2014, മാർച്ച് 18, ചൊവ്വാഴ്ച

വെള്ള




വെള്ള വസ്ത്രത്തെക്കുറിച്ചായിരുന്നു പള്ളി ഇമാമിന്റെ ഇന്നത്തെ പ്രസംഗം .

വസ്ത്രങ്ങളുടെ കൂട്ടത്തില്‍ വിശിഷ്ടമായ വസ്ത്രം വെള്ളയാണ് .
പ്രവാചകന് ഇഷ്ടപ്പെട്ട വസ്ത്രവും അത് തന്നെ .
വെള്ളിയാഴ്ചകളില്‍ വെള്ള വസ്ത്രം ധരിച്ചു പള്ളിയില്‍ വരുന്നതാണ് ഏറെ ശ്രേഷ്ടം . .

ഹജ്ജ് , ഉമ്ര ഇത്തരം ആരാധനകളുടെ സമയത്തും
പുരുഷന്മാര്‍ക്ക് വെള്ള വസ്ത്രം നിശ്ചയിച്ചത് ശുഭ്ര വസ്ത്രം എളിമ യുടെ പ്രതീകം എന്ന നിലക്കാണ്

മരണപ്പെട്ടാല്‍ കഫന്‍ പുടവയും വെള്ള തന്നെ ആവുന്നതാണ് ഏറെ ശ്രേഷ്ഠം .

ഭാഗ്യത്തിന് ഞാന്‍ ഇന്ന് വെള്ള വസ്ത്രം ആണ് ധരിച്ചിരുന്നത് .
പ്രസംഗം കേള്‍ക്കുമ്പോള്‍ മനസ്സ് വെള്ള വസ്ത്രത്തിന്റെ പിറകെ പോയി .

ഹൈസ്കൂള്‍ ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ആഴ്ചയില്‍ ഒരു ദിവസം യൂണിഫോം നിര്‍ബന്ധമായിരുന്നു . അതും വെള്ള യായിരുന്നു . അന്ന് ഇന്നത്തെ പോലെ പാന്റ്സ് വ്യാപക മായിട്ടെ ഇല്ല . വെള്ള മുണ്ടും വെള്ള ക്കുപ്പായവും . അന്ന് അസംബ്ലിയും ഉണ്ടാകും . ഗ്രൗണ്ടില്‍ ഒരു പാല്‍ക്കടല്‍ രൂപം കൊള്ളും അന്ന് .

ഇവിടെയുള്ള സൗദി പൌരന്മാരും കൂടുതലും വെള്ള തോപ്പ് ആണ് ധരിക്കാര്‍ . നമ്മുടെ നാട്ടിലെ പണ്ഡിതന്മാരും
മത വിദ്യാര്‍ഥികളും പൊതുവേ വെള്ള വസ്ത്രം തന്നെയാണ് ധരിക്കാറുള്ളത്

മാത്രമല്ല കന്യാ സ്ത്രീകളുടെ വസ്ത്രം / പള്ളിയിലെ അച്ചന്മാരുടെ ളോഹ ഒക്കെ വെള്ള തന്നെ .

അതൊക്കെ ഓര്‍ത്ത്‌ അങ്ങനെ ഇരിക്കുമ്പോഴാണ് നമ്മുടെ ചില വെള്ള വസ്ത്ര രാഷ്ട്രീയക്കാരെ ഓര്‍ത്തത്‌ .

ഇസ്തിരി ഉലയാത്ത ഖാദി ധരിച്ചു ശുഭ്ര വസ്ത്ര ധാരികളായി കൈ വീശി നടക്കുന്ന നേതാക്കളെ ഓര്‍ത്തപ്പോള്‍ എനിക്ക് തോന്നി വിശുദ്ധിയുടെ പ്രതീകമായ വെള്ള അകത്തെ കറുപ്പ് സമര്‍ത്ഥമായി മൂടി വെക്കാനും ഉപയോഗിക്കാം എന്ന് നമ്മുടെ ചില രാഷ്ട്രീയക്കാര്‍ തെളിയിച്ചിതാണല്ലോ എന്ന് !

വസ്ത്രം നമ്മുടെ സംസ്ക്കാരം എന്തെന്ന് അറിയിക്കാനും
ഉള്ളിലെ കാപട്യം സമര്‍ത്ഥ മായി മൂടി വെക്കാനും ഉപയോഗിക്കാം എന്നര്‍ത്ഥം .

അത് കൊണ്ട് കൂടിയായിരിക്കും
'നിങ്ങളുടെ ആകാര സൌഷ്ഠവത്തിലെക്കോ , ശരീരത്തിലേക്കോ അല്ല പടച്ചവന്‍ നോക്കുക നിങ്ങളുടെ ഹൃദയത്തിലെക്കാണ്' എന്ന തിരു വചനം വിരല്‍ ചൂണ്ടിയത് ..!!!

2014, മാർച്ച് 14, വെള്ളിയാഴ്‌ച

സൌന്ദര്യം ഇരിക്കുന്നത്




ഡോക്ടറെ കാണാന്‍ ഊഴവും കാത്തിരിക്കുമ്പോള്‍ ഞങ്ങള്‍ക്ക്
അഭിമുഖമായി ഇരിക്കുന്നുണ്ട്‌ ഒരു പെണ്‍കുട്ടിയും
അവളുടെ ഭര്‍ത്താവും ഒരു കൊച്ചു വാവയും .

അവള്‍ സുന്ദരിയാണ് .
കാണാന്‍ ചേലുള്ള ചിരിയും ഭാവങ്ങളും
അവള്‍ കിലുകിലെ സംസാരിക്കുന്നുണ്ട് . അവന്റെ തോളിലേക്ക് ചാഞ്ഞു കിടന്ന് വില കൂടിയ മൊബൈലില്‍ കളിക്കുകയാണ് അവള്‍ .

ഇടയ്ക്കിടെ കുട്ടിയുടെ വിവിധ ആങ്കിളിലുള്ള ഫോട്ടോസ്
എടുക്കുന്നുമുണ്ട് .
പരിസരം പോലും മറന്നു അവര്‍ അവരുടെ ലോകത്താണ് .

അവന്‍ ഒരു കരുമാടിക്കുട്ടന്‍ .
കറുത്ത നിറം . തടിച്ച കറ പിടിച്ച ചുണ്ടുകള്‍ . ഉന്തിയ പല്ലുകള്‍ .
രണ്ടു പേരെയും കാണുന്ന ആരും അറിയാതെ പറഞ്ഞു പോകും .

'അയ്യേ ഈ സുന്ദരിക്കുട്ടിക്ക് കിട്ടിയ ചെക്കനാണല്ലോ ഇവന്‍ ."

സത്യം പറയാമല്ലോ എനിക്കും അങ്ങനെ തോന്നി . അന്നേരം എന്റെ മനസ്സില്‍ 'വടക്ക് നോക്കി യന്ത്ര'ത്തിലെ 'നിലവിളക്കും കരിവിളക്കും '
- ശ്രീനിവാസനും പാര്‍വതിയും - ഒരു നേര്‍ത്ത ചിരിയോടെ ഓര്‍മ്മയിലെത്തുകയും ചെയ്തു .

പക്ഷേ എന്നെ ഏറെ അത്ഭുതപ്പെടുത്തിയത് ആ പെണ്‍കുട്ടിയുടെ സമീപനവും ഭാവഹാവാദികളും ആണ് . ആ മുഖത്തു സന്തോഷം മാത്രമാണ് ഓളമിടുന്നത് . സംസാരത്തിലും പെരുമാറ്റ ത്തിലും അവള്‍ ഉല്ലാസവതിയും സന്തുഷ്ടയും ആണ് . അവര്‍ പരസ്പരം ഏറെ സ്നേഹിക്കുന്നുണ്ട് എന്ന് ആര്‍ക്കും വായിച്ചെടുക്കാം ആ സമീപനങ്ങളില്‍ നിന്ന് .

എനിക്ക് വല്ലാത്ത സന്തോഷം തോന്നി അവരെ കണ്ടപ്പോള്‍ .

അന്നേരം പഴയ ഒരു സംഭവ കഥ എന്റെ മനസ്സില്‍ ഓടിയെത്തി .

ശുക്കൂര്‍ സുന്ദരനായിരുന്നു .
ആര് കണ്ടാലും ഒന്ന് നോക്കിപ്പോവുന്ന നല്ല ചൊറുക്കുള്ള പയ്യന്‍ .
ഉയര്‍ന്ന വിദ്യാഭ്യാസവും ജോലിയുമൊക്കെയുണ്ട് അവന് .

അവന്റെ കല്യാണത്തിന്റെ അന്ന് പുതു പെണ്ണ് വരുന്നതും കാത്തു സുഹൃത്തുക്കള്‍ പന്തലിന്റെ പുറത്തു കാത്തിരിക്കുകയാണ് .

എല്ലാവരുടെയും മനസ്സിലുണ്ട് അവളെ ക്കുറിച്ച് ഒരു സങ്കല്പം .
ഷുക്കൂറിന്റെ ഭാര്യയല്ലേ നല്ല സുന്ദരിക്കുട്ടിയായിരിക്കും .
അവന്റെ സെലക്ഷന്‍ മോശമാവാന്‍ വഴിയില്ല .

ഒടുവില്‍ പുതുമണവാട്ടി എത്തി .
വരനും വധുവും പന്തലില്‍ ഇരുന്നു .
രണ്ടു പേരെയും ഒന്നിച്ചു കണ്ടവര്‍ കണ്ടവര്‍ മൂക്കത്തു വിരല്‍ വെച്ചു .
പലരും കുശുകുശുത്തു .

സുഹൃത്തുക്കള്‍ അടക്കം പറഞ്ഞു : അയ്യേ .. !!!

വിവാഹം കഴിഞ്ഞു ഒന്ന് രണ്ടു ദിവസത്തിനു ശേഷമാണ്
സുഹൃത്തുക്കളുടെ അടുത്തേക്ക്‌ ശുക്കൂര്‍ വരുന്നത് .
എല്ലാവരുടെ മുഖത്തും വല്ലാത്തെ ഒരു മ്ലാനത .

ശുക്കൂര്‍ നല്ല ഹാപ്പിയിലാണ് !
അവന്‍ കൂട്ടുകാരോട് ചോദിച്ചു :
എന്ത് പറ്റി ? ഒരു മൂഡ്‌ ഇല്ലാത്ത പോലെ ..

ആരും ഒന്നും പറയുന്നില്ല . ഒടുവില്‍ കൂട്ടത്തില്‍ എല്ലാം തുറന്നു പറയാറുള്ള 'കുഞ്ഞാപ്പുട്ടി ' ഷുക്കൂ റിനോട് പറഞ്ഞു :

"എടാ പൊട്ടാ അനക്ക് ആ കറുപ്പത്തിയെ എങ്ങനെ ഇഷ്ടപ്പെട്ടു ...?
നീ അവളെ കണ്ടിട്ട് തന്നെയാണോ കെട്ടിയത് ?

ശുക്കൂര്‍ ചിരിച്ചു കൊണ്ട് പറഞ്ഞു :

''എടാ കുഞ്ഞാപ്പുട്ട്യെ ന്റെ കണ്ണ് എങ്ങാനും അന്റെ മോത്ത്‌ ആണെങ്കില്‍ ഉണ്ടല്ലോ... !!!

പുറത്തല്ല സൌന്ദര്യം അകത്താണ്
കണ്ണിലല്ല സൌന്ദര്യം മനസ്സിലാണ്
നമ്മുടെ സൌന്ദര്യ ബോധം അല്ല മറ്റുള്ളവരുടെത്
നമ്മുടെ കാഴ്ച അല്ല മറ്റുള്ളവരുടെത്
കാഴ്ച നന്നാവുമ്പോള്‍ കാഴ്ചപ്പാടും നന്നാവുന്നു

വ്യത്യസ്തമായ കാഴ്ചയും കാഴ്ചപ്പാടും ഉണ്ടായതു കൊണ്ടാവണം
ഈ ലോകം ഇങ്ങനെ നിലനില്‍ക്കുന്നത്

എല്ലാവരുടെയും സൌന്ദര്യ സങ്കല്പം ഒന്നായിരുന്നു എങ്കില്‍
ഈ ലോകവും അതിലുള്ള മനുഷ്യരും ഭാര്യാ ഭര്‍തൃ ബന്ധം പോലും
ഇങ്ങനെ ആവുമായിരുന്നില്ല .. !!

സ്നേഹത്തിന്റെ കണ്ണുകള്‍ക്ക്‌ അപാകത പോലും
ഹൃദ്യമായി തോന്നും
വെറുപ്പിന്റെ കണ്ണുകള്‍ക്ക്‌ ഭംഗി പോലും
അഭംഗിയായി അനുഭവപ്പെടും

എല്ലാ ദമ്പതികള്‍ക്കും പരസ്പരം സ്നേഹിക്കാനും
നമുക്ക് കിട്ടിയ പങ്കാളിയുടെ സൌന്ദര്യം
ആസ്വദിക്കാനും അതില്‍ സംതൃപ്തി കണ്ടെത്തി
സന്തുഷ്ട ജീവിതം നയിക്കാനും കഴിയട്ടെ .

അറിയുക :
''നമുക്ക് നാമേ പണിവതു നാകം
നരകവുമതുപോലെ !!

ഒരു വാക്ക് കൂടി :

മറ്റുള്ളവര്‍ക്ക് എന്ത് തോന്നുന്നു എന്നല്ല നമുക്ക് നമ്മെക്കുറിച്ചു എന്ത് തോന്നുന്നു എന്നതാണ് പ്രധാനം .

2014, മാർച്ച് 12, ബുധനാഴ്‌ച

പിതാജി


ഴിഞ്ഞ അവധിക്കാലത്ത്‌ രണ്ടു സുഹൃത്തുക്കളുടെ മതാപിതാക്കളെ പോയി ,  കാണാന്‍ എനിക്ക് അവസരമുണ്ടായി . വാര്‍ധക്യ സഹജമായ അസുഖങ്ങള്‍ മൂലം കിടപ്പിലായ രണ്ടു പേര്‍ . 
അടുത്ത വരവിനു ആരൊക്കെ ജീവിച്ചിരിപ്പുണ്ടാകും എന്നറിയില്ലല്ലോ . അവര്‍ക്ക് മുന്‍പേ ഒരു  പക്ഷേ ഞാന്‍ ആവും പോവുക . 
വയസ്സും പ്രായവും ഒന്നും നോക്കിയല്ലല്ലോ മരണം പിടികൂടുക .

ഒരു സുഹൃത്തിന്റെ ഉമ്മയെ കാണാനാണ് ആദ്യമായി പോയത് . അവര്‍ എന്നെ കണ്ടപാടെ കരയാന്‍ തുടങ്ങി . ശാരീരികാസ്വാസ്ഥ്യങ്ങള്‍ എണ്ണിയെണ്ണിപ്പറഞ്ഞ്   കരയുക തന്നെയാണ് അവര്‍  . 
അവരെ എന്ത് പറഞ്ഞു സമധാനിപ്പിക്കും എന്നറിയാതെ ഞാന്‍ ആകെ വിഷമത്തിലായി  . ഒടുവില്‍ അവരോടു പറഞ്ഞു : ''ഉമ്മ ക്ഷമിക്കിന്‍ . നിങ്ങള്‍ക്ക് ഏതായാലും പടച്ചവന്‍ കാന്‍ര്‍ പോലെയുള്ള വലിയ അസുഖം ഒന്നും തന്നില്ലല്ലോ . ഇത്ര ആയുസ്സും തന്നു . അതിനു പടച്ചോനെ സ്തുതിച്ചോളൂ .

നിങ്ങള്‍  ആ 'മാളുമ്മാന്റെ' കാര്യം ഒന്ന് ആലോചിച്ചു നോക്കിന്‍ ..
മൂന്നു കൊച്ചു കുട്ടികളെ ഇവിടെ  തനിച്ചാക്കി അല്ലെ അവള്‍ പോയത് .
എന്നൊക്കെ പറഞ്ഞു സമാധാനിപ്പിച്ചിട്ടാണ് അവിടെ നിന്നിറങ്ങിയത് 
(ആയിടെ കാന്‍ര്‍ മൂലം അകാലത്തില്‍ മരണപ്പെട്ട 
സ്ത്രീയാണ് മാളുമ്മ ) 

മറ്റൊരിക്കല്‍  മറ്റൊരു സുഹൃത്തിന്റെ വീട്ടിലേക്ക് പോയി  . 
സുഹൃത്തിന്റെ ഉപ്പാക്ക് പ്രായം നൂറിനോട് അടുത്തിരിക്കുന്നു . എന്റെ 'ശുഭ്രം' എന്ന കഥയിലെ കഥാപാത്രം ഇദ്ദേഹമാണ് - ഇദ്ദേഹം ഇന്നില്ല . ദ്ദേഹത്തിന്റെ പരലോക ജീവിതം അല്ലാഹു ശോഭനമാക്കട്ടെ - 

ഒരു വെള്ളിയാഴ്ച ദിവസമാണ് . 
ഞാന്‍  അദ്ദേഹത്തിന്‍റെ റൂമിലേക്ക്‌ കേറിച്ചെല്ലുമ്പോള്‍ കണ്ട കാഴ്ച എന്നെ അദ്ഭുതപ്പെടുത്തുന്നതായിരുന്നു . മുന്നില്‍ നാട്ടി നിര്‍ ത്തിയ കണ്ണാടിയില്‍ നോക്കി  പരസഹയമില്ലാതെ അദ്ദേഹം താടി ശരിയാക്കുകയാണ് . ഒരു ചെറുപ്പക്കാരന്റെ വൈദഗ്ദ്യത്തോടെ !
അതല്ല എന്നെ കൂടുത
ല്‍ വിസംയിപ്പിച്ചത് .
ഒരു ഷേവിംഗ് സെറ്റ് ഉപയോഗിച്ച് അദ്ദേഹം തന്നെ അദ്ദേഹത്തിന്റെ തല വടിക്കുന്നു . കുറച്ചു മുടിയെ ഉള്ളൂ എങ്കിലും ! 

എല്ലാം കഴിഞ്ഞു കുളിച്ചു വന്നു എന്നോട് സംസാരിച്ചു തുടങ്ങി .
സംസാ ര ത്തിനിടക്ക് പരിഭവത്തിന്റെയോ പരാതിയുടെയോ ജീവിതത്തിലെ വിഷമാവസ്ഥയെ ക്കുരിച്ചോ ഒരു വാക്ക് പോലും അദ്ദേഹം പറഞ്ഞില്ല .

മറിച്ച്   പറഞ്ഞതൊക്കെയും സംതൃപ്തി നിറഞ്ഞ വാക്കുകള്‍.
'ന്നാലും ഇത്തരക്കാലം അല്ലാഹു ഇച്ച് ദീ ര്‍ഘായുസ്സ് തന്നിലേ ന്റെ കുട്ട്യേ .. ഇച്ച് ഇബടെ എല്ലാ സൌകര്യോം ണ്ട് . ആരീം എടങ്ങേറക്കാതെ ഞ്ചെ കാര്യൊക്കെ ച്ച് ഒറ്റക്ക് തന്നെ കജ്ജും . പ്പളും .
കായ്ച്ചക്ക് കൊറച്ച് മങ്ങലുണ്ട് ചെവി കേക്കാന്‍ കൊറച്ചു ഒറക്കനെ പ റേണം ന്നേ ള്ളൂ .ഇതൊക്കെ ണ്ടായിട്ടും ബുദ്ധി ഇല്ലെങ്കി പോയിലെ ? എന്തെക്കാരം കത ?
അതിന്നൊക്കെ പടച്ചോന്‍ ഞമ്മളെ കാത്തിലെ . അതിനൊക്കെ പടച്ചോനെ എത്തര സ്തുതിച്ചാലും മതി ആവൂലാ . അല്‍ഹംദു ലില്ലാഹ് ...
എന്റെ മനസ്സ് നിറഞ്ഞു .
അവിടെ നിന്ന് യാത്ര പറഞ്ഞു പോരുമ്പോള്‍ ഒരു പ്രാര്‍ത്ഥന മാത്രമായിരുന്നു മനസ്സില്‍ . അത് ഇന്നും മനസ്സിലുണ്ട് . 
പടച്ചവനേ .. ആയുസ്സ് നീട്ടി തരികയാണെങ്കില്‍ 
ഈ 'പിതാജി'യെ പോലെ
ആക്കണേ .. 
നമ്മുടെ വിഷമങ്ങള്‍ മറ്റൊരാളോട് പറയുമ്പോള്‍ ഒന്നുകില്‍ നാം അവനെ കൂടി വിഷമിപ്പിക്കുന്നു . കേള്‍ക്കുന്നവന്‍ നമ്മുടെ ഗുണ കാംക്ഷി ആണെങ്കില്‍ അവനു വിഷമം ഉണ്ടാകുന്നു . ശത്രു ആണെങ്കിലോ അവനു സന്തോഷവും ഉണ്ടാകുന്നു . 


ഋതു ഭേദങ്ങള്‍


ന്നെന്നോട്
കവിത ചോദിച്ചു
വര്‍ണ്ണങ്ങളെറെയില്ലേ
തീയാളുന്നല്ലോ
ഒരു മലയോളം
കനലുണ്ടല്ലോ
രക്തം തിളക്കുന്നുമുണ്ട്
എന്നിട്ടുമെന്തേ ?

പ്രായം തികയും മുന്‍പേ
ഋതു ഭേദങ്ങള്‍ക്ക്
കുളി തെറ്റുന്നു

കഴുത്ത് മുറുകി
കയറിലാടുന്നു
ശാരികക്കന്യകള്‍

പാല്‍ മണമുള്ള
പട്ടുപാടാവയില്‍
തലങ്ങും വിലങ്ങും
നീല നഖപ്പാടുകള്‍

തെരുവ് തിണ്ണയില്‍
ഉമിനീരില്‍ പുതഞ്ഞു
ഉറക്കച്ചടവ് മാറ്റുന്ന
വെളുത്ത തൂവാല

വിരിയും മുന്പേ
കവചം തന്നെ
കവരുന്ന
രക്ഷാ കവചം

ഉന്മാദിനിയായ
തെരുവിനും
ആണ്ടുതോറും പേറ് !

എന്നിട്ടും
കവിത
ഇപ്പോള്‍
ഒന്നും ചോദിക്കുന്നില്ല !!!

