2012, മാർച്ച് 31, ശനിയാഴ്‌ച

നഫ്സി നഫ്സീ നഫ്സിയാ




കാശക്കണ്ണാടി നോക്കി മുഖംമിനുക്കുന്ന മലനിരകള്‍ . തണുപ്പകറ്റാനെന്നോണം വെയില്‍ കായുന്ന  ചെറുകുന്നുകള്‍ . 
പച്ചപ്പുറങ്ങുന്ന തെരുവോരങ്ങള്‍ . പ്രസാദശബളിമ ഓളംവെട്ടുന്ന പൂന്തോപ്പുകള്‍ . തീരെ പ്രതീക്ഷിക്കാതെ പറന്നിറങ്ങുന്ന  മഴക്കിളികള്‍ . കുളിരോലുന്ന നട്ടുച്ച . മഞ്ഞ് പെയ്തിറങ്ങുന്ന മലമുനമ്പ്.  
കനല്‍മലയുടെ നെറുകയില്‍ നിന്ന് യന്ത്രനൂലിലൂടെ കല്‍മുത്തശ്ശിയുടെ  കാല്ച്ചുവട്ടിലേക്ക് ചില്ലുപേടകത്തില്‍ ഒരു ആഘോഷയാത്ര .


ബസ്സ് പുറപ്പെടാറായി. ഒന്ന് രണ്ടു കുടുംബങ്ങള്‍കൂടി എത്താനുണ്ട് . മുപ്പത്തഞ്ചോളം സ്ത്രീ പുരുഷന്മാര്‍ . പത്തു പന്ത്രണ്ടു കുട്ടികള്‍ .


ഭക്ഷണം പാകംചെയ്തു കൊണ്ട് പോകുകയാണ് . ഏതെങ്കിലും ഒരു പാര്‍ക്കില്‍ ഒന്നിച്ചിരുന്നു കഴിക്കാം . അങ്ങനെയാവുമ്പോള്‍ ഹോട്ടലുകള്‍ തേടി അലയേണ്ട. 


നേരം വെളുക്കും മുമ്പേ എല്ലാം റെഡി . പ്രാതലിന് ഉപ്പുമാവ് . ഉച്ചയ്ക്ക് നെയ്ച്ചോറും ഇറച്ചിക്കറിയും . മൂന്ന് നാല് ഫ്ലാസ്ക്കുകളില്‍ തിളച്ച വെള്ളം . വലിയ ബോട്ടിലുകളില്‍ കുടിവെള്ളം . വേനല്‍ക്കാലം അതിന്റെ സര്‍വവിധ ഐശ്വര്യങ്ങളുമായി പൂത്തുനില്‍ക്കുന്ന സമയമാണ് . എത്ര വെള്ളം ഉണ്ടായാലും മതിയാവില്ല . 


ആവിപൊന്തുന്ന നെയ്ചോറിന്റെയും ഇറച്ചിക്കറിയുടെയും വലിയ ചെമ്പുകള്‍  ബസ്സിന്റെ അടിപ്പള്ളയിലേക്ക് . ഒരു ചെറിയകുടുംബത്തിനു അല്ലലില്ലാതെ ജീവിക്കാന്‍ മാത്രം വിശാലമാണ് അവിടം !


ഉറക്കച്ചടവ് വിട്ടുമാറാത്ത വിജനമായ റോഡിലൂടെ ഞങ്ങളുടെ 
ബസ് ഒഴുകിത്തുടങ്ങി . വെള്ളിയാഴ്ച ആയതു കൊണ്ട് നാടും നാട്ടാരും ഉണരാന്‍ അല്പം വൈകും .


അലി അല്‍ഹമദാനിയാണ് ഡ്രൈവര്‍ . പുറമേ കറുപ്പനാണെങ്കിലും അകമേ  വെളുപ്പനാണ് കക്ഷിയെന്നു തോന്നുന്നു . ഡ്രൈവര്‍ക്ക് ക്ഷമ കുറച്ചൊന്നും പോര . പ്രത്യേകിച്ച് മലയാളികളെ നയിച്ച്‌ കൊണ്ട് പോകാന്‍ . 
ക്ഷമയുടെ നെല്ലിപ്പടിയല്ല നെല്ലിയാമ്പതി തന്നെ ഒരു പക്ഷെ അവര്‍ കാണിച്ചു കൊടുത്തെന്നിരിക്കും...! 


വണ്ടേ ടൂറാണ് . ഉല്ലാസയാത്ര എന്ന് പറയാമെങ്കിലും ഉല്ലാസ ബസ് യാത്ര എന്ന വിശേഷണമാവും   ഈ യാത്രയ്ക്ക്  ചേരുക . കൂടുതല്‍ സമയം ബസ്സില്‍ തന്നെ ആവും.  അതുകൊണ്ട് ഇതൊരു സല്ലാപ യാത്രയാക്കാം എന്നാണ് പ്ലാന്‍ . ചില്ലറ പൊടിക്കൈകളും ചില നമ്പരുകളും കയ്യിലുണ്ട് . 'കയ്യിലിരുപ്പ്' മോശമല്ല എന്നര്‍ത്ഥം .
ഈ യാത്രയില്‍ ഒരു സൌകര്യമുണ്ട് . ഏതു നമ്പരും ഇറക്കാം . ആരും ഇറങ്ങി ഓടില്ല . കുത്തിയിരുന്ന് സഹിച്ചോളും . 


ഷൌക്കത്തും ഹക്കീമും സഹായ സഹകരണ സംഘം പ്രസിഡന്റും സെക്രട്ടറിയും ആയി കൂടെത്തന്നെയുണ്ട്‌ . കുട്ടികള്‍ക്ക് വേണ്ടിയാണ് ആദ്യത്തെ പരിപാടി.


സീറ്റുകള്‍ക്കിടയിലെ നടവഴിയില്‍ സ്കൂള്‍ അസ്സംബ്ലിയിലെന്നപോലെ കുട്ടികളെ ലൈനാക്കി നിര്‍ത്തി . ഉയരക്രമം അനുസരിച്ച് .


രണ്ടു വരി കവിത ചൊല്ലാമെന്നു വെച്ചു . ഒരു കുട്ടിക്കവിത .
'കട്ടിലിന്റെ ചോട്ടിലൊരു കൂട്ടം മൂട്ട 
മൂട്ടകളുടെ മൂട്ടില്‍ ഒരു കൊട്ട മുട്ട '


ഇത് അതിവേഗത്തില്‍ നാലഞ്ചു വട്ടം ചൊല്ലണം . 
ടംഗ്ട്വിസ്റ്റ്‌ മത്സരം . 
വിജയികളെ കാത്തിരിക്കുന്നത് അടിപൊളി സമ്മാനങ്ങള്‍ . 
ഞാന്‍ പ്രഖ്യാപിച്ചു ..


പലപ്രാവശ്യം കുട്ടികള്‍ക്ക്  ഉച്ചത്തില്‍ ചൊല്ലിക്കൊടുത്തു .. 
അവര്‍ ഏറ്റു ചൊല്ലി . പലവുരു ആവര്‍ത്തിച്ചിട്ടൊടുവില്‍ ചോദിച്ചു :
'ഇനീ ഇങ്ങനെ  വേഗത്തില്‍ ആര് പറയും ..' ?


എല്ലാവരും കൈപൊക്കി . മൂന്നു വയസ്സുകാരനായ ഒരു കൊച്ചുമിടുക്കനടക്കം . കൈപൊക്കാന്‍ ചെലവൊന്നും ഇല്ലല്ലോ .


കൈ പൊക്കിയവരെയൊക്കെ ഷൌക്കത്തും ഹക്കീമും മൈക്കിനു അടുത്തേക്ക് പൊക്കി . ഓരോരുത്തരും  ചൊല്ലി  , കൊട്ടയിലും മുട്ടയിലും മൂട്ടയിലും തട്ടി എട്ടു നിലയില്‍ പൊട്ടി . 
ബസ്സിലാകെ ചിരിയുടെ അമിട്ട്  പൊട്ടി .


ഒടുവില്‍ അധികം പൊക്കമില്ലെങ്കിലും നല്ല ഊക്കു കാട്ടി മുന്നോട്ടു വന്ന ആദില്‍ സിനാന്‍  എന്ന രസികന്‍ കുട്ടി എല്ലാവരെയും ഞെട്ടിച്ചു കളഞ്ഞു .


ഹൈസ്പീഡിലാണ് അവന്‍ ചെല്ലുന്നത് . ഒരു വട്ടമല്ല നാലഞ്ചു വട്ടം . 'ഞാനിതൊക്കെ എത്ര കണ്ടതാ' എന്ന ഭാവം . ബസ്സിലപ്പോള്‍ കയ്യടിയുടെ തൃശൂര്‍പൂരം .  


പകല്‍ മൂത്തു പഴുത്തു  വരികയാണ് . വിശപ്പ്‌ മെല്ലെ തലപൊക്കി ത്തുടങ്ങിയിട്ടുണ്ട്  . പ്രാഥമിക സൌകര്യങ്ങള്‍ ഒക്കെയുള്ള ഒരിടത്ത് ബസ്സ്‌ നിര്‍ത്താന്‍ ഡ്രൈവര്‍ക്ക് നിര്‍ദേശം നല്‍കി . അധികം വൈകാതെ ഒരു പെട്രോള്‍ പമ്പിനു സമീപം ബസ് നിര്‍ത്തി .


വഴിയോരത്തെ മരത്തണലുകളില്‍ ഇരുന്ന് പ്രാതല്‍ .


വീണ്ടും ബസ്സിലേക്ക് . 
അടുത്ത ഇരകള്‍ കുടുംബിനികള്‍ ആവട്ടെ . മനസ്സില്‍ കരുതി . 
മത്സരങ്ങള്‍ തുടരുകയാണെന്ന അറിയിപ്പ് കൊടുത്തു . 
ഒരു  'ലേഡീസ് ഒണ്‍ലി'മത്സരം. 


ഒരു കുസൃതിചോദ്യമാണ്. എല്ലാ മഹിളാമണികളും കാതുകൂര്‍പ്പിച്ചു . 
'തിന്നാന്‍ പറ്റുന്ന പെണ്‍ വിരല്‍ ' ഏതാണ് ? 


പെണ്ണിന്റെ വിരല് തിന്നുകയോ ? 


ചോദ്യമെറിഞ്ഞു കുടുംബിനികളെ ശ്രദ്ധിക്കുമ്പോള്‍ ചിലരൊക്കെ കണ്ണ് തുറിപ്പിച്ചു പരസ്പരം നോക്കുന്നു . ചിലര്‍ തല ചൊറിയുന്നു . 
ചില കൌശലക്കാരികള്‍ ഭര്‍ത്താവിനോട് ചോദിച്ചു 
കോപ്പിയടിക്കാന്‍ ശ്രമിക്കുന്നു ..


ഒടുവില്‍ ഒരു കൈ മെല്ലെ പൊങ്ങിവരുന്നത്‌ കണ്ടു. 


അവള്‍ ജസ്ന ഉത്തരം കൃത്യമായി പറഞ്ഞു: 
- ലേഡീസ് ഫിംഗര്‍ (വെണ്ടക്ക )!! 
കയ്യടി ... 


പിന്നീട് മറ്റൊരു  ചോദ്യം കൂടി എടുത്തിട്ടു. കുസൃതി തന്നെ . 
- പാത്തുമ്മയുടെ ആട് ആരുടെതാണ് ?


ചോദ്യം ചുണ്ടില്‍ നിന്ന് ചാടും മുമ്പേ ചിലരൊക്കെ കൈപൊക്കി . എല്ലാവരുടെയും ഉത്തരം ഒന്ന് തന്നെ .
- വൈക്കം മുഹമ്മദ്‌ ബഷീറിന്റെ .
ഉത്തരം തെറ്റായിരുന്നു . ചോദ്യം കുസൃതി ആയതു കൊണ്ട് .
ഏറ്റവും ഒടുവില്‍ ഒരു സഹോദരി കൈ പൊക്കി . 
അവര്‍ ഉത്തരം പറഞ്ഞു : 
- പാത്തുമ്മയുടെ. ശരിയുത്തരം. 
ഞാന്‍ അവരുടെ പേര് ചോദിച്ചു :
- പാത്തുമ്മ 
വീണ്ടും ബസ്സില്‍ കൂട്ടച്ചിരി .. കയ്യടി.


