന്നതില്‍ നിന്ന് പാതിയാണ് കുട്ടി കഴിക്കുന്നത് . അമ്മയുടെ കൊച്ചു ലോകത്ത് നിന്നാണ് വിശാലമായ ലോകത്തേക്ക് വരുന്നത്. ജനിക്കും മുമ്പ് തന്നെ അമ്മയെ ആശ്രയിച്ചാണ് കുട്ടി വളരുന്നത്‌ .

ജനിച്ചു വീണാലോ അപ്പോഴും അമ്മയില്‍ നിന്നാണ് കുട്ടി ദാഹം തീര്‍ക്കുന്നത് , വിശപ്പ്‌ മാറ്റുന്നത് . പൊക്കിള്‍ക്കൊടി ബന്ധം അമ്മയോടാണ് .

ലോകത്തു കുടിക്കാന്‍ പറ്റിയ ഒരു പാട് പാലുകളുണ്ട്.
മൃഗങ്ങള്‍ ഉത്പാദിപ്പിക്കുന്ന നല്ല പ്രോട്ടീനും വിറ്റാമിനുകളും സമീകൃത വുമായ പാലുകള്‍

പക്ഷേ അതിലൊന്നും ഇല്ലാത്ത , കുഞ്ഞുങ്ങളുടെ മാനസികവും ശാരീരികവുമായ വളര്‍ച്ചയ്ക്ക് അത്യന്താപേക്ഷിതമായ ഒരു ഘടകം പ്രകൃതിയില്‍ നിന്ന് ലഭിക്കുന്ന ഒരു പാലിലും ഇല്ല
അത് അമ്മയില്‍ നിന്ന് ലഭിക്കുന്ന പാലിലെ യുള്ളൂ
ആ ഘടകമാണ് വാത്സല്യം ..

അമ്മ പ്രിയപ്പെട്ടവള്‍ ആകുന്നത് ഇത് കൊണ്ടൊക്കെ തന്നെയാണ് .
കുട്ടി മൂത്രമൊഴിക്കുന്നതും അപ്പിയിടുന്നതും അമ്മയെ തെല്ലും അനിഷ്ടപ്പെടുത്തുന്നില്ല . ഉറക്കം മുറിഞ്ഞാല്‍ പോലും അമ്മ അസ്വസ്ഥ യാവുന്നില്ല . ഇത്തരം അവസരങ്ങളിലൊക്കെ അമ്മയുടെ സ്ഥാനം
ഒരിക്കലും അച്ഛന് ആലോചിക്കാന്‍ പോലും കഴിഞ്ഞോളണം
എന്നില്ല .

അതെ , അത് കൊണ്ടൊക്കെയാണ് അമ്മ ഒരു വികാരമാകുന്നത്
അച്ഛന്‍ ഒരു വിചാരവും !!

ഇന്നത്തെ മധ്യ വയസ്സ് പിന്നിട്ട പല മക്കള്‍ക്കും അച്ഛന്‍ പേടിപ്പെടുത്തുന്ന ഒരാളാണ് . വല്ലാതെ സംസാരിക്കാത്ത , തോളില്‍ കയ്യിട്ടു സംസാരിക്കാത്ത , കൂടെ ഭക്ഷണം കഴിക്കാത്ത , ഒന്നിച്ചു വിനോദങ്ങളില്‍ ഏര്‍പ്പെടാത്ത ഭക്ത്യാദര ബഹുമാനങ്ങളോടെ കാണേണ്ട ഒരാള്‍ .

അദ്ദേഹത്തിനു വലിയ സ്നേഹമുണ്ടാകും മനസ്സില്‍ . പക്ഷേ അയാള്‍ അത് മക്കളുടെ മുമ്പില്‍ പ്രകടിപ്പിക്കില്ല .
പരുഷ പ്രകൃതമാണ് അന്നത്തെ മിക്ക അച്ഛന്മാരുടെയും
സ്ഥായിയായ ഭാവം

സ്വന്തം കാര്യം പോലും നേരെ ചൊവ്വേ അച്ഛനോട് പറയാതെ അമ്മ വഴി പറഞ്ഞിരുന്ന മക്കളായിരുന്നു അക്കാലത്തെ മിക്ക മക്കളും അപവാദങ്ങള്‍ ഇല്ല എന്നല്ല ഭൂരിഭാഗവും അത്തരക്കാര്‍ ആയിരുന്നു

ഒരു പക്ഷേ അച്ഛനെ പേടിച്ചു വേണം മക്കള്‍ വളരാന്‍ എന്നും പേടിയില്ലെങ്കില്‍ കുട്ടികള്‍ മോശമാകുമെന്നും വഴി തെറ്റുമെന്നും ഒക്കെ അവര്‍ ഭയപ്പെട്ടിട്ടുണ്ടാകണം .

ഗോഡ് ഫാദറിലെ 'അഞ്ഞൂറാനെ പോലെ ആയിരുന്നു അക്കാലത്തെ മിക്ക അച്ഛന്മാരും . അവരുടെ ശബ്ദം പോലും മക്കളില്‍ പേടി വിതക്കും . ടെലഫോണില്‍ ദൂരെ നിന്ന് സംസാരിക്കുകയാണ് എങ്കിലും അങ്ങേ തലക്കല്‍ അച്ഛനാണ് എന്ന് അറിയുമ്പോള്‍ സിഗരറ്റ് അറിയാതെ കുത്തി ക്കെടുത്തി പോകുന്ന മകന്‍ .

പക്ഷേ ഇത്തരം പരുഷ പ്രകൃതക്കാരായ അച്ഛന്മാരുടെ മക്കള്‍
അച്ഛന്മാരായി മാറിയപ്പോള്‍ മഞ്ഞുരുകുന്നതാണ് പിന്നെ കാണുന്നത് തങ്ങള്‍ക്കു ലഭിക്കാതെ പോയ അച്ഛന്‍ സ്നേഹം തന്റെ മക്കള്‍ക്ക്‌ അളവിലധികം വാരിക്കോരി കൊടുക്കുന്ന അച്ഛന്മാരെയാണ് പിന്നെ കാണുന്നത് .

വിനോദങ്ങളില്‍ മാത്രമല്ല എല്ലാ വിഷയങ്ങളിലും അച്ഛനും മക്കളും ഒന്നിച്ചു എന്ന അവസ്ഥ വന്നു . 'വീണ്ടും ചില വീട്ടുകാര്യങ്ങ'ളിലെ അച്ഛനും മകനും ആയി ബഹുഭൂരിഭാഗം അച്ഛനും മക്കളും

അതിരുകളോ വിലക്കുകളോ ഇല്ലാത്ത ബന്ധം പോയിപ്പോയി ഒന്നിച്ചു കുടിക്കുന്ന അച്ഛനും മകനും വരെ എത്തി !!!

ഒരു കാലത്ത് തീരെ സ്നേഹം പ്രകടിപ്പിക്കാതെ പോയതായിരുന്നു പ്രശ്നമെങ്കില്‍ പില്‍ക്കാലത്ത് പിശുക്കില്ലാതെ പരിധിയില്ലാതെ സ്നേഹം കൊടുത്തു .

അന്ന് പ്രകടിപ്പിക്കാതെ പോയ സ്നേഹമാണ് പ്രശ്നമായത്‌ എങ്കില്‍ ഇന്ന് അതിര് കവിഞ്ഞ സ്നേഹവും അതിര് വിട്ട ലാളനയും ആണ് പ്രശ്നമായി മാറുന്നത് .

അച്ഛനെ പോലും പേടിയില്ലാത്ത മക്കളാണ് ഇന്ന് ഭൂരിഭാഗവും .
തനിക്ക് പേടിക്കാന്‍ ആരുമില്ലാതെ വരുമ്പോള്‍ എന്തും ഏതും ചെയ്യാനുള്ള ഒരു ത്വര കുട്ടികളില്‍ ഉണ്ടാകുന്നു .

അധികമായാല്‍ എന്തും അപകടമാണ്
മിത നിലയാണ് എല്ലാ കാര്യത്തിലും എന്ന പോലെ കുട്ടികളോടുള്ള
സമീപനത്തിലും വേണ്ടത് . ബഹുമാനവും ആദരവും സ്നേഹവും പേടിയും കൂടിക്കര്‍ന്ന പിതാവിനെ മക്കളെ നിര്‍ത്തേണ്ടിടത്തു നിര്‍ത്താനും നിലക്ക് നിര്‍ത്താനും സാധിക്കൂ .

പിതാവും മക്കളും തമ്മിലുള്ള ബന്ധത്തില്‍ അടിമുടി മാറ്റം വന്നപ്പോഴും അമ്മയും മക്കളും തമ്മിലുള്ള ബന്ധം അന്നും ഇന്നും ഒരു പോലെയാണ് എന്നതാണ് ഇതിലെ ഏറ്റവും ശ്രദ്ധേയമായ സംഗതി

ഭാര്യ ഭര്‍തൃ ബന്ധങ്ങളില്‍
സഹോദര ബന്ധങ്ങളില്‍
ഗുരു ശിഷ്യ ബന്ധങ്ങളില്‍ ഒക്കെ വലിയ മാറ്റം വന്നു .
അപ്പോഴും അമ്മയും മക്കളും പഴയ പോലെ തന്നെ
അതെ , അമ്മ എന്ന വികാരം അന്നും ഇന്നും എന്നും ഒരു പോലെയാണ് !!

അമ്മയുടെ പാദാരവിന്ദങ്ങള്‍ക്ക് കീഴെയാണ് സ്വര്‍ ഗം എന്ന് നബി തിരുമേനി പറഞ്ഞത് വെറുതെയല്ല !!

ഫുട്ട് ബാള്‍ , 'അവള്‍'


ഫുട്ട് ബാള്‍ ഭ്രാന്തനായ ഭര്‍ത്താവിനോട് ഭാര്യ:

''ലോകകപ്പ്‌ ലോക കപ്പ്‌ ''എന്നൊക്കെ പറഞ്ഞു പണ്ടത്തെ മാതിരി റിമോട്ടും കയ്യില്‍ പിടിച്ചു ഇതിന്റെ മുമ്പില്‍ തന്നെ ഇരുന്നാല്‍ ആദ്യമേ പറഞ്ഞില്ല എന്ന് വേണ്ട
ഈ ലോക കപ്പു കഴിയും മുന്‍പ് ഞാന്‍ 'ലോക്കപ്പി 'ലേക്ക് പോകേണ്ടിവരും
സൂക്ഷിച്ചാല്‍ എനിക്കും നിങ്ങക്കും നന്നു

  •            

ആരാണ് ഈ 'അവള്‍' ?

അവള്‍ ഒരു പ്രതീകമാണ് .
'അവള്‍' എന്ന സംജ്ഞ വിശാലമാണ് .
അത് എന്റെതാകാം നിന്റെതാകാം അവന്റെതാവാം അവരുടെതാവാം .
ഓര്‍മ്മകളില്‍ അവളില്ലെങ്കില്‍ പിന്നെ എന്ത് സൌന്ദര്യം ?
ഓര്‍മ്മകളുടെ സുഗന്ധമാകുന്നു അവള്‍
ബാല്യത്തിന്റെ നിഴലാകുന്നു അവള്‍
സ്വപ് നങ്ങളുടെ ചിറകുകളാകുന്നു അവള്‍ .

അമ്മയായി , പെങ്ങളായി , കാമുകിയായി , ഭാര്യയായി , മകളായി , മകളുടെ മകളായി / മകന്റെ മകളായി ..

അത് കൊണ്ട് എഴുത്തുകളില്‍ കടന്നു വരുന്ന 'അവളെ' എന്റേത് നിന്റേതു എന്ന് ചുരുക്കാതെ , ഏതെങ്കിലും വൃത്തത്തിലൊതുക്കാതെ വിശാലമായി വായിക്കാം നമുക്ക് .
അതെ 'അവള്‍' വിശാലമായ ആകാശമാണ് .
അതിരുകളില്ലാത്ത സീമകളില്ലാത്ത സര്‍വ വ്യാപിയാണ് അവള്‍ .

അവളുടെ മുഖത്തിനേ വ്യത്യാസം കാണൂ
മനസ്സും അവള്‍ സൃഷ്ടിക്കുന്ന അനുരണനങ്ങളും ഒന്നാണ്. ഒരു പോലെയാണ് .

  •   

ബ്രസൂക്ക


തൊടിയില്‍ നിറയെ
ജാതിക്ക
കേറി പറിക്കാന്‍
പേരക്ക
കറുമുറെ തിന്നാന്‍
കോവക്ക
ഉപ്പേരിക്ക്
വാഴക്ക
ലേഡീസ് ഫിംഗര്‍
വെണ്ടക്ക

മീന്‍ മേടിക്കാന്‍
അബ്ദുക്ക
കോഴിക്കാരന്‍
കോയക്ക

നമ്മുടെ സ്വന്തം
മമ്മുക്ക
സിനിമ പിടിക്കും
പാച്ചിക്ക
കോഴിക്കോടിന്‍
മാമുക്ക !!!
ഇനി
എല്ലാ ഇക്കമാരും
തല്ക്കാലം
ഒന്ന് മാറിക്കേ .. !!!

വീട്ടില്‍
നാട്ടില്‍
വരയില്‍
വരിയില്‍
ബുക്കില്‍
മനസ്സില്‍
കണ്ണില്‍
കാതില്‍
ചുണ്ടില്‍
ഡ്രസ്സില്‍
ഫ്ലക്സില്‍
സ്ക്രീനില്‍
ഫേസ് ബുക്കില്‍
എല്ലാം ഒരൊറ്റ 'ഇക്ക '

ബ്രസൂക്ക .. ബ്രസൂക്ക.. ബ്രസൂക്ക!!

സീമോന്‍ ചേട്ടന്‍


എന്തെങ്കിലും വായിക്കുന്നത് കണ്ടാല്‍ എന്റെ പിതാവ്
കണ്ണിക്കണ്ട ബുക്ക്വളൊക്കെ ബായിച്ചിട്ടു എന്ത് കുന്തം കിട്ടാനാ ..
എന്നൊക്കെ പറഞ്ഞു ശകാരിക്കുമായിരുന്നു .

പീടികയില്‍ നിന്ന് വല്ല സാധനവും പൊതിഞ്ഞു കൊണ്ട് വരുന്ന പേപ്പര്‍ ആയിരുന്നു വായനക്കുള്ള ഏക ആശ്രയം . അത് കാണുമ്പോഴേക്കും ഉപ്പ ശകാരം തുടങ്ങും .

