2011, മാർച്ച് 29, ചൊവ്വാഴ്ച

കഥ / ഛിദ്രം


റയത്തിറ്റിയ വെയില്‍വിങ്ങലിലേക്ക് കണ്ണെറിഞ്ഞ് അവരിരുന്നു. മുറ്റത്ത് അവിടവിടെ നെടുവീര്‍പ്പുകള്‍പോലെ കുറെ കരിയിലകള്‍ വീണുകിടക്കുന്നു. ഒന്ന് രണ്ടു കുഞ്ഞിക്കിളികള്‍ തെങ്ങോലത്തലപ്പില്‍ നിന്ന് പറന്നുവന്ന് എന്തിലോ ഒന്ന് കൊത്തി തിരിച്ചു പറന്നു. പിന്‍പുറത്ത് മുറുകെ കെട്ടിയ സ്കൂള്‍ ബാഗുമായി നാലഞ്ചു കുട്ടികള്‍ ബസ്സ്‌കാത്തു നില്പുണ്ട്. അവരെ യാത്രയാക്കാന്‍ പ്രഭാതത്തിടുക്കത്തില്‍ നിന്ന് തത്ക്കാലം കൈ കഴുകി , കൂടെവന്ന അമ്മമാര്‍ ലോഹ്യംപറഞ്ഞു സമയം കളയുന്നു.

അദ്ദേഹം വിളിച്ചുവോ എന്ന് അവര്‍ക്ക് സംശയം തോന്നി. ഒന്ന് ചെവിയോര്‍ക്കുകയും അതിന്നവസാനം നിരാശയുടെ ആത്മഹത്യാമുനമ്പിലേക്ക്‌ ചിന്തകള്‍ അവരെ കൂട്ടിക്കൊണ്ട്  പോകുകയും ചെയ്തു. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ആ വിളി തീരെ പ്രതീക്ഷിക്കാതെ ഇടയ്ക്കിടെ  കടന്നുവന്ന് അവരെ കൊതിപ്പിച്ചു കൊണ്ടേയിരുന്നു.


അറിയാതെ വിളി കേട്ട് പോകും . 
' ദാ, വര്ണൂ..'

'ചായ എടുത്തു വെച്ചിട്ടുണ്ട് ; മ്മാ ഞാന്‍ മുറ്റം തൂക്കാനിറങ്ങുവാ..'
പണിക്കാരത്തിക്കുട്ടി അല്പം തമിഴ് ചുവയോടെ വിളിച്ചു പറയുന്നത് കേട്ടു. 
 ' ദാ, വര്ണൂ..' അവര്‍ അയാളുടെ വിളിക്ക്  എന്ന പോലെ ഉത്തരം  പറഞ്ഞു.

ഒരാഴ്ച ആയതേയുള്ളൂ അവള്‍ വന്നിട്ട്. ഗൂഡല്ലൂരില്‍ നിന്ന് അനിയത്തി ഏര്‍പ്പാടാക്കിത്തന്നതാണ്. അവളെ മസിനഗുഡിയിലേക്കാണ് കെട്ടിച്ചത്. പണിക്കാരത്തികളെ  കുറെ നോക്കിയതാണ് ഇവിടെ. കുടിപ്പണിക്കൊന്നും ഇപ്പൊ ആളെ കിട്ടില്ല. സുറുമിക്കായിരുന്നു ഒരാളെ കിട്ടാഞ്ഞിട്ട്  വലിയ  പൊറുതികേട്‌. അവള് പോയാപ്പിന്നെ എന്റെടുത്ത്‌ ആരാണ്ടാവാ .. എന്ന ബേജാറിലായിരുന്നു അവള്‍. ഈ കുട്ടി വന്നപ്പോഴാണ് അവളൊന്നടങ്ങിയത് .. 

അന്നെന്തുകൊണ്ടോ അവരുടെ ഓര്‍മ്മകളിലേക്ക് അദ്ദേഹം പിന്നെയും പിന്നെയും വന്നും 
പോയും കൊണ്ടിരുന്നു.

ഒരിക്കല്‍,മുറ്റത്ത്‌ രണ്ടുകസേരകള്‍ ചേര്‍ത്തിട്ട് രണ്ടാളും എന്തോ കൊറിച്ചു കൊണ്ടിരിക്കുകയായിരുന്നു. നിലാക്കിളികള്‍ നിലത്തിറങ്ങി തൊട്ടുമണ്ടിക്കളിക്കുന്നുണ്ട്.  അകലെ ആകാശത്ത് നിറയെ നക്ഷത്രപ്പൊട്ടുകള്‍.അവയെ കൌതുകത്തോടെ നോക്കിയിരിക്കുമ്പോള്‍, അദ്ദേഹം പറഞ്ഞു:
''ആകാശവും കടലും വെറുതെ നോക്കിയിരുന്നാല്‍ മാത്രം മതി ഹൃദയം വിശാലമാകാന്‍. പ്രകൃതിക്കും ജീവനുണ്ട്. വെയിലുംമഴയും  മഞ്ഞുംകുളിരും രാത്രിയുംനിലാവുമൊക്കെ പ്രകൃതിയും ആസ്വദിക്കുന്നുണ്ട്. പ്രകൃതി  കിനാവുപോലും കാണുന്നുണ്ട്. കാറ്റില്ലാത്ത സമയങ്ങളില്‍ പൊരിവെയിലത്ത് മരങ്ങള്‍ തപം ചെയ്യുന്നത് കണ്ടിട്ടില്ലേ? പ്രകൃതിയിലുള്ളവയെയൊക്കെ ഇണ കളായിട്ടാണത്രെ സൃഷ്ടിച്ചിരിക്കുന്നത്...''


പലപ്പോഴും കടല്‍ കാണാന്‍ പോയിട്ടുണ്ട്. ഇളകിയാര്‍ത്തുവരുന്ന തിരകളിലേക്ക് അങ്ങനെ നോക്കിയിരിക്കും.
'ജീവിതം എഴുതിവെച്ച രണ്ടു പുസ്തകങ്ങളാണ് കടലും ആകാശവും..' അദ്ദേഹം പറയും.
ചില ചിന്തകളൊന്നും തനിക്കു പിടികിട്ടില്ല. ചിലതിനോട് വിയോജിക്കും. വിമര്‍ശനങ്ങള്‍ ഇഷ്ടമായിരുന്നു. 'മനസ്സറിയുന്നവരുടെ വിമര്‍ശനങ്ങള്‍ പുരോഗതിയിലേക്ക്  കേറിപ്പോവുന്ന ഗോവണിയാണ്. അത്തരം ഒരാളുടെ സാന്നിധ്യം വിജയിയുടെ വിഴിയിലെവിടെയെങ്കിലും ഉണ്ടാകും. അത് തീര്‍ച്ചയാണ്. .' ഇടയ്ക്കിടെ പറയും.
വല്ലാത്തൊരു സ്വാതന്ത്ര്യം അനുഭവിച്ചിരുന്നു. ഒരു പാട് ഇഷ്ടങ്ങളും അനിഷ്ടങ്ങളും ഒന്നിച്ചു കഴിയുന്ന ചെറിയ തറവാട്ട്‌ വീട്ടിലും വിശാലമായ ഒരു ലോകമുണ്ടായിരുന്നെന്ന് തോന്നിയിരുന്നു.
'പ്രേമിച്ചല്ല വിവാഹം കഴിക്കേണ്ടത്‌. വിവാഹ ശേഷമാണത് തുടങ്ങേണ്ടത്..' പലപ്പോഴും അദ്ദേഹം ഓര്‍മ്മിപ്പിക്കും.

ആദ്യത്തേത് പെണ്‍കുട്ടിയാണെന്ന് അറിഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞു:
'നമുക്ക് വേണ്ടിയുള്ള ജീവിതം കഴിഞ്ഞു. ഇനി കുട്ടികള്‍ക്ക് വേണ്ടിയാണ് ..'

ഒരു ദിവസം, സുഖകരമായ ഉറക്കിന്റെ കടല്‍ തീരത്തൂടെ അങ്ങനെ നടക്കുകയാണ്. അലയടിച്ചു തീരം തേടി വരുന്ന തിരകള്‍. അദ്ദേഹത്തിന്‍റെ ചുമലിലേക്ക് തലചേര്‍ത്തു വെച്ച് തോളിലൂടെ കയ്യിട്ടു  പരിസരം മറന്നങ്ങനെ ഇരിക്കുമ്പോള്‍, തിരകള്‍ കണങ്കാലും നനച്ച് സാരിയുംപുണര്‍ന്ന് പിന്നെയും പിന്നെയും മുകളിലേക്ക് നനഞ്ഞു കേറി. വല്ലാത്തൊരനുഭൂതിയോടെ കണ്ണുകള്‍ ഇറുകെ അടച്ചിരുന്നു.

ഇടയ്ക്കെപ്പോഴോ തിരകളുടെ നിറം കലങ്ങുന്നതും
മെല്ലെമെല്ലെ ചെമന്നുവരുന്നതും കണ്ടു.. അപ്പോഴേക്കും കൈവിട്ടുപോയിരുന്നു. ചകിതയായി നാലുപാടും നോക്കുമ്പോള്‍ എവിടെയും അദ്ദേഹത്തെ കാണ്മാനില്ല..! ഒരു നിലവിളി തൊണ്ടയില്‍കുരുങ്ങി വിയര്‍ത്തുകുളിച്ച് കണ്ണുകള്‍ തുറന്നു..

വല്ലാത്ത ദാഹം. അല്പം വെള്ളം കുടിക്കാന്‍ വേണ്ടി കട്ടിലില്‍ നിന്ന് ഇറങ്ങുമ്പോള്‍ ഭീതിയുടെ വവ്വാല്‍കൂട്ടങ്ങളെ ഒന്നിച്ച് കൂട് തുറന്നുവിട്ട് കോളിംഗ് ബെല്‍ ശബ്ദിക്കുന്നത്‌ കേട്ടു.
ആരാണ് ഈ അസമയത്ത്?
പുറത്തെ ലൈറ്റിട്ട് ആകാംക്ഷയുടെ ജനല്‍പാളികള്‍ തുറന്ന്നോക്കുമ്പോള്‍ അദ്ദേഹത്തിന്‍റെ അനിയന്‍ സഫറും ഒന്ന് രണ്ടു സുഹൃത്തുക്കളുമാണ്!
'എന്തേ ഇന്നേരത്ത്?  എന്ന ചോദ്യം പുറത്തേക്കു വരുംമുന്‍പേ ' ഇടതു കൈ വേദനിക്കുന്നു എന്ന് പറഞ്ഞ് ആശുപത്രിയിലേക്ക് പോയതായിരുന്നുത്രേ .. ഡോക്ടര്‍ എത്തി പരിശോധിക്കും മുമ്പ്...'

നിന്ന നില്പില്‍ വീണത്‌ മാത്രം ഓര്‍മ്മയുണ്ട്.

ഒരാഴ്ചയോളം കാത്തിരിക്കേണ്ടി വന്നു. ആത്മാവ് വേര്‍പെട്ട ആ മുഖമൊന്നു കാണാന്‍. മക്കളൊക്കെ യും നിര്‍ബന്ധിച്ചു. ഒരു നോക്ക് കണ്ടിട്ട് മതി..

'ഉള്ളത് കൊണ്ട് ഓണം പോലെ നമുക്കങ്ങ് കഴിയാമെടീ..' പലപ്പോഴും അദ്ദേഹം പറഞ്ഞിരുന്നു. നിര്‍ബന്ധം പിടിച്ചത് താനായിരുന്നു. വിട്ടുപോകാന്‍ മനസ്സുണ്ടായിട്ടായിരുന്നില്ല..
'ഇക്കാര്യത്തില്‍ പ്രായോഗികചിന്ത നിന്റേതു തന്നെ.സമ്മതിച്ചിരിക്കുന്നു..' ഒരു ചെറിയവീടും സൌകര്യങ്ങളുമൊക്കെ ആയപ്പോള്‍ അദ്ദേഹം പറഞ്ഞു. ലീവിന് വരുമ്പോഴോക്കെയും പെരുന്നാളായിരുന്നു.

'വല്ല കൈത്തൊഴിലും പഠിച്ചോ. ഞാനെങ്ങാനും തട്ടിപ്പോയാല്‍..' ഒരിക്കല്‍ അദ്ദേഹം പറഞ്ഞു. വായ പൊത്തി,  'ആ കരിനാക്ക് കൊണ്ടൊന്നും  പറയണ്ട ' എന്ന് പരിഭവപ്പെട്ടപ്പോള്‍ 'നിന്റെ മനക്കട്ടിയൊന്ന് ടെസ്റ്റ്‌ ചെയ്തതാണെടി പെണ്ണും പിള്ളേ..' എന്ന് കളിയാക്കി.
'മക്കളെയൊക്കെ ഒരു വഴിക്കാക്കിയിട്ട് നിന്നെക്കൊണ്ടൊരു പോക്കുണ്ടെനിക്ക് '
'അപ്പൊ നിര്‍ത്തി പോരാനൊന്നും പരിപാടിയില്ലേ?
'ഞാന്‍ കണ്ടതൊക്കെ നിന്നേം കാണിക്കണം ..'

ഒടുവില്‍, ഒന്നും കാണിച്ചു തരാന്‍ നില്‍ക്കാതെ പറക്കമുറ്റാത്ത നാല് മക്കളെയും തന്നെയും ഇരുട്ടില്‍ ഒറ്റക്കാക്കി ഒരു വാക്ക് പോലും പറയാതെ..

വര്‍ഷങ്ങളെത്രയാണ് ഒറ്റയ്ക്ക് നടന്നു തീര്‍ത്തത്?