2014, മാർച്ച് 11, ചൊവ്വാഴ്ച

ശറഫാക്കപ്പെട്ട ശറഫിയ്യയിലെ നിര്‍ത്തം






ഷറഫിയ്യയിലെ പോരിശയാക്കപ്പെട്ട മുരിങ്ങാമരം നിന്നിരുന്ന സ്ഥലം ആണ്
ഈ ഫോട്ടോയില്‍ കാണുന്നത് .
മറക്കാത്ത ഓര്‍മ്മക്കായി മുരട് മാത്രം അവശേഷിപ്പിച്ചു ഈ മരവും മണ്ണോട് ചേര്‍ന്നു ..

പ്രവാസികളുടെ തേങ്ങലുകള്‍ക്കൊപ്പം മൂകമായി തേങ്ങുകയും
കണ്ണ് നനയുന്നത് കണ്ടു കണ്ണീര്‍ വാര്‍ക്കുകയും ചെയ്ത മലയാളികളുടെ
സ്വന്തം മുരിങ്ങാമരം ..

ടെലെഫോണുകളോ ഇന്റര്‍നെറ്റ്‌ ബന്ധങ്ങളോ , ചാനലുകളോ , പത്രങ്ങളോ ഇല്ലാത്ത
പഴയ കാലത്ത് നാട്ടില്‍ നിന്ന് വരുന്ന കണ്ണീര്‍ വീണു നനഞ്ഞ കത്തുകള്‍
കൈമാറ്റം ചെയ്യപ്പെടുന്നതും നാട്ടിലെ ചൂടാറിയിട്ടും 'ചൂടേറിയ ' വാര്‍ത്തകള്‍
പരസ്പരം പങ്കു വെക്കുകയും ചെയ്തിരുന്നത് ഈ മരച്ചോട്ടില്‍ വെച്ചായിരുന്നു ..

എത്ര എത്ര ജോലിയില്ലാത്തവര്‍ക്കാണ് ഈ മരച്ചുവട്ടിലെ ഒത്തു ചേരലിലൂടെ ജോലി കിട്ടിയത് ?
എത്ര പാവപ്പെട്ട പെണ്‍കുട്ടികള്‍ക്കാണ് മംഗല്യ ഭാഗ്യം സിദ്ധിക്കാന്‍ ഈ മരച്ചുവട്ടില്‍ നിന്ന്
പിരിച്ചെടുത്ത സഹായം നാട്ടിലെക്ക് പറന്നു ചെന്നത് ?
എത്രയെത്ര പള്ളികളും മദ്രസകളും , അനാഥാലയങ്ങളുമാണ് ഇവിടെ വെച്ചുള്ള സന്ധിക്ക ലിലൂടെ ഉയര്‍ന്നു വന്നത് .. കേറി ക്കിടക്കാന്‍ ഒരു കൂര പോലുമില്ലാത്ത എത്രഎത്ര നിര്‍ധനര്‍ക്കാണ്
ഈ മുരിങ്ങയ മരം സാക്ഷിയായി വീടുയര്‍ന്നത്‌ .. !!!
എത്ര ഹതഭാഗ്യരുടെ ഒച്ചയില്ലാത്ത നിലവിളികള്‍ക്കാണ് ഈ മുരിങ്ങാമരം കാതോര്‍ത്തത് .. ?

അന്ന് ഇവിടെ കൂടി നിന്ന് വെടി വട്ടം പറഞ്ഞിരുന്നവരും സൊറപറഞ്ഞു ഒരാഴ്ചത്തെക്കുള്ള
ഊര്‍ജ്ജം സംഭരിച്ചു തിരിച്ചു പോയവരും ഇന്നും ജീവിച്ചിരിക്കുന്നുണ്ടെങ്കില്‍
അവരുടെ ഓര്‍മ്മകളിലേക്ക് എപ്പോഴെന്കിലും കടന്നു വരുന്നുണ്ടാകും
ഈ മുരിങ്ങാ മരം ..!

കൊച്ചു കൊച്ചു കൂട്ടങ്ങളായി അവിടവിടെ കൂടിനിന്ന് സങ്കടങ്ങളും പരാതികളും
പരിഭവങ്ങളും ഇറക്കി വെച്ച പ്രവാസികളുടെ ഈ 'സങ്കട മരച്ചുവട് '
അവര്‍ക്ക് അത്ര പെട്ടൊന്നൊന്നും മറക്കാനാവുകയില്ല ..

'എന്നാല്‍ അടുത്ത ആഴ്ച ഇതേ ദിവസം ഇതേ സമയം ഇതേ സ്ഥലത്ത് വെച്ചു
വീണ്ടും കണ്ടുമുട്ടാം' എന്ന് പറഞ്ഞു പിരിഞ്ഞു പോകുന്ന പ്രവാസി ശനിയാഴ്ച
ജോലിക്ക് പോകുന്നതെ വെള്ളിയാഴ്ച ഇങ്ങനെ ഒത്തുകൂടാന്‍ വേണ്ടി മാത്രം ആയിരിക്കും .. !!!

വെള്ളിയാഴ്ചകളില്‍ മറ്റൊന്നും നടന്നില്ലെങ്കിലും ഷറഫിയ്യയിലെ നിര്‍ത്തം
'ഫര്‍ള്' ആയ കാര്യമാണ് അന്നും ഇന്നും മലയാളികള്‍ക്ക് ..
ആ ചടങ്ങിനു ഇന്നും കാര്യമായ ഒരു കുറവും വന്നിട്ടില്ല ..

ഇന്നിപ്പോള്‍ മുരിങ്ങാ മരത്തിന്റെ റോള്‍ 'സംസം ' ബൂഫിയ ഏറ്റെടുത്തിരിക്കുന്നു
എങ്കിലും 'ചരിത്രത്തില്‍ നിന്ന് ചരിത്രത്തിലേക്ക് പുറപ്പെട്ടു പോയ ' ഈ മരം
പഴയ കാല പ്രവാസികളുടെ ഗൃഹാതുര സ്മരണകളില്‍ ഇന്നും പൂത്തു തന്നെ നില്‍പ്പുണ്ട് !!!

തൊട്ടാവാടി


രീരം നിറയെ 
മുള്ളുകളുണ്ടായിട്ടും
നീയെന്തേയിങ്ങനെ
വെറുമൊരു
തൊട്ടാവാടിയായി ?

നിലം പതി



മുങ്ങി നിവര്‍ന്നിട്ടുണ്ട്
കുളിര്‍ കയങ്ങളിലൂളിയിട്ട്
ശ്വാസം വിടാതെ കിടന്നിട്ടുണ്ട്
അടിപ്പരപ്പില്‍ ബലം പിടിച്ച്

എടുത്തു ചാടിയിട്ടുണ്ട്‌
വലിയ ഓളപ്പരപ്പുകള്‍ സൃഷ്ടിച്ച്

കഴുത്തോളം വെള്ളത്തില്‍
കാഴ്ചകള്‍ കണ്ടു നിന്നിട്ടുണ്ട്

മേല്‍പാലത്തിലൂടെ
മയില്‍വാഹനവും
പി കെ ആറും ,
കാര്യവട്ടവും ,
നിഹ്മത്തും
പാഞ്ഞു പോകുന്നത്
കണ്ടു നിന്നിട്ടുണ്ട്

മഴക്കാലങ്ങളില്‍
ആര്‍ത്തലച്ചു വരുന്ന
വാഴയും തേങ്ങയും
മരങ്ങളും ആട്ടിന്‍ കുട്ടിയും
കണ്ണില്‍ നിന്ന് മറയും വരെ
നോക്കി നിന്നിട്ടുണ്ട്..

നിലം പതിപ്പുഴ
കുട്ടിക്കാലമാണ്
കൌമാരത്തിന്റെ
കുതൂഹലമാണ്
യൌവ്വനം തണുപ്പിച്ച
പ്രണയിനിയാണ്

ജീവിതത്തോടൊപ്പം
എങ്ങോട്ടോ
എന്ന് ഒരു നിശ്ചയവും ഇല്ലാതെ
ഒഴുകിപ്പോയ
കിനാവാണ്

ഏറെ നിറഞ്ഞാല്‍
ഭീതിയും
വല്ലാതെ മെലിഞ്ഞാല്‍
ആധിയും
തരുന്ന
ഈ ഞാന്‍ തന്നെയാണ് !!!

അവള്‍ മണ്ണറയില്‍ ആയാളോ മണിയറയിലും


നാട്ടിലേക്ക് വിളിച്ചു ചിന്താമഗ്നയായി ഇരിക്കുന്ന 
അവളുടെ അടുത്തു ചെന്ന് തോളില്‍ തട്ടി ഞാന്‍ ചോദിച്ചു :

എന്ത് പറ്റി ?

ചിന്താവിഷ്ടയായ ശ്യാമളയായി
ഇങ്ങനെ ഇരിക്കുന്നു ?

മറുപടി ഒന്നും പറയാതെ അവള്‍ കുറെ നേരം എന്നെ
ദയനീയമായി നോക്കി .

എന്താ നാട്ടില്‍ നിന്ന് വല്ല സങ്കട വാര്‍ത്തയും കേട്ടുവോ ?

ഉമ്മയാണ് വിളിച്ചത് ..
ആ മാളുമ്മ താത്താന്റെ കാര്യം പറയുകയായിരുന്നു ഉമ്മ .

എന്തായാലും ഈ ആണുങ്ങളുടെ ഒരു കാര്യം !

അതിനു അവര് ഈ അടുത്തല്ലേ മരിച്ചത് ?
നീ പറഞ്ഞിരുന്നല്ലോ വിവരം .
പിന്നെ എന്താ ഇപ്പൊ ഒരു മാളുമ്മ തത്തയും ഈ ആണുങ്ങളും ..?
മരിച്ചു പോയ ആ സാധു സ്ത്രീയും ആണുങ്ങളും തമ്മില്‍ എന്താ ബന്ധം ? എവിടെയോ ഒരു ചേരായ്ക ഉണ്ടല്ലോ ..

അവള്‍ പറഞ്ഞു :
മൂപ്പര്‍ വേറെ ഒരുത്തിയെ കെട്ടി പോലും . ഇന്നലെ ആയിരുന്നുവത്രേ കല്യാണം !

അതിലെന്താണ് പെമ്പ്രന്നോളെ ഇത്ര പുതുമ ?
ആദ്യ ഭാര്യ മരിച്ചാല്‍ പലരും അങ്ങനെ ചെയ്യാറുണ്ടല്ലോ ..
ആദ്യ ഭാര്യ ഇരിക്കെ തന്നെ രണ്ടാമതു കെട്ടുന്നു . പിന്നെയല്ലേ ഇത് ?

അതെന്നെ ഞാന്‍ പറഞ്ഞത് . ഈ ആണുങ്ങളുടെ ഒരു കാര്യം എന്ന് .. വര്‍ഷങ്ങളോളം സന്തോഷത്തിലും സങ്കടത്തിലും കൂടെ നിന്ന ഒരു പെണ്ണ് മരിച്ചു ഖബറിലെ മണ്ണ് ഉണങ്ങീട്ടില്ല അപ്പോഴേക്കും മൂപ്പര് വേറെ ഒന്നിനെ കെട്ടിയത്രേ !!!

അവള്‍ മണ്ണറയില്‍ ആയാളോ മണിയറയിലും !!!!

ഈ സ്ഥാനത്ത് അയാള്‍ പോയി അവരാണ് ഇരിക്കുന്നത് എങ്കില്‍ ഒന്ന് ആലോചിച്ചു നോക്കിന്‍ ..

പുരുഷന് ആദ്യ ഭാര്യ മരിച്ചാല്‍
പുതിയ ഒരു ജീവിതം തുടങ്ങുകയാണ് ..
സ്ത്രീക്കോ ഭര്‍ത്താവ് മരിച്ചാല്‍ അവളുടെ ജീവിതം ഇരുളടയുകയാണ് !!!

42599

മിസ്കീന്‍




ജി
ദ്ദയിലെ ഷവര്‍മ്മ സൂഖിലൂടെ
പോകുമ്പോള്‍ കണ്ട ഒരു രംഗം ആണിത് .
ഇത്തരം രംഗങ്ങള്‍ ഇവിടെ സാധാരണമാണ് .

ഞാന്‍ ഓഫീസില്‍ നിന്ന് വരുമ്പോള്‍ സ്ഥിരമായി കാണുന്ന മറ്റൊരു കാഴ്ചയുണ്ട് .
വൈകുന്നേരം കൃത്യം ഒരു അഞ്ചു മണിയാവുമ്പോഴേക്കും
വലിയ ഇരുമ്പു ഗേറ്റുകളും ചുറ്റുമതിലുകളും ഉള്ള ഒരു വീടിന്റെ ഗേറ്റ് കടന്നു 
ഒരു മനുഷ്യന്‍ പുറത്തു വരും . ആ വീട്ടിലെ ജോലിക്കാരന്‍ ആണ് അയാള്‍ എന്ന് തോന്നുന്നു .
ഒരു അന്യ നാട്ടുകാരന്‍ .
അദ്ദേഹത്തിന്‍റെ കയ്യില്‍ ഒരു വലിയ പ്ലേറ്റ്‌ നിറയെ ചിക്കന്‍ പാര്‍ട്സ് ഉണ്ടാകും . 
ഇദ്ദേഹം പുറത്തു വരുന്നതും കാത്ത് ഒരു വലിയ മാര്‍ജാര സംഘം അവിടയും 
ഇവിടെയും ഒക്കെയായി ഇരിക്കുന്നുണ്ടാവും .
ചുരുങ്ങിയത് ഒരു പത്തിരുപത്തഞ്ചു പൂച്ചകള്‍ കാണും .

ഇദ്ദേഹത്തെ കാണുന്നതോടെ എല്ലാവരും അവരവരുടെ ഇരിപ്പിടത്തില്‍ നിന്ന് എഴുന്നേല്‍ക്കും .
പക്ഷെ ആരും അദ്ദേഹത്തിന്‍റെ അടുത്തേക്ക് ഓടിച്ചെല്ലില്ല .
ആര്‍ത്തി കാണിക്കില്ല .
ക്ഷമയോടെ അവനവന്റെ ഊഴവും കാത്തിരിക്കും .
ഓരോ പൂച്ചയുടെയും മുമ്പിലെത്തി ആ മനുഷ്യന്‍ വിഹിതം ഇട്ടു കൊടുക്കും ..
പലപ്പോഴും ഞാന്‍ ആലോചിച്ചിട്ടുണ്ട് .
മനുഷ്യന് പോലും ഇത്തരം ഘട്ടങ്ങളില്‍ ക്ഷമ കാണിക്കില്ല .
പിന്നെ എങ്ങനെ പൂച്ചകള്‍ ഇത്ര ക്ഷമാ ശീലരായി ?

ഒരു പൂച്ചക്ക് ഭക്ഷണം കൊടുക്കുന്നതില്‍ അത്ര പുതുമയൊന്നും ഇല്ല . 
പക്ഷെ ഈ മനുഷ്യന്‍ ഇവിടുത്തെ ഖുമാമ - വേസ്റ്റ് ബോക്സ് - ആശ്രയിച്ചു ജീവിക്കുന്ന 
ഒരു പാവം മിസ്കീന്‍ ആണ് എന്ന് അറിഞ്ഞപ്പോള്‍ ആ മനുഷ്യനോടു വല്ലാത്ത ആദരവ് തോന്നി

സ്വന്തം വയര്‍ നിറക്കാന്‍ ഓടി നടക്കുന്നതിനിടയില്‍
സഹജീവികളെ കുറിച്ച് ചിന്തിക്കുക പോലും ചെയ്യാത്ത മനുഷ്യര്‍ക്കിടയില്‍ ഇങ്ങനെയും ചിലരുണ്ട് !!!

കുളിര്‍ ബിന്ദുക്കള്‍



ഴ എനിക്ക് ആധിയായിരുന്നു
കൂടെ കാറ്റുമുണ്ടെങ്കില്‍ പിന്നെ പറയുകയും വേണ്ട .
മിന്നല്‍ പേടിച്ചു അകത്തെ അറയില്‍ കണ്ണുമടച്ചു കൂനിക്കൂടി
ഇരിക്കും .
ഉമ്മ പറയും : 'ലാ ഹൌല വലാ ഖുവ്വത്ത ചൊല്ലിക്കോ .. '
ഞാന്‍ ഉറക്കെ ചൊല്ലിക്കൊണ്ടേയിരിക്കും .

കൂമ്പന്‍ മലയിറങ്ങി കുന്നത്തങ്ങാടി വഴി
വെളിപ്പാടവും കടന്നു സ്കൂള്‍ പറമ്പിലൂടെ
ആരോടൊക്കെയോയുള്ള വാശി തീര്‍ക്കാനെന്നവണ്ണം
തെമ്മാടിക്കാറ്റ് മദമിളകി വരും .
അപ്പോള്‍ പേടിച്ചു വിറച്ചു എന്റെ മുറ്റത്തെ
വയസ്സന്‍ 'അണ്ണക്കര ' മരം പിടിച്ചു നില്‍ക്കാനാവാതെ
ആടിയാടി ഉലയും .

അന്നേരം ഉമ്മ പ്രാര്‍ഥിക്കുന്നുണ്ടാവും.
'പടച്ചോനെ .. ന്നേം ന്റെ കുട്ട്യാ ളേം നീ കാത്തു രക്ഷിക്കണേ
ആകെയുള്ള ഈ ഇരിക്കക്കൂര നീ കാക്കണേ ...
ബദ്രീങ്ങളെ പോരിശ കൊണ്ട്
ശുഹദാക്കളുടെ ശുജാഅത്ത് കൊണ്ട്
മുത്തു റസൂലിന്റെ 'ഹഖ് ജാഹ് ബര്‍ക്കത്ത്' കൊണ്ട്
ഇന്നീം ഇന്റെ കുട്ട്യാളീം ഞങ്ങളെ ഈ പൊരീം
നീ കാക്കണേ അല്ലാഹ് ....

ഞാന്‍ ഉറക്കെയുറക്കെ ആമീന്‍ പറയും !

വൈക്കോല്‍പ്പുരയില്‍ നിലാവുള്ള രാത്രിയില്‍
ഒറ്റ നാണയത്തിന്റെ വട്ടത്തില്‍
ആകാശം കണ്ട് ഉറക്കം വരുന്നതും കാത്തു കിടക്കുമ്പോള്‍
ഉള്ളില്‍ ഇങ്ങനെ ദുആ ഇരക്കും
മഴ പെയ്യല്ലേ !
കാറ്റ് അടിക്കല്ലേ
അണ്ണക്കര മരം വീഴല്ലേ ...

നിലാവ് കാണുന്ന വിടവിലൂടെ ഒളിച്ചു കടന്നു അകത്തേക്ക് തല നീട്ടുന്ന
മഴ നൂലുകള്‍ എന്റെ കൈതോലപ്പായ
നനയ്ക്കും പിന്നിക്കീറിയ പറ്റെ നരച്ച എന്റെ പുതപ്പ് ഈറനണിയിക്കും

ചോരാത്ത ഇത്തിരിയിടത്തു ചടഞ്ഞു കൂടിയിരുന്നു
അറിയാവുന്നതൊക്കെ ചൊല്ലിപ്പറഞ്ഞു
നേരം വെളുപ്പിക്കും

ഉമ്മയപ്പോള്‍ കവുങ്ങിന്‍ പാളയുടെ കുഞ്ഞു ചീളുകള്‍ കൊണ്ട്
അകത്തു തളം കെട്ടിക്കിടക്കുന്ന മഴക്കുഴികളില്‍ നിന്ന്
വെള്ളം തേവിത്തേവി കിതക്കുന്നുണ്ടാവും ...
ആ ആഴമുള്ള കണ്ണുകളില്‍ നിന്ന്
കൊച്ചു കൊച്ചു അരിച്ചാലുകള്‍ ...
ഉറവ പൊട്ടി ഒഴുകിയിറങ്ങുന്നുണ്ടാവും !

ഞാന്‍ ആ കണ്ണുകളിലേക്കു നോക്കുമ്പോള്‍
തട്ടം കൊണ്ട് ഉമ്മ കണ്ണ് തുടയ്ക്കും .
കെട്ടി മേയാന്‍ കഴിയാത്ത വീടിന്റെ മോന്തായത്തിലേക്ക്
കൈകള്‍ ഉയര്‍ത്തി നെടുവീര്‍പ്പിടും ... !!!

ഇന്നും മഴ എനിക്ക് ആധിയാണ്
ഓര്‍മ്മകളില്‍ നിര്‍ത്താതെ പെയ്യുന്ന
നെടുവീര്‍പ്പാണ്
ഉമ്മയുടെ
ഭംഗിയുള്ള കവിളിലൂടെ
ഒലിച്ചിറങ്ങുന്ന
അരിച്ചാലാണ് !!!

ചോര്‍ന്നോലിക്കുന്നവര്‍ക്ക് മഴ
ഒരു പേക്കിനാവ്
വിള കരിഞ്ഞവര്‍ക്ക് സംഗീതം
സമൃദ്ധിയുടെ മെത്തകളില്‍ കിലുകിലെ ചിരിക്കുന്ന
വളകിലുക്കം .

ചിലര്‍ക്ക്
മഴ നിലക്കാത്ത നിലവിളി
നിലത്തിറങ്ങി പൊട്ടുന്ന ഇടിമിന്നല്‍
നിമിഷം നേരം കൊണ്ട് എല്ലാം ഒലിച്ചു പോകുന്ന
ഉരുള്‍ പൊട്ടല്‍ !!

ചിലര്‍ക്കോ , ഭൂവിലിറങ്ങുന്ന
അനുഗ്രഹത്തിന്റെ
ഹര്‍ഷ വര്‍ഷം !
ഭൂമിപ്പെണ്ണിന്റെ ഗര്‍ഭാശയത്തിലേക്ക് ആകാശമിറ്റിക്കും
ജീവജല കുളിര്‍ ബിന്ദുക്കള്‍ !

പ്രവാസിക്ക്
പറഞ്ഞിട്ടും എഴുതിയിട്ടും വര്‍ണ്ണിച്ചിട്ടും
മതിവരാത്ത ഒടുക്കത്തെ നൊസ്റ്റാള്‍ജിയ!
ഒരു ചിത്രം കാണുമ്പോഴേക്കും
സടകുടഞ്ഞുണരുന്ന
റീ എന്‍ട്രി !!!

പൊതിച്ചോറ്




തീ
കാണുമ്പോഴേക്കും
എല്ലാ ഉശിരും പോകും
പെട്ടെന്ന് വിനയാന്വിതനാവും
വാടിക്കുഴഞ്ഞു
കീഴടങ്ങും .