അപ്പോള്‍ , ഉമ്മ ഉപ്പ കേള്‍ക്കാതെ എന്നോട് പറയും :
'ജ്ജ് പ്പ കാണാത്ത എബടെയെങ്കിലും പോയി കുത്തിരുന്ന് വായിച്ചോ .
അയിനെ ക്കൊണ്ട് ചീത്ത പറീപ്പിക്കണ്ട ..''

സാധനങ്ങള്‍ കൊണ്ട് വന്ന കടലാസ്സുകള്‍ ഉമ്മ എടുത്തു വെക്കും .
എന്നിട്ട് ഉപ്പ കാണാതെ എനിക്ക് തരും .
അങ്ങനെ ആണ് വായിച്ചു തുടങ്ങിയത് .

പിന്നെ ചായപ്പീടികയിലേക്കും ബാര്‍ബര്‍ ഷോപ്പിലേക്കും ഒക്കെ പത്രം വായിക്കാനായി
പോക്ക് തുടങ്ങി .

ആ ഇടയ്ക്കാണ് ഞങ്ങളുടെ വീട്ടില്‍ മനോരമ പത്രം വരാന്‍ 
തുടങ്ങിയത് ...!!
കൂടെ ആഴ്ചപ്പതിപ്പും വനിതയും ബാലരമയും .
സന്തോഷം കൊണ്ടെനിക്ക് തുള്ളിച്ചാടാന്‍ തോന്നി

അതൊന്നും ഞങ്ങള്‍ക്ക് ആയിരുന്നില്ല
സീമോന്‍ ചേട്ടന് ഉള്ളതായിരുന്നു . .! ( സൈമണ്‍ എന്നാണു അച്ചായന്റെ ശരിയായ പേര് .
ഞങ്ങള്‍ സ്നേഹത്തോടെ അദ്ദേഹത്തെ സീമോന്‍ എന്ന് വിളിക്കും )

ഞങ്ങളുടെ വീട് റോഡ്‌ സൈഡില്‍ ആണ് .
അവരുടെ വീട് പനഞ്ചോലയില്‍ ആണ് . കുറച്ചു ഉള്ളിലോട്ട് പോകണം .
അവര്‍ ആരെങ്കിലും ഇരിങ്ങാട്ടിരിയിലേക്ക് സാധനങ്ങള്‍ വാങ്ങാനും മറ്റും വരുമ്പോഴാണ് പത്രവും മാസികകളും കൊണ്ട് പോവുക .

അത് വരെ എനിക്ക് കുശാലായി വായിക്കാം ..

എല്ലാം കൂടി ഒന്നിച്ചു എടുത്തു വീടിന്റെ പിറകിലുള്ള വിശാലമായ പാറപ്പുറത്ത് കൊണ്ട് പോയി ഉപ്പ കാണാതെ വായിക്കും .
ഞായറാഴ്ച ആണ് കഷ്ടം . സണ്‍ ഡേ സപ്ലിമെന്റ് ഉള്ള ദിവസം . വായിക്കാന്‍ ഒരു പാട് കാണും . പക്ഷേ അന്ന് സ്കൂള്‍ ഇല്ലാത്തത് കൊണ്ട് അച്ചായന്റെ മകന്‍ സന്തോഷ്‌ നേരത്തെ വരും പത്രം കൊണ്ട് പോകാന്‍ . അന്ന് കഥകളും കവിതകളും ഫീച്ചറും ഒക്കെ 'പിക്ചര്‍ വായന 'യെ നടക്കൂ

ആഴ്ചപ്പതിപ്പിലെ പൈങ്കിളിക്കഥകള്‍ ആയിരുന്നു ഏറെ ഇഷ്ടം .
അന്ന് വായിച്ച ആ കഥകളൊക്കെ പിന്നീട് സിനിമ ആയി .
ഊതിക്കാച്ചിയ പൊന്ന് , സ്ത്രീധനം , വീണ്ടും ചലിക്കുന്ന ചക്രം ഒക്കെ അങ്ങനെ വായിച്ച നീണ്ട കഥകള്‍ ആണ് ..

സത്യത്തില്‍ ഇന്ന് എന്തെങ്കിലും ഒക്കെ എഴുതാന്‍ കഴിയുന്നുണ്ട് എങ്കില്‍ അതിനു സീമോന്‍ ചേട്ടനോടും മനോരമയോടും കടപ്പെട്ടിരിക്കുന്നു ..

പിന്നെയാണ് വായിക്കേണ്ടത് അതൊന്നും അല്ല എന്നും ഇത് വരെ വായിച്ചതൊന്നും ശരിയായ വായന അല്ലെന്നും മനസ്സിലായത്‌ .

എന്നാലും ആദ്യ വായന നല്‍കിയ പ്രചോദനവും പ്രേരണയും എഴുത്തിന്റെയും വായനയുടെയും വഴിയിലേക്കു കൈപിടിച്ചു നടത്തിയതും മനോരമ പ്രസിദ്ധീകരങ്ങളും
സീമോന്‍ ചേട്ടന്റെ പത്രം വരുത്തലും ഒക്കെ തന്നെ എന്ന് നന്ദി പൂര്‍വ്വം ഓര്‍ക്കുന്നു

എന്റെ എക്കാലത്തെയും സുഹൃത്തും ബന്ധുവും സമ പ്രായക്കാരനും ആയ ബാപ്പുട്ടി ആയിരുന്നു അന്ന് പത്ര വിതരണക്കാരന്‍ .
അവന്‍ പത്ര മാസികകള്‍ കയ്യില്‍ തരുമ്പോള്‍ അല്പം സീരിയസായി പറയും :

സീമോന്‍ ചേട്ടന്‍ വരും മുമ്പ് വായിച്ചു തീര്‍ത്തോ ...
മടക്കുകയോ ചുളിക്കുകയോ ചളി ആക്കുകയോ ചെയ്യരുത് !!!

ഇന്ന് എന്റെ വീടിനു തൊട്ടു തന്നെയാണ് ബാപ്പുട്ടിയുടെ വീട് .
കൊച്ചു നാളില്‍ അവന്‍ എന്റെ 'കൂട്ടുകാരന്‍' മാത്രമല്ല 'ഊട്ടു' കാരന്‍ കൂടിയായിരുന്നു .

എന്റെ പല കഥകളിലും കുറിപ്പുകളിലും ബാപ്പുട്ടിയുണ്ട് . .'നീലക്കുപ്പായം 'എന്ന കഥ ഞങ്ങളുടെ രണ്ടു പേരുടെയും ആത്മാംശം ഉള്ള കഥയാണ് .

ഒരു കാര്യം ഉറപ്പാണ് . പൈങ്കിളികള്‍ക്ക് എന്തൊക്കെ കുറ്റവും കുറവും പറയാനുണ്ടെങ്കിലും

അന്ന് , തീരെ വായന ഇല്ലാത്ത പലരെയും - സ്ത്രീകളെ - അടക്കം വായനയിലേക്ക് കൊണ്ട് പോയത് ആ പൈങ്കിളി
കഥകളായിരുന്നു . !!!

മരം പെയ്യുകയാണ് എന്റെ റൂമില്‍






ഇന്നലെ
അച്ഛന്‍ ദിവസത്തിലും അമ്മയെക്കുറിച്ച് ഒരു പോസ്റ്റ്‌ എഴുതി ക്കൊണ്ടിരിക്കുമ്പോഴാണ് മൊബൈല്‍ ശബ്ദിക്കുന്നത്‌ .

ഒരു സുഹൃത്താണ് . നേരില്‍ കാണാത്ത , എന്നാല്‍ പരസ്പരം
അറിയുന്ന സുഹൃത്ത്‌ .

കുശലാന്വേഷണങ്ങള്‍ക്കൊടുവില്‍ അദ്ദേഹം ചോദിച്ചു :
റൂമിലാണോ ?
അതെ .
നിങ്ങളുടെ റൂമിന്റെ ലൊക്കേഷന്‍ എവിടെയാണ് ?
ഞാന്‍ വിശദമായി പറഞ്ഞു കൊടുത്തു .

'ഓക്കേ കാണാം 'എന്നും പറഞ്ഞു ഫോണ്‍ കട്ട് ചെയ്തു .

ഒരു പത്തു മിനിറ്റ് കഴിഞ്ഞില്ല .
വീണ്ടും മൊബൈല്‍ റിംഗ് ചെയ്യുന്നു .
നമ്പര്‍ നോക്കുമ്പോള്‍ നേരത്തെ വിളിച്ച സുഹൃത്ത്‌ തന്നെയാണ് .
'വല്ലതും പറയാന്‍ വിട്ടു പോയി കാണും '. ഞാന്‍ വിചാരിച്ചു .
ഫോണ്‍ എടുത്ത പടി ചോദിച്ചു :
'എന്തേ..' ?

ഞാന്‍ നിങ്ങള്‍ പറഞ്ഞ ലോക്കേഷനില്‍ നില്‍പ്പുണ്ട് .
''അപ്പോള്‍ നേരത്തെ വഴി ചോദിച്ചത് ഇങ്ങോട്ട് വന്നു കൊണ്ടിരിക്കുമ്പോള്‍ ആണ് അല്ലെ .. ''?

''അതെ ഒരു സര്‍പ്രൈസ് ആവട്ടെ എന്ന് കരുതി ''

ഞാന്‍ ലുങ്കി പോലും മാറ്റാതെ താഴെ ഇറങ്ങി ചെന്നു .

ആജാനു ബാഹുവായ ഒരു മനുഷ്യന്‍ . തിങ്ങിയ താടി .
വലിയ മുഖം നിറയെ ചിരി . പക്വവും കുലീനവുമായ ഭാവഹാവാദികള്‍ . ഒരു പക്കാ ഫ്രീക്കന്റെ വേഷ വിതാനം .

അടുത്ത് വന്നു അദ്ദേഹം എന്നെ കെട്ടിപ്പിടിച്ചു .
പൊതുവേ ഇത്തിരി പൊക്കം കുറഞ്ഞ എനിക്ക് അങ്ങനെ ഒരു കോപ്ലക്സ് തോന്നുമ്പോള്‍ 'പൊക്കമില്ലായ്മയാണ് എന്റെ പൊക്കം ' എന്ന കുഞ്ഞുണ്ണി മാഷിന്റെ വരികള്‍ ഓര്‍ത്താണ് അഡ്ജസ്റ്റ് ചെയ്യാറ്‌ . പക്ഷേ ഈ വലിയ മനുഷ്യന്റെ അടുത്തു നില്‍ക്കുമ്പോള്‍ പെട്ടെന്ന് ഒരു പാട് പൊക്കം കുറഞ്ഞ പോലെ എനിക്ക് തോന്നി .

സലാം ചൊല്ലി ചിരപരിചിതരെ പോലെ സംസാരിച്ചു തുടങ്ങി റൂമിലെത്തി .

ഞാന്‍ ഒരു ചായ ഉണ്ടാക്കി വരാം എന്ന് പറഞ്ഞു അദ്ദേഹത്തെ റൂമില്‍ ഇരുത്തി
അടുക്കളയിലേക്കു പോയി .
ആകെ എനിക്കറിയാവുന്ന ഏക പാചക പരിപാടി ഇത് മാത്രമാണ്

അദ്ദേഹം അന്നേരം എന്റെ വാളിലൂടെ മിന്നല്‍ പര്യടനം നടത്തുകയായിരുന്നു ..!!!

ചായ കുടിക്കുന്നതിനിടയില്‍ സംസാരം പുരോഗമിച്ചു കൊണ്ടേയിരുന്നു .

കുടുംബം , നാട് , ഉപ്പ , ഉമ്മ , ഭാര്യ , മക്കള്‍ , പഠനം , ജോലി തുടങ്ങിയ വഴികളിലൂടെയൊക്കെ ചോദ്യവും ഉത്തരവുമായി മുന്നോട്ടു പോയി

എല്ലാം ചോദിച്ചറിഞ്ഞിട്ടും ഇങ്ങോട്ടൊന്നും ചോദിക്കാതെ വന്നപ്പോള്‍ ഞാന്‍ ചോദിച്ചു : എന്നെക്കുറിച്ചു കൂടുതലൊന്നും ചോദിച്ചില്ല പറഞ്ഞതുമില്ല .

അപ്പോള്‍ അദ്ദേഹം ഒരു ചിരി ചിരി ചിരിച്ചു .

'നിങ്ങളുടെ ഫുള്‍ വിവരങ്ങള്‍ എനിക്ക് കാണാപ്പാഠം ആണ് .
എല്ലാം വാളില്‍ തന്നെ 'അപ്പ്‌ ഡേറ്റഡ്‌' ആണല്ലോ

അല്‍പ നേരം കഴിഞ്ഞില്ല അപ്പോഴേക്കും അദ്ദേഹം വാച്ചിലേക്ക് നോക്കാന്‍ തുടങ്ങി .

എന്താ പോകാന്‍ തിടുക്കമായോ ?
ഇല്ല മഗ്രിബ് ബാങ്ക് കൊടുക്കാനായല്ലോ
നമുക്ക് വുളു എടുക്കാം ..

ഒരു യഥാര്‍ത്ഥ വിശ്വാസിയുടെ കണിശതയാര്‍ന്ന , നല്ല ലക്ഷണം .

ഞങ്ങള്‍ പള്ളിയിലേക്ക് ഇറങ്ങി . നമസ്ക്കാരം കഴിഞ്ഞു .
തിരിച്ചു റൂമിലെത്തിയപ്പോള്‍ അദ്ദേഹം പറഞ്ഞു :
'ആ പോസ്റ്റ്‌ പൂര്‍ത്തിയാക്കിയേക്കൂ .. '
ഇന്ന് കഴിഞ്ഞാല്‍ പിന്നെ അതിനു പ്രസക്തിയില്ലല്ലോ . .."

അപ്പോഴാണ്‌ 'അമ്മ മഹത്വം' പാതി വഴിയില്‍ നിര്‍ത്തി 'ഒണ്‍ലി മി 'ആക്കി വെച്ചത് ഓര്‍മ്മയിലെത്തിയത് . . അത് അദ്ദേഹം വായിച്ചിട്ടുണ്ട് ഞാന്‍ അടുക്കളയിലേക്കു
പോയ നേരത്ത് . .

അത് പൂര്‍ത്തിയാക്കി പോസ്റ്റ്‌ ചെയ്തു സംസാരം തുടര്‍ന്നു .
വീടിന്റെ തറയിട്ട ഫോട്ടോ , മക്കളുടെ , ഉമ്മയുടെ , ഉപ്പയുടെ അനിയന്റെ യൊക്കെ ഫോട്ടോ കാണിച്ചു എല്ലാവരെയും എനിക്ക് പരിചയപ്പെടുത്തിപ്പെടുത്തിത്തന്നു .