മനുഷ്യ ജീവിതത്തിലെ ഏറ്റവും പ്രയാസപ്പെട്ട ഘട്ടം ഏതാണെന്നറിയാമോ നിനക്ക്? അദ്ദേഹം ഒരു ദിവസം ചോദിച്ചു. 'എനിക്ക് നിങ്ങളുടെ ചോദ്യങ്ങള്‍ക്കൊന്നും ഉത്തരം അറിയില്ല'
'അറിയണം , മൂത്ത് നരച്ച് മുക്കിയും മൂളിയും കഴിയുന്ന ഒരു കാലം വരാനുണ്ട്. നീ മുത്ത്യമ്മീം ഞാന്‍ തന്തക്കൊരണ്ടീം ആവുന്ന കാലം. അന്ന് ഞമ്മളെ ആര്ക്കും പറ്റൂലാ മക്കള്‍ക്ക്‌  തന്നെ പറ്റൂല.. പിന്നല്ലേ ബാക്കിള്ളോര്ക്ക് ! അന്ന് രണ്ടിലാരെങ്കിലും ഒരാള്‍ നേരത്തെ പോയോ , പിന്നത്തെ കാര്യം പറയാനും ഇല്ല..'

അദ്ദേഹം നേരത്തെ പോയി.. തന്നെ ഒറ്റയ്ക്കാക്കി.

പലരും നിര്‍ബന്ധിച്ചു. അത്ര പ്രായമൊന്നും ആയിട്ടില്ല. വെറുതെ എന്തിനു ബാക്കിയുള്ള ജീവിതം നഷ്ടപ്പെടുത്തുന്നു?
അയല്‍പക്കത്തെ സഫിയത്താത്ത  പോലും പറഞ്ഞു: നമ്മള് പെണ്ണുങ്ങള് തനി പൊട്ടത്തികളാ.. ന്റെ കാര്യം നോക്ക് . അന്ന് ആരൊക്കെ പറഞ്ഞതാ.. ഞാനും അന്റെ മാതിരി ഞ്ഞി ആരും മാണ്ടാ ന്ന് വെച്ച് .. ന്ന്ട്ട് പ്പോ എന്ത് ണ്ടായി?
ഞമ്മളെ ചാഴിക്കോടന്‍ കുഞ്ഞാന്റെ മാളുമ്മ മരിച്ചിട്ട് നാല്പതും കൂടി കയ്യ് ണീന്റെമുമ്പാ ഓന്‍  വേറെ  പെണ്ണ് കെട്ട്യേത്.. ആണ്ങ്ങള് അങ്ങനെണ്.. ജീവിതംന്ന് പറീണത്‌  ഒരു വട്ടെ കിട്ടൂ കുട്ട്യാളൊക്കെ ചെറകും തുങ്ങലും വെച്ചാ അങ്ങ്ട്ട് പാറിപ്പോകും.. പിന്നെ സങ്കടപ്പെട്ടിട്ടൊന്നും കാര്യം ണ്ടാവൂലാ..

തന്റെ തീരുമാനം ഉറച്ചതായിരുന്നു.ഇല്ല ; ഇനിയീ ജീവിതത്തിലേക്ക് മറ്റൊരാള്‍.. ജീവിതത്തിന്റെ ഗതി തന്നെ മാറുകയായിരുന്നു പിന്നെ..
കണ്ണീരുണങ്ങാത്ത മുഖവുമായി ലേഡീസ് ടൈലറിംഗ് സെന്ററിലേക്ക് പോയിത്തുടങ്ങി. മക്കളെ പഠിപ്പിക്കലും അവരെ ഒരു കരക്കെത്തിക്കലും മാത്രമായി പിന്നത്തെ ചിന്ത മുഴുവനും.

വല്ലാതെ തളരുമെന്നു തോന്നുമ്പോഴൊക്കെ  അദ്ദേഹത്തെക്കുറിച്ച് ഓര്‍ത്തു. മക്കള്‍ക്ക്‌ വേണ്ടി മാത്രം പകലുണര്‍ന്നു. രാവസ്തമിച്ചു.

പുറത്തുപോയി പരിചയമില്ലാത്ത തനിക്കു ഇപ്പോള്‍ എങ്ങോട്ടും തനിച്ചു പോകാമെന്നായി. എവിടേക്കും കേറി ചെല്ലാന്‍ ധൈര്യം കിട്ടി. കുട്ടികളെ ചേര്‍ക്കാന്‍ പോകാനും അരി പൊടിപ്പിക്കാനും പ്രോഗ്രസ് കാര്‍ഡ് ഒപ്പിടാനും കറണ്ട് ബില്ലടക്കാനും മാവേലിസ്റ്റോറിനു മുമ്പില്‍ ക്യൂ നില്‍ക്കാനും ഒക്കെ പഠിച്ചു. ചിലരൊക്കെ നെറ്റി ചുളിച്ചു. അതൊന്നും കാര്യമാക്കിയില്ല.

ഒരിക്കല്‍, അയാളെ കണ്ടു. ബസ്സ് കാത്തു നില്‍ക്കുകയായിരുന്നു. കൂടെ പഠിച്ചയാളാണ്. പ്രേമമെന്നൊക്കെ പറഞ്ഞു കുറെ പിറകെ നടന്നിട്ടുണ്ട് . വിവരങ്ങളൊക്കെ ചോദിച്ചു. എല്ലാം പറഞ്ഞു. അയാളെ കുറിച്ചൊന്നും തിരിച്ചുചോദിച്ചില്ല. കല്യാണം കഴിക്കാതെ കഴിയുകയാണെന്ന് ആരോ പറഞ്ഞ് കേട്ടിരുന്നു.

മോനിന്നലെയും വിളിച്ചിരുന്നു. അവനും ഭാര്യക്കും സുഖമാണ്. കുവൈത്തിലെ ഏതോ വലിയ കമ്പനിയിലെ ജോലിക്കാരനാണ്. ലീവൊന്നും കിട്ടില്ല. കുട്ടികളും കുടുംബവുമൊക്കെയായി അവര്‍ അവിടെ സസുഖം കഴിയുന്നു.
'എന്താവശ്യമുണ്ടെങ്കിലും പറയണം..'
'ഉമ്മാക്ക് എന്ത് ആവശ്യാ മോനെ ഉള്ളത്..'? അവര്‍ തിരിച്ചു ചോദിക്കും.
വല്യോളും കുട്ടികളും ജിദ്ദയിലാണ്. അവളും ഇടക്കൊക്കെ വിളിക്കും . അവരൊക്കെ ഇടക്കിങ്ങനെ വിളിക്കുന്നത്‌ തന്നെ വലിയ കാര്യമാണ്...!
രണ്ടാമത്തെ മോന്‍ ഒരു കൊല്ലമായിട്ടെയുള്ളൂ ഭാര്യയെ കൊണ്ട് പോയിട്ട്. അവരും വിളിക്കാറുണ്ട്.
'അസുഖം ഒന്നൂം ല്ലല്ലോ..'  എന്നേ എല്ലാര്‍ക്കും ചോദിക്കാനുള്ളൂ.

ഒരാഴ്ച കൂടി കഴിഞ്ഞാല്‍ സുറുമിയും പോകുകയാണ്. അവള്‍ കൂടെ പോയാല്‍..
പോവേണ്ടെന്നു പറയാന്‍ പറ്റുമോ? അവരുടെ ഭര്‍ത്താക്കന്മാര്‍ കണ്ടതൊക്കെ കാണാന്‍ അവര്‍ക്കും ഉണ്ടാവില്ലേ പൂതി?

അവള്‍ കുറച്ചുകാലമായിട്ട് പോകാനുള്ള ഓടിപ്പാച്ചിലില്‍ ആയിരുന്നു. അവളുടെ നിര്‍ബന്ധത്തിനാണ് ഈ കൊണ്ട്പോക്ക്. അതും പറഞ്ഞ് ഫോണ്‍ ചെയ്യുമ്പോഴോക്കെ വഴക്കാണ്.
ഉമ്മാന്റെ അടുത്ത് പിന്നെ ആരാ ഉണ്ടാകുക? എന്നൊക്കെ അവന്‍  ചോദിക്കുന്നത് അവളുടെ മറുപടിയില്‍ നിന്ന് മനസ്സിലായിട്ടുണ്ട്.
സ്വന്തം മക്കള്‍ക്കില്ലാത്ത ആധി മരുമക്കള്‍ക്ക്!
അതോര്‍ക്കുമ്പോള്‍ അവര്‍ക്ക് ചിരി വരും.
'എല്ലാരും ഗള്‍ഫില്‍ എത്തി. എനിക്ക് മാത്രം അതിനു ഭാഗ്യം ഇല്ല..' എന്ന കേസായിരുന്നു അവള്‍ക്ക്. അതും പറഞ്ഞ് എപ്പോഴും മൂക്കൊലിപ്പിക്കും.. ഇനിയിപ്പോള്‍ അവള്‍ക്കും പരാതിയില്ല.

സുറുമി പോയതിന്റെ അന്ന് അവര്‍ക്ക് വല്ലാത്ത അസ്വസ്ഥതയായിരുന്നു.ഉറക്കംവരാതെ  തിരിഞ്ഞുംമറിഞ്ഞും കിടന്നു.

താഴെ നിലത്ത് പായ വിരിച്ച് പണിക്കാരത്തി കുട്ടി കിടക്കുന്നുണ്ട്.
പാവം.. ഇത്ര ചെറുപ്പത്തിലെ ആരാന്റെ വീട്ടിലെ പാത്രം മോറാനാണ് അതിന്റെ വിധി. വന്നപ്പോള്‍ ആകെ ഒരു കോലമായിരുന്നു.. നാലഞ്ച് ചുരീദാറും മിഡിയും മാക്സിയുമൊക്കെ കിട്ടിയപ്പോള്‍ ആ മുഖത്ത് കണ്ട സന്തോഷം ഒന്ന് കാണേണ്ടതായിരുന്നു. സുന്ദരിക്കുട്ടിയാണ്.. ഓരോരുത്തരുടെ ഓരോ യോഗങ്ങള്‍..
'അന്റെ പ്പീം ഇമ്മീം ഒക്കെ ണ്ടോ കുട്ട്യേ?'
അവളോട്‌ ഒന്നും ചോദിച്ചിട്ടില്ലായിരുന്നു.
'ണ്ട്. രണ്ടാളും രണ്ടോട്ത്താ.. ഞാനും ന്റെ കാക്കൂം ന്റെ താഴെള്ള രണ്ടു അനിയത്തിമാരും മ്മീം ഒര് വാടകപ്പെരീലാ ഇപ്പ ഞങ്ങക്ക് ഒന്നും തരൂലാ. വേറെ പൊണ്ടാട്ടിയൊക്കെണ്ട് പ്പാക്ക്. ചീത്തയാ .. കള്ളും കുടിച്ചു എടക്ക് മ്മാന്ടടുത്തു വരും. ചീത്ത പറീം തല്ലൂം ഒക്കെ ചെയ്യും.. ഞങ്ങക്ക് അയാളെ കാ ണ് ണതേ പേടിയാ..ഉമ്മ ആണ് പറഞ്ഞത് ഇനി ന്റെ കുട്ടി ഇബടെ നിന്നാല്‍ ശെരി ആവൂലാ. ജ്ജെങ്കിലും എവിടെയെങ്കിലും പോയി ജീവിച്ചോ..'

കുറച്ചു കഴിഞ്ഞപ്പോള്‍ ഇരുട്ടില്‍ നിന്ന് ഒരു തേങ്ങല്‍ കേട്ടു.

'നീ കരയുകയാണോ ന്റെ കുട്ട്യേ? എന്തേ..?
'ച്ച് ഒറ്റയ്ക്ക് കെടന്നിട്ട്‌ പേടി ആവാ മ്മാ .. ഞാന്‍ ങ്ങളെ അടുത്ത് ക്ക് കേറി കടക്കട്ടെ.."?
'അതിനെന്താ .. ഇനി എനിക്ക് ഒരു കുട്ടി അല്ലേ ഉള്ളൂ.. അത് നീയാ..'
അവള്‍ സന്തോഷത്തോടെ അവരുടെ അടുത്തേക്ക് കേറിക്കിടന്നു.. അവര്‍ അവളെ മാറോടു ചേര്‍ത്ത് മുടിയിഴകളില്‍ തലോടി..
അന്ന്, വളരെ കാലത്തിനു ശേഷം അയാള്‍ വന്നു. കുറെ നേരം അവരെ തന്നെ നോക്കി നിന്നിട്ട് പറഞ്ഞു:
'കടല് കാണാന്‍ പോകാന്‍ കഴിയില്ലായിരിക്കും .. ഇടയ്ക്കു ആകാശമെങ്കിലും കാണണം...'
അവര്‍ കണ്ണ് തുറന്നു നോക്കുമ്പോള്‍ ചുറ്റും കനത്ത ഇരുട്ടായിരുന്നു.
00

2011, മാർച്ച് 26, ശനിയാഴ്‌ച

സുവിശേഷം / കഥ


പുരോഹിതന്റെ സുവിശേഷ ക്ലാസില്‍ സ്ഥിരമായി പങ്കെടുക്കാറുണ്ടായിരുന്ന അയാള്‍ അച്ചന്റെ ഉപദേശനിര്‍ദേശങ്ങള്‍ക്കനുസരിച്ച് ജീവിതം ചിട്ടപ്പെടുത്തി. മദ്യപാനം , ചൂതാട്ടം, വ്യഭിചാരം, തുടങ്ങി എല്ലാ പ്രലോഭനങ്ങളില്‍ നിന്നും വഴിമാറി നടന്ന് അദ്ദേഹം അനുസരണയുള്ള ഒരു കുഞ്ഞാടായി മാറി. 

ചെയ്യേണ്ടവയെക്കുറിച്ചും അരുതാത്തവയെക്കുറിച്ചും മാത്രം പ്രസംഗിക്കാറുള്ള അച്ചന്‍ ഒരിക്കല്‍ ഒരു കഥ പറഞ്ഞു: മുന്‍ സമുദായത്തില്‍ സംഭവിച്ച ഒരു കഥ. 



