2011, ഡിസംബർ 25, ഞായറാഴ്‌ച

പ്രതിധ്വനി




< ദൈവം ഉണ്ടെന്നു തെളിഞ്ഞു. മാധ്യമങ്ങള്‍ ഇനിയെങ്കിലും പ്രതികരിക്കാന്‍ കഴിയാത്തവരെ കെട്ടിയിട്ടു നടത്തുന്ന 
വിമര്‍ശം നിര്‍ത്തണം > 
- ടോമിന്‍ തച്ചങ്കരി 

@ പലരും അങ്ങനെയാണ്. സ്വയം രക്ഷപ്പെടുമ്പോള്‍ പറയും : ദൈവം ഉണ്ടെന്ന്.


< എഴുതിയില്ലെങ്കില്‍ മരിച്ചു പോകും എന്നൊന്നും തോന്നിയിട്ടില്ല > 
- അഷ്ടമൂര്‍ത്തി 

@ ചിലര്‍ എഴുതിയാലാണ് മരിച്ചു പോകുക , എഴുത്തുകാര്‍ അല്ല ; വായനക്കാര്‍ 

< മുഖ്യ ധാര പ്രസ്ഥാനത്തില്‍ നിന്ന് കൊണ്ട് സര്‍വതന്ത്ര സ്വതന്ത്രനെ പോലെ പൊതുതാത്പര്യം പറയാന്‍ 
ബുദ്ധിമുട്ടാണ് . മറ്റേതെങ്കിലും പാര്‍ട്ടി യിലായിരുന്നു എങ്കില്‍ ഞാന്‍ പണ്ടേ പുറത്താകുമായിരുന്നു > 
- വി.എം.സുധീരന്‍

@ അളമുട്ടിയാല്‍ കൊണ്ഗ്രസ്സും കടിക്കും 

< ഉമ്മന്‍ ചാണ്ടിയും വി.എസും നല്ല ടീമാണ്. അങ്ങോട്ടുമിങ്ങോട്ടും മത്സരിച്ചു മുന്നേറാന്‍ പറ്റും . ഇത് രണ്ടു 
കൂട്ടര്‍ക്കും ഗുണം ചെയ്യും.. തങ്ങള്‍ മെച്ചപ്പെട്ടത് മറുപക്ഷം കാരണമാണ് എന്ന് അവരറിയുന്നില്ല എന്നേയുള്ളൂ... > 
- ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം 

@ ഇവര്‍ ചെയ്യുന്നത് എന്താണെന്ന് ഇവര്‍ അറിയുന്നില്ല . ഇവരോട് പൊറുക്കേണമേ ...

<ദുരിതമനുഭവിക്കുന്ന വരോട് മുഖ്യ മന്ത്രി ആശ്വാസ വാക്ക് പറയുമ്പോള്‍ വില്ലേജ് ഓഫീസര്‍ ചെയ്യേണ്ട പണിയാണ് 
ഉമ്മന്‍ ചാണ്ടി ചെയ്യുന്നതെന്ന് കോടിയേരി പരിഹസിച്ചു. ഇ.കെ. നായനാരും എ.കെ.ആന്റണിയും വി.എസും 
മുഖ്യമന്ത്രി മാരായിരുന്നപ്പോള്‍ വില്ലേജ് ഓഫീസര്‍മാരും ഉദ്യോഗസ്ഥരും കൃത്യമായി ജോലി ചെയ്തിരുന്നെങ്കില്‍ 
ആളുകള്‍ക്ക് പരാതിയുമായി ജന സമ്പര്‍ക്ക പരിപാടിക്ക് പോകേണ്ടിയിരുന്നില്ല > 
- ബി.ആര്‍.പി. ഭാസ്ക്കര്‍

@ ജനതര്‍ക്ക പരിപാടിക്കൊക്കുമോ ജന സമ്പര്‍ക്ക പരിപാടി ?