അപ്പോഴേക്കും ഇഷാ ബാങ്ക് കൊടുത്തു .
റൂമില്‍ നിന്ന് തന്നെ നിസ്ക്കരിക്കാം എന്ന് വെച്ച് നിസ്ക്കരിച്ചു .
നിസ്ക്കാരം കഴിഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞു :
ഇവിടെ എവിടെയാണ് നല്ല ഹോട്ടലുള്ളത് ?
ഞാന്‍ പേര് പറഞ്ഞു :
എങ്കില്‍ ഡ്രസ്സ് മാറ്റൂ .. നമക്ക് എന്തെങ്കിലും കഴിക്കാം .

അങ്ങനെ ഞങ്ങള്‍ സഫയര്‍ ഹോട്ടലിലേക്ക് ഇറങ്ങി .
ഇറങ്ങാന്‍ നേരം അദ്ദേഹം ഒരു കവര്‍ എന്നെ ഏല്പിച്ചു .
എന്നിട്ട് പറഞ്ഞു : എന്റെ ചെറിയ ഒരു പ്രെസന്റ് ..

ഹോട്ടലില്‍ ചെന്ന് പത്തിരിയും അയക്കൂറ മസാലയും കഴിച്ചു പുറത്തിറങ്ങുമ്പോള്‍ ഞാന്‍ അദ്ദേഹത്തോട് ചോദിച്ചു :

''സത്യം പറ : ഇന്നത്തെ ഈ വരവ് 'വെല്‍ പ്ലാന്‍ഡ്‌' ആയിരുന്നു അല്ലെ ?

''അതെ , അദ്ദേഹം സമ്മതിച്ചു . എന്റെ ജോലി തന്നെ അങ്ങനെയാ .
ഇരുപത്തഞ്ചോളം തൊഴിലാളികളുള്ള ഒരു ഷോപ്പിന്റെ സെക്ഷന്‍ മാനേജര്‍ ആണ് ഞാന്‍ .

ജനനം മുതല്‍ പതിനാറു വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് വേണ്ട എല്ലാ വസ്തുക്കളും ഞങ്ങളുടെ ഷോപ്പില്‍ കിട്ടും .

ദിവസവും രാവിലെ ജോലിക്കാര്‍ക്ക് ഒരു ക്ലാസ് ഉണ്ട് .
അന്നന്ന് ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ചുള്ള ഉണര്‍ത്തല്‍ .
അത് നിര്‍വഹിക്കേണ്ട ചുമതല എനിക്കാണ് .

അത് കൊണ്ട് തന്നെ നമ്മള്‍ ആദ്യം കൃത്യ നിഷ്ഠ ഉള്ളവരാവണം .
നമുക്കില്ലാത്ത ഒരു ഗുണം മറ്റുള്ളവരോട് വേണം എന്ന് ആവശ്യപ്പെടുന്നതില്‍ അര്‍ത്ഥമില്ല .
അത് കൊണ്ട് എന്റെ ജീവിതവും ടൈം ടേബിള്‍ അനുസരിച്ച് കൊണ്ട് പോകാന്‍ ഞാന്‍ നിര്‍ബന്ധിതനാണ് ..

ജീവിതത്തില്‍ ടൈം ടേബിള്‍ അനുസരിച്ച് കുറേക്കാലം ജോലി ചെയ്തിട്ടുണ്ട് .
കുറെ ടൈം ടേബിള്‍ തയ്യാറാക്കിയിട്ടും ഉണ്ട് .
പക്ഷേ ജീവിതത്തില്‍ ഒരു ടൈം ടേബിളും പാലിക്കാതെ
തികച്ചും അലസമായി ജീവിക്കുന്ന എനിക്ക് അദ്ദേഹം വല്ലാത്ത ഒരു വിസ്മയമാവുകയായിരുന്നു .

ഫേസ് ബുക്കില്‍ നല്ല നല്ല ആശയങ്ങളും വിഷയങ്ങളും ഒക്കെ എഴുതുന്ന ആളുകള്‍ ജീവിതത്തില്‍ അതൊന്നും പാലി ക്കുന്നവര്‍ ആവണം എന്നില്ല എന്നായിരുന്നു എന്റെ ധാരണ
എന്നാല്‍ പറയും പോലെ പ്രവൃത്തി പഥത്തില്‍ കൊണ്ട് വരുന്ന ചിലരും ഇവിടെ ഉണ്ട് എന്ന് തിരിച്ചറിഞ്ഞ ദിവസം കൂടി ആയിരുന്നു ഇന്നലെ !!!

ഒരു പാട് ലൈക്‌ കളോ കമന്റുകളോ ഒന്നും അല്ല ഇത്തരം ചില സൌഹൃദങ്ങള്‍ ആണ് ഫേസ് ബുക്ക് നല്‍കുന്ന വലിയ സമ്മാനം എന്ന് ഒരിക്കല്‍ കൂടി തിരിച്ചറിഞ്ഞ ദിവസമായിരുന്നു ഇന്നലെ .

നാലഞ്ചു മണിക്കൂര്‍ ഒരു നല്ല മനുഷ്യനോടൊപ്പം ചെലവഴിക്കാന്‍
കഴിഞ്ഞ ആഹ്ലാദത്തിലാണ് ഞാന്‍ .

മഴ തോര്‍ന്നിട്ടും മരം പെയ്യുകയാണ് എന്റെ റൂമില്‍ ഇപ്പോഴും !!!

ചില 'സായാഹ്ന 'ചിന്തകള്‍



കള്ളം പറയുന്നവനെ ഇന്ന് നിലനില്പുള്ളൂ .

ഇന്ന് ,
സത്ക്കാരം തസ്ക്കരനാണ് .

സത്യസന്ധനായ ഒരാളെയാണ് ഇന്ന് ആളുകള്‍ പരിഹസിക്കുക
'ഓ , ഒരു ഹരിശ്ചന്ദ്രന്‍' എന്നാവും അയാളെക്കുറിച്ചുള്ള കമന്റ്

മുമ്പ് അഴിമതി കാണിക്കാത്ത ആളുകള്ക്ക് ആയിരുന്നു വിലയും നിലയും .
ഇന്ന് അഴിമതി യില്ലാത്തവ ര്‍ ക്കില്ല നിലയും വിലയും .
അഴിമതി കാണിക്കാത്തവരെക്കുറിച്ചുള്ള ഇന്നത്തെ പ്രതികരണം ഇങ്ങനെയാണ് .
ആരാണിപ്പോള്‍ അഴിമതി കാണിക്കാത്തത് ?
അവന്‍ വെറും ഒരു പൊണ്ണന്‍ !!

ചാരിത്യ ശുദ്ധി വലിയ ഒരു പരിശുദ്ധി യായിരുന്നു പണ്ട്
ഇപ്പോള്‍ നിന്നെയൊക്കെ ഒന്നിനും കൊള്ളില്ല
ഒരു സദാചാരക്കാരന്‍ . നീയൊന്നും ഇക്കാലത്ത് ജീവിക്കേണ്ട ആളല്ല .

ആര് തെറ്റ് ചെയ്താലും തെറ്റു തന്നെ എന്നായിരുന്നു പഴയ നിര്‍വചനം
ഇന്ന് ഒരേ തെറ്റ് തന്നെ ചിലര്‍ ചെയ്യുമ്പോള്‍ മഹാ അപരാധം ആണ്
മറ്റു ചിലരാവുമ്പോള്‍ അതാണ്‌ ശരി . അത് മാത്രമാണ് ശരി .

ചോര കണ്ടാല്‍ ബോധം പോയിരുന്ന ഒരു കാലമുണ്ടായിരുന്നു .
ഇന്ന് ചോര കണ്ടു ആര്‍മാദിക്കുന്നവര്‍ ആണ് ഏറെയും

മുമ്പ് ഒരാളെ വെട്ടിക്കൊന്നു എന്ന് കേട്ടാല്‍ മനസ്സാകെ വിറങ്ങലിച്ചു പോകും .
എനിക്ക് കഴിയില്ല ആ രംഗം കാണാന്‍ എന്ന് പറഞ്ഞു കണ്ണ് പൊത്തും
ഇന്ന് ആഹ്ലാദത്തോടെ മൊബൈലും എടുത്തു അങ്ങോട്ടോടും !!

പണ്ട് ഒരു അച്ഛന്‍ മകളെ ബലാത്സംഗം ചെയ്തു എന്ന വാര്‍ ത്ത ഞെട്ടലുണ്ടാക്കും
ഇന്ന് ആ വാര്‍ ത്ത ഞെട്ടല് പോയിട്ട് ഒരു ഞൊട്ടല്‍ പോലും ഉണ്ടാക്കില്ല !

കാലം മാറി
കോലം മാറി
കഥ മാറി
ലോകം മാറി
ചിന്ത മാറി
എല്ലാം മാറി
നാം തന്നെ എത്രയേറെ മാറി ..!

** മാറ്റം അനിവാര്യമാണ്
അത് നാറ്റം ആവരുതെന്നു മാത്രം ..** !

ലാളന അതിര് വിടുമ്പോള്‍


ഒരു മാഗസിനിലേക്കു ലേഖനം ചോദിക്കാനാണ് ഞാനും സഹപ്രവ ര്‍ത്തകനും സുഹൃത്തുമായ നൌഷാദ് മാഷും അദ്ദേഹത്തെ കാണാന്‍ ചെല്ലുന്നത് .
അറിയപ്പെടുന്ന ചരിത്രകാരന്‍ . അദ്ധ്യാപക ന്‍ , ഗ്രന്ഥ ക ര്‍ത്താവ് തുടങ്ങിയ വിശേഷണങ്ങള്‍ ഒക്കെയുള്ള വ്യക്തിയാണ് . പേര് പറയുന്നില്ല .

ഒരു ചരിത്ര ലേഖനം വേണം .
അത് നേരിട്ട് ആവശ്യപ്പെടാനാണ് ഞങ്ങള്‍ അദ്ദേഹത്തെ കാണുന്നത് .

അന്ന് ഒരു അവധി ദിവസമായതിനാല്‍ അദ്ദേഹം വീട്ടിലുണ്ട് .
കൊച്ചു ഗ്രാമത്തിലെ അങ്ങാടിയില്‍ നിന്ന് ഒരു ഓട്ടോ പിടിച്ചാണ്
ഞങ്ങ ള്‍ പോയത് . കുറച്ചു ഉള്ളോട്ടാണ് വീട് .

ഓട്ടോക്കാരന് വീടറിയാം .
അധികമൊന്നും ഓടേണ്ടി വന്നില്ല .
ഓട്ടോയില്‍ നിന്നിറങ്ങി വീട്ടിലേക്കു കേറി കോളിംഗ് ബെല്‍ അമര്‍ത്തി .
വാതില്‍ തുറന്നത് അദ്ദേഹം തന്നെ .

കൂടെ രണ്ടു കുട്ടികള്‍ അദ്ദേഹത്തോടൊപ്പം ഉണ്ട് . ഇടത്തും വലത്തുമായി . കൊച്ചു കുട്ടികളാണ് . ഒരു ആണും ഒരു പെണ്ണും .

ഞങ്ങളോട് ഓഫീസ് റൂമില്‍ ഇരിക്കാന്‍ പറഞ്ഞു അദ്ദേഹം അടുക്കളയിലേക്ക് പോയി .
ഞങ്ങള്‍ അദ്ദേഹം വരുന്നതും കാത്തിരുന്നു .

അല്പം കഴിഞ്ഞു അദ്ദേഹം വന്നു .
കൂടെ രണ്ടവയങ്ങള്‍ എന്ന പോലെ കുട്ടികളും ഉണ്ട് .

അദ്ദേഹം നല്കിയ ലൈം ജ്യൂസ് മൊത്തിക്കുടിച്ചു ഞങ്ങ ള്‍ വിഷയം അവതരിപ്പിച്ചു .
സൌകര്യം പോലെ എഴുതി തന്നാല്‍ മതി . എന്നാലും വല്ലാതെ വൈകരുത് .

അപ്പോള്‍ അദ്ദേഹം പറഞ്ഞു : ഞാന്‍ പറഞ്ഞു തരാം . നിങ്ങള്‍ എഴുതി എടുത്താല്‍ മതി . അത് നല്ല ഒരു ആശയമായി തോന്നി . ഒറ്റയടിയ്ക്ക് കാര്യം നടക്കും . ഇനി വരികയും വേണ്ട .

അദ്ദേഹം പേപ്പറും പേനയും റൈറ്റിംഗ് പാഡും ഒക്കെ തന്നു .

ഒരു അദ്ധ്യാപകന്‍ കുട്ടികള്‍ക്ക് നോട്ട് എഴുതാന്‍ പറഞ്ഞു കൊടുക്കും പോലെ പതുക്കെ പതുക്കെ നിര്‍ ത്തി നല്ല ഒഴുക്കൊടെയാണ് അദ്ദേഹം പറയുന്നത് .

പാരഗ്രാഫ് വരുമ്പോള്‍ അതും പറഞ്ഞു തരും . എഴുതി എടുക്കുന്നത് നൌഷാദ് മാഷാണ് . ഞാനാകട്ടെ ആ കുട്ടികളെ തന്നെ ശ്രദ്ധിച്ചു കൊണ്ടിരിക്കുകയാണ് .

അവര്‍ ഒരു കളിപ്പാവയെ പോലെ യാണ് അയാളെ 'കൈകാര്യം' ചെയ്തു കൊണ്ടിരിക്കുന്നത് . സംസാരിക്കുന്നതിനിടെ ഒരാള് അയാളുടെ മുടി പിടിച്ചു വലിക്കുന്നു .
താടിയിലെ രോമങ്ങള്‍ പിഴുതെടുക്കാന്‍ ശ്രമിക്കുന്നു ,
ചെവി തിരുമ്മുന്നു .

മറ്റൊരാള്‍ വേറെ ഒരു വശത്ത്‌ നിന്ന് അയാളുടെ മൂക്കിലൂടെ വിരലിടുന്നു . ചുണ്ടുകള്‍ പിടിച്ചു വക്രിച്ചു കളിക്കുന്നു .
ഇടയ്ക്കിടെ അയാളുടെ സംസാരം മുറിഞ്ഞു പോകുന്നു .
എന്നിട്ടും അദ്ദേഹം മക്കളോട് ഒരു വാക്ക് പറയുന്നില്ല . ക്ഷമ കേടു കാണിക്കുന്നില്ല , അവരെ അടുക്കളയിലെ ഭാര്യയുടെ അടുത്തേക്ക്‌ കൊണ്ട് പോയി കൊടുക്കുന്നില്ല .