ഒരു വേശ്യ , ദാഹിച്ചു വലഞ്ഞു മണ്ണ് കപ്പി നടന്ന ഒരു നായക്ക് കിണറ്റില്‍ നിന്ന് സ്വന്തം ഷൂവില്‍ വെള്ളം കോരിയെടുത്തു കുടിപ്പിച്ച് നായയുടെ ദാഹം തീര്‍ത്തു. ആ ഒരൊറ്റ കാരണത്താല്‍ അവള്‍ സ്വര്‍ഗാവകാശിയായത്രെ!  

പിന്നീടൊരിക്കലും സുവിശേഷ ക്ലാസില്‍ അയാളെ കണ്ടിട്ടില്ല.

2011, മാർച്ച് 24, വ്യാഴാഴ്‌ച

കയ്യാമവും 'കുയ്യാമ'യും പിന്നെ ചില ചുവന്ന അടയാളങ്ങളും

  


അറിഞ്ഞുകാണും 'ചുവന്ന അടയാളങ്ങള്‍' എന്നപേരില്‍ ഒരു പുസ്തകം ഇയ്യിടെ തിരുവനന്തപുരത്ത് പ്രകാശനം ചെയ്യപ്പെട്ടു. ഒരു പുസ്തകപ്രകാശനം നമ്മുടെ സാക്ഷരസുന്ദര കേരളത്തില്‍ അത്ര വലിയ സംഭവമൊന്നുമല്ല.

വായന മരിക്കുന്നു എന്ന് എല്ലാവരും മുറവിളിക്കുന്നുണ്ടെങ്കിലും  പുസ്തകങ്ങള്‍ ഇറങ്ങുന്നതിനു ഒരു  കുറവും  കാണുന്നില്ല നമ്മുടെ നാട്ടില്‍.. ആത്മകഥകളുടെ കാലമാണിത്.  'ചുവന്ന അടയാളങ്ങളും'  ആ ജനുസ്സില്‍ പെടുമെന്നാണ് അനുമാനിക്കേണ്ടത്. കഥകളും കവിതകളും നോവലുകളും വായിക്കുന്നതിനേക്കാള്‍ നമുക്കിഷ്ടം ആത്മകഥകളാണ്. മറ്റുള്ളവരുടെ ജീവിതത്തിലേക്ക് തരം കിട്ടിയാല്‍ ഒന്ന് ഒളിഞ്ഞുനോക്കാം എന്ന 'ചെറുതരി സുഖമുള്ള' ഒരു 'മാനസിക ' വശം ഇതിലുള്ളത് കൊണ്ടാവും എല്ലാവര്‍ക്കും ഇത്തരം പുസ്തകങ്ങളോടാണ് ഭ്രമം. ഈ വായനാമാന്ദ്യകാലത്തും നളിനിജമീലയും സിസ്റ്റര്‍ജസ്മിനും കള്ളന്‍പവിത്രനുമൊക്കെ  വായിച്ചു ആസ്വദിച്ചു  രസിച്ചു നമ്മള്‍. ദോഷം പറയരുതല്ലോ , ഇത്തരം  എരിവും പുളിയും മസാലയും നന്നായി സമാസമം അരച്ച് ചേര്‍ത്ത  പുസ്തകങ്ങള്‍ക്ക് ഒരു മാന്ദ്യവും ഇല്ലെന്നു മാത്രമല്ല  ഇനിയുമിവിടെ  നല്ല സ്കോപ്പുമുണ്ട്‌.

രാഷ്ട്രീയക്കാര്‍ പൊതുവേ വായിക്കാത്തവര്‍ ആയതുകൊണ്ടോ രാഷ്ട്രീയത്തില്‍ വായനക്ക് ഒരു പ്രസക്തിയുമില്ലാത്തത് കൊണ്ടോ എന്തോ, രാഷ്ട്രീയപുസ്തകങ്ങള്‍ അധികമൊന്നും പിറക്കാറില്ല നമ്മുടെ നാട്ടില്‍. ഇയ്യിടെ കുറഞ്ഞ കാലത്തിനുള്ളില്‍  കൂടുതല്‍ പതിപ്പുകളിറങ്ങിയ അബ്ദുള്ളക്കുട്ടി എന്ന 'മറുകണ്ടം ചാടിക്കുട്ടി'യുടെ 'നിങ്ങളെന്നെ കോണ്‍ഗ്രസ്സാക്കി' എന്ന പുസ്തകം  ഇതിനൊരു അപവാദമാണ് എന്ന് മറക്കുന്നില്ല.

വാദവും വിവാദവും അപവാദവും നമുക്ക് പണ്ടേ ഇഷ്ടമാണ്. ആ ഗണത്തില്‍ പെട്ട എന്തും ഗുണംകെട്ടതാണെങ്കില്‍ കൂടി  നമുക്ക് പെരുത്ത്‌  തൃപ്തിയാകും. അത് പുസ്തകങ്ങള്‍ ആണെങ്കില്‍ കൂടി. ചാനലുകള്‍ അത്രത്തോളം നമ്മെ അതൊക്കെ കഷ്ടപ്പെട്ട്  ഇഷ്ടപ്പെടുത്തിക്കൊണ്ടിരിക്കുന്നുമുണ്ട് .! ഒരു വിവാദവും അപവാദവും ഇല്ലാത്ത ദിവസം 'ശ്ശൊ വല്ലാത്തൊരു മോശപ്പെട്ട ദിവസം..'! എന്ന വിഷമമായിരിക്കും  നമുക്ക്..

ഒരു പക്ഷേ അബ്ദുല്ലക്കുട്ടിയുടെ കട്ടിയില്ലാത്ത 'കുട്ടിപുസ്തക'ത്തിന്‌ ശേഷമിറങ്ങുന്ന അല്പം  'കട്ടിയുള്ള' ഒരു രാഷ്ട്രീയ പുസ്തകമായിരിക്കും ഇത്.  


പുതിയ പുസ്തകം പേര്സൂചിപ്പിക്കുന്ന പോലെ ചെമന്നതാണ്. അത് കൊണ്ട്  പേജുകളിലുടനീളം ചുവപ്പ് പടര്‍ന്നുകിടക്കുമെന്ന് ന്യായമായും ഉറപ്പിക്കാം. മാത്രമല്ല ഈപുസ്തകം പ്രസിദ്ധീകരിച്ചാല്‍ തനിക്കു ജീവഹാനിയുണ്ടാവാന്‍ സാധ്യത പോലുമുണ്ടെന്ന് ഗ്രന്ഥകാരന്‍ കാലേക്കൂട്ടി പറഞ്ഞിട്ടുണ്ട് . (ബുഷിനെ ഷൂകൊണ്ടെറിഞ്ഞ പത്രപ്രവര്‍ത്തകനോട് ഐക്യ ദാര്‍ഡ്യം പ്രകടിപ്പിച്ചു കൊണ്ട് പിന്നെ കുറച്ചുകാലം ഷൂ ഏറ്  ഒരു ഫാഷനായി മാറിയിരുന്നു. ഇപ്പോള്‍ ജീവന് ഭീഷണിയുണ്ടെന്ന് പറയുന്നതാണ് പുതിയ ട്രെന്‍ഡ് എന്ന് തോന്നുന്നു. കുഞ്ഞാലിക്കുട്ടി മുതല്‍ ഒ ഗ്രൂപ്പ് അബ്ദുല്ല (ശൈഖുനാ   'മുടി  വിഭാഗ'ത്തിന്റെ ഭാഷയില്‍ സീറോ അബ്ദുള്ള)   വരെ ഈ ഭീഷണി നേരിട്ടവരും നേരിട്ട് കൊണ്ടിരിക്കുന്നവരും നേരിടാനൊരുങ്ങിയിരിക്കുന്നവരുമാണ്. അക്കൂട്ടത്തില്‍ ഒരു ഷാജഹാനുമിരിക്കട്ടെ! ഏതായാലും   ചുവന്ന അടയാളങ്ങള്‍ അക്ഷരങ്ങളിലും പേജുകളിലും പരന്നു കിടന്നാലും  റോഡിലും തെരുവിലും അത് പടരാതിരിക്കട്ടെ  എന്ന് നമുക്ക് പ്രാര്‍ത്ഥിക്കാം.


'ചുവന്നഅടയാളങ്ങളു'ടെ കര്‍ത്താവ് ആരെന്നു  വിശദമായി നാം പറഞ്ഞില്ല. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പുകാലത്ത് നാമൊക്കെ  ഏറെ കേള്‍ക്കുകയും പരിചയപ്പെടുകയും ചെയ്ത    ഒരാളുടെതാണ് കൃതി.   പ്രതിപക്ഷ നേതാവായിരുന്നപ്പോള്‍ വി.എസ്.
അച്യുതാനന്ദന്റെ പ്രൈവറ്റ് സെക്രട്ടറിയും  വലംകയ്യുമായിരുന്ന ശ്രീ കെ .എം.ഷാജഹാന്റെതാണ് പുസ്തകം. അന്ന്, എല്ലാ തെരഞ്ഞെടുപ്പു കാലത്തും നടന്നു വരാറുള്ള  പോലെ വി.എസിനെതിരെ ആസൂത്രിതമായി  ചരട് വലിയുണ്ടായപ്പോള്‍ ഇപ്പുറത്ത് അതിലേറെ ശക്തിയില്‍ 'കയറുവലി'യും വടംവലിയും  സംയുക്തമായി സംഘടിപ്പിച്ച് വിജയം വരിച്ച  ആളാണ്‌ ഷാജഹാന്‍. പക്ഷെ ഇന്ന് അദ്ദേഹം  വി.എസിനോടൊപ്പമില്ല. രാഷ്ട്രീയം അങ്ങനെയാണ്. ഇന്നത്തെ വേണ്ടപ്പെട്ട 'അളിയനാ'യിരിക്കും നാളത്തെ ഭേദപ്പെട്ട 'അളിഞ്ഞ'വന്‍. അന്ന് വി.എസിന്റെ ഒപ്പം നിന്നവരെ വെട്ടിനിരത്തിയതോ, മുഴച്ചുനിന്നത് തട്ടിനിരപ്പാക്കിയതോ  എന്തായാലും ഷാജഹാന്‍ ഇപ്പോള്‍ പാര്‍ട്ടിയുടെ വരാന്തയില്‍പോലും ഇല്ലാത്ത ആളാണ്. അത് കൊണ്ട് തന്നെ ഈ പുസ്തകം  വിവാദമാകാനുള്ള സാധ്യത 'ഉന്തിക്കളയാന്‍'  വയ്യ.

ഈപുസ്തകത്തിന്റെ മറ്റൊരു പുതുമ ഇത്  പ്രകാശനം ചെയ്തത് സ്നേഹയാണ് എന്നതാണ്.. സ്നേഹ എന്ന് കേള്‍ക്കുമ്പോള്‍ ഒരു പക്ഷെ നമുക്ക് ആളെ പെട്ടന്നങ്ങ് പിടികിട്ടില്ല. രണ്ടക്ഷരമുള്ള മറ്റൊരുപേര് പറഞ്ഞാല്‍ നാമൊക്കെ അവളെ വേണ്ടതിലേറെ അറിയും. അച്ഛനുണ്ടായിട്ടും അച്ഛനില്ലാത്ത കുട്ടിയാണ് സ്നേഹ.  അമ്മ മുലപോലും കൊടുക്കാതെ മരിച്ചും പോയി. ശാരി എന്നായിരുന്നു ആ പെണ്‍കുട്ടിയുടെ പേര്. അവളുടെ കുട്ടിയാണ് സ്നേഹ. അവളുടെ അച്ഛനാരെന്നു ആര്‍ക്കുമറിയില്ല. ശാരിക്കറിയാമായിരുന്നു . പക്ഷെ പേര് വെളിപ്പെടുത്തും മുമ്പ് അവള്‍ പോയി. പിന്നെ ആ അച്ഛനെ അറിയാവുന്ന ഒരേ ഒരാള്‍ ഇന്നും ജീവിച്ചിരിപ്പുണ്ട്‌. പക്ഷെ; ആ വി.ഐ.പിയെ  ഈ വി.ഐ.പി .  കൊന്നാലും പറയാന്‍ കൂട്ടാക്കില്ലെന്നു വേണം കരുതാന്‍. 

കഴിഞ്ഞ തെരഞ്ഞെടുപ്പു കാലത്ത് കാടും മേടും താണ്ടിയ ഒരു   യുവവൃദ്ധനെ കണ്ട് യുവാക്കള്‍ പോലും അസൂയപ്പെട്ടു പോയിരുന്നു.. അക്കാലം വരെ ഒരു നിലയും വിലയുമില്ലാതിരുന്ന  'കയ്യാമ'ത്തി ന് അന്ന് മുതല്‍ വെള്ളിമൂങ്ങയെക്കാള്‍ മാര്‍ക്കറ്റായിരുന്നു.!



പക്ഷേ നാലരക്കൊല്ലം സുഖസുന്ദരമായി ഉറങ്ങിത്തൂങ്ങിയും ഗോലി കളിച്ചും ഗോഷ്ഠി കാണിച്ചും വലിച്ചു നീട്ടി  ഭരിച്ചിട്ടും പുളിച്ചു നാറിയ  'ഐസ് ക്രീം' തന്നെ പിന്നെയും പിന്നെയും എടുത്തു നാക്കിലും വാക്കിലും    വാരിവാരി തേച്ചിട്ടും മേമ്പൊടിക്കോ , തൂക്കമൊപ്പിക്കാനോ പോലും ശാരിയെന്ന  രണ്ടക്ഷരം ഉരിയാടാതിരിക്കാന്‍ പരമാവധി ശ്രമിച്ചു മുഖ്യന്‍ .