പ്രഭാതത്തിടുക്കത്തിനിടയില്‍
ഉമ്മ ചൂടോടെ വിളമ്പും
സര്‍വം സഹയായി
അവള്‍ കിടന്നു കൊടുക്കും
നടുവില്‍
ഒരു കുഞ്ഞു കുഴിയുണ്ടാക്കും
തേങ്ങാച്ചമന്തി കൊണ്ട് ആകുഴി മൂടും
മടക്കിച്ചുരുട്ടി
പൊതിഞ്ഞു കെട്ടി
ഒരു പേപ്പറില്‍ പൊതിഞ്ഞ് കയ്യില്‍ തരും
വറ്റ് കളയരുത് കെട്ടോ
എന്ന് ഉമ്മ ഓര്‍മ്മിപ്പിക്കും
കവിളില്‍ ഒരുമ്മയും തരും .

നാലാം പിര്യേഡ്‌ ആവുമ്പോഴേക്കും
വയര്‍ കാളിത്തുടങ്ങും
ശരീരം ക്ലാസിലും
മനസ്സ് ബോര്‍ഡിനു താഴെ വെച്ച പൊതിയിലും
കണ്ണുകള്‍ ടീച്ചറിലും !

സതീഷും ഞാനും
ബാപ്പുട്ടിയും വിജയനും .
ഞങ്ങള്‍ മുഖാമുഖം ഇരിക്കും .
പൊതി അഴിക്കും
അപ്പോള്‍ ഒരു മണം വരും !
വയറു അപ്പോള്‍ തന്നെ പാതി നിറയും !

നല്ല ഉപ്പുമാങ്ങ കൊണ്ട് വരും ; സതീഷ്‌
ഭരണയില്‍ ഉപ്പില്‍ കുളിച്ചു ചുങ്ങി ചുളുങ്ങി യാവും
ഉണ്ണി മാങ്ങകളുടെ കിടപ്പ് !
നാലെണ്ണം ഉണ്ടാകും .
സതീഷിന്റെ അമ്മയ്ക്ക്
എണ്ണം കൃത്യമായി അറിയാം !!!

ഒന്ന് എടുത്തു ഒന്ന് കടിച്ചു
ഒരു വലി വലിച്ചാല്‍
ഒരു 'നവരസം' നാവിലൂടെ കേറി
വിരല്‍ത്തുമ്പിലൂടെ ഒഴുകി
തലച്ചോറില്‍ ചെന്ന് 'വിവരം' പറയും !

ഒന്നിച്ചിരുന്നും പങ്കു വെച്ചും
ഭക്ഷണം ആയിരുന്നില്ല
കഴിച്ചിരുന്നത് .
സ്നേഹം ആയിരുന്നു .
പൊതിച്ചോറിനോ
അമ്മയും അച്ഛനും ഇട്ട പേരിലോ
ഒന്നും ജാതിയില്ല മതമില്ല ഐത്തമില്ല .
എല്ലാവരും കുട്ടികള്‍
എല്ലാവരും ഒരമ്മയുടെ മക്കള്‍
അതിരുകളില്ലാത്ത
വേലികളില്ലാത്ത
പരസ്പരം സംശയമില്ലാത്ത
നിഷ്കളങ്കരായ കുട്ടികള്‍ ..
ആരാണ് ഈ തെളിവെള്ളത്തില്‍
വിഷം കലക്കിയത് ?
ആരാണ് ഇത്ര വലിയ മതിലുകള്‍
നമുക്ക് കുറുകെ കെട്ടിയുയര്‍ത്തിയത് ?
കുറിയും പൊട്ടും തൊപ്പിയും
എന്ന് മുതല്‍ക്കാണ്
കുഞ്ഞു മനസ്സുകളില്‍ പോലും
തൃശൂലമായും
കൊടുവാളായും
ബോംബായും
മാറിയത് ?

പെണ്‍കുട്ടിയും കളിപ്പാവയും


ഈദ് ബഷ്മേല്‍ എന്റെ സഹപ്രവര്‍ത്തകനാണ് . യമനി പൌരന്‍ .
അദ്ദേഹം എന്നും ഓഫീസിലേക്ക് വരുമ്പോള്‍ ഒരു വലിയ ഫ്ലാസ്ക്കുമായി ആണ് വരിക .
കൂടെ ബ്രൌണ്‍ നിറത്തിലുള്ള കുറെ കുഞ്ഞു ഗ്ലാസുകളും ഉണ്ടാകും .

എന്നിട്ട് ഓരോരുത്തരുടെ അടുത്തു വന്നു ആ കുഞ്ഞു ഗ്ലാസ്സിലേക്ക്‌
അദ്ദേഹം ഫ്ലാസ്ക്കില്‍ നിന്ന് മെല്ലെ ഒരു പാനീയം ഒഴിക്കും . 'ഖഹ് വ'യാണത് .
ഒരു പാട് ഔഷധച്ചേരുവകള്‍ ഉള്ള പാനീയം .
കുടിക്കാന്‍ അല്പം ചവര്‍പ്പ് തോന്നുമെങ്കിലും കഴിച്ചു കഴിഞ്ഞാല്‍ നല്ല സുഖമാണ് .
വയറിന് !

അദ്ദേഹം അത് ഒഴിച്ച് തരുമ്പോള്‍ ആ മുഖത്ത് ഒരു പ്രത്യേക പ്രസാദം ഓളമിടുന്നത്
ഞാന്‍ അങ്ങനെ നോക്കി നില്ക്കും .
സത്യത്തില്‍ ഭക്ഷണം കഴിക്കുമ്പോള്‍ നമ്മുടെ വയറേ നിറയൂ .
കഴിപ്പിക്കുമ്പോള്‍ വയര്‍ മാത്രമല്ല മനസ്സും നിറയും ..
അല്ലെങ്കില്‍ ഈ മുഖം ഇത്രയേറെ പ്രകാശിക്കേണ്ട കാര്യമില്ലല്ലോ ...

ഇന്നലെ ഓഫീസില്‍ നിന്ന് വരുമ്പോള്‍ അദ്ദേഹത്തിന്‍റെ കൂടെയാണ് പോന്നത് .
കാര്‍ നിര്‍ത്തിയിട്ടിരിക്കുന്ന സ്ഥലത്തേക്ക് നടന്നു ചെല്ലുമ്പോള്‍ കാറിനു തൊട്ടടുത്തു ഒരു പാവം അമ്മയും മൂന്നു കുഞ്ഞുങ്ങളും .

അമ്മയുടെ 'വണ്ടി'യില്‍ നിറയെ , ഖുമാമയില്‍ നിന്ന് പെറുക്കി കൂട്ടിയ സാധനങ്ങള്‍ .
കുട്ടികള്‍ മൂന്നു പേരും 'ഹോബ് ' കമ്പനിയുടെ കുഞ്ഞു ജ്യൂസ് ബോട്ടിലുകള്‍ ഈമ്പി കുടിക്കുകയാണ് .
അമ്മ കുടിക്കുന്നത് കാണുന്നില്ല .

കുടിച്ചു തീര്‍ന്നിട്ടും അതില്‍ ഒരു തുള്ളി പോലും ബാക്കിയില്ല എന്നറിഞ്ഞിട്ടും കുട്ടികള്‍ വെറുതെ വീണ്ടും ഈമ്പിക്കൊണ്ടിരിക്കുന്നു .

കാറില്‍ കേറും മുമ്പ് സഈദ് തന്റെ കാറിന്റെ ഡിക്ക് തുറന്നു .

അതില്‍ നിന്ന് വലിയ ഒരു പ്ലാസ്റ്റിക് കവര്‍ പുറത്തെടുത്തു .
എന്നിട്ട് ആ അമ്മയ്ക്ക് കൊടുത്തു ..

എന്തൊക്കെയാണ് അതില്‍ എന്ന് എനിക്ക് അറിയില്ല .
പക്ഷെ അതില്‍ നിന്ന് പുറത്തു വീണ ഒരു കളിപ്പാവ ഡിക്കില്‍ കിടക്കുന്നത്
ഞാന്‍ കണ്ടു ! അത് എടുത്തു ഞാന്‍ കൊടുത്തത് കൂട്ടത്തില്‍ പ്രായം കുറഞ്ഞ ആ പെണ്‍കുട്ടിക്ക് ..

അത് കിട്ടിയപ്പോള്‍ ആ കുഞ്ഞു മുഖം പ്രകാശിക്കുന്നത് ഒന്ന് കാണേണ്ടത് തന്നെയായിരുന്നു .

ഒരു പക്ഷെ ആ കുട്ടിക്ക് ജീവിതത്തില്‍ ആദ്യമായി കിട്ടിയ കളിപ്പാട്ടം ആയിരിക്കും അത് !

പോരും നേരം സഈദ് ബഷ്മേലിന്റെ തോപ്പിലേക്ക് അദ്ദേഹത്തിന്‍റെ കൈ നീളുന്നത് കണ്ടു . എണ്ണി നോക്കുക പോലും ചെയ്യാതെ അദ്ദേഹം കയ്യില്‍ കിട്ടിയത് ആ അമ്മയ്ക്ക് കൊടുത്തു . അറിയാതെ എന്റെ കയ്യും കീശയിലേക്ക്‌ !

നമുക്ക് വിലയില്ലാത്തതെന്നു തോന്നുന്ന പലതും മറ്റു ചിലര്‍ക്ക് 
വളരെ വിലപിടിപ്പുള്ളതാണ് .



'ഒടുക്കത്തേറും കയ്യേറും'




റിഞ്ഞിട്ടുണ്ട്
കൈകഴയും വരെ
തുരുതുരെ .

ഒന്നെങ്കിലും വീണെങ്കില്‍
എന്ന് കൊതിച്ചിട്ടുണ്ട് .
'ഒടുക്കത്തേറും കയ്യേറും'
എന്ന് ചൊല്ലിയിട്ട് പോലും
ഒരെണ്ണവും
വീഴാതെ
അവളുടെ മുന്‍പില്‍
തോറ്റു പോയിട്ടുണ്ട് !!!

'ഞാനൊക്കെ
ഒരു ആണ്‍ കുട്ട്യേനൂ ച്ചാ ഓരോ ഏറിനും
ഈരണ്ടെണ്ണം ആയ്ക്കാരം ചാടുക '
എന്ന് പറഞ്ഞു
അവളെന്നെ ചൊടിപ്പിച്ചിട്ടുണ്ട് .

ഒടുവില്‍
ഞാനെറിഞ്ഞ തറി
മരക്കൊമ്പിലെവിടെയോ
തടഞ്ഞു നിന്ന്
ഒരു മരക്കമ്പ് പോലും
എന്നെ പറ്റിച്ചപ്പോള്‍
നിരാശ കൊണ്ട്
കണ്ണ് നിറഞ്ഞിട്ടുണ്ട്‌ .

മാങ്ങാകൊട്ടക്ക് മുമ്പില്‍
ചെന്ന് നിന്ന്,
വല്ലാതെ 'വെള്ളമിറക്കിയപ്പോള്‍'
കോയാക്ക തന്ന
മൂന്നു മാങ്ങകള്‍
എന്റെ
'മനക്കൊമ്പില്‍'
തൂങ്ങിയാടുന്നുണ്ട്
ഇപ്പോഴും .

'ആരാന്റെ മൊതല് ആണോ ?'
എന്ന ഉമ്മയുടെ ചോദ്യത്തിനു
കയ്യിലടിച്ചു സത്യം ചെയ്തപ്പോള്‍
ഉമ്മ അരച്ചു തന്ന 'പുമ്മളക് '
നാവിന്‍ തുമ്പത്തിപ്പോഴും
അലിഞ്ഞു പോവാത്ത
അലിവായി
നനഞു കിടപ്പുണ്ട് ..!

മാര്‍ക്കറ്റില്‍ നിന്ന്
കൊണ്ടു വന്ന പച്ചമാങ്ങ
രസം പിടിച്ചു തിന്നുമ്പോള്‍
അവളുടെ
അടിവയറ്റില്‍
തലോടി
'എന്നാ വരിക ' എന്ന്
പുന്നാരം ചോദിച്ചിട്ടുണ്ട് !

ഞെട്ടില്‍ തൂങ്ങി
ഓര്‍മ്മകളിവ്വിധം
'പച്ചച്ചു' നില്‍ക്കുമ്പോള്‍
ഞാനെന്തിനാണ്
വെറുതെയിങ്ങനെ
എന്തിനെന്നറിയാതെ
ജീവിത വഴിയില്‍
പകച്ചു നില്‍ക്കുന്നത് ?

കല്ലിന് ഉമ്മകൊടുത്തു ഉമ്മകൊടുത്തു .. !




ല്ലാണെന്ന് ധരിക്കരുത്
കായാണെന്ന് കരുതി
പച്ചയ്ക്ക് തിന്നാന്‍ വരരുത്
ഉള്ളറിയും വരെ
ആരെയും വിധി എഴുതരുത് !!!

അടുത്തെത്തുമ്പോള്‍
ഒരു കല്ല്‌
തോട് അടര്‍ത്തി മാറ്റിയാല്‍
ഒരു കായ
കൈക്കുമ്പിളില്‍
സ്നിഗ്ധമാം
ഒരു കവിത !!

കല്ലിന് ഉമ്മകൊടുത്തു
ഉമ്മകൊടുത്തു
നീ ഒരു കല്ലുമ്മക്കായയായല്ലോ
എന്റെ 'ഉമ്മ'പ്പെണ്ണേ ... !!!

കുഞ്ഞാണിപ്പടി !!


ഞാന്‍ നാട്ടില്‍ ചെന്നാല്‍ എങ്ങോട്ട് പോകുമ്പോഴും
ബസ്സിലാണ് പോകുക .
സാദാ ബസ്സില്‍ ..
അത് എന്ത് കൊണ്ടാന്നറിയോ ?
നാട്ടുകാര്‍ക്ക് ഒരു വിചാരം ണ്ട് .
ഞമ്മള്‍ ഗള്‍ഫ്‌ കാര്‍ നാട്ടീ ചെന്നാ ബസ്സിലൊന്നും പോകൂലാ ന്ന് .. !!!

ബസ്സ്‌ കാത്തു നില്‍ക്കല്‍ ന്റെ സ്റ്റോപ്പില്‍ തന്നെ .
അത് കേട്ടപ്പോ അനക്ക് എന്താ ഒരു 'പുഞ്ഞം' ?
എനിക്ക് ബസ്സില്ലെങ്കിലും ബസ്സ്‌ സ്റ്റോപ്പ്‌ണ്ട് പേരെന്താന്നറിയോ ?
കുഞ്ഞാണിപ്പടി !!

അവടെ എല്ലാ ബസ്സും നിര്‍ത്തൂല .. ചെലത്‌ ഒക്കെ നിര്‍ത്തും .
കുറെ കാത്തു നിക്കുമ്പോ ഒന്ന് അങ്ങട്ട് വരും . ഞാന്‍ കജ്ജ് കാട്ടും . 
ചില ഡ്രൈവര്‍മാര്‍ നിര്‍ത്താതെ പോകും .
ഞാന്‍ ഓനെ കൊറേ ചീത്ത വിളിക്കും
പിന്നേം കാത്തിരിക്കും . അങ്ങനെ ഒന്ന് രണ്ടെണ്ണം നിര്‍ത്താതെ പോകും .

ഒടുക്കം ഒന്ന് നിര്‍ത്തും .
ഞമ്മള്‍ അങ്ങട്ട് ചാടിക്കേറും ..

സീറ്റൊക്കെ കിട്ടി ഒന്ന് സുഖായി ഇരുന്നാല്‍ പിന്നെ ഞാന്‍ ഡ്രൈവറെ പിരാകാന്‍ തുടങ്ങും ..
ആരും കേക്കാതെ .
എന്താന്നറിയോ പിരാകുന്നത് ?
''ഈ പോത്ത് കാക്ക എന്തിനാ എല്ലാടത്തും ങ്ങനെ നിര്‍ത്ത് ണത് ..
ങ്ങനെ അവനാം പടിക്കെ ഒക്കെ നിര്‍ത്ത്യാല്‍ നേരം ബെളുക്കും പെരിന്തല്‍മണ്ണ എത്തുമ്പോളത്തെക്കും ...
'' ഓനും ഓന്റെ ഒരു പോത്തും വണ്ടീം .. !!!:)
---------------
കജ്ജ് - കൈ
പിരാകുക - പ്രാകുക
അവനാം പടി - അവനവന്റെ പടി
ബെളുക്കുക - വെളുക്കുക

ഉപ്പയുടെ പെട്ടിയും ഉപ്പയെ കിടത്തിയ പെട്ടിയും


രിക്കല്‍ നിതാഖാത്തിനെക്കുറിച്ച് ഞങ്ങള്‍ കുറച്ചു പേര്‍ സംസാരിച്ചിരിക്കുകയാണ് .

കൂട്ടത്തില്‍ ഒരു സാധു 'ചുവപ്പ് ' ആണ് .
അദ്ദേഹം അത് മറച്ചു വെക്കാതെ തുറന്നു പറഞ്ഞു ..
'എന്താ ചെയ്യുക എന്നറിയില്ല .. കുട്ട്യാളെ രണ്ടാളെ കെട്ടിക്കാനുണ്ട് .. ആകെയുള്ള ഒരു മോന്‍ പ്ലസ്‌ വണ്ണിനു പഠിക്കുകയാ ..
നാട്ടില്‍ പോയിട്ട് ഇനി എന്താചെയ്യാ ഒരു പിടുത്തോം ല്ല ...'

" ഇത് കേട്ട് ഒരു 'പച്ച 'ക്കാക്ക പറയുകയാണ്‌ :
'ന്നാലെന്കിലും ജ്ജ് ഇവിടുന്ന് ഒന്ന് പോകോലോ .."

അത് കേള്ക്കെ ആ സാധുവിന്റെ മുഖം ഒന്ന് കാണേണ്ടതായിരുന്നു .

നേര് പറഞ്ഞാല്‍ ഓരോ പ്രവാസിയുടെയും ആഗ്രഹം നിര്‍ത്തി പോകണം
എന്ന് തന്നെയാണ് .
പക്ഷെ ഓരോപ്രവാസി കുടുംബങ്ങളുടെയും ആഗ്രഹം നിര്‍ത്തി വരരുത് എന്നുമാണ് ..!!

വരവ് നില്ക്കും എന്നത് തന്നെയാണ് പ്രശ്നം .
നാട്ടില്‍ വേര് നഷ്ടപ്പെട്ട പ്രവാസി ഒരു പറിച്ചു നടലിന്റെ വേദനയില്‍ നിന്ന് 
അത്ര പെട്ടോന്നോനും മുക്തമാവുന്നില്ല .
വീണ്ടും ഒരു പറിച്ചു നടല്‍ അവന്റെ നിലവിലെ പരിതസ്ഥിതിക്ക് അനുസരിച്ച് വിജയിക്കാനുള്ള സാധ്യതയൊട്ടില്ല താനും ..

എക്സിറ്റില്‍ പോയ പലരും പുതിയ വിസയില്‍ വീണ്ടും വന്ന കഥകള്‍ പ്രവാസികള്‍ക്ക്
പറയാനുണ്ട് .. പോയവരില്‍ പലരും 'ഇനിയും ഒന്ന് കൂടി പോന്നാലോ' എന്ന് സ്വകാര്യമായി സമ്മതിക്കുന്നവരും ഉണ്ട് . സത്യത്തില്‍ പ്രവാസം അത്യാകര്‍ഷകമായ ഒരു കെണി വല യാണ് .

അതില്‍ കുടുങ്ങിയാല്‍ രക്ഷപ്പെടാന്‍ നല്ല പ്രയാസം തന്നെ ..

എനിക്കറിയാവുന്ന ഒരു സുലൈമാന്‍ കാക്കയുണ്ട് . പ്രവാസത്തിന്റെ ഇരുപത്തഞ്ചാം വാര്‍ഷികവും ജീവിതത്തിന്റെ അമ്പതാം വാര്‍ഷികവും ആഘോഷിച്ച മഹാന്‍ . തമാശക്കാരന്‍ .

അദ്ദേഹം ഇടയ്ക്കിടെ ഇങ്ങനെ പറയും : ഇനി വയ്യ , പ്രഷറും , കൊളസ്ട്രോള്‍ ഉം , ഷുഗറും , മൂത്ര ക്കല്ലും ഒക്കെയായി ഒരപാട് സമ്പാദിച്ചില്ലേ ..
ഇനി നിര്‍ത്തി അങ്ങ് ട്ട് പോകുക തന്നെ .
അവസാന കാലമെങ്കിലും കുട്ട്യാളോടൊപ്പം കഴിയണം ..
എങ്ങനെയെങ്കിലും ഒരു 'എട്ടു പത്തു കൊല്ലം കൂടി കഴിയട്ടെ .' പിന്നെ ഒരു നോട്ടവുമില്ല .. ഒറ്റ പോക്കങ്ങ് ട്ട് പോകും .. !!!

ഉള്ളത് പറഞ്ഞാല്‍ ഒരു സാധാരണ പ്രവാസി തിരിച്ചു പോകണമെങ്കില്‍
(ഇതിനു അപവാദം ഇല്ല എന്നല്ല ) താഴെ പറയുന്ന അഞ്ച് കാര്യങ്ങളില്‍ ഏതെങ്കിലും ഒന്ന് ഉണ്ടാവണം .

1 ) എണീറ്റ്‌ നില്ക്കാ ന്‍ വയ്യാതാവുക
2 ) ഗള്‍ഫില്‍ നിന്ന് എല്ലാ വിദേശികളെയും ആട്ടിത്തൊളിക്കുക
3) നിയമപരമായി ഒരു നിലക്കും ഇവിടെ തുടരാന്‍ കഴിയാതാവുക
4 ) രൂപയും റിയാലും സമാസമം ആവുക
5) മരിക്കുക

ഈ അഞ്ചു കാര്യങ്ങള്‍ സംഭവിച്ചാലും അഞ്ചാമത്തെ കാര്യത്തില്‍ നിന്ന് (വിദേശത്തു വെച്ചുള്ള മരണം ) പടച്ചവന്‍ നമ്മെ കാത്തു രക്ഷിക്കട്ടെ
ഉപ്പയുടെ പെട്ടി കാത്തിരിക്കുന്ന മക്കളിലേക്ക് ഉപ്പയെ കിടത്തിയ പെട്ടി ചെല്ലുന്നതില്‍ നിന്ന് !!!