കുട്ടികള്‍ അയാളെ പിച്ചുകയും മാന്തുകയും നുള്ളുകയും മൂക്കിലൂടെ വിരല്‍കടത്തി കൈക്രിയകള്‍ നടത്തുകയും ചെയ്തു കൊണ്ടേയിരുന്നു . ഒരക്ഷരം പോലും അവരോടു പറയുകയോ 'വേണ്ട' എന്ന് വിലക്കുകയോ ചെയ്യാതെ അയാള് നോട്ട് പറഞ്ഞു തന്നു കൊണ്ടേയിരുന്നു .

വല്ലാത്ത അതിശയം ആണ് ഞങ്ങള്ക്ക് തോന്നിയത് .
ഒടുവില്‍ എഴുതിയെടുക്കല്‍ കഴിഞ്ഞു അതിനു പറ്റിയ ഒരു ശീര്‍ഷ കം അദ്ദേഹത്തിന്‍റെ കൈപ്പടയില്‍ തന്നെ എഴുതി താഴെ പേരും ഒപ്പും അഡ്രസ്സും വെച്ച് തിരികെ തന്നു .

വ ര്‍ഷങ്ങ ള്‍ക്ക് മുമ്പ് കണ്ട ആ രംഗം ഇന്നും ഞാനിടക്കിടെ ഓര്‍ ക്കാറുണ്ട് .

നമ്മുടെ കുട്ടികളെ നമ്മേക്കാള്‍ കൂടുതല്‍ ഇഷ്ടപ്പെടുന്ന ഒരാളും ഈ ലോകത്ത് ഉണ്ടാവില്ല . അവരുടെ കളിയും ചിരിയും കുസൃതികളും തന്നെയാണ് നമ്മുടെ ഏറ്റവും വലിയ ആനന്ദം .
പക്ഷേ എല്ലാറ്റിനും ചില സമയവും സന്ദര്‍ഭവും ഉണ്ട് .

മറ്റെന്തിനുമെന്ന പോലെ മക്കളെ ലാളിക്കുന്നതിനും കൊഞ്ചിക്കുന്നതിനും അവരോടൊപ്പം കളികളില്‍ ഏര്‍ പ്പെടുന്നതിനും നേരവും കാലവും സാഹചര്യവും പരിസരവും നോക്കുന്നത് നല്ലതാണ് .

വീട്ടില്‍ അതിഥി കള്‍ വരുമ്പോഴും നമ്മളും കുട്ടികളും അതിഥി കള്‍ ആയി മറ്റു വീടുകളില്‍ പോകുമ്പോഴും പാലിക്കേണ്ട ചില മര്യാദ കളുണ്ട് . അത് നമ്മുടെ മക്കളെ പരിശീലിപ്പിക്കുകയും അവര്‍ ക്ക് പറഞ്ഞു മനസ്സിലാക്കി കൊടുക്കുകയും വേണം . മനസ്സിലാകാത്ത പ്രായത്തില്‍ ആണ് എങ്കില്‍ അത്തരം ഘട്ടങ്ങളില്‍ നാം അവരെ നന്നായി ശ്രദ്ധിക്കുക തന്നെ വേണം .

നാം മറ്റൊരു വീട്ടിലേക്കു പോകും മുമ്പ് നമ്മുടെ കുട്ടികള്‍ക്ക് ചില നിര്‍ദേശങ്ങള്‍ കൊടുക്കുന്നത് നന്നായിരിക്കും .
അല്ലെങ്കില്‍ ഒരു പക്ഷേ കുട്ടികളുടെ കൈക്രിയകള്‍ കാരണം നല്ല ബന്ധങ്ങള്‍ പോലും വഷളാകാന്‍ അത് മതിയാകും . വിരുന്നു ചെന്ന വീട്ടിലെ ഒരു കളിപ്പാട്ടം നമ്മുടെ കുട്ടി പൊട്ടിച്ചാല്‍ മതി ഒരു പക്ഷെ ഒരു നല്ല ബന്ധം തകരാന്‍ .

ഓരോ വീട്ടിലും ഓരോ സംസ്ക്കാരം ആയിരിക്കും .
വീടും അകവും പുറവും പൊന്നു പോലെ നോക്കുന്ന കുടുംബിനികള്‍ ഉള്ള വീടുകളിലേ ക്കാവും ഒരു പക്ഷെ നാം പോകുന്നത് .

അവിടെയുള്ള ഒരു സാധനവും എടുക്കുകയോ തൊടുകയോ പൊട്ടിക്കുകയോ ചെയ്യരുത് എന്ന് കുട്ടികള്‍ക്ക് ശക്തമായ നിര്‍ ദേശം നല്‍കണം .

ചില കുട്ടികളുടെ സ്വഭാവം എവിടെ എന്ത് കണ്ടാലും അത് അവര്‍ക്ക് വേണം . കിട്ടിയില്ലെങ്കില്‍ കരച്ചിലോടു കരച്ചിലാവും . വിരുന്നു ചെന്ന വീട്ടിലെ കുട്ടിയുടെ കളിപ്പാട്ടം ഒക്കെയാവും ഇങ്ങനെ കരഞ്ഞു സ്വന്തമാക്കാന്‍ നോക്കുക . അത്തരം വാശികളെ ഒരിക്കലും ഒരുനിലക്കും പ്രോത്സാഹിപ്പിക്കരുത് .

നമ്മുടെ വീട്ടിലേക്കു വരുന്ന അതിഥി കളോട് എങ്ങനെ പെരുമാറണം എന്ന് നമ്മുടെ കുട്ടികളോടും പറഞ്ഞു മനസ്സിലാക്കി കൊടുക്കണം .

കുട്ടികളുമായി മറ്റു വീടുകളിലേക്ക് പോകുമ്പോള്‍ കുട്ടികളെ ഒരിക്കലും അവരുടെ പാട്ടിനു വിടരുത് . അവരുടെ മേല്‍ ഒരു കണ്ണ് വേണം എ പ്പോഴും .

നമ്മുടെ വീട്ടില് നമ്മള്‍ കുട്ടികളെ എപ്പോഴും ശ്രദ്ധിക്കും . പക്ഷേ വിരുന്നു പോകുമ്പോള്‍ പൊതുവേ വിരുന്നു ചെന്ന വീട്ടിലെ കുടുംബിനിയുമായി ഭാര്യ സംസാരിച്ചിരിക്കും കുടുംബ നാഥനുമായി ഭ ര്‍ത്താവും .
കുട്ടികള്‍ അവിടെ എന്തൊക്കെ ചെയ്യുന്നു എന്ന് ശ്രദ്ധിക്കാറെ ഇല്ല .

ഇനി നമുക്ക് അതിനു കഴിയില്ലെങ്കില്‍ നമ്മുടെ തന്നെ മുതിര്‍ ന്ന ഒരു കുട്ടിയെ അവരെ ശ്രദ്ധിക്കാന്‍ ചട്ടം കെട്ടാം . ഇങ്ങോട്ട് വിരുന്നു വരുന്ന കുട്ടികളെ യും ശ്രദ്ധിക്കാന്‍ അങ്ങനെ ഒരാളെ ഉത്തരവാദിത്തം എല്പ്പിക്കാം നേരത്തെ തന്നെ . ഇത് ഒരു ചെറിയ കാര്യമായി അവഗണിക്കെണ്ടതല്ല .
കാരണം ഇത്തരം വിരുന്നു പോകലുകള്‍ തീരാ നഷ്ടങ്ങളിലേക്കും തോരാത്ത കണ്ണീരിലേ ക്കും വരെ പോയ സംഭവങ്ങള്‍ ഉണ്ട് .

നമ്മുടെ പ്രശസ്ത പിന്നണി ഗായിക ചിത്രയുടെ പുന്നാര മോള്‍ നഷ്ടപ്പെട്ടത് ഒരു ആഘോഷ വേളയിലെ ചെറിയ ഒരു അശ്രദ്ധ കാരണമായിരുന്നു .

എന്റെ റൂം മേ റ്റിന്റെ ഒരു മകനെ അദ്ദേഹത്തിനു നഷ്ടമായത് നാലാം വയസ്സിലാണ് . ഒരു വിരുന്നു പോക്കിനാണ് അവന്‍ എന്നെന്നേക്കുമായി അവരെ വിട്ടു പോയത് . ഇന്നലെ കൂടി അക്കാര്യം പറഞ്ഞു അദ്ദേഹം പൊട്ടിപ്പൊട്ടി ക്കരഞ്ഞത് ഇപ്പോഴും എന്റെ കണ്ണി ലുണ്ട് .

ചാലിയാറിന്റെ തീരത്താണ് അദ്ദേഹത്തിന്‍റെ ഭാര്യയുടെ അനിയത്തിയുടെ വീട് . അനിയത്തിയുടെ കുട്ടികളും അദ്ദേഹത്തിന്‍റെ കുട്ടിയും മുറ്റത്തിറങ്ങി കളിച്ചു . കളി കുറച്ചു ദൂരേക്ക്‌ പോയി . പുഴക്കരയിലെത്തി .

പിന്നെ കൂട്ട കരച്ചില്‍ കേട്ട് ചെന്ന് നോക്കുമ്പോള്‍ നാല് വയസ്സുകാരനെ കാണുന്നില്ല . മൂന്നു ദിവസം കഴിഞ്ഞാണ് ആ കുട്ടിയെ കിട്ടിയത് .

പടച്ചവന്‍ തന്ന മക്കളെ അവന്‍ എപ്പോഴാണ് തിരിച്ചെടുക്കുക എന്ന് പറയാന്‍ കഴിയില്ല
പക്ഷേ നമ്മുടെ ഒരു അശ്രദ്ധ കാരണം നമ്മുടെ കുട്ടിക്ക് വല്ലതും സംഭവിച്ചാല്‍ ആ വേദനയും കണ്ണീരും ജീവിത കാലത്ത് ഒരിക്കലും തോരില്ല .. !!!

ഈ പന്ത് നിങ്ങളുടെ കോര്‍ട്ടിലേക്ക്


ലോകം പന്ത് കളിയുടെ ലഹരിയില്‍ ആണ്
നമുക്ക് കേരളീയര്‍ക്ക് പന്ത് കളി കഴിഞ്ഞേ വേറെ എന്ത് കളിയും ഉള്ളൂ

നമ്മുടെ പല പ്രയോഗങ്ങളും ഉപമകളും പന്തു മായി ബന്ധപ്പെട്ടു കിടക്കുന്നുണ്ട് എന്നത് തന്നെ പന്ത് എത്രയേറെ നമ്മെ സ്വാധീനിച്ചിട്ടുണ്ട് എന്നതിന് തെളിവാണ് .

കുട്ടിക്കാലങ്ങളില്‍ ഓലപ്പന്ത്‌ , തുണിപ്പന്ത് , കെട്ടിക്കൂട്ടിപ്പന്ത്
തുടങ്ങിയ പന്തുകള്‍ കൊണ്ടാണ് കളി ജോറായി നടന്നിരുന്നത്

ആണ്‍ കുട്ടി ആണെങ്കില്‍ അവന് ചെറുപ്പത്തിലെ വാങ്ങി കൊടുക്കുന്ന ഒരു കളിക്കോപ്പും കൂടിയാണ് പന്ത്

നമ്മുടെയൊക്കെ കുട്ടിക്കാലത്ത് പന്ത് കളിച്ചു പൊട്ടാത്ത കാലുകളോ മുറിവ് പറ്റാത്ത തുടകളോ ഉണ്ടാവില്ല . മിക്കവര്‍ക്കും പന്ത് കളി മൂലം കൈ പൊട്ടിയ അനുഭവവും കാലു പ്ലാസ്റ്റര്‍ ഇട്ട കഥകളും പറയാനുണ്ടാകും .

ഒഴിഞ്ഞ വയലുകള്‍ വൈകുന്നേരത്തോടെ കുട്ടികളുടെ ആരവങ്ങളുമായി ശബ്ദ മുഖരിതമാകും .

സന്ധ്യാ സമയം വരെ കളിയോട് കളി തന്നെ .

വീട്ടിലേക്കു ചെല്ലുമ്പോള്‍ ഒന്നുകില്‍ കാല്‍ വെച്ച് കുത്തിയിട്ടുണ്ടാവും . അല്ലെങ്കില്‍ തള്ളാം വിരലിലെ നഖം പോയിട്ടുണ്ടാകും . അതുമല്ലെങ്കില്‍ കാലിന്റെ ചിരട്ട ഇളകിയിട്ടുണ്ടാവും ..

അടുത്തുള്ള കുളത്തിലിറങ്ങി മുങ്ങുമ്പോഴായിരിക്കും പന്ത് കളിയുടെ യഥാര്‍ത്ഥ സുഖം അറിയുക . എവിടെയൊക്കെയോ
നീറിപ്പുകയുന്ന വല്ലാത്ത ഒരു ഹരം അപ്പോഴാണ്‌ അറിയുക

എന്നാലും എണീറ്റ്‌ നില്‍ക്കാന്‍ പറ്റുമെങ്കില്‍
പിറ്റേന്നും പോകും

എനിക്ക് തോന്നുന്നത് കേരളീയര്‍ ഏറ്റവും കൂടുതല്‍ ആളുകളും ഇഷ്ടപ്പെടുന്ന ഒരേ ഒരു കളി പന്ത് കളിയാവും .

ആരോഗ്യം കാത്തു സൂക്ഷിക്കാന്‍ പറ്റിയ കളി ആണെങ്കിലും അപകടം പറ്റാന്‍ എളുപ്പമുള്ള കളി ആണെങ്കിലും
ഈ കളി വലിയ ഒരു കൂട്ടായ്മയുടെ പ്രതീകം കൂടിയാണ്

ഗോള്‍ വലയം എന്ന ലക്ഷ്യത്തിലേക്ക് എല്ലാ പ്രതിസന്ധികളും തരണം ചെയ്തു മുന്നോട്ടു പോകുക എന്ന വലിയ ജീവിത തത്വം ഈ കളിയില്‍ അടങ്ങിയിരിക്കുന്നു .

പരസ്പര സഹായ സഹകരത്തിലൂടെ ഒത്തൊരുമിച്ചുള്ള നീക്കത്തിലൂടെ ലക്‌ഷ്യം നേടാം എന്ന ജീവിത സത്യവും ഈ കളിയില്‍ അന്തര്‍ ലീനമായിരിക്കുന്നു .