അടുത്തത്‌ നാവു വഴങ്ങുമോ എന്നാ പരിപാടിയായിരുന്നു .
ഒരു കവിത തന്നെയാവട്ടെ എന്ന് കരുതി .


'മഴയിലഴുകി 
വഴുതും വഴിയിലൂ -
ടിഴയും പുഴുവിനും 
വഴിയുമഴക് '
പലരും തെറ്റിച്ചു ; ചിലര്‍ പാതിവഴിക്ക് നിര്‍ത്തി പോയി  . 
ഒടുവില്‍ സ്മിത രാജന്‍ വളരെ കൂളായി ചൊല്ലി കയ്യടി വാങ്ങി .. 
പിന്നെയും മത്സരങ്ങള്‍ .. കലാപരിപാടികള്‍ .. ക്വിസ് പോഗ്രാമുകള്‍ ..


ഏകദേശം പന്ത്രണ്ട് മണിയായിക്കാണും . ഞങ്ങളുടെ ബസ്സ് ആകാശക്കവിളില്‍ മിനാര ചുംബനം നടത്തി തലയുയര്‍ത്തി നില്‍ക്കുന്ന തായിഫ് സിറ്റിയിലെ പ്രശസ്തമായ ഇബ്നു അബ്ബാസ് പള്ളിയുടെ ഓരം ചേര്‍ന്ന് നിന്നു. വൃത്തിയും വിശാലതയുമുള്ള പള്ളി . ഇതൊന്നുമില്ലാത്ത ടോയ് ലെറ്റ് .


ജുമുഅ കഴിഞ്ഞ്  ഞങ്ങള്‍ പുറത്തിറങ്ങി . സിറ്റിയില്‍ നിന്ന് ഒന്നൊന്നര കിലോമീറ്റര്‍ അകലെയുള്ള ഒരു ഗാര്‍ഡന്‍ ആണ് അടുത്ത  ലക്‌ഷ്യം . അവിടെ വെച്ചാണ് ഉച്ചഭക്ഷണം..


ഭക്ഷണശേഷം  കുട്ടികള്‍ക്കായി പ്രത്യേകം കളികളും പ്ലാന്‍ ചെയ്തിട്ടുണ്ട് .   ബലൂണ്‍ പ്ലക്കിംഗ് , കസേരക്കളി തുടങ്ങിയ മത്സരങ്ങള്‍ . ഇവ നേരത്തെ തന്നെ ശീലിക്കുന്നത് നല്ലതാണ് . ഭാവിയില്‍ ആവശ്യം വരും . ആരാന്റെത് പൊട്ടിച്ചു തന്റേതു സംരക്ഷിക്കുക . 
പരിശീലനം വേണ്ട കാര്യം തന്നെ...! 


കസേരക്കളിയാണെങ്കില്‍ പിന്നെ പറയുകയും വേണ്ട.  ആ വിശിഷ്ട വസ്തുവിന് വേണ്ടി മനുഷ്യര്‍ കാട്ടിക്കൂട്ടുന്ന കോപ്രായങ്ങള്‍ക്ക്‌ കയ്യും കണക്കും സയന്‍സുമുണ്ടോ ? അതും കഴിയുന്നതും 
നേരത്തെ ശീലിക്കുന്നത് നല്ലത് തന്നെ !


ബസ്സിളകി . കുട്ടികള്‍ കരയാന്‍തുടങ്ങിയിട്ടുണ്ട് . 
വിശന്നു തുടങ്ങിക്കാണും . 


അല്‍പ ദൂരം ഓടി മനോഹരമായ ഒരു ഉദ്യാനത്തിനരികെ ബസ്സ് നിന്നു . 


പതുപതുത്ത പുല്പ്പുതപ്പു പുതച്ചു കണ്ണും പൂട്ടിയുറങ്ങുന്ന മലര്‍വാടിയില്‍ തണല്‍ പന്തലുകള്‍ ഒരുക്കി സുന്ദരിമരങ്ങള്‍ സന്ദര്‍ശകരെ  
മാടിവിളിക്കുന്നു . 
കുളിര്‍വിശറിയുമായി കല്യാണപന്തലിലെ കാരണവരെ പോലെ അങ്ങോട്ടും ഇങ്ങോട്ടും ഓടിനടക്കുന്ന കുസൃതിക്കാറ്റ്‌ . കുട്ടികളെ വാത്സല്യത്തോടെ അരികിലേക്ക് വിളിക്കുന്ന കളിയൂഞ്ഞാലുകള്‍ . 


തിരക്ക് കുറവാണ് . സന്ദര്‍ശകര്‍ എത്തിത്തുടങ്ങുന്നേയുള്ളൂ ..


ഷൌക്കത്തും ഹക്കീമും സജീവമായി . യാത്രക്കാരിലെ സഹായ മനസ്ഥിതിയുള്ള രണ്ടുമൂന്നു ചെറുപ്പക്കാരും  അവരോടൊപ്പം കൂടി.


നെയ്ച്ചോറും കറിയും ഗാര്‍ഡനിലെ ഒരു പ്രത്യേക ഭാഗത്തേക്ക് .


ചെമ്പിന്റെ മൂടി തുറന്ന പാടെ കൊതിയൂറും ഗന്ധം പുറത്തുചാടി. 
ഇറച്ചിക്കറിച്ചെമ്പ്  ഇറക്കിവെക്കുമ്പോള്‍ ആരുടെയോ കയ്യൊന്നു വഴുതി . കുറച്ചു പുറത്തേക്കു തൂവി. കറിച്ചെമ്പില്‍ പാറിക്കളിക്കുന്ന ഒരു തരം നനുത്തവെളുത്ത  പാട ഞങ്ങളെ ചെറുതായൊന്നു അലോസരപ്പെടുത്തി . 
മുതിര്‍ന്ന ഒരാളുടെ - മൊയ്തീന്‍ ഹാജിയുടെ  - 'അത് നെയ്പ്പാടയാണ് ' എന്ന  സാക് ഷ്യപത്രത്തിന്റെ ബലത്തില്‍ ഞങ്ങള്‍ വിളമ്പിത്തുടങ്ങി  ..




സ്ത്രീകളും കുട്ടികളും നന്നായി കഴിച്ചു . രണ്ടും മൂന്നും വട്ടം ചോറും കറിയും ആവശ്യപ്പെട്ടു വരുന്നവരെയും കണ്ടു . ഭക്ഷണം എല്ലാവര്‍ക്കും നന്നേ പിടിച്ചെന്നു സംഘാടകരായ ഞങ്ങള്‍ ആശ്വസിച്ചു . 


ഒടുവിലാണ് ഞങ്ങള്‍ കഴിക്കാനിരുന്നത് .  
അപ്പോഴേക്കും കറിയൊക്കെ തീര്‍ന്നിരുന്നു . അത് നന്നായി എന്ന് 
പിന്നീടാണ് മനസ്സിലായത്‌ ...!
നല്ല ഭക്ഷണം ; കറി സൂപ്പര്‍ . കമന്റ് വന്നുതുടങ്ങി .


പിന്നീട് ബലൂണ്‍ പ്ലക്കിംഗ് , കസേരക്കളി എന്നിവ അരങ്ങേറി . കാഴ്ചക്കാര്‍ പെരുകി . വിദേശികളും സ്വദേശികളും കുട്ടികളും രക്ഷിതാക്കളും പുതിയ കളി കണ്ടു  ചുറ്റും കൂടി . കളി വല്ലാതെ തലയ്ക്കു പിടിക്കുകയും കളിയുടെ ട്രിക്ക് മനസ്സിലാകുകയും ചെയ്തപ്പോള്‍ സിറിയക്കാരി ജൌഹറക്കും സുഡാന്‍കാരനായ നഈമിനും
മറ്റു കുട്ടികള്‍ക്കും മത്സരിച്ചേ തീരൂ .


ഒടുവില്‍ അവര്‍ക്ക് വേണ്ടി പ്രത്യേകം ഒരു മത്സരം തന്നെ നടത്തി. എട്ടോളം കുട്ടികള്‍ പങ്കെടുത്ത മത്സരത്തില്‍ അഞ്ചു രാജ്യങ്ങളുടെ പ്രതിനിധികള്‍ ഉണ്ടായിരുന്നു . 
ഏറെ സ്മാര്‍ട്ട് ആയ ജൌഹറക്ക് ഒന്നാം സ്ഥാനവും നഈം രണ്ടാം സ്ഥാനവും നേടി . നൂറയെന്ന ഈജിപ്തുകാരിക്കുട്ടിക്കു മൂന്നാം സ്ഥാനം . സമ്മാനങ്ങള്‍ അവര്‍ക്കും കൊടുത്തു .


അങ്ങനെ ലോകചരിത്രത്തില്‍ ആദ്യമായി ഒരു അന്താരാഷ്‌ട്ര കസേരക്കളി സംഘടിപ്പിച്ച ക്രെഡിറ്റ്  ഞങ്ങള്‍ക്ക് സ്വന്തമായി !!


കളി നിര്‍ത്തി എല്ലാവരോടും ബസ്സില്‍ കേറാന്‍ നിര്‍ദേശം നല്‍കി  . 
യാത്ര തുടങ്ങിയിട്ടേ ഉള്ളൂ. അല്‍ഹദയിലെ റോപ് വേ  ആണ്  അടുത്ത ലക്‌ഷ്യം . ഒരു മണിക്കൂറോളം ഓടണം ഹദയില്‍ എത്താന്‍ .


എല്ലാവരും ബസ്സില്‍ കേറുന്നതിനിടെ തീരെ പ്രതീക്ഷിക്കാതെ മഴ പെയ്തു. തകര്‍പ്പന്‍ മഴ .  കുട്ടികളും സ്ത്രീകളും നനഞ്ഞു കുതിര്‍ന്നു ബസ്സിലേ ക്കോടിക്കേറി. ചിലര്‍ മഴ ആസ്വദിച്ചു , നിന്ന് കൊണ്ടു..!


ഹദയിലേക്കുള്ള യാത്രയില്‍ റോഡ്‌ അരികിലൂടെ വെള്ളം കുത്തിയൊലി ച്ചൊഴുകുന്നതും ബസ്സിന്റെ വലിയ ചില്ലുകളില്‍ മഴത്തുള്ളികള്‍ വീണു പൊട്ടിച്ചിതറുന്നതും ഇമ്പമുള്ള കാഴ്ചയായിരുന്നു .. കര്‍ക്കിടകത്തിലെ കോരിച്ചൊരിയുന്ന മഴക്കാഴ്ച്ചകളിലേക്ക് ഒരു നിമിഷം മനസ്സ് പറന്നു പോയി . 


ഹദയില്‍ എത്തുമ്പോള്‍ മഴ ശമിച്ചിരുന്നു . നന്നേ തെളിഞ്ഞ അന്തരീക്ഷം .








കല്ലുമലയുടെ ഉച്ചിയില്‍ നിന്ന് തായിഫിന്റെ കാല്ച്ചുവട്ടിലേക്ക് ചില്ലുവാഹനത്തിലൂടെയുള്ള യാത്ര രസകരമായിരുന്നു . താഴെ വളഞ്ഞു പുളഞ്ഞു പോകുന്ന ചുരം. ഒഴുകിയിറങ്ങുന്ന വാഹനങ്ങളുടെ വിദൂരദൃശ്യം . വാനരക്കൂട്ടങ്ങളുടെ കൌതുകക്കാഴ്ചകള്‍ . 
ഇടുങ്ങിയ ഊടുവഴികള്‍ തീര്‍ത്ത്‌ മലമുകളിലേക്ക് കുത്തനെ കേറിപ്പോവുന്ന നടപ്പാതകള്‍ . സ്കൂള്‍ മുറ്റത്ത് നിന്ന് ഇരമ്പിപ്പാറുന്ന വിമാനങ്ങളെ നോക്കി നില്‍ക്കുന്ന കുട്ടികളുടെ കൌതുകത്തോടെ ഞങ്ങളെ തന്നെ നോക്കി നില്‍ക്കുന്ന മുള്‍ച്ചെടിക്കൂട്ടങ്ങള്‍ .. 