< വിയറ്റ്നാമിനെപ്പറ്റി ഇന്നും കവിതയെഴുതുന്ന എഴുത്തുകാരും ബുദ്ധിജീവികളും ഇന്ത്യ യുടെ വിവിധ ഭാഗങ്ങളില്‍ 
നടക്കുന്ന വര്‍ഗീയ ഫാസിസം കാണാതെ പോകുകയാണ് .. അവര്‍ ഗുരുതരമായ മൌനം പാലിക്കുകയാണ് > 

- എന്‍.എസ്. മാധവന്‍ 

@ കഥയും എഴുതാമല്ലോ.. കവികളെ ഏല്‍പ്പിച്ചു കഥാകാരന്മാര്‍ എവിടെ പോകുന്നു?

< ഞാന്‍ മുഖ്യ മന്ത്രി ആയാല്‍ ഒറ്റ റോഡും പുതുതായി ഉണ്ടാക്കില്ല . റോഡ്‌ നന്നാക്കലാണ്‌ വികസനം എന്ന് 
കരുതുന്നവരുണ്ട്.. പക്ഷെ ഉള്ള റോഡുകള്‍ ലിങ്ക് ചെയ്തു ഗതാഗതക്കുരുക്ക് പരിഹരിക്കുകയാണ് വേണ്ടത് എന്ന് 
എനിക്കറിയാം.> 

- സന്തോഷ്‌ പണ്ടിട്റ്റ് 

@ 'ലിങ്ക്' ആണല്ലോ പണ്ടിട്റ്റ് നെ സൃഷ്ടിച്ചത്.. മുഖ്യ മന്ത്രി ആയാല്‍ എല്ലാ വകുപ്പും ഞാന്‍ തന്നെ 
കൈകാര്യം ചെയ്തോളും എന്ന് പറഞ്ഞില്ലല്ലോ ഭാഗ്യം ..!!!

<നൂറു ദിവസം ഓടുന്ന സിനിമ ഉണ്ടാക്കിയിട്ട് കാര്യമില്ല എന്ന് എനിക്ക് തോന്നിത്തുടങ്ങിയിരിക്കുന്നു . നൂറു ദിവസം 
കഴിഞ്ഞും ചര്‍ച്ച ചെയ്യപ്പെടേണ്ട സിനിമകളാണ് ഞാന്‍ ഇപ്പോള്‍ ആഗ്രഹിക്കുന്നത് > 

- കമല്‍

@ ഇനി അങ്ങനെ പറയലാണ് നല്ലത്. നൂറു പോയിട്ട് ആറ് ദിവസം പോലും ഓടിക്കാന്‍ ഇപ്പോള്‍ പറ്റുന്നില്ല അല്ലെ?














- ചിത്രങ്ങള്‍ക്കും കാരിക്കെച്ചറുകള്‍ക്കും കടപ്പാട്  

2011, ഡിസംബർ 21, ബുധനാഴ്‌ച

പ്രതികരണങ്ങള്‍ പ്രതികാരങ്ങള്‍ ആവാതെ


ഇ- ഇടങ്ങളിലെ എഴുത്തിന്റെ പ്രധാന ഗുണങ്ങളില്‍ ഒന്ന്  വായനക്കാരന്റെ പ്രതികരണം ചൂടോടെ അറിയാം എന്നതാണ്. അച്ചടി മാധ്യമങ്ങളില്‍ വന്ന ഒരു സൃഷ്ടിയെ കുറിച്ച് വായനക്കാരന്റെ മനസ്സറിയാന്‍ എഴുത്തുകാരന്‍ ഏറെ കാത്തിരിക്കണം. ഏറിയാല്‍ ഒന്നോ രണ്ടോ പ്രതികരണങ്ങള്‍ കിട്ടിയാലായി. അത് തന്നെ പത്രാധിപരുടെ ഔദാര്യം ഉണ്ടെങ്കില്‍ മാത്രം..