ചില ചിട്ടകളും നിയമങ്ങളും പാലിച്ചാലേ ജീവിത വിജയം എന്ന 'ഗോള്‍' ലക്‌ഷ്യം കാണൂ എന്നും ഈ കളിയുടെ
മന: ശാസ്ത്രം ആയി കാണാവുന്നതാണ് .

ചുരുക്കത്തില്‍ കേരളീയരുടെ മനസ്സും ശരീരവും കൊച്ചു നാള്‍ മുതലേ കവരുന്ന ഒരു കളിയാണ് പന്ത് കളി

അതുകൊണ്ട് കൂടിയാവണം നമ്മുടെ പല പ്രയോഗങ്ങളിലും ഉപമകളിലും പന്തും അനുബന്ധ വിഷയങ്ങളും കടന്നു വന്നത്

ഏതാനും സാമ്പിളുകള്‍ :

*എന്റെ ജീവിതം നിനക്ക് പന്ത് തട്ടിക്കളിക്കാനുള്ളതല്ല

* അവന്‍ പന്ത് എന്റെ കോര്‍ട്ടിലേക്ക് തന്നെ തട്ടിയിട്ടു

* അവിടെ പന്ത് കളിക്കാനുള്ള സ്ഥലമുണ്ടല്ലോ മാഷേ . കുറച്ചു കൂടി അങ്ങോട്ട്‌ നീങ്ങി നില്‍ക്ക് ..

* നീയെന്താ പന്തടിച്ച പോലെ അങ്ങോട്ട്‌ പോയ ഊക്കില്‍ ഇങ്ങോട്ട് തന്നെ

* ഗ്യാലറിയിലിരുന്നു കളി പറയാന്‍ ആര്‍ക്കാ പറ്റാത്തത് ?

* ധൈര്യമുണ്ടെങ്കില്‍ ഇങ്ങോട്ട് ഇറങ്ങിക്കളിക്ക്

* ആളില്ലാത്ത പോസ്റ്റിലേക്ക് പന്തടിക്കാന്‍ ആര്‍ക്കാ പറ്റാത്തത് ?

* നീ വെറുതെ സെല്‍ഫ് ഗോളടിക്കല്ലേ മച്ചൂ

ഇനിയും ഉണ്ടാകും കുറെ പ്രയോഗങ്ങള്‍ .
എല്ലാം കൂടി ഞാന്‍ പോസ്റ്റില്‍ തന്നെ പറഞ്ഞാല് നിങ്ങള്ക്ക് പറയാന്‍ ഉണ്ടാവില്ലല്ലോ എന്ന് ഓര്‍ത്ത്‌ നിര്‍ത്തുന്നു ..

* ഇനി ഈ പന്ത് നിങ്ങളുടെ കോര്‍ട്ടിലേക്ക്

'ആരാടാ'


കേരളത്തിലെ ആബാല വൃദ്ധം ജനങ്ങളും
സ്ത്രീകളും സ്ക്കൂള്‍ കുട്ടികളും അമ്മമാരും അമ്മൂമ്മമാരും അടക്കം എല്ലാവരും
ദിവസവും ചുരുങ്ങിയത് ഒരു പത്തു വട്ടമെങ്കിലും
പല്ലിറുമ്മി ഓര്‍ക്കുന്ന ഒരേ ഒരു മന്ത്രിയെ കാണൂ .
അത് 'ആരാടാ' എന്ന് ചോദിക്കേണ്ട ആവശ്യമേ ഇല്ല ..!!!


ഇന്നലെ കുറച്ചു നേരം ഇവിടെ എന്തോ ഒരു കാരണം കൊണ്ട് കറന്റ് പോയി .
രണ്ടോ മൂന്നോ മിനിറ്റ് കൊണ്ട് വരികയും ചെയ്തു .
അപ്പോള്‍ എന്റെ തൊട്ടടുത്ത സീറ്റിലിരുന്നു ജോലി ചെയ്യുന്ന സുഹൈല്‍
ചോദിക്കുകയാ . പടച്ചോനെ ആര്യാടനെങ്ങാനും ഉമ്രക്കു വന്നോ ?



സാധാരണ വീട്ടിലേക്കു വിളിക്കുക വൈകുന്നേരം റൂമിലെത്തി യിട്ട് ആണ് . അപ്പോള്‍ നാട്ടില്‍ ഒരു ഏഴര മണി ആയിട്ടുണ്ടാകും .
മിനിഞ്ഞാന്ന് വിളിക്കുമ്പോള്‍ രണ്ടാമത്തെ മോളാ ഫോണെടുത്തത്
അപ്പോള്‍ അവള്‍ പറഞ്ഞു : ഇവിടെ കറന്റ് പോയതാ ഉപ്പാ
ഞാന്‍ മോളിലാ . മ്മീറ്റും താഴെ ആണ് .
അപ്പോള്‍ ഞാന്‍ പറഞ്ഞു :
എന്നാ കറന്റ് വന്നിട്ട് മിസ്സ്‌ അടിക്കണം കെ ട്ടോ ..
പിറ്റെന്നു ഓഫീസില്‍ നിന്ന് വിളിച്ചപ്പോള്‍ ഞാനവളോട് ചൂടായി
ഇന്നലെ കറന്റ് വന്നിട്ട് മിസ്സ്‌ അടിക്കാന്‍ പറഞ്ഞിട്ട് എന്തെ അടിക്കാഞ്ഞൂ ?
അപ്പോ മോള് പറയുകയാ .
''അതിനു കറന്റ് വന്നിട്ട് വേണ്ടേ ..."


മദ്രസ്സയില്‍ പഠിപ്പിക്കുന്നതെന്ത് ?


മദ്രസ്സയില്‍ പഠിപ്പിക്കുന്ന വിഷയങ്ങള്‍ ഇവയൊക്കെയാണ് .

അമലിയ്യാത്ത് - ആരാധനാമുറകള്‍
അഖാഇദ് - വിശ്വാസപരമായ കാര്യങ്ങള്‍
അഖ് ലാഖ് - സ്വഭാവ ശാസ്ത്രം
താരീഖ് - ചരിത്രം

അതല്ലാതെ മത വൈരം അല്ല അവിടെ പഠിപ്പിക്കുന്നത്‌

ഈ പുസ്തകങ്ങളില്‍ എവിടെയും മറ്റൊരു മതക്കാരനെ ശത്രുവായി കാണണം എന്നും അവരെ ഒക്കെ ഇല്ലാതാക്കണം എന്നും മറ്റുള്ളവരോട് വൈരം കാണിക്കണമെന്നും ഒരു സൂചന പോലും ഒരു സ്ഥലത്തും കാണില്ല

എന്നാല്‍ ''അയല്‍വാസി പട്ടിണി കിടക്കുമ്പോള്‍ വയര്‍ നിറച്ചു ഉണ്ണുന്നവന്‍ നമ്മില്‍ പെട്ടവനല്ല ...'' എന്ന് പഠിപ്പിക്കുകയും അതിനു അനുബന്ധമായി അയല്‍വാസി എന്നാണു നബി പറഞ്ഞത് അല്ലാതെ മുസ്ലിമായ അയല്‍വാസി എന്നല്ല തുടങ്ങിയ സാമൂഹ്യ സാംസ്ക്കാരിക സ്നേഹ ബന്ധങ്ങളെ ഊട്ടി ഉറപ്പിക്കുന്ന പാഠങ്ങള്‍ ആണ് പഠിപ്പി ക്കുന്നതും ഉദ്ബോധിപ്പിക്കുന്നതും .

മദ്രസ്സ പ്രസ്ഥാനം തുടങ്ങിയിട്ട് എഴുപതോ എണ്‍പ തോ വര്‍ഷങ്ങളായി . അന്നും ഇന്നും പഠിപ്പിക്കുന്ന വിഷയങ്ങള്‍ ഏകദേശം ഒന്ന് തന്നെ
കാരണം വിശ്വാസ , ആരാധനാ കാര്യങ്ങള്‍ , ഇസ്ലാമിക അധ്യാപനങ്ങള്‍ എന്നും ഒരേ പോലെ തന്നെ . അത് കൊണ്ടാണ് അങ്ങനെ .

എന്നിട്ടും ഞാന്‍ മദ്രസ്സയില്‍ പഠിച്ചിരുന്ന കാലത്തും എന്റെ പ്രിയപ്പെട്ട ചങ്ങാതിമാര്‍ വിജയനും സതീഷും ചാക്കോയും ലൂക്കോസും ഒക്കെയായിരുന്നു .
രാവിലെ മദ്രസ്സ കഴിഞ്ഞു സ്കൂളിലേക്ക് പോകുന്ന എനിക്ക് മദ്രസ്സയില്‍ എന്റെ കൂടെ പഠിക്കുന്ന മുസ്ലിം കുട്ടിയെ പോലെ തന്നെയേ സ്കൂളില്‍ എന്റെ കൂടെ പഠിക്കുന്ന മറ്റു മതക്കാരായ കുട്ടികളോടും തോന്നിയിട്ടുള്ളൂ .

അന്ന് ഹിന്ദുക്കുട്ടി , മുസ്ലിം കുട്ടി , ക്രിസ്ത്യന്‍ കുട്ടി , പട്ടികജാതിക്കുട്ടി എന്നൊന്നും ഇല്ല . മുഹമ്മദും ചാത്തനും വേലായുധനും ജയിംസും നാരായണനും മാത്രമേ ഉണ്ടായിരുന്നുള്ളൂ .

ഇന്ന് ഇവിടെ ഈ ഫേസ് ബുക്കില്‍ പോലും എന്റെ സുഹൃത്ത്‌ എന്ന നിലക്കാണ് എല്ലാവരെയും കാണുന്നത് മതം നോക്കിയോ ജാതി നോക്കിയോ വര്‍ഗം നോക്കിയോ അല്ല ആരെയും ഫ്രണ്ട് ആക്കിയത് .

മദ്രസ്സയില്‍ പഠിച്ച എനിക്ക് അന്നും ഇന്നും ഈ മനസ്ഥിതി ഉണ്ടാകാന്‍ കാരണം എന്റെ മതം എന്നെ മറ്റു മതങ്ങളെയോ മതക്കാരെയോ ദുഷിക്കാന്‍ പഠിപ്പിച്ചിട്ടില്ല എന്നതു കൊണ്ടാണ് . ഞാന്‍ പഠിച്ചിടത്തു ഒന്നും അങ്ങനെ എന്നെ ആരും പഠിപ്പിച്ചിട്ടില്ല എന്നതു കൊണ്ടും ആണ്

പിന്നെ മത വൈരം പരത്തി കലക്ക വെള്ളത്തില്‍ മീന്‍ പിടിക്കാന്‍ ഇറങ്ങുന്ന ചില ആളുകളുടെ അബദ്ധം നിറഞ്ഞ , കുത്സിതമായ , ഹീനമായ , വിഷം കലക്കാനുള്ള ആസൂത്രിത നീക്കം മാത്രമായിട്ടേ ഇത്തരം ആരോപണങ്ങളെ കാണാന്‍ പറ്റൂ .

വിശ്വസിക്കുകയും മനുഷ്യന്‍ എന്ന മാനവിക ഭാവത്തില്‍ നമ്മള്‍ ഒന്നാണ് എന്ന രീതിയില്‍ മുന്നോട്ടു പോവുകയും ചെയ്യുകയാണ് വേണ്ടത് . മുമ്പ് ഉണ്ടായിരുന്നതും അതാണ്‌

അസഹിഷ്ണുതയും ശത്രുതയും വളര്‍ത്തി പരസ്പരം ശത്രുക്കളാക്കി പണ്ടത്തെ കുട്ടനും മുട്ടനും കഥയിലെ കുറുക്കന്റെ റോളില്‍ പ്രത്യക്ഷപ്പെട്ട ചില ആസുരന്മാരാണ് ഈ സൗഹൃദ വെള്ളത്തില്‍ വിഷം കലക്കിയത് എന്ന് എനിക്ക് തോന്നുന്നു

മദ്രസ്സകള്‍ ഏതെങ്കിലും ഒളിത്താവളങ്ങളിലോ , രഹസ്യ കേന്ദ്രങ്ങളിലോ , അല്ല ഇക്കാലമത്രയും നടന്നു വരുന്നത് .
അവിടെ ഒളിക്കാനും മറക്കാനും ഒന്നുമില്ല .
ഏതൊരു ഗവണ്മെ ന്റ് സ്കൂളിലേക്കും കടന്നു ചെല്ലും പോലെ അവിടേക്കും ആര്‍ക്കും എപ്പോഴും കടന്നു ചെല്ലാം .. പാറാവുകാരോ ഗെയിറ്റ് കീപ്പറോ , സെക്യൂരിറ്റിയോ ഒന്നും കാണില്ല .
മിക്ക മദ്രസ്സകള്‍ക്കും കാര്യമായ ഒരു മതിലു പോലും ഇല്ല .

അത്രയും സുതാര്യമായി നടക്കുന്ന
നിഷ്കളങ്കരായ കുഞ്ഞുങ്ങള്‍ പഠിക്കുന്ന
മത പഠന ശാലകള്‍ മാത്രമാണ് അവ . .!!!

'' നിങ്ങള്‍ ആരാധിക്കുന്നതിനെ ഞാന്‍ ആരാധിക്കുന്നില്ല , ഞാന്‍ ആരാധിക്കുന്നതിനെ നിങ്ങളും ആരാധിക്കുന്നില്ല . നിങ്ങള്ക്ക് നിങ്ങളുടെ മതം . എനിക്ക് എന്റെ മതം - ഖുര്‍ആന്‍


ഉമ്മ അമ്മ എന്ന വിളി



ഉമ്മ അമ്മ എന്ന വിളിക്ക് പകരം വെക്കാന്‍ പറ്റിയ മറ്റൊരു വാക്കും മാതാവിനെ വിളിക്കാനില്ല തന്നെ . അവരെ മറ്റുള്ളവര്‍ വിളിക്കുന്ന ഓമനപ്പേര്
ചില മക്കളെങ്കിലും വിളിക്കുന്നത്‌ കേട്ടിട്ടുണ്ട് .
അത് എപ്പോള്‍ എവിടെ വെച്ച് കേട്ടാലും എതിര്‍ക്കാറുണ്ട് .
ക ര്‍ശനമായി പറയാന്‍ പറ്റുന്ന വരോട് അങ്ങനെ .
ഉപദേശ രൂപേണ പറയേണ്ടവരോട് അങ്ങനെ .
ഭംഗ്യന്തരേണ പറയേണ്ടവരോട് അങ്ങനെ .
കാരണം ഒരു മനുഷ്യന് ഒരാളെ മാത്രമേ അങ്ങനെ വിളിക്കാന്‍ പറ്റൂ .
ആ വിളിക്ക് അവനല്ലാതെ മറ്റാര്‍ക്കും യോഗ്യത ഇല്ല ; അര്‍ഹതയും .

