2011, ഓഗസ്റ്റ് 30, ചൊവ്വാഴ്ച

ഉത്തരം


കുറച്ചു തേക്കിന്‍തൈ കിട്ടിയപ്പോള്‍ അത് കുഴിച്ചിടും നേരം ചെറിയ മോളെ വിളിച്ചു

''ഒന്ന് സഹായിക്കാന്‍ വാ മോളെ... ''

അവള്‍ പറഞ്ഞു: ''എനിക്ക് ഒരു പാട് പഠിക്കാനുണ്ട് ഉപ്പാ.''.


പിന്നീട് ഒരു ദിവസം കുറച്ചു വാഴക്കന്ന് കിട്ടി. അന്നും  അവളെ വിളിച്ചു. 


പ്രതീക്ഷിക്കാതെ അവള്‍ ഓടി വന്നു..

അപ്പോള്‍ ഞാന്‍ ചോദിച്ചു.

'ഇന്ന് പഠിക്കാനൊന്നും ഇല്ലേ? അന്ന് തേക്കിന്‍ തൈ നട്ടപ്പോള്‍ വലിയ പഠിത്തക്കാരത്തി ആയിരുന്നല്ലോ..''


''അത് തേക്കല്ലേ.. അതൊക്കെ വളര്‍ന്നു വലുതായി വരാന്‍ എത്ര കാലം വേണം.. 


ഇവന്‍ ഇതാ നാളെ മറ്റന്നാള്‍ തരും ഒരു വലിയ മധുരക്കുല .." ! ഈ ഉപ്പാക്ക് ഒന്നും അറിയില്ല ... 

എനിക്ക് ഉത്തരം മുട്ടി.



OO

2011, ഓഗസ്റ്റ് 20, ശനിയാഴ്‌ച

നല്ല അയല്‍ക്കാര്‍

 കഥ

അങ്ങേവീടിനും ഇങ്ങേ വീടിനുമിടയിലെ നിശ്ശബ്ദത ചോദിച്ചു:
ഒരു കപ്പുപ്പു തര്വോ ...
ഒരു കഷ്ണം ഇഞ്ചി?
തീപൂട്ടാനൊരു തീപ്പെട്ടിക്കൊള്ളി?
ഒരു വിളക്കെണ്ണ?
അത് കേള്‍ക്കെ അങ്ങേ വീട്ടിലെയും ഇങ്ങേ വീട്ടിലെയും അടുക്കള കോപിച്ചു.
'മിണ്ടിപ്പോവരുത്‌..!'
പിന്നീട് ഒരിക്കലും നിശബ്ദതക്കു നാക്ക്‌ പോങ്ങിയിട്ടില്ല..!
00



2011, ഓഗസ്റ്റ് 19, വെള്ളിയാഴ്‌ച

കുറ്റിപ്പെന്‍സില്‍





എന്റെ കുറ്റിപെന്‍സിലിന്നലെ
നിനച്ചിരിക്കാതെ പടികേറി വന്നു.
കണ്ണുകളില്‍ വിസ്മയം തൊട്ടു കളിക്കെ
ഞാന്‍ പൊതിയെടുത്ത്‌ തുറന്നു.
വെള്ളം ചോര്‍ന്നു പോകാതെ 
രണ്ടു മഷിത്തണ്ടുകള്‍.
ചേര്‍ന്ന് കിടക്കുന്ന രണ്ടു മയില്‍‌പ്പീലി കുഞ്ഞുങ്ങള്‍ 
രണ്ടു ചോക്കുപൊട്ടുകള്‍
പെട്ടെന്ന് 
എവിടെ നിന്നോ കുറെ മഴത്തുള്ളികള്‍ പാറി വന്നു.
ഞാന്‍ കുട നിവര്‍ത്തി ചേര്‍ത്ത് പിടിച്ചു.
അന്നത്തെ പോലെ..


മകള്‍ക്ക് വിളിച്ചപ്പോള്‍ അവളിന്നും പറഞ്ഞു.
സ്റ്റട്ട്ലര്‍ തന്നെ വേണം 
ജര്‍മനിയുടെ 
അതാകുമ്പോള്‍ മുന യൊടിയില്ല
നല്ല കൃത്യതയും ഭംഗിയും ..
ഞാന്‍ ഇടയ്ക്കു കേറി ചോദിച്ചു.
എഴുതി തീരാറായ പെന്‍സില്‍ നീ എന്ത് ചെയ്യും?
വലിച്ചെറിയും'
അവിടെ എന്റെ വാക്കുകള്‍ മുറിഞ്ഞു.
മനസ്സും .





2011, ഓഗസ്റ്റ് 8, തിങ്കളാഴ്‌ച

നിറപ്രസാദത്തിന്റെ സ്മിത സാന്ദ്രിമ


മലപ്പുറം കോട്ടപ്പടി സ്റ്റോപ്പ് കഴിഞ്ഞ് കെ.പി.എം. ഹോസ്പിറ്റലിന്റെ മുമ്പിലൂടെ വേങ്ങര റോഡിലേക്ക് വാഹനം പ്രവേശിക്കുന്നതോടെ കടലുണ്ടിപ്പുഴ കൂടെ ഒഴുകിത്തുടങ്ങും. മനസ്സിലപ്പോള്‍, പുഴയുടെ തെളിനീരൊഴുക്ക് പോലെ കാണാനിരിക്കുന്ന ഒരു നിറപ്രസാദത്തിന്റെ സുസ്മിത സാന്ദ്രിമ മെല്ലെ ഓളമിട്ടു തുടങ്ങിയിട്ടുണ്ടാവും.

ഒരു ചെറുചിരി കണ്ടാല്‍ ഒരു മൃദുമൊഴി കേട്ടാല്‍ അത് മതി. അശാന്തിയില്‍ നിന്ന് ഇറങ്ങിപ്പോയി ശാന്തിയുടെ കുളിര്‍ കയങ്ങളില്‍ മുങ്ങി നിവര്‍ന്നു തിരിച്ചു പോരുമ്പോള്‍ ചിന്തിച്ചിട്ടുണ്ട്. എന്താണ് കിട്ടിയത്? പക്ഷെ ഒന്നറിയാം. അങ്ങോട്ട്‌  പോയ മനസ്സുമായല്ല ഇങ്ങോട്ട് പോന്നത്. ഉള്ളിലെവിടെയോ ഒരു നീര്‍മണിത്തുള്ളി വീണുടഞ്ഞിട്ടുണ്ട്. 