പക്ഷെ ഇ - ഇടങ്ങളിലെ  പ്രതികരണങ്ങള്‍ എഴുത്തുകാരന്റെ മുമ്പിലേക്ക് തുരുതുരാ വന്നു കൊണ്ടിരിക്കും. ലോകത്തിന്റെ ഏതു ഭാഗത്ത്‌ നിന്നും ഞൊടിയിടയില്‍ പ്രതികരണങ്ങള്‍  വരും.
അതില്‍ ഇഷ്ടങ്ങളുണ്ടാകും. അനിഷ്ടങ്ങളുണ്ടാകും. കുറ്റപ്പെടുത്തലുണ്ടാവും സുഖിപ്പിക്കലും ദു:ഖിപ്പിക്കലും ഉണ്ടാകും .


പ്രതികരണങ്ങള്‍ക്കും കമന്റുകള്‍ക്കും ഇ ഇടങ്ങളിലെ സ്വാധീനം കുറച്ചൊന്നുമല്ല . 
അതുകൊണ്ട് തന്നെ കമന്റിനു വേണ്ടി അതിസാമര്‍ത്ഥ്യം കാണിക്കുന്നവരും യാചന നടത്തുന്നവരും 
ഉണ്ട്  ഇവിടെ. കമന്റു കിട്ടാന്‍ വേഴാമ്പലിനെ പോലെ കാത്തിരിക്കുന്നവര്‍ . കിട്ടിയ കമന്റ് മതിയാവാതെ നിരാശ പൂണ്ടവര്‍ . മറ്റുള്ളവന്റെ കമന്റ് കണ്ട് അസൂയ കൊള്ളുന്നവര്‍ കമന്റിനു വേണ്ടി ചാറ്റിലൂടെയും മെന്‍ഷന്‍ വഴിയും ഉളുപ്പില്ലാതെ ആവശ്യപ്പെടുന്നവര്‍ ,  ഇവിടെ കിട്ടാന്‍ അവിടെ പോയി കൊടുക്കുന്നവര്‍ . ഓരോ കമന്റിനും സ്വയം മറുപടി എഴുതി കമന്റുകളുടെ എണ്ണം വര്‍ധിപ്പിച്ചു സായൂജ്യമടയുന്നവര്‍ .. ഇങ്ങനെ ഇ ഇടങ്ങളില്‍  കമന്റിനു വേണ്ടി നടക്കുന്ന കളികള്‍ ഏറെ രസകരമാണ്, വിചിത്രവും. ചിലപ്പോഴൊക്കെ ഈ കളികള്‍ വഴിവിട്ടതാകുന്നു ; ലജ്ജാകരവും .


തികച്ചും ബാലിശമായ തനി തറ പോസ്റ്റുകള്‍ കമന്റുകള്‍ കൊണ്ട് നിറഞ്ഞു കവിയുന്നത് കണ്ടിട്ടുണ്ട് .
മികച്ച  പോസ്റ്റുകള്‍ തിരിഞ്ഞു നോക്കാന്‍ ആളില്ലാതെ അനാഥമായിക്കിടക്കുന്നതും കണ്ടിട്ടുണ്ട് . ഇതില്‍ നിന്ന് മനസ്സിലാകുന്നത്‌ പ്രതികരണങ്ങള്‍ ഭൂരിഭാഗവും വെറും ഉപരിപ്ലവമായ  പുറം ചൊറിയലുകള്‍ മാത്രമാണ് എന്നാകുന്നു .


പ്രതികരണങ്ങള്‍ പൊതുവേ സുഖിപ്പിക്കല്‍ , അഭിനന്ദിക്കല്‍ , നിരൂപിക്കല്‍ , വിമര്‍ശിക്കല്‍ എന്നിങ്ങനെ നാലു വിധമുണ്ട് . ഇവ ഓരോന്നും വ്യത്യസ്ത രീതിയിലാണ് ഓരോരുത്തരെയും സ്വാധീനിക്കുക.