കുഞ്ഞോള് , മാളു , കുഞ്ഞിമ്മു, ഇമ്മു , എന്നൊക്കെ ആര്‍ക്കും ആരെയും വിളിക്കാം .
പക്ഷെ അമ്മ ഉമ്മ അത് എല്ലാവരെയും വിളിക്കാന്‍ പറ്റില്ല
എല്ലാവര്‍ക്കും വിളിക്കാന്‍ പറ്റില്ല .

ഉമ്മ എന്ന് വിളിക്കുമ്പോഴും അമ്മ എന്ന് വിളിക്കുമ്പോഴും അതില്‍ തന്നെ ഓമനത്വം ഉണ്ട് പോരാത്തതിന് 'മ്മ' യുമുണ്ട് .
ഏതൊരാള്‍ക്കും ഏതു പ്രായത്തിലും കിട്ടണം എന്നും ഏതു അമ്മയ്ക്കും മക്കള്‍ക്ക് എത്ര കൊടുത്താലും മതിയാവാത്തതുമായ 'ഉമ്മ'യിലെ 'മ്മ' ആണത് !
അമ്മിഞ്ഞയിലെ 'മ്മ' ആണത് !!

അത് കൊണ്ട് കണിശമായും കര്‍ശനമായും ഇപ്പോള്‍ നിങ്ങള്‍ വിളിച്ചു കൊണ്ടിരിക്കുന്ന ഓമനപ്പേരു വിളികള്‍ നിര്‍ത്തി ഉമ്മ എന്ന് വിളി തുടങ്ങൂ .
അമ്മ എന്ന് മാറ്റി വിളിച്ചു ശീലിക്കൂ .

ഉമ്മ.. അമ്മ .. എന്ന വിളിയില്‍ തന്നെയുണ്ട് നന്മ , ഉണ്മ , വെണ്മ .
മറ്റൊരു വിളിക്കും കിട്ടില്ല ആ മേന്മ .

അന്നേരം അമ്മ വന്നു നെറ്റിയില്‍ തൊട്ടു



അന്നേരം അമ്മ വന്നു നെറ്റിയില്‍ തൊട്ടു
'അയ്യോ ന്റെ കുട്ടിക്ക് വല്ലാതെ പനിക്കുന്നല്ലോ ന്റെ ദൈവേ ..
എന്ന് ആധിയോടെ പറഞ്ഞു സാരിത്തലപ്പ്‌ കൊണ്ട് മുഖം തുടച്ചു . അത് നന്നായി ആസ്വദിച്ചു കണ്ണുകളിറുകെ ചിമ്മി വാട്ടിയ വാഴയില പോലെ ഞാന്‍ കിടന്നു .

തുമ്മാന്‍ മുട്ടിയ ഒരു ആവേശം വെറുതെ ഒന്ന് വന്നു പെട്ടെന്ന് നശിച്ച് ചിന്നിച്ചിതറി അമ്പേ പരാജയപ്പെട്ടു വന്നതിലേറെ വേഗത്തില്‍ തിരിച്ചു പോയി .

അമ്മയുടെ കൈകള്‍ എടുത്തു ഹൃദയത്തോട് ചേര്‍ത്തു വെച്ചു . അന്നേരം ആ വിരല്‍ത്തലപ്പുകളിലൂടെ പേരറിയാത്ത ചില അനുദൈര്‍ ഘ്യ തരംഗങ്ങള്‍ ഉള്ളിലെവിടെയൊക്കെയോ തിരയടിച്ചു .

അല്പം കഴിഞ്ഞപ്പോള്‍ ഒരു കടും പിഞ്ഞാണത്തില്‍ കുറിയരിക്കഞ്ഞിയും ചുട്ട പപ്പടവും നാരങ്ങാ അച്ചാറുമായി അമ്മ വരുന്നത് കണ്ടു . ആ നിമിഷം അടഞ്ഞു പോയ നാസാ ദ്വാരങ്ങള്‍ പെട്ടെന്ന് ഉന്മേഷ ഭരിതരായി . ഞാന്‍ കൈകുത്തി എണീറ്റിരുന്നു .

അമ്മ കോരിത്തരുന്ന പൊടിയരി ക്ക ഞ്ഞി കുടിക്കുന്ന നേരത്ത്
സ്നേഹത്തിന്റെ കയില്‍ വായിലേക്ക് കൊണ്ടു വരുമ്പോള്‍
ഞാന്‍ ആ കൈകളിലൊന്ന് കേറിപ്പിടിച്ചു .
ആ പിടുത്തം ചുട്ടു പൊള്ളുന്ന പനിയെ വിരട്ടി ഓടിക്കാന്‍ വൃഥാ ഒരു ശ്രമം നടത്തി .

''ഇനി പുതച്ചു മൂടി കിടന്നോ . ഇപ്പൊ പനി മാറും കേട്ടോ കുട്ടാ .. ''
എന്നും പറഞ്ഞു പുതപ്പു മീതേക്കൂടി ഇട്ടു തന്നു അമ്മ .

എന്നിട്ട് അമ്മ ദേ ഇപ്പൊ വരാം എന്ന് പറഞ്ഞു അടുക്കളയിലേക്കു പോകുന്നത് കണ്ടു .

പനി വല്ലാതെ പോള്ളിച്ചപ്പോള്‍ പിച്ചും പേയും പറയുന്നത് കേട്ടിട്ടാവണം ഉറക്കം മുറിഞ്ഞ ദേഷ്യത്തില്‍ അടുത്ത ബെഡ് ലെ കുഞ്ഞിക്കോയ 'ഒന്ന് ഒറ ങ്ങാനും അയക്കൂല ഈ പണ്ടാരം ' എന്ന് പിരാകിപ്പറഞ്ഞു ചന്തി ചൊറിഞ്ഞു തിരിഞ്ഞു കിടക്കുമ്പോഴാണ് കണ്ണുകള്‍ തുറന്നത് . അപ്പോഴും വല്ലാത്ത ഒരു ശബ്ദത്തോടെ എ സി മൂളുന്നുണ്ടായിരുന്നു .

പഴയത് മാത്രമാണോ ശരി ?


പഴയ പാട്ട്
പഴയ സിനിമ
പഴയ ആളുകള്
പഴയ അധ്യാപകര്‍
പഴയ സാഹിത്യം
പഴയ വായന
പഴയ എഴുത്ത്

ഇതൊക്കെയാണ് നല്ലത് എന്ന് പറയാറുണ്ട്‌ നമ്മള്‍ .
അപ്പോള്‍പുതിയതൊന്നും നല്ലതല്ലേ ?
പുതിയതിലൊ ന്നും ഒരു നന്മയും ഇല്ലേ ?
ഇത് സത്യത്തി ല്‍ വെറും ഒരു വാചകമടി മാത്രമല്ലേ ?

കുറച്ചു കാലം കൂടി കഴിഞ്ഞാല്‍ ഇന്നത്തെ പുതു തലമുറയും പറയും പഴയതായിരുന്നു നല്ലത് എന്ന്
എന്ന് വെച്ചാല്‍ ഇപ്പോള്‍ ഓടിക്കൊണ്ടിരിക്കുന്ന ഈ കാലം !!

എല്ലാ കാലത്തും ഉണ്ട് നല്ലതും ചീത്തയും
എല്ലാ മനുഷ്യരിലും ഉണ്ട് നല്ലവരും വൃത്തി കെ ട്ടവരും
എല്ലാ മതത്തിലും ഉണ്ട് നീചന്മാരും ശുദ്ധന്മാരും
എല്ലാ നാട്ടിലും ഉണ്ട് നന്മയുള്ളവരും ദുഷ്ടന്മാരും

സ്റ്റാന്റ് അപ്പ്‌ സിറ്റ് ഡൌണ്‍ !!


അദ്ദേഹം എന്റെ സഹപ്രവര്‍ത്തകനായിരുന്നു .
കണക്ക് മാഷും .
ഞങ്ങള്‍ ഒന്നിച്ചായിരുന്നു താമസം .
റസിഡന്‍ഷ്യല്‍ സ്കൂള്‍ ആയതു കൊണ്ട് അവിടെ തന്നെയായിരുന്നു അധ്യാപനവും താമസവും കളിയും ചിരിയും ഒക്കെ ഒരേ കോമ്പൌണ്ടില്‍ തന്നെ .

കണക്കു മാഷ്‌ ഭയങ്കര വോളി ബാള്‍ പ്രേമിയാണ്‌ . 'സ്മാഷി'ന്റെ ഉസ്താദ് !!

എന്നും വൈകുന്നേരം ഞങ്ങള്‍ സ്കൂള്‍ ഗ്രൗണ്ടില്‍ വോളി ബോള്‍ കളിക്കും . മിക്കവാറും ജയിക്കുക കണക്കു മാഷിന്റെ ടീം തന്നെ .

രാത്രിയായാല്‍ കണക്കു മാഷ് നേരത്തെ കേറി കിടക്കും . കിടക്കുന്നത് തന്നെ കണക്ക് .
അധികം വൈകാതെ ചില ചൂളം വിളികളും
ചരക്ക് ലോറി കയറ്റം കേറുന്ന പോലെയുള്ള ഒച്ചയുമോക്കെയായി ഉറക്കം കൊഴുക്കും .
നേരം വെളുക്കും വരെ ആ ഭാഗത്ത് നിന്ന് പൊട്ടലും ചീറ്റലും പൊട്ടിത്തെറിയും പടക്കം പൊട്ടലും ഒക്കെ കേള്‍ക്കാം .

ഒരു ദിവസം . കണക്കു മാഷ് ഉറങ്ങി ശ്രുതിയും താളവും നോട്സും ഒക്കെ ഒപ്പിച്ചു ഘോര രാഗത്തില്‍ നിശാ സംഗീതം ആരംഭിച്ചു .

ഇടക്കെപ്പോഴോ 'ഐ ഷാള്‍ ' എന്ന് പറഞ്ഞതും ആങ്ങി യോങ്ങി ഒരു സ്മാഷ് കൊടുത്തതും ഒന്നിച്ചായിരുന്നു . പക്ഷേ പന്തിനു പകരം ചുമരിനായിരുന്നു എന്ന് മാത്രം !!

''ന്റ ള്ളോ ... ''എന്ന നിലവിളിയാണ് പിന്നെ കേട്ടത് ..!!!



ആയിടക്ക്‌ ഞങ്ങളുടെ റൂമിലേക്ക്‌ ഒരു പുതിയ ടിടിസി മാഷും വന്നു .
അധ്യാപന രംഗത്തെ പുതു മുഖമാണ് കക്ഷി .
അദ്ദേഹം ഉറക്ക രാഗത്തിന്റെ ആളൊന്നുമല്ല .
ഒരേ ഒരു ദോഷം മാത്രം .
മൂപ്പര്‍ ഉറക്കത്തില്‍ നന്നായി ക്ലാസ്സ് എടുക്കും എന്ന് രണ്ടാമത്തെ ദിവസം തന്നെ ബോധ്യമായി !

ലൈറ്റ് കെടുത്തും മുമ്പേ ടിടിസി കേറി കിടന്നു .
അല്പം കഴിഞ്ഞില്ല . കലാപരിപാടി ആരംഭിച്ചു

നീണ്ടു നിവര്‍ന്നു കിടക്കുന്ന ടിടിസി ചൂണ്ടു വിരല്‍ ഉയര്‍ത്തി ഉറക്കെ ആജ്ഞാപിക്കുകയാണ്

സ്റ്റാന്റ് അപ്പ്‌
സിറ്റ് ഡൌണ്‍

സ്റ്റാന്റ് അപ്പ്‌
സിറ്റ് ഡൌണ്‍

സ്റ്റാന്റ് അപ്പ്‌
സിറ്റ് ഡൌണ്‍ !!!

ഒടുവില്‍ ഞാന്‍ ചെന്ന് ആ ചൂണ്ടു വിരലില്‍ മുറുക്കി പിടിച്ച്
ആജ്ഞാപിച്ചു

സ്റ്റാന്റ് അപ്പ്‌
സിറ്റ് ഡൌണ്‍ !!!


2014, ജൂൺ 7, ശനിയാഴ്‌ച

അലിവു മരം



ഇപ്പോള്‍ ,
പൂമുഖത്ത് പ്രസാദമിരിക്കുന്നില്ല.
എട്ടു കോണില്‍ മരത്തടിയില്‍ തീര്‍ത്ത
നിലവിളികള്‍ കൊണ്ട്
മേല്‍ വിരി വിരിച്ച
കണ്ണീര്‍ വീണു കുതിര്‍ന്ന മേശ.

വിങ്ങലുകള്‍ക്ക്
ചെന്നിരിക്കാന്‍ പാകത്തില്‍
അരുമയോടെ
കടഞ്ഞെടുത്ത ചാരുപടി.

സങ്കടങ്ങളുടെ
പെരുമഴക്ക് കാതോര്‍ത്ത്
പച്ചയിലക്കുട ചൂടി
അലിവു മരങ്ങള്‍

പിറകില്‍ ,
ബഹളമേതുമില്ലാതെ
നെടുവീര്‍പ്പുടുത്തിപ്പോഴും
ശാന്തയായി
ഒഴുകുന്നുണ്ട്
സങ്കടക്കടലായി
കടലുണ്ടിപ്പുഴ..!

മടുപ്പാണ്
കാത്തിരിപ്പൊക്കെയും
എനിക്കും നിനക്കും.

തിടുക്കമാണ് തിരികെപ്പോരാന്‍
ആര്ക്കുമെവിടെ നിന്നും .
എന്നിട്ടും,
ഈ വെണ്മുറ്റത്തു മാത്രമെന്തേ അങ്ങനെ?

നിലവിളി
എനിക്ക് കേട്ടുകൂടാ;
നിനക്കും.
പൊറുതി കേടാണത്
സ്വന്തം കുഞ്ഞിന്റെതാണെങ്കില്‍ പോ ലും !

എന്നിട്ടും ഇക്കാതുകള്‍
മാത്രമെന്തേ യിങ്ങനെ?