കോഴിക്കോടന്‍ ഐസ് ക്രീമിന്റെ അത്ര ടേസ്റ്റ് ഒരു പക്ഷെ  ഇതിനുണ്ടാവില്ലെന്ന് ഉറപ്പാണ്. അതുകൊണ്ടാവും കിളിരൂര്‍  'ഐസ് ക്രീമി'നെ കുറിച്ച് ക്ക , ച്ച , ട്ട, ത്ത, പ്പ '  തുടങ്ങി മലയാള അക്ഷരമാലയിലെ ഇരട്ട അക്ഷരം വേണ്ട; 'ക, മ, ല, വ, ര, ഴ, എന്നതിലെ ഒരു ഒറ്റ അക്ഷരംപോലും വി.എസ്. എന്ന 'കയ്യാമക്കാരന്‍' മിണ്ടിയില്ല. പാവപ്പെട്ട  ശാരിയുടെ കുടുംബം നിയമസഭക്ക്മുമ്പില്‍ സമരം നടത്തുക പോലും ചെയ്തിട്ടും 'മൂന്നാര്‍ കുലുങ്ങിയാലും വി.എസ് കുലുങ്ങില്ല' എന്ന മട്ടില്‍ മൌനം പാലിച്ചു വിദ്വാനാവുകയാണ് വി.എസ്. ചെയ്തത്. പീഡന ക്കാരെയൊക്കെ കയ്യാമം വെച്ച് നടു റോഡിലൂടെ നടത്തിക്കും എന്ന് പറഞ്ഞ ആള്‍ വെറും ഒരു കുയ്യാമയെ പോലെ തല അകത്തേക്ക് വലിച്ച് ഞാനൊന്നുമറിഞ്ഞില്ലേ എന്റെ  'ശ്രീമതി  നാരായണീ'  എന്ന മട്ടില്‍  ഉറക്കം നടിച്ചു

അഞ്ചു വര്‍ഷത്തോളം  മനസ്സിനകത്ത്  പാസ് വേര്‍ഡ്‌ ഇട്ട് പൂട്ടി 'സേവ്' ചെയ്തു വെച്ച ആ വി.ഐ. പിയെ ഇനി എന്നാണാവോ അദ്ദേഹം  വെളിപ്പെടുത്താനും പിടികൂടാനും ആമം വെക്കാനും പോകുന്നത് .. ?

ഏറെ രസകരമായ ഒരു കാര്യം , അടുത്ത അഞ്ചു വര്‍ഷം കൂടി കിട്ടിയാല്‍  വി.ഐ.പിയെ പിടികൂടുമെന്ന് സ്വന്തം മണ്ഡലത്തിലെ തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ആരംഭ ശൂരത്വത്തില്‍   ഇന്നലെ അദ്ദേഹം പ്രസംഗിക്കുന്നത് കേട്ടു എന്നതാണ്. പഴയ ആ തന്ത്രം തന്നെ പൊടി തട്ടി  വീണ്ടും  പയറ്റുന്നു എന്നര്‍ത്ഥം.  കുപ്പിക്കും വീഞ്ഞിനും കുടിക്കുന്ന ആളിനും  ഒന്നും ഒരു മാറ്റവുമില്ല.  പഴയ വി.എസ്, പഴയ ശാരിയെ, പുതിയകുപ്പിയിലാക്കി  വീണ്ടും പുതിയ രാഷ്ട്രീയം  കളിക്കുന്നു.. അധികാരത്തിലിരുന്ന സമയത്ത് മനസ്സിലേക്ക് ഒരിക്കല്‍ പോലും കടന്നു വരാത്ത  ആ പേര് ഇപ്പോള്‍ അദ്ദേഹം ഓര്‍ത്ത്‌ തുടങ്ങിയിരിക്കുന്നു. അത്രയും നല്ലത്. വി.എസിന് പ്രായം ഏറിയെന്നും അനാരോഗ്യം ബാധിച്ചെന്നുമൊക്കെ പറയുന്നവര്‍ വെറും ശുംഭന്മാര്‍ ! നോക്കൂ , വി.എസിന് എന്തൊരു ഓര്‍മ്മ ശക്തിയാണ്...!

തെരഞ്ഞെടുപ്പ് വേളയില്‍ മാത്രം ഓര്‍ക്കാനും ഭരണം കിട്ടുന്നതോടെ സൗകര്യം പോലെ മറക്കാനുമുള്ള ഒരു പാവം പെണ്‍കുട്ടിയുടെ പേര് അല്ലാതെ മറ്റെന്താണ് ശാരി ?





എനിക്ക് ഒരു സഹപാഠിയുണ്ടായിരുന്നു.  വിജയന്‍. ആളിത്തിരി ഉറക്കം തൂങ്ങിയാണ്. ക്ലാസിലിരുന്നു നന്നായി ഉറങ്ങും.  പരീക്ഷക്ക് എല്ലാവരും കുത്തിയിരുന്നു പഠിക്കുമ്പോള്‍ വിജയന്‍ പഠിക്കില്ലെന്നു മാത്രമല്ല പഠിക്കാന്‍ ആരെയും അനുവദിക്കുകയുമില്ല. പക്ഷെ പരീക്ഷ പേപ്പര്‍ കിട്ടുമ്പോള്‍ ഒരു വിധം പാസ് മാര്‍ക്ക് വിജയനുണ്ടാകും. അത് കിട്ടാനുള്ള ചില ചെപ്പടി വിദ്യകള്‍   വിജയന് അറിയാം.
സത്യത്തില്‍  ആ വിജയനാണ് ഈ വി. എസ്.  പതിനൊന്നാം  മണിക്കൂറില്‍ യൂസഫലി എന്നാ ബ്യൂട്ടീഷ്യന്റെ കൈക്രിയയിലൂടെ വല്ലാതെ  'സ്മാര്‍ട്ട്‌ 'ആയും,  'അരിയെറിഞ്ഞു  ആയിരം കാക്കകളെ' കൂട്ടം കൂട്ടമായി വരുത്തിയും അഞ്ചു വര്‍ഷം കഴിഞ്ഞു വരുന്ന ജനകീയ പരീക്ഷയില്‍ വി.എസ്.  ജയിക്കാന്‍ നോക്കുന്നു. വലിയ വിദ്യാഭ്യാസമൊന്നും വി.എസിനില്ലെങ്കിലും ചെപ്പടി വിദ്യകളുടെ മാസ്റ്റര്‍ തന്നെയാണ് അദ്ദേഹം. പക്ഷേ എല്ലാ പരീക്ഷക്കും  കുറുക്കു വഴിയിലൂടെ ക്രിയ ചെയ്തു  ജയിച്ചു കയറാന്‍ കഴിയുമോ എന്ന് കണ്ടറിയുക തന്നെ വേണം.

ഏതായാലും ചുവന്ന അടയാളങ്ങള്‍  ഒരു സാധാരണ പുസ്തകം  അല്ല എന്ന് ഉറപ്പാണ്‌.  അത് പ്രകാശനം ചെയ്ത വ്യക്തി   ആര് എന്നത് തന്നെ പുസ്തകത്തിന്റെ പ്രസക്തിയും ഉള്ളടക്കവും  വിളിച്ചു പറയുന്നുണ്ട്.. ചുവന്ന അടയാളങ്ങള്‍ ചില അടയാളപ്പെടുത്തലുകള്‍ മാത്രമല്ല ചില  ചുവന്ന ഓര്‍മ്മപ്പെടുത്തലും കൂടിയാണെന്ന് സാരം ..! മലമ്പുഴയില്‍ വി.എസിനെതിരെ മത്സരിക്കുന്ന ലതിക സുഭാഷിന് കെട്ടിവെക്കാനുള്ള കാശ് നല്‍കിയത് സ്നേഹയാ ണെന്നും ഇതിനോട് ചേര്‍ത്ത് വായിക്കാം ..

അടിവര  : കയ്യാമവും 'കുയ്യാമ'യും തമ്മിലെന്ത് ബന്ധം? 
------------------------------------------------------------
ചിത്രങ്ങള്‍ക്ക് കടപ്പാട് : ഗൂഗിള്‍   

2011, മാർച്ച് 13, ഞായറാഴ്‌ച

ഒറ്റ മരച്ചില്ലയില്‍ നെറ്റിയില്‍ പൂവുള്ള പക്ഷി


യാത്ര ഹരമുള്ളകാര്യമാണ്. വിനോദയാത്രയാകുമ്പോള്‍ വിശേഷിച്ചും. തലേന്ന് തുടങ്ങും  ആവേശത്തിമര്‍പ്പ്. എത്രയൊക്കെ തയ്യാറെടുപ്പ്  നടത്തിയാലും പിന്നെയുമെന്തോ മറന്നപോലെ. തലേന്ന് നേരത്തെ കിടന്നു നേരത്തെ ഉണരണമെന്ന് കരുതും. പറഞ്ഞിട്ടെന്ത്? കണ്ണുകളെത്ര ഇറുകെഅടച്ചാലും രക്ഷയില്ല. നിദ്രാദേവി പോയിട്ട് സുഭദ്രാദേവിപോലും കടാക്ഷിക്കുകയില്ല. അതങ്ങനെയാണ്. നിറഞ്ഞ സന്തോഷമുണ്ടാകുമ്പോള്‍ അവള്‍ ആ പരിസരത്തൊന്നും വരില്ല.
വിദ്യാര്‍ഥി ജീവിതത്തിലെ എന്നും ഓമനിക്കുന്ന മിഴിവുള്ള ഓര്‍മ്മകളാണത്രെ ഓരോ വിനോദയാത്രയും. പക്ഷെ , നിര്‍ഭാഗ്യകരമെന്ന് പറയട്ടെ, പഠന കാലത്ത് ഒരിക്കല്‍പോലും ആ ഭാഗ്യം കിട്ടിയില്ല.
പിന്നെയും ഏറെക്കാലം കഴിഞ്ഞാണ്  ആ സൌഭാഗ്യദേവത  എന്നെ കാര്യമായൊന്നു പരിരംഭണം ചെയ്യുന്നത്.

അങ്ങനെ ജീവിതത്തിലെ ആദ്യത്തെ വിനോദയാത്രക്ക് ഒരുങ്ങുകയാണ്. ഇന്നത്തെ വിദ്യാര്‍ഥി നാളത്തെ അദ്ധ്യാപകന്‍ എന്ന് കൃത്യമായി പറയാന്‍ പറ്റുന്ന പ്രായം. പക്ഷെ,  മൊട്ടയടിച്ചവന്റെ തലയില്‍ കല്ല്‌ മഴ പെയ്തെന്നു പറഞ്ഞപോലെ, ആറ്റുനോറ്റുണ്ടായ വിനോദയാത്ര കോമഡിയില്‍ തുടങ്ങി ട്രാജഡിയില്‍ കലാശിക്കുകയാണ് ചെയ്തത്. അങ്ങോട്ട്‌ പോയ മനസ്സുമായല്ല തിരിച്ചിങ്ങോട്ട് പോന്നത്.
ടീച്ചിംഗ് പ്രാക്ടീസും കമ്മീഷന്‍വരവുമൊക്കെ കഴിഞ്ഞ് സര്‍വതന്ത്ര സ്വതന്ത്രരായാണ് ഞങ്ങള്‍ നാല്പത്തി രണ്ടോളം 'പാവം ട്രൈനികള്‍' ടൂറിനിറങ്ങുന്നത്.

മൈസൂര്‍ - ഊട്ടിയിലെക്കാണ് യാത്ര. ഏതു ടൂത്ത് പേസ്റ്റിനും കോള്‍ഗേറ്റ് എന്ന് പറഞ്ഞിരുന്ന ഒരു കാലമുണ്ടായിരുന്നു. അത്പോലെ ഏതു ടൂറും അന്നൊക്കെ മൈസൂര്‍ -  ഊട്ടിയായിരുന്നു.
ഞങ്ങളുടെ സംഘം കൈകൊട്ടിപ്പടിയും കലാപരിപാടികള്‍ അവതരിപ്പിച്ചും ആര്‍ത്തുല്ലസിച്ചും മൈസൂരിലെത്തി കാഴ്ചകളുടെ ഇന്‍ബോക്സ് തുറന്നുതുടങ്ങി. വൃന്ദാവനവും ടിപ്പുവിന്റെ കോട്ടയും മൈസൂര്‍പാലസും രവിവര്‍മ്മ ചിത്രങ്ങളുമൊക്കെയായി വിഭവസമൃദ്ധമായ നയനസദ്യ തന്നെയുണ്ടു. ഏറ്റവും അവസാനമാണ് മൃഗശാലയിലേക്ക് അന്തര്‍ഗമനം നടത്തുന്നത്.

ലൈലയും സുനന്ദയും അസീസും സതീഷുമൊക്കെ ഏതോ മായികലോകത്തെത്തിപ്പെട്ടപോലെ നിര്‍ത്താതെ വര്‍ത്തമാനം പറഞ്ഞും പൊട്ടിച്ചിരിച്ചും കയ്യിലുള്ള എല്ലാനമ്പരുകളും പുറത്തെടുത്തും പരമാവധി ആഘോഷിക്കുന്നുണ്ട്. ലൈല മുമ്പൊന്നുമില്ലാത്തവിധം വല്ലാതെ അടുത്ത് വരാനും സ്വതന്ത്രമായി സംസാരിക്കാനുമൊക്കെ ഇത്തിരി ഇഷ്ടം കാണിക്കുന്നുണ്ടോ എന്നൊരു സംശയം. മനസ്സിന്‍ കവിളില്‍ കുളിരുമ്മ പതിയുമ്പോള്‍, പ്രണയാധരങ്ങള്‍ ചുവന്നു തുടുക്കുമായിരിക്കും. അങ്ങനെ ഒരു നല്ല വാചകം അന്നേരം വെറുതെ ഞാന്‍ മനസ്സിലെഴുതിയിട്ടു.