'ട്യൂബ് ലൈറ്റ്‌ '




റഫിയ്യ അങ്ങാടിയില്‍ കിട്ടാത്തതായി ഒന്നും ഇല്ല .
പച്ചക്കറിക്കടയില്‍ ചെന്നപ്പോള്‍ നമ്മുടെ 'ട്യൂബ് ലൈറ്റ്‌ ' ഉണ്ട് നീണ്ടു നിവര്‍ന്നു കിടക്കുന്നു .
വില ചോദിച്ചു . അഞ്ചു റിയാല്‍ .!
എഴുപത്തഞ്ചോളം രൂപ .. !!!
പച്ചക്കറിക്കടയിലെ 'ട്യൂബ് ലൈറ്റ്‌ 'മനസ്സിലായില്ലേ ?
നമ്മുടെ വാഴപ്പിണ്ടി തന്നെ !
ഞങ്ങളുടെ നാട്ടിലെ 'ഇണ്ണിത്തണ്ട്' !

മുതിരയും വാഴ പിണ്ടിയും ചേര്‍ത്തു ഉപ്പേരി വെച്ച് കഴിച്ചാല്‍ നമ്മുടെ 'വയറീക ' മായ എല്ലാ പ്രശ്നവും 'ഖലാസ്‌' !
വയറു ശുദ്ധീകരിക്കാന്‍ പറ്റിയ നല്ല ഔഷധം .

നാക്കിലയും കിട്ടും ഇവിടെ .
ഒരു കഷണത്തിന് ഒരു റിയാല്‍ !!!!!
നമ്മുടെ നാട്ടില്‍ വെറുതെ കൊത്തിഅരിഞ്ഞു പീസ് പീസാക്കി കളയുന്ന പിണ്ടി , വാഴച്ചുണ്ട് , നാക്കില , മുരിങ്ങ , കറുമൂസ , ചക്ക ഒക്കെ ഇവിടെ എത്തിയാല്‍ വലിയ രാജാക്കന്മാര്‍ ആണ് .. !!!
നാട്ടില്‍ ഒരു വിലയുമില്ല ; മറുനാട്ടില്‍ എന്താ ഇവന്‍മാരുടെയൊക്കെ ഒരു പവര്‍ !
ചില ആളുകളെ പോലെത്തന്നെ !!!!

ഇവിടെ ഒരു പിടി മുരിങ്ങ കിട്ടാനും കൊടുക്കണം രണ്ടു റിയാല്‍ !

വീടിനു സ്ഥലമെടുത്ത ഉടനെ അതിരുകളില്‍ ഒക്കെ മുരിങ്ങക്കമ്പു നടുകയാണ് ചെയ്തത് .
ഇന്ന് അവയൊക്കെ വലുതായി കൊമ്പുകളും ചില്ലകളുമായി പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്നു ..

ഒരു മസാലയും വേണ്ട .
അല്പം മുരിങ്ങയില , കുറച്ചു ചുവന്നുള്ളി , അല്പം വെളിച്ചെണ്ണ , കുറച്ചു കഞ്ഞി വെള്ളം ..
പോഷക സമൃദ്ധമായ ഒരു ഉഗ്രന്‍ മുരിങ്ങാച്ചാറു റെഡി .
നാക്കിനും കൊള്ളാം , വയറിനും കൊള്ളാം , ആരോഗ്യത്തിനും കൊള്ളാം ..
രാവിലെ മുടങ്ങാതെ നടക്കുന്ന 'ശോധനാ ' പരീക്ഷണത്തിനും കൊള്ളാം .. കണ്ണിനും നല്ലത് .
രക്തസമ്മര്‍ദ്ദത്തിനും വിട ..!!!
''മുരിങ്ങാ മരം രണ്ടെണ്ണം വീട്ടില്‍ ലാസിമാ (നിര്‍ബന്ധം )
കൂട്ടാന്റെ മുട്ടറിയെണ്ടതില്ലാ പാത്തുമ്മാ ..''
ഉപ്പ ഇടയ്ക്കിടെ ഈ പാട്ട് പാടുന്നത് കേട്ടിട്ടുണ്ട് !

നമ്മുടെ എല്ലാ കാര്യവും ഇങ്ങനെ തന്നെ ..
ഇഷ്ടം പോലെ കിട്ടാനുണ്ടാവുമ്പോള്‍ ,
കണ്മുമ്പില്‍ എപ്പോഴും കാണുമ്പോള്‍ ഒന്നിനും
ഒരു വിലയും ഉണ്ടാവില്ല ..
അതൊക്കെ കിട്ടാതാവുമ്പോഴാണ് ,
നഷ്ടപ്പെടുമ്പോഴാണ്
അവയുടെയൊക്കെ യഥാര്‍ത്ഥ വില അറിയുക !

ജീവിതത്തില്‍ ഉമ്മ , ഉപ്പ , വല്യുമ്മ , വല്യുപ്പ , ഭാര്യ , മക്കള്‍ ...
ഈ അനുഗ്രഹങ്ങള്‍ ഒക്കെ നമ്മോടൊപ്പം ഉണ്ടാവുമ്പോള്‍ നമുക്ക് അവരുടെയൊന്നും വില അറിയില്ല .
നഷ്ടപ്പെട്ടാലോ ?

പ്രകൃതി തരുന്ന വസ്തുക്കള്‍ നമുക്ക് വില കൊടുത്ത് വാങ്ങാനെങ്കിലും പറ്റും ..
പക്ഷെ പടച്ചവന്‍ നല്‍കിയ ചില 'അനുഗ്രഹങ്ങള്‍ ' നഷ്ടപ്പെട്ടാല്‍ അത് റിയാല് കൊണ്ടോ ദിര്‍ഹം കൊണ്ടോ ഡോളര്‍ കൊടുത്തോ ഒന്നും പിന്നീട് സ്വന്തമാക്കാന്‍ കഴിയില്ല .
നഷ്ടപ്പെട്ട ഉമ്മയെയും ഉപ്പയെയും തരാന്‍ ഈ ലോകത്ത്
ഒരു കറന്‍സിക്കും കഴിയില്ലല്ലോ ...!!!

പുഴ ഒഴുകുകയാണ് .



നുഷ്യര്‍ പൊതുവേ മൂന്നു തരക്കാരാണ് .

കിണര്‍ പോലെ
കുളം പോലെ
പുഴ പോലെ ...!!

കിണര്‍ നിറയുന്നതും കോരുന്നതും ഏതാനും പേര്‍ക്ക് വേണ്ടി മാത്രമാണ് .
ഒരു പക്ഷെ അടുത്ത വീട്ടുകാരനോട് പോലും കിണര്‍ ഒന്നും 'സംവദിക്കുന്നില്ല '

കുളം കുറച്ചു കൂടി വിശാലമാണ് .
പലര്‍ക്കും വരാം , കുളിക്കാം , നനക്കാം , എടുത്തു ചാടാം ,
മുങ്ങാം കുഴിയിടാം .. അഴുക്കും അഴലും ഒഴുക്കാം . നീന്തിത്തുടിക്കാം ...
ചിലരില്‍ മാത്രം ഒതുങ്ങാതെ നിറഞ്ഞ സംതൃപ്തിയോടെയാണ്
കുളത്തിന്റെ കിടപ്പ് ..!

പുഴ ഒഴുകുകയാണ് . അതിരുകളില്ലാതെ , കൈവഴികളായി, തെളിനീരോഴുക്കി ,
ഒഴുകുന്നയിടങ്ങളിലൊക്കെ നനവ്‌ പകര്‍ന്ന് , കുളിപ്പിച്ച് , കുടിപ്പിച്ച് , കുളിര്‍പ്പിച്ച് , 
മുകുളങ്ങള്‍ക്ക് കരുത്ത് പാകി , ഹരിതാഭയണിയിച്ചു ,
ചുറ്റിലും സമൃദ്ധി ചൊരി ഞ്ഞ് , സംഗീതം പോലെ ഒഴുകി ... അങ്ങനെയങ്ങനെ ..

അത് കൊണ്ട് തന്നെയായാണല്ലോ
പുഴ വറ്റുമ്പോമ്പോള്‍ ,
കൂടുതല്‍ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നത് !!

യാത്രാമൊഴി

പെട്ടെന്നാണ് അത് സംഭവിച്ചത് .
ഒരു വളവു തിരിയുമ്പോള്‍ എതിരെ വന്ന ഒരു ബസ്സ്‌ അയാളെ തട്ടിത്തെറിപ്പിച്ചു.
ബൈക്കില്‍ നിന്ന് ഒരു വാര അകലേക്ക്‌ അയാള്‍ തെറിച്ചു വീണു .
ആശുപത്രിയിലെത്തുമ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു .
‘മൂന്നു വര്‍ഷത്തിനു ശേഷം ഇന്നലെ എത്തിയതേയുള്ളൂ .

''വീട് പണി കഴിഞ്ഞു കുടിയിരിക്കലിനു വരാമെന്ന് വെച്ച് ലീവ്
നീട്ടിയതാണ് . മറ്റന്നാള്‍ ആണ് കുടിയിരിക്കല്‍ .
പാല് കാച്ചല്‍ ചടങ്ങിനു ക്ഷണിക്കാന്‍ പോവുകയായിരുന്നു .
ഒരു ദിവസമെങ്കിലും ആ വീട്ടിലൊന്നു കഴിയാനുള്ള ഭാഗ്യമില്ലാതെ അവന്‍ പോയി .. ''
ബന്ധുക്കളിലാരോ ഏങ്ങലടിച്ചു സങ്കടപ്പെടുന്നുണ്ട് .

വിവരമറിഞ്ഞ് ഭാര്യയും മക്കളും മാറത്തടിച്ചു നിലവിളിക്കുന്നു . ആശ്വസിപ്പിക്കാന്‍ വാക്കുകളില്ലാതെ അയല്‍ക്കാരും നാട്ടുകാരും വിഷമിച്ചു .
രണ്ടു വയസ്സ് പോലുമാവാത്ത ഏറ്റവും ചെറിയ കുട്ടി സംഭവിച്ചതൊന്നുമറിയാതെ ആരുടെയോ ഒക്കത്തിരുന്നു കാണുന്നവരോടൊക്കെ ചിരിക്കുന്നു .
ഇടയ്ക്ക് ഉമ്മയെ കാണണം എന്ന് പറഞ്ഞു വാശി പിടിക്കുന്നു

പോസ്റ്റ്‌ മോര്‍ട്ടം കഴിഞ്ഞു ബോഡി എത്തുമ്പോഴേക്കും കുളിപ്പിക്കാനും പൊതു ദര്‍ശനത്തിനും മറ്റുമുള്ള സജ്ജീകരണങ്ങള്‍ ഒരുക്കണം .
കൂടുതല്‍ വെച്ചക്കാന്‍ പറ്റില്ല .
പലരും പറഞ്ഞു .

അവരിപ്പോള്‍ താമസിക്കുന്ന തറവാട് വീട്ടില്‍ സൗകര്യം കുറവാണ് . ആളുകള്‍ക്ക് വരാനും പോകാനും പ്രയാസം .

അപ്പോഴാണ്‌ ഒരാള്‍ ആ അഭിപ്രായം പറഞ്ഞത് .
പുതിയ വീട്ടില്‍ നിന്നായിക്കോട്ടേ അവനെ ഇറക്കുന്നത്‌ .
കുറച്ചു സമയമെങ്കിലും കഷ്ടപ്പെട്ട് അധ്വാനിച്ചു ഉണ്ടാക്കിയ വീട്ടില്‍ അവനെ കിടത്താം . അങ്ങനെയെങ്കിലും ആ ആത്മാവിനു അല്പം ആശ്വാസം കിട്ടിയെങ്കിലോ ?

കേട്ടവര്‍ക്കൊക്കെ അത് നല്ല അഭിപ്രായമായാണ് തോന്നിയത് . മരണപ്പെട്ടയാളുടെ ജ്യേഷ്ടനും അനിയനും എതിരൊന്നും പറഞ്ഞില്ല .
എങ്കില്‍ അങ്ങനെ ചെയ്യാം .

അന്നേരത്താണ് നാട്ടിലെ പ്രധാനപ്പെട്ട ഒരു കാരണവര്‍ മരണ വീട്ടിലേക്കു വന്നത് . ആരോ അദ്ദേഹത്തോടും ആ അഭിപ്രായം പറഞ്ഞു .
അപ്പോള്‍ കാരണവര്‍ ചോദിച്ചു :
‘ഓന്റെ പെണ്ണുങ്ങളോടും മക്കളോടും ചോദിച്ചോ..’ ?
ഇല്ല – ആരോ പറഞ്ഞു
‘എങ്കില്‍ ചോദിക്കണം ‘

പൊടുന്നനെ മരണ വീട്ടില്‍ രണ്ടഭിപ്രായം പുകഞ്ഞു നീറി .
‘അതെന്താണിത്ര ചോദിക്കാന്‍ “
'ബോധമില്ലാതെ കിടക്കുന്ന ഒളോടാണോ പ്പൊ
അഭിപ്രായം ചോദിക്കേണ്ടത്‌ ?
അതോ പ്രായപൂര്‍ത്തി യാകാത്ത മക്കളോടോ ?

‘അല്ല , അത് ചോദിക്കുന്നതാണ് അതിന്റെ ഒരു ശരി .
ഒടുവില്‍ ബന്ധുക്കളില്‍ ആരോ പറഞ്ഞു :
‘ആയ്ക്കോട്ടെ ഞ്ഞി അതിന്റെ കൊറവ് മാണ്ട ‘


അങ്ങനെയാണ് അവളെയും മക്കളെയും വിളിച്ചു , ആ കുടുംബത്തോട് ഏറ്റവും അടുത്ത ഒരു സ്ത്രീ അഭിപ്രായം ആരായുന്നത് .

ഭര്‍ത്താവിന്റെ വിയോഗത്തിലുണ്ടായ ഷോക്കില്‍ നിന്ന് അവള്‍ എപ്പോഴോ ഒരു നിമിഷം ഒന്ന് മുക്തയായപ്പോള്‍ അനുനയത്തില്‍ ആ സ്ത്രീ അവളോട്‌ കാര്യം പറഞ്ഞു .

അത് കേള്‍ക്കെ അവളൊന്നു എണീറ്റിരുന്നു .
എന്നിട്ട് തന്റെ വലിയ മോനെ തന്നിലേക്ക് ചേര്‍ത്തി നിര്‍ത്തി അവള്‍ പറഞ്ഞു :
‘മക്കളെ ങ്ങളെ പ്പ പോയി . ഇനി ആ പെരീല് ങ്ങളാണ് പാര്‍ക്കേണ്ടത് .
പാര്‍പ്പു തൊടങ്ങും മുന്പ് അതൊരു മരിച്ച വീടാക്കണ്ട ‘

പുതിയ വീടിനു മുമ്പിലൂടെ അദ്ദേഹത്തെയും വഹിച്ചു മയ്യത്ത് കട്ടില്‍ നീങ്ങുമ്പോള്‍ നിസംഗതയുടെ വല്ലാത്തൊരു ഭാവവും പേറി
ആ പുത്തന്‍ വീട് അയാള്‍ക്ക്‌ യാത്രാമൊഴിയോതുന്നുണ്ടായിരുന്നു !!!

കടപ്പാട് : ഈ ‘കഥ (? ) പറഞ്ഞു തന്ന സുഹൃത്തിന് !!

എഴുത്തുകാരന്‍ ആവാന്‍ എന്ത് വേണം ?


ന്നായി എഴുതാന്‍ പഠിക്കും മുമ്പ് നന്നായി വായിക്കാനാണ് പഠിക്കേണ്ടത് പ്രതിഭയുള്ളവര്‍ അവനവനെത്തന്നെ നവീകരിക്കാന്‍ ശ്രമിക്കണം . അനുകരണം പോലെത്തന്നെ ആത്മാനുകരണവും വര്‍ജ്ജിക്കണം
പുതിയ വഴികള്‍ തേടുകയും പുതിയ ശബ്ദം കേള്‍പ്പിക്കാന്‍ ശ്രമിക്കുകയും ചെയ്യുമ്പോള്‍ മാത്രമേ എഴുത്തുകാരന്‍ ശ്രദ്ധേയനാവൂ .

നമുക്ക് അനുഭവപ്പെടുന്നത് മാത്രമല്ല അനുഭവം .
കാണുന്നതും അറിയുന്നതും വായിക്കുന്നതും പഠിക്കുന്നതും ഒക്കെ അനുഭവങ്ങളാണ് .

ഏറ്റവും സമര്‍ത്ഥമായി നുണ പറഞ്ഞു യാഥാര്‍ത്ഥ്യം ആണെന്ന് തെറ്റിദ്ധരിപ്പിക്കുകയാണ് പ്രതിഭാധനനായ ഒരു കഥാകാരന്റെ ജോലി

എഴുത്ത് എളുപ്പ വഴിയില്‍ ക്രിയ ചെയ്യേണ്ട ഒന്നല്ല .
സര്‍ഗാത്മകത യാണ് അതിന്റെ അടിത്തറ .
അതില്ലാത്തവന്‍ ആ പണിക്കു പോകാതിരിക്കുകയാണ് നല്ലത്

ക്ഷമയും അര്‍പ്പണബോധവും നിത്യാഭ്യാസവും തന്നെയാണ് കഥാകാരന്‍ ആവാന്‍ വേണ്ട പ്രാഥമിക ഗുണങ്ങള്‍

ആദ്യത്തെ പാരഗ്രാഫും അവസാനത്തെ പാരഗ്രാഫും ഒരു കഥയുടെ പ്രധാനപ്പെട്ട അവയവങ്ങളാണ് .

ആദ്യത്തേത് തുടര്‍ന്നു വായിപ്പിക്കാനും അവസാനത്തെതു കഥ ഒരു അനുഭവമായി വായിച്ചു കഴിഞ്ഞിട്ടും വായനക്കാരന്റെ കൂടെ പോകാനും

പുതിയത് വല്ലതും പറയാനുണ്ടെങ്കില്‍ മാത്രം പറയാന്‍ ശ്രമിക്കുക
ഇനി അങ്ങനെ ഇല്ലെങ്കില്‍ പറയുന്നതില്‍ എന്തെങ്കിലും പുതുമ സൃഷ്ടിക്കാന്‍ ശ്രമിക്കുക .

നമ്മുടെ തട്ടകം ഏതെന്നു തിരിച്ചറിയുക . ആ വഴിയിലൂടെ പോയവരുടെ രചനകള്‍ വായിക്കുക , പഠിച്ചു വായിക്കുക .

സാഹിത്യ ശാഖയിലെ താരതമ്യേന പ്രയാസം കുറഞ്ഞ എഴുത്ത് ലേഖനമെഴുത്താണ് . അതിനു വിശദാംശങ്ങള്‍ ആണ് വേണ്ടത് . അത് എവിടെ നിന്നും സ്വീകരിക്കാം എന്ന സൗകര്യം ഉണ്ട് . എഴുതുന്നവര്‍ ഏറെയും ലേഖനം എഴുതുന്നത്‌ ഈ സൗകര്യം കൊണ്ടാണ് !

കഥക്കും കവിതക്കും നോവലിനും വിശദാംശങ്ങളല്ല ഭാവനയാണ് വേണ്ടത് . സര്‍ഗാത്മകത ഏറെ വേണ്ടത് ഈ രംഗത്താണ് .
ശൂന്യതയില്‍ നിന്നാണ് ഇവ സൃഷ്ടിക്കേണ്ടത്‌ . അനുകരണം പോയിട്ട് സാമ്യം പോലും ഇവിടെ കുറ്റമാണ് .

അനുഭവം അപ്പടി എഴുതിയാല്‍ അത് കഥയാവില്ല . അത് റിപ്പോര്‍ട്ടിംഗ് ആയോ കുറിപ്പ് ആയോ ആണ് പരിഗണിക്കപ്പെടുക .

എന്റെ സെന്റീ നീയില്ലായിരുന്നെങ്കില്‍

ത്യത്തില്‍ ഈ പ്രവാസം കൊണ്ട് നമ്മുടെ നാട് എത്രമാത്രം ക്ഷേമമുള്ള നാടായി മാറി .

പട്ടിണി കിടന്നു നരകിച്ചിരുന്ന ഒരു സമൂഹത്തിന്റെ വിശപ്പ്‌ മാറിയത് പ്രവാസം കൊണ്ടാണ് .
നിരവധി മത സാമൂഹ്യ സാംസ്ക്കാരിക വിദ്യാഭ്യാസ വിപ്ലവത്തിന് നാന്ദി കുറിച്ചതിന് പിന്നില്‍ പ്രവാസിയുടെ വിയര്‍പ്പിന്റെ മണമുണ്ട് . അധ്വാനത്തിന്റെ കിതപ്പുണ്ട് .

ഇന്ന് തലയുയര്‍ത്തി നില്‍ക്കുന്ന അനവധി കോംപ്ല ക്സുകള്‍ , നിരവധി സ്ഥാപനങ്ങള്‍ , സുഭിക്ഷമായ ജീവിത സാഹചര്യങ്ങള്‍ ഒക്കെ വന്നതും ഇപ്പോഴും നിലനില്ക്കുന്നതും ഈ എണ്ണപ്പണം കൊണ്ട് തന്നെ ..

ഓരോരുത്തരുടെ ജീവിതത്തിലും ഉണ്ടായിരിക്കും ഈ സമ്പന്നതയുടെ അടയാളങ്ങള്‍ . നമ്മുടെ രീതികളില്‍ , ജീവിത സമീപനങ്ങളില്‍ , കുടുംബാന്തരീക്ഷത്തില്‍ ഒക്കെയും നാം പ്രവാസിയായ ശേഷം വന്ന മാറ്റങ്ങളെ ക്കുറിച്ച് നാം എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ ?
എന്നിട്ടും നമുക്ക് പറയാന്‍ പായ്യാരങ്ങള്‍ മാത്രം ..

കുട്ടികളെ കാണാന്‍ പറ്റുന്നില്ല .
ഭാര്യയെ കൊതി തീരെ കണ്ടില്ല ,
മക്കളെ സ്കൂളില്‍ കൊണ്ട് പോയി ആക്കാന്‍ പറ്റിയില്ല ,
മഴ നനയാന്‍ കഴിയുന്നില്ല ,
കൈലി മുണ്ട് ഉടുക്കാന്‍ പറ്റുന്നില്ല ,
മടിക്കുത്തി നടക്കാന്‍ പറ്റുന്നില്ല ,
എന്നൊക്കെ സങ്കടം പറഞ്ഞു നാം കരയുന്നു .. മറ്റുള്ളവരെ കരയിപ്പിക്കുന്നു ..

പെണ്ണുങ്ങളെയും കുട്ട്യാളെയും കെട്ടിപ്പിടിച്ചു ഇരുന്നിരുന്നു വെങ്കില്‍ നമുക്ക് ഇത്ര സുഭിക്ഷമായി കഴിയാന്‍ കഴിയുമായിരുന്നോ ?