വാതിലുകളൊക്കെയും
അടച്ചിടാറാണ് പതിവ്
പിന്നെയെന്തേ
ഒരിക്കലു മടക്കാതെ
ഈ വാതിലുകള്‍ ഇങ്ങനെ ?

എന്ത് പേര് ചൊല്ലി വിളിക്കും
ഈ ധന്യതയെ?
അത് നിനക്കറിയാം
എനിക്കും,
പിന്നെ കാലത്തിനും..!
- ഉസ്മാന്‍ ഇരിങ്ങാട്ടിരി

2014, ജൂൺ 2, തിങ്കളാഴ്‌ച

'ഒരു പാട്ടിന്റെ ദൂരം ' .


ഇയ്യിടെ വായിച്ച ഏറ്റവും മനോഹരമായ ഒരു ചെറുകഥയാണ് ശിഹാബുദ്ധീന്‍ പൊയ്ത്തും കടവിന്റെ 'ഒരു പാട്ടിന്റെ ദൂരം ' .

പെണ്മക്കളുള്ള ഓരോ അമ്മയും അച്ഛനും വായിക്കേണ്ട ഒരു പാട്
സന്ദേശങ്ങളുള്ള കഥ . ആധുനിക ലോകത്തെ സാധാരണ മനുഷ്യന്റെ ആകുലതകളും ആധികളും ഇത്രയേറെ മനോഹരമായി ആവിഷ്ക്കരിച്ച മറ്റൊരു കഥ വായിച്ചതായി ഓര്‍ക്കുന്നില്ല .

ഭീതി മനുഷ്യന്റെ കൂടപ്പിറപ്പാണ് . അത് വിട്ടൊഴിഞ്ഞ നേരമില്ല
കാണുന്നതും കേള്ക്കുന്നതും വായിക്കുന്നതും അറിയുന്നതും എല്ലാം ഭീതി വളര്‍ത്തുന്ന വാര്‍ത്തകള്‍ . സ്കൂളിലേക്കും കോളേജിലേക്കും വീട്ടില്‍ നിന്നിറങ്ങി പോയ പെണ്‍കുട്ടി തിരികെ എത്തും വരെ അമ്മയ്ക്ക് സമാധാനമില്ല . അമ്മമാരുടെ ഈ ആധി പലപ്പോഴും അതിരുവിടുകയും അത് മക്കളില്‍ എങ്ങനെയൊക്കെ ദോഷകരമായി സ്വാധീനിക്കും എന്നും ഈ കഥ നമുക്ക് പറഞ്ഞു തരുന്നു .

നമ്മുടെ പെണ്‍കുട്ടികള്‍ സ്വന്തം വീടുകളില്‍ പോലും സുരക്ഷിതരല്ല . പിന്നെ പുറത്തെ കാര്യം പറയാനുണ്ടോ ? കാലം ദുഷിച്ചു പോയിരിക്കുന്നു .

ഒക്കെ ശരിതന്നെ പക്ഷേ , നാം എന്ത് ചെയ്യും ?
പേടിച്ചു കുട്ടിയെ വീട്ടില് ഇരുത്തുന്നത്‌ പ്രായോഗികമാണോ ?
അപകടം പേടിച്ചു യാത്ര ചെയ്യാതിരിക്കാനാവുമോ ?

ഇല്ല . അപ്പോള്‍ പിന്നെ നമ്മുടെ കുട്ടികളെ ബോധവും സൂക്ഷ്മതയും ധൈര്യവും ഉള്ള മക്കളാക്കി വളര്‍ ത്തുകയേ രക്ഷയുള്ളൂ .

സ്കൂളുകളിലും കോളേജുകളിലും ഇത്തരത്തിലുള്ള ബോധവത്ക്കരണങ്ങള്‍ നടത്താനും അത് വഴി കുട്ടികളില്‍ ആത്മവിശ്വാസം വളര്‍ത്താനുമുള്ള ആസൂത്രിതമായ പദ്ധതികള്‍
ആവിഷ്ക്കരിക്കേണ്ടിണ്ടിയിരിക്കുന്നു .
മാനസികമായി മാത്രമല്ല ശാരീരികമായും പ്രതിരോധത്തിന്റെ പാഠങ്ങള്‍ പഠിപ്പിക്കേണ്ടിയിരിക്കുന്നു .

ചികിത്സയെക്കാള്‍ സൂക്ഷ്മത തന്നെയാണ് , എവിടെയും എന്ന പോലെ ഇവിടെയും പ്രായോഗികം .

തൊട്ടിലില്‍ കിടക്കുന്ന കുഞ്ഞു മുതല്‍ ശയ്യയില്‍കിടക്കുന്ന വൃദ്ധ വരെ ഏതു നിമിഷവും ആക്രമിക്കപ്പെട്ടേക്കാം അതിനെ ചെറുക്കാനും പ്രതിരോധിക്കാനും ശക്തമായ മാനസിക ധൈര്യം ആണ് നാം മക്കള്‍ക്ക്‌ നല്കേണ്ടത് .

ഇത്തരം ഘട്ടങ്ങള്‍ ജീവിതത്തില്‍ നേരിടേണ്ടി വരുമ്പോ ള്‍ എന്ത് ചെയ്യണം എന്ന ഒരു അവബോധം കുട്ടികളില്‍ വളര്‍ത്തിക്കൊണ്ട് വരണം . അതല്ലാതെ തൊട്ടതിനും പിടിച്ചതിനും ഒക്കെ ഓരോന്ന് പറഞ്ഞു അവരുടെ മനസ്സില് ആഴത്തിലുള്ള ഭീതി വിതക്കുന്നത് ഗുണത്തിലേറെ ദോഷം ചെയ്യും .

കാണുന്നവരെയൊക്കെ സംശയത്തോടെ നോക്കുകയും ആരെയും വിശ്വാസം ഇല്ലാതെ വരികയും ചെയ്യുന്ന ഒരു മാനസിക അവസ്ഥയിലേക്ക് ഈ നിരന്തരമായ പേടിപ്പെടുത്തല്‍ മാറിപ്പോവും .

പേടി മനുഷ്യന്റെ എല്ലാ ഊര്‍ജ്ജവും ചോര്‍ത്തിക്കളയുന്ന ,
പുരോഗതിയുടെ ഏറ്റവും വലിയ ശത്രു ആണ് .
അത് കൊണ്ട് കുട്ടികളെ ഭീരുക്കളായി വളര്‍ത്താതെ ആത്മവിശ്വാസവും ധൈര്യവും പകരുന്ന സമീപനങ്ങള്‍ ആവണം രക്ഷിതാക്കളും അധ്യാപകരും കുട്ടികള്‍ക്ക് പകര്‍ന്നു നല്കേണ്ടത് .

അക്കാര്യത്തില്‍ ഏറെ ശ്രദ്ധിക്കേണ്ടത് അമ്മമാരാണ് . കാണുന്ന എല്ലാ പുരുഷനും വൃത്തികെട്ടവനല്ല എന്നും നല്ലവരും മാന്യതയുള്ളവരും ഇപ്പോഴുമുണ്ട് എന്നും നമ്മളും ഉള്‍ക്കൊള്ളണം .

ശ്രദ്ധയും കരുതലും സൂക്ഷമതയും അത്യാവശ്യമാണ് .
പക്ഷെ അത് അതിര് വിട്ടാല്‍ പിന്നെ പേടിച്ചു വാതിലടച്ചു ഇരിക്കുകയെ നിര്‍വാഹമുള്ളൂ .
കാലം ഇതിലേറെ വഷളായിക്കൊണ്ടിരിക്കുക തന്നെ ചെയ്യും .
അതിജീവിക്കുകയല്ലാതെ ഒളിച്ചോട്ടം ഒന്നിനും പരിഹാരമല്ല . എവിടെ പോയാണ് ഒളിക്കുക ?

അമിതമായ ഒരു ഭീതിയും ഗുണം ചെയ്യില്ല .
പുതിയ കാലത്തെ മക്കളെ പറഞ്ഞു പറഞ്ഞു പേടിപ്പിക്കാനല്ല
പുതിയ പ്രതിസന്ധികളെ നെഞ്ചുറപ്പോടെ തരണം ചെയ്തു മുന്നോട്ടു പോകാനുള്ള മനക്കരുത്തും ധൈര്യവും സ്ഥൈര്യവും ഉള്ള മക്കളായി അവരെ പരിവ ര്‍ ത്തിപ്പിക്കാനുള്ള കൂട്ടായ ശ്രമങ്ങളാണ് വേണ്ടത് .

ശത്രുത



അസൂയയുടെ സീമന്ത പുത്രനാണ് ശത്രുത
പ്രിയത്തിന്റെ മൂത്ത മോളാണ് സൗഹൃദം
അഹന്തയുടെ വല്യേട്ടനാണ് പുച്ഛം

അഹങ്കാരവും ഭ്രാന്തും ഒരു പോലെയാണ്
രണ്ടും പിടിപെട്ടാല്‍ വകതിരിവ് ഉണ്ടാവില്ല
ഒരു ഭ്രാന്തനും തനിക്കു ഭ്രാന്തുണ്ട് എന്ന് സമ്മതിക്കില്ല
ഒരു അഹങ്കാരിയും ഞാന്‍ അഹങ്കാരിയാണ് എന്ന് സമ്മതിക്കാത്ത പോലെ ..!!!

ശാരീരിക രോഗങ്ങള്‍ മാത്രമല്ല ചില 'മാനസിക രോഗങ്ങളും'
പാരമ്പര്യമായി കിട്ടും ..!!!

വലകശ്ശുക്ര്‍


അയ്യായിരം വര്‍ഷം പഴക്കമുള്ള ഒരു ചരിത്ര ഭൂമിയിലേക്കുള്ള യാത്രയിലായിരുന്നു ഞങ്ങള്‍ . സ്വാലിഹ് നബിയുടെ നാട്ടിലേക്ക് . സമൂദ് എന്ന പേരില്‍ അറിയപ്പെടുന്ന സമൂഹം / ഗോത്രം ജീവിച്ചിരുന്ന നാട്ടിലേക്ക് , ഖുര്‍ആനില്‍ പരാമര്‍ശിച്ച ദുരന്ത ഭൂമിയിലേക്ക്‌..
ചിത്രങ്ങളിലൂടെയും വീഡിയോയിലൂടെയും മാത്രം കാണാനും അറിയാനും കഴിഞ്ഞിരുന്ന ദൈവത്തിന്റെ ശിക്ഷ ഇറങ്ങിയ ഭൂമിയിലേക്ക് !

ആയിരത്തോളം കിലോമീറ്റര്‍ ദൈര്‍ഘ്യം ഉള്ള ബസ്സ്‌ യാത്ര !

രണ്ടു ബസ്സിലായിരുന്നു യാത്ര പ്ലാന്‍ ചെയ്തിരുന്നത് .
ഓരോ ബസ്സിലും അമ്പതോളം ആളുകള്‍ .
കൂട്ടത്തില്‍ കുറെ ഫാമിലി യും ഉണ്ടായിരുന്നു .

ഞങ്ങള്‍ ചെല്ലുമ്പോള്‍ ഒരു ബസ്സ്‌ വന്നു നില്‍ക്കുന്നു . രണ്ടാമത്തെ ബസ്സ്‌ ഉടന്‍ വരുമെന്ന് സംഘാടകര്‍
പറഞ്ഞു . അപ്പോഴേക്കും ആദ്യത്തെ ബസ്സ്‌ നിറഞ്ഞിരുന്നു .
ഏറെ വൈകിയിട്ടും രണ്ടാമത്തെ ശകടം വന്നു കാണുന്നില്ല . ഒടുവില്‍ വന്ന ബസ്സ് നേരത്തെ പുറപ്പെടാം എന്ന് തീരുമാനം ആയി . അതില്‍ എല്ലാ ഫാമിലിയെയും ഒന്നിച്ചു വിടാം എന്നും . അന്ന് രാത്രി മദീനയില്‍ താമസം ആയതു കൊണ്ട് പിറ്റേന്ന് രാവിലെ ഒന്നിച്ചു പോകാം എന്നും അഭിപ്രായം ഉയര്‍ന്നു .
എന്റെ കൂടെ ഫാമിലി ഉണ്ടായതു കൊണ്ട് ഞങ്ങളും ആ ബസ്സില്‍ കേറി .
കൃത്യം ആറു മണിക്ക് ഞങ്ങളുടെ ബസ്സ്‌ പുറപ്പെട്ടു .

മദീന ലക്‌ഷ്യം വെച്ച് ഞങ്ങളുടെ ബസ്സ് കുതിച്ചു പാഞ്ഞു കൊണ്ടിരുന്നു . ഡ്രൈവറുടെ പെരുമാറ്റവും ബസ്സിന്റെ രൂപ ഭാവവും മനസ്സിന് അത്ര പിടിച്ചില്ല .
പൊതുവേ ഇത്തരം യാത്രകളില്‍ ഡ്രൈവര്‍ - ചൊറിയന്‍ - ആണെങ്കില്‍ എല്ലാ ഹരവും പോകും . വണ്ടിയുടെ സ്ഥിതിയും അത് തന്നെ ..

മദീന റോഡിലൂടെ ഏകദേശം രണ്ടു മണിക്കൂര്‍ ഓടിയതിനു ശേഷം എപ്പോഴോ പുറത്തേക്കു നോക്കുമ്പോള്‍ ഞങ്ങളുടെ ബസ്സ്‌ വിജനമായ ഒരു വീഥി യിലൂടെയാണ് പോകുന്നത് എന്നെനിക്കു തോന്നി .. ഡ്രൈവറുടെ അടുത്ത് ചെന്ന് കാര്യം തിരക്കിയപ്പോള്‍ ശരിയാണ് വഴി തെറ്റിയിരിക്കുന്നു !
മദീന റോഡ്‌ പോലും ശരിക്കറിയാത്ത ഇയാളെ വെച്ച് എങ്ങനെ മദായിന്‍ സ്വാലിഹ് വരെ പോകും എന്നോര്‍ത്തപ്പോള്‍ ആധിയായി .
അയാള്‍ കൂസലന്യേ പറഞ്ഞു . ഇത് വഴി പോയാലും പ്രശ്നമില്ല .. ഏതായാലും ഇനി തിരിച്ചു വിടലൊന്നും നടക്കില്ല . ഞങ്ങള്‍ അപ്പോള്‍ പോയിക്കൊണ്ടിരിക്കുന്നത് യാമ്പൂ റോഡിലൂടെയാണ്‌ !!