സുഖിപ്പിക്കല്‍ വെറുതെ ഒരു പുറം ചൊറിയല്‍ മാത്രമാണ്. അവിടെ ഒരേ ഒരു ലകഷ്യം മാത്രം. അവനെ / അവളെ / ഒന്ന് രസിപ്പിക്കുക .  അത് കൊണ്ട് കാര്യമായ ദോഷം ഒന്നും വരാനില്ല . ഗുണം ഉണ്ട് താനും. 
ഉദ്ദിഷ്ടകാര്യത്തിന് ഉപകാര സ്മരണ. അവിടെ കൊടുത്താല്‍ ഇവിടെ കിട്ടും.


പക്ഷേ , ഇത് തികച്ചും കാപട്യമാണ്.. 'ഇങ്ങനെ പറയാന്‍ മാത്രമൊന്നുമില്ല എന്നാലും കിടക്കട്ടെ ...' എന്ന ഒരു ഉള്‍ധ്വനി ഇവിടെ മുഴങ്ങി കേള്‍ക്കാം. വെറും ഉപരിപ്ലവമായ വാചക കസര്‍ത്തുകള്‍ . ഇതിനായി ചില സ്ഥിരം വാചകങ്ങള്‍ തന്നെയുണ്ട്‌ . കിടിലന്‍ , കിക്കിടിലന്‍ , തുടങ്ങി 'നീയൊരു പുലി' തന്നെ വരെ.. !
കമന്റിന്റെ എണ്ണം നോക്കി ആശ്വസിക്കുന്നവര്‍ക്ക് ഈ പരിപാടി ഏറെ ഗുണം ചെയ്യും...! 


പക്ഷെ , അഭിനന്ദനം  അങ്ങനെയല്ല. അത്  നല്‍കുന്നവനും സ്വീകരിക്കുന്നവനും സന്തോഷം പകരുന്ന കാര്യമാണ്.  ഇത് ഇഷ്ടപ്പെടാത്തവര്‍ ആരുമുണ്ടാകില്ല . അഭിനന്ദനം ഉള്ളില്‍ നിന്ന് വരുന്നതാണ്. അതില്‍ കാപട്യത്തിന് പഴുതില്ല . ഇവിടെ വാക്കുകള്‍ ധാരാളം ഉപയോഗിക്കാം . കൂടുതല്‍ ആത്മസംയമനം പാലിക്കേണ്ട കാര്യമില്ല . നല്‍കുന്നവനും സുഖം. കിട്ടുന്നവനും സുഖം . ഒരെഴുത്തുകാരന് കിട്ടുന്ന ഏറ്റവും ഹൃദ്യമായ സമ്മാനം ആണ് അഭിനന്ദനങ്ങള്‍ ..


വിമര്‍ശനം കൂട്ടത്തില്‍ ഏറെ കടുപ്പമേറിയതാണ്‌.. ഇവിടെ നല്ല പക്വതയും ആത്മസംയമനവും പാലിച്ചേ തീരൂ. വ്യക്തി വിരോധം , അസൂയ , ദ്വേഷ്യം , മറ്റുള്ളവരുടെ വളര്‍ച്ചയില്‍ അസഹിഷ്ണുത ഇവയൊക്കെ കടന്നു വരാനുള്ള പഴുതുകള്‍ യഥേഷ്ടം ഉള്ള ഒരു 'മുറിപ്പെടുത്തല്‍' മാര്‍ഗം.
ഇവിടെ തെറ്റ് മാത്രമേ കാണുന്നുള്ളൂ. അത് ചൂണ്ടിക്കാണിക്കുമ്പോള്‍ മനസ്സിന് മുറിവേല്‍ക്കാന്‍  സാധ്യത ഏറെ! പ്രത്യേകിച്ചും പരസ്യമായി ഇത് നിര്‍വഹിക്കുമ്പോള്‍ .