നമ്മുടെ പെങ്ങന്മാരും പെണ്മക്കളും ഈ പ്രവാസം ഇല്ലായിരുന്നെങ്കില്‍ ഇത്ര സുഖമായി മറ്റു വീടുകളില്‍ കഴിയുമായിരുന്നോ ? നമ്മുടെ കുട്ടികള്‍ക്ക് ഗള്‍ഫ് ഇല്ലായിരുന്നെങ്കില്‍ ഇത്രയേറെ വിദ്യാഭ്യാസം കിട്ടുമായിരുന്നോ ? നമ്മുടെ നാട് ഇത്രയേറെ പുരോഗതി പ്രാപിക്കുമായിരുന്നോ ?

ചിലതൊക്കെ നഷ്ടപ്പെട്ടാലെ ചിലതൊക്കെ കിട്ടൂ ..
നഷ്ടങ്ങളെ ഓര്‍ത്തു സങ്കടപ്പെട്ടും സങ്കടപ്പെടുത്തിയും കഴിയുന്ന നാം കിട്ടിയ നേട്ടങ്ങളെ കുറിച്ച് മൌനിയാവുന്നു ..

കവിതയിലും കഥയിലും കുറിപ്പിലും എന്തിനു പരസ്പരമുള്ള സംസാരങ്ങളില്‍ പോലും ഒക്കെ നഷ്ടത്തിന്റെ കണക്കുകള്‍ മാത്രം പറഞ്ഞു നടക്കുന്നു

എന്നിട്ടോ വീട്ടില്‍ മുടിച്ചു കളയുന്ന പണത്തിന്റെ ,
തിന്നു വലിച്ചെറിയുന്ന കോഴിക്കാലുകളുടെ , പുതിയ മോഡല്‍ ഫോണുകളുടെ , ചെത്തിപ്പൊളിച്ചു അങ്ങാടിയിലൂടെ വിലസുന്ന മകന്റെ , ബസ്സിലൊന്നും യാത്ര ചെയ്യാത്ത ഭാര്യയുടെ , ഒരേ വീട്ടില്‍ തന്നെ രണ്ടും മൂന്നും വാഹങ്ങള്‍ ഉള്ള സ്വന്തം വീടിന്റെ , റൂം റൂമാന്തരം അറ്റാച്ച്ഡ്‌ ബാത്ത് റൂമുള്ള പറ പറക്കുന്ന സ്വന്തം വീടിന്റെ , മക്കളുടെ വായില്‍ നിന്ന് എന്ത് വീണോ അതൊക്കെ സാധിപ്പിച്ചു കൊടുക്കുന്ന റിയാലിന്റെ , കഥ യൊന്നും ആരും പറയില്ല ..

സെന്റി മാത്രം .. വല്ലാത്തൊരു സെന്റി ..
പറഞ്ഞിട്ടും പറഞ്ഞിട്ടും തീരാത്ത ,
എഴുതിയിട്ടും എഴുതിയിട്ടും മതിവരാത്ത ,
വായിച്ചിട്ടും വായിച്ചിട്ടും പൂതി മാറാത്ത സെന്റി ..!!
എന്റെ സെന്റീ നീയില്ലായിരുന്നെങ്കില്‍ ഞങ്ങള്‍ ആകെ തെണ്ടിയേനെ ...!!!

സൂക്ഷിച്ചില്ലെങ്കില്‍ ഒരു പക്ഷേ ...!



വിദേശ രാജ്യത്തെ എന്റെ ആദ്യത്തെ സെക്ഷന്‍ മാനേജര്‍ ആയിരുന്നു ഉമര്‍ ബഹ്മേല്‍ . യമനി .
വെറും ഒരു പാവം മനുഷ്യന്‍ .

ഒരിക്കല്‍ ശ്രീമതി അയച്ച കത്തില്‍ എന്റെ മോളെ ഒരു ഫോട്ടോ കൂടിയുണ്ടായിരുന്നു .
ഞാന്‍ ആ ഫോട്ടോയിലേക്ക്‌ നോക്കി ഇരിക്കുമ്പോഴാണ് ഉമറിന്റെ വരവ് .

മിന്‍ ഹാദാ ? - ഇത് ആരാണ് ?
എന്ന ചോദ്യവുമായി അദ്ദേഹം അടുത്തു വന്നു ഫോട്ടോ വാങ്ങി അതിലേക്കു തന്നെ നോക്കി നിന്നു !
അല്പം കഴിഞ്ഞു ഞാന്‍ കാണുന്നത് അദ്ദേഹത്തിന്‍റെ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നതാണ് . !
അദ്ദേഹം കൊച്ചു കുട്ടിയെ പോലെ വിതുമ്പിക്കരയുന്നു !

അന്ന് അറബിയില്‍ സംസാരിക്കാനൊന്നും കൂടുതല്‍ അറിയില്ല .
എന്നാലും ഞാന്‍ അദ്ദേഹത്തോട്
എന്തിനാണ് കരയുന്നത് എന്ന് ചോദിച്ചു .

അദ്ദേഹം ഒരു വിധം സങ്കടം അടക്കി പ്പിടിച്ചു എന്നോട് പറഞ്ഞു :
എനിക്കും ഉണ്ടായിരുന്നു ഈ പ്രായത്തിലുള്ള ഒരു മകള്‍ .
അവളെ അല്ലാഹു നേരത്തെ വിളിച്ചു ..
ഹൃദയത്തിനായിരുന്നു കുഴപ്പം .

കൂടുതല്‍ കാലമൊന്നും അദ്ദേഹം ഞങ്ങളുടെ കമ്പനിയില്‍ തുടര്‍ന്നില്ല .
പലപ്പോഴും ഓഫീസില്‍ വരാന്‍ വൈകുകയും ഒന്നിലും ശ്രദ്ധിക്കാന്‍ കഴിയാതെ എപ്പോഴും അസ്വസ്ഥനായി മാത്രമേ അദ്ദേഹത്തെ കാണാ റുണ്ടായിരുന്നുള്ളൂ .

ഒരിക്കല്‍ ഞാന്‍ ചോദിച്ചു .
എന്താണ് എപ്പോഴും ഇങ്ങനെ ഒരുവിഷമം ?

അപ്പോള്‍ അദ്ദേഹം നിസ്സംഗനായി പറഞ്ഞു :
മരിച്ച ആ കുട്ടിയുടെ അതെ അസുഖം രണ്ടാമത്തെ മോള്‍ക്കും ഉണ്ട് . എങ്ങനെ സന്തോഷിക്കാന്‍ കഴിയും ?

കഷ്ടി ഒരു വര്‍ഷം മാത്രമേ അദ്ദേഹം ഞങ്ങളുടെ സ്ഥാപനത്തില്‍ തുടര്‍ ന്നുള്ളൂ ..
പിന്നെടെപ്പോഴോ അദ്ദേഹം വരാതായി .

കൂടെക്കൂടെ ഒരു പാട് മാനേജര്‍മാര്‍ വന്നുപോയെങ്കിലും ആദ്യത്തെ പ്രണയിനിയെ മറക്കാന്‍ പറ്റില്ല എന്ന് പറഞ്ഞ പോലെ എന്റെ ആദ്യത്തെ മാനേജറെയും മറക്കാന്‍ കഴിയില്ല എന്ന് എനിക്ക് മനസ്സിലായി ..

ഇടക്കൊക്കെ കരഞ്ഞു കലങ്ങിയ ആ മുഖം മനസ്സില്‍ തെളിയും .

വര്‍ഷങ്ങള്‍ക്കു ശേഷം ഞങ്ങളുടെ തന്നെ ഒരു ബ്രാഞ്ചില്‍ ജോലി ചെയ്യുന്ന യൂസുഫ് ബഹ്മേല്‍ നെ കാണാന്‍ ഇയ്യിടെ അവസരമുണ്ടായി .
ഉമര്‍ ബഹ്മേലിന്റെ സഹോദരനാണ് യൂസുഫ് .
വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞ ശേഷം ഞാന്‍ ഉമറിനെക്കുറിച്ച് ചോദിച്ചു ..

ഉമര്‍ ഇപ്പോള്‍ മറ്റൊരു കമ്പനിയില്‍ ആണ് ജോലി ചെയ്യുന്നത് എന്നും സുഖമായിരിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു . അപ്പോള്‍ ഞാന്‍ അദ്ദേഹത്തിന്‍റെ കുട്ടി കളുടെ കാര്യം അന്വേഷിച്ചു , രണ്ടു പെണ്‍കുട്ടികള്‍ ഒരേ രോഗം വന്നു മരിച്ചു . ഒരാള്‍ എട്ടാമത്തെ വയസ്സില്‍ . രണ്ടാമത്തെ കുട്ടി നാലാം വയസ്സില്‍ .. ഇപ്പോള്‍ മൂന്നാമത്തെ കുട്ടിക്കും അസുഖം ഉണ്ട് . തലച്ചോറി നാണ് പ്രശ്നം . മൂന്നു ആണ്‍കുട്ടികള്‍ ഉണ്ട് അവര്‍ക്ക് കുഴപ്പം ഒന്നും ഇല്ല .

അപ്പോള്‍ ഞാന്‍ ചോദിച്ചു . അദ്ദേഹം വിവാഹം കഴിച്ചത് കുടുംബത്തില്‍ നിന്നാണോ ?
എനിക്ക് അറിയാവുന്ന ഒരു പാട് കേസുകള്‍ ഇങ്ങനെയുണ്ടായത് കൊണ്ടായിരുന്നു അങ്ങനെ ചോദിച്ചത് .

യൂസുഫ് പറഞ്ഞു .
അതെ .. പല ഡോക്ടര്‍ മാരും പറഞ്ഞ ഒരു കാരണം അതാണ്‌ .
പക്ഷെ അത് തിരിച്ചറിയാന്‍ വൈകിപ്പോയി !!

***

ഷറഫിയ്യയില്‍ നിന്ന് സാധാരണയായി പച്ചക്കറി വാങ്ങാറുള്ളത് ഒരു പണ്ടിക്കാട്ടുകാരന്‍ പയ്യന്റെ അടുത്ത് നിന്നാണ് .
വെളുത്തു മെലിഞ്ഞു സുന്ദരനായ ചെറുപ്പക്കാരന്‍ .
ഒരിക്കല്‍ ഒരു മൂത്ത കുമ്പളം വേണം എന്ന് പറഞ്ഞപ്പോള്‍ അതെടുത്തു തൂക്കും നേരം ഞാന്‍ അവനോടു പറഞ്ഞു .
ഇവിടെ ഇങ്ങനെ നിന്ന് നരച്ചു കുമ്പളങ്ങ ആവാതെ പോയി ഒരു പെണ്ണ് കെട്ടാന്‍ നോക്ക് ചെക്കാ .. !!

അപ്പോള്‍ അവന്‍ ചിരിച്ചു കൊണ്ട് പറഞ്ഞു :
ഉടന്‍ ഉണ്ടാകും .
അടുത്ത വെക്കേഷനില്‍ .
ഹഹ അപ്പോള്‍ എല്ലാം തീരുമാനിച്ചു കഴിഞ്ഞു അല്ലെ ?
വീട്ടുകാര്‍ ഒക്കെ ഏകദേശം പറഞ്ഞു വെച്ചിരിക്കുന്നു ..

അപ്പോള്‍ ഞാന്‍ ചോദിച്ചു . എവിടുന്നാ ?
അടുത്തു നിന്ന് തന്നെ . കുടുംബത്തില്‍ നിന്നാണ് ..

കൂടുതല്‍ ചോദിച്ചറിഞ്ഞപ്പോള്‍ അടുത്ത കുടുംബത്തില്‍ നിന്ന് തന്നെയാണ് ആലോചന വന്നിരിക്കുന്നത് .
ഒന്നും ഉറപ്പിച്ചിട്ടില്ല . ചെന്ന് കുട്ടിയെ കണ്ടു ഇഷ്ടപ്പെട്ടാല്‍ നടത്തും എന്നിടം വരെ എത്തി നില്‍ക്കുന്നു .
അതറിഞ്ഞപ്പോള്‍ ഞാന്‍ അവനോടു ഉമര്‍ ബഹ്മേലിന്റെ കഥ പറഞ്ഞു .

കുടുംബത്തില്‍ നിന്നല്ലാതെ വിവാഹം കഴിക്കുന്നതാണ് നല്ലത് .
എനിക്ക് അറിയാവുന്ന ഒരു പാട് കേസുകള്‍ ഇങ്ങനെ വേറെയും ഉണ്ട് .. എല്ലാം ഉറപ്പിച്ചു കഴിഞ്ഞെങ്കില്‍ ഒകെ . ഇല്ലെങ്കില്‍ ഒന്ന് പുനരാലോചിക്കുന്നത് നന്നാവും എന്നും പറഞ്ഞു ഞാന്‍ പച്ചക്കറി വാങ്ങി പോന്നു . എല്ലാം തികഞ്ഞ വിവാഹത്തിലും ഉണ്ടാകുന്ന കുട്ടികള്ക്ക് എന്തെങ്കിലും അസുഖം ഒക്കെ വരാം . എന്നാലും ഇങ്ങനെ ഒരു സാധ്യത ഉള്ള സ്ഥിതിക്ക് ഒന്ന് കൂടി ആലോചിക്കുന്നത് നല്ലതാണ് . ഞാന്‍ പറഞ്ഞു .

ഇന്നലെയാണ് പിന്നീട് ഞാന്‍ അവനെ കാണുന്നത് .
കണ്ട പാടെ അവന്‍ പറഞ്ഞു :
അതൊഴിവാക്കി മാഷേ ...!!!

എനിക്ക് പെട്ടെന്ന് വരാന്‍ പറ്റില്ലെന്നും അവരോടു മറ്റേതെങ്കിലും ആലോചന നടത്താന്‍ പറയണം എന്നും
അമ്മാവനെ വിളിച്ചു പറഞ്ഞു ..!!!

എനിക്ക് സന്തോഷം തോന്നി .. സമാധാനവും ..!

അറിഞ്ഞു കൊണ്ട് ഒരു ജീവിതം വെറുതെ എന്തിനു ദുരിത പൂര്‍ണ്ണമാക്കണം .
ഒരു പക്ഷെ ഒന്നും ഉണ്ടാവില്ലായിരിക്കും . എന്നാലും ഇത്തരം അനുഭവങ്ങള്‍ ഒരു പാട് കേട്ടത് കൊണ്ട് , ഡോക്ടര്‍ മാര്‍ പോലും ഇത്തരം വിവാഹങ്ങള്‍ നിരുത്സാഹപ്പെടുത്തുന്നത് കൊണ്ട് ഉള്ള ബന്ധം നില നിര്‍ത്തി മുമ്പ് ബന്ധമില്ലാത്ത ഒരു കുടുംബവുമായി ബന്ധം സ്ഥാപിക്കലാണ് എന്ത് കൊണ്ടും നല്ലത് .
ആരോഗ്യപരമായും സാമൂഹ്യപരമായും സമാധാന പരമായും !!!


2014, മാർച്ച് 10, തിങ്കളാഴ്‌ച

അവള്‍ വന്നു ; പോയി .



ഒരു ടാക്സിയില്‍ യാത്ര ചെയ്യുകയായിരുന്നു .
പാക്കിസ്ഥാനി ആണ് ഡ്രൈവര്‍ . ഒരു മധ്യ വയസ്ക്കന്‍ .
കുശലാന്വേഷണത്തിനിടെ കുടുംബത്തിന്റെ കാര്യം ചോദിച്ചപ്പോള്‍
അയാളുടെ മുഖം മ്ലാനമായി .
കണ്ണുകള്‍ ഈറനണിഞ്ഞു .

ഭാര്യ മരിച്ചിട്ട് നാല് വര്‍ഷം കഴിഞ്ഞു .
കാന്‍സര്‍ ആയിരുന്നു . ലിവറിന് .
സുഖമില്ലെന്നു അറിഞ്ഞപ്പോള്‍ ആറുമാസത്തെ റീ എന്ട്രി അടിച്ചു നാട്ടില്‍ പോയി .
എന്റെ മടിയില്‍ കിടന്നാണ് അവള്‍ പോയത് .

ഞാന്‍ വല്ലാതായി . ചോദിക്കേണ്ടിയിരുന്നില്ല

അപ്പോള്‍ കുട്ടികള്‍ ഒക്കെ എവിടെയാണ് .
അവര്‍ ജ്യേഷ്ഠ നോടൊപ്പം കഴിയുന്നു .
അവര്‍ക്ക് കുട്ടികളില്ല !

ഞാന്‍ ചോദിച്ചു : എന്നിട്ട് നാല് വര്‍ഷം കഴിഞ്ഞിട്ടും നിങ്ങളെന്തേ വേറെ കല്യാണം കഴിക്കാത്തത് ?

അയാള്‍ പറഞ്ഞു :
ജീവിതത്തില്‍ ഒരേ ഒരു ഭാര്യയെ എനിക്കുള്ളൂ .
അവള്‍ വന്നു ; പോയി ..!

ഇനി മറ്റൊരുത്തി വന്നു ആ ഓര്‍മ്മകളില്‍ മണ്ണ് ഇടാന്‍ എനിക്ക് കഴിയില്ല !!

ആ മനുഷ്യനെ ഞാന്‍ വല്ലാത്ത വിസ്മയത്തോടെയാണ് നോക്കി കണ്ടത് !!!

ഇങ്ങനെയും ഉണ്ട് ആണുങ്ങള്‍ !!!

കാഴ്ച




ചൂട്
അസഹ്യമായത് കൊണ്ട് എ സി ക്ക് പുറമേ ഫാനും ഇട്ടാണ് അന്ന് കിടന്നത് . എന്നിട്ടും ഉറക്കം ശരിയാവാത്തത് കൊണ്ട് ഉറക്കച്ചടവോടെയാണ് ഓഫീസിലേക്ക് പോകുന്നത് .

ദിവസം തോറും ഇങ്ങനെ ചൂട് കൂടിയാല്‍ എന്താവും അവസ്ഥ
എന്നൊക്കെ ചൂടിനെക്കുറിച്ച് തന്നെ ഓര്‍ത്തു കൊണ്ടാണ്
നടത്തം .
അപ്പോഴാണ്‌ ആ കാഴ്ച കാണുന്നത് .

വഴിയരികില്‍ വെറും നിലത്ത് , സൂര്യന്റെ ചോട്ടില്‍ ഒരു വൃദ്ധന്‍ പരിസരം മറന്ന് സുഖമായി ഉറങ്ങുന്നു ..!

അഴുക്കു പുരണ്ട ശരീരവും വസ്ത്രവും .
അലക്ഷ്യമായി നീണ്ടു വളര്‍ന്ന താടി മുഴുവനും നരച്ചിരിക്കുന്നു .
പകുതിയിലേറെ കഷണ്ടി ബാധിച്ച അയാളുടെ തലയില്‍ നിറയെ അഴുക്കാണ് . ദിവസങ്ങളും മാസങ്ങളും ആയിക്കാണും ആ ശരീരം വെള്ളം കണ്ടിട്ട് ..

ഞാന്‍ അദ്ദേഹത്തിന്‍റെ ആ കിടപ്പ് കണ്ടു സങ്കടത്തോടെ നടന്നു പോകുമ്പോഴാണ് അത് ശ്രദ്ധിച്ചത് .
അദ്ദേഹത്തിന്റെ നഗ്നത മുഴുവന്‍ വെളിക്കു കാണുന്നുണ്ട് .

എന്ത് ചെയ്യണം എന്നറിയാതെ ഞാനൊന്നു പരുങ്ങി .
മറ്റൊന്നും ചെയ്യാന്‍ കഴിയില്ലെങ്കിലും ആ വസ്ത്രമൊന്നു നേരെയിടാന്‍ എങ്കിലും കഴിയുമല്ലോ . അത് പോലും ചെയ്യാതെ ഞാന്‍ എങ്ങനെ ഈ മനുഷ്യനെ കടന്നു പോകും ?

പക്ഷെ എനിക്ക് പേടിയായി .
കണ്ടിട്ട് ആള്‍ക്ക് മാനസികമായി എന്തോ കുഴപ്പമുണ്ട് !
ആ നിലക്ക് അദ്ദേഹം ഉണര്‍ന്നാല്‍ ഒരു പക്ഷെ അക്രമാസക്തന്‍ ആയാലോ ?
സുഖമായി ഉറങ്ങുന്ന അയാളുടെ ഉറക്കം മുറിഞ്ഞാലോ ?
ഉറങ്ങുന്ന ആരെയും ശല്യപ്പെടുത്തുന്നത് എനിക്ക് ഇഷ്ടമല്ല .

ഏതായാലും ആ നഗ്നത മറക്കാതെ കടന്നു പോകുന്നത് ശരിയല്ല എന്ന് തീരുമാനിച്ചു .
മെല്ലെ അഴുക്കു പുരണ്ട അദ്ദേഹത്തിന്‍റെ വസ്ത്രം അയാളെ ഉണര്‍ത്താതെ ശരിയാക്കിക്കൊടുത്തു .
ഭാഗ്യത്തിന് അപ്പോഴും അദ്ദേഹം സുഖമായി ഉറങ്ങുകയാണ് !!

സത്യത്തില്‍ ഇന്നലെ എന്നെ അലട്ടിയ 'ഒരു ചെറിയ അസ്വസ്ഥത ക്ക് ' പറ്റിയ നല്ല ഒരു ഒറ്റമൂലി യായിരുന്നു ഈ കാഴ്ച !!

സ്വന്തമായി ഒരു കൂരയില്ലാത്തവര്‍ , കയ്യും കാലും ഇല്ലാത്തവര്‍ , കാഴ്ച നഷ്ടപ്പെട്ടവര്‍ , പ്രാഥമിക ആവശ്യങ്ങള്‍ പോലും മറ്റുള്ളവരെ ആശ്രയിക്കാതെ നീര്‍വഹിക്കാന്‍ കഴിയാത്തവര്‍ , മാറാവ്യാധികളുമായി നരകിച്ചു ദിവസങ്ങള് കഴിക്കുന്നവര്‍ ..

ചെറിയ ഒരസുഖം വരുമ്പോഴേക്കും അസ്വസ്ഥ രാവുന്ന നാം , ഒരു നിരാശ ഉണ്ടാവുമ്പോഴേക്കും തളരുന്ന നാം , വിചാരിച്ച പോലെ കാര്യങ്ങള്‍ നടക്കാതെ പോകുമ്പോള്‍ ആരെയൊക്കെയോ ശപിക്കുന്ന നാം , നമ്മെക്കാള്‍ കഷ്ട പ്പെടുന്നവരെ , നമ്മെക്കാള്‍ ദുരിതം അനുഭവിക്കുന്നവരെ കുറിച്ച് നാം ഓര്‍ക്കാതെ പോകും . നാം നിരാശരാവും .