ബസ്സ്‌ കുതിച്ചു പാഞ്ഞു കൊണ്ടിരുന്നു . പിറകില്‍ നിന്ന് പല സുഹൃത്തുക്കളും മുന്നിലേക്ക്‌ വന്നു പിറകില്‍ ഭയങ്കര ചൂട് അനുഭവപ്പെടുന്നതായി പറഞ്ഞു . ബസ്സില്‍ മൊത്തം ഒരുതരം ചൂട് അനുഭവപ്പെടുന്നതും മനസ്സിലായി പലരും ഡ്രൈവറോട് പോയി കാര്യം സൂചിപ്പിച്ചു . അയാള്‍ പറഞ്ഞു എസി ഒക്കെ ഒക്കെയാണ് . ഒരു പ്രശ്നവും ഇല്ല . ഒടുവില്‍ ഞങ്ങള്‍ 'ബദര്‍ ' ല്‍ എത്തി - ഇസ്ലാമിക ചരിത്രത്തിലെ അവിസ്മരണീയവും സുപ്രധാനവുമായ ഒരു സ്ഥലമാണ് ബദര്‍ . അപ്പോള്‍ ആ വഴി പോകാന്‍ ഭാഗ്യം ലഭിച്ചല്ലോ എന്ന സന്തോഷത്തിലായിരുന്നു ഞങ്ങള്‍ . സാധാരണ വഴിയിലൂടെ ആണ് പോയിരുന്നെങ്കില്‍ ബദര്‍ ടെച്ച് ചെയ്യാന്‍ കഴിയില്ലായിരുന്നു . ഞങ്ങളുടെ യാത്ര അമീര്‍ അക്കാര്യം എടുത്തു പറയുകയും ചെയ്തു ..

പെട്ടെന്നാണ് ഞങ്ങളുടെ ബസ്സിനെ ഓവര്‍ ടേക്ക് ചെയ്തു കൊണ്ട് ഒരു കാര്‍ മോന്നോട്ടു വരുന്നതും ബസ്സിന് മുമ്പില്‍ സിഗ്നല്‍ കാണിച്ചു ബസ്സ്‌ നിര്‍ത്താന്‍ ആവശ്യപ്പെടുന്നതും !
ഉടനെ ഡ്രൈവര്‍ വിളിച്ചു പറഞ്ഞു :
എല്ലാവരും പെട്ടെന്ന് ഇറങ്ങണം ..!!!

ഞങ്ങള്‍ക്ക് ആര്‍ക്കും കാര്യം മനസിലായില്ല .
എങ്കിലും എല്ലാവരും ബാഗും സാധാങ്ങളും എടുത്തു പെട്ടെന്ന് ഇറങ്ങി ..
വിജനമായ റോഡിലേക്ക് , ജീവനും കൊണ്ട് ഓടിയിറങ്ങി !!

അപ്പോഴാണ്‌ ബസിന്റെ പിറകില്‍ നിന്ന് പുക പൊങ്ങുന്നത് കാണുന്നത് . എല്ലാവരും അങ്ങോട്ട്‌ ഓടുന്നതും മണ്ണ് വാരി എറിയുന്നതും ആണ് കാണുന്നത് ..
ബസ്സിന്റെ പിറകില്‍ തീ !

റെഡിയേറ്ററില്‍ വെള്ളം തീര്‍ന്നു ചുട്ടു പഴുത്തു കത്തുകയായിരുന്നു എന്ന് പിന്നീടാണ് അറിയുന്നത് !

പിറകെ വന്ന ആ നല്ല മനുഷ്യന്റെ സമയോചിതമായ ഇടപെടല്‍ ഇല്ലായിരുന്നു വെങ്കില്‍ ഈ പോസ്റ്റ്‌ എഴുതാന്‍ ഞാന്‍ ഉണ്ടാകുമായിരുന്നില്ല ! ഒരായിരം സ്വപ്നങ്ങളും പ്രതീക്ഷയുമായി ജീവിക്കുന്ന സ്ത്രീകളും കുഞ്ഞുങ്ങളും അടങ്ങുന്ന ഒരു പാട് മനുഷ്യര്‍ , ഒരു നിമിഷം കൊണ്ട് വലിയ ഒരു തീഗോളം ആവുമായിരുന്നു .. !!!
അല്ലാഹുവിന് സ്തുതി . അല്‍ഹംദുലില്ലാഹ് !!!

സത്യത്തില്‍ അല്ലാഹു ഞങ്ങളെ രക്ഷിക്കാന്‍ ഒരു മനുഷ്യനെ പറഞ്ഞയക്കുകയായിരുന്നു .
അല്ലാഹുമ്മ ലകല്‍ ഹംദ് .. !! വലകശ്ശുക്ര്‍ .. !!!

ഒരു നിമിഷം മതി വലിയ ഒരു ദുരന്തം ഉണ്ടാകാന്‍
ഒരു നല്ല മനുഷ്യന്‍ മതി ഒരു പാട് ജീവന്‍ രക്ഷപ്പെടാന്‍ ...

'ഒരറ്റത്ത് തീയും മറ്റേ അറ്റത്ത്‌ ഒരു വിഡ്ഢിയും'



ഓഫീസിലേക്ക്
പോകുമ്പോള്‍ 'പുകവലി' ചിന്തയാണ് മനസ്സിലുണ്ടായിരുന്നത് . കാരണം രാവിലെ വാ ര്‍ത്ത കേള്‍ ക്കുമ്പോള്‍ ഇന്ന് 'ലോക പുകവലി വിരുദ്ധ ദിനം' ആണ് എന്ന് എഴുതി കാണിക്കുന്നത് കണ്ടു . വഴിയിലുടനീളം ഒരു പാട് പുകവലിക്കാരെ കണ്ടു . എന്റെ ഓഫീസിലേക്ക് കേറി വരുന്ന സ് റ്റയര്‍ കേസിലും നിറയെ 'വലിച്ചു വലിച്ചെറിഞ്ഞ' ഒരു പാട് കുറ്റികള്‍ .

എനിക്ക് തോന്നുന്നു നമ്മുടെ നാട്ടിലേക്കാള്‍ വലി ഇവിടെയാണ്‌ കൂടുതല്‍
നമ്മുടെ നാട്ടില്‍ വലി കുറഞ്ഞു പക്ഷേ മറ്റൊന്ന് കൂടി . കുടി !!

വലിക്കും തോറും ചുരുങ്ങുന്ന ഒരു വസ്തു എന്ന കുസൃതി ചോദ്യത്തിന്
സിഗരറ്റ് എന്നാണു ഉത്തരം . എന്നാല്‍ കുസൃതിയല്ലാത്ത ഒരു ചോദ്യവും ഉത്തരവും ഉണ്ട് .
വലിക്കും തോറും ചുരുങ്ങുന്ന ഒരു സംഗതി ?
ഉത്തരം : ആയുസ്സ്

'ഒരറ്റത്ത് തീയും മറ്റേ അറ്റത്ത്‌ ഒരു വിഡ്ഢിയും' എന്ന കൊച്ചു വാചകം മാത്രം മതി ഈ ദുശ്ശീലത്തിന്റെ
പ്രത്യാഘാതവും അപകടവും മനസ്സിലാക്കാന്‍

മദ്യപാനം അതുപയോഗിക്കുന്ന ആളെ നശിപ്പിക്കുമ്പോള്‍ പുകവലി അയാളെ മാത്രമല്ല പുക പുറത്തു വിട്ടു അതു ശ്വസിക്കുന്ന നിരപരാധികളെയും കൂടി ദോഷമായി ബാധിക്കും .
പ്രത്യേകിച്ചു കുട്ടികളെ .. ആ നിലക്ക് പുകവലി ഒരു കുടുംബ / സാമൂഹിക / സാംസ്ക്കാരിക വിപത്ത് കൂടിയായി വേണം കാണാന്‍ .

പുകവലി നമ്മുടെ ശ്വാസ കോശത്തെ എങ്ങനെ ബാധിക്കുന്നു എന്ന് അറിയാന്‍ ഒരു കവി ള്‍ പുക എടുത്തു ഒരു വെള്ള ത്തുണി യിലേക്ക് ഒന്ന് ഊതി നോക്കിയാല്‍ മതി .
ആരോഗ്യത്തിനു മാത്രമല്ല , നമ്മുടെ ശാരീരിക സൌന്ദര്യത്തിനും പുകവലി ദോഷം തന്നെ . കൂട്ടത്തില്‍ അസഹനീയമായ ഒന്ന് പുകവലിക്കാരുടെ നാറുന്ന വായ തന്നെ .
കറുത്ത കറ പറ്റിയ ചുണ്ടുകള്‍ , കരുവാളിച്ച പല്ലുകള്‍ . ഇതിനൊക്കെ പുറമേ അതൊരു ദുശ്ശീലവും ധൂ ര്‍ ത്തും കൂടിയാണ് . കാന്‍ സര്‍ എന്ന മാരകവും ഭീകരവുമായ രോഗത്തിന് പ്രധാന കാരണവും .

ഇതൊക്കെ പറയുമ്പോഴും വലിക്കാരുടെ മനസ്സിലുണ്ടാകുന്ന ഒരു
'വികട' ചിന്ത ഈ രോഗമൊക്കെ വരാന്‍ പുക വലിക്കണം എന്നില്ലല്ലോ , എത്ര പുകവലിക്കാത്ത ആളുകള്ക്ക് ആ രോഗം വരുന്നു . കൊച്ചു കുട്ടികള്ക്കു പോലും വരുന്നില്ലേ ? ശരിയാണ് . ഉണ്ട് .

പക്ഷേ നമുക്ക് അറിയാത്ത കാരണം കൊണ്ട് വരുന്ന രോഗത്തെ നമുക്ക്
തടയാനാവില്ല . എന്നാല്‍ നമ്മുടെ കയ്യിലിരിപ്പ് കാരണം വരുന്ന രോഗം
നമ്മെ വല്ലാതെ സ്വയം ശപിക്കാന്‍ ഇടയാക്കും .
ഒരു രോഗ നിര്‍ണ്ണയം കഴിഞ്ഞു നിങ്ങളുടെ ഈ രോഗത്തിന് കാരണം നിങ്ങളുടെ പുകവലിയാണ് എന്ന് ഒരു ഡോക്ടര്‍ പറയുമ്പോഴേ ആ ഞെട്ടലി ന്റെയും കുറ്റബോധത്തിന്റെയും ആഘാതം അറിയൂ .

നാം ശ്രദ്ധിച്ചാല്‍ നമുക്ക് കൊള്ളാം
അല്ലെങ്കില്‍ നമ്മുടെ ജീവിതം പുകച്ചു തള്ളാം

വെറുതെ വലിച്ചു കളയാനുള്ളതല്ല നമ്മുടെ ഈ വിലപിടിപ്പുള്ള ജീവിതം
പുക വലിച്ചു ജീവിതം പുകക്കണോ ?
പുക , അത് വലിക്കുന്നവനെ മാത്രമല്ല
ചുറ്റുമുള്ളവരെ കൂടി പുകയ്ക്കുന്നു

ഓര്‍ക്കാം നമുക്ക് .
''പുക വലി അന്ത്യ ശ്വാസം വലി അകാലത്തില്‍ ആക്കും ''. ജീവിതത്തിന്റെ ദൈര്‍ഘ്യം കുറയ്ക്കും
അത് കൊണ്ട് , വലിച്ചെറിയുക
ജീവിതം വലിച്ചെറിയുന്ന പുകവലിയെ !!

ഒരു പാട് ദോഷങ്ങളും അപകടങ്ങളും ഉണ്ടെങ്കിലും പുക വലിക്കാരന്
ചില 'നേട്ടങ്ങള്‍' കിട്ടാനുണ്ട് . മറ്റ് ആ ര്‍ക്കും കിട്ടാന്‍ സാധ്യതയില്ലാത്തവ .
(കൊച്ചു ക്ലാസ്സില്‍ ഒരു പാഠ പുസ്തകത്തില്‍ പഠിച്ച ഓ ര്‍ മ്മയ്ക്ക് )

1) മുടി നരക്കില്ല
2) വീട്ടില് കള്ളന്‍ കേറില്ല
3) നായ കടിക്കില്ല !!!

മുടി നരക്കും മുന്പേ മരിക്കും
രാത്രി മുഴുവനും ചുമക്കുന്നത് കൊണ്ട് വീട്ടില്‍ ആളുറങ്ങിയിട്ടില്ല എന്ന് കരുതി കള്ളന്‍ വരില്ല
പുക വലിക്കുന്നവന് നിവര്‍ന്നു നടക്കാന്‍ കഴിയില്ല . അതുകൊണ്ട് കയ്യില്‍ വടിയുണ്ടാവും .
അത് കണ്ടു നായ അടുക്കില്ല !!
---------------------------------------------------------
ഇത് പറയാനുള്ള യോഗ്യത :
ഇപ്പോള്‍ യോഗ്യത ചോദ്യം ചെയ്യുന്ന കാലമാണല്ലോ
ഞാനിത് വരെ പുക വലിച്ചിട്ടില്ല !!

വലി


എനിക്ക്
കണ്ടുകൂടാത്ത ഒരു വലി
പുകവലി
കേട്ടുകൂടാത്ത വലി
കൂര്‍ക്കം വലി
ഒഴിച്ച് കൂടാനാവാത്ത വലി
ശ്വാസം വലി
ഇഷ്ടപ്പെട്ട വലി
വടം വലി
കുട്ടിക്കാലത്ത് മാറോട് ചേ ര്‍ത്ത് കൊണ്ട് നടന്ന വലി
പാഠാവലി

എനിക്ക് തീരെ ഇഷ്ടമില്ലാത്തതും
രാഷ്ട്രീയക്കാര്‍ക്ക് ഒഴിച്ച് കൂടാനാവാത്തതുമായ വലി
ചരടു വലി

സംഭവം നടക്കുമ്പോ ള്‍ ദേഷ്യം വരികയും
പിന്നീട് ആലോചിക്കുമ്പോള്‍ ചിരി വരികയും ചെയ്യുന്ന ഒരു വലി കൂടിയുണ്ട്

ഒരു പുതപ്പിനുള്ളില്‍ കിടക്കുമ്പോള്‍
വല്ലാതെ തണുക്കുന്ന നേരത്ത്
പുതപ്പിന് വേണ്ടി
ഞാനും അവളും
അങ്ങോട്ടും ഇങ്ങോട്ടും
മത്സരിച്ചു നടത്തുന്ന
പിടിവലി !!

 
Copyright © 2010 Iringattiri Drops. All rights reserved.
Design By- മലയാളം ബ്ലോഗ്‌ ഹെല്‍പ്