എട്ടു പേര്‍ക്ക് അഭിമുഖമായി ഇരിക്കാവുന്ന ചില്ല് പേടകം . ഓട്ടോമാറ്റിക് സിസ്റ്റം . വാതിലുകള്‍ അടയുന്നതും തുറയുന്നതും പ്രത്യേക പോയന്റില്‍ എത്തുമ്പോള്‍ മാത്രം .  
താഴെ ജലക്രീഡകള്‍ക്കായി വാട്ടര്‍ തീം പാര്‍ക്ക്‌ . 


കുടുംബത്തോടൊപ്പം മലമ്പുഴ ഡാമിന് മീതെയുള്ള ഉണങ്ങിയ റോപ് വേ യാത്ര അന്നേരം ഓര്‍മ്മയിലെത്തി . അത് റോപ് വേ അല്ല 'റേപ് വേ ' ആണെന്ന ഒരു ട്വിസ്റ്റ്‌ തമാശ അപ്പോള്‍ മനസ്സില്‍ കിടന്നു വീര്‍പ്പുമുട്ടി .








ഹദയില്‍ നിന്ന് ബസ്സ് വീണ്ടും  ഒഴുകിത്തുടങ്ങി . അടുത്ത ലക്‌ഷ്യം മൃഗശാലയാണ് . മരുഭൂമിയിലെ മൃഗസങ്കേതം. ആനയെയും സിംഹത്തെയും കുരങ്ങിനെയും ഒന്നും ജീവനോടെ കാണാന്‍ കഴിയാത്ത ഇവിടെ ജനിച്ചു വളര്‍ന്ന കുട്ടികള്‍ക്ക് ഈ മൃഗശാല നല്ല അനുഭവം  തന്നെ . മൂന്നുകാലുള്ള ഒട്ടകം , ആറു കാലുള്ള പശു , എല്ലാവര്‍ക്കും തുമ്പിക്കൈ ഉയര്‍ത്തി സലാം പറയുന്ന ആന തുടങ്ങിയ ചില വിചിത്ര 
കാഴ്ചകളുമുണ്ട് .

സമയമുണ്ടെങ്കില്‍ തായിഫിന്റെ മൂര്‍ധാവ് എന്ന് പറയാവുന്ന ശഫാ കുന്നിലേക്ക് പോകണം . ഇങ്ങനെ വരുന്ന മിക്ക യാത്രകളിലും അങ്ങോട്ട്‌ പോകാറുണ്ട് . 
സമുദ്രനിരപ്പില്‍ നിന്ന് അനേകം അടി ഉയരത്തില്‍ കുത്തനെ കിടക്കുന്ന പ്രദേശം . കുളിരിന്റെ കളിത്തൊട്ടില്‍ . കോടമഞ്ഞിറങ്ങി 
കണ്ണ് മൂടുന്നയിടം . താഴ്വാരങ്ങളില്‍ നിറയെ മുന്തിരിപ്പാടങ്ങള്‍ . കുന്നുംപുറങ്ങളില്‍ സമൃദ്ധമായി കായ്ക്കുന്ന ബര്‍ശൂമിപ്പഴങ്ങള്‍ . മുള്ളുകള്‍ക്കുള്ളിലെ മധുരക്കനി. 


അവധിക്കാലങ്ങളില്‍ അറബികള്‍ കുടുംബസമേതം ഇങ്ങോട്ടാണ്‌ വരിക . കൃത്രിമ അടുപ്പുകള്‍ ഉണ്ടാക്കി ഇറച്ചി ചുട്ടു തിന്നും ഒട്ടകപ്പാല്‍ കുടിച്ചും ഹുക്ക ആഞ്ഞു വലിച്ചും വലിയ ജവനകളില്‍ പൊതിനയിലയിട്ട സുലൈമാനി മൊത്തിയും ദിവസങ്ങളോളം ഇവിടെയവര്‍ തമ്പടിക്കും . 



   


മൃഗശാലയില്‍ എത്തുമ്പോഴേക്കും സമയം വൈകിയിരുന്നു . നാളെ പ്രവൃത്തി  ദിവസം ആണ്. വല്ലാതെ വൈകിക്കൂടാ . ശഫ തത്ക്കാലം മാറ്റി വേക്കേണ്ടി വരും. 


മുക്കാല്‍ മണിക്കൂറിനകം എല്ലാവരും തിരിച്ചെത്തണം എന്ന നിര്‍ദേശം നല്‍കിയാണ്‌ മൃഗശാലയിലേക്ക് ആളുകളെ വിട്ടത് . 
സമയം ആറരയോടടുക്കുന്നു . 


മൃഗശാലയില്‍ നിന്ന് തരിച്ചു വന്ന യാത്രക്കാരെല്ലാം തളര്‍ന്നിരിക്കുന്നു എന്ന് അവരുടെ മുഖഭാവത്തില്‍ നിന്ന് മനസിലായി . എല്ലാ മുഖങ്ങളിലും 'ഇനി തിരിച്ചു പോകാം' എന്ന് എഴുതി വെച്ച പോലെ .


തായിഫിനു മീതെ ഇരുട്ട് അടയിരിക്കാന്‍ തുടങ്ങിയിരിക്കുന്നു . ഇപ്പോള്‍ പുറപ്പെട്ടാല്‍ പതിനൊന്നു മണിക്കെങ്കിലും ജിദ്ദയില്‍ എത്താം . യാത്രക്കാരൊക്കെ നിറഞ്ഞ സംതൃപ്തിയില്‍ ആയിരുന്നു . 


ബസ്സ്‌ ജിദ്ദ ലക്‌ഷ്യം വെച്ച് ഓടിത്തുടങ്ങി . ഏതോ ഒരു അറബിപ്പാട്ട് മൂളി സിഗരറ്റ് ആഞ്ഞുവലിച്ച് ഒരു ശുഭയാത്രയിലേക്കുള്ള ആക്സിലേറ്ററില്‍ അമര്‍ത്തിച്ചവിട്ടി അലി ഹമദാനി ഡ്രൈവിംഗ് ആസ്വദിക്കുകയാണ് .. 


തൊട്ടരികെയുള്ള സീറ്റില്‍ അയാളോട് സംസാരിച്ചു കൊണ്ട് ഞാനിരുന്നു . രാത്രി യാത്രകളില്‍ ഇത് അനിവാര്യമാണ് . ബസ്സിനകത്ത് എല്ലാവരും ഉറക്കിലൂടെ ഊളിയിടുമ്പോള്‍ ഡ്രൈവറുടെ കണ്ണുകള്‍ ഒന്ന് പാളിയാല്‍ ...


തായിഫിന്റെ അതിര്‍ത്തിയും കഴിഞ്ഞ് ഞങ്ങളുടെ ബസ്സ് കുതിച്ചു പായുകയാണ് . ഏകദേശം ഒരു മണിക്കൂറോളം ഓടിയിട്ടുണ്ടാകും . 


ഇടയ്ക്കെപ്പോഴോ പിറകില്‍ നിന്ന് ചില അടക്കിപ്പിടിച്ച സംസാരം കേട്ടു. അത് കൂടിക്കൂടി വരുന്നു . അന്നേരം ഒരാള്‍ എന്റെ കാതില്‍ വന്നു മെല്ലെ  പറഞ്ഞു!
'ഡ്രൈവറോട് വണ്ടി ഒന്ന് സൈഡ് ആക്കാന്‍ പറയണം '
- എന്ത് പറ്റി ?
- ഭാര്യക്ക് വയറിനു എന്തോ അസ്വസ്ഥത .
കുറച്ചു കൂടി കഴിഞ്ഞിട്ട് പോരെ ?
മനസ്സില്ലാമനസ്സോടെ അയാള്‍ തരിച്ചു പോയി . 
ഒരു പത്തു മിനിറ്റ് കഴിഞ്ഞില്ല .. അയാള്‍ വീണ്ടും വന്നു .. 
ഇനി കഴിയില്ല . നിര്‍ത്തിയെ പറ്റൂ .. 


ഞാന്‍ ഡ്രൈവറോട് താഴ്മയോടെ പറഞ്ഞു:
'യാ അലീ. അല്ലാഹ്  ഖല്ലീക് ബില്ലാ സവ്വിസ്സയ്യാ അലജന്ബ്' 
( അലീ പ്ലീസ് വണ്ടി ഒന്ന് സൈഡ് ആക്കൂ )
'എശ്ഫി മുശ്കില' ? 
( എന്താണ് പ്രശ്നം ?)
'ഹുര്‍മ ഹഖു ബതന്‍ ഫീ മുശ്കില 
( ഇദ്ദേഹത്തിന്റെ ഭാര്യക്ക് വയറിനെന്തോ പ്രശ്നമുണ്ട് )
അയാള്‍ വിജനമായ ഒരു സ്ഥലത്ത് ബസ്സ്‌ നിര്‍ത്തി .


ഡോര്‍ തുറന്നപാടെ സ്ത്രീകളും കുട്ടികളും പുരുഷന്മാരും ഇറങ്ങി ഓടുന്നതാണ് പിന്നീട്  കാണുന്നത്!!
എന്റെ മനസ്സിലൂടെ ഒരു മിന്നല്‍പിണര്‍ കടന്നു പോയി ..


ഒന്നും മനസ്സിലാവാതെ മിഴിച്ചു നില്‍ക്കുമ്പോള്‍ ഷൌക്കത്തും ഹക്കീമും വന്നു പറഞ്ഞു: 
'പലര്‍ക്കും വയറിനു പ്രശ്നമുണ്ട് '
എന്റെ ഉള്ളില്‍ തീയാളി .


ഇറങ്ങിപ്പോയവര്‍ തിരിച്ചു വരും മുമ്പ് മറ്റുള്ളവര്‍ 
ഇറങ്ങി ഓടുന്നു .. ഭദ്രമായി അടച്ചു കുറ്റിയിട്ടു തികച്ചും സ്വകാര്യമായി നിര്‍വഹിക്കേണ്ടുന്ന കാര്യം യാതൊരു പരിസരബോധവുമില്ലാതെ വരിവരിയായി ഇരുന്നു സാധിക്കുകയാണ്.. 
ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ !! 


ഭാര്യമാരെ ശ്രദ്ധിക്കാന്‍ ഭര്‍ത്താക്കന്മാര്‍ക്കോ മക്കളെ നോക്കാന്‍ രക്ഷിതാക്കള്‍ക്കോ കഴിയാതെ എല്ലാവരും 'നഫ്സി നഫ്സി നഫ്സി യാ ' 
( സ്വന്തംകാര്യം സിന്ദാബാദ്.. ) എന്ന് ആശങ്കപ്പെട്ടു ഇരുട്ടിലേക്ക് ഓടി മറയുന്നു .


ശക്തനും ബുദ്ധിമാനും എല്ലാം തികഞ്ഞവനും എന്ന് അഭിമാനിക്കുന്ന മനുഷ്യന്റെ നിസ്സഹായത നേരില്‍ കണ്ട  ഞങ്ങള്‍ ഇനി എന്ത് ചെയ്യുമെന്നറിയാതെ അന്തിച്ചു നിന്നു. 


ഓടാനിനിയുമുണ്ട് ഒരുപാട് ദൂരം . വഴിയിലൊന്നും ആശുപത്രികള്‍ കാണില്ല . മാത്രവുമല്ല ഇതെങ്ങാനും  അധികൃതര്‍ അറിഞ്ഞാല്‍ പിന്നത്തെ പുകിലൊന്നും പറയുകയും വേണ്ട .. ഞങ്ങള്‍ക്കുള്ളില്‍ ആധി പെരുത്തു.  


'ആ കറിയാണ് പറ്റിച്ചത് . എനിക്ക് അപ്പോഴേ സംശയം ഉണ്ടായിരുന്നു . ബസ്സിനകത്തെ ചൂടും പുറത്തെ ചൂടും കാരണം കറി 'പിരിഞ്ഞു' പോയതാണ് ..  ആ വെളുത്ത പാട അതിന്റെ ലക്ഷണം ആയിരുന്നു ...' 