ഒരു കവാടത്തിലൂടെ കേറിയിറങ്ങുമ്പോള്‍ ., ഒരുപൂമുഖത്തിത്തിരി  നേരം ചെലവഴിക്കുമ്പോള്‍, ഒരു മുഖം കാണുമ്പോള്‍, ഒരു മൊഴി കേള്‍ക്കുമ്പോള്‍, എന്ത് കൊണ്ടാവും ഹൃദയം ഇത്രയേറെ പ്രസന്നമാവുന്നത്? കൂടുതല്‍ ആര്‍ക്കും കഴിയാത്ത ഹൃദയത്തില്‍ നിന്ന് ഹൃദയത്തിലേക്ക് ഇങ്ങനെ ഒരു സ്നേഹപ്പാലം പണിയാന്‍ എന്തേ കൂടുതല്‍ ആളുകളുണ്ടായില്ല?

കാത്തിരിപ്പ്‌ വല്ലാത്ത ഒരു മടുപ്പും വിരസതയുമാണ് സാധാരണ സൃഷ്ടിക്കുക . എന്നാലിവിടെ കാത്തിരിപ്പ്‌ ഒരു ഉപാസനയാണ്. വന്ന കാലില്‍ തന്നെ നില്‍ക്കുന്നവരും ഇരിക്കാനിടം കിട്ടിയവരും തണല്‍ വീണു കിടക്കുന്ന മുറ്റത്തെ നിഴല്‍ പൊട്ടുകളില്‍ താടിക്ക് കയ്യും കൊടുത്തിരിക്കുന്നവരും യാതൊരു അക്ഷമയും കാണിക്കുന്നില്ല . കണ്ടു കഴിഞ്ഞവര്‍ക്ക് പെട്ടെന്ന് തന്നെ പോകാന്‍ തിടുക്കമേതുമില്ല. പിന്നെയും പിന്നെയും അവിടെയും ഇവിടെയുമായി പറ്റിച്ചേര്‍ന്നു നില്‍ക്കുന്നു.

ഇവിടെ സന്ദര്‍ശകര്‍ക്ക് മുമ്പില്‍ യാന്ത്രികമായി അടയുന്ന ഗേറ്റില്ല. ഗേറ്റ്‌ കീപ്പറില്ല. വാതിലടക്കാന്‍ വേലക്കാരില്ല . 
ടോക്കണില്ല . പേര് വിളിയില്ല. ക്യൂവില്ല. ആകെയുള്ളത് വന്നവര്‍ക്കൊക്കെയും സ്നേഹത്തിന്റെ ചായയും ആര്‍ദ്രതയുടെ പഴം നുറുക്കും അലിവിന്റെ ഈത്തപ്പഴവും സത്ക്കരിക്കാന്‍ നീണ്ടു മെലിഞ്ഞ മുഷിഞ്ഞ തുണിയും കുടുക്കുകള്‍ മാറിയിട്ട പഴകിയ കുപ്പായവുമിട്ട,  വിശുദ്ധ ശുഭ്രതക്ക് ചുറ്റും കറങ്ങുന്ന ഒരു  പച്ച മനുഷ്യന്‍ - അലവിക്കാക്ക - മാത്രം..! 

ഇത് വെറും പാത്തുമ്മമാര്‍ക്കും ചില മുഹമ്മദ്‌മാര്‍ക്കും മാത്രം ഏങ്ങലടിച്ചു സങ്കടം പറയാനുള്ള ധര്‍മ്മസങ്കട കോടതിയല്ല. സരോജിനിക്കും കാളിക്കും ചാത്തനും ചാമിക്കും വാരസ്യാര്‍ക്കും വാര്യര്‍ക്കും അന്തര്‍ജനത്തിനും നമ്പിക്കും നമ്പീശനും  പണിക്കാരനും പണക്കാരനും പണിക്കര്‍ക്കും വരെ ഔപചാരികതയേതുമില്ലാതെ അവിടേക്ക് കടന്നു ചെല്ലാം. 

'അന്യര്‍ക്ക് പ്രവേശനമില്ല' എന്ന സാധാരണ ബോര്‍ഡിനു പകരം ഇവിടെ എഴുതാതെ എഴുതി വെച്ച ഒരു ഫലകലിഖിതമുണ്ട്.. അത് ഇങ്ങനെ വായിക്കാം:  'ഇവിടെ എല്ലാവര്‍ക്കും പ്രവേശനമുണ്ട്.'

സ്വന്തം വീടിന്റെ പൂമുഖത്ത് 'പൂ മുഖ'വുമായി ഒരു മനുഷ്യന്‍ മനുഷ്യരിലേക്ക് തുറന്നു പിടിച്ച മനസ്സുമായി ഇരിക്കുക. ഇരുട്ടും വരെ. ഇരുട്ടിയിട്ടു പിന്നെയും പുലര്‍ച്ച വരെ. നിലവിളികളിലേക്ക്‌ തുറന്നെ കിടക്കുന്ന കണ്ണുകളും കാതുകളും. പിന്നെ വല്ലാത്ത ഒരു മനസ്സും. ഇത് ആരുടെ പുണ്യമാണ്? ഈ ധന്യതക്ക് ചേരുന്ന പേരെന്താണ്? ശിഹാബ് തങ്ങള്‍  ഇതൊക്കെയായിരുന്നു...

മാനവികതക്കും മതേതരത്വത്തിനും ഉദാഹരണം തേടി വേറെ ഏത് ഉമ്മറപ്പടിയിലെക്കാണ് നാം പോവേണ്ടത്? ഏത് അന്തപ്പുരത്തിന്റെ മുറ്റത്താണ് ദിനേന എന്നോണം  പ്രഭാതം മുതല്‍ പ്രദോഷം വരെ ഇങ്ങനെയൊരു സര്‍വമത ഐക്യ സംഗമം കാണാനാവുക? 

നേരം വെളുക്കും മുമ്പേ ഏത് മുറ്റത്താണ് ഇങ്ങനെയൊരു ആള്‍ക്കൂട്ടം ദൃശ്യമാകുക? സാരി വിതരണമോ, അരി നല്‍കലോ , അന്നദാനമോ സകാത്ത് കൊടുക്കലോ ഒന്നുമല്ല അവിടെ നടന്നിരുന്നത്. മറ്റെവിടെയും കിട്ടാത്ത മറ്റൊരു മുറ്റത്തും കാണാത്ത എന്തോ ഒന്നിനാണ് ആളുകളിങ്ങനെ വന്നു കൊണ്ടിരുന്നത്.. സ്നേഹത്തിന്റെ , മാനവികതയുടെ, സാന്ത്വനത്തിന്റെ പാല്ക്കഞ്ഞിയായിരുന്നു അവിടെ വെച്ചു വിളമ്പിയിരുന്നത്..മറ്റൊരു മുറ്റത്ത് നിന്നും കിട്ടാത്ത ആ അമൂല്യമായ അമൃതിനാണ് ഒറ്റയും തെറ്റയുമായി ആളുകള്‍  വന്നിരുന്നത്.