മൃഗശാലയിലൂടെ മുന്‍ഗാമികളെയും കുടുംബക്കാരെയും സംബന്ധക്കാരെയു മൊക്കെ വിശദമായി നടന്നു കാണുകയാണ്.  യാഷിക്ക ക്യാമറകള്‍ കണ്ണടച്ച് തുറക്കുന്നു. മൊബൈലുകളൊന്നും അന്നില്ല. നിറയെ സന്ദര്‍ശകരാണ്‌. സ്ത്രീകളും കുട്ടികളും തന്നെയാണ് കൂടുതലും. പോരാത്തതിന് മിഥുനങ്ങളും കര്‍ക്കിടകങ്ങളുമൊക്കെയുണ്ട്.യുണിഫോമിട്ട സ്കൂള്‍ കുട്ടികളും അവരെ മേക്കാന്‍ സാരിത്തലപ്പ് ആലില വയറിനുകീഴെ ഭദ്രമായി തിരുകി വെച്ച് , തെരുവോരത്ത് നിന്ന് വാങ്ങിയ പൂ പിടിപ്പിച്ച  തൊപ്പിയൊക്കെ  വെച്ച് , മീരാജാസ്മിന്‍ സ്റ്റൈലില്‍ കുറെ ടീച്ചര്‍മാരും ..

മൃഗങ്ങളില്‍ നിന്ന് ടീച്ചര്‍മാരിലേക്കും പൂ തുന്നിയ തൊപ്പി കളിലേക്കും   യൂണിഫോം ധരിച്ച കുട്ടികളിലേക്കുമൊക്കെ കാഴ്ചയുടെ വാനരന്മാര്‍ മാറിമാറി പടര്‍ന്നു കേറുന്നതിനിടെ, എന്റെ മുമ്പിലൂടെ വല്ലാതെ കലപില കൂട്ടിക്കൊണ്ടു രണ്ടു പുതുമിഥുനങ്ങള്‍ കൊക്കുരുമ്മി പോകുന്നത് കണ്ടു.

മധുവിധുവിന്റെ മരം പെയ്യുന്നുണ്ട് ആ മുഖഭാവങ്ങളില്‍ നിന്നിപ്പോഴും.അവളെ കണ്ടാല്‍ ഒരു മലയാളി മാലാഖക്കുട്ടിയുടെ കട്ടുണ്ട്. അവന്‍ ഒരു കരുമാടിക്കുട്ടന്‍.മീശയുടെ സ്ഥാനത്ത് കറുത്ത  നേരിയ ഒരു വര. തടിച്ചുമലച്ച ചുണ്ടുകളിലും കറുപ്പ് കുടികെട്ടി പാര്‍ക്കുന്ന നീണ്ട  മുഖത്തും പക്ഷെ സ്നേഹത്തിന്റെ പ്രകാശപ്പൊട്ടുകള്‍ സമൃദ്ധമായി ചിതറിക്കിടപ്പുണ്ട്.

വെളുത്തു കൊലുന്നനെയുള്ള അവള്‍ ചിരിക്കുമ്പോഴും വര്‍ത്തമാനം പറയുമ്പോഴും അരിമുല്ല വിരിയുന്നുണ്ട്. നിതംബം വരെ തൂങ്ങി കിടക്കുന്ന ഇടതൂര്‍ന്ന മുടിത്തുമ്പത്ത് കുണുങ്ങിക്കുണുങ്ങിയുള്ള നടത്തത്തിനൊപ്പിച്ചു ഊയലാടുന്ന മുടിപ്പൂവ്. അത് കാണുന്നവരോടൊക്കെ ലോഹ്യം പറയുന്നുണ്ട്. ചിലരോട് കണ്ണിറുക്കി കാണിക്കുന്നുമുണ്ട്. അവളുടെ ചുമലില്‍ ആവശ്യത്തെക്കാള്‍ കൂടുതല്‍ അലങ്കാരത്തിനാണെന്നു തോന്നിപ്പിക്കുന്ന ഒരു വാനിറ്റിബാഗ്‌ അലസമായി തൂങ്ങിക്കിടക്കുന്നു. സംഘഗാനം ആലപിക്കുന്ന കുട്ടികള്‍ അവരവരുടെ തുടയില്‍തട്ടി താളംപിടിക്കും മട്ടില്‍ അതങ്ങനെ താളാത്മകമായി തപ്പുകൊട്ടി അവളുടെ കൂടെനടക്കുന്നു. അവളുടെ  മുടിയിഴകള്‍ക്ക് പൂക്കുട ചൂടിക്കൊടുത്തു കൂടെപോകുന്ന ഈരിഴയില്‍ കോര്‍ത്ത മുല്ലപ്പൂമാല മുടിപ്പുറത്ത്  മയങ്ങിക്കിടപ്പാണ്. പോക്കുവെയിലേറ്റ് അവയുടെ കണ്ണുകള്‍ കൂമ്പിയിരിക്കുന്നു. നിറയെ മഞ്ഞപ്പൂക്കള്‍ വിടര്‍ന്നു പടര്‍ന്നു കിടക്കുന്ന ഭംഗിയുള്ള സാരിയില്‍ കാറ്റിന്റെ വിരല്‍ത്തലപ്പുകള്‍ വെറുതെ വികൃതി കാട്ടിക്കൊണ്ടിരിക്കുന്നു.



നീണ്ടു മെലിഞ്ഞ അവളുടെ കൈകളില്‍ ഇലകളടര്‍ത്തി മാറ്റാത്ത ഒരു പിടി  ഇളം കാരറ്റ്. മൃദു വാര്‍ന്ന അവളുടെ ഉള്ളം കയ്യില്‍ അച്ചടക്കത്തോടെ അവ പരസ്പരം സ്നേഹിച്ചു ചേര്‍ന്ന് കിടക്കുന്നു.
ഇടയ്ക്ക് അവയിലൊന്നില്‍ അവളൊന്നു കടിച്ചു. അത് തന്നെ അവനും കൊടുത്തു. അവളുടെ കൊച്ചരിപ്പല്ലുകള്‍ ക്ഷതമേല്‍പ്പിച്ച കാരറ്റിന്റെ ഇളം മേനിയില്‍ പിക്കാസു പോലെയുള്ള അവന്റെ പല്ലുകള്‍ കേറിയിറങ്ങുമ്പോള്‍ എവിടെയൊക്കെയോ ഒരു ഞെരിപിരി കൊള്ളല്‍..

പല പോസുകളിലായി ഫോട്ടോകളെടുത്തു കൊണ്ടിരിക്കുയാണ് അവര്‍.    നീണ്ട കൊക്കും നെറ്റിയില്‍  പൂവുമുള്ള പേരറിയാത്ത ഒരു പക്ഷിയെ മനസ്സിന്റെ ക്യാമറയില്‍ പകര്‍ത്തുന്ന തിരക്കിലായിരുന്നു ഞാനപ്പോള്‍.
'എക്സ്ക്യൂസ് മി മേ യു പ്ലീസ്‌ ടേക്ക് സം ഫോട്ടോസ്..' ശബ്ദം കേട്ട് ഞാന്‍ തിരിഞ്ഞു നോക്കുമ്പോള്‍ അവളാണ്. രണ്ടുപേര്‍ക്കും ഒന്നിച്ചു നിന്ന് ഫോട്ടോ എടുക്കാനാണ്.

ഞങ്ങള്‍ അപ്പോള്‍ പലയിനം പക്ഷികളുള്ള വിശാലമായ ഒരു ശരികക്കൂടിനടുത്താണ്. ഒരു മയൂരസുന്ദരി ചിറകൊക്കെ വിടര്‍ത്തി , യുവജനോത്സവ വേദിക്ക്  പിറകില്‍ കുച്ചിപ്പുടി മത്സരത്തിന് കാത്തു നില്‍ക്കുന്ന സുന്ദരിക്കുട്ടിയെ പോലെ നടനത്തിനു റെഡിയായി നില്‍പ്പുണ്ട്‌.
രണ്ടു പേരും വല്ലാതെ ചേര്‍ന്ന് നിന്ന് ഫോട്ടോക്ക് പോസ് ചെയ്തു. ക്യാമറക്കണ്ണിലൂടെ ഞാന്‍ അവരെ നോക്കുമ്പോള്‍, 'വടക്ക് നോ ക്കിയന്ത്ര'ത്തിലെ  ശ്രീനിവാസനെയും പാര്‍വതിയെയും ഒരുനിമിഷം എനിക്ക് ഓര്‍മ്മ വന്നു. കരിവിളക്കിനടുത്ത് ഒരു നിലവിളക്ക്! അപ്പോള്‍ മാമുക്കോയയുടെ റോളില്‍ ആരാണെന്ന ചോദ്യം മനസ്സെന്നോട് ചോദിച്ചു. ശരീരമാസകലം അനുരണനമുണ്ടാക്കിയ ഒരു ഉള്‍ച്ചിരിയോടെ ഞാന്‍ ആ ചോദ്യത്തെ വളരെ സമര്‍ത്ഥമായി നേരിട്ടു..

മാറില്‍ ചേര്‍ന്ന് നിന്നും കെട്ടിപ്പിടിച്ചും മടിയില്‍കിടന്നുമൊക്കെ മൂന്ന് നാലു സ്നാപ്പുകള്‍ എന്നെക്കൊണ്ടെടുപ്പിച്ചിട്ടൊടുവില്‍ അവള്‍ എനിക്ക് മധുരമുള്ള ഒരു താങ്ക്സ് തന്നു. കൂടെ വീണ്ടും കാണാന്‍ ഇഷ്ടപ്പെടുന്ന ഒരു ചിരിയും.
പിന്നീട് എപ്പോഴോ അവരെനിക്കു നഷ്ടപ്പെട്ടു..!


കണ്ടാമൃഗത്തിന്റെയും വെള്ളാനകളുടെയും നാഗരാജാക്കന്മാരുടെയും കൌതുകക്കാഴ്ചകളിലാണ് എന്റെ കൂട്ടുകാരില്‍ പലരും. ചിലര്‍, സ്കൂള്‍ പടിക്കല്‍ ബസ്സ് കാത്തു നില്‍ക്കുന്ന വ്യത്യസ്ത ക്ലാസുകളിലെ സുന്ദരിക്കുട്ടികളെ പോലെ , കൊച്ചു വര്‍ത്തമാനം പറഞ്ഞു സമയം കളയുന്ന മാന്‍പേടകളെ കണ്ണ് നിറയെ കണ്ടു നില്പാണ്. വൃത്തികെട്ട വെള്ളത്തില്‍ കിടന്നു പുളയുന്ന ചീങ്കണ്ണികളെയും ഭീമന്‍ ആമകളെയും കണ്ടു നില്‍ക്കുന്നു മറ്റുചിലര്‍.

ഏറ്റവും ഒടുവില്‍ ഞങ്ങളെത്തിയത് രണ്ടുപുലികളെ സ്വതന്ത്രമായി സ്വൈരവിഹാരം നടത്താ നനുവദിച്ചു വിട്ടിരിക്കുന്ന വിശാലമായ ഒരിടത്താണ്.കാട്ടില്‍ വെച്ച് പുലികളെ കാണുന്ന വിധത്തിലാണ്  ആ പുലിക്കാഴ്ച സംവിധാനിച്ചിരിക്കുന്നത്‌.. ചുറ്റും വലിയ കിടങ്ങാണ്. നല്ല ഉയരത്തില്‍ മതില്‍ക്കെട്ട്. സുരക്ഷക്കെന്നോണം കെട്ടിയ മുള്‍വേലി. സന്ദര്‍ശകര്‍ ഏല്‍പ്പിച്ച പരിക്കും നിര്‍ദയമായ പീഡനവും മൂലം വേലി അവിടവിടെ അടര്‍ന്നു മാറിയിട്ടുണ്ട്.സന്ദര്‍ശകരേറെയും ഇവിടെയാണ്‌. ക്യാമറകളുടെ ഫ്ലാഷ് ലൈറ്റുകള്‍ തുരുതുരാ കണ്ണ് ചിമ്മി തുറക്കുന്നു.

ഇളിച്ചു കാട്ടിയും പല്ലിറുമ്മിയും 'കയ്യാലപ്പുറത്തു നിന്ന് ഗോഷ്ഠി കാണിക്കാതെ ധൈര്യമുണ്ടെങ്കില്‍ ഇറങ്ങി വാ അപ്പോള്‍ കാണിച്ചു തരാ'മെന്ന മട്ടില്‍ എല്ലാവരെയും രൂക്ഷമായി നോക്കി പേടിപ്പിച്ചും വലിയ ശബ്ദത്തില്‍ മുരണ്ടും വാ പിളര്‍ത്തിയും മനുഷ്യരോടുള്ള പക മുഴുവനും തീര്‍ക്കുകയാണ് അവ രണ്ടും.
എല്ലാവരെയും ശത്രുക്കളായി കാണരുതെന്നും 'ബന്ധുര കാഞ്ചന കൂട്ടിലാണെങ്കിലും ബന്ധനം ബന്ധനം തന്നെ പാരില്‍ ..' എന്ന് പാടിയ സഹൃദയരുടെ പ്രതിനിധികളുമുണ്ട് ഞങ്ങളുടെ കൂട്ടത്തില്‍ എന്നുമുള്ള  ഒരു  തമാശ എന്റെ മനസ്സിലപ്പോള്‍ പൂവിട്ടു.