ഷൌക്കത്ത് അത് പറയുമ്പോള്‍ ഒരാള്‍ ബസ്സില്‍ നിന്ന് ഇറങ്ങി ഓടുന്നത് കണ്ടു . അത് മറ്റാരുമായിരുന്നില്ല മൊയ്തീന്‍  ഹാജി !
നെയ്പാടയാണെന്ന് കണ്ടു പിടിച്ച 
'മഹാനായ' 'ഭക്ഷണശാസ്ത്ര വിദഗ്ധന്‍ '  !! 


നിമിഷനേരം കൊണ്ട് ബസ്സ് ശൂന്യമായി . ഞങ്ങള്‍ ചെന്ന് നോക്കുമ്പോള്‍ സീറ്റുകളിലും നടവഴിയിലും ഫുട് ബോര്‍ഡിലുമൊക്കെ  നിയന്ത്രണം  വിട്ട നിസ്സഹായതയുടെ ശേഷിപ്പുകള്‍ ..


ഇടയ്ക്കു ആരോ പറയുന്നത് കേട്ടു . അല്പമകലെ ഒരു പെട്രോള്‍പമ്പ് ഉണ്ട് . ബാത്ത് റൂമുകളും . എല്ലാവരും ജാഥയായി അങ്ങോട്ട്‌ നീങ്ങി . 


ഞങ്ങള്‍ ബസ്സിനടിയിലുണ്ടായിരുന്ന വലിയ ഒന്ന് രണ്ടു ബക്കറ്റുകളില്‍ വെള്ളം കൊണ്ട് വന്നു വിശദമായ 'സേവനവാരം ' തന്നെ നടത്തി . 


രണ്ടുമണിക്കൂര്‍ നേരത്തെ കൊടിയപ്രയാസത്തിനും ചെറിയ ഒരു ആശ്വാസത്തിനും ശേഷം ബസ്സ്‌ മെല്ലെ ഓടിത്തുടങ്ങി . 


യാത്രക്കിടെ മിക്ക പെട്രോള്‍പമ്പുകള്‍ക്കരികിലും ബസ്  നിര്‍ത്തി. 


കുറച്ചു മുന്നോട്ടോടിയും ഇടയ്ക്കിടെ നിര്‍ത്തിയും പുലര്‍ച്ചെ മൂന്നര മണിക്ക് ഞങ്ങള്‍ ജിദ്ദയില്‍ എത്തുമ്പോള്‍ യാത്രക്കാരെല്ലാം തളര്‍ന്ന വശരായിരുന്നു .


ഇന്നും ഈ യാത്രയെക്കുറിച്ച്  ഓര്‍ക്കുമ്പോള്‍  മനസ്സില്‍ ഉത്തരം കിട്ടാത്ത ഒരു ചോദ്യമുയരും. 
'തടികേടാകാതെ' ഞങ്ങള്‍ മൂന്നു പേര്‍ എങ്ങനെ രക്ഷപ്പെട്ടു ?!  





2012, മാർച്ച് 19, തിങ്കളാഴ്‌ച

കഥ : ശുഭ്രം

വര : ഇസ്ഹാഖ് നിലമ്പൂര്‍ 


കോളിംഗ്ബെല്‍ ഒന്നുരണ്ടുവട്ടം ചിലച്ചിട്ടും അകത്ത് ആളനക്കമൊന്നും കേള്‍ക്കുന്നില്ല .
'ആരുമില്ലേ' എന്ന് ശങ്കിച്ച് വാതില്‍ക്കല്‍ നില്‍ക്കുമ്പോള്‍ 
മുറ്റത്ത് ഇടതുവശം ചേര്‍ന്ന് അല്പം കെട്ടിപ്പൊക്കിയ കൊച്ചു പൂന്തോട്ടത്തില്‍ പേരറിയാത്ത ഒരുപാട് പൂക്കള്‍ 'ആരാ , എവിടുന്നാ, എന്ന ഉദ്വേഗം   നിറഞ്ഞ കണ്ണുകളാല്‍   തന്നെ നോക്കി നില്‍ക്കുന്നത് കണ്ടു അയാള്‍ . 
പപ്പായ , പേരക്ക , വാഴ , ചേമ്പ് , മുരിങ്ങ ,   തുടങ്ങി ചില കൊച്ചുമരങ്ങളും  കുറച്ചു ചെടികളും. 
ഒക്കത്തും പോരാത്തതിന് കൈകളിലും പലപ്രായത്തിലുള്ള ചക്കക്കുട്ടികളുമായി ഒരു വരിക്കപ്ലാവ് . 
തീ നിറമുള്ള നിറഞ്ഞ മാറിടങ്ങള്‍ പരമാവധി പുറത്തു കാണിച്ചു മൂന്നു നാലു ചെന്തെങ്ങുകള്‍ . 
വട്ടത്തില്‍ പന്തലൊരുക്കി  മണ്ണിനെ വാരിപ്പുണര്‍ന്ന്  
രണ്ടു ഉങ്ങ് മരങ്ങള്‍ .


കാലുകള്‍ കൊണ്ടും കൊക്കുകള്‍ കൊണ്ടും   എന്തൊക്കെയോ ചിക്കിപ്പരതുന്ന, 
നെറ്റിയില്‍ പൂവുള്ള രണ്ടു ഇണ ക്കോഴികള്‍ .  
അതിര്‍ത്തിയിലെ സൈനികനെ പോലെ നാലുപാടും സൂക്ഷ്മ നിരീക്ഷണം നടത്തി ,  ഒരു തള്ളക്കോഴി .. അതിന്റെ പിന്നാലെ പാലപ്പൂ നിറമുള്ള കുറെ കോഴിക്കുഞ്ഞുങ്ങള്‍ .


ഗേറ്റിനപ്പുറത്ത് വീടിനു മുമ്പിലൂടെ പോകുന്ന റോഡില്‍ വാഹനങ്ങളുടെ മരണപ്പാച്ചില്‍ . 
പൈക്കുട്ടിയുടെ കയറും പിടിച്ച് എങ്ങോട്ടോ പോകുന്ന ഒരു പെണ്‍കൊടി .  
അല്പമകലെ ഒരു കൊച്ചുവീടിന്റെ മുറ്റത്ത് മണ്ണുവാരിക്കളിക്കുന്ന വലിയ വയറും മെലിഞ്ഞ കൈകാലുകളുമുള്ള രണ്ടു  കുട്ടികള്‍ .
വിശാലമായ മുറ്റത്തിന്റെ ഒരരികില്‍ അടിമുടി പൂത്തുനില്‍ക്കുന്ന മൂവാണ്ടന്‍ മാവിലെക്കാണ് പിന്നീട് കണ്ണുകള്‍ വലിഞ്ഞു കയറിയത്.
മുഴുവനും  മാങ്ങയാവില്ല . എന്നാലും ..!


അന്ന് വീടുവെക്കാന്‍ മുറിച്ചുമാറ്റേണ്ടി  വന്ന മാവിനെക്കുറിച്ചു അന്നേരം അയാള്‍  ഓര്‍ത്തു .
അതില്‍ നിറയെ ഉണ്ണി മാങ്ങകള്‍ ഉണ്ടായിരുന്നു .  
ജെ.സി.ബിയുടെ തുമ്പിക്കൈകള്‍ 'അവളെ' മുരടോടെ കോരിയെടുത്ത് ദൂരേക്ക്‌ എറിഞ്ഞ രംഗം ഇപ്പോഴും മനസ്സിലുണ്ട്  ; ഒരു മുറിവായി.


ഒരനക്കവും കേള്‍ക്കുന്നിലെന്നായപ്പോള്‍ ബെല്ലില്‍ ഒന്നുകൂടി വിരലമര്‍ത്തി 
സിറ്റൌട്ടിന്റെ ഇടതുവശം ചേര്‍ന്ന കിടപ്പുമുറിയുടെ ജനല്പാളികള്‍ തുറന്നുകിടപ്പുണ്ട്. 
ആളുണ്ടെന്നുറപ്പ്.


സ്വര്‍ണ്ണ വര്‍ണ്ണത്തില്‍ വാതിലിന്റെ മാറിടത്തില്‍ ചേര്‍ന്നുകിടക്കുന്ന മണിച്ചിത്രത്താഴ് അപ്പോഴാണ്‌ ശ്രദ്ധിച്ചത്.
ഇത് കിട്ടാന്‍ മസൂദും ഞാനും കറങ്ങാത്ത സ്ഥലങ്ങളില്ല . കറുത്ത സുന്ദരിയുടെ കഴുത്തിലെ  സ്വര്‍ണ്ണ മാലപോലെ  ഈ താഴ് വാതിലിന് ഒരഴക് തന്നെ. അയാള്‍ മനസ്സില്‍ പറഞ്ഞു.


ഡോറിനടുത്തേക്ക്‌ ആരോ നടന്നു വരുന്ന കാലൊച്ച . 
പ്രതീക്ഷിച്ച പോലെ വാതില്‍ തുറന്നത് അലീന .
'അല്ല ; ഇതാരാ .. കുറെ നേരമായോ വന്നിട്ട് ? ഞാന്‍ കുളിക്കുകയായിരുന്നു ..'
'വന്നതേയുള്ളൂ . ഞാനൂഹിച്ചു . ബാത്ത് റൂമിലോ മറ്റോ ആയിരിക്കും എന്ന്..'
'എന്തേ  സൈറയെയും കുട്ടികളെയും കൂടി കൊണ്ടരാമായിരുന്നില്ലേ..'?
'കുട്ടികള്‍ക്ക് ക്ലാസ് ഉണ്ട് . പിന്നെ അത്യാവശ്യമായി മറ്റൊരു സുഹൃത്തിന്റെ വീട്ടില്‍ കൂടി പോവുകയും വേണം .'
'മസൂദ് വിളിച്ചിരുന്നില്ലേ..'
'വിളിച്ചിരുന്നു . ദിവസവും രണ്ടു പ്രാവശ്യമെങ്കിലും വിളിക്കും .'
'വന്നിട്ടിപ്പോ...'?
'ഒരാഴ്ച കഴിഞ്ഞു. വെറും നാല്പത്തഞ്ച് ദിവസം മാത്രല്ലേ ഉള്ളൂ..' 
കുട്ടികള്‍ എവിടെ?
സ്കൂളില്‍ പോയി  .. മോന്‍ കോളേജിലും . വരുമ്പോഴേക്കും നാലു നാലര ആവും ..'
'ഉപ്പ എവിടെ'?
' ആ  റൂമിലാണ് ..'
'ഞാന്‍ ചായയെടുക്കാം ..'


അലീന അന്ന് കണ്ടതിലേറെ ഇത്തിരി തടിച്ചിട്ടുണ്ട്. കുറച്ചു കാലം അവര്‍ അവിടെ ഉണ്ടായിരുന്നല്ലോ..
വീടിന്റെ അകസൌന്ദര്യം ആസ്വദിച്ച് മെല്ലെ പിതാജിയുടെ കിടപ്പുമുറിയിലേക്ക് നടന്നു.
മസൂദ് അങ്ങനെയാണ് വിളിക്കാറ് . പിതാജി.
വളഞ്ഞു പുളഞ്ഞു വീടിന്റെ മുകള്‍ത്തട്ടിലേക്ക് കേറിപ്പോവുന്ന സ്റ്റെയര്‍ കേസിലൂടെ കണ്ണുകള്‍ ഒരു നിമിഷം ഓടിക്കേറി.


തൊണ്ണൂറു വയസ്സ് കഴിഞ്ഞ പിതാശ്രീ ഇപ്പോഴും പത്രം വായിക്കുമെന്നും എല്ലാ കാര്യങ്ങളും സ്വന്തം ചെയ്യുമെന്നും മസൂദ് പറഞ്ഞിരുന്നു.