ഗള്‍ഫിലേക്ക് പോയ ചെക്കന് ഒരു മെച്ചവുമില്ല തങ്ങളൊന്നു പ്രാര്‍ത്ഥിക്കണം, കുട്ടി പഠിക്കാന്‍ വളരെ മോശമാണ് അവനെ ഒന്ന് അനുഗ്രഹിക്കണം, ഭര്‍ത്താവിന് എന്നെ കണ്ണെടുത്താല്‍ കണ്ടു കൂടാ തങ്ങളൊന്നു ദുആ ചെയ്യണം, എന്ന് തുടങ്ങി പശു കറക്കാന്‍ അനുവദിക്കുന്നില്ല തങ്ങള്‍ എന്തെങ്കിലും തരണം തുടങ്ങി ആവലാതികളുടെ പെരുമഴയില്‍ അക്ഷമനായി വിടര്‍ന്ന പുഞ്ചിരിയോടെ അദ്ദേഹം. പ്രാര്‍ത്ഥിക്കുന്നു, അനുഗ്രഹിക്കുന്നു, എല്ലാം ശരിയാകുമെന്ന് ആശ്വസിപ്പിക്കുന്നു, പോക്കറ്റില്‍ നിന്ന് കയ്യില്‍ തടഞ്ഞത് എന്തായാലും എത്രയായാലും എടുത്തു കൊടുക്കുന്നു... 

ദന്ത ഗോപുരങ്ങളില്‍ നിതാന്ത ജാഗ്രതയോടെ നില്‍ക്കുന്ന കാവല്‍ക്കാരുടെയും സെക്ക്യൂരിറ്റിക്കാരുടെയും കരിമ്പൂച്ചകളുടെയും അകമ്പടിയില്‍ വിരാജിക്കുകയും അവരുടെ വീര്‍പ്പുമുട്ടിക്കുന്ന വലയങ്ങള്‍ക്കും വ്യൂഹങ്ങള്‍ക്കും ഉള്ളിലൊതുങ്ങി പട്ടണപ്രവേശങ്ങളും മുഖം കാണിക്കലുകളും നടത്തുകയും ചെയ്യുന്ന നമ്മുടെ നാട്ടില്‍ തന്നെയാണ് കൊടപ്പനക്കല്‍ തറവാടും അവിടെയൊരു ശിഹാബ് തങ്ങളും ഉണ്ടായിരുന്നത്. 

ആരാണ് മഹാന്‍ എന്ന ശീര്‍ഷകത്തില്‍ നാലാം ക്ലാസില്‍ നിന്ന് കാണാതെ പഠിച്ച ഒരു പദ്യമുണ്ട്. ഇന്നും മനപ്പാഠം ഉള്ള ആ കവിത വീണ്ടും വീണ്ടും ഓര്‍മ്മയിലോടിയെത്തുക ഈ മുറ്റത്ത് നില്‍ക്കുമ്പോഴാണ്.. ആ മുഖം കാണുമ്പോഴാണ്..
കവി ഈ വരികളൊക്കെയും എഴുതിയത് ഈ ഒരു മനുഷ്യനെ മുമ്പില്‍ നിര്‍ത്തിയാണോ എന്ന് വല്ലാതെ സന്ദേഹ പ്പെടുത്തിയ വരികളിങ്ങനെ... 

പ്രസാദം വദനത്തിങ്കലും 
കാരുണ്യം ദര്‍ശനത്തിലും 
മാധുര്യം വാക്കിലും 
ചേര്‍ന്നുള്ളവനേ പുരുഷോത്തമന്‍!

വജ്രത്തിലും കഠിനമായ്‌ 
പൂവിലും മൃദുവായിടും 
മഹാന്മാരുടെ ചിത്തത്തെ -
യറിഞ്ഞിടുവതാരഹോ !

രക്തനാണുദയെ സൂര്യന്‍
രക്തനസ്തമയത്തിലും
സമ്പത്തിലും ക്ഷിതിയിലും 
മഹാന്മാരൊരു പോലെയാം 

കോപിപ്പിക്കുകിലും തെല്ലു-
മിളകാ സാധുമാനസം 
ചൂട്ടെരിച്ചു പിടിച്ചീടില്‍  
കടല്‍ വെള്ളം തിളക്കുമോ? 

കവി ഉത്തമനായ പുരുഷനെ വര്‍ണ്ണിക്കുമ്പോള്‍ ഇങ്ങനെയൊരു മഹാനാവാന്‍ ആര്‍ക്കാണ് കഴിയുക എന്ന് നാം വിസ്മയപ്പെട്ടു പോകും.. ആ മഹാനെ കാണാന്‍ നമുക്ക് കാതങ്ങളേറെ യൊന്നും സഞ്ചരിക്കേണ്ടതില്ലായിരുന്നു രണ്ടു വര്‍ഷം മുമ്പ് വരെ..നോക്കെത്തും ദൂരത്ത്‌, കാണാമറയത്ത് ആ ദീപസ്തംഭ മഹാശ്ചര്യമുണ്ടായിരുന്നു..!

ജന്മം കൊണ്ട് നേതാവായവരും കര്‍മ്മം കൊണ്ട് നേതാവായവരുമുണ്ട് നേതൃ നിരയില്‍. മഹത്വമുള്ളവരും മഹത്വം ആരോപിക്കപ്പെടുന്നവരുമുണ്ട്. എന്നാല്‍ ജന്മം കൊണ്ടും കര്‍മ്മം കൊണ്ടും മഹത്വം സിദ്ധിച്ച മഹാമനുഷ്യനായിരുന്നു തങ്ങള്‍. രാഷ്ട്രീയത്തില്‍ , സാമൂഹ്യതലത്തില്‍, ദേശീയ അന്തര്‍ദേശീയ ഔദ്യോഗികതലങ്ങളില്‍ ഒക്കെ വിരാചിച്ചു വിസ്മയം സൃഷ്ടിക്കാന്‍ നിലവില്‍ അവിടെയിരിക്കുന്ന എല്ലാവരെക്കാളും യോഗ്യത ഉണ്ടായിട്ടും അതിനൊന്നും മുതിരാതെ അതിര്‍ത്തിയിലെ സേനാനായകനെ പോലെ കണ്ണും കാതും ഒരിക്കലും ചിമ്മാതെ ഒരു സമുദായത്തെയും ആ സമുദായം ആവശ്യപ്പെടുന്ന സൗഹാര്‍ദ്ദത്തെയും സംരക്ഷിക്കാന്‍ കണ്ണിലെണ്ണ ഒഴിച്ച് കാത്തിരിക്കാനാണ്,  ദേഷ്യപ്പെടുന്നവര്‍ക്ക് കൂടി പുഞ്ചിരി സമ്മാനിക്കാന്‍ തിടുക്കം കാട്ടിയിരുന്ന ആ മനുഷ്യസ്നേഹി ശ്രമിച്ചത്.