വിമര്‍ശനം എല്ലാവരും ഒരേ പോലെയല്ല ഉള്‍ക്കൊള്ളുക .
അവന്‍ എന്നെ വിമര്‍ശിക്കാന്‍ ആര്? അവന് അതിനുള്ള യോഗ്യത എന്ത് ? തുടങ്ങിയ ആത്മ രോഷത്തില്‍ നിന്നും ഉയരുന്ന ചോദ്യങ്ങള്‍ വിമര്‍ശനത്തിനു ഇരയാകുന്നവന്റെ മനസ്സില്‍ അസ്വസ്ഥത സൃഷ്ടിക്കും.
ഏറെ ശ്രദ്ധയോടെ നടത്തേണ്ടുന്ന ഒരു കാര്യമാണ് വിമര്‍ശനം.
വിമര്‍ശകര്‍ക്ക് ശത്രുക്കള്‍ കൂടുന്നത് ഇത് കൊണ്ടാണ് .


വിമര്‍ശനം നടത്തുന്ന ആളെ കുറിച്ച് വിമര്‍ശിക്കപ്പെടുന്ന ആള്‍ക്ക് വ്യക്തി ബന്ധം ഉണ്ടാകുക , 
ഗുണ കാംക്ഷിയാണ് എന്ന ഉത്തമ ബോധ്യം നില നിലനില്‍ക്കുക , 
ഗുരു തുല്യന്‍ ആകുക , 
വിമര്‍ശിക്കപ്പെടുന്ന ആള്‍ക്ക് വിമര്‍ശകന്റെ കഴിവില്‍ മതിപ്പുണ്ടാകുക,  
അയാളുടെ ആത്മാര്‍ഥത ബോധ്യപ്പെടുക  
ഇത്തരം ഗുണവിശേഷങ്ങള്‍ ഉള്ള വ്യക്തികളില്‍ നിന്ന് എത്ര രൂക്ഷമായ വിമര്‍ശനം ഉണ്ടായാലും അത് സന്തോഷപൂര്‍വ്വം ആരും സ്വീകരിക്കും. അവരുടെ ഭാവിക്ക് അത് കരുത്ത് പകരും...!!

സത്യത്തില്‍ എന്നെ വിമര്‍ശിച്ചോളൂ എന്ന് പറയുന്നവരെ ഒന്ന് കാര്യമായി വിമര്‍ശിച്ചു നോക്കൂ .
അപ്പോള്‍ അറിയാം തനിനിറം. ഇത് ബ്ലോഗില്‍ മാത്രമല്ല ; ഫേസ് ബുക്കിലും ഇങ്ങനെ തന്നെ. അപവാദങ്ങള്‍ ഇല്ലെന്നല്ല .


ഭൂരിഭാഗം ആളുകളും പൊക്കിപ്പറയുന്നത് നന്നായി ആസ്വദിക്കും . വിമര്‍ശനത്തില്‍ അസഹിഷ്ണുത കാണിക്കും. പിന്നെ അവനെ ആ കണ്ണുകൊണ്ട് തന്നെ കാണും. കലാക്കാലം . ഒരേ രംഗത്ത്‌ പ്രവര്‍ത്തിക്കുന്ന ആളുകളാണെങ്കില്‍ പ്രത്യേകിച്ചും. നടപ്പ് രീതി അങ്ങനെയാണ്.


അതിനു വേറെ ഒരു കാരണം കൂടിയുണ്ട്. പലര്‍ക്കും വിമര്‍ശിക്കാന്‍ അറിയില്ല  . സുഖിപ്പിച്ചു പറയുന്ന അത്ര എളുപ്പമല്ല വിമര്‍ശനം. വിമര്‍ശം പലപ്പോഴും മുറിപ്പെടുത്തല്‍ ആകുന്നു.. ഏതൊരു കുഞ്ഞു പക്ഷിക്കും എളുപ്പത്തില്‍ മുറിപ്പെടുന്ന ഒരു മനസ്സുണ്ട്. അത് കൊണ്ട് നയപരമായി കാര്യങ്ങള്‍ പറയാന്‍ ശ്രമിച്ചാല്‍ പ്രശ്നം ഉണ്ടാവില്ല . മാത്രമല്ല അത് എഴുത്തുകാരന് ഒരു തിരിച്ചറിവിന് കാരണമാകുകയും ചെയ്യും.