കിട്ടിയ സൌഭാഗ്യങ്ങളെ ഓര്‍ത്ത്‌ അതില്‍ തൃപ്തരായി അത് നല്കിയ നാഥനെ ഓര്‍ത്തും അവനോടു നന്ദിയുള്ള വരായും മുന്നോട്ടു പോകാനാണ് നാം ശ്രമിക്കേണ്ടത് .
ധനം കൊണ്ടുള്ള ഐ ശ്വര്യം അല്ല യഥാര്‍ത്ഥ ഐശ്വര്യം . മാനസിക ഐശ്വര്യം ആണ് !

"'നിങ്ങള്‍ നിങ്ങളെക്കാള്‍ മീതെ യുള്ളവരിലേക്ക് നോക്കാതെ താഴെയുള്ള വരിലേക്ക് നോക്കുക ; നാഥന്‍ നിങ്ങള്ക്ക് നല്കിയ അനുഗ്രഹങ്ങള്‍ കുറച്ചു കാണാതിരിക്കാന്‍ അതാണ്‌ ഏറ്റവും നല്ലത് ..." (തിരുവരുള്‍ )

നെല്ലിക്ക



നെല്ലിക്കയുടെ 
നേര്‍വിപരീതമാണ്
ദാമ്പത്യം
നെല്ലിക്ക
ആദ്യം ചവര്‍ക്കും
പിന്നെ മധുരിക്കും
വെള്ളം കുടിച്ചാല്‍
മധുരം അധികരിക്കും !

ദാമ്പത്യം
ആദ്യം മധുരിക്കും
പിന്നെ ചവര്‍ക്കും
അത് കഴിഞ്ഞു കയ്ക്കും
ഒടുവില്‍
വെള്ളം കുടിപ്പിക്കും !!

ചെടി











ചെടിയാണെന്ന്
നടിക്കും 
പടര്‍ന്നു പിടിച്ചു
വലയ്ക്കും
കമ്മ്യൂണിസ്റ്റായി
പരക്കും
ലീഗായി
'പച്ചപിടിച്ചു' നില്‍ക്കും

പിഴുതെറിഞ്ഞാലും
തഴയ്ക്കും
പഴുതുനോക്കി
കിളിര്‍ക്കും

എന്നാലും
അറിയാതെയെങ്ങാനും
ഒന്ന് 'വെച്ച് കുത്തിയാല്‍ '
സ്വയം പിഴിഞ്ഞും
മുറിവുണക്കും !

എത്യോപ്യക്കാരന്‍


കുടുംബത്തോടൊപ്പം ഒരു ഷോപ്പിംഗിന് ഇറങ്ങിയതായിരുന്നു .
അങ്ങോട്ട്‌ പോകുമ്പോള്‍ കിട്ടിയ ടാക്സിക്കാരന്‍ ഞങ്ങള്‍
ഇറങ്ങും വരെ ഞങ്ങളോട് 'ക മ ' എന്ന് മിണ്ടിയില്ല .
ഒന്ന് ലോഹ്യം പറയാന്‍ ഓങ്ങിയെങ്കിലും അയാളുടെ മുഖഭാവവും മട്ടും മാതിരിയും കണ്ടു
ആ ശ്രമം പാതി വഴിയില്‍ ഉപേക്ഷിച്ചു .

സംസാരിക്കാന്‍ താത്പര്യമില്ലാത്തവരോട് സംസാരിക്കുന്നത് ഒരു 'പീഡനം' തന്നെ ആണല്ലോ .
ആളൊരു ബംഗാളിയാണ് .

തിരിച്ചു പോരുമ്പോള്‍ കിട്ടിയ ടാക്സിക്കാരന്‍ ഒരു എതോപ്യക്കാരനായിരുന്നു .
നല്ല ഒഴുക്കോടെ അറബിയും ഇംഗ്ലീഷും സംസാരിക്കുന്നു ..
ഇടയ്ക്കിടെ എന്റെ മടിയിലിരിക്കുന്ന കുട്ടിയോട് ലോഹ്യം പറയുന്നു .
അവന്റെ തലയില്‍ തലോടുന്നു ..
കിലുകിലെ സംസാരിക്കുന്നു ..!

നിങ്ങളുടെ ഭാഷ മലയാളം കടുകട്ടിയാണ് .. അല്ലെ ?
ഞാന്‍ പറഞ്ഞു . ഭാഷ അറിയാത്തവര്‍ക്ക് എല്ലാ ഭാഷയും കട്ടി തന്നെ .

അതിനു അദ്ദേഹം മറുപടി പറഞ്ഞത് എന്നെ ഞെട്ടിച്ചു കൊണ്ട് .
'അതൊക്കെ ശരിയാണ് '
തനി മലയാളത്തില്‍ !
പിന്നെയും അദ്ദേഹം ഞങ്ങളെ ഞെട്ടിച്ചു കൊണ്ടിരുന്നു !
ഒന്ന് മുതല്‍ പത്തു വരെ അദ്ദേഹം തെറ്റില്ലാതെ എണ്ണുന്നു ..
ഒന്ന് , രണ്ടു , മൂന്നു ...
പത്ത് , ഇരുപത് , മുപ്പത് , നാല്പതു .. അങ്ങനെ നൂറു വരെ സുഖമായി പറഞ്ഞു പോകുന്നു .
സുഖം തന്നെയല്ലേ ?
എന്തൊക്കെയുണ്ട് വിശേഷങ്ങള്‍ ..
ഒരു അടി വെച്ച് തന്നാലുണ്ടല്ലോ ..

തുടങ്ങി കുറെ വാചകങ്ങള്‍ മലയാളത്തില്‍ പറയുന്നു ..
പിറകില്‍ ഇരിക്കുന്ന ഭാര്യക്കും കുട്ടികള്‍ക്കും വല്ലാത്ത ഹരമായി ..

എന്റെ കുട്ടികളെയൊക്കെ പഠിപ്പിക്കുന്നത്‌ ഇന്ത്യന്‍ ടീച്ചര്‍സ് ആണ് എന്ന് അദ്ദേഹം പറയുന്നത് ഒരു ഇന്ത്യ ക്കാരന്‍ എന്ന നിലക്ക് ഞാന്‍ അഭിമാന പൂര്‍വം കേട്ടിരുന്നു ..
നിങ്ങള്‍ ഇന്ത്യക്കാരെ എനിക്ക് ഇഷ്ടമാണ് . പ്രത്യേകിച്ച് കേരളക്കാരെ !
എന്റെ ചില സുഹൃത്തുക്കളില്‍ നിന്നാണ് മലയാളം പഠിച്ചത് .
കുറച്ചേ അറിയൂ . എന്നാലും ഏത് ഭാഷയും എനിക്കിഷ്ടമാണ് .
പഠിക്കാന്‍ ശ്രമിക്കും . കൂട്ടത്തില്‍ പഠിക്കാന്‍ ഏറെ ടഫ്ഫ് നിങ്ങളുടെ ഭാഷ തന്നെ ..
അങ്ങനെയങ്ങനെ അദ്ദേഹം സംസാരിച്ചു കൊണ്ടേയിരുന്നു ..
ഞങ്ങള്‍ ഇറങ്ങും വരെ !

ചില മനുഷ്യര്‍ അങ്ങനെയാണ് ..
അവര്‍ കുറച്ചു നേരമേ നമ്മുടെ കൂടെ ഉണ്ടാവൂ എന്നാലും അവര്‍ നമ്മെ കയ്യിലെടുക്കും ..
മറക്കാത്ത ചില നിമിഷങ്ങള്‍ സമ്മാനിക്കും ..
വാചാലമായി സംസാരിച്ചു നമ്മോടൊപ്പം സജീവമാകും ..
ഇത്തിരി സമയമേ കൂടെ ഉള്ളൂ എങ്കിലും മറക്കാത്ത ചില ഓര്‍ മ്മകള്‍ സമ്മാനിക്കും .

ചിലര്‍ ആരോടും മിണ്ടാതെ, മറ്റുള്ളവര്‍ക്ക് മുഖം കൊടുക്കാതെ,
സ്വന്തം ലോകത്ത് മാത്രം ചുരുങ്ങും .
ഒരു ചിരിയോ ഒരു വാക്കോ , ഒരു സന്തോഷം പറച്ചിലോ ,
ഒന്നും ഇല്ലാതെ മറ്റുള്ളവരെ ഒന്ന് ശ്രദ്ധിക്കുക പോലും ചെയ്യാതെ
അവര്‍ കടന്നു പോകും !!!



ജയിലില്‍ എ . സി ഉണ്ടാകുമോ.. ?



ള്ളിയിലേക്ക് ചെല്ലുമ്പോള്‍ പള്ളി മുറ്റത്ത് ഒരു ആള്‍ക്കൂട്ടം .

തിക്കിത്തിരക്കി ചെന്ന് നോക്കുമ്പോള്‍ ഒരു ചെറുപ്പക്കാരനെ എല്ലാവരും കൂടി വളഞ്ഞു വെച്ചിരിക്കുന്നു .

മുഷിഞ്ഞ വസ്ത്രം . അഴുക്കു പുരണ്ട താടിയും മുടിയും .
കാലില്‍ വാറ് പൊട്ടിയ , നിറയെ ചെളിയുള്ള ചെരുപ്പ്.
അയാള്‍ ആകെ അസ്വസ്ഥനാണ് ..

പള്ളിയിലേക്ക് കേറാനാണ് ശ്രമം .
ആളുകള്‍ അതിനു അനുവദിക്കുന്നില്ല .
പള്ളി വൃത്തി കേടവുമെന്നു ഭയന്നാവണം അയാളെ തടയുന്നത് .

അയാള്‍ മല്‍പിടുത്തം തുടരുകയാണ് .
കുതറി മാറി പള്ളിയിലേക്ക് കടക്കാന്‍ പഠിച്ച പണി പതിനെട്ടും നോക്കുകയാണ് . ആളുകളുണ്ടോ വിടുന്നു ?

പെട്ടെന്ന് എവിടെ നിന്നോ ഒരു പോലീസ് വണ്ടി വന്നു .
ആള്‍ക്കൂട്ടം കണ്ടു പോലീസ് ഇറങ്ങി വന്നു .
ആരൊക്കെയോ അദ്ദേഹത്തോട് കാര്യം പറഞ്ഞു .

അദ്ദേഹം അയാളെ അനുനയത്തില്‍ പിന്തിരിപ്പിക്കാന്‍ ഒരു ശ്രമം നടത്തി .
പക്ഷെ അയാള്‍ വഴങ്ങുന്നില്ല !
ഒടുവില്‍ അദ്ദേഹം അയാളെ ഭീഷണിപ്പെടുത്തി .

''വല്ലാതെ കളിച്ചാല്‍ ഞാന്‍ നിന്നെ ജയിലിലടക്കും ..'!

അത് കേട്ടപ്പോള്‍ അവന്‍ ഒന്ന് തണുത്തു .
എന്നിട്ട് ഒരു കൊച്ചു കുട്ടിയെ പോലെ ചോദിച്ചു :
ഫിസ്സിജ്ന്‍ മുകയ്യിഫ് ഫീ ? ( ജയിലില്‍ എ . സി ഉണ്ടാകുമോ.. ? )

പോലീസ് തലയാട്ടി . ഫീ !

അന്നേരം അയാള്‍ പോലീസിന്റെ കൈകളില്‍ കടന്നു പിടിച്ചു പറഞ്ഞു

'തആല്‍ യാ അല്ലാഹ് സൂറ ..!! '
(എങ്കില്‍ വേഗം വരൂ നമുക്ക് വേഗം പോകാം .. )

അകത്തും പുറത്തും ഒരു പോലെ ചുട്ടു പൊള്ളുന്ന അസ്വസ്ഥമായ ആ മനസ്സ് ഒന്ന് തണുക്കാന്‍
അല്പം തണുപ്പ് തേടി വന്നതായിരുന്നു ; പാവം !!!

മനസ്സ് ഒരു പ്രഹേളിക തന്നെ .
അതൊന്നിടറിയാല്‍ മതി എല്ലാം തീര്‍ന്നു !
അസ്വാസ്ഥ്യങ്ങളൊക്കെ യും വേദനയാണ്
മാനസിക അസ്വാസ്ഥ്യം അതിദയനീയവും !!

തോരാത്ത കണ്ണീരുമായി ഒരു മയ്യിത്ത് നിസ്ക്കാരം



യ്യിത്ത് നിസ്ക്കാരത്തിനു നേതൃത്വം കൊടുക്കേണ്ടത് മയ്യിത്തിന്റെ
ഏറ്റവും അടുത്ത ബന്ധുവാണ് . ആ ആത്മാവിനു വേണ്ടി ആത്മാര്‍ത്ഥമായി പ്രാര്‍ഥിക്കാന്‍ അയാളോളം മറ്റാര്‍ക്കാണ് കഴിയുക ?

ഉമ്മ മരണപ്പെട്ടപ്പോള്‍ കണ്ണീര്‍ കൊണ്ട് കണ്ണ് കാണുന്നുണ്ടായിരുന്നില്ല .
ഉപ്പ ജീവിച്ചിരിക്കുന്ന കാലത്താണ് ഉമ്മ പോയത് . അത് കൊണ്ട് ഉമ്മയുടെ നിസ്ക്കാരത്തിനു ഉപ്പയാണ് ഇമാം നിന്നത് .

ഉപ്പ മരണപ്പെട്ടപ്പോള്‍ ഇമാം നില്‍ക്കാന്‍ പോയിട്ട് ഒരു നോക്ക് കാണാന്‍ കൂടി കഴിഞ്ഞില്ല .
കാതങ്ങള്‍ക്കു ഇപ്പുറത്തു നിന്ന് വിതുമ്പിക്കരയാനെ സാധിച്ചുള്ളൂ .

ഭാര്യാ പിതാവിന്റെ ഉമ്മ മരണപ്പെട്ട അന്ന് , എല്ലാവരും നിസ്ക്കരിക്കാന്‍
ഒരുങ്ങി നില്‍ക്കുമ്പോള്‍ പള്ളിയിലെ ഇമാം മൈക്കിലൂടെ വിളിച്ചു പറഞ്ഞു .
'മയ്യിത്തുമായി ബന്ധപ്പെട്ട ആരെങ്കിലും ഉണ്ടെങ്കില്‍ മുന്നോട്ടു വരൂ . ഇമാമായി നിസ്ക്കരിക്കാന്‍ ..' ആരും ചെല്ലുന്നത് കണ്ടില്ല .
ഒടുവില്‍ ഞാന്‍ മുന്നോട്ടു ചെന്നു .
ഒരു നിലക്ക് അവരും എന്റെ ഉമ്മ തന്നെ ആണല്ലോ ...!

പിന്നീടാണ് രണ്ടു കുഞ്ഞുങ്ങളുടെ മയ്യിത്തിന് ഇമാം നില്‍ക്കേണ്ടി വന്നത് .
തോരാത്ത കണ്ണീരുമായി .. !

ഒരു നോമ്പ് കാലമാണ് .
തിരുത്തി സ്കൂളില്‍ അധ്യാപകനായി ജോലി ചെയ്യുന്ന സമയം . വളാഞ്ചേരി കുറ്റിപ്പുറം റോഡില്‍ മൂടാല്‍ എന്ന സ്ഥലത്ത് വാടകയ്ക്ക് താമസിക്കുകയാണ് ഞാന്‍ അന്ന് . സ്കൂളിലേക്ക് വരാനും പോകാനും ഉള്ള സൌകര്യത്തിനു അനുസരിച്ച് .

അന്ന് സ്കൂളിനു അവധിയാണ്. നേരം രാവിലെ ഒരു ഒമ്പത് മണി ആകുന്നേയുള്ളൂ .
അപ്പോള്‍ ഒരു ഫോണ്‍ കോള്‍ . ഷീല ടീച്ചര്‍ ആണ് വിളിക്കുന്നത്‌ .
നമ്മുടെ സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥി മന്‍സൂറും അവന്റെ കുഞ്ഞു പെങ്ങളും കുളത്തില്‍ മുങ്ങി മരിച്ചു ..
മാഷ്‌ പെട്ടെന്ന് അങ്ങോട്ടൊന്നു ചെല്ലണം .!

മന്‍സൂറിനെ എനിക്ക് അറിയാമായിരുന്നു .
രണ്ടാം ക്ലാസ്സിലെ വികൃതിപ്പയ്യന്‍ .
മിക്ക ദിവസവും ക്ലാസ്സില്‍ വരാത്ത കുട്ടി . വിജി ടീച്ചര്‍ക്ക് ആയിരുന്നു ക്ലാസ് ചാര്‍ജ് !
ടീച്ചര്‍എപ്പോഴും അവന്റെ കാര്യം പറയും . ക്ലാസ്സിലെ ശല്യക്കാരന്‍ അവനാണ് !

ഒരു ദിവസം ഞാന്‍ ടീച്ചറോട് പറഞ്ഞു . ക്ലാസ്സില്‍ വലിയ ശല്യക്കാരായ കുട്ടികള്‍ ഒരു പക്ഷെ വീട്ടില്‍ നമുക്ക് അറിയാത്ത ചില മാനസിക വിഷമങ്ങള്‍ അനുഭവിക്കുന്നവരാവും .
ടീച്ചര്‍ ഒരു കാര്യം ചെയ്യൂ . അവനെ ക്ലാസ് ലീഡര്‍ ആക്കി നോക്കൂ .
അത് നല്ല ഒരു മരുന്നാണ് എന്ന് എനിക്ക് അനുഭവമുണ്ട് .

അത് ഫലിച്ചു . മെല്ലെ മെല്ലെ അവന്‍ നല്ല കുട്ടിയായി പരിണമിച്ചു ..
ക്ലാസ്സില്‍ കൃത്യമായി വരാന്‍ തുടങ്ങി . ക്ലാസ്സില്‍ കച്ചറ ഉണ്ടാക്കുന്നവരുടെ പേരുകള്‍ ഒരു പാട്
അക്ഷരത്തെറ്റോടെ ആണെങ്കിലും എഴുതി ക്ലാസ് നിശ്ശബ്ദമാക്കുന്നവന്‍ ആയി അവന്‍ .

ആ മന്‍സൂര്‍ ആണ് മരിച്ചു എന്നു കേള്‍ക്കുന്നത് .
എനിക്ക് വിശ്വസിക്കാനായില്ല . ഞാന്‍ നേരെ സ്കൂളിലേക്ക് പോയി .
അവന്റെ വീടന്വേഷിച്ച്‌ ചെല്ലുമ്പോള്‍ വിശാലമായ ഒരു പൊട്ടക്കുളത്തിനു ചുറ്റും ആളുകള്‍ കൂട്ടം കൂടി നില്‍ക്കുകയാണ് ..

അപ്പോഴും ആ കുളത്തിന്റെ കരയില്‍ രണ്ടു കുഞ്ഞു ചെരുപ്പുകളും ഒരു കുഞ്ഞു ജട്ടിയും അതിന്റെ ഉടമയെ കാത്തു കിടക്കുന്നുണ്ട് !

ഞാന്‍ ഒരാളെ വിളിച്ചു കൊണ്ട് പോയി കാര്യങ്ങള്‍ അന്വേഷിച്ചു .

മന്‍സൂറും കുടുംബവും ഒരു വാടക വീട്ടില്‍ ആണ് താമസിക്കുന്നത് .
ഉപ്പ ഒരു കൂലിപ്പണിക്കാരന്‍ . ഇയ്യിടെയാണ് ഈ വയലിന്റെ ഒരരികില്‍ രണ്ടു സെന്റ്‌ സ്ഥലം വാങ്ങിയത് . അവിടെ ഒരു പുര വെക്കാനുള്ള പണി നടക്കുകയാണ് .
മന്‍സൂറിന്റെ ഉമ്മയും ഉപ്പയും ജോലിക്കാരോടൊപ്പം പണി എടുക്കുന്നുണ്ട് .

ഈ സമയത്ത് മന്സൂരും കുഞ്ഞു പെങ്ങളും കളിക്കാന്‍ പുറത്തിറങ്ങിയതായിരുന്നു .
സാഹചര്യത്തെളിവുകള്‍ വെച്ച് നോക്കുമ്പോള്‍ കുഞ്ഞു പെങ്ങള്‍ പ്രാഥമിക കൃത്യം നിര്‍വഹിച്ചു ശുചീകരണത്തിന് കുളത്തില്‍ ഇറങ്ങിയതാവണം .

കുളം പുറമേക്ക് ശാന്തമാണ് എങ്കിലും നിറയെ പായലും ചണ്ടിയും മറ്റും അടിഞ്ഞു കൂടി കിടക്കുന്ന ഒരു മരണക്കുളം തന്നെയായിരുന്നു .

പെങ്ങളെ കാണാതെ അന്വേഷിച്ചു ചെന്ന മന്‍സൂര്‍ ഒരു പക്ഷെ അവളുടെ ചെരുപ്പും ജട്ടിയും കണ്ടു പെങ്ങളെ രക്ഷിക്കാന്‍ കുളത്തില്‍ ഇറങ്ങിയതാവണം ..

മൂന്നു നാല് മണിക്കൂര്‍ പരിശ്രമത്തിനു ഒടുവില്‍ ആണ് മന്‍സൂറിനെ കിട്ടിയത് . കിട്ടുമ്പോള്‍ പായലില്‍ പുതഞ്ഞു കിടക്കുകയാണ് .
പിന്നെയും കുറെ കഴിഞ്ഞാണ് പെങ്ങളെ കിട്ടുന്നത് .
അവള്‍ കുറെ ക്കൂടി ആഴത്തില്‍ ആയിരുന്നു കിടന്നിരുന്നത് .
പായലുകള്‍ കാരണം പൊങ്ങി വരാതെ !

ഒടുവില്‍ പോസ്റ്റ്‌ മോര്‍ട്ടം കഴിഞ്ഞു രണ്ടു കുഞ്ഞു മൃത ദേഹങ്ങള്‍ കൊണ്ട് വന്ന രംഗം ഇന്നും മനസ്സിലുണ്ട് .. ഒരു ഗ്രാമം മുഴുവനും അന്നേരം വിതുമ്പുകയായിരുന്നു ..