അനുയായികള്‍ ഇഷ്ടപ്പെടുന്നിടത്തെക്ക് അവരെ നയിക്കലല്ല ഒരു നേതാവിന്റെ മഹിമ. മറിച്ച് അനുയായികള്‍ എവിടെക്കാണോ നയിക്കപ്പെടെണ്ടത് അവിടെക്കവരെ നയിക്കുന്നവനാണ് യഥാര്‍ത്ഥ നേതാവ്. പ്രതിസന്ധി ഘട്ടങ്ങളില്‍ പക്വതയോടും പ്രത്യുത് പന്ന മതിത്വത്തോടും കൂടി അവരെ നേര്‍ദിശയില്‍ നയിക്കാന്‍ പ്രാപ്തി കാണിക്കുകയാണ് ഒരു നായകന്റെ മഹത്വം. ആ ദൌത്യമാണ് ശിഹാബ് തങ്ങള്‍ വളരെ ഭംഗിയായി നിര്‍വഹിച്ചത്.

കേരളം കടന്നു പോയ കനല്‍വഴികളിലൊക്കെയും തെളിനീര്‍ തെളിച്ച് സാന്ത്വന ഗീതികള്‍ പാടിനടക്കുകയായിരുന്നു ശിഹാബ് തങ്ങള്‍. സമുദായം എല്ലാം മറന്നു ഉറങ്ങിയപ്പോഴും ശിഹാബ് തങ്ങള്‍ കണ്ണിലെണ്ണയൊഴിച്ച് ഉറങ്ങാതെ
കാത്തിരിക്കുകയായിരുന്നു. മത സൌഹാര്‍ദ്ദമെന്ന പളുങ്ക് കൊട്ടാരത്തിന് നേരെ ചീറിവരുന്ന നന്നേ ചെറിയ ഒരു ചരക്കല്ല് പോലും ആ മനസ്സിനെ വല്ലാതെ  നൊമ്പരപ്പെടുത്തിയിരുന്നു.. അത് കൊണ്ട് തന്നെ കണ്ണിലെ കൃഷ്ണമണി പോലെയാണ് മതേതരത്വത്തിനായി തങ്ങള്‍ പണിയെടുത്തത്..

ഏതൊരു മനുഷ്യനുമുണ്ടാകും ആത്മീയമായ ചില നിഷ്ഠകളും പ്രതിഷ്ഠകളും . ഒരു മുസ്ലിമിനെ സംബന്ധിച്ചിടത്തോളം അവന്റെ നിഷ്ഠ മതവും പ്രതിഷ്ഠ മസ്ജിദുമാണ്. അതിനു ഒരു ചെറിയ പോറലേല്‍ക്കുമെന്നു തോന്നുമ്പോള്‍ രക്തം തിളക്കാത്ത വിശ്വസിയുണ്ടാകില്ല. ഇന്ത്യാ ചരിത്രത്തിലെ കറുത്ത ദിനമായ ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ട ദിവസം എല്ലാ കാതുകളും സ്വാഭാവികമായും പാണക്കാട്ടെക്ക് തിരിച്ചു പിടിച്ചിരിക്കുകയായിരുന്നു. മിതഭാഷിയും സ്മിത സ്വഭാവിയുമായ മാനവികതയുടെ ആ പ്രവാചകന്‍ അന്ന് അരുള്‍ ചെയ്തത് ലോകം കേട്ട ഏറ്റവും ഹൃദ്യമായ സുഭാഷിതങ്ങളിലൊന്നായിരുന്നു..

'ആത്മ സംയമനം പാലിക്കുക; ക്ഷമ കൈക്കൊള്ളുക; അതിര് കടക്കാതിരിക്കുക..!
മതമല്ല, പള്ളിയല്ല, ആരാധനയല്ല, വോട്ടു പോലുമല്ല , മനുഷ്യനാണ് പ്രശ്നമെന്നും സൗഹാര്‍ദ്ദമാണ് പ്രധാനമെന്നും പറയാന്‍ ശിഹാബ് തങ്ങള്‍ക്കല്ലാതെ ആര്‍ക്കു കഴിയും?

അക്ഷോഭ്യനും സമാധാനത്തിന്റെ അരിപ്രാവുമായിരുന്ന തങ്ങളെ എന്നും അസ്വസ്ഥനാക്കിയിരുന്നത് തന്റെ പാര്‍ട്ടിയുടെ ജയപരാജയമോ , രാഷ്ട്രീയ പ്രശ്നങ്ങളോ ഒന്നുമായിരുന്നില്ല. . ഇപ്രാവശ്യത്തെ അവധിക്കു നാട്ടില്‍ ചെന്നപ്പോള്‍ പതിവ് പോലെ പാണക്കാട് പോയി. ശിഹാബ് തങ്ങളുടെ പുത്രനും എന്റെ അരുമ ശിഷ്യനുമായ മുനവ്വറലി ശിഹാബ് സംസാരത്തിനിടെ പറഞ്ഞു: ബാപ്പയെ ഏറെ അസ്വസ്ഥനായി കാണാറുള്ളത്‌ വര്‍ഗ്ഗീയ സംഘര്‍ഷങ്ങള്‍ ഉണ്ടാകുന്ന ഘട്ടത്തിലാണ്.. ഈ സമയങ്ങളിലൊക്കെ ബാപ്പ ദിവസങ്ങളോളം അസ്വസ്ഥനായിരിക്കും..'

ശബരിമല തീര്‍ഥാടനത്തിനിടെ മരിച്ച വേങ്ങരയിലെ അയ്യപ്പഭക്തരുടെ വീടുകളില്‍ അന്നുരാത്രി തന്നെ ഓടിച്ചെന്ന് ദുഖാര്‍ത്തരായ കുടുംബത്തെ ആശ്വസിപ്പിക്കാനും അങ്ങാടിപ്പുറം തളിക്ഷേത്ര വാതിലിനു സാമൂഹ്യ ദ്രോഹികള്‍ തീയിട്ടതറിഞ്ഞു അസ്വസ്ഥ ചിത്തനായി ഏറ്റവും ആദ്യം അങ്ങോട്ടോടിയെത്തിയതും ഈ മനുഷ്യന്‍ തന്നെ!