നിരൂപണം തിരിച്ചറിവിനുള്ള നല്ല മാര്‍ഗമാണ് .
ഇവിടെ കുറച്ചു കൂടി സംയമനം ആവശ്യമാണ്‌..  വിഷയത്തെ കുറിച്ച് നല്ല ബോധ്യം വേണം ഒന്ന്. രണ്ട് ,  നല്ലതും ചീത്തയും വേര്‍ തിരിച്ചു കാണാനുള്ള കണ്ണ് .
ഒരാളുടെ വളര്‍ച്ചയും അഭ്യുന്നതിയും കാംക്ഷിക്കുന്നവര്‍ ഈ മാര്‍ഗം സ്വീകരിക്കുന്നതാണ് നല്ലത്. നല്ല കയ്യടക്കവും മന:സംയമനവും പാലിക്കേണ്ട രീതിയാണിത്.. ഇവിടെ മുറിപ്പെടുത്തുന്നില്ല , മുറിവുള്ള ഭാഗങ്ങള്‍ സ്നേഹത്തോടെ ചൂണ്ടി ക്കാണിച്ചു കൊടുക്കുകയാണ് .. വളരാന്‍ ആഗ്രഹിക്കുന്ന ഏതൊരാള്‍ക്കും ഏറെ ഉപകാരപ്പെടുന്ന ഒരു മാര്‍ഗം .


കുറ്റം മാത്രം കണ്ടു പിടിക്കാന്‍ ഭൂതക്കണ്ണാടി വെച്ച് നടക്കുന്നവരുണ്ട് . ഞാന്‍ കേമന്‍ എന്ന് അവരുടെ അക്ഷരങ്ങളില്‍ നിന്ന് വായിച്ചെടുക്കാം . അവര്‍ മറ്റുള്ളവരെ വിമര്‍ശിച്ചു കൊണ്ടേ ഇരിക്കും . തിരിച്ചു ഒന്ന് കിട്ടിയാല്‍ കോപാന്ധന്‍ ആവുകയും ചെയ്യും. ചില പരിഹാസക്കാര്‍ക്കും ഉണ്ട് ഈ സ്വഭാവം . അവര്‍ എല്ലാവരെയും കളിയാക്കും . തിരിച്ചൊന്നു കിട്ടിയാല്‍ വല്ലാതെ ക്ഷമ കേടു കാണിക്കുകയും ചെയ്യും.

പിന്നെ എന്തൊക്കെ പറഞ്ഞാലും ഗുണകാംക്ഷികളുടെ വിമര്‍ശനം ഏതൊരു എഴുത്തുകാരനെയും നന്നാക്കും .. അത്തരം ഗുണ കാംക്ഷികളുടെ സ്വരം നമുക്ക് പ്രത്യേകം തിരിച്ചറിയാനാവും .....



സോഷ്യല്‍ മീഡിയകളില്‍ അഭിനന്ദനവും , നിരൂപണവും ആവും ആരോഗ്യകരം എന്ന് തോന്നുന്നു .
കാരണം ഒരു പൊതു സമൂഹത്തിന്റെ മുമ്പില്‍ വെച്ച് അവമതിക്കപ്പെടാന്‍ ആരും ഇഷ്ടപ്പെടുന്നില്ല . അതാരും പൊറുക്കുകയും ഇല്ല . എത്ര വലിയ സഹൃദയന്‍ ആണെന്ന് അഹങ്കരിക്കുന്നവനാണ് എങ്കില്‍ പോലും.


മാമ്പൂ കണ്ടും മക്കളെ കണ്ടും അഹങ്കരിക്കരുത് എന്ന് പറഞ്ഞപോലെ കമന്റ് കണ്ടും ഫോളോവേഴ്സിനെ കണ്ടും അഹങ്കരിക്കരുത് എന്ന് മാത്രം..!!!



 
Copyright © 2010 Iringattiri Drops. All rights reserved.
Design By- മലയാളം ബ്ലോഗ്‌ ഹെല്‍പ്