ഒരുള്‍ പ്രദേശത്തായിരുന്നു അവരുടെ തറവാട് . 
വാഹനം പോലും എത്താത്ത സ്ഥലത്ത്. 
മെലിഞ്ഞ ഒരു വയല്‍ വരമ്പാണ്‌ അങ്ങോട്ടുള്ള 'എക്സ് പ്രസ്  ഹൈവേ '.! 
മസൂദ് ഏറ്റവും ഇളയതാണ് . എട്ടു ആണും , രണ്ടു പെണ്ണും .
പത്തു മക്കള്‍ . ഇപ്പോള്‍ പേരക്കുട്ടികളടക്കം കണക്കെടുത്താല്‍ നൂറ്റൊന്നു പേര്‍ . ഇതൊരു സംഭവം തന്നെ ആണല്ലോ മസൂദ് . ഒരിക്കല്‍ അങ്ങനെ കൌതുകപ്പെട്ടത്‌ അയാള്‍ ഓര്‍ത്തു.


ഒച്ചയനക്കി , ചാരിയിട്ട വാതിലില്‍ ചെറുതായി ഒന്ന് മുട്ടി തുറന്നു നോക്കുമ്പോള്‍ കട്ടിലില്‍ ആളില്ല .


എവിടെപ്പോയെന്ന ചോദ്യം മനസ്സിലുണരും മുന്‍പേ വിശാലമായ മുറിയില്‍ തെക്കോട്ട്‌  
തുറന്നു വെച്ച ജനലിനു അഭിമുഖമായി ഒരു കസേരയില്‍ ഇരിക്കുന്നു അദ്ദേഹം . 
മുമ്പില്‍ ഒരു കണ്ണാടി നാട്ടി വെച്ചിട്ടുണ്ട്.


കയ്യുള്ള ബനിയന്‍ . കരയില്ലാത്ത വെള്ളത്തുണി. നിറയെ അറകളുള്ള പച്ച അരപ്പട്ട . മേഘത്തുണ്ടിന്റെ വെണ്മയില്‍ തിങ്ങിയ താടി . മലയാള ഭാഷയിലെ 'ഠ' എന്ന അക്ഷരത്തിന്റെ ആകൃതിയില്‍ , വെട്ടിത്തിളങ്ങുന്ന കഷണ്ടി. അതിന്റെ ഓരം ചേര്‍ന്ന് ഏതാനും മുടിനാരുകള്‍ അനുസരണയോടെ വീണു കിടക്കുന്നു.


വാതില്‍ തുറന്നതും ഒരാള്‍ അകത്തു കടന്നതും അറിഞ്ഞില്ലെന്നു തോന്നുന്നു.
അല്പം കേള്‍വിക്കുറവുണ്ടെന്നു മസൂദ് പറഞ്ഞിരുന്നല്ലോ..
തഴക്കം ചെന്ന ഒരു ബാര്‍ബറുടെ കൈകളിലെതെന്ന പോലെ കത്രിക ചലിച്ചു കൊണ്ടിരിക്കുന്നു! 
അതിശയപ്പെട്ടു പോയി. ഈ പ്രായത്തിലും സ്വയമിങ്ങനെ...!!


താടിയും മീശയും ശരിയാക്കിക്കഴിഞ്ഞിട്ടു സ്വസ്ഥമായി സംസാരിക്കാമല്ലോ എന്ന് കരുതി കട്ടിലിന്റെ ഒരരികില്‍ അയാള്‍ ഇരുന്നു. 
ശ്രദ്ധ തെറ്റി പോറലേല്‍ക്കരുതല്ലോ ..
കത്രിക പണി നിര്‍ത്തിയപ്പോള്‍ സമാധാനമായി .


പക്ഷെ വീണ്ടും വിസ്മയിപ്പിച്ചു കൊണ്ട് പിതാജി ഷേവിംഗ് സെറ്റ് കയ്യിലെടുത്തു. 
ഇനിയെന്താണ് പടച്ചോനെ പരിപാടി?  


ഇപ്പോള്‍ നടക്കുന്നത് സത്യം പറഞ്ഞാല്‍ തലമുണ്ഡനം ആണ്! 
നേരില്‍ കാണുന്ന രംഗം വിശ്വസിക്കാനാവാതെ വീര്‍പ്പടക്കി നിന്നു .
നന്നേ ഇടുങ്ങിയ പോക്കറ്റ് റോഡിലൂടെ കാറോടിച്ചു പോകുന്ന ഒരു ഡ്രൈവറെ പോലെ സൂക്ഷ്മതയോടെ  കൈകള്‍ ചലിക്കുന്നു..


പിതാജിയുടെ തലയില്‍ കൂടുതല്‍ മുടിയൊന്നും ഇല്ലാഞ്ഞത്‌ നന്നായി. മടിത്തട്ടില്‍ വിരിച്ച തോര്‍ത്തു മുണ്ടിലും ഉടുത്ത ബനിയനിലും വെളുത്ത നൂലുപോലെ മുടിത്തുണ്ടുകള്‍ ചിതറി വീണു കിടക്കുന്നു.


എല്ലാം കഴിഞ്ഞു എണീക്കാനോരുങ്ങുമ്പോള്‍ ഒരു കൈ സഹായിക്കാനാഞ്ഞു . അങ്ങനെ ഒരാവശ്യം ഉദി ക്കുന്നെയില്ലെന്ന് ബോധ്യം വന്നപ്പോള്‍ സ്വയമൊഴിഞ്ഞു ..


മുഖാമുഖം കാണുന്നത് അപ്പോഴാണ്‌ .
മുഖം നിറയെ നിലാവ് വീണു കിടക്കുന്നു . കണ്ണുകളില്‍ സംതൃപ്തിയുടെ തടാകം . ഹൃദയം തൊടുന്ന ഒരു ചിരി ചിരിച്ച് 'ദാ പ്പോ വരാം..' എന്ന ഭാവത്തില്‍ മുറിയോട് ചേര്‍ന്നുള്ള ബാത്ത് റൂമിലേക്ക്‌ അദ്ദേഹം കേറിപ്പോയി വാതിലടച്ചു..


അപ്പോഴേക്കും അലീന ചായയുമായി എത്തി.
'എല്ലാം സ്വയം ചെയ്യും അല്ലെ..'
'ങാ , ആരുടേയും സഹായം വേണ്ടി വന്നിട്ടില്ല ഇത് വരെ. അതൊട്ട്‌ ഇഷ്ടോം ല്ല '
'താടി ശരിയാക്കലും മുടി കളയലും ഒക്കെ ...'
ബാര്‍ബര്‍മാരെ വിളിക്കാനൊന്നും സമ്മതിക്കില്ല ..'.


അപ്പോള്‍ കേട്ടു അകത്തു നിന്ന് ഒരു വിളി.
'മളേ  ....'
അതിന്റെ അര്‍ഥം മനസ്സിലായ പോലെ അലീന അലമാര തുറന്ന് ഒരു ജോഡി ബനിയനും തുണിയും എടുത്തു കൊണ്ടുപോയി കൊടുത്തു.
'തണുത്ത വെള്ളത്തിലൊക്കെ കുളിക്കുമോ..?
'പൈപ്പില്‍ ചൂട് വെള്ളവും ഉണ്ട്. ന്നാലും തണുത്ത വെള്ളം കൊണ്ടാ കുളി..'


ഏറിപ്പോയാല്‍ ഒരു പത്തു മിനിറ്റ് . കുളിച്ചു സുന്ദരനായി പിതാജിയെത്തി..
'കാക്കുട്ടിന്റെ ഒപ്പം ഉള്ള ആളാ .. രണ്ടാളും ഒരേ റൂമിലാണ്..'
അലീന നല്ല ശബ്ദത്തില്‍ പരിചയപ്പെടുത്തി.
'എവിടെ അന്റെ വീട്'.?
സ്ഥലം പറഞ്ഞു കൊടുത്തു.
കുറേക്കാലം ആയോ ഗള്ഫില് ?
കൃത്യമായ വര്‍ഷം പറയാനുള്ള വിമ്മിട്ടത്തോടെ പരുങ്ങുമ്പോള്‍ അടുത്ത ചോദ്യം വന്നു.
'നിര്‍ത്തി പോരാനായില്ലേ..' ?
'കുട്ട്യാളെ  കെട്ടിക്കാനൊക്കെയുണ്ട്'


''കുട്ട്യാളെ കെട്ടീക്കാനുന്ടെങ്കി പിന്നെ പോരാനോന്നും പറ്റൂല . ഇപ്പോഴത്തെ കാലത്ത് ഒരു കുട്ടിനെ ഇറക്കി വിടണം എന്നുണ്ടെങ്കി എത്തര ഉറുപ്പ്യ വേണം..സ്വര്‍ണ്ണ ത്തിനു വില കൂടുക തന്നെ അല്ലെ.. ഇന്നലത്തെ പത്രത്തില്‍ കണ്ടിലെ സര്‍വകാല റിക്കാര്‍ഡ് ആണത്രേ .. സ്വര്‍ണ്ണത്തിനു ഇങ്ങനെ കൂടുമ്പോ ന്നാ പെണ്ണിനെ ചോദിക്കാം വരുന്നോര് കൊറക്ക്വോ .. അതൊട്ടില്ല താനും . അവിടേം സര്‍വകാല  റിക്കാര്‍ഡ് തന്നെ..!!
നഷ്ടങ്ങളൊക്കെ നഷ്ടം തന്ന്യാ .. പക്ഷേങ്കില് ചില നഷ്ടങ്ങളൊന്നും ഇല്ലാതെ നേട്ടങ്ങള്‍ ഉണ്ടാകൂല ..''


അപ്പോഴേക്കും പൊടിയരിക്കഞ്ഞിയും പയറുപ്പേരിയുമെത്തി .
'അസുഖം വല്ലതും ഉണ്ടോ പ്പോ.."?
'കാര്യമായി ഒന്നൂല്ല .. ഇത്ര ആയുസ്സ് തര്വ .. ദീനോം കേടും ഒന്നും ഇല്ലാണ്ടിരിക്ക്യാ . അത് തന്നെ വല്യ ഭാഗ്യം അല്ലെ? ഒന്നിനും ഒരു ബുദ്ധിമുട്ടും ഇല്ല . ബാത്ത് റൂം ദാ ആ കാണ് ണതാ . 
അവടെ ചൂട്‌ വെള്ളോം ണ്ട് .. പച്ച വെള്ളോം ണ്ട് .. ഒന്നങ്ങ്ട്ടു തിരിച്ചാ മതി..' 
ഓര്‍മ്മയ്ക്ക്‌ ഒരു കൊറവും ഇല്ല. കാഴ്ചക്കും. 
ഇപ്പൊ കൂടുതല്‍ ആള്‍ക്കാര്‍ക്കും മറവി രോഗാ .. കഴിഞ്ഞ മാസാ ന്റെ പഴേ ചങ്ങായി മമ്മദു മരിച്ചത്. 
ഞങ്ങള്‍ രണ്ടാളും ഒന്നിച്ചാ ഹജ്ജിന് പോയത്. മക്കള് കൊണ്ടോയതാ . 
അല്ലെങ്കി ഞങ്ങക്കൊന്നും ആ ഭാഗ്യം കിട്ടൂലാ..


കുറെ കഷ്ടപ്പെട്ട ആളേര്ന്നു ഓന് . മക്കളൊക്കെ ഗള്‍ഫി പോയി സുഖായി വരേനൂ .. എന്ത് ചെയ്യാനാ അവസാന കാലത്ത് ഒന്നും ഓര്‍മ്മല്ലെയ്നൂ .. പാത്തുണതും തൂറുണതും ഒന്നും . ഈ സുഖങ്ങള്‍ ഒക്കെ അനുഭവിക്കുമ്പോ ഓര്‍മ്മ ഇല്ലാണ്ടായാല്‍ പിന്നത്തെ കാര്യം പറയണോ..


പിതാജി കഞ്ഞികുടിക്കുന്നതിനിടയിലും പറഞ്ഞു കൊണ്ടിരുന്നു ..