ആ കൈകള്‍ നന്മയിലേക്ക്  നാട മുറിച്ചതെത്ര? കേരള ചരിത്രത്തില്‍ ഇത്രയേറെ ഉദ്ഘാടനം നിര്‍വഹിച്ച മറ്റൊരു മനുഷ്യന്‍ ഉണ്ടായിരുന്നുവോ? പണക്കാരന്റെ കൊട്ടാരത്തിലും പാവപ്പെട്ടവന്റെ കൂരയിലും ചെറ്റപ്പുരയിലും വരെ അദ്ദേഹം സമയവും നേരവും നോക്കാതെ ചെന്നെത്തി.  ഏതു മതക്കാരനും തങ്ങളെ കിട്ടിയാല്‍ മാത്രം മതിയായിരുന്നു..

കനലെരിയുന്നിടങ്ങളില്‍ കുളിര് പകര്‍ന്ന് എത്ര തീനാളങ്ങളാണ് ആ കൈകള്‍ അണച്ചത്? വഴിപിരിഞ്ഞ് അകന്നു പോയ എത്ര കുടുംബന്ധങ്ങളാണ് ആ ശുഭ്രത,  സ്നേഹത്തിന്റെ തീരത്തേക്ക് ആനയിച്ചത്? എത്രയെത്ര വഴി തടസ്സങ്ങളാണ് മിത ഭാഷിയായ ആ മനുഷ്യന്‍ ശാശ്വതമായി പരിഹരിച്ചത്?

'ആത്മസംയമനത്തിന്റെ താരാട്ട് പാട്ടെ'ന്നൊക്കെപ്പറഞ്ഞ് ആ ദീര്‍ഘ ദര്‍ശിത്വത്തെയും മാനവിക ദര്‍ശനത്തെയും
മതേതര താത്പരതയെയും കണക്കിന് കളിയാക്കിയവരോട് കാലമിപ്പോള്‍ കണക്കു ചോദിക്കുകയാണ്.. ആര്‍ക്കും ഒന്നും ചെയ്യാന്‍ അവസരം കൊടുക്കാതെ.. നേതാക്കളങ്ങനെയാണ്. അവര്‍ പറയുന്നതും ചെയ്യുന്നതും ചെറിയ ബുദ്ധിക്കാര്‍ക്ക് മനസ്സിലാവില്ല . കാലം അവരുടെ തീരുമാനങ്ങള്‍ക്കും നിലപാടുകള്‍ക്കും കീഴെ കയ്യൊപ്പ് ചാര്‍ത്തുമ്പോള്‍ മാത്രമായിരിക്കും മറ്റുള്ളവര്‍ കണ്ണ് തുറക്കുക. 

വര : ഇസ്ഹാഖ് നിലമ്പൂര്‍ 

ആ നിറപ്രസാദം അസ്തമിച്ചിട്ട് രണ്ടു വര്‍ഷം.. മരിക്കാത്ത ആ ഓര്‍മ്മകള്‍ക്ക് മുമ്പില്‍ ദുര്‍ബലമായ കുറച്ചക്ഷരങ്ങള്‍ ..











       

2011, ഓഗസ്റ്റ് 2, ചൊവ്വാഴ്ച

അത്താഴം


ഇന്നലെ അത്താഴം കഴിക്കും നേരം ആ മുഖം മനസ്സിലേക്കോടിയെത്തി. സത്യം പറഞ്ഞാല്‍ പത്തിരുപതു വര്‍ഷം കഴിഞ്ഞിട്ടും ആ ഓര്‍മ്മകള്‍ ഉണരാതെ ഒരു റമദാനും കടന്നു പോയിട്ടില്ല .

പഠനങ്ങളില്‍ നിന്ന് പരീക്ഷകളിലേക്കും പരീക്ഷകളില്‍ നിന്ന് ജീവിതത്തിന്റെ വല്ലാത്ത ചില പരീക്ഷണങ്ങളിലേക്കും ഭാഗ്യത്തിനോ നിര്‍ഭാഗ്യത്തിനോ എടുത്തെറിയപ്പെട്ടു കൊണ്ടിരുന്ന കാലം . കാലിക്കറ്റ് യുനിവേഴ്സിറ്റി നടത്തുന്ന ഒരു പരീക്ഷക്കാലം . റമദാനിലാണ് . പരീക്ഷ സെന്റര്‍ അരീക്കോട് സുല്ലമുസ്സലാം കോളേജ് .

റമദാനായത് കൊണ്ടും പരീക്ഷ എഴുതി തിരിച്ചു വീട്ടിലെത്തുന്നത് ഏറെ ശ്രമകരമായത് കൊണ്ടും ഞങ്ങള്‍ നാലുപേര്‍ ( ഹമീദ് പുന്നക്കാട്, ശരീഫ് കാളികാവ്, എന്റെ നാട്ടുകാരനും അയല്‍വാസി യുമായ വാക്കയില്‍ ബഷീര്‍ ) എന്നിവര്‍ പരീക്ഷ സെന്ററി നടുത്ത് എവിടെയെങ്കിലും ഒരു റൂമെടുത്തു താമസിക്കുന്നതാണ് നല്ലത് എന്ന തീരുമാനത്തില്‍ എത്തിച്ചേര്‍ന്നു..

പരീക്ഷ തുടങ്ങുന്നതിന്റെ രണ്ടു ദിവസം മുമ്പ് തന്നെ ഞങ്ങള്‍ അരീക്കോട് ടൌണില്‍ ബസ്സിറങ്ങി. നേരെ കോളേജ് റോഡിലൂടെ വാടക റൂമും അന്വേഷിച്ചു നടന്നു.

ഗ്രാമീണതയുടെ സകലവിധ ഐശ്വര്യങ്ങളും ഹൃദയത്തില്‍ സൂക്ഷിച്ചു സൌമ്യമായി ഒഴുകുന്ന ചാലിയാറിന് കുറുകെ യുള്ള  പാലം കടന്ന് പത്തനാപുരം വരെ അന്വേഷിച്ചു ചെന്നിട്ടും ഞങ്ങളുടെ കൊക്കിലൊതുങ്ങുന്ന ഒരു റൂമോ വീടോ തരപ്പെട്ടില്ല.

ഒന്ന് രണ്ടെണ്ണം കണ്ടെത്തിയെങ്കിലും അതിലൊന്ന് വലിയ വാടക ആയതു കൊണ്ട് വേണ്ടെന്നു വെച്ചു. മറ്റൊന്ന് ഞങ്ങള്‍ക്ക് മുന്‍പേ മറ്റൊരു പരീക്ഷാര്‍ഥി  സംഘം അഡ്വാന്‍സ് കൊടുത്തു ഉറപ്പിച്ചു പോയതായിരുന്നു.. തെല്ലും നിരാശരാകാതെ കോളേജിന്റെ ഭാഗത്തേക്ക്‌ തന്നെ നടന്നു അന്വേഷണം തുടര്‍ന്നു.