അവരെ മറവു ചെയ്യാന്‍ കൊണ്ട് പോയത് സ്കൂളിനു അടുത്തുള്ള പള്ളി ശ്മശാനത്തിലേക്ക് ആണ് .
നിസ്ക്കാര സമയം ആയപ്പോള്‍ ഇമാം വിളിച്ചു പറഞ്ഞു :
കുട്ടികളുമായി ബന്ധപ്പെട്ട ആരെങ്കിലും ഉണ്ടോ നിസ്ക്കാരത്തിനു ഇമാം നില്‍ക്കാന്‍ ?

ആരും വന്നു കണ്ടില്ല . ഒടുവില്‍ ഞാന്‍ മുന്നോട്ടു ചെന്നു ..!

മാതാപിതാക്കള്‍ കഴിഞ്ഞാല്‍ പിന്നെ അവരോടു ഏറ്റവും 'ബന്ധപ്പെട്ടവര്‍ ' ഒരു നിലക്ക് അവര്‍ക്ക് അക്ഷരം പഠിപ്പിച്ചു കൊടുക്കുന്ന ഗുരുനാഥന്‍ ആണല്ലോ ..

എല്ലാം കഴിഞ്ഞു വീട്ടിലേക്ക് തിരിച്ചു പോരുമ്പോള്‍
മനസ്സില്‍ ഒരു പ്രാര്‍ത്ഥനയെ ഉണ്ടായിരുന്നുള്ളൂ ..

കുട്ടികളെ കൊടുത്തില്ലെങ്കിലും കുട്ടികളെ നല്‍കി കൊതിപ്പിച്ചു അവരെ കണ്ടു കൊതി തീരും മുന്‍പേ ഒരു മാതാപിതാക്കളില്‍ നിന്നും അവരെ നീ തട്ടിയെടുക്കരുതെ പടച്ചോനെ എന്ന് മാത്രം !!!
-----------------------------------------
മയ്യിത്ത് നിസ്ക്കാരം : പരേതനു വേണ്ടിയുള്ള പ്രാര്‍ത്ഥന
ഇമാം നില്‍ക്കുക : നിസ്ക്കാരത്തിനു നേതൃത്വം വഹിക്കുക

പ്രാര്‍ഥന


രാവിലെ വേസ്റ്റ് സാധനങ്ങള്‍ ഇടാന്‍ 'ഖുമാമ'ക്കു സമീപം ചെല്ലുമ്പോള്‍
കൈകളും കണ്ണുകളും മേലോട്ട് ഉയര്‍ത്തി
പരിസരം മറന്നു പ്രാര്‍ഥിക്കുകയാണ്
കറുത്ത വര്‍ഗക്കാരിയായ ഒരു പാവം സ്ത്രീ .

ഇന്നലത്തെ അവശിഷ്ടങ്ങളില്‍ നിന്ന് ഇന്നത്തെ ഉപജീവനം 
തേടുകയാണ് അവര്‍ ..!!

'ഇന്നെന്തെങ്കിലും കാര്യമായി കിട്ടണേ തമ്പുരാനെ ..'
എന്നാവും അവരുടെ പ്രാര്‍ത്ഥന .
ഒരു ചെറിയ സംഖ്യ ആ കൈവെള്ളയില്‍ വെച്ചു കൊടുത്തു തിരിഞ്ഞു നടക്കുമ്പോള്‍ മനസ്സ് പറഞ്ഞു :

സുഖ സൌകര്യങ്ങള്‍ക്ക് വേണ്ടി ,
സമൃദ്ധിക്ക് വേണ്ടി ,
ഉദ്യോഗ കയറ്റത്തിന് വേണ്ടി ,
ശമ്പള വര്‍ധനവിന് വേണ്ടി ,
ബിസിനസ്സില്‍ കൂടുതല്‍ ലാഭം ലഭിക്കാന്‍ വേണ്ടി ,
പരീക്ഷയില്‍ പാസ്സാവാന്‍ വേണ്ടി ,
നല്ല ജോലി കിട്ടാന്‍ വേണ്ടിയൊക്കെ പ്രാര്‍ഥിക്കുന്നവരാണ് നമ്മില്‍ ഭൂരിഭാഗം ആളുകളും .

അന്നന്നത്തെ അന്നത്തിനു വേണ്ടിയുള്ളപ്രാര്‍ത്ഥനയാണ്
ഈ ലോകത്തെ ഏറ്റവും ദയനീയമായ പ്രാര്‍ഥന .. !!!

മണം



ഞ്ഞി , പഴങ്കഞ്ഞി , ജീരകക്കഞ്ഞി , ഔഷധക്കഞ്ഞി , പൊടിയരിക്കഞ്ഞി , പാക്കഞ്ഞി .. അങ്ങനെ
കഞ്ഞികള്‍ പലവിധം .
മുമ്പൊക്കെ 'കഞ്ഞികള്‍' കുറവായിരുന്നു .
'കഞ്ഞി കുടിയന്മാര്‍ ' കൂടുതലും ..
ഇപ്പോള്‍ കഞ്ഞി കുടിയന്മാര്‍ കുറവും കഞ്ഞികളും 'കുടിയന്മാരും' കൂടുതലും ആയി !

കുട്ടിക്കാലത്ത് ഭക്ഷണം കഴിക്കാന്‍ പോകാറില്ലായിരുന്നു .
'കഞ്ഞി കുടിക്കാന്‍ ' പോകാറാണ് പതിവ്.
പത്തുമണിക്കഞ്ഞിയുമുണ്ടായിരുന്നു അക്കാലത്ത്.
ഉച്ചക്കഞ്ഞി മുതല്‍ മോന്തി നേരത്ത് വാറ്റുകഞ്ഞി കുടിക്കുന്നവരുമുണ്ടായിരുന്നു .

ഇന്ന് കഞ്ഞി കുടിക്കുന്നവര്‍ അപൂര്‍വം .
കഞ്ഞി നമ്മുടെ ജീവിതത്തില്‍ നിന്ന് പാത്രം ഒഴിഞ്ഞു പോയിട്ട് കാലം കുറച്ചായി..
എന്നാലും നമ്മുടെ പഴയ കാല ഓര്‍മ്മകളില്‍ കഞ്ഞി നിറഞ്ഞു നില്‍ക്കുന്നുണ്ട്.
കഞ്ഞിയും ചമ്മന്തിയും ചുട്ട പപ്പടവും ..

പഴഞ്ചൊല്ലുകളിലും ഉണ്ടായിരുന്നു കഞ്ഞിക്ക് പ്രമുഖമായ സ്ഥാനം ..

കഞ്ഞിക്ക് വകയില്ലാത്തവന്‍
കോരന് കഞ്ഞി കുമ്പിളില്‍ തന്നെ
കള്ളന് കഞ്ഞി വെച്ചവന്‍
നീയില്ലാത്ത ജീവിതം ഉപ്പില്ലാത്ത കഞ്ഞി പോലെ ...
അങ്ങനെയങ്ങനെ !

പലര്‍ക്കും കഞ്ഞിയെ ഇഷ്ടമല്ല. എങ്കിലും ഇപ്പോഴും അപൂര്‍വം ചില തട്ടുകടകളില്‍ കഞ്ഞി കിട്ടും ഇപ്പോഴും.. ജിദ്ദയില്‍ നല്ല കഞ്ഞിയും ചമ്മന്തിയും അച്ചാറും കിട്ടുന്ന കുറെ മലയാളി ഹോട്ടലുകള്‍ ഉണ്ട് . അവിടെ കുറെ സ്ഥിരം പറ്റുകാരും .

പണ്ടൊക്കെ ബിരിയാണിക്കും നെയ്ചോറിനും തെങ്ങാച്ചോറിനും ഒക്കെ പൂതിയായിരുന്നു .അവയുടെ പേര് കേള്ക്കുമ്പോഴേ വായില്‍ വെള്ളമൂറും .
ഇന്ന് കഞ്ഞിയും ചമ്മന്തിയും എന്ന് കേള്ക്കുമ്പോള്‍ വായില്‍ വെള്ളമൂറുന്നു..

കിട്ടാത്തതും കൂടുതല്‍ ഉപയോഗിക്കാത്തതും മുന്‍ കാലങ്ങളില്‍ ഉപയോഗിച്ചിരുന്നതും ആയ വസ്തുക്കളോട് , ഭക്ഷണത്തോട് , ഉപകരണങ്ങളോട് , ചില മണങ്ങളോട് പോലും നമുക്ക് വല്ലാതെ ഒരു ഇഷ്ടം തോന്നും ..
ആ ഇഷ്ടം നമ്മുടെ ഓര്‍മ്മകളില്‍ പോലും രുചി പകരും .

പുത്തന്‍ ഉടുപ്പിന്റെ മണം
കപ്പ പുഴുങ്ങുന്നതിന്റെ മണം
ഇറച്ചി തിളയ്ക്കുന്നതിന്റെ മണം
പഴുത്ത ചക്കയുടെ മണം
സ്കൂളിലേക്ക് നാക്കിലയില്‍ പൊതിഞ്ഞു കൊണ്ട് പോയ പൊതിച്ചോറിന്റെ മണം .
ബലൂണിന്റെ മണം .
ഉത്സവപ്പറമ്പില്‍ വലിയ തളികയില്‍ നിരത്തി വെച്ച ജിലേബിയുടെ മണം
നേര്‍ച്ചചോറിന്റെ മണം
പുതു മഴയുടെ മണം ...
പിന്നെ പിന്നെ ,
മൂക്കിന്‍ തുമ്പത്ത് നിന്ന് ഒരിക്കലും മാറി പോകാത്ത ഉമ്മയുടെ മണം !!!

ചൂണ്ടു വിരല്‍







'കിലോ അഞ്ചില്‍' നിന്ന് റൂമിലേക്ക്‌ വരാന്‍ വാഹനം കാത്തു നില്‍ക്കുമ്പോഴാണ്
ഒരു മധ്യ വയസ്ക്കന്‍ എന്റെ അടുത്ത് വന്നു സലാം പറയുന്നത് .

സലാം മടക്കി അദ്ദേഹത്തിന്റെ മുഖത്തേക്ക് എന്ത് വേണം
എന്ന ഉദ്വേഗത്തോടെ നോക്കുമ്പോള്‍ അയാള്‍
ദയനീയമായി പറയുന്നു .

'സര്‍ ഞാന്‍ ബാബ് മക്കയില്‍ നിന്ന് ബസ്സില്‍ വരുമ്പോള്‍ എന്റെ
മൊബൈലും പേഴ്സും ആരോ പോക്കറ്റടിച്ചു കളഞ്ഞു .
ഇനി റൂമിലേക്ക്‌ തിരിച്ചു പോകാന്‍ കയ്യില്‍ ഒന്നും ഇല്ല . മൊബൈലും പോയി അതിലുണ്ടായിരുന്ന മുന്നൂര്‍ റിയാലും പോയി ..
എന്തെങ്കിലും തന്നു സഹായിക്കണം .

ഭാവവും മട്ടും കണ്ടിട്ട് ഒരു തട്ടിപ്പുകാരനാണ് എന്ന് തോന്നിയില്ലെങ്കിലും സംശയം ഉണ്ടായി എനിക്ക് .
ഞാന്‍ ഒരു ചെറിയ സംഖ്യ കൊടുത്തു .

രണ്ടു മൂന്നു ദിവസങ്ങള്‍ക്കു ശേഷം അയാളെ അവിചാരിതമായി ഞാന്‍ വീണ്ടും കണ്ടു .
ബാബ് മക്കയില്‍ വെച്ച് ..
പഴയ അതെ തന്ത്രം പ്രയോഗിച്ചു മറ്റൊരാളില്‍ നിന്ന്
പണം പിടുങ്ങുന്നു ..!!!

ഈ രീതിയില്‍ മെയ്യനങ്ങാതെ പലതരം തട്ടിപ്പുമായി ജീവിക്കുന്നവര്‍ ഇവിടെ മാത്രമല്ല എവിടെയും ഉണ്ടാകും ..
ആ മനുഷ്യനെ കണ്ടപ്പോള്‍ ആണ് ഞാന്‍ മുമ്പൊരിക്കല്‍ 'ജവാസാത്തില്‍' പോയപ്പോള്‍ കണ്ട
മറ്റൊരാളെക്കുറിച്ച് ഓര്‍ത്തത് !

OO

വളരെ കാലങ്ങള്‍ക്ക് ശേഷം ആണ് ആ പഴയ ഉപകരണം
വീണ്ടും കാണുന്നത് . മുമ്പ് വ്യാപകമായി ഉപയോഗിച്ചിരുന്നതും ഇന്ന് നമ്മുടെ ചിന്തയില്‍ പോലും
കടന്നു വരാത്തതുമായ ചില ഉപകരണങ്ങള്‍ വീണ്ടും
കാണുമ്പോള്‍ നമുക്കുണ്ടാകുന്നത് വല്ലാത്ത ഒരു കൌതുകമായിരിക്കും .

ഒരു കാലത്ത് ഓഫീസുകളില്‍ ഒക്കെ ഒഴിച്ച് കൂടാനാവാത്ത
ഒരു വസ്തുവായിരുന്നു ടൈപ്പ് റൈറ്റര്‍ .
ഇന്നത്തെ കമ്പ്യൂട്ടറിന്റെ സ്ഥാനം വഹിച്ചിരുന്ന ഉപകരണം .

പഴയ കാലത്ത് ടൈപ്പ് റൈറ്റിംഗ് സെന്ററുകള്‍ നമ്മുടെ നാട്ടിലൊക്കെ വ്യാപകമായിരുന്നു .
ടൈപ്പ് റൈറ്റിംഗ്പഠിക്കാന്‍ പോയതും ഒരാഴ്ച വലിയ ആവേശത്തോടെ പോയി പിന്നെപ്പിന്നെ മടി പിടിച്ചു പഠനം അവസാനിപ്പിച്ചതും വെറുതെ ഓര്‍മ്മയില്‍ എത്തി .

ജവാസാത്തുമായി ബന്ധപ്പെട്ട ഫോമുകള്‍ സ്വയം ഫില്‍ അപ് ചെയ്യാന്‍ അറിയാത്തവര്‍ക്കും കഴിയാത്തവര്‍ക്കും ആണ്
പുറത്ത് ഈ സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത് .

ഏതെന്കിലും ഓഫീസുകളില്‍ പണ്ട് കാലത്ത് ഉപയോഗിച്ചവയായിരിക്കും . കണ്ടാല്‍ തന്നെ അറിയാം കാലപ്പഴക്കം .

വലതു കയ്യിലെ നാലു വിരലുകളും
ഇടതു കയ്യിലെ അഞ്ചു വിരലുകളും നഷ്ടപ്പെട്ട ഒരാളുടെ അടുത്തേക്കാണ്
ഞാന്‍ എങ്ങനെയോ എത്തിപ്പെട്ടത് ..

നന്നേ കുറിയ വളര്‍ച്ച മുരടിച്ചു പോയ , നമ്മുടെ ഉണ്ട പക്രുവിനെ പോലെ തോന്നിപ്പിക്കുന്ന ഒരു മനുഷ്യന്‍ .

അയാളുടെ ചൂണ്ടു വിരല്‍ മാത്രം ഒരു കുഴപ്പവുമില്ലാതെ
പ്രവര്‍ത്തിക്കുന്നുണ്ട് ..

സത്യത്തില്‍ ആ ചൂണ്ടു വിരല്‍ ആണ് അയാളുടെ ജീവിതം കരുപ്പിടിപ്പിക്കുന്നത് ..

എന്നിട്ടും എല്ലാ വിരലുകളും ഉള്ളവരേക്കാള്‍ വേഗത്തില്‍ ആണ്
അയാളുടെ ജോലി നടക്കുന്നത് !
അതിശയിപ്പിക്കുന്ന വേഗതയില്‍ ..

നിരനിരയായി വലിയ കുടകള്‍ കൊണ്ട് നിര്‍മ്മിച്ച താത്ക്കാലിക
കൌണ്ടറുകളില്‍ എല്ലായിടത്തും ' ഈ പഴയ ഓഫീസര്‍ ' ആണ് പ്രവര്‍ത്തിക്കുന്നത് ..
പേന കൊണ്ട് എഴുതിയ ഫോമുകള്‍ സ്വീകരിക്കപ്പെടാത്തത് കൊണ്ടായിരിക്കാം , മുമ്പ് ഫോം പൂരിപ്പിച്ചു ഉപജീവനം നടത്തിയിരുന്നവര്‍ ഈ വഴി തെരഞ്ഞെടുത്തത് !!

മിനിറ്റുകള്‍ വേണ്ടി വന്നില്ല , ഫോം ഫില്‍ അപ്പ്‌ ചെയ്യാന്‍ .
പത്തു റിയാല്‍ ആണ് ചാര്‍ജ് . എനിക്ക് ആ മനുഷ്യനോട് വല്ലാത്ത മതിപ്പ് തോന്നി ..

വലതു കയ്യിന്റെ ചൂണ്ടു വിരല്‍ മാത്രം നിര്‍ത്തി
മറ്റു വിരലുകള്‍ ഒക്കെ ദൈവം എടുത്തിട്ടും , കിട്ടിയ ആ ചൂണ്ടു വിരല്‍ കൊണ്ട് സ്വന്തം ജീവിതം മുന്നോട്ടു കൊണ്ട് പോകുന്നു അയാള്‍ .

വൈകല്യങ്ങള്‍ കാണിച്ചും അതിനെക്കുറിച്ച് സങ്കടം പറഞ്ഞും യാചിച്ചു ജീവിക്കുന്ന എത്രയെത്ര ആളുകള്‍ ഉണ്ട് നമ്മുടെ സമൂഹത്തില്‍ എന്ന് ഒരു നിമിഷം ഓര്‍ത്ത്‌ പോയി .

സ്വയം അധ്വാനിച്ചു അതിന്റെ വില കൊണ്ട് ജീവിക്കുന്ന ആ ഭക്ഷണത്തിന്റെ അത്ര രുചിയും സ്വാദും മറ്റൊന്നിനും ഉണ്ടാവില്ല എന്ന് തിരിച്ചറിഞ്ഞ ഈ മനുഷ്യന്‍ എന്നെ വല്ലാതെ അദ്ഭുതപ്പെടുത്തി .

മറ്റൊരു കാര്യം കൂടി ചിന്തകളില്‍ അലോസരം സൃഷ്ടിച്ചു !

ഇന്ന് നാം വലിയ കണ്ടു പിടുത്തങ്ങള്‍ ആണെന്ന് ധരിക്കുകയും അവയില്ലെന്കില്‍ നമ്മുടെ ജീവിതം മുട്ടിപ്പോകും എന്നുമൊക്കെ ചിന്തിക്കുന്ന , ലോകത്ത് ഒരു പാട് വിപ്ലവങ്ങള്‍ സൃഷ്‌ടിച്ച , കമ്പ്യൂട്ടറിനും മൊബൈലിനും ഒക്കെ കാലം ഏറെ ചെല്ലുമ്പോള്‍ ഒരു പക്ഷെ ഈ ഗതി വരില്ല എന്ന് ആര് കണ്ടു ?

തിരിഞ്ഞു നോക്കാന്‍ ആളില്ലാതെ ,
എടുക്കാചരക്കുകളായി ,
ആര്‍ക്കും വേണ്ടാത്തവരായി ....

നമ്മുടെയൊക്കെ ജീവിതം പോലെത്തന്നെ !!

വെട്ടം പകരും സ്നേഹ വിളക്കുകള്‍ .


കലാന്‍ ശ്രമിക്കുമ്പോള്‍
അടുക്കാന്‍ ശ്രമിക്കുക തന്നെ ..
കൂടുതല്‍ ഇഷ്ടമുള്ളവര്‍ പെട്ടെന്ന് പിണങ്ങാന്‍ സാധ്യത ഉണ്ട്.
'എന്നോട് അവന്‍ അങ്ങനെ ചെയ്തല്ലോ' എന്ന പരിഭവം.
സൌഹൃദങ്ങള്‍ മാത്രമല്ല കുടുംബ ബന്ധങ്ങള്‍ പോലും തകരാന്‍ നന്നേ ചെറിയ ഒരു കാരണം മതി.
ബന്ധങ്ങള്‍ ഇടയ്ക്കിടെ നട്ടുനനക്കണം .. മിനുക്കണം .. പുതുക്കണം .
അകല്‍ച്ച തോന്നി തുടങ്ങുമ്പോഴേ
കൂടുതല്‍ അടുക്കാന്‍ ശ്രമിക്കണം .

ഒരു കമന്റ് മതി ഉള്ള സൗഹൃദം മങ്ങാന്‍ .
പറ്റാത്ത ഒരു വാക്ക് മതി ചേര്‍ന്ന് നിന്നിരുന്ന കണ്ണി ഇളകാന്‍ ..
സംസാരത്തിനിടക്ക്‌ അറിയാതെ വരുന്ന ചില പരാമര്‍ശങ്ങള്‍ മതി ദീര്‍ഘകാലം തെറ്റി നടക്കാന്‍ ..
ഒടുവില്‍ പിണക്കമായി ..
വിളി നിന്നു..

കാലം ഏറെ ചെന്നാല്‍ പിന്നെ ആരാദ്യം വിളിക്കും എന്നായി ..
എങ്ങനെ നടന്നിരുന്ന ആളുകളാ , ഇപ്പൊ കണ്ടാപ്പോലും മുണ്ടൂല ..
എന്ന് നാം പലരെക്കുറിച്ചും പറയാറുണ്ട്‌ .
നമ്മുടെ അറിവിലും ഉണ്ടാകും ഇത്തരം അനുഭവങ്ങള്‍ ..!

കാലം ഏറെ കഴിഞ്ഞു എന്തിനാ തെറ്റിയത് എന്ന് ഓര്‍ക്കുന്നു പോലും ഉണ്ടാവില്ല .
ഒരു പക്ഷെ ... എന്നിട്ടും മിണ്ടാതെ , വിളിക്കാതെ നടക്കും .
ഇന്ന് കാണുന്നവരെ നാളെ കാണില്ല .
എന്നാണു നാമൊക്കെ ഇവിടെ നിന്ന് സലാം പറഞ്ഞു പോവുക എന്ന് ആര്‍ക്കും അറിയില്ല .

''ഒരു പൊരി മതി എല്ലാം ഒടുങ്ങാന്‍
ഒരു ചിരി മതി എല്ലാം ഒതുങ്ങാന്‍ ..''

കാത്തു സൂക്ഷിക്കുക സൌഹൃദങ്ങളെ ,
കെടാതെ നോക്കുക വെട്ടം പകരും സ്നേഹ വിളക്കുകള്‍ .