'ലോകം ഒക്കെ ഒരു പാട് മാറി. മനുസമ്മാരും . അതിനു ആരീം കുറ്റം പറഞ്ഞിട്ടൊന്നും കാര്യം ല്ല . 
അന്നന്നത്തെ ചുറ്റുപാട് അനുസരിച്ച് ജീവിക്ക്യെ പറ്റൂ..  
കാലത്തിന്റെ മുമ്പില് നടക്കാന്‍ പറ്റീലെങ്കിലും ഒപ്പെങ്കിലും നടക്കണം . 
ചില ആള്‍ക്കാരുണ്ട് .. അവര് എല്ലാത്തിനും വാശി പിടിക്കും .. മക്കള് നല്ല സൗകര്യം ള്ള
പുതിയ പൊരണ്ടാക്കും.. പക്ഷെ , തന്താര് അങ്ങോട്ട്‌ പോകൂല .. 
ഞാന്‍ ജനിച്ചു വളര്‍ന്ന പോരീന്ന് ഞ്ഞി മരിച്ചേ ഇറങ്ങൂ .. എന്ന് വാശി പിടിക്കും .. 
അങ്ങനെ വാശി പിടിക്കേണ്ട വല്ല കാര്യോം ണ്ടോ ..


ആര്‍ക്കും ഒരു ഭാരം ആകാണ്ടേ ജീവിക്കാന്‍ പറ്റ്യാ പടച്ചോന്‍ കണക്കാക്കിയ അത്ര കാലം ജീവിക്കാം .. അവയവങ്ങള്‍ക്ക് ഒരു കൊയപ്പവും ണ്ടാവരുത്. അവര് പണി മുടക്ക്യാ കുടുങ്ങ്യെത് തന്നെ ..
ഒരു മന്സന്റെ ഏറ്റവും വല്യ ഭാഗ്യം അതാ.. '


കഞ്ഞി കുടി കഴിഞ്ഞു കയ്യും വായയും കഴുകി വന്നു കട്ടിലിലിരിക്കുമ്പോള്‍ മൊബൈല്‍ ശബ്ദിച്ചു.. 


തലയണക്കടിയില്‍ നിന്ന് മൊബൈലെടുത്ത് ചെവിയോടു ചേര്‍ത്ത് വെച്ച് ഉറക്കെ സംസാരിച്ചു തുടങ്ങി.. സുഖവിവരങ്ങള്‍ ചോദിച്ചറി യാനുള്ള വിളിയാണ് എന്ന് മനസ്സിലായി..


'ദമ്മാമ്മു ന്ന് വല്യോന്റെ മോനാ .. ഫവാസ് .. കുട്ട്യാള് ഇടക്കിങ്ങനെ വിളിക്കും . 
ഇത് ണ്ടായതോണ്ട് എന്താ ഉപകാരം.. പണ്ടൊക്കെ മരിച്ചവിവരം പറയാനോ, ജനിച്ച വാര്‍ത്ത അറീക്കാനോ   ആളാ പോയിനെ .. ആരെയെങ്കിലും പറഞ്ഞയക്കും..
ന്നാല്‍ ഇപ്പോളോ ? അതിന്റെ ഒന്നും ആവശ്യം ഇല്ല . 
പ്പോ കൊറച്ചു കാലമായിട്ടു കാക്കുട്ടി നെറ്റിലാ വിളി. 
അങ്ങോട്ടും ഇങ്ങോട്ടും കാണൂം ചെയ്യാം .. വര്‍ത്തമാനം പറീം ചെയ്യാം ..
ലോകം അടുത്തുക്ക് ഇങ്ങോട്ട് വര്വാ .. 
ഇതൊക്കെ കാണാനും അനുഭവിക്കാനും കയിഞ്ഞ ത് ഭാഗ്യം തന്നെ ആണ് ന്റെ കുട്ട്യേ ..


'ജ്ജ് വീടൊക്കെ ഉണ്ടാക്കിയോ..'? 
'ങാ .. രണ്ടുകൊല്ലായി കുടിയിരുന്നിട്ട്‌..'


ഈ സ്ഥലമൊക്കെ ഒരു ഷാരഡി ന്റെതായിരുന്നു .. ഏക്കറു കണക്കിന് സ്ഥലം അങ്ങനെ കിടക്കേനൂ.. അന്ന് രാത്രിയിലൊക്കെ ഇതിലെ പോകാന്‍ പേടിയായിരുന്നു.. ഇപ്പോള്‍ കണ്ടില്ലേ വരിവരിയായി വീടുകളാ .. പഴേ പോലെ കൂട്ട് കുടുംബോം ജീവിതോം ഒന്നും ഇപ്പൊ ആര്‍ക്കും പറ്റൂലാ .. അതൊട്ട്‌ നടക്കൂം ല്ല ..


പണ്ട് നല്ലോണം ണ്ടാക്കിയ തന്താരെ മക്കള് പ്പോ അതൊക്കെ വിറ്റ് തിന്ന്യാണ് .. അന്നില്ലാത്തോല് ന്ന് ണ്ടാക്കുണൂം ണ്ട് .


കുട്ട്യാള് ഗള്‍ഫിലൊക്കെ പോയതോണ്ട് പഴയ മാതിരി പട്ടിണി ല്ലാണ്ടായി .. 
മക്കള്‍ക്കൊക്കെ നല്ല വിദ്യാഭ്യാസവും കിട്ടി .. എവിടെ നോക്ക്യാലും പ്പോ കോളേജും സ്കൂളും .. 
ഈ ജനലങ്ങ് ട്ട്  തൊറന്നാ കാണാം .. രാവില അങ്ങോട്ടും ഇങ്ങോട്ടും സ്കൂള്‍ ബസ്സുകള്‍ അങ്ങനെ പോണൂ  .. ഒന്നങ്ങുട്ടു പോകുമ്പോ , ഒന്നിങ്ങുട്ട്..


'അന്റെ ഉപ്പീം ഉമ്മീം ഒക്കെ ഉണ്ടോ..' ?
'ഉമ്മ ഉണ്ട് .. ഉപ്പ നേരത്തെ പോയി ..'


ഒരു മന്സന്റെ ഏറ്റവും വല്യ വെഷമം അതാ .. രണ്ടിലൊരാള്‍ നേരത്തെ പോകുക ന്ന് ള്ളത് .. നബീസു പോയപ്പളാ ഞാന്‍ തളര്‍ന്നത്.. ന്നെ നിര്‍ത്തി പടച്ചോന്‍ ഓളെ കൊണ്ടോയി .. ഒരു കണക്കിന് അത് നന്നായി .. നേരെ തിരിച്ചായിരുന്നെങ്കിലോ ? ഓള്‍ക്ക് ങ്ങനെ ഒന്നും പിടിച്ചു നിക്കാന്‍ കഴിയൂലാ ..
പിതാജിയുടെ സംസാരം കേട്ട് സമയം പോയതറിഞ്ഞില്ല ..


ഇറങ്ങാനൊരുങ്ങുമ്പോഴാണ്‌ അത് ശ്രദ്ധിച്ചത് ! 
പിതാജിയുടെ   വെളുവെളുത്ത താടി രോമങ്ങള്‍  മെല്ലെ മെല്ലെ കറുത്ത്  വരുന്നു.. !!
'ന്നാ ഞാന്‍ ഇറങ്ങട്ടെ .. എന്ന് പറഞ്ഞ് കൈകൊടുത്തു നിവരുമ്പോള്‍ ഒരു നിമിഷം അയാളുടെ കണ്ണുകള്‍ നാട്ടി നിര്‍ത്തിയ കണ്ണാടിയില്‍ ഉടക്കി.. 
വിശ്വാസം വരാതെ അയാള്‍ അയാളെ തന്നെ നോക്കി നിന്നു...!!



2012, മാർച്ച് 7, ബുധനാഴ്‌ച

സൂചിമുനക്കവിതകള്‍


                                                                  
                                                        
                                                        
                                                                 
അഭയം 
കമ്പ്യൂട്ടറില്‍
സുരക്ഷിതയാണെന്നു കരുതി
ഒളിച്ചിരുന്ന
ഒരു ഇളമുറക്കാരി കവിത
പേടിച്ചരണ്ടു 
ഇറങ്ങിയോടി 
A4 - ല്‍ കേറി വാതിലടക്കുന്നു  
  
        
പരിണാമം 
താഴേക്ക്‌ വീണ 
ആപ്പിള്‍
കൃത്യം തല മണ്ടയില്‍ തന്നെ 
പതിച്ചപ്പോള്‍ 
ഗള്‍ഫ്‌  ഗേറ്റിനു
ഒരു പുതിയ ബ്രാഞ്ച് കൂടി .






നീല വെളിച്ചം 
ഒന്നര  മാസം മാത്രം 
പ്രായമായ         
പെണ്‍പൂവില്‍
കണ്ണുവെച്ചു 
2012
നാവു നുണക്കുമ്പോള്‍
ഫ്രോയിഡിന്റെ ഒരു ഭീമന്‍ ചിത്രം
സ്ക്രീനില്‍ തെളിയുന്നു.


      
വികസനം 
കുന്നുകള്‍ നാട്ടിലിറങ്ങിയപ്പോള്‍ കാണുന്നത് 
കോണ്ക്രീറ്റ് കാടുകള്‍
കണ്‍സ്യൂമര്‍ സ്റ്റോറുകള്‍ക്ക്  മുമ്പില്‍
ക്യൂ നില്‍ക്കുന്നതാണ്.
                                                 
                                                

പ്ലാസ്റ്റിക് സര്‍ജറി 

സഹിക്കവയ്യാതെ
രണ്ടുഹൈഹീല്‍ഡു 
ചെരുപ്പുകള്‍
ഓപ്പറേഷന്‍തിയേറ്ററിനു മുമ്പില്‍
പ്ലാസ്റ്റിക് സര്‍ജറിക്കായി 
കാത്തുകിടക്കുന്നു.

        




നിലവിളി 
ട്രാഫിക് ജാം സമയത്ത്
ലോറിയില്‍ കേറ്റി ക്കൊണ്ട് പോവുന്ന
പുഴയും മണലും
കുന്നും മരങ്ങളും 
പരസ്പരം കെട്ടിപ്പിടിച്ചു പൊട്ടിക്കരഞ്ഞു:
ഒരു ഹര്‍ത്താലിനു പോലും
വഴി കാണുന്നില്ലല്ലോ ദൈവമേ...!!
        
  കവര്‍ സ്റ്റോറി 
ഗത്യന്തരമില്ലാതെ
പേനയും കടലാസും             
തിരിച്ചേല്‍പ്പിച്ച്
പോലിസ് നായയുമായി
കവര്‍ സ്റ്റോറി 
തെരുവിലേക്ക്.


ഔട്ട്‌ഓഫ് റേഞ്ച് 
വിരല്‍ തുമ്പില്‍ 
യഥേഷ്ടം റേഞ്ചുണ്ടായിട്ടും 
അവളിപ്പോഴും 
പരിധിക്കു പുറത്താണ്.


'വര്‍ത്തമാനം ' ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചത് 

2012, മാർച്ച് 5, തിങ്കളാഴ്‌ച

പിണങ്ങിപ്പോയതിന്റെ പിറ്റേന്ന്


കൈവെള്ളയില്‍വെച്ചപ്പോള്‍
അവ
മുഖംവെട്ടിച്ച്
കലത്തിലേക്ക് തന്നെ
പിണങ്ങിപ്പോയി.

തിളച്ചുതൂവിയ
വാക്കിന്റെ വക്കില്‍നിന്ന്
വേവിറക്കി വെക്കുമ്പോള്‍
വിരല്‍ച്ചുണ്ടുകളില്‍
പൊള്ളല്‍ക്കുത്തേറ്റു .

ചുട്ടുനീറിയ കൈകുടഞ്ഞ്‌
ഇത്തിരി തണുപ്പ് പരതുമ്പോള്‍
ഹോര്‍ലിക്സ്കുപ്പികള്‍ക്കിടയില്‍ 
മറഞ്ഞിരുന്ന്
തേന്‍ കുപ്പി 
കണ്ണിറുക്കികാണിച്ചു
'മിണ്ടരുത്..'

കറിക്കരിയുമ്പോള്‍ 
പൊള്ളിയ വിരല്‍പള്ളയില്‍ തന്നെ
കത്തി തട്ടിയപ്പോള്‍ 
അടുക്കളക്കോണില്‍
പേടിച്ചരണ്ട്,
പതുങ്ങിക്കിടന്ന 
വളപ്പൊട്ട്‌ ചോദിച്ചു:
'വല്ലാതെ നൊന്തോ..'?