കുണ്ടും കുഴിയും പൊട്ടലും പൊളിയലുമൊക്കെയായി ചാലിയാറിന്റെ മനസ്സിലേക്ക് ഇറങ്ങിപ്പോവുന്ന നന്നേ ഇടുങ്ങിയ പോക്കറ്റ് റോഡിലൂടെ നടന്നു വരുമ്പോള്‍, എതിരെ വന്ന ഒരാളാണ് അവിടെ അടുത്തു ഒരു പീടിക മുറിയുണ്ടെന്നും അത് വാടകയ്ക്ക് കിട്ടുമെന്നും പറഞ്ഞു തന്നത്.പീടിക റൂമിന്റെ ഉടമയെ അന്വേഷിച്ചു ചെന്ന് , പതിനഞ്ചു ദിവസത്തിന് ഒരു മാസത്തെ വാടകയും കൊടുത്ത് താക്കോല്‍ വാങ്ങി ഞങ്ങള്‍ പീടിക റൂമിലേക്ക്‌..

പൂട്ട്‌ തുറന്ന് വലിയ ഓടാമ്പല്‍ നീക്കി, മെലിഞ്ഞ നിരപ്പലകകള്‍ അടര്‍ത്തിയെടുത്ത്‌ മുറി തുറന്ന് നോക്കുമ്പോള്‍, ഇടുങ്ങിയ ഒരു അറ! മുറിയെന്നു പറഞ്ഞ് ഇതിനെയിങ്ങനെ അവഹേളിക്കണോ എന്ന് മനസ്സിലൊരുതമാശയുണ ര്‍ന്നപ്പോള്‍ 'നമുക്ക് കാലാക്കാലം പാര്‍ക്കാനൊന്നുമല്ലല്ലോ പിന്നെ പരീക്ഷയുമല്ലേ  ഇത് തന്നെ ധാരാളം .
ഈ വാടകക്ക് ഇതല്ലാതെ ഏതു കിട്ടാനാ ...' ? പഠിക്കാന്‍ മാത്രമല്ല മറ്റു പലതിനും മിടുക്കനായ സുഹൃത്ത്‌ ഹമീദ് പ്രസ്താവിച്ചു! ആ പ്രസ്താവനക്ക് പിന്തുണ പ്രഖ്യാപിക്കുകയല്ലാതെ ഞങ്ങള്‍ക്ക് മൂന്നു പേര്‍ക്കും വേറെ വഴിയൊന്നും ഉണ്ടായിരുന്നില്ല .

പ്രാഥമിക ആവശ്യങ്ങള്‍ക്കും മറ്റും ചാലിയാറിന്റെ പ്രവിശാലമായ തീരത്ത് മറഞ്ഞിരിക്കാവുന്ന, പൊന്തക്കാടുകളും നീന്തിത്തുടിക്കാനും നീരാടാനും വസ്ത്രങ്ങള്‍ അലക്കാനും സ്ഫടിക സമാനമായ പുഴയൊഴുക്കും. ഞങ്ങള്‍ മനസ്സില്‍ കണക്കു കൂട്ടി.

പിറ്റേന്ന് തന്നെ ബാഗും പുസ്തകങ്ങളും കിടക്കാന്‍ പായും ബെഡ് ഷീറ്റുമൊക്കെയായി  ഞങ്ങളെത്തി. കട്ടിച്ചട്ടകളും കാര്‍ട്ട ണ്‌കളും വിരിച്ച് സിമന്റു തറയില്‍ നിന്ന്  അരിച്ചു കേറുന്ന തണുപ്പില്‍ നിന്ന് രക്ഷനേടാന്‍ ചില പൊടിക്കൈകളൊക്കെ ചെയ്തു മുറി 'സംവിധാനിച്ചു'..!

ഞങ്ങളുടെ മുറിയോട് ചേര്‍ന്ന് ഒരു പീടികയുണ്ട്. ഒരു പെട്ടിക്കട. അത്യാവശ്യം വേണ്ട ലൊട്ടുലൊടുക്കു സാധനങ്ങള്‍ അവിടെ കിട്ടും. എട്ടു പത്തു ചില്ല് ഭരണികളില്‍ വിവിധയിനം വര്‍ണ്ണ മിട്ടായികള്‍ ,  ബീഡി, തീപ്പെട്ടി, വെറ്റില, പുകല, ഉണക്കമീന്‍ , പയര്‍, ചിരങ്ങ, ചെറുപഴം, നേന്ത്രപ്പഴം.. ഇങ്ങനെ പോകുന്നു അവിടെ കിട്ടുന്ന സാധനങ്ങളുടെ ലിസ്റ്റ്. കച്ചവടക്കാരന്‍ മുഹമ്മദ്‌ ക്ക നല്ല ഒരു ബീഡി തെറുപ്പുകാരന്‍ ..

സമയം മഗ് രിബോടടുക്കുന്നു. നോമ്പ് തുറക്കാന്‍ ഇനി അധിക സമയമില്ല. ഞങ്ങള്‍ മുറി പൂട്ടി പുറത്തിറങ്ങി. അങ്ങാടിയിലെ പള്ളിയില്‍ നിന്ന് ഓസിക്ക് കിട്ടിയ കാരക്കയും വെള്ളവും തരിക്കഞ്ഞിയും കൊണ്ട് നോമ്പ് തുറന്നു. മഗ് രിബിനു ശേഷം ഹോട്ടലില്‍ നിന്ന് പൊറോട്ടയും ബീഫ് കറിയും കഴിച്ചു പോരുമ്പോള്‍ , അത്താഴത്തിനു ഇനി എന്ത് ചെയ്യും എന്ന ചോദ്യമായിരുന്നു മനസ്സില്‍.

അത്താഴം ഹോട്ടലിലുണ്ടാകില്ലെന്നും അതിനു വേറെ വഴി കാണണമെന്നും വൈകാതെ ഞങ്ങള്‍ക്ക് ബോധ്യപ്പെട്ടു..

തിരിച്ചു റൂമിലേക്ക്‌ പോരുമ്പോള്‍, കുറച്ചു ബ്രഡും പഴവും കൂടി കരുതിയിരുന്നു..