പിന്നെടെപ്പോഴോ പുലിക്കാഴ്ച്ചകളില്‍ നിന്ന് കണ്ണെടുത്ത് ഞാന്‍ കാഴ്ചക്കാരിലേക്ക് നോക്കി . കളി കാണുന്നതിനെക്കാള്‍ എനിക്കിഷ്ടം കളി കാണുന്ന കാണികളെ കാണുന്നതാണ്. അത് സത്യത്തില്‍ അനുഭവിച്ചറിയേണ്ട , രസമുള്ള ഒരു കാഴ്ച തന്നെ..!

അപ്പോഴുണ്ട് നിലവിളക്കും കരിവിളക്കും എന്റെ തൊട്ടടുത്തു തന്നെ ജ്വലിച്ചു നില്‍ക്കുന്നു.!ക്യാമറ അവളുടെ കയ്യിലാണ്. ഏറെ ദൃശ്യങ്ങള്‍ പകര്‍ത്തിയിട്ടാണ് ഒടുവില്‍ അവള്‍ ക്യാമറ അവന് കൈമാറുന്നത്. കൂടുതല്‍ അടുത്തടുത്ത്‌ ചെന്ന് വ്യത്യസ്ത ആംഗിളുകളില്‍ ഫോട്ടോ എടുക്കുകയാണ് അവനിപ്പോള്‍.

വേലിയൊക്കെ മറികടന്നും വല്ലാതെ കുനിഞ്ഞും അഭ്യാസം കാണിച്ചും വളരെ സാഹസികമായി അവന്‍ ഫോട്ടോ എടുത്തു കൊണ്ടിരിക്കുകയാണ്.
ഒരുള്‍ വിളിയെന്നോണം , 'മോനേ, ദിനേശാ , അത് ആരോഗ്യത്തിന് ഹാനികരമാണല്ലോ..'  എന്ന ഒരു സദുപദേശവാചകം എന്റെ മനസ്സില്‍ കിടന്നു അന്നേരം കയറു പൊട്ടിച്ചു കൊണ്ടിരുന്നു.


പെട്ടന്നാണ് അത് സംഭവിച്ചത്! എങ്ങനെയോ അവന്റെ കാലൊന്ന് വഴുതി. വല്ലാതെ വേച്ചുപോയ അവന്‍ കമ്പിവേലിയില്‍ പിടിക്കാന്‍ ഒരു വിഫല ശ്രമം നടത്തി . അത് വളരെ ദയനീയമായി പരാജയപ്പെട്ടു. അവന്‍ വലിയ ശബ്ദത്തോടെ കിടങ്ങിലേക്ക്!
കുറെ കാലമായി കാത്തിരുന്ന് ഒരു ഇര കിട്ടിയ സന്തോഷത്തോടെ വല്ലാത്തൊരു തരം മുരളലുമായി പൊടുന്നനെ  രണ്ടു പുലികളും ഓടിവരുന്നതും നിമിഷ നേരം കൊണ്ട് കടിച്ചുപിടിച്ചു വലിച്ചിഴച്ചു അവനെ കൊണ്ടുപോകുന്നതുമാണ് പിന്നെ കാണുന്നത്.
അവള്‍, തൊണ്ടയില്‍ വെച്ച് തന്നെ മരിച്ചു പോയ ഒരു അര്‍ദ്ധനിലവിളിയോടെ അടുത്തുണ്ടായിരുന്ന ഏതോ ഒരു സ്ത്രീയുടെ കൈകളിലേക്ക് തളര്‍ന്നു വീഴുന്നത് കണ്ടു.
പുലികള്‍ രണ്ടും  അവനെ കടിച്ചു കീറാന്‍ പരസ്പരം മത്സരിക്കുകയാണ്. അവയുടെ മുരള്‍ച്ചയില്‍ മൃഗശാല വിറപൂണ്ടു നില്‍ക്കുന്നു. എവിടുന്നൊക്കെയോ ആളുകള്‍ ഓടി വരുന്നു..

മൃഗശാലയുടെ അധികൃതരും മറ്റും ഒച്ചയിട്ടും അനുനയിപ്പിച്ചും പുലികളെ  വല്ലവിധേനയും കൂട്ടിലടക്കാന്‍ കിണഞ്ഞുശ്രമിക്കുകയാണ്. ദീര്‍ഘനേരത്തെ അതിസാഹസികമായ ശ്രമങ്ങള്‍ക്കൊടുവില്‍ അവ രണ്ടും കൂട്ടിലേക്ക് കൂളായി കേറിപ്പോയി. ഒന്നും സംഭവിക്കാത്ത മട്ടില്‍ .

ഒടുവില്‍ അവനെ ചെന്നെടുക്കുമ്പോള്‍ കണ്ട കാഴ്ച ഇന്നും കണ്ണിലുണ്ട്. വയറു പിളര്‍ന്ന് കുടല്‍ മാലകള്‍ പുറത്തു ചാടി.. മാറിലും കൈകാലുകളിലും തലങ്ങും വിലങ്ങും രക്തം പുരണ്ട നഖക്കീറുകള്‍..
ചുവന്ന  പെയി ന്‍റു തട്ടിമറിഞ്ഞു മുഖത്ത് തൂവിയ പോലെ രക്തം ചാലുകള്‍ സൃഷ്ടിച്ച് ഒഴുകിയിറങ്ങുന്നു...
ഒന്നേ നോക്കിയുള്ളൂ..
'അയാളെ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയെന്ന് ആരോ പറഞ്ഞു. രക്ഷപ്പെടുമോ ആവോ..'?
സതീഷും അസീസും പറയുന്നത് കേട്ടു. ലൈലയും സുനന്ദയുമൊക്കെ  വാക്കുകള്‍ കിട്ടാതെ പ്രകാശം കെട്ട മുഖവുമായി തകര്‍ന്നിരിക്കുന്നു..
വിനോദയാത്രയുടെ എല്ലാ മൂഡും തകര്‍ന്ന് , ഞങ്ങള്‍ പക്രംതളം ചുരമിറങ്ങുമ്പോള്‍   ഞങ്ങളുടെ ലക് ഷ്വറി വീഡിയോ കോച്ച് ബസ്സില്‍ ശ്മശാന മൂകത തളം കെട്ടിക്കിടന്നു.

അന്നേരം പുറത്തെ കനത്ത ഇരുട്ടില്‍ രാത്രിയുടെ ഒറ്റമരച്ചില്ലയിലിരുന്ന് കാതരയായ ഒരു പക്ഷി ഹൃദയം പൊട്ടി കരയുന്നുണ്ടായിരുന്നു....

00

 (വിനോദ യാത്രക്കിടെ ഇങ്ങിനെ വല്ല അനുഭവവും നിങ്ങള്‍ക്കുമുണ്ടായിട്ടുണ്ടോ?)


  
  

2011, മാർച്ച് 9, ബുധനാഴ്‌ച

പരദൂഷണം / കഥ





വലിയ ഒരു ചുമടുമായിട്ടാണ് അയാള്‍ ദൈവത്തിന്റെ സന്നിധിയില്‍ ചെന്നത്. നെഞ്ച് വിരിച്ച് വിജയഭാവത്തില്‍, പ്രസന്ന വദനനായി, വലിയ ഗമയില്‍, നാലാള്‍ കാണട്ടെ എന്നെ എന്ന മട്ടിലാണ്‌ നടത്തം! ദൈവ സന്നിധിയിലെത്തി, ഏറെ പ്രയാസപ്പെട്ടാണ് അയാള്‍ ഭാണ്ഡം ഇറക്കി വെച്ചത്. 'ഇതാ ഇതെല്ലാം എന്റെ സ്വന്തം സുകൃതങ്ങള്‍ ..'
അയാള്‍ അഹങ്കാരത്തോടെ പറഞ്ഞു.

ഉടനെ ദൈവം ഓരോരുത്തരെയായി വിളിച്ചു തുടങ്ങി . എന്നിട്ട് അതില്‍ നിന്ന് ഓരോരുത്തര്‍ക്കും അവരവരുടെ വിഹിതം എടുത്തു കൊടുത്തു തുടങ്ങി. ഒടുവില്‍   ഭാണ്ഡം കാലിയായി. എന്നിട്ടും ആളുകള്‍ വന്നു കൊണ്ടിരുന്നു.
അവസാനം   ദൈവം വന്നവരുടെ അഴുക്കുകള്‍ എടുത്തു ഭാണ്ഡത്തില്‍ ഇട്ടു തുടങ്ങി. ഒടുക്കത്തെ  ആളും വന്നു വിഹിതം വാങ്ങി പോയപ്പോള്‍ , ദൈവം മാലാഖ മാരെ വിളിച്ചു പറഞ്ഞു. അപ്പോഴേക്കും ഭാണ്ഡം പഴയതിന്റെ പത്തിരിട്ടി വലുതായി കഴിഞ്ഞിരുന്നു .

' ഇവനെ ഇവന്റെ വിഴുപ്പു സഹിതം നരകത്തിന്റെ അടിത്തട്ടിലേക്ക് വലിച്ചെറിയുക..'!

മാലാഖമാര്‍ അവനെ വലിച്ചിഴച്ചു നരകത്തിലേക്ക്  കൊണ്ടുപോകുമ്പോള്‍  ഒരു മാലാഖയുടെ കാതില്‍ മറ്റെയാള്‍ കേള്‍ക്കാതെ അവന്‍ സ്വകാര്യം പറഞ്ഞു:
അവരും ദൈവവും ഒത്തു കളിച്ചതാ.. എന്നെ കുടുക്കാന്‍ .. ദൈവമാണത്രെ ദൈവം!

2011, മാർച്ച് 6, ഞായറാഴ്‌ച

നളന്ദാ കോളേജും മഴവില്ലിന്റെ ഏഴു നിറങ്ങളും




നാലാംക്ലാസില്‍ നിന്നാണ് അന്ന് ഇംഗ്ലീഷ് ഒരു സബ്ജെക്റ്റ് ആയി പഠിച്ചുതുടങ്ങുക. പുതിയ ഒരു ഭാഷയുടെ മധുരവും ചവര്‍പ്പും മനസ്സിലും നാവിന്‍ തുമ്പിലും മെല്ലെമെല്ലെ പിച്ചവെച്ച് തുടങ്ങിയകാലം. നല്ല ഗുരുക്കന്മാരെ കുറിച്ചുള്ള ഓര്‍മ്മയുടെ ആല്‍ബത്തില്‍ ഏറ്റവും ആദ്യം ചില്ലിട്ടു സൂക്ഷിച്ച പ്രിയങ്കരനായ ശങ്കരന്‍മാഷ്‌ തലേന്ന് പഠിപ്പിച്ച ഏതാനും പദങ്ങളുടെ സ്പെല്ലിംഗ് ചോദിച്ചു കൊണ്ടിരിക്കുകയാണ്. how many  ആണ് പദം. ഉത്തരം പറയുന്നതിനിടെ സഹപാഠികളില്‍ പലര്‍ക്കും പല
അക്ഷരങ്ങളും വിട്ടുപോയി. ചിലര്‍ വേറെചിലത് കൂട്ടിചേര്‍ത്തു. അവസാനത്തെ ബെഞ്ചില്‍ നിന്നാണ് മാഷ് ചോദിച്ചു വരുന്നത്. ഒന്നാമത്തെ ബെഞ്ചിലെ ഒന്നാമത്തെ കുട്ടിയാണിവന്‍. എന്റെ ഊഴമെത്തിയപ്പോള്‍, എന്ത് കൊണ്ടോ തെറ്റില്ലാതെ പറയാനായി. അന്നേരം നെറുകയില്‍ കൈവെച്ച് ശങ്കരന്‍മാഷ്‌ പറഞ്ഞു: 'നന്നായി വരും; വലിയ ആളാകും..'

ജീവിതത്തില്‍ ആദ്യമായി കിട്ടിയ അഭിനന്ദനം. വലിയ ആളൊന്നുമായില്ലെങ്കിലും നന്നേ ചെറിയ ഒരാളാവാതെ വര്‍ഷങ്ങള്‍ക്കുശേഷം മാഷെപോലെ ഞാനും ഒരു അധ്യാപകനായി. ഒരുകാര്യം തീര്‍ച്ച യാണ് ഞാനും എന്റെ കുട്ടികളെ അകമഴിഞ്ഞ് അഭിനന്ദിക്കുമായിരുന്നു.

എല്‍.പി.സ്കൂളില്‍ നിന്ന് യു.പി.യിലേക്കും ഹൈസ്കൂളിലേക്കും കോളേജിലേക്കും പിന്നെ ട്രെയിനിംഗ് കോളേജിലേക്കും ഘട്ടംഘട്ടമായി മാറിപ്പോയപ്പോഴും വര്‍ഷങ്ങളോളം അധ്യാപകവൃത്തിയി ലേര്‍പ്പെട്ടപ്പോഴും ഇപ്പോള്‍ വിദ്യാഭ്യാസ മേഖലയില്‍ നിന്ന് തന്നെ അകന്ന്‌ ഒരു സ്വകാര്യസ്ഥാപനത്തില്‍ ജോലി ചെയ്യുമ്പോഴും താഴെക്ലാസുകളില്‍ നിന്ന് അറിവുംഅമൃതും പകര്‍ന്നുതന്ന ചില നല്ല ഗുരുനാഥന്മാര്‍ മനസ്സിലിരുന്ന് ശക്തിയും ഊര്‍ജവും പകരുന്നുണ്ട്.

