2011, സെപ്റ്റംബർ 23, വെള്ളിയാഴ്‌ച

കൊറിക്കാന്‍ ചില കടലമണിക്കവിതകള്‍

പണ്ടത്തെ അധ്വാനം വയറിന്
ഇന്നത്തെ അധ്വാനം വയര്‍ 'ലെസ്സിന്'

പണ്ട് പുകയാത്ത അടുപ്പുകള്‍
ഇന്ന് പുകയില്ലാത്ത അടുപ്പുകള്‍

ആണാണേല്‍ കണ്മണി
പെണ്ണാണേല്‍ കണ്ണീര്‍ മണി

ആരായാലും
ആരായാം

നല്ല ആശയം
നല്ല ആശ്രയം


വരം കിട്ടിയാല്‍ നന്ന്
വിവരം കൂട്ടിയാല്‍ അതിലേറെ നന്ന്

കൊടി ഏറുന്നതിനെക്കാള്‍ പ്രശ്നം
കുടി ഏറുന്നതാണ്

കലാപമേ നിന്നെ ഞാന്‍ വിലാപമെന്നു വിളിക്കട്ടെ...

കുരുതിക്കെതിരെ പൊരുതുക

ചന്ദ്രന്റെ ഹാസം ഹാ! സുന്ദരം !
ചന്ദ്രഹാസമോ? ഹാ! ദുഷ്ക്കരം !

മെയ് വഴക്കം മാത്രം പോര
മൊഴി വഴക്കം കൂടി വേണം

സമഭാവനയും ഒരു സംഭാവന തന്നെ !

ഉടക്കിനോട് ഉടക്കുക

- ഇരിങ്ങാട്ടിരി

2011, സെപ്റ്റംബർ 22, വ്യാഴാഴ്‌ച

ഒരു ദിവസം




ടിയുലഞ്ഞും
മുമ്പിലേക്കാഞ്ഞും
പിറകിലേക്ക് മലച്ചും
ജീവിതക്കമ്പിയില്‍
മുറുകെ പിടിച്ചു നില്‍ക്കുമ്പോള്‍
പത്തിവിടര്‍ത്തി
ഒരു പാമ്പ്.

ഇടക്കെപ്പോഴോ
വെളുത്ത സ്നിഗ്ധത
അലസമായൊന്നു
വെളിക്കു നോക്കുമ്പോള്‍
നാവ് നുണച്ച്
ഒരു കുറുക്കന്‍

വിഹ്വലക്കൊടുവില്‍
ഊടുവഴിത്തിടുക്കം
കിതപ്പൊപ്പുന്നേരം
ചിറകടിച്ചു ശബ്ദമുണ്ടാക്കി
ഒരു കുക്കുടം

പകല്ക്കുന്നിറങ്ങി
അന്തിപ്പുഴ കടക്കെ
നനഞ്ഞു കേറിയ മനസ്സിന്റെ
തുടുത്ത കാല്‍ വണ്ണയിലേക്ക്
തുറിച്ചു നോക്കി
ഒരു മൂരിക്കുട്ടന്‍ .

2011, സെപ്റ്റംബർ 13, ചൊവ്വാഴ്ച

ചോദ്യോത്തര വേള


ചോദ്യം ഉത്തരത്തോട്‌ ചോദിച്ചു :
- 'ജീവിതമെന്നാല്‍ എന്ത്..'?
ഉത്തരം പെട്ടുന്നുത്തരം പറഞ്ഞു:
- 'ഒരു പ്രഹേളിക..'
- 'മണ്ണാങ്കട്ട...!'
'ഏതോ ഒരരസികന്‍ പത്തൊമ്പതാം നൂറ്റാണ്ടില്‍ പറഞ്ഞ മണ്ടത്തരം..'
- 'എങ്കില്‍ നീ തന്നെ പറ..'
- 'രണ്ടു ഞാനാകുന്നു ജീവിതം'
''രണ്ടു നീയോ...? അതെങ്ങനെ മിസ്റ്റര്‍..'?

''ജനിക്കുമ്പോള്‍ മനുഷ്യന്‍ അലറിക്കരഞ്ഞു ചോദിക്കുന്നു : മുലപ്പാല്‍
മരണ വെപ്രാളത്തിനിടയിലും അവന്‍ ദാഹിച്ചു വലഞ്ഞ് ചോദിക്കുന്നു: വെള്ളം വെള്ളം..

ഇങ്ങനെ രണ്ടു ചോദ്യങ്ങളാകുന്നു ജീവിതം ..

ഉത്തരത്തിന് ഉത്തരം മുട്ടി..
 
Copyright © 2010 Iringattiri Drops. All rights reserved.
Design By- മലയാളം ബ്ലോഗ്‌ ഹെല്‍പ്