കമിഴ്ന്നു കിടന്നും ചമ്രം പടിഞ്ഞിരുന്നും വായന തുടരുമ്പോഴും മുഹമ്മദ്‌ ക്കാന്റെ പെട്ടിക്കട തുറന്നു തന്നെ കിടന്നു. അത്താഴ സമയം വരെ കട തുറക്കുമെന്നും പിന്നീട് ഒന്നിച്ചു അടച്ചുപോകാറാണ് അദ്ദേഹത്തിന്റെ രീതിയെന്നും ഞങ്ങള്‍ക്ക് മനസ്സിലായി .. ഈ സമയത്താണ് കാര്യമായ ബീഡി തെറുപ്പ് നടക്കുന്നത്.

പഠനത്തിനിടെ വല്ലാതെ ബോറടിച്ചപ്പോള്‍, മുഹമ്മദ്‌ ക്കയോട് ഒന്ന് ലോഹ്യം പറയാമെന്നു വിചാരിച്ചു ഞാന്‍. നോമ്പും പരീക്ഷയും, നോമ്പു തുറക്കലും അത്താഴവും ബ്രഡും പഴവുമൊക്കെ സംസാരത്തിനിടെ കടന്നു വന്നു. .
ഞങ്ങള്‍ നോമ്പെടുക്കുന്നവരാണെന്ന് മനസ്സിലായതോടെ അദ്ദേഹത്തിന്‍റെ മുഖത്ത് എന്തെന്നില്ലാത്ത സ്നേഹവും ബഹുമാനവും  വിടരുന്നത് കണ്ടു!

അന്ന് , അത്താഴത്തിന് മുഹമ്മദ്‌ ക്ക പീടിക അടക്കുമ്പോഴും ഞങ്ങള്‍ നിദ്രാവിഹീനമായ പരീക്ഷപ്പനിയിലായിരുന്നു..

അദ്ദേഹം ടോര്‍ച്ചുമെടുത്ത് വീട്ടിലേക്കു പോകാനിറങ്ങുമ്പോള്‍, ഞങ്ങളുടെ അടുത്ത് വന്ന് പറഞ്ഞു: 'വരിന്‍ കുട്ട്യാളെ ഇന്ന് ങ്ങക്ക് പെലച്ച ചോറ് ന്റെ കുടീലാണ്...'

ഞങ്ങള്‍ അത്ഭുതത്തോടെ ആ മുഖത്തേക്ക് നോക്കുമ്പോള്‍, സ്നേഹപൂര്‍വ്വം അദ്ദേഹം നിര്‍ബന്ധിക്കുകയാണ്.. ഒന്നോ രണ്ടോ പേരല്ല നാല് പേര് തീരെ പ്രതീക്ഷിക്കാതെ അത്താഴ സമയത്ത് ഒരു വീട്ടിലേക്കു കയറി ചെല്ലുകയോ? അതൊരിക്കലും ശരിയാവില്ല .. ഞങ്ങള്‍ വളരെ ശക്തമായി ആ ക്ഷണം നിരസിച്ചു. 'ഞങ്ങള്‍ പഴം വാങ്ങിയിട്ടുണ്ട്. ബ്രഡും ഉണ്ട്. മറ്റൊരു ദിവസം വരാം.. ഞങ്ങള്‍ പറഞ്ഞു.

'ങ്ങള് ന്റെ കൂടെ പോന്നേ പറ്റൂ..' മുഹമ്മദ്‌ ക്ക വിടുന്ന ലക്ഷണമില്ല ..

ഒടുവില്‍ , സ്നേഹപൂര്‍വമുള്ള ആ ക്ഷണത്തിനു മുമ്പില്‍ ഞങ്ങള്‍ തോറ്റുപോയി. 

പൂര്‍ണ്ണ മനസ്സോടെ അല്ലെങ്കിലും റൂം പൂട്ടി  അദ്ദേഹത്തോടൊപ്പം ഞങ്ങള്‍ ഇറങ്ങി. ടോര്‍ച്ച് തെളിച്ചു  കൊണ്ട് അദ്ദേഹം മുമ്പിലും ഞങ്ങള്‍ പിന്നിലുമായി നടന്നു.. കുറച്ചു നടക്കാനുണ്ട് .. 

അസമയത്ത് നാലുപേരെ കൂട്ടി വീട്ടിലേക്കു കേറി വരുന്ന ഗൃഹനാഥനെ വീട്ടുകാര്‍ എങ്ങനെ സ്വീകരിക്കുമെന്നും അവരുടെ മനോഗതം എന്തായിരിക്കും എന്നൊക്കെയുള്ള ചിന്തകളാണ് മനസ്സില്‍. വീടുകര്‍ക്ക് തയ്യാറാക്കിയ ഭക്ഷണം ഞങ്ങള്‍ കഴിച്ചാല്‍.. മാത്രവുമല്ല നോമ്പുകാലവും.

ടോര്‍ച്ചിന്റെ വെളിച്ചം കണ്ടാകണം വീടിനു മുമ്പില്‍ ഞങ്ങളെത്തിയ പാടെ വാതില്‍ തുറക്കപ്പെട്ടു.

ഒരു കൊച്ചു വീട്. ഓടിട്ടതാണ്. ഇരുട്ടില്‍ കൂടുതലൊന്നും കാണാനോ മനസ്സിലാക്കാനോ കഴിഞ്ഞില്ല.  

അകത്ത് പാത്രങ്ങള്‍ കൂട്ടിമുട്ടുന്ന തിന്റെയും പപ്പടം വറചട്ടിയിലേക്ക് ഊളിയിട്ടിറങ്ങി പൊള്ളച്ചു വരുന്നതിന്റെയും ശബ്ദം.ഒരു പത്തുപതിനഞ്ചു മിനിട്ടിനുള്ളില്‍ പെലച്ചച്ചോറ് റെഡി . 

മുരിങ്ങാച്ചാറും പപ്പടം പൊരിച്ചതും പോത്തിറച്ചി വരട്ടിയതും പയര്‍ ഉപ്പേരിയും ചെറുപഴവും. കൂടെ കട്ടനും. നല്ല വിശപ്പുണ്ടായിരുന്നു എങ്കിലും ഞങ്ങള്‍ കുറച്ചേ കഴിച്ചുള്ളൂ. ഞങ്ങളുടെ കാരണം കൊണ്ട് ഒരു കുടുംബം മൊത്തം പട്ടിണി യാവരുതെന്ന നിര്‍ബന്ധം മാത്രമായിരുന്നു മനസ്സില്‍.. പറഞ്ഞിട്ടെന്ത് ? മൂപ്പരുണ്ടോ വിടുന്നു? വീണ്ടും വീണ്ടും വിളമ്പിത്തന്നും കറി ഒഴിച്ച് കഴിക്കാന്‍ പ്രേരിപ്പിച്ചും അദ്ദേഹം ഞങ്ങളെ സത്ക്കരിച്ചു കൊണ്ടിരുന്നു.