* മലയാളം ന്യൂസ് 'സണ്‍ഡേ പ്ലസി'ല്‍ പ്രസിദ്ധീകരിച്ചത് 

2012, മാർച്ച് 3, ശനിയാഴ്‌ച

ഹിറാസ്ട്രീറ്റില്‍ ഒരു വെളുപ്പാന്‍കാലത്ത്








വെളിച്ചം കണ്ണ് തിരുമ്മി എഴുന്നേറ്റുവരുന്നേയുള്ളൂ.   
വേപ്പുമരങ്ങള്‍  ഉറക്കച്ചടവ് വിട്ടുമാറാതെ 
പുതിയ ഒരു ദിവസത്തിന്റെ ഉന്മേഷത്തിലേക്ക് കണ്ണുതുറന്നു  നില്പ് തുടങ്ങിയിട്ടുണ്ട്. 
ഇരുട്ട് പടിയിറങ്ങി പോയതറിയാതെ സ്ട്രീറ്റ് ലൈറ്റുകള്‍
വെറുതെ ചിരിച്ചു കൊണ്ടിരിക്കുകയാണ്. ചവറ്റുകൊട്ടക്കരികില്‍ , 
സമൃദ്ധി കടിച്ചീമ്പിവലിച്ചെറിഞ്ഞ, കോഴിക്കാലുകളില്‍ ‍നിന്ന് ശേഷിച്ച ഇറച്ചി നാരുകള്‍
കടിച്ചു കുടഞ്ഞു, ചിറിതുടക്കുന്നു ഏതാനും പൂച്ചക്കുട്ടികള്‍ ‍.. 
ഖുമാമ (വേസ്റ്റ് ബോക്സ്‌ ) യിലേക്ക് തലയിട്ടു ഇന്നലത്തെ വിഴുപ്പില്‍
നിന്ന് ഇന്നത്തെ പകല്‍   പരതുകയാണ്‌ പാറക്കറുപ്പുള്ള  പാവം ഒരമ്മ. 
പിറകില്‍ കുറുകെകെട്ടിയ അമ്മ ത്തൊട്ടിലില്‍ പരിസരം മറന്നു ഉറങ്ങുകയാണ് 
അവളുടെ ചുരുണ്ട മുടിയുള്ള കാര്‍വര്‍ണ്ണന്‍ കുട്ടി.


സുഭിക്ഷതയുടെ എണ്ണപ്പാടങ്ങളില്‍ നാട്ടിലെ പോലെ പാവങ്ങള്‍
ഉണ്ടാവില്ലെന്നയിരുന്നു വിചാരം. വിശപ്പിനും ദാരിദ്ര്യത്തിനും 
സ്വന്തമായി ഒരു നാടുമില്ലെന്ന തിരിച്ചറിവുണ്ടാകുന്നത് വളരെ വൈകിയാണ്. 


നിരത്ത് വിജനമാണ്. ഇടയ്ക്ക്, മടിയനായകുട്ടി സര്‍ക്കാര്‍സ്കൂളിലേക്ക് പോകുംപോലെ
ചിണുങ്ങിനീങ്ങുന്ന അപൂര്‍വ്വം  ചില വാഹനങ്ങള്‍ ..   
എ . സി. പ്രവര്‍ത്തിക്കുന്നുണ്ട്. എന്നിട്ടും ചൂടിനു കുറവൊന്നുമില്ല.
കാര്‍ ഇത്തിരി പഴയതാണ്. 


അടുത്ത നാട്ടില്‍ പോക്കിന് കിട്ടിയ കാശിനു ആര്‍ക്കെങ്കിലും  കൊടുക്കണം. 
തിരിച്ചുവന്നിട്ട് ചിന്തിക്കാം ബാക്കി കാര്യങ്ങളൊക്കെ.
കൂട്ടത്തില്‍ ‍ രണ്ടു ടയറുകള്‍ തനി മൊട്ടയായിരിക്കുന്നു.
ഒരാള്‍  മുന്നിലും, മറ്റെയാള്‍  പിന്നിലും. 


എന്നാണാവോ അവര്‍  പാതിവഴിയില്‍ സേവനംമതിയാക്കി 'ടാറ്റാ' പറയുന്നത്. 
മുമ്പൊരിക്കല്‍ ഒരുടയര്‍ പഞ്ചറായതാണ്. അന്ന് സ്പെയര്‍ടയര്‍കൊണ്ട് തല്‍ക്കാലം രക്ഷപ്പെട്ടു. 
അതിത് വരെ അടച്ചിട്ടില്ല. ഒരുപുതിയ ടയര്‍ ‍ വാങ്ങണമെന്നു കരുതിയിട്ടുകാലം കുറച്ചായി. 
എല്ലാം നീട്ടിവെക്കുന്ന ഈ ദുശ്ശീലം കൂടപ്പിറപ്പാണ്. എന്നാണാവോ പറ്റെ കുടുങ്ങുക.  
ഇന്ന് എന്ത് കൊണ്ടോ അങ്ങിനെ ഒരുചിന്ത അകത്തിരുന്ന് മീശപിരിച്ച് വല്ലാതെ വിരട്ടുന്നുണ്ട്.


ഉഷ്ണകാലം അതിന്റെ സര്‍വവിധ ഐശ്വര്യങ്ങളുമായി പൂത്തുനില്‍ക്കുന്ന കാലമാണിത്. 
ഇവിടുത്തെ തണുപ്പിനും ചൂടിനും പ്രത്യേകമായ ഒരു  കാര്‍ക്കശ്യമാണ്. 
രോമകൂപങ്ങളില്‍    സൂചിമുനപോലെ തുളഞ്ഞുകയറുന്ന തണുപ്പ്. 
തിളച്ചവെള്ളം തലവഴി കോരിയൊഴിക്കും പോലെയുള്ള ചൂട്. 
ഋതുഭേദങ്ങളുടെ ഈ വേഷപ്രച്ഛന്ന മത്സരം എന്തിനാണാവോ എന്ന് പലകുറി 
ഓര്‍ത്ത്‌  നോക്കിയിട്ടുണ്ട്. ഉത്തരം കിട്ടിയിട്ടില്ല.


നേരെത്തെ ഇറങ്ങിയത്‌ ഇന്നെങ്കിലും അവനെ കാണണമെന്ന  നിര്‍ബന്ധം  കൊണ്ടാണ്. 


അവന്‍  ജോലിക്കിറങ്ങും മുമ്പ്   അവിടെയെത്തണം. ഇനിയും നീട്ടിക്കൊണ്ടു പോകാന്‍ കഴിയില്ല.
ഒന്നിച്ചുതാമസിക്കുന്ന കാലത്ത് അവന്റെ കഷ്ടപ്പാടോര്‍ത്ത് ഒരു സഹായമാകട്ടെ എന്ന് കരുതി 
മനസ്സലിഞ്ഞതാണ്.  


'വാങ്ങുന്ന ഒരാവേശം ആര്‍ക്കും  തിരികെ തരാനുണ്ടാവില്ല. 
കടം കൊടുക്കുന്നതോടെ ഒരുശത്രുവിനെ വിലക്ക് വാങ്ങിക്കുകയാണ്' 
എന്നൊക്കെ പറഞ്ഞു പലരും പരമാവധി പിന്തിരിപ്പിക്കാന്‍  നോക്കിയതാണ്. 


തിരികെ ചോദിയ്ക്കാന്‍ വിളിക്കുമ്പോള്‍  ഫോണെടുക്കാതെ കണ്ടുമുട്ടുമ്പോള്‍ 
നൂറുകൂട്ടം ഒഴികഴിവുകള്‍ പറഞ്ഞ് കണ്ടാലുംകണ്ടില്ലെന്നു നടിച്ച് മുങ്ങിക്കളയുന്നവരുടെയും 
പോക്കറ്റിലുള്ള കാശ്കൊടുത്ത്  അത് തിരികെകിട്ടാന്‍ ഭിക്ഷയാചിക്കേണ്ടി വന്നവരുടെയുമൊക്കെ 
ഉള്ളതും ഇല്ലാത്തതുമായ കഥകള്‍ ഒരുപാടുണ്ട് പറയാന്‍ എല്ലാവര്‍ക്കും .


ചില സന്ദര്‍ഭങ്ങളില്‍  ‘നോ’ എന്ന് പറയാന്‍ കഴിഞ്ഞാല്‍ തന്നെ പല അബദ്ധങ്ങളില്‍  നിന്നും 
രക്ഷപ്പെടാനാവുമെന്ന തത്വമൊക്കെ അറിയാമായിരുന്നിട്ടും എന്തോ 'ഇല്ല' 
എന്ന് പറയാന്‍ കഴിഞ്ഞില്ല.


ഇന്ന് അവസാനത്തെ അവധി പറഞ്ഞതാണ്. കഴിയാഞ്ഞത് കൊണ്ടാവും. 
അവന്റെ അവസ്ഥ തനിക്കാണല്ലോ കൂടുതല്‍  അറിയുക.


ഒരേകദേശധാരണ വെച്ചാണ് പോകുന്നത്. കാറിപ്പോള്‍ ഹിറാസ്ട്രീറ്റിലൂടെ 
അബ്ഹൂര്‍ ജനൂബിലേക്ക് പ്രവേശിച്ചിരിക്കുന്നു. ഇനിയുമുണ് ഒരുപാട് ഓടാന്‍ .
അടുത്തെത്താറാവുമ്പോള്‍ , അവനെ മൊബൈലില്‍ വിളിക്കണം.







പുതിയ പകല്‍ മേക്കപ്പ് കഴിഞ്ഞു അണിഞ്ഞൊരുങ്ങി സുന്ദരിക്കുട്ടിയായി 
ഇറങ്ങിവരുന്നേയുള്ളൂ.. വഴിയോരങ്ങളിലൊന്നും ആരെയും കാണുന്നില്ല.
ഏകാന്തത ഇഷ്ടമാണെങ്കിലും ഇത്തരം ഏകാന്തതകള്‍  ഒരു തരം ഭീതിയുടെ 
അനുദൈര്‍ഘ്യ തരംഗങ്ങളാണ് സൃഷ്ടിക്കുക. 


ചുറ്റും ആള്‍കൂട്ടമുണ്ടാവുമ്പോഴേതനിച്ചാവലിനു മധുരമുള്ളൂ. 
അല്ലാത്തപ്പോള്‍ ഏകാന്തത ഭീകരമാണ്.!

പൊടുന്നനെ, കാതടപ്പിക്കുന്ന വലിയ ഒരു ശബ്ദം കേട്ടാണ് ചിന്തക്ക് 'സഡന്‍ബ്രേക്ക്' വീണത്‌. 
കാര്‍  ഒന്ന് വെട്ടി  വലിയ ശബ്ദത്തോടെ ഒന്ന് കുലുങ്ങി. 
പാമ്പിഴയും മാതിരി ഒന്നുലഞ്ഞു.


പിന്നെ റോഡില്‍ എന്തോ ഉരഞ്ഞതിന്റെ അതിദയനീയമായ തേങ്ങി കരച്ചില്‍ ‍..!
ബ്രേക്ക് ചവിട്ടാതെ തന്നെ വണ്ടി നിന്നു..! 
ഡോര്‍  തുറന്നു നോക്കുമ്പോള്‍ 'അവന്റെ'കാറ്റുപോയിരിക്കുന്നു..! 
മറ്റാരുടേതുമല്ല; പിന്നിലെ മൊട്ടയുടെ...!!!

വരാനിരിക്കുന്ന ഈ  രംഗത്തിന്റെ റിഹേഴ്സലായിരുന്നു അല്പം മുമ്പ് 
മനസ്സില്‍ നടന്നിരുന്നത് എന്ന് വല്ലാത്ത  ഒരു ആധിയോടെ ഓര്‍ത്തു .  


വിജനമായ ഈ സ്ഥലത്ത് ഇങ്ങിനെ ഒരു അവസ്ഥ വരുമെന്ന് വിചാരിച്ചതല്ല . 
ഇനി എന്ത് ചെയ്യും? മാറ്റിയിടാനുള്ള ടയറും കാറ്റ് പോയതാണല്ലോ എന്റെ പടച്ചോനെ..