എല്‍ പി സ്കൂളില്‍നിന്ന് അഞ്ചാംക്ലാസ് പാസ്സായി മേലാറ്റൂര്‍ ഹൈസ്കൂളില്‍ ചേര്‍ന്നു. അത് വരെയുണ്ടായിരുന്ന പഠന മികവൊന്നും പിന്നീട് കണ്ടില്ല. ചില വിഷയങ്ങളില്‍മാത്രം കുഴപ്പമില്ലാത്ത മാര്‍ക്ക് കിട്ടി. രസതന്ത്രവും ഫിസിക്സും കണക്കും കണ്ണെടുത്താല്‍ കണ്ട്‌കൂടാത്ത വിഷയങ്ങളായി. കെമിസ്ട്രി എടുത്തിരുന്ന പാര്‍ഥസാരഥി മാഷെ കാണുന്നതെ പേടിയായിരുന്നു. ആ സാന്നിധ്യം മതി ക്ലാസിലും പുറത്തും വല്ലാത്ത ഒരുശാന്തത പകരാന്‍. കയ്യിലെപ്പോഴും ഒരു കട്ടിചൂരല്‍ ഉണ്ടാവും. മാഷ്‌ ക്ലാസ് എടുക്കില്ല. നോട്ട് തരിക മാത്രം ചെയ്യും. നോട്ടെഴുത്തില്‍  തുടങ്ങി അതില്‍തന്നെ അവസാനിക്കുന്ന ക്ലാസുകള്‍.. ഫിസിക്സ് എടുത്തിരുന്ന ജോസഫ്മാഷ് പറയുന്നതൊന്നും എനിക്ക് മനസ്സിലാവുകയില്ല. എല്ലാവര്‍ക്കും അങ്ങനെ ആയിരുന്നോ എന്നറിയില്ല. കണക്കിന് ഒരു ടീച്ചര്‍ ആയിരുന്നു. സരോജിനി ടീച്ചര്‍. അവര്‍ ക്ലാസില്‍ വന്നാല്‍പിന്നെ ബോര്‍ഡിലങ്ങനെ കണക്കു ചെയ്തോണ്ടിരിക്കും. പിര്യേഡ്‌ കഴിയും വരെ. അവരുടെ മുഖത്തേക്കാള്‍ കൂടുതല്‍ ഞങ്ങളോട് സംവദി ച്ചിരുന്നത് അവരുടെ നീള മുള്ള മുടിയും വല്ലാതെ ഇറക്കി വെട്ടിയ പിന്‍കഴുത്തും  പുറംഭാഗവും ആയിരുന്നു.

കുട്ടന്‍ മാഷെ പോലെ നര്‍മ്മബോധവും പ്രത്യുല്‍പന്നമതിത്വവും സ്വന്തം മക്കളോടെന്ന  പോലെ പെരുമാറുകയും സ്നേഹിക്കുകയും ചെയ്തിരുന്ന അധ്യാപകരുമുണ്ടായിരുന്നു . നല്ല തമാശ ക്കാരനായിരുന്നു കുട്ടന്‍ മാഷ്. 'ഐ' കുത്തില്ല; 'ടി' ക്ക്‌ വെട്ടില്ല ; കുട്ടിക്ക് മാര്‍ക്കൂം ല്ല ' തുടങ്ങിയ തമാശകള്‍ കുട്ടികളെ വല്ലാതെ രസിപ്പിക്കുകയും സ്വാധീനിക്കുകയും ചെയ്തിരുന്നു.

ഞങ്ങളുടെ സ്കൂളില്‍ അന്നൊക്കെ എസ്. എസ്. എല്‍. സിക്ക് അഞ്ചിന് താഴെയാണ് വിജയ ശതമാനം. രണ്ട് ഗ്രൂപ്പുകളിലായി 210 മാര്‍ക്ക് കിട്ടണം. ഇല്ലെങ്കില്‍ തോറ്റത് തന്നെ. വല്ലാത്ത ഒരു ഗതികെട്ട സംഖ്യ യായിരുന്നു അത്..!
റിസള്‍ട്ട് വന്നപ്പോള്‍ എന്റെ കാര്യം ഫിഫ്റ്റി ഫിഫ്റ്റി. ഹാഫ് വിജയവും ഹാഫ് പരാജയവും. ലാംഗ്വേജ് ഗ്രൂപ്പില്‍ അത്യാവശ്യം മാര്‍ക്കുണ്ട്. എന്റെ ആജന്മ ശത്രുക്കള്‍ എന്നെ വല്ലാതെ പറ്റിച്ചു കളഞ്ഞു. അതിനു മൂന്നിനും കിട്ടിയ മാര്‍ക്ക് പുറത്തു പറയാന്‍ കൊള്ളില്ല. എല്ലാ അക്കത്തിന്റെയും പടിപ്പുരയില്‍ ഒരു 'സംപൂജ്യന്റെ' മഹല്‍ സാന്നിധ്യം ഉണ്ടായിരുന്നു.

തോല്‍വിയുടെ  നിരാശയില്‍ ഭാവി വഴിമുട്ടി തേരാപാര നടന്നു. 'കാരംബോഡു' കളിയായിരുന്നു മുഖ്യ തൊഴില്‍. കുട്ടികളുടെ കൂട്ടത്തില്‍ ഞങ്ങളുടെ ഗ്രാമത്തില്‍ മികച്ച രണ്ട് കളിക്കാരാണ്
അന്നുള്ളത്.. ഒന്ന് ഈ ഞാന്‍ തന്നെ. രണ്ട് , എന്റെ ബന്ധുവും സുഹൃത്തുമൊക്കെയായ ബാപ്പുട്ടി. ഇക്കളിയില്‍ മാത്രമല്ല എസ്. എസ്. എല്‍. സി തോല്‍വിയുടെ കാര്യത്തിലും ഞങ്ങള്‍ സ്വന്തക്കാരും ബന്ധക്കാരും ആയിരുന്നു. പക്ഷെ അവനെ വെച്ച് നോക്കുമ്പോള്‍ ഞാനാണ്‌ കേമന്‍! ഞാന്‍ പാതി പാസ്സായവനാണ്. ഒരു ദോഷം മാത്രമേ ഉണ്ടായിരുന്നുള്ളൂ. എസ്. എസ്. എല്‍. സി ബുക്കില്‍ മാര്‍ക്ക് ലിസ്റ്റിനു താഴെ അവന്റെതിലെന്ന പോലെ എന്റെതിലും വയലറ്റ് കളറില്‍ അമര്‍ത്തിപ്പതിപ്പിച്ച failed എന്ന മുദ്രയും അന്നത്തെ പരീക്ഷ ബോര്‍ഡ് സെക്രട്ടറി ശ്രീ. എം.പി. രാമന്‍ നായരുടെ പേരുമുണ്ടായിരുന്നു..!

ചുരുക്കി പറഞ്ഞാല്‍ വിലപ്പെട്ട എന്റെ ഒരു കൊല്ലം ബെസ്റ്റ് ഓഫ് ത്രീയും കൈക്കൊയന്സിലും റെ ഡും ഫോളറും ഇടലിലും 'ഐഡിയ പറച്ചിലി'ലുമായി 'മുടിച്ചു' കളഞ്ഞു!

തൊട്ടടുത്ത വര്‍ഷം എന്റെ അയല്‍ക്കാരനും ഞങ്ങളുടെ നാട്ടിലെ ' നേതാവു'മായ മന്വാക്കാന്റെ മകന്‍ മുഹമ്മദലി എന്റെയും ബാപ്പുട്ടിയുടെയും 'എഫ്' ഗ്രൂപ്പിലേക്ക് 'ജയിച്ചു ' കയറി. ഫെയില്‍ഡ്‌ ഗ്രൂപ്പിലേക്ക്. അവനെ കരുവാരകുണ്ട് നളന്ദ ട്യൂട്ടോറിയല്‍ കോളേജില്‍ ചേര്‍ക്കാനുള്ള പരിപാടിയുണ്ടെന്നും എനിക്ക് വിവരം കിട്ടി. പഠിക്കാനുള്ള മോഹമില്ലാഞ്ഞിട്ടല്ല; വക യില്ലാഞ്ഞി ട്ടായിരുന്നു ഞാന്‍ ആ വഴി ചിന്തിക്കാതിരുന്നത്.  ട്യൂട്ടോറിയല്‍ കോളേജില്‍ പോകണ മെങ്കില്‍ മേലാറ്റൂര്‍ സ്കൂളിലേക്ക് പോയിരുന്ന പോലെ ബസ്സ് ചാര്‍ജ് മാത്രം പോര. മാസാമാസം ഫീസ്‌ കൊടുക്കണം. പള്ളി ദര്‍സില്‍ പോയി പഠിക്കുന്നത് മാത്രമാണ് പഠിപ്പെന്നും അതിനു ഒരു ചെലവുമില്ലെന്നും 'ചെലവു' ഇങ്ങോട്ട് കിട്ടുമെന്നും ഈ ലോകത്തും പരലോകത്തും ഉപകാര പ്രദമായ ഇല്‍മ് (അറിവ്) അത് മാത്രമാണെന്നുമായിരുന്നു ഉപ്പയുടെ വിദഗ്ധാഭിപ്രായം. മാത്രമല്ല വെറും കൂലിപ്പണി ക്കാരനായ അദ്ദേഹത്തിന് ഫീസ്‌ തന്ന് എന്നെ പഠിപ്പിക്കാന്‍കഴിയുകയുമില്ലായിരുന്നു.

അന്ന് ഉപ്പാന്റെ നിര്‍ബന്ധത്തിനു വഴങ്ങി കുറച്ചു കാലം ദര്‍സില്‍ പോയിരുന്നു. പാതിരമണ്ണ ബാപ്പു മുസ്ലിയാരാണ് ഉസ്താദ്‌. എസ്. എസ്. എല്‍. സിക്ക് എനിക്ക് ഒരു ഗ്രൂപ്പ് പോയത് അദ്ദേഹം എങ്ങിനെയോ അറിഞ്ഞിരുന്നു. ഒരു ദിവസം  എന്നെ റൂമിലേക്ക്‌ വിളിച്ച് അദ്ദേഹം പറഞ്ഞു: 'എന്തായാലും ആ ഗ്രൂപ്പ് എഴുതിയെടുക്കണം . ട്യൂ ട്ടോ റിയല്‍ കോളേജില്‍ പോകാന്‍ പറ്റിയില്ലെങ്കില്‍ അസറിനു (സായാഹ്ന പ്രാര്‍ത്ഥന ) ശേഷം ഞാന്‍ ക്ലാസെടുത്തു തരാം..' ആത്മാര്‍ത്ഥ മായ ആ ഗുരു വാക്യം കേട്ടു സന്തോഷം കൊണ്ട് എന്റെ കണ്ണുകള്‍ നിറഞ്ഞു. അദ്ദേഹം എസ് എസ് എല്‍ സി ക്ക്‌ ഹൈ ഫസ്റ്റ്‌ ക്ലാസ് നേടി വിജയിച്ച ആളാണെന്ന് പിന്നീടാണ്‌ ഞാന്‍ അറിയുന്നത്.

ഇടയ്ക്കു നാട്ടില്‍ മത പ്രസംഗം നടക്കുമ്പോഴും മറ്റും കടലക്കച്ചവടം എന്ന ഒരു 'ബിസിനസ്' എനിക്കുണ്ടായിരുന്നു. ലാഭമൊന്നും കാര്യമായി  കിട്ടില്ല. കാരണം ലാഭമൊക്കെ
ഇടയ്ക്കിടെ കൊറിച്ചു തന്നെ പറ്റിയിട്ടുണ്ടാവും. എന്നാലും കുറച്ചു കാശ് കയ്യിലുണ്ട്. രണ്ട് മൂന്ന് മാസമൊക്കെ ഫീസടക്കാനുള്ള വകുപ്പുണ്ട്..! ആ ഒരു ബലത്തില്‍ ഞാനും മുഹമ്മദലി ക്കൊപ്പം (ഇദ്ദേഹം ഇന്ന് വെറും മുഹമ്മദലി അല്ല. കേരള പോലിസ് മുഹമ്മദലി യാണ്)
കരുവാരകുണ്ട് 'നളന്ദ സര്‍വകലാ ശാല ' യില്‍ ചേര്‍ന്നു പഠിക്കാന്‍ തീരുമാനിച്ചു.

നളന്ദയില്‍ ചേര്‍ന്നു പഠനം തുടങ്ങിയപ്പോഴാണ് പൈയുടെ വില , വൃത്തത്തിന്റെ വ്യാസം, ആരം, സിലിണ്ടറിന്റെ വ്യാപ്തം, മഴവില്ലിന്റെ ഏഴു നിറം , അനുപ്രസ്ഥ തരംഗം, അനുദൈര്‍ഘ്യ തരംഗം .. ഇവയൊക്കെ വേണ്ടവിധം കേള്‍ക്കുന്നതും അറിയുന്നതും മനസ്സിലാക്കുന്നതും.  
വഴിക്കണക്കൊക്കെ ചെയ്തു ഉത്തരം കിട്ടി താഴെ രണ്ട് വരയിടുന്നതിന്റെ സന്തോഷം അറിയുന്നതും അവിടുന്നാണ്. ഒരു വര്‍ഷം മുമ്പ് ഈ പുസ്തകങ്ങളൊക്കെ തന്നെയായിരുന്നല്ലോ പടച്ചോനെ ഞാന്‍ പഠിച്ചിരുന്നത്? ടെക്സ്റ്റ്‌ ബുക്സ് ഒന്നും മാറിയിട്ടുമില്ല. എനിക്ക് വല്ലാത്ത വിസ്മയം തോന്നി.