തിരികെ റൂമില്‍ തന്നെ കൊണ്ടുവന്നാക്കിയിട്ടാണ് അദ്ദേഹം തിരിച്ചു പോയത്..!

അപ്പോഴേക്കും പുഴയിലേക്കുള്ള വഴി ഒച്ചയും ബഹളവും കൊണ്ട് മുഖരിതമായിരുന്നു. കത്തിച്ചു പിടിച്ച മണ്ണെണ്ണ വിളക്കുകളും ചട്ടിയും കലവും പായും പുതപ്പും കുട്ടികളുമായി സുബഹിക്ക് മുന്‍പേ 'തിരുമ്പിക്കുളിക്കാന്‍' പുഴയിലേക്ക് പോകുന്ന സ്ത്രീ ജനങ്ങളുടെയും കുട്ടികളുടെയും വര്‍ത്തമാനവും കുതൂഹലങ്ങളും ..  

പിറ്റേന്ന് മുഹമ്മദ്‌ ക്ക കട തുറക്കാന്‍ വന്ന പാടെ ഞാന്‍ ചെന്ന് ചോദിച്ചു.. 
'ന്നലെ ങ്ങളൊക്കെ പട്ടിണി യായിട്ടുണ്ടാവും ല്ലേ...?
'ഏയ്‌.. ല്ല.. കൊറച്ചു ചോറും കൂടി ബെക്കേണ്ടി ബന്നൂന്നു മാത്രം..'
'ഇനി ങ്ങള് പോണത് വരെ പെലച്ച ചോറിനു ന്റൊപ്പം പോന്നോണ്ടീ.. വാസി പുട്ച്ചനോന്നും നിക്കര്ത്.." 
'ഇല്ല ഞ്ഞി  ങ്ങള് കെട്ടി ബലിച്ചാലും ഞങ്ങള് പോരൂലാ.. അത് ശരിയാവൂല മയമ്മദ്ക്കാ..'
'എങ്കി ഒരു കാര്യം ചെയ്യാം.. ങ്ങള് ചോറ് ബെയ്ച്ചീനു ഒന്നായിറ്റ് കായി തന്നളോണ്ടു..' പരീക്ഷ കഴിഞ്ഞു പോവുമ്പോ..'

അത് കേട്ടപ്പോള്‍ ആ ആശയം കൊള്ളാമെന്നു മനസ്സ് പറഞ്ഞു.

ഇക്കാര്യം എല്ലാവര്ക്കും സമ്മതമായിരുന്നു... വെറുതെ അല്ലല്ലോ കാശ് കൊടുത്തിട്ടല്ലേ?

അങ്ങനെ നോമ്പ് തുറ ഹോട്ടലില്‍ നിന്നും അത്താഴം മുഹമ്മദ്‌ ക്കാന്റെ വീട്ടില്‍ നിന്നുമായി..

ഒടുവില്‍ അവസാനത്തെ പരീക്ഷയും  കഴിഞ്ഞ് സര്‍വതന്ത്ര സ്വതന്ത്രരായി വല്ലാത്തൊരു ഭാരം ഇറക്കി വെച്ച ആശ്വാസവുമായി എല്ലാം കെട്ടിപ്പെറുക്കി വീട്ടിലേക്കു പോകാനൊരുങ്ങുമ്പോള്‍, കണക്കു കൂട്ടി അത്താഴത്തിന്റെ കാശ് കൊടുക്കാനും യാത്ര പറയാനുമായി ഞങ്ങള്‍ നാലുപേരും മുഹമ്മദ്‌ ക്കയുടെ അടുത്തെത്തി. 

എത്രയായാലും സാരമില്ല. വല്ലാത്ത ഒരു അനുഗ്രഹമായി അദ്ദേഹത്തിന്‍റെ സഹായം.. ബ്രഡും പഴവും ഒരു ദിവസവും രണ്ടു ദിവസവുമൊക്കെ കൊള്ളാം .. നോമ്പ് പൂര്‍ത്തിയാവണമെങ്കില്‍ അത്താഴം തന്നെ വേണം. കാശ് കൊടുത്താലെന്ത്? അങ്ങനെ ഒരു സഹായം കിട്ടിയില്ലായിരുന്നെങ്കില്‍ കാര്യം കഷ്ടമായേനെ...

ഞങ്ങള്‍ നന്ദി പൂര്‍വ്വം മുഹമ്മദ്‌ ക്കയോട് പറഞ്ഞു: 'ന്നാ ഞങ്ങള് ഇറങ്ങട്ടെ...'
'ആയിക്കോട്ടെ.. കുട്ട്യാള് പോയ്ക്കോളിന്‍..'
'പെലച്ചച്ചോറിന്റെ കാശ് ...'

അത് കേട്ടപ്പോള്‍ മുഹമ്മദ് ക്ക ഒരു ചിരി ചിരിച്ചു! ഹൃദയം നിറഞ്ഞ ചിരി..
എന്നിട്ട് അദ്ദേഹം പറഞ്ഞു: ' ങ്ങക്ക് ചോറ് തിന്നതിന്റെ കായി ഞാന്‍ വേറെ ഒരാളെ അടുത്ത് ന്ന് വാങ്ങിക്കോണ്ട്. നാളെ മഹ്ഷറീന്ന്.. പിന്നെ ഞാനങ്ങനെ അന്ന് പറഞ്ഞിട്ടില്ലായിരുന്നെങ്കി ങ്ങളൊട്ട്‌ ന്റൊപ്പം പോരൂം ല്ല ,   ച്ച്‌ മഹ്ഷറീന്നു ആ കൂലി ഒട്ട് കിട്ടൂം ല്ലാ.. ന്റെ കുട്ട്യാള് ദുആ ചെയ്യുമ്പം ന്നേം കൂട്ട്യാ മതി...'

ആ ഹൃദയ വിശാലതക്ക് മുമ്പില്‍ എന്ത് പറയണമെന്നറിയാതെ അന്തിച്ചു നില്‍ക്കുമ്പോള്‍, അദ്ദേഹം പറഞ്ഞു:
'ന്നാ ന്റെ കുട്ട്യാള് പോയ്ക്കൊളീന്‍.. നോമ്പ്വറക്കുമ്പത്തേക്കും കുടീക്ക്‌ എത്തണ്ടതല്ലേ...?

00









 
Copyright © 2010 Iringattiri Drops. All rights reserved.
Design By- മലയാളം ബ്ലോഗ്‌ ഹെല്‍പ്