ചിരിച്ചു കൊണ്ട് മരിച്ചു കിടക്കുന്നു



ദ്ദേഹത്തെ കാണുമ്പോഴൊക്കെ ഞാന്‍ ഉപ്പയെ ഓര്‍ക്കും .
ഉപ്പയുടെ മുഖച്ഛായയൊന്നും ഇല്ല അദ്ദേഹത്തിന് .
പക്ഷെ ആ ഊശാന്‍ താടി ഉപ്പയുടെത് പോലെ തന്നെ !
ഒരു മാറ്റവുമില്ല !!

ഉപ്പയുടെ ഓര്‍മ്മകളില്‍ നിറം പകര്‍ന്നാണ് ഓരോവട്ടവും അദ്ദേഹം കടന്നു വരിക .
ഞങ്ങളുടെ കമ്പനിയിലെ ഒരു ഡ്രൈവര്‍ ആണ് . വയസ്സ് അറുപത്തഞ്ചോളം ആയിട്ടുണ്ടാവും .

അദ്ദേഹം വന്നാല്‍ പിന്നെ ഞങ്ങളുടെ ഓഫീസ് ഒന്ന് സജീവമാവും .
ഒച്ചയും ബഹളവും ഉണ്ടാകും .
ആകെ ഒരു ഫ്രെഷ് നെസ് ഓഫീസിലാകെ പരക്കും .

മുഖം നിറയെ സന്തോഷവും ഒരു പാട് ചിരിയുമായിട്ടാവും വരവ് .
പ്രായം ആയെങ്കിലും ഒരു യുവാവിനെ പോലെയാണ് പെരുമാറ്റം , ഇടപെടലുകള്‍ .
ഓരോരുത്തരുടെ അടുത്തും ചെന്നു സലാം പറയും . കെട്ടിപ്പിടിക്കും .

അദ്ദേഹത്തിന്‍റെ ഓരോ വരവിനും എനിക്ക് ഒരു സമ്മാനം കിട്ടും പ്രത്യേകമായി .
ഒരു 'ബോസ' (ഉമ്മ ) !!

ഒരു പിതാവില്‍ നിന്ന് കിട്ടുന്ന സ്നേഹസമ്മാനമായി ഞാന്‍ അത് ഹൃദയ പൂര്‍വ്വം സ്വീകരിക്കും ..

മുഖം നിറയെ ചിരിയുമായിട്ടല്ലാതെ അദ്ദേഹത്തെ കണ്ടത് ഓര്‍മ്മയില്ല . .
ഏതു ഗൌരവക്കാരനെയും ഒന്ന് കുലുങ്ങി ചിരിപ്പിച്ചേ അദ്ദേഹം പോകൂ .
സ്വയം ചിരിക്കുകയും മറ്റുള്ളവരെ ചിരിപ്പിക്കുകയും ചെയ്യുന്ന നല്ല ഒരു മനുഷ്യന്‍ .

'അല്‍ഹുബ്ബ് ഫില്ലാഹി വ ല്‍ ബുഗ്ദു ഫില്ലാഹി '
الحب في الله والبغض في الله ( ഇഷ്ടം ദൈവിക കാര്യങ്ങളില്‍ ദേഷ്യവും ദൈവിക കാര്യങ്ങളില്‍ ) എന്ന് അദ്ദേഹം എപ്പോഴും പറയും ...!!

പേര് ഔദ് അബ്ബാസ് . സുഡാനി . പുറമേ കറുപ്പനും അകമേ 'വെളുപ്പനും . '

കെ. പി. കേശവ മേനോന്റെ 'നാം മുന്നോട്ടു' എന്ന പുസ്തകത്തില്‍ ഒരു അധ്യായമുണ്ട് .
'ഒരു പുഞ്ചിരി എന്തൊരു അനുഗ്രഹം 'എന്നാണു അധ്യായത്തിന്റെ പേര് .
അതില്‍ ഒരിടത്ത് പറയുന്നുണ്ട് .

മനുഷ്യന്‍ എത്ര വിരൂപനാണെങ്കിലും പുഞ്ചിരിക്കുമ്പോള്‍ കാണാന്‍ എന്ത് രസമാണ് ! ദൈവത്തിന്റെ സൃഷ്ടികളില്‍ ചിരിക്കാന്‍ കഴിയുക മനുഷ്യന് മാത്രമാകുന്നു .

ഔദ് അബാസും അദ്ദേഹത്തിന്‍റെ ചിരിയും അങ്ങനെയായിരുന്നു ..

ഇന്നലെ ആ ചിരി മാഞ്ഞു പോയ ദിവസമാണ് .
അറ്റാക്ക് ആയിരുന്നു .
ഒരു പാട് രോഗങ്ങള്‍ ഉണ്ടായിരുന്നുവത്രേ അദ്ദേഹത്തിന് ...

ആ വാര്‍ത്ത‍ ഒരു ഞെട്ടലോടെയാണ് അറിഞ്ഞത് .

വല്ലാതെ വിഷമം തോന്നിയ മറ്റൊരു വേര്‍പാടിന്റെ ദിവസം !

എല്ലാവരെയും ചിരിപ്പിച്ചു സ്വയം ചിരിച്ചു കടന്നു പോയ
ആ മനുഷ്യനെ അവസാനമായി ഒരു നോക്ക് കാണാന്‍ ചെന്നപ്പോള്‍
ഞാന്‍ സത്യത്തില്‍ അദ്ഭുതപ്പെട്ടു പോയി !
അങ്ങനെ ഒരു കാഴ്ച എന്റെ ജീവിതത്തില്‍ ആദ്യമാണ് !

അദ്ദേഹം ചിരിച്ചു കൊണ്ട് മരിച്ചു കിടക്കുന്നു !!!!

ആറു നാട്ടില്‍ നൂറ് മാമൂലുകള്‍



ലാവ എന്ന അറബി പദത്തിന് പലഹാരം എന്നാണു അര്‍ഥം .
ഹുലു എന്നാല്‍ മധുരം എന്നും .
ഹലുവക്ക് ആ പേര് വന്നത് ഒരു പക്ഷെ അങ്ങനെയാവണം .
ഹലുവ യോട് വല്ലാത്ത കൊതിയുള്ള ഒരു കാലമുണ്ടായിരുന്നു .
കുട്ടിക്കാലം .

മാങ്ങാക്കാലം , ചക്കക്കാലം , എന്നൊക്കെ പറയും പോലെ
ഹലുവ ക്കാലവും ഉണ്ടായിരുന്നു .
റബീഉല്‍ അവ്വല്‍ മാസം ആണ് ഹലുവക്കാലം!
ഒരു മാസം മുഴുവനും പള്ളിയില്‍ മൌലൂദ് ഉണ്ടാകും .
അത് കഴിഞ്ഞു 'ചീരണി' യും .

മൌലൂദിനേക്കാള്‍ ഇഷ്ടം അത് കഴിഞ്ഞു മുക്രി അലവിക്കുട്ടി ഓരോരുത്തര്‍ക്കും
കൈകളില്‍ വെച്ച് തരുന്ന ഹലുവയോടും തെങ്ങാപ്പൂളിനോടും ആവും .
രണ്ടോ മൂന്നോ കഷ്ണമേ കാണൂ . എന്നാലും അത് കയ്യില്‍ കിട്ടിയാലേ സമാധാനമാകൂ .
എല്ലാവരും വരി വരിയായി പള്ളി വരാന്തയില്‍ ഇരിക്കും .
ഒരു പക്ഷെ എല്ലാവര്‍ക്കും തികഞ്ഞില്ലെങ്കില്‍ അവസാനം ഇരിക്കുന്നവര്‍ ഇളിഭ്യരാവും ..!!

മറ്റു മാസങ്ങളി ലൊന്നും പള്ളിയില്‍ പോകാത്ത ഞങ്ങള്‍ കുട്ടികള്‍ ആ മാസം കൃത്യമായി പോകും .
ഇഷാ നിസ്ക്കരിക്കാന്‍ പോയി മൌലൂദും കഴിഞ്ഞു ചീരണി യുമായി ആണ് തിരിച്ചു പോരുക .

മിക്കപ്പോഴും അലുവയും തേങ്ങയും തന്നെയാവും കൂട്ട് .
നല്ല ചേര്‍ച്ചയാണ് അവരെ രണ്ടാളെയും കാണാന്‍ തന്നെ .
ഒരാള്‍ക്ക്‌ നല്ല വെളുപ്പ്‌ ; മറ്റെയാള്‍ക്ക് നല്ല ചുകപ്പും
രണ്ടാളും കൂടി നാവില്‍ കിടന്നു എരിപിരി കൊള്ളും .
ചിലപ്പോള്‍ അവില്‍ കുഴച്ചതാവും . ബിസ്ക്കറ്റും തേങ്ങയും ഉണ്ടാകും ചില ദിവസങ്ങളില്‍..

സുന്നത്ത് കല്യാണം കഴിഞ്ഞു കിടക്കുമ്പോഴാണ് ഹലുവയുടെ പൂതി മാറിയത് . അന്ന് ആദ്യമായി ഹലുവക്കെട്ടുമായി വന്നത് കൊളപ്പറമ്പിലെ അളിയാക്ക യാണ്
( അദ്ദേഹം ഇന്നില്ല . ഇയ്യിടെയാണ് മരണപ്പെട്ടത് - അദേഹത്തിന്റെ പരലോക ജീവിതം അല്ലാഹു ശോഭനമാക്കട്ടെ . ആമീന്‍ )

കൈതോലപ്പായയില്‍ തികച്ചും ശാന്തയായി കിടക്കുകയാവും ഹലുവക്കെട്ട് .
അവിടവിടെയുള്ള വിടവിലൂടെ അല്പ സ്വല്പം കാണുമ്പോഴേക്കും നാവിലൂടെ നിലംപതിപ്പുഴ ഒഴുകിത്തുടങ്ങും . സുന്നത്ത് കഴിഞ്ഞ മുറിവ് പെട്ടെന്ന് ഉണങ്ങരുതേ എന്ന് പ്രാര്‍ത്ഥിച്ചു കിടക്കും . ഹലുവ തീരും വരെ മുറിവ് ഉണങ്ങരുത് !

പ്രവാസികളുടെ ഇഷ്ടക്കാരില്‍ പഴം നുറുക്ക് - വാഴക്കാപ്പോരി - കഴിഞ്ഞാല്‍ ഹലുവക്കാണ് സ്ഥാനം . ഓരോ പ്രവാസിയും നാട്ടില്‍ നിന്ന് വരുമ്പോള്‍ കൂടെയുണ്ടാകുന്ന ചില വസ്തുക്കളില്‍ ഹലുവക്കുമുണ്ട് മുന്തിയ പരിഗണന .
നമ്മുടെ മിക്ക ചടങ്ങുകളിലും ബേക്കറി തന്നെയാണ് മുന്‍ പന്തിയില്‍ .
കേക്കോ ലഡ്ഡു വോ ഇല്ലാതെ നമുക്ക് എന്ത് ജന്മ ദിന ആഘോഷം ?

വിരുന്നു പോകുമ്പോള്‍ , ആരെങ്കിലും വിരുന്നു വരുമ്പോള്‍ ,
പള്ള കാണാന്‍ പോകുമ്പോള്‍ , അങ്ങനെയങ്ങനെ ..

മിക്ക 'മാമൂലുകളിലും ' ബേക്കറി ക്ക് തന്നെയാണ് ഒന്നാം സ്ഥാനം . ഇക്കാര്യത്തില്‍ ഏറെ സന്തോഷിക്കുന്നത് ഏതായാലും ബേക്കറി ക്കാര്‍ തന്നെയാവും ..
സത്യത്തില്‍ ഈ മാമൂലുകളുടെയൊക്കെ ഉപജ്ഞാതാവ് ഒരു പക്ഷെ ഏതെങ്കിലും ബേക്കറി ഉടമയാവും !!

മാമൂലുകള്‍ എന്ന പേരില് നമ്മുടെ നാട്ടില്‍ നടക്കുന്ന കോപ്രായങ്ങള്‍ക്ക്‌ കയ്യും കണക്കും ഇല്ല .
ഓരോ പ്രദേശത്തും വ്യത്യസ്തവും വിവിധങ്ങളുമായ പല തരം ആചാരങ്ങള്‍ .
ചിലതൊക്കെ കേട്ടാല്‍ നമുക്ക് ചിരി വരും . അദ്ഭുതം തോന്നും .
മാമൂലുകള്‍ എന്ന പേരില് തനി വിഡ്ഢിത്തങ്ങള്‍ പോലും നടക്കുന്നുണ്ട് .
ബുദ്ധിക്കും ചിന്തക്കും യുക്തിക്കും നിരക്കാത്തവ !!

ഇതിന്റെ പേരില് എന്തെല്ലാം വൈകൃതങ്ങള്‍ ആണ് മനുഷ്യര്‍ തകൃതിയായി ചെയ്തു
കൊണ്ടിരിക്കുന്നത് .. ആലോചിച്ചാല്‍ നാം മൂക്കത്ത് വിരല്‍ വെച്ച് പോകും !
ആറു നാട്ടില്‍ നൂറ് മാമൂലുകള്‍ !

'മാറ്റുവിന്‍ ചട്ടങ്ങളെ 'എന്ന് പറഞ്ഞിരുന്ന പോലെ
'മാറ്റുവിന്‍ മാമൂലുകളെ ' എന്ന് മുദ്രാവാക്യം വിളിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു ..

അതിനെതിരെ പൊരുതേണ്ട സമയവും!!

നാദ ശലഭങ്ങള്‍


ട എന്നും കുഴല്‍ എന്നും വേറിട്ട്‌ കേള്‍ക്കുമ്പോള്‍ ഉള്ള വികാരമല്ല
ഓടക്കുഴല്‍ എന്ന് കേള്‍ക്കുമ്പോള്‍ ഉണ്ടാകുന്നത് .

കൃത്യമായും സൂക്ഷ്മമായും ചേര്‍ത്തു വെക്കുമ്പോള്‍
വിസ്മയം വിരിയുന്ന ചില വസ്തുക്കളുണ്ട് .
അവ നാദമായും സ്വരമായും സംഗീതമായും അനുഭൂതിയായും പരിണമിക്കും .
ഹൃദയം കീഴടക്കും .
നാദ ശലഭങ്ങള്‍ സുഷിരങ്ങളിലൂടെ പുറത്തു വന്ന് പ്രകൃതിയും കടന്നു മനസ്സുകളില്‍
അനുരണനത്തിന്റെ ആന്ദോളനങ്ങള്‍ സൃഷ്ടിക്കും .
ഹൃദയ രോഗങ്ങള്‍ക്ക് പോലും ഒരു വേള ശമനമാകും .

സൂക്ഷ്മവും കൃത്യവും ചേതോഹരവുമായ ചേര്‍ത്തു വെക്കലിലൂടെ
മാസ്മരികത സൃഷിക്കാന്‍ കഴിയുന്ന ഒരു പാട് കാര്യങ്ങളുണ്ട് .
വെറും കല്ല് അതിമനോഹരമായ ശില്പമാകുന്നതും മരത്തടി നായനാനന്ദകരമായ കൌതുകമാകുന്നതും ഇങ്ങനെയാണ് ..
അക്ഷരങ്ങളുടെ കാര്യവും അതെ
ജീവിതവും അതെ !

സിദ്ധിയുള്ളവന്റെ കയ്യിലെ അസംസ്കൃത വസ്തു ശില്പിയുടെ കയ്യിലെ ശിലയാണ് .
സിദ്ധിയില്ലാത്തവന്‍റെ കണ്ണില്‍ അത് വെറും ഒരു കല്ല് .
നമ്മുടെ കയ്യിലുള്ള അസംസ്കൃത വസ്തുക്കള്‍ ഉപയോഗിച്ച്
നമ്മുടെ ജീവിതവും നമ്മുടെ അക്ഷരങ്ങളും
നാദ ശലഭങ്ങളായി പരിണമിച്ച് പ്രകൃതിയെയും മനസ്സുകളെയും
സംഗീത സാന്ദ്രമാക്കട്ടെ ...!!!

അപ്പൂപ്പന്‍ താടികള്‍




ഫീസിലേക്ക് പോകുമ്പോള്‍ തൂവലുകള്‍ പോലെ എന്തോ കുറെ എണ്ണം എന്റെ തലയ്ക്കു മീതെ പറന്നു വന്നിരുന്നു.. തലയിലും കഴുത്തിലും കൈകളിലും മൃദുലമായ, ഇക്കിളിപ്പെടുത്തുന്ന തലോടല്‍ .. നോക്കുമ്പോള്‍ നമ്മുടെ അപ്പൂപ്പന്മാരാണ്..
അപ്പൂപ്പന്‍ താടികള്‍.. ..!

വല്ലാത്ത കൌതുകം തോന്നി..
എവിടെ നിന്നാണ് കൊച്ചു പക്ഷികളെ പോലെ ഇവ കൂട്ടം കൂട്ടമായി പറന്നു വരുന്നത്?
നാലുപാടും നോക്കി ..
വലിയ മതില്‍ക്കെട്ടിന്റെ അകത്തേക്ക് എന്റെ ദുര്‍ബലമായ കണ്ണുകള്‍ക്ക്‌ പ്രവേശന മില്ലാത്തത് കൊണ്ട് 'വെള്ളപ്പറവ'കളുടെ കൂട് കണ്ടെത്താനുള്ള ശ്രമം പരാജയപ്പെട്ടു..

കൂട്ടത്തില്‍ ഒന്ന് രണ്ടെണ്ണം എടുത്തു ഓമനിച്ചു..
നനുത്ത മിനുമിനുപ്പുള്ള കുഞ്ഞു താടികള്‍ എങ്ങോട്ടോക്കെയോ കൂട്ടിക്കൊണ്ടു പോയി.. ഒന്ന് രണ്ടെണ്ണത്തിനെ പിടിച്ചു വെച്ച് പോക്കറ്റിലിട്ടു..
അവ ഇപ്പോഴും കീശയില്‍ സുഖമായി ഉറങ്ങുന്നുണ്ട്‌!

കുട്ടിക്കാലത്ത് പണ്ടെങ്ങോ കണ്ടതാണ്...
കയ്യില്‍ കിട്ടിയാല്‍ പിന്നെ ഒരു ഊത്താണ്..
പറന്നു പോകുന്നത് കാണാന്‍ നല്ല രസം ..
അതിലേറെ എനിക്കിഷ്ടം ആ പേരാണ്..
നല്ല കാല്പനികമായ ആ പേര് ആരാണാവോ ഇവക്കിട്ടത്...
അപ്പൂപ്പന്‍ താടി..! സൂപ്പര്‍ പേര്..

ഇവ ഏതോ മരത്തിന്റെ കായ പൊട്ടിപ്പിളര്‍ന്ന് വരുന്നതാണ്..
ഏതു ചെടിയാണ് ഈ പറവകളെ പറത്തിവിടുന്നത്?

പിതാവിന് കുഞ്ഞു താടിയെ ഉണ്ടായിരുന്നുള്ളൂ .. അതിന്മേല്‍ ഒന്ന് ഉഴിയാന്‍ മോഹമുണ്ടായിരുന്നു.. നടന്നില്ല.. പേടിയായിരുന്നു..

അപ്പൂപ്പന്‍ ഇല്ലാത്തത് കൊണ്ട് അതും സാധിച്ചില്ല..
വെളുത്ത നൂല് പോലെയുള്ള അപ്പൂപ്പന്റെ താടിയില്‍ സ്നേഹപൂര്‍വ്വം പിടിക്കാന്‍ നല്ല രസം കാണും ...
യഥാര്‍ത്ഥ അപ്പൂപ്പന്റെ താടിയില്‍ ഉഴിയാന്‍ കഴിഞ്ഞില്ലെങ്കിലും ഇന്ന് ഞാന്‍ ഈ അപ്പൂപ്പന്മാരെ മതിയാവോളം ആസ്വദിച്ചു...
ഇപ്പോള്‍ ഒരു ആശങ്ക : ഇവ കീശയില്‍ കിടന്നു വാടിപ്പോകുമോ?

നാം നടന്നു പോകുന്ന വഴി നീളെ എന്തെല്ലാം കൌതുകങ്ങള്‍ ..
കാഴ്ചകള്‍ .
പക്ഷെ പലതും നാം അറിയുന്നില്ല . കാണുന്നില്ല .
വസ്തുക്കളെ എല്ലാവരും കാണുന്നത് കണ്ണ് കൊണ്ട് . പക്ഷെ മനസ്സുകൊണ്ട് കാണാന്‍
കഴിഞ്ഞാല്‍ ഈ ലോകം കൂടുതല്‍ സുന്ദരമായി തോന്നും .
കടല് എല്ലാവരും ഒരു പോലെയല്ല കാണുന്നത് .
ആകാശവും നക്ഷത്രങ്ങളും മഴയും മഞ്ഞും പൂവും പുല്ച്ചാടിയും മയിലും കുയിലും കിളികളും തുമ്പിയും ഉറുമ്പും അങ്ങനെയങ്ങനെ ..
ഒരു പുഴു ഇഴയുന്നതില്‍ പോലും ഉണ്ട്
ഒരഴക് !! കാണാനുള്ള മനസ്സുള്ളവര്‍ ക്ക് ...!

മഴയിലഴുകി
വഴുതും വഴിയിലൂടിഴയും
പുഴുവിനും
വഴിയുമഴക് !

അടയാളം




റിയാമല്ലോ ,
മറച്ചു വെക്കാനൊന്നുമില്ലായിരുന്നു
ഒരേ ഞെട്ടില്‍
പരസ്പരം അറിഞ്ഞും
അറിയിച്ചും
ഒരേ സ്വപ്നം തന്നെ
പലവട്ടം കണ്ടും
എത്ര യാമങ്ങളാണ്
ഉറങ്ങാതെ കിടന്നത് !

പിന്നെ എപ്പോഴാണ്
ആരുടെ കരങ്ങളാണ്
ഇരു ധ്രുവങ്ങളിലേക്ക്‌
നമ്മെ 'ഇരിഞ്ഞു' കളഞ്ഞത് ?

ഇനിയൊരിക്കലും
അടുക്കാന്‍ കഴിയാത്ത
അകലങ്ങളില്‍
'നീരുണങ്ങി'
വീണു കിടക്കുമ്പോഴും
നിനക്കറിയുമോ
അട ര്‍ത്തി മാറ്റപ്പെട്ടതിന്റെ
അടയാളം
ഈ നെഞ്ചിലിപ്പോഴും
ഉണങ്ങാതെ കിടപ്പുണ്ട്
 
Copyright © 2010 Iringattiri Drops. All rights reserved.
Design By- മലയാളം ബ്ലോഗ്‌ ഹെല്‍പ്