'വര്‍ഷ 'കള്‍ ‍ (വര്‍ക്ക്‌ഷോപ്പ് ) തുറക്കാനിനിയുമുണ്ട്  മണിക്കൂറുകള്‍ . 
ഈ 'മഹാനവര്‍കളെ'കെട്ടിവലിച്ചു കൊണ്ട് പോകാനും വേണ്ടേ അതിനു പറ്റിയ  ഒരു വണ്ടി? 


ടാക്സി പിടിച്ച് ടയര്‍ കൊണ്ട് പോയി പഞ്ചറടപ്പിക്കാമായിരുന്നു . 
അതിനു ഈ കൊച്ചുവെളുപ്പാന്‍ കാലത്ത് ആരെയാണ് കിട്ടുക?


തനിക്കായി ഏത് വര്‍ക്ക് ഷോപ്പാണ്  ഇപ്പോള്‍  തുറന്നിട്ടിരിക്കുക? 


അന്നേരം മനസ്സില്‍  നിന്ന് ‘കടം’ എന്ന സങ്കടം ഇറങ്ങിപ്പോയി ആ കസേരയില്‍ 
 ‘ശകടം’ വന്നു കാലിന്മേല്‍ കാല് കയറ്റി വെച്ച് 
ഇരിപ്പുറപ്പിച്ചിരിക്കുന്നു.. 


അങ്ങിനെ ചിന്തിച്ചപ്പോള്‍   ആ സമയത്തും ഉള്ളില്‍  ചിരി പൊട്ടി.

ഒന്ന് രണ്ടു കാറുകള്‍ക്ക്  നേരെ കൈ നീട്ടി. മുഖത്തേക്ക് പോലും  നോക്കാതെ 
അവരൊക്കെ‘നെവര്‍ മൈന്റിന്റെ' ആക്സിലേറ്ററില്‍ ആഞ്ഞു കാല്‍വെച്ചു. 


'ഉജ്റ:' (ടാക്സി ) എന്ന ബോര്‍ഡ്  വെച്ച വല്ല കാറും വരണേ എന്ന് പ്രാര്‍ഥിച്ചു  
കൊണ്ട് നില്‍ക്കുമ്പോള്‍   വന്നു ഒന്ന് രണ്ടെണ്ണം. 
പക്ഷെ രണ്ടിലുമുണ്ട് നേരത്തെ ഇരിപ്പുറപ്പിച്ച യാത്രക്കാര്‍ !

ഒടുവില്‍ , ഇനിയെന്ത് ചെയ്യുമെന്നറിയാതെ നിന്ന് വിയര്‍ക്കുമ്പോള്‍ , 
അകലെനിന്ന് ഒരാള്‍ നടന്നു വരുന്നത് കണ്ടു. 
ഒരു മധ്യവയസ്ക്കന്‍ ‍. 
പ്രഭാത സവാരിക്കിറങ്ങിയ മട്ടും മാതിരിയും വേഷഭൂഷാദികളും. 
ആരോഗ്യ ദൃഡഗാത്രന്‍  . സുമുഖന്‍ ‍. 

വെട്ടിവെടിപ്പാക്കി നന്നായി പരിപാലിച്ചു പോരുന്ന തിങ്ങിയ താടി. 
മുഖത്ത് കാരുണ്യത്തിന്റെ നിറ പ്രസാദം. നന്മയുടെ പ്രകാശപ്പൊട്ടുകള്‍  
ലൈവായി  സംപ്രേക്ഷണം ചെയ്യുന്ന കണ്ണുകള്‍  


ഒരു മനുഷ്യനെ കാണുമ്പോഴേക്കും മനസ്സിങ്ങനെ നിറയുന്നോ? 
എന്തെന്നില്ലാത്ത ആശ്ചര്യം തോന്നി. ‍   

ഹൃദയത്തിലിറ്റി വീഴുന്ന അഭിവാദ്യമധുരവുമായി  അദ്ദേഹം വെളുത്തു തുടുത്ത കരം നീട്ടി.
ഒരു ചൂടുള്ള ഹസ്തദാനത്തിന്റെ സ്നേഹശ്രുതി എന്നോണം : 
'കൈഫല്‍ ഹാല്‍..? (എന്തുണ്ട് വിശേഷം)തുളുമ്പി വീണു. 
'എഷ് ഫി മുശ്കില .. അയ്യു ഖിദ് മ: യാ മുഹമ്മദ്‌..? 
(എന്ത് പറ്റി? വല്ല സഹായവുംവേണോ?)
'ശുക്റന്‍ .. ഹയ്യാകല്ലാഹ് .. ( നന്ദി ; ദൈവം താങ്കളെ സുഖമായി ജീവിപ്പിക്കട്ടെ ) 
എന്ന ഉപചാരവാക്കുകളോടെ വിഷയം ഏതാനും വാചകങ്ങളില്‍ അദ്ദേഹത്തെ ധരിപ്പിച്ചു.

വല്ല മെക്കാനിക്കല്‍ പ്രോബ്ലവുമാണ് എന്നാണ് അദ്ദേഹം കരുതിയത്‌ എന്ന് തോന്നുന്നു. 
എക്സ്ട്രാ ടയര്‍ ‍ ഉണ്ടെങ്കില്‍ മാറ്റിയിടാന്‍ സഹായിക്കാമെന്നായി അദ്ദേഹം. 
ജാള്യതയോടെ  ഉള്ളത് തുറന്നു പറഞ്ഞു:

'അല്ലാഹുല്‍  മുസ്തആന്‍' (ദൈവം നിങ്ങളെ സഹായിക്കട്ടെ..) 
സലാം പറഞ്ഞ് അദ്ദേഹം നടന്നു നീങ്ങി.

വീണ്ടും അസ്വസ്ഥതയുടെ വിജനമായ തെരുവിലേക്ക്.
പിന്നെയും വാഹനങ്ങള്‍ക്ക് കൈകാണിച്ചു പരിഹാസ്യനായിക്കൊണ്ടിരുന്നു.


ഒരു പത്തുപതിനഞ്ചു മിനിട്ട് കഴിഞ്ഞു കാണും . 
അകലെ നിന്ന് അതിവേഗം പറന്നുവന്ന ഒരു ലക്ഷ്വറി  കാര്‍  തൊട്ടരികില്‍  
നിശ്ശബ്ദതയുടെ ഓരം ചേര്‍ന്ന്  നിന്നു. കാറില്‍ നിന്ന് ‌ശുഭ്രവസ്ത്രത്തിന്റെ 
കുലീനതയില്‍ നിന്ന്‌ ഒരാള്‍  ഇറങ്ങി വന്ന്‌ സലാം പറഞ്ഞു.  

വിസ്മയത്തിന്റെ ആകാശക്കണ്ണുമായി ആ മുഖത്തേക്ക് ഒന്നേ നോക്കിയുള്ളൂ.. 
അതയാള്‍  തന്നെ..!


നേരത്തെ വന്ന്‌ കുശലം ചോദിച്ചു പോയ ആള്‍ ...!


ആ കണ്ണുകളില്‍ 'വാഹനമൊന്നും കിട്ടിയില്ല അല്ലെ? ' 
എന്ന ഒരു ചോദ്യം വീര്‍പ്പുമുട്ടുന്നുണ്ടായിരുന്നു.
'ഫദ്ദല്‍  ഇര്‍കബിസ്സയ്യാറ:' (പ്ലീസ്, കാറില്‍ കേറൂ)

സ്റ്റെപ്പിനി ടയര്‍ കാറിന്റെ ഡിക്കിലിട്ട് അനുസരണയുള്ള ഒരു കൊച്ചു കുട്ടിയെ പോലെ, 
വില കൂടിയ സുഗന്ധ ലേപനത്തിന്റെ ഊഷ്മളത മുറ്റി നില്‍ക്കുന്ന  
പതുപതുത്ത സ്നിഗ്ദ്ധതയില്‍ അദ്ദേഹത്തോടൊപ്പം..

ഒരു കാര്യം തീരുമാനിച്ചിരുന്നു. പുതിയ ഒരു ടയര്‍  വാങ്ങുക തന്നെ. 
അത് അദ്ദേഹത്തോട് പറയുക തന്നെ ചെയ്തു.

'നേരത്തെ തുറക്കുന്ന ഒരു 'വര്‍ഷ ' എനിക്കറിയാം..നമുക്ക് അങ്ങോട്ട്‌ പോകാം.
സ്വതസിദ്ധമായ അദ്ദേഹത്തിന്റെ വാക്കുകള്‍ മനസ്സ് അങ്ങിനെ പരിഭാഷപ്പെടുത്തി.
കാര്‍ കുതിച്ചു പാഞ്ഞു.

ഇപ്പോള്‍ , പുലര്‍ക്കാലത്തിന്റെ ഉറക്കച്ചടവില്‍  നിന്ന്‌ തെരുവ് സജീവതയിലേക്ക് 
ഉണര്‍ന്നു  തുടങ്ങിയിരിക്കുന്നു.

ഏറെ നേരത്തെ ഓട്ടത്തിന് ശേഷം ഒരു വര്‍ഷയുടെ  മുമ്പില്‍ കാര്‍ ‍ നിന്നു. 
അദ്ദേഹം പറഞ്ഞതു ശരിയായിരുന്നു .  അത് തുറന്നിരിക്കുന്നു. 


ഹൃദയപൂര്‍വ്വം  നന്ദി പ്രകാശിപ്പിച്ചു സലാം പറഞ്ഞു പിരിയാമെന്നാണ് കരുതിയത്‌. 
പുതിയ ടയര്‍ വാങ്ങി  ഒരു ടാക്സി പിടിച്ചു പോകാമെന്നും. 


അതിനുമുതിരുമ്പോള്‍  അതിശയത്തിന്റെ കൊടുമുടിയിലേക്ക് പിടിച്ചുയര്‍ത്തിക്കൊണ്ട് 
അദ്ദേഹം പറഞ്ഞു:
'ടയര്‍ വാങ്ങി വരൂ.. ഞാന്‍  കാറിലിരിക്കാം.'

പഴയ ടയര്‍  അടര്‍ത്തിയെടുത്ത് പുതിയത് ഫിറ്റ്‌ ചെയ്യാന്‍ കുറച്ചു സമയമെടുത്തു.


തിരിച്ചു വീണ്ടും അബ്ഹൂര്‍  ജനൂബിലേക്ക്..
ഇസ്തിരിയുടെ ചൂട് വിട്ടു മാറാത്ത ,  മഞ്ഞു തുള്ളിയുടെ വെണ്മ മുറ്റിയ മേല്‍ക്കുപ്പായം 
മടക്കിക്കുത്തി,  ടയര്‍ മാറിയിടാന്‍ സഹായിച്ച് അദ്ദേഹം വീണ്ടും 
വിസ്മയിപ്പിക്കുക തന്നെയായിരുന്നു..!

എല്ലാം കഴിഞ്ഞ്, കയ്യില്‍ പുരണ്ട അഴുക്കു കഴുകാന്‍ , 
അത്യാവശ്യത്തിനു കാത്തുവെച്ച വെള്ളകാനില്‍ നിന്നു അദ്ദേഹം കൈക്കുമ്പിളിലേക്ക് 
മെല്ലെ   പകര്‍ന്നത് സ്നേഹമായിരുന്നോ,
കാരുണ്യമായിരുന്നോ..?!

അന്നേരം നന്ദിയുടെയും കടപ്പാടിന്റെയും ഭാരം താങ്ങാനാവാതെ , 
കുനിഞ്ഞു പോയ ശിരസ്സുയര്‍ത്തി  ആമുഖത്തേക്ക് നോക്കുമ്പോള്‍  
അദ്ദേഹം ഒരു ചിരി ചിരിച്ചു.


ദൈവത്തിനു മാത്രമറിയാവുന്ന ഭാഷയായിരുന്നു ആ ചിരിക്ക്..!
 
Copyright © 2010 Iringattiri Drops. All rights reserved.
Design By- മലയാളം ബ്ലോഗ്‌ ഹെല്‍പ്