മെല്ലെ മെല്ലെ ഞാന്‍ ഒരു കാര്യം അറിഞ്ഞു തുടങ്ങി. മുന്‍പത്തെ എന്റെ ആജന്മ ശത്രുക്കള്‍ മൂന്ന് പേരും ഇന്നെന്റെ ഉറ്റ ചങ്ങാതിമാരാണ് . അവരും ഞാനുമിപ്പോള്‍ ഒരു പിണക്കവുമില്ലെന്നു മാത്രമല്ല നല്ല സൗഹാര്‍ദ്ദ ത്തിലുമാണ്.
പ്രസാദം ഓളമിടുന്ന മുഖ ഭാവത്തോടെ യല്ലാതെ ഒരിക്കല്‍ പോലും കണ്ടിട്ടില്ലാത്ത രവി മാഷായിരുന്നു കണക്കധ്യാപകന്‍ ഓണത്തിന് അയല്‍പക്കത്തെ രാധേച്ചി പാല്‍ പായസം പകര്‍ന്നു തരുന്ന മട്ടിലായിരുന്നു അദ്ദേഹത്തിന്റെ കണക്കു ക്ലാസ്. ചടുലമായി ഓടിയാണ് അദ്ദേഹം ക്ലാസിലേക്ക് വരിക.  എത്ര സങ്കീര്‍ണ്ണ മായ കണക്കുകളും പുഷ്പം പോലെ വിരിയിച്ചെടുക്കാനും തികച്ചും സക്രിയമായി കണക്കു ചെയ്യുക എന്ന പ്രക്രിയയില്‍ ഓരോ കുട്ടിയേയും പങ്കെടുപ്പിക്കാനും വല്ലാത്ത ഒരു മിടുക്കുണ്ടായിരുന്നു മാഷിന്.ഗ്രാഫ് ബുക്കുകള്‍ ഇല്ലാത്ത പൈസ കൊടുത്ത് കുറെ വാങ്ങിയിട്ടുണ്ടായിരുന്നു എങ്കിലും ആ ബുക്കിന്റെ ഉപയോഗം എന്താണെന്നു മനസ്സിലാവുന്നത് മാഷ് പഠിപ്പിച്ചു തുടങ്ങുമ്പോഴാണ്.

കോളേജ് പ്രിന്‍സിപ്പലായിരുന്ന പ്രഭാകരന്‍ മാഷായിരുന്നു ഫിസിക്സും കെമിസ്ട്രിയും എടുത്തിരുന്നത്. ഞങ്ങള്‍ക്ക് അദ്ദേഹത്തെ വലിയ പേടിയായിരുന്നു. അതിലേറെ ബഹുമാനവും. ക്ലാസിനു പുറത്തെ ഗൌരവക്കരനല്ല ക്ലാസിനകത്തെ മാഷ്‌. ഊര്‍ജ തന്ത്രവും രസതന്ത്രവും ഊര്‍ജവും രസവും പകര്‍ന്ന് തികച്ചും തന്ത്രപരമായിരുന്നു അദ്ദേഹത്തിന്‍റെ ക്ലാസ്സുകള്‍...
അന്ന് നേരം വെളുക്കുന്നതേ ഒരാവേശമായിരുന്നു. കിട്ടില്ലെന്ന് ആശിച്ചതെന്തോക്കെയോ പിടിച്ചടക്കിയ പ്രതീതി.

പക്ഷെ, ആ സന്തോഷത്തിന് അധികം ആയുസ്സുണ്ടായില്ല. നാലഞ്ച് മാസം പ്രശ്നമേതുമില്ലാതെ കടന്നു പോയി. പിന്നെപ്പിന്നെ ഫീസടക്കാനുള്ള അറിയിപ്പ് വരുമ്പോഴൊക്കെ ആധിയായി.
ഒടുവില്‍, ഒരു മാസം ഫീസടക്കാതെ പഠനം തുടര്‍ന്നു.വീട്ടില്‍ ചോദിച്ചി ട്ട്‌ കാര്യമില്ലെന്നറിയാം. ഇനി എന്ത് ചെയ്യും?

ഒരു ദിവസം പേടിച്ചത് തന്നെ സംഭവിച്ചു. ഒരു മെമ്മോ. 'ഫീസടക്കാന്‍ ബാക്കിയുള്ളവര്‍ നാളെ മുതല്‍ ക്ലാസില്‍ വരരുത്..' ഇത്ര ശക്തമായ മെമ്മോ വന്നപ്പോഴാണ് എന്നെ പോലെ കുറെ കുട്ടികള്‍ ഫീസടക്കാന്‍ ബാക്കിയുണ്ടെന്ന് അറിയുന്നത്.
പിറ്റേന്ന് മുതല്‍ ഞാന്‍ പഠനം നിര്‍ത്തി. മുഹമ്മദ്‌ അലി കോളേജില്‍ പോകുന്നതും നോക്കി, പാളികളില്ലാത്ത എന്റെ മണ്‍വീടിന്റെ ജനാല ക്കരികി ലിരുന്ന് മറ്റാരും കാണാതെ ഞാന്‍ ഒരു പാട് കരഞ്ഞു. കോളേജ് വിട്ടു വരുന്ന സുഹൃത്തിനെ കാത്തു ഞാനിരുന്നു. ക്ലാസിലെ വിശേഷങ്ങളറിയാന്‍ എനിക്ക് എന്തെന്നില്ലാത്ത തിടുക്കമായിരുന്നു.
പരീക്ഷക്ക് ഇനിയും ചുരുങ്ങിയത് ആറു മാസമെങ്കിലും ഉണ്ട്. അത് വരെ ക്ലാസില്‍ നിന്ന് കിട്ടിയ അറിവും ആവേശവും ചോര്‍ന്നു പോകാതെ ഒറ്റക്കിരുന്നു പഠിക്കാന്‍ ശ്രമിച്ചു. അത് കൊണ്ട് ഒരു കാര്യവുമില്ലെന്ന് വൈകാതെ ബോധ്യമായി.

ഒരു ദിവസം. അയല്‍വാസിയും പ്രാദേശിക നേതാവുമായ സി.കെ.ഉമ്മര്‍ എന്നെ ഒരു കാര്യം ഏല്‍പ്പിച്ചു. ഏതോ ഒരു തെരഞ്ഞെടുപ്പു സമയമാണ്. ചില്ലറ ചുമരെഴുത്തിനൊക്കെ ഞാനും പോവാറുണ്ടായിരുന്നു. ഒന്നും കിട്ടുകയൊന്നുമില്ല. എന്നാലും രാത്രിയില്‍ പെട്രോമാക്സോക്കെ കത്തിച്ച് സുഹൃത്തുക്കളോടൊപ്പം കട്ടന്‍ ചായയും കുടിച്ച്  ചുമരുകളില്‍ എഴുതുമ്പോള്‍ ഞാനും ഒരു കലാകാരനാണല്ലോ എന്ന ഒരു കുഞ്ഞ് അഭിമാനം മനസ്സിലുണരും. രാത്രിയുടെ മറവില്‍ ചാഞ്ഞും ചരിഞ്ഞും ഒറ്റക്കാലില്‍ നിന്നുമൊക്കെ പ്രയാസപ്പെട്ടു എഴുതിയത് പിറ്റേന്ന് പ്രഭാത വെളിച്ചത്തില്‍ കാണുമ്പോള്‍ 'അതെന്റെ കലയാണല്ലോ..' എന്നൊരു സന്തോഷമുണ്ടാകും. അത് തന്നെ ധാരാളമായിരുന്നു.
' നീ ഒരു സൈക്കിള്‍ വാടകയ്ക്ക് എടുത്ത് കിഴക്കേത്തല ( കരുവാരകുണ്ട് കഴിഞ്ഞു അടുത്ത അങ്ങാടി )  പോയി കുറച്ച് ഇത്തിള്‍ വാങ്ങി കൊണ്ട്  വര്വോ.., ഇന്ന് ഞമ്മക്ക് കുറച്ച് ചുമരെഴുതാനുണ്ട്..' അന്ന് കുമ്മായമോ ഇത്തി ളോ ഒക്കെ കിട്ടാന്‍ കിഴക്കതല വരെ പോകണം. ഞാന്‍ ഒരു സൈക്കിള്‍ വാടകക്കെടുത്ത് നീട്ടിച്ചവിട്ടി.
  
എന്റെ ഇരുചക്രവാഹനം കരുവാരകുണ്ട് അങ്ങാടിയും കഴിഞ്ഞ് ഹൈ സ്കൂള്‍ പടിക്കലെത്തി. അവിടെ ഒരു ആയുര്‍വേദ ആശുപത്രിയുണ്ടായിരുന്നു അന്ന്. വെട്ടുകല്ല് കൊണ്ട് മതിലൊക്കെ വെച്ച്. ഉപ്പാക്ക് കഷായം വാങ്ങാനും മറ്റും ഇടയ്ക്കു അവിടെ പോകാറുണ്ട്.

പെട്ടെന്ന്, ദൂരെ നിന്ന് ഒരാള്‍ നടന്നു വരുന്നത് കണ്ടു. ആളെ തിരിച്ചറിഞ്ഞപ്പോള്‍ എന്റെ ഉള്ളൊന്നു കാളി. അത് മറ്റാരുമായിരുന്നില്ല. പ്രഭാകരന്‍ മാഷ്‌.!

ഞാന്‍ ധൃതിയില്‍ സൈക്കിളില്‍ നിന്ന് ഊര്‍ന്നിറങ്ങി.  സൈക്കിള്‍ സൈഡാക്കി  സ്റ്റാന്റില്‍ നിര്‍ത്തി. മെല്ലെ ആശുപത്രി കോമ്പൌണ്ടിലേക്ക്  കേറി നിന്നു. ചുറ്റുമതിലുണ്ടായി രുന്നത് കൊണ്ട് റോഡിലൂടെ പോകുന്നവര്‍ക്ക് അകത്തുള്ളവരെ കാണാന്‍ പറ്റില്ല. തിരിച്ചും.
എന്തിനായിരിക്കും  അങ്ങനെയൊരു ഒളിച്ചോട്ടം എന്ന് എനിക്കറിയില്ലായിരുന്നു. ഒരു പക്ഷെ ഒരു മാസം ഫ്രീയായി പഠിച്ചതിന്റെ കുറ്റബോധം. അതല്ലെങ്കില്‍ പഠിക്കാന്‍ കാശില്ലാത്ത ഒരു കുട്ടിയുടെ വല്ലാത്ത നിസ്സഹായത. അതല്ലെങ്കില്‍ അദ്ദേഹം ഫീസെങ്ങാനും ചോദിച്ചാല്‍ എന്ത് മറുപടി പറയുമെന്ന പേടി..

മാഷ് കടന്നു പോകാനെടുക്കുന്ന ഒരേകദേശ സമയം കണക്കാക്കി ഒരു തരം വീര്‍പ്പുമുട്ടലോടെ ഞാനങ്ങനെ നിന്നു.

പെട്ടെന്ന്  എന്റെ ചുമലില്‍ ഒരു കൈ വന്നു പതിച്ചു.! ഞെട്ടിത്തിരിഞ്ഞു നോക്കുമ്പോള്‍ നിറഞ്ഞ ചിരിയുമായി പ്രഭാകരന്‍ മാഷ്!

ശങ്കരന്‍ മാഷ് നാലാം  ക്ലാസ്സില്‍ നിന്ന്  നല്‍കിയ നെറുകയിലെ സ്നേഹ സ്പര്‍ശത്തിനും ദര്‍സില്‍ നിന്ന് ബാപ്പു ഉസ്താദ്‌ നല്‍കിയ അനുഗ്രഹാശിസ്സിനും ശേഷം ഞാനനുഭവിക്കുന്ന ഹൃദയ ധന്യതയുടെ ഗുരുസ്പര്‍ശം..
'എന്താപ്പോ ക്ലാസ്സില്‍ വരാത്തത്? അല്ലെങ്കിലും തന്നോട് ആരെങ്കിലും ഫീസ്‌ ചോദിച്ചുവോ? വീട്ടില്‍ നിന്ന് കാശ് കൊടുത്തയച്ചിട്ടും ഫീസടക്കാത്ത ചില കുട്ടികളുണ്ട് . അവരെ ഉദ്ദേശിച്ചായിരുന്നു ആ മെമ്മോ.. നാളെ മുതല്‍ ക്ലാസില്‍ വരണം. പഠിച്ചു നല്ല മാര്‍ക്ക് വാങ്ങണം. നിന്നോട് ഇനി ആരും ഫീസ്‌ ചോദിക്കില്ല...' എന്റെ പുറത്ത്‌ തട്ടി സമാധാനിപ്പിച്ചു അദ്ദേഹം പറഞ്ഞു.!
അന്ന്    ഇത്തിള്‍വാങ്ങി തിരിച്ചു പോരുമ്പോള്‍, എന്റെ സൈക്കിളിനു എന്തൊരു സ്പീഡ് ആയിരുന്നെന്നോ....!
ആ വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷയില്‍ നളന്ദയില്‍ നിന്ന് പരീക്ഷ എഴുതിയ ഏതാണ്ടെല്ലാ കുട്ടികളും നല്ല മാര്‍ക്കോടെ വിജയിച്ചു.
റിസള്‍ട്ട് വന്ന ശേഷം പ്രവേശനം ആരംഭിച്ചു എന്നറിയിച്ചു കൊണ്ട് വിവിധ വര്‍ണ്ണക്കളറില്‍ നാട്ടിലൂടെയാകെ നളന്ദ യുടെ  നോട്ടീസ് ഇറങ്ങി. അതില്‍ കൂടുതല്‍ മാര്‍ക്ക് വാങ്ങി വിജയിച്ച കുട്ടികളുടെ പേരും രജിസ്റ്റര്‍ നമ്പരും മാര്‍ക്കും ഉള്‍പ്പെടുത്തിയിരുന്നു. അക്കൂട്ടത്തില്‍ എന്റെ പേരുമുണ്ടായിരുന്നു...! 

( ജീവിതത്തിന്റെ സന്നിഗ്ധ ഘട്ടങ്ങളില്‍ എപ്പോഴെങ്കിലും ഭാവി കരുപ്പിടിക്കാന്‍ ഇങ്ങിനെ ഒരു സ്നേഹ സ്പര്‍ശം നിങ്ങള്‍ക്കുണ്ടായിട്ടുണ്ടോ?) 

 
Copyright © 2010 Iringattiri Drops. All rights reserved.
Design By- മലയാളം ബ്ലോഗ്‌ ഹെല്‍പ്